Saturday, December 15, 2007

ജ്യോത്സ്യന്മാരുടെ വിക്രിയകള്‍

ജ്യോതിഷവും അന്ധ വിശ്വാസങ്ങളും നമുക്കു വേണമോ ?

ഈ അടുത്ത കാലത്ത്‌, മലയാളിയായ ഒരു ജ്യോതിഷി,ഒരു മലയാള പത്രത്തിലെ വാര്‍ത്തയിലൂടെ വന്‍ പ്രസിദ്ധി നേടുകയുണ്ടായി.ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത്‌ ഒരു പ്രത്യേക രാഷ്ട്രീയ നേതാവ്‌ മുഖ്യമന്ത്രിയാകും എന്ന്‌ അദ്ദേഹം പ്രവചിച്ചിരുന്നുവത്രേ.മറ്റു ജ്യോതിഷികളെല്ലാം നേരേ മറിച്ചായിരുന്നു പ്രവചിച്ചിരുന്നത്‌.ഏതായാലും വിധി,ആ നേതാവിനു്‌ അനുകൂലമായിരുന്നു.അദ്ദേഹത്തിനു മുഖ്യ മന്ത്രിയാകാന്‍ അവസരം വന്നു.അതു പ്രവചിച്ചിരുന്ന ജ്യോതിഷി ലോക പ്രശസ്തനാവുകയും ചെയ്തു.പക്ഷേ,ആന്റി ക്ലൈമാക്സ്‌ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.ജ്യോതിഷിയുടെ പ്രവചന മികവില്‍ മതിപ്പു തോന്നിയ നേതാവ്‌, പ്രസ്തുത ജ്യോതിഷിയെക്കൊണ്ടു തന്നെ സത്യ പ്രതിജ്ഞയ്ക്കുള്ള മുഹൂര്‍ത്തം കുറിപ്പിച്ചു.അവിടെ ജ്യോതിഷിക്കു തെറ്റി.ശുഭ മുഹൂര്‍ത്തം എന്നു കരുതിയ സമയത്തു സത്യ പ്രതിജ്ഞ ചെയ്ത അദ്ദേഹത്തിനു്‌ ഉടന്‍ തന്നെ സ്ഥാനം ഒഴിയേണ്ടി വന്നു.അദ്ദേഹത്തിന്റെ പാലം വലിച്ച നേതാവും ജ്യോതിഷികളുടെ നിര്‍ദ്ദേശമനുസരിച്ചാണു്‌ അതു ചെയ്തതു പോലും.കാരണം,അദ്ദേഹത്തെ മുഖ്യമന്ത്രിയായിരിക്കാന്‍ അനുവദിച്ചാല്‍ ഈ പാലം വലിച്ച നേതാവിനു അധോഗതി മാത്രമേ ഉണ്ടാവുകയുള്ളൂ എന്നു ജ്യോതിഷികള്‍ മുന്നറിയിപ്പു കൊടുത്തുവത്രേ.എങ്ങനെയുണ്ട്‌ ?.ഇവിടെ ആരാണു കാര്യങ്ങള്‍ തീരുമാനിക്കുന്നത്‌ ?.ജ്യോത്സ്യന്മാര്‍.അല്ലേ?

രാഷ്ട്രീയക്കാര്‍,സിനിമാ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ പണ്ടു മുതലേ അന്ധവിശ്വാസികളും ജ്യോത്സ്യന്മാരുടെ അടിമകളും എന്നനിലയില്‍ അറിയപ്പെട്ടിരുന്നു.എന്നാല്‍ ഇപ്പോള്‍ അന്ധവിശ്വാസം,ജ്യോത്സ്യന്മാരോടുള്ള അടിമത്തം എന്നിവ എല്ലാ വിഭാഗം ആളുകള്‍ക്കിടയിലും വ്യാപകമായിരിക്കുകയാണു്‌.അത്ഭുതപ്പെടുത്തുന്ന ഒരു വസ്തുത,വിദ്യാസമ്പന്നരിലും,പ്രത്യേകിച്ചു ചെറുപ്പക്കാരുടെ ഇടയിലും ജ്യോതിഷത്തിലുള്ള അമിത വിശ്വാസം ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നു എന്നതാണു്‌.മുന്‍ തലമുറയിലെ ചെറുപ്പക്കാര്‍, അന്ധവിശ്വാസങ്ങളെയും ജ്യോതിഷത്തെയും എതിര്‍ക്കുന്നത്‌ തങ്ങളുടെ പുരോഗമന മനോഭാവം വെളിപ്പെടുത്തുന്നതായി കരുതിയിരുന്നു.എന്നാല്‍ ഇപ്പോള്‍ ചെറുപ്പക്കാരു പോലും അന്ധവിശ്വാസങ്ങളേയും ജ്യോതിഷത്തേയും മറ്റും എതിര്‍ക്കുന്നത്‌ തങ്ങള്‍ക്ക്‌ ദുരന്തം വരുത്തും എന്നു കരുതുന്നു.എന്തിനും ഏതിനും ജ്യോത്സ്യന്മാരുടെ പിറകെ പോകുന്നു.എന്തും ജ്യോത്സ്യന്റെ അഭിപ്രായം അനുസരിച്ചു മാത്രം ചെയ്യുന്നു.

ഈ അരക്ഷിതാവസ്ഥ ജ്യോത്സ്യന്മാര്‍ ശരിക്കു മുതലെടുക്കുന്നു.അവര്‍ക്കിന്നു കൊയ്ത്തു കാലമാണു്‌.സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍,സ്കൂള്‍-കോളജ്‌ അദ്ധ്യാപകര്‍ എന്നിവര്‍ പലരും ഇതിന്റെ സാദ്ധ്യത മനസ്സിലാക്കി,റിട്ടയര്‍മെന്റിനു ശേഷം ജ്യോത്സ്യന്മാരുടെ വേഷത്തില്‍ അവതരിക്കുന്നു.പണം വാരുന്നു.

വിവാഹത്തിനു വേണ്ടിയുള്ള ജാതകപ്പൊരുത്തം നോക്കുന്നത്‌ ഹിന്ദുക്കള്‍ക്കിടയില്‍ വന്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു കോണ്ടിരിക്കുകയാണു്‌.പണ്ട്‌ ഇതു ലഘുവായ ഒരു നോട്ടം മാത്രമേ ഉണ്ടായിരുന്നുള്ളു.എന്നാല്‍ ഇപ്പോള്‍ ജ്യോത്സ്യന്മാര്‍ വിവാഹം ഒരു തരത്തിലും നടത്തിക്കരുത്‌ എന്നുള്ള ഒരു നെഗറ്റീവ്‌ മനോഭാവത്തോടെ എന്തെങ്കിലുമൊക്കെ പറഞ്ഞ്‌ ജാതക ചേര്‍ച്ച ഇല്ലെന്നു സ്ഥാപിക്കുന്നു.ചൊവ്വാ ദോഷം എന്നു പറഞ്ഞ്‌ എത്ര പെണ്‍ പിള്ളേരുടെ കല്ല്യാണം മുടക്കി ഈ നരാധമന്മാര്‍ അവരെ കണ്ണുനീരിന്റെയും നിരാശയുടെയും പടുകുഴിയിലേക്കു തള്ളിയിട്ടിരിക്കുന്നു.ഇവരൊക്കെ പൊരുത്തമുണ്ടെന്നു പറഞ്ഞിട്ടു നടത്തിയ എത്രയോ വിവാഹങ്ങള്‍ തകര്‍ന്നത്‌ നമ്മള്‍ കണ്ടിട്ടുണ്ട്‌.പൊരുത്തം ഉറപ്പാക്കി കല്യാണം നടത്തിയവയില്‍ ഭാര്യയോ ഭര്‍ത്താവോ അല്ലെങ്കില്‍ രണ്ടു പേരുമോ മരിച്ച എത്രയോ സംഭവങ്ങള്‍.അതേ പോലെ പൊരുത്തം നൊക്കാതെ നടത്തി വിജയിച്ച കല്യാണങ്ങള്‍.പക്ഷേ,ഇതൊക്കെ ചൂണ്ടിക്കാണിച്ചാല്‍ ജ്യോത്സ്യന്മാര്‍ സമ്മതിക്കുമോ ?.എവിടെ!......അപ്പോള്‍ അവര്‍ നൂറു ന്യായം പറയും - ജാതകപ്പൊരുത്തത്തിന്റെയല്ല വേറെന്തോ ദോഷം കൊണ്ടാണു്‌ അതു സംഭവിക്കുന്നത്‌ എന്ന ഒരു ന്യായം !.പ്രേമ വിവാഹം വിജയിച്ചാല്‍ അതിനു്‌ ഒരു മുന്‍ കൂര്‍ ജാമ്യമെന്നോണം അവര്‍ പറയുന്ന ഒരു ന്യായമുണ്ട്‌ - ജാതകപ്പൊരുത്തത്തിനേക്കാളുമുപരിയായുള്ളത്‌ മനപ്പൊരുത്തമാണെന്ന്‌.എങ്ങനെയുണ്ട്‌ ബുദ്ധി ?.നമ്മള്‍ തോറ്റു തൊപ്പിയിട്ടില്ലേ ?

ഇവര്‍ നടത്തുന്ന പ്രവചനങ്ങള്‍ നൂറില്‍ തൊണ്ണൂറെണ്ണവും തെറ്റിയാലും ആരും അത്‌ അത്ര കണക്കാക്കാറില്ല.പൊട്ടക്കണ്ണന്റെ മാവേലേറു പോലെ ചുരുക്കം ചിലതു ശരിയായെന്നിരിക്കും.അതിനു വലിയ പ്രസിദ്ധിയും കിട്ടും.പത്രങ്ങളും മറ്റു മാദ്ധ്യമങ്ങളും അതു കൊട്ടി ഘോഷിക്കും. ഇതാണു്‌ ഇവരുടെ വിജയം.

ബന്ധുക്കളുടെയും സ്നേഹിതരുടെയും ഇടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ജ്യോത്സ്യന്മാര്‍ കാരണമാവാറുണ്ട്‌.ഒരാള്‍,തന്റെ മകളുടെ കല്യാണം നടക്കാന്‍ താമസിക്കുന്നതിന്റെ കാരണം അറിയാന്‍ ജ്യോത്സ്യനെ സമീപിച്ചു.(കല്യാണം നടക്കാത്തതിന്റെ യഥാര്‍ത്ഥ കാരണം ജ്യോത്സ്യന്‍ തന്നെ ആയിരുന്നു.ചൊവ്വാ ദോഷത്തിന്റെ പേരു പറഞ്ഞ്‌ എല്ലാം മുടക്കുന്നത്‌ അയാള്‍ തന്നെ).ജ്യോത്സ്യന്‍ പറഞ്ഞു,

"നിങ്ങളുടെ ഒരു അടുത്ത ബന്ധു.ഇപ്പോള്‍ അടുപ്പം സ്വല്‍പം കുറവാണു്‌.അയാളുടെ ചില ക്ഷുദ്ര പ്രവര്‍ത്തനങ്ങള്‍ മൂലമാണു്‌ കല്യാണം താമസിക്കുന്നത്‌".

പെട്ടെന്നു തന്നെ അയാള്‍ക്ക്‌ തന്റെ ഒരു ബന്ധുവിനെക്കുറിച്ച്‌ സംശയം തോന്നി.

"ശരിയാ ജ്യോത്സ്യരേ,എനിക്ക്‌ ആളിനെ പിടികിട്ടി.അവന്‍ ഇത്തരക്കാരനാണെന്നു കരുതിയില്ല.അവനെ ഒരു സംശയമുണ്ടായിരുന്നു.ജ്യോത്സ്യര്‍ പറഞ്ഞപ്പോള്‍ ഉറപ്പായി.ഇനി ഞാന്‍ എന്താണു ചെയ്യേണ്ടത്‌ ?.അതും കൂടെ പറഞ്ഞു തരണം"

അതിനല്ലേ ജ്യോത്സ്യര്‍ ഇരിക്കുന്നത്‌.എന്തിനും പരിഹാരം അദ്ദേഹത്തിന്റെ കയ്യില്‍ ഉണ്ടല്ലോ.പരിഹാര ക്രിയകളെല്ലാം ജ്യോത്സ്യന്‍ പറഞ്ഞതു പോലെ ചെയ്തു.പക്ഷെ കല്യാണം ഉടനെയൊന്നും നടന്നില്ല.അടുത്ത ബന്ധു ആജന്മ ശത്രു ആവുകയും ചെയ്തു.

ഒരു വീട്ടില്‍ ഒരു ചെറിയ മോഷണം നടന്നു.ഉടന്‍ ഗൃഹനാഥന്‍ ഓടി ജ്യോത്സ്യനെ കാണാന്‍!.കള്ളനെ കണ്ടു പിടിക്കുന്ന വിദഗ്ദ്ധനല്ലേ ജ്യോത്സ്യന്‍?.അദ്ദേഹം പുഷ്പം പോലെ കള്ളനെ കണ്ടു പിടിച്ചു കൊടുത്തു.പക്ഷെ,അങ്ങനെ നേരേ ചൊവ്വേ പറഞ്ഞു കൊടുക്കാന്‍ പറ്റുമോ ?.വളരെ അവ്യക്തമായ ചില സൂചനകള്‍ കൊടുത്തു.സൂചനകള്‍ വച്ചു ചിന്തിച്ച ഗൃഹനാഥനു്‌, പതിവായി വീട്ടില്‍ വരുന്ന ഒന്നുരണ്ടു പേരെ സംശയം തോന്നി.ബന്ധങ്ങളും സൗഹൃദങ്ങളും വഷളായെന്നു പ്രത്യേകം പറയേണ്ടല്ലോ.ഇങ്ങനെയുള്ള ജ്യോത്സ്യന്മാരെ എല്ലാ പോലീസ്‌ സ്റ്റേഷനിലും നിയമിച്ചിരുന്നെങ്കില്‍ പോലീസുകാരുടെ പണി എളുപ്പമായേനേ!.സര്‍ക്കാരിനു്‌ ആ ബുദ്ധി തോന്നാത്തത്‌ കള്ളന്മാരുടെ നല്ല കാലം!.

പിന്നെ,അന്ധവിശ്വാസം പ്രചരിപ്പിക്കുന്നത്‌ ചിലരുടെ ബിസിനസ്സ്‌ വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടിയാവാറുണ്ട്‌ ചിലപ്പോള്‍.ഉദാഹരണമായി,അക്ഷയ തൃതീയ എന്നു കേട്ടിട്ടുണ്ടോ?."അതു കേള്‍ക്കാത്തതാരാണു്‌,സ്വര്‍ണ്ണം വാങ്ങാന്‍ പറ്റിയ ദിവസമല്ലേ ?".എന്നു നിങ്ങള്‍ പറയും.എന്നാല്‍ ഒരു മൂന്നു നാലു വര്‍ഷം മുന്‍പ്‌ ഇങ്ങനെയൊരു ദിവസത്തെ കുറിച്ച്‌ നമ്മുടെ നാട്ടില്‍ ആരും കേട്ടിരുന്നില്ല.സ്വര്‍ണ്ണക്കടക്കാര്‍ ജ്യോത്സ്യന്മാരുടെ പിന്തുണയോടെ വന്‍ പ്രചാരണം നടത്തി,അക്ഷയ തൃതീയ ദിവസം സ്വര്‍ണ്ണം വാങ്ങുന്നത്‌ ഒരു വര്‍ഷം മുഴുവന്‍ ഐശ്വര്യം നല്‍കുമെന്ന്‌ !.ഇങ്ങനെയുള്ളതെന്തും വെട്ടി വിഴുങ്ങുന്ന മലയാളി ഇതും ഒരു നുള്ള്‌ ഉപ്പുപോലും ചേര്‍ക്കാതെ വിഴുങ്ങി.ഫലമോ,സ്വര്‍ണ്ണക്കടകളില്‍ ആ ദിവസം റെക്കോര്‍ഡ്‌ വില്‍പ്പന !.

എന്തെല്ലാം യന്ത്രങ്ങളും ഏലസ്സുകളും ആണു്‌ ഈ ജ്യോത്സ്യന്മാരും മന്ത്രവാദികളും തയ്യാറാക്കി വില്‍പ്പനയ്ക്കു വച്ചിരിക്കുന്നത്‌.പലവിധ കാര്യങ്ങള്‍ മെയ്യനങ്ങാതെ നേടാന്‍ നമ്മെ സഹായിക്കുന്നവയാണു്‌ അവ.പത്രപ്പരസ്യങ്ങളില്‍ കാണുന്നവയില്‍ ചിലതാണു്‌ ഇവ -

ധന ആകര്‍ഷണ ഭൈരവ യന്ത്രം
സ്വയംവര യന്ത്രം
ശത്രു സംഹാര യന്ത്രം
കാമദേവാകര്‍ഷണ ഏലസ്സ്‌

പുതിയ ഒരെണ്ണം,അമ്മായി അമ്മപ്പോരനുഭവിക്കുന്ന മരുമകളുടെ ആശ്വാസത്തിനായി അണിയറയില്‍ തയ്യാറാക്കാപ്പെടുന്നുണ്ടെന്നും അറിയുന്നു - അമ്മായിയമ്മാ ഘാതക ഭീകര യന്ത്രം !

ആറിവും വിദ്യാഭ്യാസവും കൂടുമ്പോള്‍ നമ്മുടെ മനസ്സില്‍ പുരോഗമന ചിന്താ ഗതിയാണു്‌ ഉണ്ടാകേണ്ടത്‌.എന്നാല്‍ നമ്മുടെ മനസ്സ്‌ നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള അന്ധകാരത്തിലേയ്ക്കു കൂപ്പു കുത്തിയിരിക്കുന്നു.ഉള്ളിലെ അരക്ഷിതാവസ്ഥ നമ്മെ അന്ധവിശ്വാസത്തിന്റെയും ജ്യോത്സ്യം എന്ന കള്ളത്തരത്തിന്റെയും അടിമകളാക്കിയിരിക്കുന്നു.ഇതില്‍ നിന്ന്‌ ഒരു മോചനം ? ഏയ്‌, ഒരിക്കലും ഉണ്ടാവില്ല.

ദൈവ വിശ്വാസം വേണം.അന്ധ വിശ്വാസങ്ങളേയും ജ്യോതിഷമെന്ന കള്ളത്തരത്തേയും തള്ളിക്കളഞ്ഞാല്‍ മാത്രമേ ഈ സമൂഹം രക്ഷ പെടുകയുള്ളു.

.........................................................................

അനുബന്ധം -

പപ്പനാവന്‍ - "അണ്ണാ, ക്വാവി അണ്ണാ.ദേ, ഒരുത്തന്‍ ജ്യോത്സ്യന്മാ രെയൊക്കെ പള്ളു പറഞ്ഞോണ്ട്‌ എന്തരൊക്കെയോ എഴുതി വച്ചിരിക്കുന്നു.കല്യാണത്തിനു ജാതകം നോക്കണ്ടാന്ന്‌.അതൊള്ളതു തന്നേ,അണ്ണാ?".

കോവി അണ്ണന്‍ - "അതു പോഴത്തമല്ലേഡേ.ജാതകം നോക്കുന്നതു കൊണ്ടു നേട്ടങ്ങളുണ്ടെഡേ പപ്പനാവാ"

പപ്പനാവന്‍ - "ഒന്നു തെളിച്ചു പറയണ്ണാ.നമ്മക്ക്‌ നേട്ടങ്ങളെന്തരു്‌. ജ്യോത്സ്യന്മാര്‍ക്കുതന്നെയല്ലേ നേട്ടങ്ങളു്‌ ?"

കോവിയണ്ണന്‍ - "ഡേയ്‌,നീ ഞാന്‍ പറയുന്നതു കേളു്‌.എന്റെ മോളു്‌ പങ്കജാക്ഷിക്കു കല്യാണമാലോചിക്കുന്ന നേരം.നമ്മടെ കൂട്ടുകാരനില്ലേ മീശ വാസു.അവെ ന്‍ ഒരു ദിവസം എന്റൂടെ പറയുകാ അവന്റെ മോനെ എന്റെ മോക്കു വേണ്ടി ആലോചിച്ചാലോ എന്ന്.അവന്റെ മോനെ നിനക്കറിയൂല്ലേഡേ ?. തൊട്ടിത്തരോം കാട്ടിക്കോണ്ടു നടക്കുന്ന ഒരു പയലു്‌.വീട്ടിക്കേറ്റാങ്കൊള്ളാത്ത ആ തെണ്ടിക്ക്‌ എന്റെ മോളെ കൊടുക്കനോ ?എന്നാലാ വാസൂനെ ഒട്ടു പെണക്കാനും വയ്യ.ഞാന്‍ എന്തരു ചെയ്തെന്നറിയാമോഡേ,പപ്പനാവാ?

പപ്പനാവന്‍ - "അണ്ണന്‍ പറയണമണ്ണാ"കോവി അണ്ണന്‍ - "ഞാന്‍ അവന്റൂടെ പറഞ്ഞു,അവന്റെ മോന്റെ ജാതകങ്ങളു തരാന്‍.പൊരുത്തങ്ങളു്‌ നോക്കണ്ടേഡേ?. അവന്റെ മോന്റെ ജാതകം ഞാന്‍ രണ്ടു ദെവസം ചുമ്മാ കയ്യി വെച്ചോണ്ടിരുന്നിട്ട്‌ ചേരൂല്ലെന്നു പറഞ്ഞു തിരിച്ചു കൊടുത്തെഡേ. എങ്ങനെയുണ്ടെഡേ ഞാന്‍ കണ്ടു പിടിച്ച പുത്തി?"

പപ്പനാവന്‍ - "അണ്ണന്‍ കണ്ടു പിടിച്ച പുത്തിയെന്നു പറഞ്ഞ്‌ ചുമ്മാ ഞെളിയാതെ ക്വാവിയണ്ണാ.ഇതിപ്പം പലരും ചെയ്യുന്ന കാര്യമല്ല്യോ.അണ്ണന്റെ പുത്തി പോലും!".
...........................

Saturday, December 8, 2007

ക്രിക്കറ്റ് നിരോധിക്കണം

താഴെ പറയുന്നത്‌ ഒരു സാങ്കല്‍പ്പിക കഥയാണു്‌.പക്ഷെ,കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും യഥാര്‍ത്ഥത്തില്‍ നമുക്കു ചുറ്റും ഉള്ളതുമാണു്‌.
മോഹന്‍ - ഓട്ടോ ഉടമസ്ഥനും ഡ്രൈവറും.
സാജന്‍ - സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍.
സത്യന്‍ - വെല്‍ഡിംഗ്‌ വര്‍ക്‌ ഷോപ്പുടമയും ഒപ്പം തൊഴിലാളിയും
രാജന്‍-ബാങ്ക്‌ ഉദ്യോഗസ്ഥന്‍.
ഇവര്‍ എല്ലാവരും സഹപാഠികളയിരുന്നവരും അടുത്തടുത്ത്‌ താമസിക്കുന്നവരും ചെറുപ്പക്കാരും അവിവാഹിതരും ഉറ്റസുഹൃത്തുക്കളും ആണു്‌.
സമയം രാവിലെ പത്തു മണി.ഈ ചെറുപ്പക്കാരെല്ലാവരും സത്യന്റെ വീട്ടില്‍ കൂടിയിരിക്കുകയാണു്‌.ഇവരോടൊപ്പം കണ്ണനും ഉണ്ട്‌.കണ്ണന്‍ സത്യന്റെ ഇളയ സഹോദരനും കോളജ്‌ കുമാരനും ആണു്‌.ഇതു ഞായറാഴ്ചയോ മറ്റേതെങ്കിലും അവധി ദിവസമോ അല്ല.അതായത്‌ സാധാരണ ഗതിയില്‍ മോഹന്‍ ഓട്ടോ ഓടിക്കുകയും സാജന്‍ ഓഫീസില്‍ ഇരിക്കുകയും സത്യന്‍ വര്‍ക്‌ ഷോപ്പില്‍ ആയിരിക്കുകയും രാജന്‍ ബാങ്കില്‍ ഇരിക്കുകയും കണ്ണന്‍ കോളജില്‍ ആയിരിക്കുകയും ചെയ്യേണ്ട സമയമാണു്‌.
എന്നാല്‍ ഇവരെല്ലാവരും തങ്ങളുടെ പ്രധാന ജോലികള്‍ക്കെല്ലാം അവധി കൊടുത്തിട്ട്‌ സത്യന്റെ വീട്ടില്‍ ഒരുമിച്ചു കൂടിയിരിക്കുകയാണു്‌.എല്ലാവരുടേയും കണ്ണുകള്‍ മുന്‍പിലുള്ള റ്റി.വി. സ്ക്രീനില്‍ ഉറപ്പിച്ചു വച്ചിരിക്കുകയാണു്‌.
"രണ്ടു വിക്കറ്റു പോയതു കൊണ്ടു കുഴപ്പമൊന്നുമില്ല.സച്ചിന്‍ ഇതു പോലെ നിന്നു കിട്ടിയാല്‍ മതി", സാജന്‍ പറഞ്ഞു.
"ഓ, സച്ചിന്‍!.ഇപ്പൊ പണ്ടത്തെ പോലെ വിശ്വസിക്കാനൊന്നും പറ്റുകേല.അടിച്ചാല്‍ അടിച്ചു,അത്രേയുള്ളു",മോഹന്റെ കമന്റ്‌.
അവര്‍ ഇന്‍ഡ്യയും ഓസ്ട്രേലിയയും തമ്മിലുള്ള വണ്‍ ഡേ ക്രിക്കറ്റ്‌ മാച്ച്‌ കാണുകയാണു്‌.ക്രിക്കറ്റുള്ള ദിവസം എങ്ങനെയായാലും ജോലിയില്‍ നിന്നു വിട്ടു നില്‍ക്കും. അവധി എടുത്തോ അല്ലാതെയോ.ജോലിക്കു നാളെയും പോകാം.ഈ മാച്ച്‌ നാളെ ഇല്ലല്ലോ.
ഇവരുടെ എല്ലാവരുടേയും വീട്ടില്‍ റ്റി.വി. ഉണ്ട്‌.എന്നാലും ഇങ്ങനെ ഒന്നിച്ചിരുന്നു കാണുന്നതല്ലേ രസം.അതു കൊണ്ട്‌ എല്ലാവരും കൂടി ഏതെങ്കിലും ഒരു വീട്ടില്‍ ഒത്തു കൂടും.അവര്‍ അങ്ങനെ കളിയില്‍ മുഴുകി ടെന്‍ഷനടിച്ച്‌ ഇരിക്കുകയാണു്‌.കളി തുടങ്ങിയിട്ട്‌ ഒരു മണിക്കൂര്‍ ആവുന്നതേ ഉള്ളൂ.എന്തും സംഭവിക്കാം......ഉടനെ തന്നെ അതു സംഭവിച്ചു ! - കറന്റു പോയി.സ്പോര്‍ട്സ്‌ മാന്‍ സ്പിരിറ്റില്ലാത്ത നമ്മുടെ ഇലക്ട്രിസിറ്റി ബോഡ്‌!.....ഇനി എന്തു ചെയ്യും?.ഒരു ദിവസത്തെ പണിയും കളഞ്ഞ്‌ റ്റി.വി. യുടെ മുമ്പില്‍ കൂടിയതാണു്‌.അവധി പാഴാകുമോ?
"ഛെ!എന്തു പരിപാടിയാ ഇത്‌.ഇവമ്മാരെ രണ്ടു ചീത്ത വിളിക്കാതെ പറ്റത്തില്ല",രാജനു ദേഷ്യം കയറി.
"ചെലപ്പം ഒടനേ വരുമായിരിക്കും",സത്യന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.
ആ പ്രതീക്ഷയില്‍ അവര്‍ അവിടെ തന്നെ ഇരുന്നു.ഇതുവരെയുള്ള കളിയെക്കുറിച്ച്‌ ചര്‍ച്ച ആരംഭിച്ചു..........അവരുടെ പ്രതീക്ഷ അസ്ഥാനത്താവുകയായിരുന്നു.കുറേ നേരമായിട്ടും കറന്റു വന്നില്ല.ക്ഷമയുടെ നെല്ലിപ്പലക എന്നൊന്നുണ്ടെങ്കില്‍(ഞാന്‍ കണ്ടിട്ടില്ല,കേട്ടോ!), അവര്‍ ഒരുമിച്ച്‌ അതു കണ്ടു.അടുത്ത വീട്ടില്‍ കറന്റുണ്ടോ എന്ന് അന്വേഷിക്കാന്‍ പോയ കണ്ണന്‍ തിരിച്ചു വന്നു.അടുത്തുള്ള വീടുകളിലൊന്നും കറന്റില്ല.
"നീ ആ ഫോണൊന്നു വിളിച്ചേ",സത്യന്‍ ആജ്ഞാപിച്ചു,"ഇന്ന് അവന്മാരെ രണ്ടു പറഞ്ഞിട്ടു തന്നെ ബാക്കി കാര്യം".
സത്യന്റെ അനുജന്‍ കണ്ണന്‍ കറന്റാപ്പീസിലേയ്ക്കു ഫോണ്‍ ചെയ്തു.പക്ഷെ എന്തു പ്രയോജനം,കിട്ടുന്നില്ല.ബിസി ടോണ്‍ മാത്രം കേള്‍ക്കാം.അത്‌ അങ്ങനെ ആണല്ലോ.
"വണ്ടി എടുക്കെടാ.ഇന്ന് അവന്മാരുടെ ആപ്പീസ്സില്‍ ചെന്ന് നിരപ്പാക്കിയിട്ടു തന്നെ ബാക്കി കാര്യം",മോഹന്‍ കോപം കൊണ്ടു വിറച്ചു.
എല്ലാവരും അതേ മൂഡിലായിരുന്നു.രണ്ടു റ്റൂ വീലറുകളിലായി കണ്ണനൊഴികെയുള്ള നാലു പേര്‍ പാഞ്ഞു............
ദൂരെ നിന്നേ കാണാമായിരുന്നു,ജംഗ്ഷനില്‍ ഒരു ആള്‍ക്കൂട്ടം.
"എടാ,എന്തോ പ്രശ്നമുണ്ടെന്നു തോന്നുന്നു.ആക്സിഡെന്റു വല്ലതും ആയിരിക്കും"
വണ്ടികള്‍ നിര്‍ത്തി ഒതുക്കി വച്ചിട്ട്‌ അവര്‍ ആള്‍ക്കൂട്ടത്തിന്റെ അടുത്തേയ്ക്കു പാഞ്ഞു.അപകടം തന്നെ ആയിരുന്നു.ഒരു ലോറി ഒരു വൈദ്യുതി പോസ്റ്റിലിടിച്ച്‌ കിടക്കുന്നു.പോസ്റ്റ്‌ ഒടിഞ്ഞു താഴെ വീണിട്ടുണ്ട്‌.കമ്പിയെല്ലാം പൊട്ടി താഴെ കിടക്കുന്നു.ലോറിയുടെ മുന്‍ വശം ശരിക്കും തകര്‍ന്നിട്ടുണ്ട്‌.പരിക്കു പറ്റിയ ഡ്രൈവറേയും ക്ലീനറേയും ആശുപത്രിയിലാക്കിയിരിക്കുകയാണു്‌.വലിയ കുഴപ്പമില്ല എന്നാണു്‌ അറിഞ്ഞത്‌.
"ഇന്ന് ഏതായാലും കറന്റു കിട്ടുമെന്നു തോന്നുന്നില്ല മോനേ.ഇന്നത്തെ ദിവസം പോക്കായി",സാജന്‍ പരിതപിച്ചു,"ഒരു ലീവും വെറുതേ പോയി".
ഭാഗ്യഹീനന്മാര്‍,അല്ലേ ?.ഇതു പോലെ ഒരു ദിവസത്തെ ജോലി മുടക്കി,പഠിത്തം മുടക്കി കോടിക്കണക്കിനു ഭാരതീയര്‍ റ്റി. വി.യ്ക്കു മുന്‍പില്‍ ചടഞ്ഞു കൂടി ക്രിക്കറ്റ്‌ കണ്ടു.ചില മേഖലകളിലെങ്കിലും ഭരണ സ്തംഭനം ഉണ്ടായി.മറ്റു ചില മേഖലകളില്‍ ഭരണ ചക്രം തിരിയുന്നതിന്റെ വേഗം കുറഞ്ഞു.എല്ലാം ഒരു ക്രിക്കറ്റ്‌ മാച്ച്‌ കാരണം.
ഈ പോക്ക്‌ ശരിയോ?
ക്രിക്കറ്റ്‌ നിരോധിക്കണമോ?.
അതു പറയാന്‍ എനിക്ക്‌ അവകാശമില്ലായിരിക്കാം.എന്നാല്‍ ഒന്നു ചോദിക്കട്ടെ - ക്രിക്കറ്റ്‌ മാച്ചിന്റെ തല്‍സമയ സമ്പ്രേഷണം റ്റി.വി. ചാനലുകളില്‍ കാണിക്കുന്നത്‌ നിരോധിച്ചു കൂടേ?