Thursday, February 14, 2008

കണ്ണൂരുകാര്‍ എന്തിനു സന്നിധാനത്തു പോകുന്നു ?

"വൈകിട്ടെന്താ ശ്രീകുമാറേ പരിപാടി ?.സന്നിധാനം വരെ പോയാലോ ?"എന്റെ ചോദ്യം കേട്ട്‌ ശ്രീകുമാര്‍ അന്തം വിട്ട്‌ നിന്നു.സന്നിധാനം എന്നു കേട്ടാല്‍ ആരും ഓര്‍ക്കുന്നതു്‌ ശബരി മല സന്നിധാനം തന്നെ.ഞങ്ങള്‍ നില്‍ക്കുന്നത്‌ കണ്ണൂരും.പെട്ടെന്നെങ്ങനെയാണു സന്നിധാനത്തു പോകുന്നത്‌?.മാത്രമല്ല അപ്പോള്‍ ശബരിമല സീസണും അല്ല.അതാണു ശ്രീകുമാറിനു confusion ഉണ്ടായത്‌.കൂടാതെ ശ്രീകുമാര്‍ കണ്ണൂരില്‍ വന്നിട്ട്‌ ഒരു ദിവസമേ ആയുള്ളു.കണ്ണൂരില്‍ വന്ന് അല്‍പ്പം പരിചയം ആയിരുന്നെങ്കില്‍ ഈ confusion ഉണ്ടാകുമായിരുന്നില്ല.

കണ്ണൂര്‍ ടൗണിലുള്ള ഒരു ബാറിന്റെ പേരാണു്‌ സന്നിധാനം എന്നത്‌.ഒരു ബാറിനിടാന്‍ ഈ പേരു തന്നെ തിരഞ്ഞെടുത്ത വികല ബുദ്ധിയെ സമ്മതിക്കണം!.ശ്രീകുമാര്‍ കോട്ടയംകാരനാണു്‌.ഇപ്പോള്‍ കണ്ണുര്‍ ഓഫീസില്‍ ഹെഡ്‌ ക്ലാര്‍ക്കായി ചാര്‍ജ്ജെടുത്തിരിക്കുന്നു. ശ്രീകുമാറും ഇപ്പോള്‍ കുറെ നാളായി കണ്ണൂരിലുള്ള ഞാനും നേരത്തെ കോട്ടയത്ത്‌ ഒരുമിച്ചു ജോലി നോക്കിയിട്ടുള്ളതു കാരണം നല്ല പരിചയമാണു്‌.അതാണു ഞാന്‍ ശ്രീകുമാറിനോടു സന്നിധാനത്തു പോകാമെന്നു പറഞ്ഞത്‌.കാര്യം മനസ്സിലാകാതെ ശ്രീകുമാര്‍ അന്തം വിട്ടു നിന്നു.കണ്ണൂരെ സന്നിധാനം എന്താണെന്നു മനസ്സിലായപ്പൊള്‍ ശ്രീകുമാറിനു ചിരി വന്നു.

"ബാറിനിടാന്‍ കണ്ട പേരു കൊള്ളാം സാറേ.ഇവര്‍ക്കു വേറെ പേരൊന്നും കിട്ടിയില്ലേ ?"

...............................................................................................................................................

തിരുവല്ലക്കാരനായ ഞാന്‍ ഒരു തെക്കനും കണ്ണൂര്‍ക്കാര്‍ വടക്കന്മാരും ആണല്ലോ.തെക്കന്മാരെക്കുറിച്ച്‌,അതായത്‌ തിരുവിതാംകൂര്‍ പ്രദേശത്തുള്ളവരെക്കുറിച്ച്‌ വടക്കന്മാര്‍ക്ക്‌,പ്രത്യേകിച്ചും മലബാറുകാര്‍ക്ക്‌ അത്ര നല്ല അഭിപ്രയമല്ല ഉള്ളതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ.നമ്മുടെ കയ്യിലിരിപ്പിന്റെ ഗുണമായിരിക്കും കാരണം,അല്ലേ?.

കണ്ണൂരുകാര്‍ മിക്കവരും അവരുടെ നാടിനെക്കുറിച്ചും നാട്ടുകാരെക്കുറിച്ചും നല്ല അഭിപ്രായം വച്ചു പുലര്‍ത്തുന്നവരാണു്‌.സ്വന്തം നാടിനെ കുറിച്ചുള്ള അഭിമാന ബോധം കാരണമായിരിക്കും, നമ്മള്‍ പുറം നാട്ടുകാരനും കുറച്ചു നാളായി കണ്ണുരില്‍ വന്നു നില്‍ക്കുന്നയാളുമാണെന്നു മനസ്സിലായാല്‍ അവര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്‌.

"എങ്ങനെയുണ്ട്‌ കണ്ണൂര്‍ ?".

കണ്ണൂരിനെ കുറിച്ച്‌ മോശമായ അഭിപ്രായം ഉണ്ടാകില്ലെന്ന് ഉറപ്പോടെയും ആത്മവിശ്വാസത്തോടെയുമാണു ചോദിക്കുന്നത്‌.എന്നോടും പലരും ഈ ചോദ്യം ചോദിച്ചിട്ടുണ്ട്‌.ഞാന്‍ കണ്ണൂരില്‍ ചെന്നിട്ട്‌ അധിക കാലമായിട്ടില്ല.ഒരു ദിവസം ഔദ്യോഗികാവശ്യം പ്രമാണിച്ചുള്ള ഒരു യാത്ര.ഇടയ്ക്ക്‌ വണ്ടി കുറെ നേരം ഒരിടത്തു നിര്‍ത്തിയിടേണ്ടി വന്നപ്പോള്‍ ആ ടാക്സിക്കാറിന്റെ ഡ്രൈവറുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടു.ഞാന്‍ ഒരു തെക്കനാണെന്നു മനസ്സിലായപ്പോള്‍ അയാള്‍ ചോദിച്ചു.

"എങ്ങനെയുണ്ടു സാര്‍ കണ്ണൂരിലെ ആള്‍ക്കാര്‍?"

"ആള്‍ക്കാര്‍ കൊള്ളാം"

"തെക്കുള്ള മനുഷ്യരേക്കാള്‍ നല്ലവരാണു്‌ ഇവിടെയുള്ളവര്‍"

"അതെ" എന്നു ഞാന്‍ പറഞ്ഞുവെങ്കിലും എന്റെ മനസ്സില്‍ അപ്പോള്‍ തെളിഞ്ഞത്‌ രാവിലെ പത്രത്തില്‍ വായിച്ച ചില വാര്‍ത്തകളായിരുന്നു.

1)പയ്യന്നൂരിലാണു സംഭവം.ഒരാള്‍ റോഡരികില്‍ ബോധം കെട്ടു വീണു.ആരൊക്കെയോ ചേര്‍ന്നു്‌ അയാളെ അടുത്തുള്ള ആശുപത്രിയിലാക്കി.ആശുപത്രിയില്‍ എത്തിയപ്പോഴേയ്ക്കും അയാളുടെ പോക്കറ്റിലുണ്ടായിരുന്ന പണവും മൊബയ്‌ല്‌ ഫോണും നഷ്ടപ്പെട്ടിരുന്നു.

2)ഇതും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള വാര്‍ത്തയാണു്‌.ഒറ്റയ്ക്കു പോയ യുവതിയെ ചിലര്‍ തട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്തു.

ഞാന്‍ നാട്ടിലുള്ളപ്പോള്‍ അവിടുത്തെ പത്രങ്ങളിലും ഇതേ പോലെയുള്ള വാര്‍ത്തകളാണു വായിക്കാന്‍ കഴിയുന്നത്‌.പക്ഷെ അതു തെക്കു നടക്കുന്ന സംഭവങ്ങളെക്കുറിച്ചുള്ളവയായിരിക്കുമെന്നു മാത്രം.അപ്പോള്‍ വടക്കും തെക്കും ഉള്ളവര്‍ ഏതാണ്ട്‌ ഒരുപോലെയൊക്കെ അല്ലേ?എല്ലായിടത്തും നല്ലവരും ചീത്തയാളുകളും ഉണ്ടെന്നല്ലേ പറയാന്‍ കഴിയുക?തെക്കന്മാര്‍ ചീത്തയും വടക്കന്മാര്‍ നല്ലതും എന്നു പറയാന്‍ ആകുമോ?......

ആകും.

ചില കാര്യങ്ങള്‍ കാണുമ്പോള്‍ വടക്കുള്ളവര്‍ കൂടുതല്‍ നല്ലവരാണെന്നു തോന്നും.അവരെ നല്ലവരാക്കുന്ന ചില പ്രത്യേകതകള്‍ ഉണ്ട്‌.

1) വടക്കര്‍ തെക്കരേക്കാള്‍ മര്യാദ ഉള്ളവരാണു്‌.

2) അവര്‍ സൗമ്യമായി ഇടപെടുന്നവര്‍ ആണു്‌.

3) തെക്കന്മാര്‍ക്കുള്ളത്ര വക്ര ബുദ്ധി ഉള്ളവരല്ല.

4) ബഹുമാനം കാണിക്കേണ്ടിടത്ത്‌ അതു കാണിക്കുന്നവരാണു്‌.

5) അവര്‍ സ്നേഹമുള്ളവരാണു്‌.

മേല്‍പ്പറഞ്ഞതു പോലെയുള്ള പല ഗുണങ്ങളും അവര്‍ക്കുണ്ട്‌.ഇക്കാരണങ്ങള്‍ കൊണ്ട്‌ അവിടെ ചെന്നു താമസിച്ചു കുറെ നാളുകളായപ്പോള്‍, ഞാന്‍ ഇതു വരെ കണ്ടിട്ടില്ലാത്തതു പോലുള്ള നന്മകളുള്ള മനുഷ്യരുടെ ഇടയിലാണു്‌ എത്തിപ്പെട്ടിരിക്കുന്നതെന്നു മനസ്സിലായി.അവര്‍, നമ്മള്‍ തിരുവിതാംകൂര്‍കാരേക്കാള്‍ നല്ലവര്‍ തന്നെയാണു്‌.

പക്ഷെ ഇങ്ങനെയുള്ള നല്ല മനുഷ്യര്‍ തന്നെയാണു രാഷ്ട്രീയ പ്രതിയോഗികളുടെ തല,അല്‍പ്പം പോലും കരുണ കാണിക്കാതെ വെട്ടി എറിയുന്നത്‌.എന്തൊരു വൈരുദ്ധ്യം!.നമ്മെ പരിചയപ്പെട്ടു കഴിയുമ്പോള്‍ കണ്ണൂരുകാര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്‌-

"കണ്ണൂരേക്കു വരാന്‍ പേടിയുണ്ടായിരുന്നോ?"

"അതെന്താ?"

"അല്ല, കണ്ണൂരിനെക്കുറിച്ചു പത്രങ്ങളില്‍ വായിച്ചാല്‍ ഇവിടെ ഒരു ഭീകരാന്തരീക്ഷമാണെന്നു തോന്നും അല്ലേ?. ദിവസവും ഇരു കൂട്ടര്‍ തമ്മില്‍ തല കൊയ്യുന്ന വാര്‍ത്തകള്‍"

വിരുദ്ധ രാഷ്ട്രീയ വിശ്വാസങ്ങള്‍ വച്ചു പുലര്‍ത്തുന്നവര്‍ പരസ്പരം കാണിക്കുന്ന അസഹിഷ്ണുത,പരസ്പരം കഴുത്തറക്കാന്‍ മടിയില്ലാത്ത ക്രൂരത കണ്ണൂരിന്റെ ശാപം തന്നെയാണു്‌.മറ്റ്‌ എന്തു നന്മകളുണ്ടെങ്കിലും കണ്ണുരിനു മേല്‍ ഈ കളങ്കം മായാതെ കിടക്കുന്നു.

കോട്ടയം ജില്ലയില്‍ നിന്നു പണ്ടെങ്ങോ കണ്ണൂരിലേക്കു കുടിയേറിപ്പാര്‍ത്ത ഒരു കുടുംബത്തിലെ ഒരാളെ പരിചയപ്പെടാന്‍ ഇടയായി.അയാള്‍ കണ്ണൂരുകാരെ കുറിച്ചു പറഞ്ഞത്‌ ഇങ്ങനെയാണു്‌.

"സ്വന്തം അപ്പനെ പറഞ്ഞാല്‍ ഇവര്‍ വെറുതെ ചിരിച്ചു കൊണ്ടു കേട്ടു നില്‍ക്കും.പക്ഷെ, സ്വന്തം പാര്‍ട്ടിക്കെതിരായി മിണ്ടിയാല്‍ തലയറുക്കും.എന്തു മനുഷ്യരാണപ്പാ?".

എന്നാലും നമുക്കു കണ്ണൂരിനെ ഇഷ്ടപ്പെടാനേ കഴിയുകയുള്ളു.കണ്ണൂരുകാരുടെ മര്യാദ മനസ്സിലാക്കാന്‍ അവിടെ ഒരു ഓട്ടോയില്‍ കയറി യാത്ര ചെയ്താല്‍ മാത്രം മതി.മീറ്ററില്‍ കാണുന്ന ചാര്‍ജ്ജു മാത്രമേ അവര്‍ വാങ്ങൂ.നമ്മുടെ നാട്ടില്‍ അങ്ങനെ ഒരു നല്ല കാലം എന്നെങ്കിലും വരുമോ?.എവിടെ?

...........................................................................................................................................................

കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ എന്തോ രാഷ്ട്രീയ പൊതുയോഗം നടക്കുകയാണു്‌.വൈകിട്ടു നടക്കാന്‍ ഇറങ്ങിയ ഞങ്ങള്‍ അതിനടുത്തെത്തിയ സമയം.പ്രസംഗകന്‍ ആവേശത്തോടെ പറയുന്നു.

"നാം മുന്നോട്ടുള്ള ഓരോ ചുവടും വളരെ ശ്രദ്ധിച്ചും സൂക്ഷിച്ചും വയ്ക്കേണ്ട സമയമാണിത്‌".

"നമ്മളോടാണെന്നു തോന്നുന്നു പുള്ളി പറഞ്ഞത്‌!", ഞാന്‍ കൂടെയുള്ള സുഹൃത്തിനോടു പറഞ്ഞു.

"അതെന്താ?"

"മുന്‍പില്‍ ചാണകം കിടക്കുന്നു.സൂക്ഷിച്ചില്ലെങ്കില്‍ അതിലായിരിക്കും ചവിട്ടുക!.അത്ര തന്നെ."

കണ്ണൂരില്‍ ആദ്യമായി ചെല്ലുന്നവര്‍ക്കെല്ലാം പറ്റിയ ഉപദേശമാണു പ്രസംഗകന്‍ പറഞ്ഞത്‌!.കാരണം കണ്ണൂര്‍ ടൗണില്‍ പശുക്കള്‍ യഥേഷ്ടം റോഡില്‍ ഇറങ്ങി നടക്കുന്നു.ചാണകം ഇടുന്നു.ട്രാഫിക്ക്‌ ബ്ലോക്കുണ്ടാക്കുന്നു.ഇടയ്ക്കിടയ്ക്ക്‌ മനുഷ്യരെ ആക്രമിക്കുന്നു.അധികാരികള്‍ കണ്ണടച്ചുറങ്ങുന്നു.

മറ്റൊരു പ്രത്യേകത ഇവിടത്തെ ലക്കു കെട്ട വണ്ടിയോടിക്കലാണു്‌.വണ്ടിയോടിക്കാന്‍ തുടങ്ങിയാല്‍ കണ്ണൂരിലെ ഡ്രൈവര്‍മാര്‍ മനുഷ്യ ജീവനു കല്‍പ്പിച്ചിരിക്കുന്നതു പുല്ലു വില!.ഇത്രയും അപകടകരമായും അമിത വേഗത്തിലും വണ്ടിയോടിക്കുന്ന സ്ഥലങ്ങള്‍ വിരളം.

കണ്ണൂര്‍ വിശേഷം കേട്ടു മടുത്തോ?.

അപ്പോള്‍ വൈകിട്ടെന്താ പരിപാടി?............'സന്നിധാനം'?

തെറ്റിദ്ധരിക്കേണ്ട, ഞാന്‍ കണ്ണൂര്‍ ടൗണിന്റെ നടുക്കുള്ള കാള്‍ടെക്സ്‌ ജംഗ്ഷനില്‍ നിന്നാണു ചോദിക്കുന്നത്‌?.