Friday, December 10, 2010

ആനവണ്ടിക്കു മദമിളകിയോ?

കെ.എസ്‌.ആര്‍.റ്റി.സി. ബസ്സുകളാകുന്ന ആനവണ്ടികള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണു്‌. അതില്‍ ഒരു വാര്‍ത്ത കെ.എസ്‌.ആര്‍.റ്റി.സി.യുടെ നഷ്ടം കൂടി എന്നുള്ളതാണു്‌. വേറൊന്ന് ആനവണ്ടികള്‍ റോഡില്‍ കൊലയാളികളായി മാറിയിരിക്കുന്നതിനെക്കുറിച്ചാണു്‌. അടുത്തടുത്ത ദിവസങ്ങളിലായി രണ്ടോ മൂന്നോ പേരെ ആനവണ്ടികള്‍ ഇടിച്ചു കൊന്നിരിക്കുന്നു. ആനയെപ്പോലെ ആനവണ്ടികള്‍ക്കും മദമിളകിയോ?.

ആനവണ്ടി എന്ന പേര്‍ എങ്ങനെയാണു ട്രാന്‍സ്പോര്‍ട്ട്‌ ബസ്സുകള്‍ക്ക്‌ കിട്ടിയത്‌?. ഞാന്‍ ഈ പേര്‍ ആദ്യമായി കേട്ടത്‌ സ്കൂളില്‍ താഴ്‌ന്ന ക്ലാസ്സിലേതിലോ പഠിക്കുമ്പോഴാണു്‌. ട്രാന്‍സ്പോര്‍ട്ട്‌ ബസ്സിന്റെ വശങ്ങളിലുള്ള, രണ്ട്‌ ആനകളുടെ പടമുള്ള ചിഹ്നം കാരണമായിരിക്കാം അതിനു്‌ ഈ പേര്‍ കിട്ടിയത്‌. അന്ന് പ്രൈവറ്റ്‌ ബസ്സും ട്രാന്‍സ്പോര്‍ട്ട്‌ ബസ്സും ഓടുന്ന നാട്ടിന്‍പുറത്തുള്ള വഴികളില്‍, 'ആനവണ്ടി വരുന്നു' എന്ന് ഒട്ടു പരിഹാസത്തോടെയാണു പറഞ്ഞിരുന്നത്‌. ആനയെപ്പോലെ സാവധാനം ചലിക്കുന്നതും റോഡിലിറങ്ങുന്ന മനുഷ്യനു ഭീഷണിയായതുമായ ഒന്ന് എന്ന അര്‍ത്ഥവും അതില്‍ ഉണ്ടായിരുന്നിരിക്കാം.

പക്ഷെ, പ്രൈവറ്റ്‌ ബസ്സുകളേക്കാളും ഈ ആനവണ്ടിയെ ആണു്‌ ഇന്ന് മിക്ക സ്ഥലങ്ങളിലും ആളുകള്‍ ഇഷ്ടപ്പെടുന്നത്‌. ചില വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ചങ്ങനാശ്ശേരിക്കടുത്തുള്ള തുരുത്തി എന്ന സ്ഥലത്തുനിന്ന് കാവാലത്തേയ്ക്ക്‌ പുതിയൊരു റോഡ്‌ നിര്‍മ്മിക്കുകയും അതിലെ ഒരു പ്രൈവറ്റ്‌ ബസ്സ്‌ സര്‍വ്വീസ്‌ ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തു. പ്രൈവറ്റ്‌ ബസ്സ്‌ സര്‍വ്വീസിനെതിരെ നാട്ടുകാര്‍ സമരം നടത്തുകയും, തങ്ങള്‍ക്ക്‌ ട്രാന്‍സ്പോര്‍ട്ട്‌ ബസ്സ്‌ മതി എന്നു വാശിപിടിക്കുകയും ചെയ്തു. പണ്ടുകാലത്താണെങ്കില്‍ ഇങ്ങനെയുണ്ടാകുമെന്നു തോന്നുന്നില്ല. ട്രാന്‍സ്പോര്‍ട്ട്‌ ബസ്സുകാരും വളെരെ മാറിപ്പോയി എന്നുള്ളതിനൊരു അംഗീകാരമാണു്‌ ഈ സംഭവം.

ട്രാന്‍സ്പോര്‍ട്ട്‌ ബസ്സ്‌ ജീവനക്കാരുടെ പെരുമാറ്റത്തിലുണ്ടായ മാറ്റമാണു്‌ പ്രധാനപ്പെട്ട ഒരു കാര്യം. ഒരു കാലത്ത്‌ അവര്‍ യാത്രക്കാരോട്‌ വളരെ ധിക്കാരത്തോടെയും പുച്ഛത്തോടെയുമാണു പെരുമാറിയിരുന്നത്‌. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരാണു്‌ എന്ന ഹുങ്കാണു്‌ ഉണ്ടായിരുന്നത്‌. ആരും ഞങ്ങളെ ഒന്നും ചെയ്യാനില്ല. ജോലി ചെയ്താലും ഇല്ലെങ്കിലും ഒന്നാം തീയതി ഞങ്ങള്‍ക്കു ശമ്പളം കിട്ടും. എങ്കില്‍പ്പിന്നെ ജനത്തിന്റെമേല്‍ കുതിരകയറിയാല്‍ എന്തു പ്രശ്നം?. ഇതായിരുന്നു ഒരു കാലത്ത്‌ അവരുടെ മനോഭാവം. സ്റ്റോപ്പുകളില്‍ ബസ്സു നിര്‍ത്തി ആളിനെ കയറ്റുകയില്ല. സ്റ്റോപ്പില്‍ ഇറങ്ങണമെന്നു പറയുന്ന യാത്രക്കാരനെ ഒരു കിലോമീറ്റര്‍ അപ്പുറത്ത്‌ ബസ്സു നിര്‍ത്തി ഇറക്കിവിടും. ടിക്കറ്റ്‌ ചാര്‍ജ്ജിന്റെ ബാക്കി കൊടുക്കുകയില്ല. ബാക്കി ചോദിച്ചാല്‍ ചീത്തവിളിക്കും. ഇതൊക്കെ അവരുടെ സ്ഥിരം വിനോദങ്ങളായിരുന്നു.

ട്രാന്‍പോര്‍ട്ട്‌ കോര്‍പ്പറേഷന്റെ നഷ്ടം കുമിഞ്ഞു കൂടുകയായിരുന്നു. സര്‍ക്കാരിന്റെ സാമ്പത്തിക സഹായം കൊണ്ടു മാത്രമാണു്‌ അതു നിലനിന്നു പോന്നത്‌. എങ്കിലും ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പെന്‍ഷനും മറ്റും യാതൊരു മുടക്കവുമില്ലാതെ കിട്ടിക്കൊണ്ടിരുന്നു. ആനവണ്ടി ഒരു വെള്ളാനയായി മാറുകയായിരുന്നു. അവസാനം ഒരിക്കലും പ്രതീക്ഷിക്കാത്തതു സംഭവിച്ചു. ലാഭമുണ്ടാക്കിയില്ലെങ്കില്‍ ഈ വെള്ളാനയെ പോറ്റേണ്ട കാര്യം സര്‍ക്കാരിനില്ലെന്ന് സര്‍ക്കാര്‍ പരോക്ഷമായെങ്കിലും പ്രഖ്യാപിച്ചു. ഒന്നാം തീയതി ശമ്പളം കിട്ടുമെന്നതിനു്‌ ഉറപ്പില്ലാതായി. ഡി. എ. കൃത്യമായി ലഭിക്കാതെയായി. വെള്ളാനയുടെ പാപ്പാന്മാര്‍ വിരണ്ടു. ജനത്തിന്റെ യാതൊരു സപ്പോര്‍ട്ടും അവര്‍ക്കു കിട്ടിയില്ല. അവന്മാര്‍ക്കിതു വരണം, എന്തൊരു അഹങ്കാരമായിരുന്നു-എന്നിങ്ങനെയാണു ജനം ചിന്തിച്ചത്‌. കണ്ടാലറിയാത്തവന്‍ കൊണ്ടാലറിയും എന്നല്ലേ, ചങ്ങാതീ?. കൊണ്ടപ്പോള്‍ ട്രാന്‍സ്പോര്‍ട്ടുകാരും ഉണര്‍ന്നു. അവരുടെ മനോഭാവവും പതുക്കെ മാറാന്‍ തുടങ്ങി.

ജനത്തിനോടു കൂടുതല്‍ മര്യാദ കാണിക്കാന്‍ തുടങ്ങി. ബസ്‌ സ്റ്റാന്‍ഡുകളിലും സ്റ്റോപ്പുകളിലും കാത്തുകിടന്ന് ആളുകയറ്റാന്‍ തുടങ്ങി. യാത്രക്കാരോട്‌ ഉടക്കുന്നതു ചീത്തവിളിക്കുന്നതും നന്നേ കുറഞ്ഞു. ഇതൊക്കെ അവരുടെ നിലനില്‍പ്പിന്റെ കാര്യമായിരുന്നു. കാലത്തിനനുസരിച്ചു മാറിയില്ലെങ്കില്‍ കാലക്കേടാകും എന്നവര്‍ മനസ്സിലാക്കിത്തുടങ്ങി. എല്ലാം മറക്കുകയും പൊറുക്കുകയും ചെയ്യുന്ന ജനം പതുക്കെ ട്രാന്‍സ്പോര്‍ട്ടു വണ്ടിയെ ഇഷ്ടപ്പെടാന്‍ തുടങ്ങി. മറുവശത്ത്‌ പ്രൈവറ്റ്‌ ബസ്സുകാരുടെ രീതികള്‍ ജനത്തിനു്‌ അസഹ്യമായിത്തുടങ്ങിയിരുന്നു.

പ്രൈവറ്റ്‌ ബസ്സിലെ കിളിശല്യമാണു്‌ ഏറ്റവും അസഹ്യം. അഹങ്കാരികളായ, മീശകിളിര്‍ക്കാത്ത പയ്യന്മാര്‍ കിളിയുടെ രൂപത്തില്‍ പ്രൈവറ്റ്‌ ബസ്സിന്റെ വാതിലുകള്‍ കയ്യടക്കി ജനത്തിന്റെ യാത്ര പേടിസ്വപ്നമാക്കി മാറ്റി. ഞങ്ങള്‍ക്കു പ്രൈവറ്റ്‌ ബസ്സു വേണ്ട ട്രാന്‍സ്പോര്‍ട്ട്‌ മതി എന്ന് ജനം ചിന്തിക്കുന്ന അവസ്ഥ വന്നു. പ്രൈവറ്റ്‌ ബസ്സിലെ ജീവനക്കാരുടെ പെരുമാറ്റം മൊത്തത്തില്‍ മോശമായി.

ട്രാന്‍സ്പോര്‍ട്ട്‌ ബസ്സിനും മാറ്റങ്ങളുണ്ടായി. പണ്ട്‌ പുതിയ ബസ്സുകള്‍ ഫാസ്റ്റ്‌ പാസ്സഞ്ചറാക്കി ഓടിച്ച്‌ പഴകി ഒന്നിനും കൊള്ളാതെയാവുമ്പോള്‍മാത്രമേ ഓര്‍ഡിനറി ബസ്സുകളായി ഓടിക്കാറുണ്ടായിരുന്നുള്ളു. ഇപ്പോള്‍ പുതിയ ബസ്സുകളും ഓര്‍ഡിനറിയായി എത്തുന്നു. ചുവന്ന നിറത്തില്‍മാത്രം ഉണ്ടായിരുന്ന ട്രന്‍സ്പോര്‍ട്ട്‌ ബസ്സുകള്‍ വേണാട്‌, മലബാര്‍ എന്നീ പേരുകളില്‍ വെള്ളനിറത്തില്‍ അവതരിച്ചു. പിന്നെയൊരു മാറ്റം ഒന്നിനുപകരം രണ്ടു ഡോറുകള്‍ വന്നു എന്നതാണു്‌.

യാത്രക്കാര്‍ക്കു സൗകര്യമാണെങ്കിലും രണ്ടു ഡോര്‍ കണ്ടക്ടര്‍മാര്‍ക്ക്‌ ശരിക്കും പണി കൊടുത്തു. സ്റ്റോപ്പുകളില്‍ നിര്‍ത്തുമ്പോള്‍ രണ്ടു വാതിലില്‍ക്കൂടിയും യാത്രക്കാര്‍ കയറും. ടിക്കറ്റ്‌ കൊടുക്കുവാനായി കണ്ടര്‍ക്ക്‌ എപ്പോഴും മുന്‍പോട്ടും പുറകോട്ടും ഷട്ടിലടിക്കേണ്ട ഗതികേടായി.

ബസ്സിന്റെ രണ്ടു ഡോറുകള്‍ യാത്രക്കാരെ ഇളിഭ്യരാക്കാറുണ്ട്‌. ചിലപ്പോള്‍, കേടായതുകാരണമോ മറ്റോ ഒരു ഡോര്‍ തുറക്കാന്‍ പാടില്ലാത്തവിധത്തില്‍ കെട്ടിയുറപ്പിച്ചു വച്ചിരിക്കും. ബസ്സില്‍ കയറാന്‍ ഓടി വരുന്ന യാത്രക്കാര്‍ അതറിയാതെ ഡോര്‍ തുറക്കാനായി ഹാന്‍ഡിലില്‍ പിടിച്ചു വലിച്ച്‌ മണ്ടന്മാരാവും. ഈയിടെ ഉണ്ടായ ഒരു സംഭവം പറയാം.

ഞാന്‍ കോട്ടയത്തേയ്ക്ക്‌ പോകാനായി ബസ്സ്‌ സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ ഒരു ബസ്സ്‌ വന്നു. വേണാട്‌ ബസ്സാണു്‌. സ്റ്റോപ്പില്‍ നിന്നിരുന്ന മറ്റു രണ്ടുപേര്‍ മുന്‍വാതിലിനടുത്തേയ്ക്ക്‌ ഓടി. മറ്റാരുമില്ലാത്തതിനാല്‍ സൗകര്യമായി കയറാം എന്നു കരുതി ഞാന്‍ പിന്‍വാതിലിലേയ്ക്കു ചെന്ന് അതിന്റെ ഹാന്‍ഡില്‍ പിടിച്ചു തിരിക്കാന്‍ തുടങ്ങി. എവിടെ തുറക്കാന്‍?. ആ ഡോര്‍ അകത്തുനിന്ന് കെട്ടി വച്ചിരിക്കുകയായിരുന്നു. സൈഡ്‌ സീറ്റിലിരുന്ന ഒരു യാത്രക്കാരന്‍ പറഞ്ഞതനുസരിച്ച്‌ ഞാന്‍ ഓടിച്ചെന്ന് മുന്‍വാതിലിലൂടെ അകത്തു കടന്നു. തുറന്നാല്‍ അടയ്ക്കാന്‍ പറ്റാത്ത വിധത്തിലായതുകാരണം പിന്‍വാതില്‍, അകത്ത്‌ പ്ലാസ്റ്റിക്‌ ചരടുപയോഗിച്ച്‌ കെട്ടി വച്ചിരിക്കുകയായിരുന്നു. ഇടയ്ക്കു ചില ബസ്‌ സ്റ്റോപ്പുകളില്‍ നിര്‍ത്തിയപ്പോഴും യാത്രക്കാര്‍ ഓടിവന്ന് പിന്‍വാതില്‍ തുറക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട്‌ ഇളിഭ്യരാവുന്നുണ്ടായിരുന്നു.

ഞാന്‍ ഈ തുറക്കാത്ത വാതിലിനു തൊട്ടുമുന്‍പിലുള്ള സീറ്റില്‍ ഇരിക്കുകയായിരുന്നു. ചിങ്ങവനം കഴിഞ്ഞുള്ള ഒരു സ്റ്റോപ്പില്‍ ബസ്സ്‌ നിര്‍ത്തിയപ്പോള്‍ പുറത്തുനിന്ന് ആരോ ആ വാതില്‍ തുറന്ന് അകത്തു കയറിയതായി തോന്നി. വാതില്‍ വലിച്ചടയ്ക്കുന്നുണ്ട്‌. പക്ഷെ, അടയുന്നില്ല. ശബ്ദം കേട്ട്‌ കണ്ടക്ടര്‍ ഓടി വന്നു ചൂടായി.

"ആരാ ഈ വാതില്‍ തുറന്നത്‌?."

അയാള്‍ വിചാരിച്ചത്‌ അകത്തുനിന്ന ആരോ ആണു്‌ വാതില്‍ തുറന്നുകൊടുത്തത്‌ എന്നായിരുന്നു. വാതില്‍ അകത്തുനിന്ന് കെട്ടിവച്ചിരിക്കുകയായിരുന്നതിനാല്‍ അതിനാണല്ലോ സാദ്ധ്യത. അപ്പോഴാണു്‌ പുറത്തുനിന്ന് വാതില്‍ തുറന്ന് അകത്തുകയറിയ ചങ്ങാതി പറഞ്ഞത്‌,

"നമ്മളറിഞ്ഞോ ഇതു കെട്ടി വച്ചിരിക്കുകയായിരുന്നെന്ന്. ഞാന്‍ പിടിച്ചു തിരിച്ചപ്പോള്‍ അതു തുറന്നു. അതിനിപ്പോ ഞാന്‍ എന്തു ചെയ്യാനാ?"

എനിക്ക്‌ (എനിക്കു മാത്രമല്ല, കണ്ടക്ടറുള്‍പ്പടെ എല്ലാവര്‍ക്കും) ശരിക്കും അദ്ഭുതം തോന്നി. നേരത്തെ ഞാനുള്‍പ്പടെ പലരും ഹാന്‍ഡില്‍ തിരിച്ച്‌ ആ കതകു തുറക്കാന്‍ ശ്രമിച്ചതാണു്‌. അകത്ത്‌ പ്ലാസ്റ്റിക്‌ ചരടുകൊണ്ട്‌ നന്നായി കെട്ടിവച്ചിരുന്നതിനാല്‍ അതു തുറക്കാന്‍ സാധിച്ചില്ല. ഇപ്പോഴിതാ ഒരു ചങ്ങാതി ഓടിവന്ന് പുഷ്പം പോലെ അതു തുറന്നിരിക്കുന്നു. അതിന്റെ കെട്ടൊക്കെ പൊട്ടിച്ചിരിക്കുന്നു. ആര്‍ക്കും സാധിക്കാത്ത ഈ വീരകൃത്യം ചെയ്ത ചങ്ങാതിയാരാണെന്നറിയാനുള്ള ആകാംക്ഷ കാരണം ഞാന്‍ പുറകിലേയ്ക്കു നോക്കി.

ഒരു ആജാനുബാഹുവിനെ പ്രതീക്ഷിച്ച ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. കാറ്റടിച്ചാല്‍ പറന്നുപോകാന്‍ പാകത്തിലുള്ള, മെലിഞ്ഞ്‌ അശുവായ ഒരു മനുഷ്യന്‍. ഇയാള്‍ക്കിത്ര ശക്തിയോ?. കക്ഷി സംസാരിച്ചപ്പോഴാണു മനസ്സിലായത്‌ അദ്ദേഹത്തിന്റെ ശക്തിയല്ല, അദ്ദേഹം രാവിലെതന്നെ ഉള്ളില്‍ നിറച്ച ഇന്ധനത്തിന്റെ ശക്തിയാണെന്ന്. സംസാരത്തിനു്‌ ഒരു കുഴച്ചില്‍, മുഖത്ത്‌ ഒരു ചിരി, അതു മതിയല്ലോ നമുക്കു കാര്യം മനസ്സിലാകാന്‍.

ബഹളം കേട്ട്‌, പുറകിലുള്ള വാതില്‍ തുറന്നതായി മനസ്സിലാക്കിയ ഡ്രൈവര്‍, എഞ്ചിന്‍ ഓഫാക്കിയിട്ട്‌ ക്രുദ്ധനായി, തന്റെ കിളിവാതില്‍ വാതില്‍ തുറന്ന് പുറത്തിറങ്ങി വെളിയില്‍ക്കൂടി പുറകിലെത്തി. ഡോര്‍ അടയ്ക്കാനാവാത്തകാരണം യാത്ര മുടങ്ങുമോ എന്ന് ഞാന്‍ പേടിച്ചു. ഡ്രൈവര്‍ അദ്ദേഹം ചൂടായി,

"ആരാ ഈ ഡോര്‍ തുറന്നത്‌."

ആരും മിണ്ടാന്‍ പോയില്ല. അയാള്‍ വീണ്ടും ചോദിച്ചു,

"ഇത്‌ അകത്തുനിന്നല്ലേ തുറന്നത്‌?."

വീണ്ടും മറുപടിയൊന്നും ഉണ്ടായില്ല. മൗനം വിദ്വാനു ഭൂഷണം എന്നു വിശ്വസിക്കുന്നയാളായതു കാരണമാകാം നമ്മുടെ ചങ്ങാതി ഒന്നുമറിയാത്തവനെപ്പോലെ നിന്നുകളഞ്ഞു. ഡ്രൈവര്‍ എങ്ങനെയോ പണിപ്പെട്ട്‌ ഡോര്‍ അടച്ചു.

വണ്ടി വിട്ടുകഴിഞ്ഞപ്പോള്‍ നമ്മുടെ ചങ്ങാതിക്കു ധൈര്യം വന്നു. അദ്ദേഹം തന്റെ ഭാഗം ന്യായീകരിക്കാന്‍ തുടങ്ങി,

"അല്ല, ഇതിപ്പം നമ്മളറിഞ്ഞോ ഇതു കെട്ടിവച്ചിരിക്കുകയാണെന്ന്. ഓടിവന്നു പിടിച്ചപ്പോള്‍ ഡോര്‍ തുറന്നു. അതിപ്പോ എന്റെ കുറ്റമാണോ?."

വാസ്തവത്തില്‍ അദ്ദേഹത്തിന്റെ കുറ്റമല്ല. പക്ഷെ, ആരും അതു പറയാന്‍ പോയില്ല. മദ്യപിച്ചുവന്നിരിക്കുന്ന ആളിനോടു സംസാരിക്കുന്നതു ബുദ്ധിയല്ല എന്നു കരുതിയായിരിക്കും. അയാള്‍ തുടര്‍ന്നു,

"ഇതിപ്പം വേലിയേ കെടന്ന പാമ്പിനെ എടുത്തു ചീലേ വച്ചതുപോലെയായല്ലോ (ചീലയെന്നു പറഞ്ഞാല്‍ കോണകം). എന്തിനാ രണ്ടു വാതില്‍ ഒണ്ടാക്കിയത്‌. പണ്ടൊക്കെ ട്രാന്‍സ്പോര്‍ട്ട്‌ ബസ്സിനു്‌ ഒറ്റ വാതിലേ ഉണ്ടായിരുന്നൊള്ളല്ലോ. ഡോറുമില്ലായിരുന്നു. അന്നു വല്ല കൊഴപ്പോമൊണ്ടായിരുന്നോ?. ആവശ്യമില്ലാത്ത ഓരോ പണി കാണിച്ചു വച്ചേച്ച്‌ ഇപ്പം കുറ്റം നമുക്കും."

ശരിയല്ലേ ചങ്ങാതി പറഞ്ഞത്‌?. പ്രൈവറ്റ്‌ ബസ്സിനു്‌ പണ്ടേ രണ്ടു വാതില്‍ ഉണ്ടായിരുന്നു, രണ്ടു വാതിലും കാക്കാന്‍ കിളികളും. ട്രാന്‍സ്പോര്‍ട്ട്‌ ബസ്സിനു രണ്ടു വാതിലും അവയ്ക്ക്‌ ഡോറുകളും ഏര്‍പ്പെടുത്തിയതല്ലാതെ പഞ്ചവര്‍ണ്ണക്കിളികളെ ഏര്‍പ്പെടുത്താന്‍ ആവില്ലല്ലോ. അതിനാല്‍ ഇങ്ങനെയുള്ള പ്രശ്നങ്ങളുണ്ടാവാം. ഉണ്ടാവട്ടെ, സാരമില്ല, കിളിശല്യമില്ലാത്തത്‌ ആശ്വാസം തന്നെ.

ട്രാന്‍സ്പോര്‍ട്ട്‌ ബസ്സുകളിലെ സൂപ്പര്‍ ഫാസ്റ്റ്‌ ഒരു ഭീകരനാണു്‌. അവന്റെ വരവു കണ്ടാല്‍ ആരും ജീവനില്‍ കൊതിയുള്ളതു കാരണം ഓടിമാറിക്കളയും. സൂപ്പര്‍ ഫാസ്റ്റ്‌ എന്ന കൊലയാളി കാരണം എത്ര മനുഷ്യ ജീവനാണു്‌ റോഡില്‍ പൊലിഞ്ഞത്‌. എന്നിട്ടും അധികാരികള്‍ക്ക്‌ എന്തെങ്കിലും കൂസലുണ്ടോ?. അതിന്റെ മരണപ്പാച്ചില്‍ നിയന്ത്രിക്കാന്‍ ആരും തയ്യാറല്ല. എന്തിനും കോടതിവിധി വന്നെങ്കില്‍ മാത്രമേ അധികാരികള്‍ അനങ്ങുകയുള്ളു എന്ന നയമാണു്‌ സ്വീകരിച്ചിരിക്കുന്നത്‌.

എന്തായാലും ട്രാന്‍സ്പോര്‍ട്ട്‌ ബസ്സിനെ പണ്ടത്തേക്കാള്‍ ജനം ഇഷ്ടപ്പെടുന്നു എന്നതു വാസ്തവമാണു്‌. ഉദാഹരണത്തിനു്‌, പ്രൈവറ്റ്‌ ബസ്സിന്റെ കുത്തകയായിരുന്ന എറണാകുളം സിറ്റി സര്‍വ്വീസില്‍ കൂടുതല്‍ ട്രാന്‍സ്പോര്‍ട്ട്‌ ബസ്സുകള്‍ വരണമെന്നാണു്‌ ജനം ആഗ്രഹിക്കുന്നത്‌. കെ.എസ്‌.ആര്‍.റ്റി.സി. ജീവനക്കാരും അവസരത്തിനൊത്ത്‌ ഉയരുകയാണെങ്കില്‍ അവര്‍ക്കു കൊള്ളാം. കാലത്തിനൊപ്പം നിന്നില്ലെങ്കില്‍ അവരെ കാലം പുറംതള്ളുകതന്നെ ചെയ്യും, ജാഗ്രതൈ!. കൂടാതെ ആനെയെപ്പോലെ മദമിളകി റോഡില്‍ ആളുകളെ ഇടിച്ചുകൊല്ലുന്നതു നിര്‍ത്തുകയും വേണം.