Sunday, April 25, 2010

അങ്ങനെ ഞാനും പതിനൊന്നായി

ഇപ്പോള്‍ ആരെയെങ്കിലും 'പതിനൊന്ന്' എന്ന് വിളിക്കാറുണ്ടോ?

'പതിനൊന്ന്' എന്നതു കൊണ്ട്‌ എന്താണുദ്ദേശിക്കുന്നത്‌ എന്നു മനസ്സിലായില്ല, അല്ലേ?

പുരുന്മാരുടെ വേഷത്തെ സംബന്ധിക്കുന്നതാണത്‌. മുണ്ടുടുത്ത ഒരാളെയും പാന്റ്‌സ്‌ ഇട്ട ഒരാളെയും സങ്കല്‍പ്പിച്ചു നോക്കൂ. ആരാണു പതിനൊന്ന്?, പാന്റ്‌സിട്ട ആള്‍ തന്നെ, അല്ലേ?

വീണ്ടും ആദ്യം ചോദിച്ച ചോദ്യം ആവര്‍ത്തിക്കാം-ഇപ്പോള്‍ ആരെയെങ്കിലും 'പതിനൊന്ന്' എന്നു വിളിക്കാറുണ്ടോ?. ഇല്ല. പാന്റ്‌സിട്ടവരെ ആരും പതിനൊന്ന് എന്നു പരിഹസിച്ചു വിളിക്കാറില്ല. എന്താണു കാരണം?. ഇപ്പോള്‍ ഭൂരിപക്ഷം മലയാളി പുരുഷന്മാരും പാന്റ്‌സാണു വേഷമായി സ്വീകരിച്ചിരിക്കുന്നത്‌. പാന്റ്‌സ്‌ ഉപയോഗിക്കാത്ത മുണ്ടന്മാര്‍ ഒരു വളരെ വളരെ ചെറിയ ന്യൂനപക്ഷമായി അധഃപതിച്ചിരിക്കുന്നു.

പത്താം ക്ലാസ്സിലെത്തുന്നതുവരെ ഞാന്‍ നിക്കറാണു ധരിച്ചിരുന്നത്‌. അന്ന് അതാണു നാട്ടുനടപ്പ്‌-മുപ്പത്തഞ്ചു വര്‍ഷം മുന്‍പുള്ള കാര്യമാണേ!. പത്താം ക്ലാസിലായപ്പോള്‍ നിക്കര്‍ ഉപേക്ഷിച്ച്‌ മുണ്ടുടുക്കാന്‍ തുടങ്ങി. ഇപ്പോഴത്തെ പിള്ളാര്‍ക്ക്‌ ഇതു കേട്ടാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. ഇപ്പോഴത്തെ ആണ്‍പിള്ളേരെല്ലാം ജനിച്ചു വീഴുന്നതുതന്നെ ജീന്‍സിനുള്ളിലേയ്ക്കാണു്‌. ത്വക്കിനു മുകളിലുള്ള ഒരു എക്സ്ട്രാ ചര്‍മ്മമായി, ശരീരത്തില്‍ നിന്നു വേര്‍പെടുത്താനാവാത്ത ഒരു അവിഭാജ്യ ഘടകമായി അത്‌ അവന്റെ ശരീരത്തോടൊട്ടി, ഇറുകിപ്പിടിച്ചു കിടക്കും. വീട്ടില്‍ പോലും മുണ്ടോ കൈലിയോ ഒന്നും അവനു സ്വീകാര്യമല്ല. എന്റെ പഴമനസ്സില്‍ എപ്പോഴും തോന്നുന്ന സംശയമാണു്‌- ഇതുപോലെ ചൂടും വിയര്‍പ്പുമുള്ള നമ്മുടെ കാലാവസ്ഥയില്‍ ഇവന്മാര്‍ ഇതെങ്ങനെ സഹിക്കുന്നു?!.

വേറൊരു സംശയവും ഈ പഴമനസ്സില്‍ കിടന്നു കളിക്കാറുണ്ട്‌ - അതു്‌ എന്താണെന്നു പറയാം. ഇപ്പോള്‍ പല ചെറുപ്പക്കാരും വിവാഹശേഷം വളരെ നാളുകള്‍ കഴിഞ്ഞിട്ടും കുട്ടികള്‍ ജനിക്കാതെ വരുമ്പോള്‍ ആശുപത്രിയില്‍ പോയി പരിശോധനയ്ക്കു വിധേയരാകുമ്പോള്‍ വെളിപ്പെടുന്ന കാര്യം സ്‌പേം കൗണ്ടില്‍ കുറവുണ്ടെന്നുള്ളതാണു്‌. ജനിച്ച നാള്‍ മുതല്‍ ഒരു നിമിഷം പോലും ഒഴിവില്ലാതെ ശരീരത്തില്‍ ഫിറ്റു ചെയ്തിരിക്കുന്ന ഈ ജീന്‍സും പാന്റ്‌സുമല്ലയോ ഇതിലെ വില്ലന്‍?-ആവോ ആര്‍ക്കറിയാം.

പതിനൊന്നിന്റെ കാര്യം പറഞ്ഞു വന്നതാണു്‌. പറഞ്ഞു പറഞ്ഞു കാടു കയറിപ്പോയി. പതിനൊന്നിലേയ്ക്കു തന്നെ മടങ്ങാം. എന്റെ കുട്ടികാലത്ത്‌ പാന്റ്‌സിട്ട ആരെയെങ്കിലും നാട്ടില്‍ കാണാന്‍ കിട്ടുക വലിയ പ്രയാസമായിരുന്നു. പാന്റ്‌സിട്ടവരെ കാണുമ്പോള്‍ പലര്‍ക്കും ഒരു പരിഹാസമാണു്‌(കാരണം മറ്റൊന്നുമല്ല-അസൂയ!). കാണികള്‍(അവര്‍ മുണ്ടന്മാരായിരിക്കുമെന്നു പറയേണ്ട ആവശ്യമില്ലല്ലോ) ശബ്ദം താഴ്ത്തി, പരിഹാസത്തോടെ പരസ്പരം ചോദിക്കും-"ആരാടാ ഈ പതിനൊന്ന്?", അല്ലെങ്കില്‍-"ഇവനെന്നാടാ പതിനൊന്നായത്‌?"

പത്താം ക്ലാസ്സു കഴിഞ്ഞ്‌ ഞാന്‍ തിരുവല്ലാ മാര്‍ത്തോമ്മാ കോളജില്‍ ചേര്‍ന്നു-പ്രീ ഡിഗ്രിക്ക്‌. അവിടെയും മുണ്ടു തന്നെയായിരുന്നു എന്റെ വേഷം. എന്നാല്‍ ക്ലാസ്സില്‍ ചില 'പതിനൊന്നു'കളും ഉണ്ടായിരുന്നു. അവര്‍ ഒരു ചെറുന്യൂനപക്ഷമായിരുന്നു. തോമസ്‌ വര്‍ഗീസ്‌, ഉമ്മന്‍ കെ.ഒ., ജോണ്‍ ഈപ്പന്‍ എന്നിവര്‍ അക്കൂട്ടത്തില്‍പ്പെടുന്നു(രണ്ടു തോമസ്‌ വര്‍ഗീസുമാര്‍ ഉണ്ടായിരുന്നു. അവരെ വേര്‍തിരിച്ചറിയുവാനായി അവരുടെ സ്ഥലപ്പേരും കൂടെ ചേര്‍ത്ത്‌ തോമസ്‌ വര്‍ഗീസ്‌ മണിപ്പുഴ, തോമസ്‌ വര്‍ഗീസ്‌ തിരുവല്ല എന്നിങ്ങനെ വിളിക്കാമെന്നു ഇംഗ്ലിഷു പഠിപ്പിച്ചിരുന്ന തോമസ്‌ പി. വര്‍ഗീസ്‌ സാര്‍ നിര്‍ദ്ദേശിക്കുകയുണ്ടായി). അതില്‍ തോമസ്‌ വര്‍ഗീസ്‌ തിരുവല്ലയാണു പാന്റ്‌സിട്ടു വന്നിരുന്ന ആള്‍. ക്ലാസ്സില്‍ പാന്റ്‌സിട്ടു വരുന്നവരെ ആരും പരിഹാസത്തോടെ കാണുകയോ പതിനൊന്ന് എന്നു വിളിക്കുകയോ ചെയ്തിരുന്നില്ല. കോളജില്‍ ചേര്‍ന്നാല്‍ എല്ലാവരും പരിഷ്കാരികളായി മാറുമല്ലോ!.

പ്രീഡിഗ്രി രണ്ടാം വര്‍ഷമായതോടുകൂടി എനിക്കും 'പതിനൊന്ന്' ആയാല്‍ക്കൊള്ളാം എന്നൊരു ആഗ്രഹം മനസ്സില്‍ പൊട്ടിമുളച്ചു. പാന്റ്‌സിനു്‌ മുണ്ടിനേക്കാളുള്ള സൗകര്യം ഓര്‍ത്താണു്‌ ഇങ്ങനെ ഒരാഗ്രഹം ഉണ്ടായത്‌. മാത്രമല്ല, പ്രിഡിഗ്രി കഴിഞ്ഞ്‌ എഞ്ചിനിയറിങ്ങ്‌ കോളജില്‍ ചേരണം എന്നതു ഞാന്‍ ഉറപ്പിച്ചു കഴിഞ്ഞിരുന്നു. അവിടെ ചെല്ലുമ്പോള്‍ ഏതായാലും പാന്റ്‌സിലേയ്ക്കു മാറാതെ തരമില്ലെന്നറിയാം. അപ്പോള്‍ അതു നേരത്തെ തന്നെ പരിചയമാക്കിക്കളയാം എന്നു കരുതി. പുസ്തകങ്ങളും ചുമന്ന് രണ്ടു കിലോമീറ്ററിലധികം നടന്നാണു്‌ ഞാന്‍ കോളജില്‍പോയിരുന്നത്‌. വേഷം മുണ്ടിനു പകരം പാന്റ്‌സാക്കിയാല്‍ അതു വളരെ സൗകര്യമാകും. ഇക്കാരണങ്ങളെല്ലാം കൊണ്ട്‌ ഉടന്‍ തന്നെ പാന്റ്‌സു തയ്പ്പിക്കാന്‍ തീരുമാനിച്ചു (അന്ന് ഇന്നത്തെപ്പോലെ റെഡിമെയ്ഡ്‌ ഡ്രസ്സുകളുടെ കാലമായിരുന്നില്ല).

തിരുവല്ല ടൗണിലെ ബോംബെ ഡയിങ്ങ്‌ ഷോറൂമായ മഞ്ചേരിക്കളത്തിലെത്തി. വലിയ വിലയില്ലാത്ത പാന്റ്‌സിന്റെ തുണി തിരഞ്ഞെടുത്തു. എത്ര മീറ്റര്‍ തുണി വേണമെന്നു നിശ്ചയമുണ്ടായിരുന്നില്ല. അവിടത്തെ സെയില്‍സ്‌മാന്റെ അഭിപ്രായമനുസരിച്ചുള്ള അളവില്‍ രണ്ടു പാന്റ്‌സിനുള്ള തുണി എടുത്തു - ഒരു കോട്ടണും ഒരു ടെറികോട്ടണും.

ഇനി അതു തയ്പ്പിക്കണം. നന്നായി പാന്റ്‌സു തയ്ക്കുന്ന തയ്യല്‍ക്കട ഏതാണെന്നറിയില്ല. ജോണ്‍ ഈപ്പനോടു ചോദിക്കാന്‍ തീരുമാനിച്ചു. അയാള്‍ പാന്റ്‌സ്‌ തയ്പ്പിക്കുന്നത്‌ ചങ്ങനാശ്ശേരിയിലുള്ള 'വെസ്റ്റേണ്‍ ടെയിലറിങ്ങ്‌' എന്ന കടയിലാണെന്നു പറഞ്ഞു. എസ്‌.ബി. കോളജിനടുത്താണു്‌ ആ തയ്യല്‍കട. തിരുവല്ലയില്‍ നിന്നു കോട്ടയത്തേയ്ക്കു പോകുമ്പോള്‍ എസ്‌.ബി. കോളജിനു മുമ്പായി റോഡിന്റെ ഇടതു വശത്താണു്‌(പടിഞ്ഞാറു വശത്ത്‌) വെസ്റ്റേണ്‍ ടെയിലറിങ്ങ്‌. ഇപ്പോഴും ആ കട ഉണ്ട്‌. ഞാന്‍ എന്നും രാവിലെ കോട്ടയത്ത്‌ ഓഫീസിലേയ്ക്കു പോകുമ്പോഴും വൈകിട്ട്‌ തിരികെ തിരുവല്ലയിലേയ്ക്കു വരുമ്പോഴും ബസ്സിലിരുന്ന് ആ കട കാണാറുണ്ട്‌. ഒരു പഴയ ഒറ്റനില കെട്ടിടത്തിലാണത്‌. പഴയ കെട്ടിടങ്ങളെല്ലാം പൊളിച്ച്‌ പുതിയവ പണിയുന്ന തിരക്കാണല്ലോ ഇപ്പോള്‍. ഈ പഴയ കെട്ടിടം ഇനി എത്ര നാള്‍ അവിടെയുണ്ടാവുമോ എന്തോ?!.

ഒരു ദിവസം ഉച്ചയ്ക്കു ശേഷം ഞാന്‍ ചങ്ങനാശ്ശേരി ട്രാന്‍സ്‌പോര്‍ട്ട്‌ ബസ്സ്റ്റാന്റില്‍ ബസ്സിറങ്ങി. കയ്യിലുള്ള കടലാസു പൊതിയില്‍ പാന്റ്‌സ്‌ തയ്പ്പിക്കുവാനുള്ള തുണി ഉണ്ട്‌. ബസ്സ്റ്റാന്റില്‍ നിന്നു വടക്കോട്ട്‌ എസ്‌.ബി. കോളജിന്റെ ഭാഗത്തേയ്ക്കു നടന്നു. വെസ്റ്റേണ്‍ ടെയിലറിങ്ങ്‌ കണ്ടുപിടിക്കാന്‍ പ്രയാസമുണ്ടായില്ല.

ആദ്യമായി പാന്റ്‌സ്‌ തയ്പ്പിക്കുവാന്‍ പോവുകയാണു്‌. തെല്ല് ആകാംക്ഷയോടെ ഞാന്‍ തയ്യല്‍ക്കടയുടെ ഉള്ളില്‍ കടന്നു. അകത്ത്‌ മേശയുടെ പിറകില്‍ നിന്ന ഒരു മദ്ധ്യവയസ്കന്‍(അയാളാണു്‌ മാസ്റ്റര്‍, സ്വാഭാവികമായും). ചോദ്യഭാവത്തില്‍ തലയുയര്‍ത്തി നോക്കി. കയ്യിലുണ്ടായിരുന്ന പൊതി ആ മേശപ്പുറത്തു വച്ചുകൊണ്ട്‌ ഞാന്‍ പറഞ്ഞു:

"പാന്റ്‌സു തയ്കാനാ".

മാസ്റ്റര്‍ എന്നെ ഒന്നു നോക്കി. ഞാന്‍ മുണ്ടുടുത്തുകൊണ്ടാണു ചങ്ങാതീ ചെന്നിരിക്കുന്നത്‌. മേശപ്പുറത്തു ഞാന്‍ വച്ച പൊതിയഴിച്ച്‌ തയ്ക്കുവാനുള്ള തുണി പുറത്തെടുത്ത്‌ മാസ്റ്റര്‍ ടേപ്പു വച്ച്‌ അളന്നു നോക്കി. നോട്ടത്തിലൂടെ എന്നെയും ഒന്നളന്നു. മുണ്ടുടുത്തു കൊണ്ട്‌ പാന്റ്‌സിനു്‌ അളവെടുക്കാന്‍ ചെന്നാല്‍ പൊല്ലാപ്പാകുമെന്ന് ഞാന്‍ മനസ്സിലാക്കാന്‍ പോകുന്നതേ ഉണ്ടായിരുന്നുള്ളു.

മാസ്റ്റര്‍ എന്നെ ഒരു വശത്തേയ്ക്കു മാറ്റി നിര്‍ത്തി. എന്നിട്ട്‌ എന്റെ മുണ്ടിന്റെ താഴെ ഉള്ളിലുള്ള കോന്തല പിടിച്ച്‌ അത്‌ എന്റെ കാലിന്നിടയിലൂടെ പുറകിലേയ്ക്കു വലിച്ച്‌ ഉയര്‍ത്തി നിര്‍ത്തി. എന്നിട്ട്‌ മറ്റേ കൈ കൊണ്ട്‌ അടുത്ത കോന്തലയും അതുപോലെ പുറകിലേയ്ക്കെടുത്ത്‌ ഉയര്‍ത്തി വലിച്ചു പിടിച്ചു. എന്നിട്ട്‌ എന്നോടു പറഞ്ഞു ഞാന്‍ കൈ പുറകിലേയ്ക്കെടുത്ത്‌ ആ കോന്തല അങ്ങനെ വലിച്ചു മുറുക്കി നില്‍ക്കാന്‍. ഞാന്‍ അനുസരിച്ചു. അപ്പോള്‍ കണ്ടാല്‍ ഞാന്‍ താറുടുത്തുകൊണ്ട്‌ നില്‍ക്കുകയാണെന്നു തോന്നും. മുണ്ടുടുത്തുകൊണ്ട്‌ പന്റ്‌സിനു്‌ അളവെടുക്കാന്‍ ചെന്നാല്‍പ്പിന്നെ ഇതല്ലേ ഉള്ളു മാര്‍ഗ്ഗം ചങ്ങാതീ, അയാളെ കുറ്റം പറയാന്‍ പറ്റുമോ?.

മാസ്റ്റര്‍ ടേപ്പെടുത്ത്‌ എന്റെ അളവെടുക്കാന്‍ തുടങ്ങി. ഈ പരിപാടി എത്രയും വേഗം ഒന്നു തീര്‍ന്നു കിട്ടിയാല്‍ മതിയെന്നായി എനിക്ക്‌. പുറത്തുനിന്ന് ആരെങ്കിലും കയറി വന്നാല്‍ എനിക്കാകെ നാണക്കേടാകുമല്ലൊ താറുടുത്തതുപോലെയുള്ള ആ നില്‍പ്പ്‌. വിഡ്ഢിവേഷം കെട്ടിയുള്ള ആ നില്‍പ്പിനിടയില്‍ സ്ത്രീകളാരെങ്കിലും കയറിവന്നാല്‍!. ആലോചിക്കാതെയിരിക്കുകയാണു ഭേദം!. എന്നാല്‍ അപകടമൊന്നും കൂടാതെ അളവെടുക്കല്‍ അവസാനിച്ചു.

പാന്റ്‌സ്‌ തയ്ച്ചു കിട്ടിയശേഷം ആദ്യമായി അതിലൊരെണ്ണം ധരിച്ചുകൊണ്ട്‌ കോളജില്‍ പോയ ദിവസം- അന്നു പതിവിലും നേരത്തെ ഞാന്‍ കോളജില്‍ എത്തി. ആദ്യമായി സാരിയുടുത്തുകൊണ്ട്‌ പുറത്തിറങ്ങിയ പെണ്‍കുട്ടിയെപ്പോലെ ഒരല്‍പ്പം പരിഭ്രമം ഉണ്ടായിരുന്നു എന്നു കൂട്ടിക്കോ. ആ തലതെറിച്ച കെ. ഒ. ഉമ്മന്‍ ക്ലാസ്സിനു പുറത്തു നില്‍ക്കുന്നു.

എന്നെ കണ്ടതും ഒരു ഇരയെ കിട്ടിയ സന്തോഷം അയാളുടെ മുഖത്തു നിറഞ്ഞു. അയാള്‍ ഉറക്കെ വിളിച്ചു കൂവി:

"എടാ, ദേ ഒരുത്തന്‍ വന്നിരിക്കുന്നതു കണ്ടോ?!"

എന്നിട്ടയാള്‍ എന്റെ നേരെ തിരിഞ്ഞു. ഒരു പരിഹാസച്ചിരിയോടെ ചോദിച്ചു:

"പാന്റ്‌സിട്ടതുകൊണ്ടാ അതിരാവിലെ ഇങ്ങു പോന്നതല്ലേ?"

ഈ തെണ്ടിയുടെ മുമ്പില്‍ത്തന്നെ ആദ്യം ചെന്നുപെട്ടല്ലോ എന്നു ശപിച്ചുകൊണ്ട്‌ ഞാന്‍ വേഗം ക്ലാസ്സില്‍ കയറി സീറ്റിലിരുന്നു.

അങ്ങനെ ഞാനും പതിനൊന്നായി!. പിന്നീട്‌ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല കേട്ടോ.