Wednesday, June 8, 2016

പുസ്തകങ്ങൾ മരിക്കുമോ, ഈ ഡിജിറ്റൽ ലോകത്തിൽ?



ഗെയ്റ്റ് തുറക്കുന്ന ശബ്ദം. വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിൽനിന്നു് ഞാൻ മിഴിയുയർത്തി നോക്കി.സിറ്റൗട്ടിൽ വായനയിൽ മുഴുകി ഇരിക്കുകയായിരുന്നു ഞാൻ. ഗെയ്റ്റ് തുറന്നു വരുന്നതു് ഒരു പയ്യനാണു്. പത്തിരുപത്തഞ്ചു വയസ്സുകാണും. എന്തോ സാധനം വില്ക്കുവാനായി വീടുതോറും കയറി നടക്കുന്ന ഒരുവനായിരിക്കണം എന്നു് ഒറ്റനോട്ടത്തിൽ ഞാൻ അനുമാനിച്ചു. എക്സിക്യൂട്ടീവ് എന്നാണു് ഇങ്ങനെയുള്ളവർ സ്വയം വിശേഷിപ്പിക്കുന്നതു്. ഏതോ കടലാസു കമ്പനിയുടെ സെയിൽസ് എക്സിക്യൂട്ടീവ് ആയിരിക്കും. ആ തസ്തികയ്ക്കുവന്ന ഒരു അധഃപതനം! ഒരു കാലത്തു് എക്സിക്യൂട്ടീവ് എന്നൊക്കെ പറഞ്ഞാൽ അത്ര മോശമല്ലാത്ത പണിയായിരുന്നു.

ദോഷം പറയരുതല്ലോ, ഗെയ്റ്റ് കടന്നു വരുന്ന ഈ പയ്യന്റെ വേഷവും എക്സിക്യൂട്ടീവിനു ചേർന്നതുതന്നെ. നന്നായി വസ്ത്രധാരണം ചെയ്തിരിക്കുന്നു. യൂണിഫോം എന്നു തോന്നിക്കുന്ന കറുത്ത പാന്റ്സും വെള്ള ഫുൾ സ്ളീവ് ഷർട്ടും വേഷം. ഷർട്ട് ഇൻസെർട്ട് ചെയ്തിരിക്കുന്നു. ടൈ കെട്ടിയിട്ടുണ്ട്. കാലിൽ പോളീഷ് ചെയ്തു തിളക്കം വരുത്തിയ ഷൂസ്. ഇവനെ എക്സിക്യൂട്ടീവ് എന്നല്ലാതെ എന്തു വിളിക്കും, ചങ്ങാതീ?

വേഷമൊക്കെ കൊള്ളാം. പക്ഷെ, എത്ര കിട്ടും ഈ എക്സിക്കുട്ടനു്?
എന്തു്?
ശമ്പളം, അല്ലെങ്കിൽ കൂലി?
അതു പറയാതിരിക്കുന്നതാ ഭേദം.
എന്നാലും എത്ര? നമ്മുടെ പറമ്പിൽ പണിചെയ്യുന്ന രാജപ്പനു കിട്ടുന്നയത്രയും വരുമോ?
ഇല്ല സുഹൃത്തേ, രാജപ്പനു കിട്ടുന്നതിന്റെ കാൽഭാഗംപോലും, അണിഞ്ഞൊരുങ്ങി നടക്കുന്ന ഈ ചങ്ങായിക്കു കിട്ടുകില്ലെന്നാണു പറയുന്നതു്.
എന്നാലും ഇങ്ങനെ വേഷംകെട്ടി നടക്കാൻ യാതൊരു മടിയുമില്ല, എക്സിക്യൂട്ടീവ് അല്ലേ?
ചുമ്മാതല്ല ഈ നാട്ടിൽ യാതൊരു പണി ചെയ്യാനും ചെറുപ്പക്കാരെ കിട്ടാത്തതു്; എല്ലാവർക്കും എക്സിക്യൂട്ടീവ് ആയി നടന്നാൽ മതിയല്ലോ!

ഗെയ്റ്റ് കടന്നുവന്ന പയ്യൻ എന്റെ മുന്നിലെത്തി മൊഴിഞ്ഞു, “ഗുഡ് മോണിങ്ങ് സാർ. ഞാൻ കോണ്ടിനെന്റൽ കമ്പനിയിൽ നിന്നാണു്.

അതു കേട്ടാൽ തോന്നും ഈ കോണ്ടിനെന്റൽ കമ്പനി എന്നതു് എല്ലാവർക്കും അറിയാവുന്ന പ്രസിദ്ധമായ ഏതോ കമ്പനിയാണെന്നു്.

കോണ്ടിനെന്റലോ? ഞാൻ കേട്ടിട്ടില്ല.

വല്യ ബുക്ക് പബ്ളീഷർ ആണു സാർ

ആയിക്കോട്ടെ. വന്നകാര്യം പറയൂ.അയാളെ എത്രയും വേഗം പറഞ്ഞുവിടാനുള്ള തിടുക്കമാണു് എനിക്കുള്ളതു്. കാരണം, ഇങ്ങനെ വരുന്നവരെല്ലാം നമുക്കു് ആവശ്യമില്ലാത്ത എന്തെങ്കിലും സാധനം അടിച്ചേല്പിക്കാനുള്ള ഉദ്ദേശ്യവുമായി വരുന്നവരായിരിക്കും. അവരുടെ ഭാഷയിൽ പറഞ്ഞാൽ, ‘ഒരു പ്രോഡക്ട് പരിചയപ്പെടുത്താൻവന്നതായിരിക്കും.

അയാൾ തന്റെ തോളിൽ തൂക്കിയിട്ടിരുന്ന ബാഗ് താഴെ വച്ചു. എന്നിട്ട് അതിൽ കുത്തിനിറച്ചിരുന്ന വലിപ്പമേറിയ തടിച്ച പുസ്തകങ്ങളിൽ ഒന്നു് പുറത്തെടുത്തു.
സർ, ലോകത്തിലെ എല്ലാ മൃഗങ്ങളെക്കുറിച്ചും ഉള്ള സകല വിവരങ്ങളും ഇതിൽ ഉണ്ടു്, അവയുടെയെല്ലാം കളർ ഫോട്ടോയും. വളരെ വിജ്ഞാനപ്രദമായ ബുക്കാണു സാർ. പഠിക്കുന്ന കുട്ടികൾക്ക് വളരെ പ്രയോജനപ്പെടും. മാത്രമല്ല എല്ലാവർക്കും വായിച്ചു മനസ്സിലാക്കാൻ നല്ലതാണു സാർ.

അയാൾ പുസ്തകത്തിന്റെ താളുകൾ മറിച്ചു കാണിക്കുകയാണു്. കട്ടിയും തിളക്കവുമുള്ള നല്ല പേപ്പറിൽ ആണു് അതു് അച്ചടിച്ചിരിക്കുന്നതു്. മൃഗങ്ങളുടെ ധാരാളം കളർ ഫോട്ടോയും ഉണ്ട്. വളരെ ആകർഷകം എന്നു തന്നെ പറയണം.

സർ, ആയിരത്തി അറുനൂറ്റി അമ്പതു രൂപയാണു് ഇതിന്റെ വില. പക്ഷെ, ഇതിന്റെ പ്രൊമോഷനുവേണ്ടി കമ്പനി ഇതു വിലകുറച്ചു വില്ക്കുകയാണു സാർ-വെറും ആയിരത്തി അഞ്ഞൂറു രൂപയ്ക്കു്.

അയാൾ പ്രതീക്ഷയോടെ എന്റെ മുഖത്തേയ്ക്കു നോക്കി. എന്റെ മുഖത്തു തെളിഞ്ഞ താല്പര്യക്കുറവു് അയാൾക്കു മനസ്സിലായിക്കാണും.

മുഴുവൻ പൈസയും ഇപ്പോൾ തരേണ്ട സാർ. ഇൻസ്റ്റാൾമെന്റായി തന്നാൽ മതി-അഞ്ഞൂറു രൂപവച്ച് മൂന്നു തവണ.

എനിക്കിതു വേണ്ട,” ഞാൻ പറഞ്ഞു.

എന്താണു സാർ. നല്ല ബുക്കല്ലേ? ഈ വിലയ്ക്കു് ഇതുപോലെ ഒരു ബുക്ക് സാറിനു കടയിൽനിന്നു വാങ്ങിക്കാൻ കിട്ടുകയില്ല.

ശരിയായിരിക്കാം സുഹൃത്തേ. പക്ഷെ, വേറൊരു കാര്യം മനസ്സിലാക്കണം. ഇതുപോലെയുള്ള ബുക്കുകളുടെ പ്രസക്തി ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുകയാണു്. ഇതിനകത്തുള്ള എല്ലാ വിവരവും, അതിൽ കൂടുതലും ഇന്റർനെറ്റിൽ കിട്ടും; അതും ഫ്രീയായിട്ടു്. അപ്പോൾപ്പിന്നെ ഈ വിലകൊടുത്തു് ഈ തടിയൻ പുസ്തകം വാങ്ങിച്ചു വീട്ടിൽവച്ചു ഞാൻ എന്തിനു സ്ഥലം മിനക്കെടുത്തണം. ഇതു വെറുതെ ഇവിടെ പൊടിപിടിച്ചിരിക്കുകയേ ഉള്ളൂ.

അയാൾ ഗെയ്റ്റുകടന്നു് റോഡിലേയ്ക്കിറങ്ങി മറയുന്നതു നോക്കിയിരുന്നപ്പോൾ എനിക്കൊരു വിഷമം. ഇന്റർനെറ്റിനെ പിന്താങ്ങിക്കൊണ്ടു് പുസ്തകത്തെ തള്ളിപ്പറയേണ്ടിവന്നതിൽ വിഷമം തോന്നി; പുസ്തകത്തെ അത്രയധികം സ്നേഹിച്ചിരുന്നവനാണു ഞാൻ.
ങാ, കാലം മാറി, ഞാനും മാറി കുറച്ചൊക്കെ; അത്രതന്നെ!

സ്കൂൾ-കോളജ് വിദ്യാർത്ഥിയായിരുന്നപ്പോൾ എത്ര ആവേശത്തോടെയാണു ഞാൻ പുസ്തകങ്ങൾ വായിച്ചിരുന്നതു്. പുസ്തകങ്ങളായിരുന്നു എന്റെ കൂട്ടുകാർ. കയ്യിൽ കിട്ടുന്ന എന്തു പുസ്തകവും ഞാൻ വായിക്കുമായിരുന്നു. അതു് കുട്ടികൾക്കുവേണ്ടിയുള്ളതോ മുതിർന്നവരെ ഉദ്ദേശിച്ചുള്ളതോ എന്നൊന്നും നോക്കാറില്ലായിരുന്നു, എന്തും വായിക്കും.

അന്നു മിക്ക കുട്ടികൾക്കും കുറച്ചെങ്കിലും വായനാശീലം ഉണ്ടായിരുന്നു. എന്താ കാരണം? അന്നു  റ്റി. വി. ഇല്ല, കമ്പ്യൂട്ടറില്ല, മൊബൈൽ ഫോണില്ല, ഇന്റർനെറ്റില്ല. ആകെയുള്ളതു് റേഡിയോ മാത്രം. അതാണെങ്കിൽ ആദ്യം പറഞ്ഞവയെപ്പോലെ അഡിൿഷൻ ഉണ്ടാക്കുന്നതുമല്ല.

ചെറുപ്പക്കാർ ഇപ്പോൾ എന്താ ചെയ്യുന്നതു്? എപ്പോഴും റ്റി.വിയുടെ മുൻപിലിരിക്കും. അല്ലെങ്കിൽ കമ്പ്യൂട്ടറിൽ, മൊബൈൽ ഫോണിൽ, ഇന്റർനെറ്റു നോക്കിക്കൊണ്ടിരിക്കും. പുസ്തകങ്ങൾ വായിക്കാൻ ആർക്കുണ്ടു സമയം? താല്പര്യം?
പുസ്തകങ്ങളുടെ നിലനിൽപ്പിനും വളർച്ചയ്ക്കും ഭീഷണിയാണോ ഇപ്പോഴത്തെ സ്ഥിതി?
അങ്ങനെയൊരു ആശങ്കയുണ്ടാക്കുവാൻ പര്യാപ്തമായ ചില സംഗതികൾ നിലവിൽ വന്നിട്ടുണ്ട്.
അതിൽ ഏറ്റവും പ്രധാനപ്പെട്ടതു് ജനത്തിന്റെ വായനാശീലത്തിലുള്ള വൻ കുറവാണു്; പ്രത്യേകിച്ചും കുട്ടികളുടെയും യുവജനതയുടെയും.വായിക്കാൻ ആളില്ലെങ്കിൽ പുസ്തകങ്ങൾ ധാരാളമായി പുറത്തിറങ്ങുന്നതെങ്ങനെ?

പുസ്തകങ്ങൾക്കുള്ള മറ്റൊരു ഭീഷണി ഇന്റർനെറ്റിന്റെ വ്യാപനമാണു്. ഒരു കമ്പ്യൂട്ടറും ഇന്റർനെറ്റ് കണൿഷനും, അല്ലെങ്കിൽ ഒരു സ്മാർട്ട് ഫോണും ഇന്റർനെറ്റ് കണൿഷനും ഉണ്ടെങ്കിൽ പുസ്തകങ്ങളിൽ നിന്നു കിട്ടുന്ന ഏതു് വിവരവും നമുക്ക് ഏറ്റവും സൗകര്യപ്രദമായ വിധത്തിൽ ഇനംതിരിച്ചു് തെരഞ്ഞെടുത്തു് വായിക്കാൻ കഴിയും. പിന്നെയെന്തിനു് പുസ്തകമന്വേഷിച്ചു പോകണം? പക്ഷെ ഇതു കൂടുതലും റഫറൻസ് ഗ്രന്ഥങ്ങളുടെ നിലനിൽപ്പിനെയാണു ബാധിക്കുക എന്നു തോന്നുന്നു.

പേപ്പറിൽ അച്ചടിച്ചിറക്കുന്ന പുസ്തകത്തിനുള്ള മറ്റൊരു ഭീഷണി ഇ-ബുക്കുകളുടെയും ഇ-ബുക്ക് റീഡറുകളുടെയും വരവാണു്. ഒരു ടാബ്‌ലെറ്റ് കമ്പ്യൂട്ടറിന്റെ രൂപത്തിലുള്ള ഇ-ബുക്ക് റീഡറിൽ ഡിജിറ്റൽ രൂപത്തിലുള്ള ആയിരക്കണക്കിനോ പതിനായിരക്കണക്കിനോ പുസ്തകങ്ങൾ സുക്ഷിച്ചു വയ്ക്കുകയും ആവശ്യമുള്ളപ്പോൾ അതിന്റെ സ്ക്രീനിൽ വായിക്കുകയും ചെയ്യാം. കൂടാതെ ഒരു സാധാരണ ടാബ്‌ലെറ്റ് കമ്പ്യൂട്ടറിനു് ഇ-ബുക്കിന്റെ ധർമ്മവും നിർവ്വഹിക്കാൻ കഴിയും. ആയിരക്കണക്കിനു പുസ്തകങ്ങൾ ഇങ്ങനെ നമ്മുടെ കൈപ്പിടിയിൽ ഒതുക്കിക്കൊണ്ടു നടക്കാമെന്നിരിക്കെ, കൊണ്ടുനടക്കാൻ അസൗകര്യമുള്ളതും, സ്ഥലം മെനക്കെടുത്തുന്നതുമായ പേപ്പർ പുസ്തകങ്ങൾ വാങ്ങാൻ ജനം മടിക്കുന്ന ഒരു കാലം വരികയല്ലേ? പക്ഷെ, ഇ-ബുക്കുകളെപ്പറ്റി പറയുമ്പോൾ ചില കാര്യങ്ങൾ പറയാതെ വയ്യ. പേപ്പർ പുസ്തകത്തിന്റെ ഒരു അനുഭവം(feel) ഇ-ബുക്കുകൾക്കു തരുവാൻ കഴിയുകയില്ല. ഒരു പുസ്തകത്തിന്റെ അനുഭവം നമുക്കുണ്ടാകുന്നതു് അതിന്റെ കെട്ടും മട്ടും കണ്ടും അതിന്റെ മണം(പുതിയ പുസ്തകത്തിന്റെ) ആസ്വദിച്ചുംമറ്റുമാണു്, അല്ലേ ചങ്ങാതീ? സ്കൂൾ പഠനക്കാലത്തു് പുതിയ ക്ളാസ്സു തുടങ്ങുന്ന സമയത്തു് പുതിയ പുസ്തകങ്ങൾ കൈയിലെത്തുമ്പോൾ അവയുടെ മണം എത്രമാത്രം ആസ്വാദ്യകരമായിരുന്നു എന്നു് ഓർത്തുനോക്കൂ. പുസ്തകങ്ങളെ ഇഷ്ടപ്പെടുവാൻ പുസ്തകങ്ങളുടേതുമാത്രമായ ഈ സുഗന്ധവും കാരണമായിട്ടില്ലേ? ഉണ്ടോ? ഇങ്ങനെയുള്ള ഒരു അനുഭവം തരാൻ കഴിയുമോ ഇ-ബുക്കിനു്?

പുസ്തകങ്ങളുടെ നിലനിൽപ്പിനു വെല്ലുവിളിയായ ഈവിധപ്രശ്നങ്ങൾ ഉയർന്നുവന്നിട്ടും പുസ്തകങ്ങൾ മരിക്കുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടായിട്ടുണ്ടോ? ഇതുവരെ ഇല്ല എന്നതാണു് നമുക്കു കിട്ടുന്ന വിവരം. ആശ്വാസം പകരുന്ന ഒന്നാണതു്. ആശങ്കപ്പെടാൻ സമയമായിട്ടില്ല എന്നു തോന്നുന്നു. ചില വിഭാഗങ്ങളിലുള്ള പുസ്തകങ്ങൾക്കു് ആവശ്യക്കാർ കുറഞ്ഞിട്ടുണ്ടാവാം. പക്ഷെ മറ്റു ചില വിഭാഗങ്ങളിൽ പുസ്തകങ്ങൾക്കു് ആവശ്യക്കാർ കൂടിയിട്ടുണ്ടെന്നാണു പറയുന്നതു്. നോവൽ, കഥ എന്നിവയ്ക്കു് ഡിമാന്റ് കുറഞ്ഞു പോലും. എന്നാൽ സെൽഫ് ഹെൽപ്, മോട്ടിവേഷൻ, ആരോഗ്യം, യാത്രാ വിവരണം എന്നിങ്ങനെയുള്ള വിഭാഗങ്ങൾ ശക്തിയാർജ്ജിച്ചു. നല്ല പ്രസാധകർ നല്ലരീതിയിൽത്തന്നെ മുന്നേറുന്നു. പുസ്തകങ്ങളുടെ നിലനിൽപ്പിനു് തൽക്കാലം ഭീഷണിയൊന്നും ഇല്ലെന്നു കരുതാം, അല്ലേ? വിദൂരഭാവിയിൽ എന്താവുമോ എന്തോ!