Thursday, January 28, 2010

കോട്ടയത്തെ ജനം, പോത്ത്‌, എം.എല്‍.എ.

ഉദ്യോഗസ്ഥന്മാരുടെ ഒരു മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ പോയതാണു്‌. മീറ്റിങ്ങു തുടങ്ങാന്‍ താമസമുള്ളതു കാരണം പുറത്തുള്ള മുറിയില്‍ വെയ്റ്റു ചെയ്യുകയായിരുന്നു. മറ്റു പല ഓഫീസുകളില്‍നിന്നു വന്ന ഉദ്യോഗസ്ഥരും അവിടെ ഇരിപ്പുണ്ട്‌. അവരില്‍ രണ്ടു പേര്‍ തമ്മില്‍ സംസാരിക്കുകയാണു്‌.

നാട്ടകം പഞ്ചായത്ത്‌ കോട്ടയം മുനിസിപ്പാലിറ്റിയില്‍ ചേര്‍ക്കുന്ന കാര്യമൊക്കെയാണു്‌ സംസാരിക്കുന്നത്‌.കോട്ടയം പട്ടണത്തിന്റെ വികസനക്കാര്യങ്ങളും സംസാര വിഷയമാകുന്നുണ്ട്‌.

"ഈ കോട്ടയം ടൗണ്‍ എന്നു പറഞ്ഞാല്‍ എന്തോ ഒണ്ട്‌?. ആകെപ്പാടെ ഒരിത്തിരി സ്ഥലം. എന്താ ഈ കോട്ടയം വികസിക്കാത്തത്‌?......... ഇവിടത്തെ ആള്‍ക്കാരുടെ മനോഭാവം ശരിയല്ല, അതാ കാര്യം".

മറ്റേയാളും അതു തല കുലുക്കി സമ്മതിച്ചു.

"ഇവിടെ ടൗണിലെ റോഡിനൊന്നു വീതി കൂട്ടാന്‍ ഒരിഞ്ചു സ്ഥലം ഒരുത്തനും വിട്ടു കൊടുക്കത്തില്ല, കൊടുക്കുമോ?"

"ഈ കെ. കെ. റോഡും റ്റി. ബി. റോഡുമൊക്കെ ഇങ്ങനെ കിടക്കുന്നതെന്താ ?. അല്ല, ഇവിടെ ആവശ്യത്തിനു റോഡുണ്ടോ ?. ട്രാഫിക്‌ ബ്ലോക്കുണ്ടായാല്‍ തിരിച്ചുവിടാന്‍ വഴിയുണ്ടോ ?"

"പ്രായോഗിക ബുദ്ധി വേണം. ഇച്ഛാശക്തി വേണം"

"എം.എല്‍.എ. വികസനക്കാര്യത്തില്‍ വളരെ താല്‍പ്പര്യമുള്ള ആളാ കേട്ടോ"

"പക്ഷെ, സ്ഥലമെടുപ്പിന്റെ കാര്യം വരുമ്പോള്‍ നാട്ടുകാര്‍ മാറിക്കളയും. എം.എല്‍.എ. വികസനക്കാര്യത്തില്‍ താല്‍പ്പര്യമുള്ള ആളും വളരെ പ്രാക്റ്റിക്കല്‍ മൈന്‍ഡെഡുമാണെന്നാ പറയപ്പെടുന്നത്‌. പക്ഷെ നാട്ടുകാരും കൂടെ അവസരത്തിനൊത്ത്‌ ഉയരണ്ടേ ?....എവിടെ?"

സംഭാഷണം അങ്ങനെ നീണ്ടു പോയി. ശരിക്കും കോട്ടയംകാര്‍ ഒരിഞ്ചു സ്ഥലം പോലും വിട്ടു കൊടുക്കാത്ത വികസന വിരോധികളാണോ?. എനിക്കറിഞ്ഞു കൂടെന്റെ ചങ്ങാതീ, ഞാന്‍ ഇവിടത്തുകാരനല്ല!. മേല്‍പ്പറഞ്ഞ സംഭാഷണം നടത്തിയ ഉദ്യോഗസ്ഥന്മാരും കോട്ടയം സ്വദേശികളല്ല. അതില്‍ ഒരാള്‍ മെറ്റെവിടെയൊ നിന്ന് വന്നു കോട്ടയത്തു താമസമാക്കിയ ആളാണെന്നു സംഭാഷണത്തില്‍ നിന്നു മനസ്സിലായി. ഏതായാലും എം.എല്‍.എ.യുടെ പ്രായോഗിക ബുദ്ധിയെക്കുറിച്ചു രണ്ടു പേരും മതിപ്പോടെ സംസാരിച്ചു.

ഈ സംഭാഷണവും എം.എല്‍.എ.യുടെ പ്രായോഗിക ബുദ്ധിയെക്കുറിച്ചു മതിപ്പോടെ അവര്‍ പറഞ്ഞതും വളരെ നാളുകള്‍ക്കു ശേഷം ഒരു ദിവസം എന്റെ മനസ്സില്‍ ഓടിയെത്തി. അന്നു പത്രത്തില്‍ കണ്ട ഒരു വാര്‍ത്തയാണു്‌ അതിനു കാരണം.

ഒരു പോത്ത്‌ ഇടഞ്ഞതാണു പ്രശ്നം. ഒരു ദിവസം കോട്ടയം ടൗണില്‍ ഒരുപോത്ത്‌ വിരണ്ടോടി. ഓടി സ്കൂളിന്റെ ഗ്രൗണ്ടില്‍ കയറി. ഉടന്‍ തന്നെ കുട്ടികളെയെല്ലാം സ്കൂളിനകത്താക്കി അത്യാഹിതമൊന്നും ഉണ്ടാകാതെ അദ്ധ്യാപകര്‍ രക്ഷിച്ചു. പക്ഷെ വിരണ്ട പോത്തിനെ തളയ്ക്കണമല്ലോ, എന്തുചെയ്യും ?. തളയ്ക്കുവാനുള്ള എല്ലാ ശ്രമവും പോത്തുകുട്ടന്‍ വിദഗ്ദ്ധമായി പരാജയപ്പെടുത്തി.

വെട്ടാന്‍ നില്‍ക്കുന്ന പോത്തിനോടു വേദമോതിയിട്ടു കാര്യമില്ലെന്നറിയാവുന്ന പോത്തുതളയ്ക്കല്‍ വിദഗ്ദ്ധന്മാര്‍ തടി കേടാകാതെ മാറിനില്‍ക്കുന്നതാണു ബുദ്ധിയെന്നു മനസ്സിലാക്കി. വിജയകരമായി പിന്മാറിയ അവര്‍ പോത്തുകുട്ടനില്‍ നിന്നു പരമാവധി അകലമിട്ടു മാറി അവനെ അരാധനയോടെ നോക്കി നിന്നു. പോത്താകട്ടെ വിജയഭേരി മുഴക്കി മുക്രയിട്ടു കൊണ്ട്‌ സ്കൂള്‍ മൈതാനത്തു പാഞ്ഞു നടന്നു.

അടിയന്തിര സ്ഥിതി വിശേഷം നേരിടാനായി എന്തിനും തയ്യാറായി പൊലീസ്‌ സംഘവും സ്ഥലത്തെത്തി നിലയുറപ്പിച്ചു. പോത്തിനെ പൊലീസ്‌ വെടിവയ്ക്കും എന്നു പലരും വ്യാമോഹിച്ചു. ആദ്യമായി ഒരു വെടിവയ്പ്പു കണ്ടു സായൂജ്യമടയാം എന്ന അതിമോഹത്താല്‍ ജനമെല്ലാം അവിടത്തന്നെ തറഞ്ഞു നിന്നു.

അവസരത്തിനൊത്ത്‌ ഉയരേണ്ട പൊലീസ്‌ പക്ഷെ സ്പോര്‍ട്സ്‌ മാന്‍ സ്പിരിറ്റു കാണിച്ചില്ല. വെടി വയ്ക്കുന്ന പ്രശ്നമേയില്ല എന്നവര്‍ തീരുമാനിച്ചു കളഞ്ഞു!. കാരണം? - തോക്കെടുത്തു വെടി വച്ചാല്‍ പോത്തിനു തന്നെ കൊള്ളും എന്നു വല്ല ഉറപ്പുമുണ്ടോ?. തോക്കു കയ്യിലുള്ള പൊലീസിനു്‌ അങ്ങനെ വലിയ ഉറപ്പൊന്നും തോന്നിയില്ല. പിന്നെയല്ലേ മറ്റുള്ളവര്‍ക്ക്‌!. ഉന്നം തെറ്റി വല്ല മനുഷ്യ ജീവിക്കും വെടിയേറ്റാല്‍ ?. അല്ലെങ്കില്‍ വെടിയേറ്റ്‌ അടുത്തുള്ള തെങ്ങില്‍ നിന്നും തേങ്ങ താഴെ നില്‍ക്കുന്നവരുടെ തലയില്‍ വീണാല്‍?.

പോത്തു പ്രശ്നം എങ്ങനെ പരിഹരിക്കാം എന്ന് ജനവും പൊലീസും തല പുകഞ്ഞ്‌ ആലോചിക്കുന്നു. ഇതൊന്നും തനിക്കൊരു വിഷയമല്ല എന്ന മട്ടില്‍ പോത്ത്‌ ഇടഞ്ഞു തന്നെ.അപ്പോളാണു്‌ വിവരമറിഞ്ഞ്‌ എം.എല്‍.എ. സ്ഥലത്തെത്തുന്നത്‌. പൊലീസിന്റെയും പൊതുജനം എന്ന കഴുതയുടെയും തല പുകയുന്നതു കണ്ട്‌ എം.എല്‍.എ.യും തന്റെ തല ചെറുതായൊന്നു പുകച്ചു. അദ്ദേഹം പ്രായോഗിക ബുദ്ധിയുള്ള ആളായതു കൊണ്ട്‌ പോത്തു പ്രശ്നത്തിനു്‌ ഒരു പരിഹാരം പെട്ടെന്നു തന്നെ അദ്ദേഹത്തിന്റെ തലയ്ക്കുള്ളില്‍ മിന്നി.

ഉടനെ തന്നെ അദ്ദേഹം നിര്‍ദ്ദേശം കൊടുക്കുന്നു. അധികം താമസിക്കാതെ അതാ രണ്ട്‌ എരുമപ്പെണ്‍കൊടിമാരെ സ്ഥലത്തേയ്ക്ക്‌ ആനയിക്കുന്നു. ഇടഞ്ഞു നില്‍ക്കുന്ന പോത്തു കുട്ടന്റെ വിഹാര രംഗത്തേയ്ക്കതാ എരുമയുവതികളെ കടത്തി വിടുന്നു. എരുമപ്പെണ്‍കൊടിമാര്‍ കണ്ണില്‍ പെട്ടതും അതാ ഭീകരനായ ആ പോത്ത്‌ ഒരു കുഞ്ഞാടായി മാറുന്നു. എരുമകളുമായി സൗഹൃദം സ്ഥാപിക്കാനായി അവന്‍ മന്ദമന്ദം അവറ്റകളുടെ നേരേ നട കൊള്ളുന്നു. താന്‍ പൊതുജനത്തെയും പൊലീസിനെയും വിരട്ടി നിറുത്തിയിരിക്കുകയാണെന്ന കാര്യമെല്ലാം മറന്ന് അവന്‍ പൊതു ജനത്തെക്കാളും വലിയ കഴുതയായി മാറി. ചുറ്റും നില്‍ക്കുന്ന ജനത്തെ അവഗണിച്ചു്‌ അവന്‍ എരുമകളുടെ പുറകെ പോയി.

പറ്റിയ അവസരം മുതലെടുത്ത്‌ ആളുകള്‍ പോത്തിനെ കുരുക്കിട്ടു പിടിച്ചു. അങ്ങനെ വെടിയും പുകയും രക്തച്ചൊരിച്ചിലുമൊന്നും കൂടാതെ പോത്തു പ്രശ്നം സിമ്പിളായി പരിഹരിച്ചു. ഈ വാര്‍ത്ത പത്രത്തില്‍ വായിച്ചപ്പോള്‍ എം.എല്‍.എ.യുടെ പ്രായോഗിക ബുദ്ധിയെക്കുറിച്ചെല്ലാം മതിപ്പോടെ രണ്ട്‌ ഉദ്യോഗസ്ഥന്മാര്‍ പണ്ടൊരിക്കല്‍ സംസാരിച്ചത്‌ എന്റെ ഓര്‍മ്മയില്‍ തെളിഞ്ഞു. പോത്തു സംഭവം പരിഹരിച്ചത്‌ അത്ര വലിയ കാര്യമാണോ എന്ന് ചിലര്‍ സംശയിച്ചേക്കാം. വലിയ കാര്യം തന്നെയാണു്‌. കാരണം ഇങ്ങനെയുള്ള ലൈവായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നല്ല മനസ്സാന്നിദ്ധ്യവും പ്രായോഗിക ബുദ്ധിയും അവശ്യമാണു്‌.

കോട്ടയംകാരെപ്പറ്റി രണ്ടു പേര്‍ നടത്തിയ സംഭാഷണം മുകളില്‍ കൊടുത്തിരുന്നല്ലോ. അവരുടെ അഭിപ്രായത്തോടു ഞാന്‍ യോജിക്കുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഞാനെന്തു പറയും?.'ഞാനീ നാട്ടുകാരനല്ല' എന്നു തന്നെ. ഞാന്‍ ആ അഭിപ്രായത്തോടു യോജിക്കുന്നുമില്ല, വിയോജിക്കുന്നുമില്ല. അതിനെക്കുറിച്ച്‌ ഒരു അഭിപ്രായം രൂപീകരിക്കാന്‍ മാത്രം ഞാന്‍ അവരെക്കുറിച്ചു പഠിച്ചിട്ടില്ല ചങ്ങാതീ.

എന്നാലും ചങ്ങാതീ എനിക്കൊരു സംശയം-ആ പോത്തുകുട്ടനോട്‌ അവര്‍ ചെയ്തതു ചതിയല്ലേ?, വന്‍ ചതി?. റ്റി.വി. ചാനലുകാര്‍ക്ക്‌ അഭിപ്രായ വോട്ടെടുപ്പു നടത്താന്‍ പറ്റിയ ഒരു ചോദ്യമാണിത്‌, അല്ലേ?.