Thursday, July 31, 2008

വയസ്സന്മാര്‍ കൂട്ടത്തോടെ പേരു മാറുന്നു

"നമ്മുടെ പേരു മാറാനുള്ള പ്രൊസീജിയര്‍ എന്താ?"

സുഹൃത്തിന്റെ ചോദ്യം കേട്ടിട്ട്‌ ഞാന്‍ തിരിച്ചു ചോദിച്ചു.

"ആരുടെ പേരു മാറാനാ?"

"എന്റെ തന്നെ"

"ഈ വയസ്സാംകാലത്ത്‌ ഇനി എന്തോന്നു പേരു മാറാനാ ?.റിട്ടയര്‍ ചെയ്യാന്‍ ഒരു വര്‍ഷം പോലുമില്ല.അപ്പോഴാ പേരു മാറാന്‍ പോകുന്നത്‌.മാത്രമല്ല തനിക്കു നല്ല ഒന്നാം തരം പേരല്ലേ ഉള്ളത്‌ ?"

"അതു തന്നെയാ കുഴപ്പം" രാജ്‌ കുമാര്‍ പറഞ്ഞു.എന്നെ നോക്കി അയാള്‍ തുടര്‍ന്നു

"ഏടോ, അപ്പൂപ്പനാകാന്‍ പ്രായമായ തനിക്കും എനിക്കും ഒക്കെ പറ്റിയ പേരാണോ രാജ്‌ കുമാറെന്നുള്ളത്‌ ?. ഇതൊക്കെ വല്ല ചെറുപ്പക്കാര്‍ക്കും പറ്റിയ പേരല്ലേ ?"

ഞാന്‍ ചിരിച്ചു പോയി.

"സംഗതി ശരിയാ.എന്റെ കാര്യവും അങ്ങനെ തന്നെ. പ്രദീപ്‌ കുമാര്‍ അപ്പൂപ്പന്‍ എന്നു കേട്ടാല്‍ ആരും ചിരിച്ചു പോകും"ഞാന്‍ തുടര്‍ന്നു.

"പക്ഷെ സാരമില്ലെടോ. നമ്മുടെ തലമുറയിലെ മിക്കവര്‍ക്കും ഇങ്ങനെയൊരു പ്രോബ്ലം ഉള്ളതു കൊണ്ട്‌ ഇതൊരു സാധാരണ സംഭവമായി മാറിക്കൊള്ളും.ഇപ്പോള്‍ തോന്നുന്ന പരിഹാസ്യത പതുക്കെ മാറും.പേടിക്കാതെ"

പക്ഷെ ഞാന്‍ ഈ പറഞ്ഞത്‌ അയാള്‍ക്ക്‌ അത്ര വിശ്വാസമായില്ല,എനിക്കും.

"അല്ലെടോ, തനിക്ക്‌ ഇപ്പഴിങ്ങനെ തോന്നാനുള്ള പ്രകോപനം എന്താണു്‌ ?"

അയാള്‍ സംഭവം വിവരിക്കാന്‍ തുടങ്ങി-കഴിഞ്ഞ ദിവസം ഞാന്‍ എന്റെയൊരു പരിചയക്കാരനെ കാണാന്‍ അയാളുടെ ഒാഫീസില്‍ പോയിരുന്നു.നേരത്തെ അറിയിച്ചിട്ടാണു പോയത്‌.ഞാന്‍ ചെന്നപ്പോള്‍ അയാള്‍ അത്യാവശ്യമായി പുറത്തു പോയിരിക്കുകയായിരുന്നു.

രാജ്‌ കുമാര്‍ ഒന്നു നിര്‍ത്തിയിട്ടു തുടര്‍ന്നു-പോയപ്പോള്‍ അയാള്‍ അവിടുത്തെ ഒരാളോടു പറഞ്ഞിട്ടാണു പോയത്‌,ഞാന്‍ ചെല്ലുകയാണെങ്കില്‍ അല്‍പ്പനേരം ഇരിക്കാന്‍ പറയണമെന്ന്'.

ഞാന്‍ ചെന്നപ്പോള്‍ ഈ വിദ്വാന്‍ എന്റെ പേരു ചോദിച്ചു.ഞാന്‍ പേരു പറഞ്ഞപ്പോള്‍അയാള്‍ ഒരു ചിരിയോടെ ചോദിച്ചു.

"ങാഹാ, നിങ്ങളാണോ രാജ്‌ കുമാര്‍ ?"

"എന്താ എനിക്കാ പേരിടാന്‍ കൊള്ളില്ലേ ?".ഞാന്‍ അല്‍പ്പം നീരസത്തോടെ ചോദിച്ചു.

"അല്ല, രാജ്‌ കുമാര്‍ എന്നു കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചു.ചെറുപ്പക്കാരാരെങ്കിലും ആയിരിക്കുമെന്ന്".(അയാള്‍ ഒരു ചെറുപ്പക്കാരന്‍ പയ്യനായിരുന്നു)"

"ഞാനും ഒരിക്കല്‍ ചെറുപ്പക്കാരനായിരുന്നു ചങ്ങാതീ.അന്നും എന്റെ പേരിതു തന്നെ ആയിരുന്നു.വയസ്സനായാല്‍ പേരും മാറ്റണമെന്ന് ഇപ്പഴാ മനസ്സിലാകുന്നത്‌".

എന്റെ സുഹൃത്തു വരുന്നതു വരെ ഇരിക്കാന്‍ അയാള്‍ പറഞ്ഞു.പക്ഷെ ഞാന്‍ അങ്ങനെ വെറുതെ വിടാന്‍ ഒരുക്കമല്ലായിരുന്നു.

"അനിയന്റെ പേരെന്താ ?"

"ജിത്തു".അയാള്‍ മടിച്ചാണു പേരു പറഞ്ഞത്‌.

"അനിയന്‍ ഒരു കാലത്ത്‌ അപ്പൂപ്പനാകുമല്ലോ.അപ്പോള്‍ ഈ പേരു മാറ്റുമായിരിക്കും, അല്ല്യോ ?. ജിത്തു അപ്പൂപ്പനെന്നൊക്കെ കേള്‍ക്കാന്‍ മഹാ ബോറല്യോ ?"

അയാള്‍ ഒന്നും മിണ്ടിയില്ല.......................രാജ് കുമാര്‍ പറഞ്ഞു നിര്‍ത്തി.

"അപ്പോള്‍, ഈ സംഭവത്തിനു ശേഷമാണു താന്‍ പേരു മാറണോ എന്നു ചിന്തിച്ചത്‌.അതു ശരി"

അപ്പോള്‍ ആ വിഷയം ഉപേക്ഷിച്ചെങ്കിലും പിന്നീട്‌ അത്‌ മനസ്സില്‍ കടന്നു വന്നു-പത്തെണ്‍പതു വയസ്സായി വടിയും കുത്തിപ്പിടിച്ചു പിച്ചപ്പിച്ച നടന്നു വരുന്ന രാജ്‌ കുമാറിനേയും പ്രദീപ്‌ കുമാറിനെയുമൊക്കെ ഞാന്‍ സങ്കല്‍പ്പിച്ചു നോക്കി.

പേരു മാറണോ ? - എനിക്കും ഒരു ശങ്ക.

എനിക്കൊരു കസിന്‍ ഉണ്ട്‌.എന്നെക്കാള്‍ മൂന്നു വയസ്സിനു മൂത്തതാണു്‌.പുള്ളിക്കാരന്റെ പേര്‍ ഗോവിന്ദപ്പിള്ള എന്നാണു്‌.ഞങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ അദ്ദേഹത്തിനു തീരെ ഇഷ്ടമല്ലായിരുന്നു സ്വന്തം പേര്‍- ഇതെന്തു പഴഞ്ചന്‍ പേരാണു ഗോവിന്ദപ്പിള്ള !.സമപ്രയക്കാര്‍ക്കെല്ലാം നല്ല ഉഗ്രന്‍ മോഡേണ്‍, ഫാഷണബിളായുള്ള പേരുകള്‍ !

പക്ഷേ, ഇപ്പോള്‍ , ഈ പ്രായത്തിലോ ?- ഗോവിന്ദപ്പിള്ള എന്നതു പ്രായത്തിനു ചേര്‍ന്ന പ്രൗഢമായ ഒന്നാം തരം പേര്‍.പുള്ളി പേരിന്റെ കാര്യത്തില്‍ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാവും!

ഗോവിന്ദപ്പിള്ള എന്നു കേള്‍ക്കുമ്പോള്‍ ഒരു അപരിചിതന്റെ മനസ്സില്‍ ഒരു ഇരുത്തം വന്ന പ്രൗഢ ഗംഭീരനായ ഒരാളിന്റെ രൂപമായിരിക്കും കടന്നു വരിക.

എന്നാല്‍ രാജ്‌ കുമാറെന്നോ പ്രദീപ്‌ കുമാറെന്നോ കേള്‍ക്കുമ്പോഴോ ഏതെങ്കിലും പയ്യന്മാരാരെങ്കിലും അയിരിക്കും എന്നു തോന്നും,അല്ലേ ?

അടുത്ത ദിവസം ഞാന്‍ രാജ്‌ കുമാറിനെ കണ്ടപ്പോള്‍ ചോദിച്ചു-

"അപ്പോ, പേരു മാറണ്ടേ ?"

"വേണം.എന്റെ പുതിയ പേരു്‌ നാരായണന്‍ കുട്ടി.തനിക്കും ഞാന്‍ ഒരു പുതിയ പേരു കണ്ടു വച്ചിട്ടുണ്ട്‌-രാജപ്പന്‍.എന്താ പോരേ ?"

അപ്പോ നിങ്ങളും പേരു മാറുകയല്ലേ ചങ്ങാതീ, ഒന്ന് ആലോചിച്ചു നോക്കൂ.