Saturday, September 1, 2012

ദാ വന്നു, ദേ പോയി ഓണം!


ഇത്തവണത്തെ ഓണം ഒരു വൻ ചതിയായിപ്പോയി! ആരാ ചതിച്ചതു് എന്നല്ലേ? മഴ തന്നെ, അല്ലാതാരു്. ഓണക്കച്ചവടം പൊടിപൊടിക്കാമെന്ന പ്രതീക്ഷയിൽ സാധനങ്ങൾ സ്റ്റോക്ക് ചെയ്ത കച്ചവടക്കാർ, പ്രത്യേകിച്ചും പാവപ്പെട്ട വഴിയോരക്കച്ചവടക്കാർ, തങ്ങളുടെ കച്ചവടം മഴയിൽ ഒലിച്ചുപോകുന്നതു കണ്ടു നിരാശരായി നെടുവീർപ്പിട്ടു. ഓണത്തിനു് പല പദ്ധതികളും ആസൂത്രണം ചെയ്തു വച്ചവരുടെയെല്ലാം ആവേശം പൊട്ടാത്ത നനഞ്ഞ പടക്കമായി.

കാലംതെറ്റി വന്ന കാലവർഷം ഇങ്ങനെ ഓണത്തെ നനച്ചു രസംകൊല്ലിയായിത്തീരുന്നതു ഞാൻ ആദ്യമായി കാണുകയാണു്. ഇതിനു മുൻപ് ചിലപ്പോഴൊക്കെ ഓണത്തിനു മഴയുണ്ടായിട്ടുണ്ടു്. പക്ഷെ അതൊക്കെ ചെറുതായിട്ടൊന്നു പെയ്ത് വലിയശല്യമൊന്നുമുണ്ടാകാതെ ഒഴിഞ്ഞു പോവുകയാണു് ചെയ്തിട്ടുള്ളതു്, ഞാൻ ഇവിടെയൊക്കെ ഉണ്ടേ എന്നു് അറിയിക്കുവാനെന്നോണം. പക്ഷെ, ഇത്തവണത്തെ മഴ കടുകട്ടിയായിപ്പോയി, അല്ലേ?

കാലവർഷത്തിനു കാലം തെറ്റിയതാണു കാര്യം. ഇടവം പകുതിമുതൽ കർക്കിടകം മുക്കാൽ ഭാഗത്തോളം പെയ്യേണ്ട മഴ, ഇത്തവണ പതിവു തെറ്റിച്ചേക്കാം എന്നു തീരുമാനിച്ചു് അന്നൊന്നും പെയ്യാതെ ഓണത്തിനോടടുപ്പിച്ചു കനക്കാൻ തുടങ്ങുകയും, തിരുവോണത്തിന്റെയന്നു് മലയാളിയുടെ ഓണാവേശത്തിനെ നനച്ചുകൊണ്ടു് തകർത്തു പെയ്യുകയും ചെയ്തു.

ആ, പോട്ടെ സാരമില്ല. മഴ എപ്പോഴെങ്കിലും പെയ്യേണ്ടതല്ലേ? പെയ്യേണ്ട സമയത്തോ പെയ്തില്ല. ഓണം കുളമായെങ്കിൽ പോട്ടെ എന്നു സമാധനിക്കാം, കാരണം മഴ പെയ്തല്ലോ. ജലസംഭരണികൾ കുറച്ചെങ്കിലും നിറഞ്ഞല്ലോ. നമ്മെ തുറിച്ചുനോക്കാൻ തുടങ്ങിയ വരൾച്ചയും വൈദ്യുതിക്ഷാമവും ഒഴിഞ്ഞു പോയല്ലോ. ഇതെല്ലാം നല്ലകാര്യങ്ങൾ തന്നെയല്ലേ? അടുത്ത ഓണം നമുക്കു് പൂർവ്വാധികം ഭംഗിയായി ആഘോഷിക്കാം എന്നു പ്രതീക്ഷിക്കാം, അല്ലേ ചങ്ങാതീ?

തിരുവോണത്തിന്റെയന്നു് രാവിലെ ശ്രീവല്ലഭനെ കണ്ടു തൊഴാൻ പോകുന്ന പതിവു് കുറച്ചു വർഷങ്ങളായി ഉണ്ടു്. തിരുവോണത്തലേന്നു രാത്രി മകനോടു ചോദിച്ചു,

"നാളെ രാവിലെ ഞാൻ വല്യമ്പലത്തിൽ പോകുന്നുണ്ടു്. നീ വരുന്നോ?"

വരുന്നുണ്ടെന്നു് അവൻ പറഞ്ഞു. ഭാര്യയോടു ചോദിച്ചു - ഉഷയും വരുന്നുണ്ടെന്നു പറഞ്ഞു. വെളുപ്പിനെ എഴുന്നേറ്റ് രാവിലത്തെ കാപ്പിക്കുള്ള ഇഡ്ഡലിയും സാമ്പാറുമൊക്കെ റെഡിയാക്കിയിട്ടുവേണം അവൾക്ക് വരാൻ. വെളുപ്പിനെ വിളിച്ചെഴുന്നേൽപ്പിക്കുന്ന കാര്യം ഞാൻ ഏറ്റു. വെളുപ്പിനെ നാലരമണിക്കു് ഉണർന്നെഴുന്നേൽക്കുന്നതാണെന്റെ പതിവു്. ഞാൻ എഴുന്നേൽക്കുമ്പോൾ അവളെക്കൂടി വിളിച്ചുണർത്തിയാൽ മതിയല്ലോ. അങ്ങനെ കണക്കുകൂട്ടിയാണു് രാത്രി ഉറങ്ങാൻ കിടന്നതു്.

പക്ഷെ, സംഭവിച്ചതു മറ്റൊന്നു്. ശ്രീവല്ലഭന്റെ ലീലാവിലാസം എന്നല്ലാതെ എന്തു പറയാൻ! കുസൃതിയൊപ്പിക്കുന്നതിൽ ഭഗവാൻ എന്നും മുൻപന്തിയിലാണല്ലോ! വെളുപ്പിനെ ഞാൻ ഉണർന്ന് കട്ടിലിൽ കിടന്നുകൊണ്ടുതന്നെ ടോർച്ചടിച്ച് ക്ലോക്കിൽ നോക്കിയപ്പോൾ വെറും മൂന്നര മണി. നാലരയാവാൻ ഇനിയും സമയമുണ്ടല്ലോ എന്നു കരുതി വീണ്ടും ഉറക്കത്തിലേയ്ക്കു വീണുപോയി.

പിന്നെ ഉണർന്നപ്പോൾ ക്ലോക്കിൽ മൂന്നേമുക്കാൽ. പക്ഷെ മുറിക്കകത്തു നല്ല വെളിച്ചം, ജനലിൽക്കൂടി കയറിവരുന്നതാണു്. അപ്പോഴേയ്ക്കും ഉഷയും ഉണർന്നു.

"മൂന്നേമുക്കാൽ മണിയേ ആയിട്ടുള്ളു. പിന്നെന്താ നല്ല വെളിച്ചം?", ഞാൻ അവളോടു ചോദിച്ചു.
"വഴിയിലെ ലൈറ്റിന്റെ വെളിച്ചമായിരിക്കും."

ശരിയാണു്, വഴിയിലെ എല്ലാ ഇലക്ട്രിക് പോസ്റ്റിലും ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. അതു കാരണം രാത്രിയിൽ മുറിക്കുള്ളിലെ ലൈറ്റണച്ചാലും മുറിക്കകത്തു കുറച്ചു പ്രകാശം ഉണ്ടാവാറുണ്ട്. ഞാൻ ഒന്നുകൂടി കണ്ണുതുറന്നു നോക്കി. ഇതു പക്ഷെ, സധാരണയിലും കൂടുതലാണല്ലോ പ്രകാശം! നേരം വെളുത്തോ?, എനിക്കു സംശയമായി. ക്ലോക്കിൽ നോക്കിയപ്പോൾ ഏതാണ്ടു പഴയ സമയം തന്നെ, ചെറിയൊരു വ്യത്യാസം മാത്രം. അതിന്റെ സൂചി ഇരുന്നു വിറയ്ക്കുന്നതുപോലെ. എനിക്കു കാര്യം മനസ്സിലായി ക്ലോക്കു ചതിച്ചിരിക്കുന്നു. അതിന്റെ ബാറ്ററിയുടെ ചാർജ്ജ് തീർന്നിരിക്കുന്നു.

ഞാൻ എഴുന്നേറ്റുചെന്നു് മേശയ്ക്കകത്തുനിന്നു് വാച്ചെടുത്തുനോക്കി-സമയം ആറുമണി എട്ടു മിനിറ്റ്. ജനലിൽക്കൂടി കടന്നുവന്നതു് വഴിവിളക്കിന്റെ പ്രകാശമല്ല, സൂര്യപ്രകാശം തന്നെ! എത്രയോ നാളുകളായി വെളുപ്പിനു നാലരയ്ക്കുതന്നെ ഉണർന്നെഴുന്നേറ്റുകൊണ്ടിരുന്ന എനിക്കെന്തേ ഇന്നിങ്ങനെ പറ്റി!

അത്രയും താമസിച്ചുപൊയതുകൊണ്ടു് ഉഷ വരേണ്ട എന്നു വച്ചു. ഞാനും മകനും കൂടി കുളിയും കഴിഞ്ഞു് അമ്പലത്തിൽ പോകാൻ റെഡിയായി. ആകാശത്തേയ്ക്കു നോക്കിയപ്പോൾ അത്ര പന്തിയല്ലെന്നു തോന്നി, മഴ എപ്പോൾ വേണമെങ്കിലും പെയ്യാം. ഞാൻ ഒരു കുട തപ്പിയെടുത്തു കാറിൽ വച്ചു. മോനോടു പറഞ്ഞു,

"എടാ, നീയും കൂടി ഒരു കുടയെടുത്തോ. അല്ലെങ്കിൽ നമ്മൾ അമ്പലത്തിൽ ചെന്നിറങ്ങുമ്പോൾ നനയേണ്ടി വരും."

അമ്പലത്തിനടുത്തെത്തിയപ്പോഴേയ്ക്കും മഴ നല്ല ശക്തിയിൽ പെയ്യാൻ തുടങ്ങി. കുട നിവർത്തിപ്പിടിച്ചുകൊണ്ടാണു് അമ്പലത്തിനുള്ളിൽ നടന്നു തൊഴുതതു്. മഴയായിട്ടും ധാരാളം ആളുകൾ ഉണ്ടായിരുന്നു. ശ്രീവല്ലഭനെ തൊഴുതു മനസ്സു നിറഞ്ഞു. പുറത്തിറങ്ങി കാറിൽ കയറുമ്പോഴും മഴ തകർത്തു പെയ്യുന്നുണ്ടായിരുന്നു. തിരുവോണദിവസം ഇങ്ങനെയൊരു മഴ! എന്റെ ഓർമ്മയിൽ, ഇതുവരെ ഉണ്ടായിട്ടില്ല.

കാപ്പികുടിയെല്ലാം കഴിഞ്ഞപ്പോൾ, പായസം ഉണ്ടാക്കാൻ ഞാനും അല്പം സഹായിച്ചേക്കാം എന്നു തോന്നി. സാധരണ അടുക്കളയുടെ പരിസരത്തു പോകാത്തയാളാണു ഞാൻ. ഗോതമ്പു പായസമാണു് ഉണ്ടാക്കാൻ നിശ്ചയിച്ചിരിക്കുന്നതു്. സേമിയാ പായസം, പാൽപ്പായസം എന്നിവയൊന്നും ശരിക്കും പായസമല്ല. അതൊക്കെ പിള്ളാരെ പറ്റിക്കാനുള്ള പൊടിക്കൈകളാണു്, എളുപ്പ മാർഗ്ഗങ്ങളാണു്. അതുകൊണ്ടു ഞാൻ തന്നെയാണു് ഗോതമ്പു പായസം ഉണ്ടാക്കാമെന്നു് അഭിപ്രായപ്പെട്ടതു്.

അരക്കിലോ സൂജിഗോതമ്പുനുറുക്കിനു് നാലു തേങ്ങ (തേങ്ങാപ്പാലെടുക്കുവാൻ), ഒരു കിലോ ശർക്കര എന്നതാണു കണക്കെന്നു് പാചകവിദഗ്ദ്ധനായ ചിറ്റപ്പനോടു ചോദിച്ചു മനസ്സിലാക്കിയിരുന്നു. ശർക്കരയുണ്ട പൊട്ടിച്ച് പൊടിയാക്കിയതും തേങ്ങാ പിഴിഞ്ഞ് പാലെടുത്തതും ഞാനായിരുന്നു. ജീവിതത്തിൽ ആദ്യമായിട്ടാണു് ഭാര്യയെ ഇങ്ങനെ അടുക്കളജോലിയിൽ സഹായിക്കുന്നതു്. എന്താണാവോ അങ്ങനെ തോന്നാൻ എന്നു് എനിക്കുതന്നെ അറിയില്ല. ഏതായാലും പായസം നല്ല ഉഗ്രനായി.

അങ്ങനെ ഉച്ചയായി. ഊണും പായസം കുടിക്കലുമെല്ലാം കഴിഞ്ഞപ്പോൾ തിരുവോണം പടിയിറങ്ങിപ്പോയി.

സുരേഷ് ഗോപിയുടെ ഭാഷയിൽ പറഞ്ഞാൽ, "ദാ വന്നു, ദേ പോയി ഓണം!" ഇനി ഒരു വർഷം കാത്തിരിക്കണം! അല്ലെങ്കിലും ഓണമിങ്ങനെയാണു്, വന്നതിനേക്കാൾ പതിന്മടങ്ങു വേഗത്തിൽ പൊയ്ക്കളയും. അതിനാൽ ഉത്രാടം കഴിയുമ്പോഴേയ്ക്കും എനിക്കു മനഃപ്രയാസം തുടങ്ങും, നാളെ ഈ സമയമാകുമ്പോഴേയ്ക്കും ഓണം തീർന്നുപോകുമല്ലോ എന്നോർത്ത്.

അതുകാരണം എന്റെ പ്രാർത്ഥന തിരുവോണ ദിവസം ആവല്ലേ എന്നാണു്. ഉത്രാടത്തിന്റെ തലേദിവസം വരയേ പെട്ടെന്നു വരാവൂ. അതിനുശേഷം സമയം മുന്നോട്ടു നീങ്ങാതെ ഒരു നിൽപ്പങ്ങനെ നിൽക്കണം! നാളെ കഴിഞ്ഞ് ഓണമാണല്ലോ എന്നു പറയാനും പ്രതീക്ഷയോടെ കാത്തിരിക്കാനും കുറെ സമയം വേണം! അല്ലേ ചങ്ങാതീ? അല്ലാതെ ഓണമിങ്ങനെ ഓടിപ്പോയാൽ എന്തു ചെയ്യും! സമയത്തെ പിടിച്ചുനിർത്താൻ എന്താണോ ഒരു മാർഗ്ഗം? ഒരു മാർഗ്ഗവുമില്ല, കാത്തിരിക്കുക അടുത്ത വർഷത്തെ ഓണത്തിനായി.