Friday, January 2, 2009

കൊച്ചുകൊച്ചു തട്ടിപ്പുകള്‍

റ്റൂ വീലര്‍ ഓടിക്കുന്ന ആരെങ്കിലും ഒരിക്കലെങ്കിലും അതില്‍ നിന്നു മറിഞ്ഞു വീഴാതിരുന്നിട്ടുണ്ടോ?. ജീവിതത്തിലിന്നേവരെ ഏതെങ്കിലും തരത്തിലുള്ള കൊച്ചുകൊച്ചു തട്ടിപ്പുകള്‍ക്കു വിധേയരാകാത്തവര്‍ ഉണ്ടാകുമോ?. ഇല്ല എന്നു തന്നെയാണു്‌ എന്റെ വിശ്വാസം. മിടുക്കന്മാര്‍ എന്നു സ്വയം അഭിമാനിക്കുന്നവരെപ്പോലും കബളിപ്പിക്കുന്ന ബഹുമിടുക്കന്മാരാണീ തട്ടിപ്പുകാര്‍.

ഞാന്‍ പൊതുവേ ഒരു മണ്ടനാണെന്നാണെന്റെ വിശ്വാസം. ഇത്തരം ചെറിയ തട്ടിപ്പുകളില്‍ പലപ്പോഴും ചെന്നു ചാടിയിട്ടുണ്ട്‌. എന്തെങ്കിലും ആവശ്യപ്പെടുന്നവരോട്‌ നിഷേധാത്മകമായ നിലപാടു സ്വീകരിക്കാന്‍ പലപ്പോഴും കഴിയാറില്ല. അതായത്‌, 'നോ' പറയേണ്ടിടത്ത്‌ അതു പറയാന്‍ പലപ്പോഴും മടിക്കും. ഈയൊരു ബലഹീനതയായിരിക്കാം ഞാന്‍ ഇത്തരം പല തട്ടിപ്പുകള്‍ക്കും വിധേയനാകാന്‍ കാരണം. അങ്ങനെയുള്ള ചില സംഭവങ്ങളെ കുറിച്ചാണു പറയാന്‍ പോകുന്നത്‌.

അടുത്ത കാലത്തൊരു ദിവസം വൈകുന്നേരം. ഇവിടെ അടുത്ത്‌ രാമഞ്ചിറയിലുള്ള മാര്‍ജിന്‍ ഫ്രീ സൂപ്പര്‍ മാര്‍ക്കറ്റിനു മുന്‍പിലാണു രംഗം. ഞാനും ഭാര്യയും മക്കളും ഉണ്ട്‌. അല്‍പ്പം ഷോപ്പിങ്ങിനിറങ്ങിയതാണു്‌.

കാറു പാര്‍ക്കു ചെയ്തിട്ട്‌ ഞങ്ങള്‍ സൂപ്പര്‍ മാര്‍ക്കറ്റിലേയ്ക്കു നടക്കുന്നു. അതിന്റെ മുന്‍പിലുള്ള വരാന്തയിലേക്കുള്ള പടിയിലേയ്ക്കു കാല്‍ വയ്ക്കുന്നതിനു മുന്‍പ്‌, "സാറേ" എന്നൊരു വിളി. എന്റെ വലതു വശത്തായി നിര്‍ത്തിയിരുന്ന ബൈക്കില്‍ ഇരുന്ന ചെറുപ്പക്കാരനാണു വിളിച്ചത്‌.മുണ്ടും ഷര്‍ട്ടും വേഷം. പരിചയ ഭാവത്തില്‍ ചിരിക്കുന്ന മുഖം കണ്ടിട്ട്‌ മുന്‍പു കണ്ടിട്ടുണ്ടോ എന്നെനിക്കു സംശയം.

"മനസ്സിലായില്ലേ?"മനസ്സിലായില്ല എങ്കിലും അതു പറയാനുള്ള മടി കാരണം മനസ്സിലായെന്ന ഭാവത്തില്‍ ഞാന്‍ ചിരിച്ചു.

"പൊടിയെന്റെ മോനാ സാറേ"

'ഏതു പൊടിയന്‍?, എന്തു പൊടിയന്‍?' എന്നു ചോദിക്കാന്‍ തോന്നിയെങ്കിലും ഞാന്‍ ചോദിച്ചില്ല. പൊടിയന്‍ എന്നു പറയുമ്പോള്‍ എനിക്കാദ്യം ഓര്‍മ്മ വന്നതു്‌ നേരത്തെ ഞങ്ങളുടെ അടുത്തു താമസിച്ചിരുന്ന ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ലൈന്‍ മാനായിരുന്ന ഒരു പൊടിയനെ ആണു്‌. അവരെല്ലാം ഇവിടം വിട്ടു പോയിട്ടു വളരെ നാളായി. അയാളുടെ മകനെ ഞാന്‍ കണ്ടിട്ടു കുറെ നാളായെങ്കിലും ആ മുഖത്തിന്റെ ഷെയ്പ്‌ ഇങ്ങനെ അല്ല എന്നുറപ്പാണു്‌.ആളിനെ മനസ്സിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഞാന്‍ ഒരു ചോദ്യമെറിഞ്ഞു -

"എന്തു ചെയ്യുന്നു?"

"ഞാന്‍ ഡ്രൈവറാ"

ലൈന്‍ മാന്‍ പൊടിയന്റെ മകനും ഡ്രൈവറായിരുന്നു. പക്ഷേ അയാളുടെ മുഖമല്ല ഇയാളുടേത്‌, അതുറപ്പ്‌. ബുദ്ധിമുട്ടായി!. രണ്ടും കല്‍പ്പിച്ചു ഞാന്‍ ചോദിച്ചു.

"ലൈന്‍ മാന്‍ പൊടിയന്റെ മോനാണോ?"

എന്റെ ബുദ്ധിമുട്ടു മനസ്സിലാക്കി അയാള്‍ സഹായിക്കാന്‍ തയ്യാറായി, ഒരു ക്ലൂ തന്നു.

"ചാക്കോ പെലേന്റെ മോന്‍ പൊടിയനില്ലേ സാറെ?"

ചാക്കോ പെലേന്‍ എന്നൊരു മനുഷ്യനെപ്പറ്റി ഞാന്‍ ആദ്യമായിട്ടു കേള്‍ക്കുകയാണ്‌. എങ്കിലും എല്ലാം മനസ്സിലായതു പോലെ ഞാന്‍ തലയാട്ടി, ഇനി ഈ ക്വിസ്സ്‌ മത്സരം തുടരാന്‍ വയ്യ!.

ഞങ്ങളുടെ സംഭാഷണം ശ്രദ്ധിച്ചു കൊണ്ട്‌ അല്‍പ്പം മാറി നില്‍ക്കുകയാണ്‌ എന്റെ ഭാര്യ. മക്കളാകട്ടെ സൂപ്പര്‍ മാര്‍ക്കറ്റിനകത്തേയ്ക്കു കാലെടുത്തു കുത്താന്‍ അക്ഷമരായി കാത്തു നില്‍ക്കുന്നു!. ഇയാളെ എവിടെ വച്ചാണു കണ്ടിട്ടുള്ളതെന്ന്‌ ഓര്‍ത്തെടുക്കാന്‍ ഞാന്‍ പാടു പെടുന്നു. അയാള്‍ സംഭാഷണം തുടര്‍ന്നു.

"പെങ്ങടെ കല്ല്യാണമാ സാറെ നാളെ".

ഒന്നു നിര്‍ത്തി നെടുവീര്‍പ്പിട്ടിട്ട്‌ അയാള്‍ തുടര്‍ന്നു.

"പെങ്ങളു വികലാംഗയാ. കല്ല്യാണം കഴിക്കുന്നതൊരു വികലാംഗനാ. അതു കൊണ്ടു മാത്രമാ ഇങ്ങനെയൊരു കല്ല്യാണം ഒത്തു വന്നത്‌. അവര്‍ക്ക്‌ കുറച്ചു പൈസാ കൊടുക്കാമെന്നു സമ്മതിച്ചിരുന്നു. കഴിഞ്ഞ ആഴ്ച കൊടുക്കേണ്ടതാ. പൈസാ ശരിയാകാത്ത കാരണം കൊടുക്കാന്‍ പറ്റിയില്ല. പിന്നെ സമുദായക്കാരൊക്കെ ഇടപെട്ട്‌ കല്ല്യാണത്തിന്റെ ദിവസം രാവിലെ കൊടുത്താല്‍ മതിയെന്നാക്കി".

നിരാശനായി ദൂരെ ശൂന്യതയിലേയ്ക്കു കണ്ണു നട്ട്‌ അയാള്‍ തുടര്‍ന്നു.

"നാളെയാ കല്ല്യാണം. കൊടുക്കാനുള്ള പൈസ മുഴുവനും ആയിട്ടില്ല. പരിചയക്കാരു ചിലരെല്ലാം സഹായിച്ചിട്ടുണ്ട്‌. സാറെന്തെങ്കിലും സഹായം ചെയ്താല്‍ കൊള്ളാമായിരുന്നു".

പെട്ടെന്നാണെന്റെ മനസ്സില്‍ ഓര്‍മ്മയുടെ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞു പോയത്‌. അതിന്റെ വെളിച്ചത്തില്‍ ഈ ചെറുപ്പക്കാരനെ ഞാന്‍ തിരിച്ചറിഞ്ഞു.ഏതാണ്ട്‌ ഒരു വര്‍ഷം മുന്‍പ്‌ ഇയാള്‍ എന്റെ മേല്‍ ഇതേ തട്ടിപ്പു പ്രയോഗിച്ചിട്ടുണ്ട്‌. അന്നും ഇതു പോലെ, വികലാംഗയായ സഹോദരിയുടെ കല്ല്യാണമാണു പിറ്റേ ദിവസമെന്നും ചെറുക്കന്‍ കൂട്ടര്‍ക്കു കൊടുക്കുവാനുള്ള പൈസ തികയാത്തതു കാരണം കല്യാണം മുടങ്ങുന്ന സ്ഥിതിയാണെന്നും പറഞ്ഞ്‌ എന്റെ സഹതാപം പിടിച്ചു പറ്റി. അന്നു ഞാന്‍ അയാള്‍ക്കു നൂറു രൂപ കൊടുത്ത കാര്യവും ഞാന്‍ ഓര്‍ത്തു.

"ഇയാളല്ലേ കുറെ നാള്‍ മുന്‍പ്‌ വികലാംഗയായ സഹോദരിയുടെ കല്ല്യാണമാണു നാളെ എന്നു പറഞ്ഞ്‌ എന്നോടു പൈസ വാങ്ങിയത്‌?........ ഇനി അടുത്ത തവണ കാണുമ്പോള്‍ പുതിയ കഥ വല്ലതും പറയണം കേട്ടോ. അല്ലെങ്കില്‍ പെട്ടെന്നു മനസ്സിലാകും".

അയാളെ വിട്ടിട്ടു ഞാന്‍ സൂപ്പര്‍ മാര്‍ക്കറ്റിനുള്ളിലേയ്ക്കു കടന്നു. പിന്നീടിതുവരെ അയാളെ ഞാന്‍ കണ്ടിട്ടില്ല.

*********

ഇനി വേറൊരു സംഭവം - ഞാന്‍ എവിടെയോ പോയിട്ട്‌ തിരിച്ചു വീട്ടിലേയ്ക്ക്‌ നടന്നു വരികയാണു്‌. വീടിനടുത്തെത്താറായി. സ്കൂളിന്റെ ഗ്രൗണ്ടിനെ ചുറ്റിയുള്ള വഴിയിലെ തൊണ്ണൂറു ഡിഗ്രി വളവു തിരിഞ്ഞു കയറ്റം കയറുകയാണു ഞാന്‍. കയറ്റത്തിനു മുകളിലുള്ള രണ്ടാമത്തെ തൊണ്ണൂറു ഡിഗ്രി വളവു തിരിഞ്ഞ്‌ ഒരാള്‍ താഴേയ്ക്കിറങ്ങി വരുന്നു. നേര്‍ക്കുനേരെ ആയപ്പോള്‍ അയാള്‍ ചിരിച്ചു.അടുത്ത പരിചയമൊന്നും ഇല്ലാത്ത ആളാണു്‌. സൈക്കിളിനു പിന്നില്‍ മീന്‍ കുട്ടയും വച്ചു കൊണ്ട്‌ പോകുന്നതു ചിലപ്പോള്‍ കണ്ടിട്ടുണ്ട്‌. മീന്‍ കച്ചവടക്കാരനാണു്‌. എന്നാല്‍ സ്ഥിരമായി മീന്‍ കച്ചവടക്കാരന്റെ വേഷത്തില്‍ കാണാറുമില്ല.

പതിവായി ഞങ്ങളുടെ വീടിനു മുമ്പില്‍ക്കൂടെ വടക്കോട്ടു നടന്നു പോകുന്നതു കാണാറുണ്ട്‌.അങ്ങനെ സ്ഥിരമായി അതിലെ വടക്കോട്ടു പോകുന്നതിനു വേറെ അര്‍ഥമുണ്ട്‌!. വടക്കോട്ടു മാറി വ്യാജച്ചാരായം കിട്ടുന്ന പരസ്യമായ ഒരു രഹസ്യ സങ്കേതമുണ്ട്‌. അവിടത്തെ സ്ഥിരം ഉപഭോക്താക്കള്‍ രാവിലെയും വൈകിട്ടും (കുടിയന്മാരിലെ തീവ്രവാദികളായ ചിലര്‍ ഉച്ചയ്ക്കും!) റോഡില്‍ക്കൂടി വടക്കോട്ടു വച്ചുപിടിക്കുന്നതു കാണാം. വളരെ കൃത്യനിഷ്ഠയോടെ, ഇടംവലം നോക്കാതെയുള്ള ആ പ്രയാണം കാണുമ്പോള്‍ അവരുടെ യാത്രാ ലക്ഷ്യം ആര്‍ക്കും വ്യക്തമാകും. ഞാന്‍ നേരത്തെ വിവരിച്ച ആ മനുഷ്യനും അങ്ങനെ പട്ടച്ചാരായ സേവയുള്ള ആളാണെന്നു ഞാന്‍ മനസ്സിലാക്കിയിരുന്നു.

എതിരെ വന്ന അയാള്‍ ചിരിച്ചപ്പോള്‍ ഒരു മര്യാദയ്ക്കു ഞാനും ചിരിച്ചു. മെല്ലിച്ച, ഊതിയാല്‍ പറന്നു പോകുന്നതു പോലെയുള്ള ഒരു ശരീരമാണത്‌.അയാള്‍ക്ക്‌ എന്തോ പറയുവാനുണ്ടെന്നു തോന്നിയതു കൊണ്ട്‌ ഞാന്‍ നിന്നു.

"എനിക്കു നാളെയൊരു ഓപ്പറേഷനാ. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോകണം. പൈസയൊന്നുമില്ല. എന്തെങ്കിലും സഹായം....."

"എന്താ അസുഖം?" സഹതാപത്തോടെ ഞാന്‍ ചോദിച്ചു.

"ഹെര്‍ണിയ". അയാള്‍ വിഷാദത്തോടെ മൊഴിഞ്ഞു.

"എന്താ പേരു്‌?"

"ബഷീര്‍"

ഞാന്‍ അമ്പതു രൂപ കൊടുത്തു. ഇങ്ങനെ സഹായം ചോദിക്കുന്നവര്‍ക്ക്‌ എന്തെങ്കിലും കൊടുത്തു കഴിഞ്ഞാല്‍ മനസ്സിനൊരു അസ്വസ്ഥതയാണു്‌. ഞാന്‍ കബളിപ്പിക്കപ്പെട്ടോ എന്നൊരു സംശയം. ആ സംശയം ഇത്തവണയും ശരിയായി വന്നു.അടുത്ത ദിവസം ഞാന്‍ അയാളെ വഴിയില്‍ വച്ചു കണ്ടു. എനിക്ക്‌ അത്ഭുതം തോന്നി - മെഡിക്കല്‍ കോളജില്‍ ഇന്ന്‌ ഓപ്പറേഷനാണെന്നു പറഞ്ഞയാള്‍!.

" എന്താ എന്താ ബഷീറേ ഓപ്പറേഷനു പോയില്ലേ?"

"ഓപ്പറേഷന്‍ മാറ്റി വച്ചു".

ഇത്രയും പറഞ്ഞ്‌ അയാള്‍ തിടുക്കത്തില്‍ നടന്നു പോയി. അയാളുടെ ചുണ്ടില്‍ ഒരു പരിഹാച്ചിരി ഉണ്ടായിരുന്നോ?. എന്റെ അമ്പതു രൂപാ ചാരായത്തിന്റെ രൂപത്തില്‍ അയാളുടെ വയറ്റിലെത്തിക്കാണും!.ഇപ്പോള്‍, ഇങ്ങനെ ചികിത്സയ്ക്കെന്നു പറഞ്ഞു പണം ചോദിക്കുന്നവര്‍ക്ക്‌ ഒന്നും കൊടുക്കാറില്ല. കബളിപ്പിക്കപ്പെട്ട അനുഭവങ്ങളേ ഉണ്ടായിട്ടുള്ളൂ. ചൂടു വെള്ളത്തില്‍ വീണ പൂച്ച, പച്ച വെള്ളം കണ്ടാലും അറയ്ക്കും എന്നല്ലേ?.

************

മേല്‍പ്പറഞ്ഞവ നാടന്‍ തട്ടിപ്പുകളാണു്‌. എന്നാല്‍ പ്രൊഫഷണലായിട്ടുള്ള ചില തട്ടിപ്പുകളെക്കുറിച്ചാണു്‌ ഇനി. പുറത്താരോ വന്നു ഡോര്‍ ബെല്‍ അടിച്ചതു കേട്ടാണു ഞാന്‍ വാതില്‍ തുറന്നത്‌. മുറ്റത്ത്‌ ഒരാള്‍ നില്‍ക്കുന്നു. മദ്ധ്യവയസ്ക്കന്‍. മുണ്ടും ഷര്‍ട്ടും വേഷം. മുഖത്തു പുഞ്ചിരി.

"അകത്തേയ്ക്കു വരാമോ?"

"വരൂ". ഞാന്‍ അകത്തേയ്ക്കു ക്ഷണിച്ചു.

"ഓച്ചിറയില്‍ നിന്നു വരികയാണു്‌".

കസേരയില്‍ ഇരുന്നു കൊണ്ട്‌ അയാള്‍ പറഞ്ഞു.അയാള്‍ ഓച്ചിറയ്ക്കടുത്തുള്ള ഏതോ ഒരു അമ്പലത്തില്‍ നിന്നാണു വരുന്നതെന്നും അമ്പലത്തില്‍ താഴികക്കുടം പണിയാനുള്ള സംഭാവന സ്വീകരിക്കുകയാണു ലക്ഷ്യമെന്നും പറഞ്ഞു.(അമ്പലത്തിന്റെ പേരു ഞാന്‍ മറന്നു പോയി). അതിന്റെ ഒരു നോട്ടീസും തന്നു. ഇത്ര ദൂരെ നിന്നൊക്കെ പിരിവിനു വരുന്നതിനോട്‌ എതിര്‍പ്പു തോന്നിയെങ്കിലും ഞാന്‍ സംഭാവന കൊടുത്തു. അയാള്‍ രസീതും തന്നു. അതു മതിയല്ലോ . പിന്നെ ആര്‍ക്കു സംശയം തോന്നാന്‍?!.

വളരെ നാളുകള്‍ക്കു ശേഷം-ഏതാണ്ട്‌ ഒരു വര്‍ഷമെങ്കിലും ആയിക്കാണും-അയാള്‍ വീണ്ടും വന്നു. കണ്ടപ്പോള്‍ എനിക്ക്‌ ആളിനെ മനസ്സിലായില്ല കേട്ടോ.ഓച്ചിറയ്ക്കടുത്തുള്ള ഒരു അമ്പലത്തില്‍ നിന്നാണു വരുന്നതെന്നും അമ്പലത്തില്‍ ഗോപുരം പണിയാനുള്ള പിരിവിനിറങ്ങിയതാണെന്നും പറഞ്ഞു.ഓച്ചിറയ്ക്കടുത്തുള്ള അമ്പലമെന്നു കേട്ടപ്പോള്‍ എനിയ്ക്കു പഴയ കാര്യം ഓര്‍മ്മ വന്നു. അന്നിയാള്‍ താഴികക്കുടത്തിന്റെ പേരിലാണു പണം പിരിച്ചത്‌. ഇന്നിതാ ഗോപുരം!. പണ്ടു വന്ന ആളിന്റെ രൂപമൊന്നും എന്റെ മനസ്സില്‍ വ്യക്തമായി തെളിഞ്ഞില്ലയെങ്കിലും അതു താനല്ലയോ ഇത്‌ എന്ന ആ ശങ്ക മനസ്സില്‍പൊങ്ങി വന്നു.അതെ, അതിയാള്‍ തന്നെ. താഴികക്കുടം കഴിഞ്ഞ്‌ ഇപ്പോള്‍ ഗോപുരം! - തട്ടിപ്പു തന്നെ. ഞാന്‍ ഉറപ്പിച്ചു. സംഭാവന കൊടുക്കാന്‍ സാദ്ധ്യമല്ല എന്നു പറഞ്ഞ്‌ ഞാന്‍ അയാളെ ഇറക്കി വിട്ടു.

ഒന്നു രണ്ട്‌ ആഴ്ചകള്‍ക്കു ശേഷം പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു - ഓച്ചിറയ്ക്കടുത്തുള്ള ആ അമ്പലത്തിന്റെ പേരും പറഞ്ഞ്‌ ആരോ പണം പിരിച്ചു തട്ടിപ്പു നടത്തുന്നുണ്ടെന്നും അമ്പലവുമായി അയാള്‍ക്കു യാതൊരു ബന്ധവും ഇല്ല എന്നും. അതിനു ശേഷം ഒരിക്കലും അയാളെ കണ്ടിട്ടില്ല.

***********

ഗാന്ധിജി എന്ന മഹാ മനുഷ്യന്റെ പേരു പറഞ്ഞു കൊണ്ടുള്ള ഒരു തട്ടിപ്പിന്റെ കഥയാണടുത്തത്‌.

അവര്‍ മൂന്നു പേരായിരുന്നുവോ നാലു പേരായിരുന്നുവോ എന്നൊരു സംശയം. ഏതായാലും, അവര്‍ മൂന്നോ നാലോ പേര്‍ ഒരു ദിവസം വൈകിട്ട്‌ വീട്ടില്‍ വന്നു കയറി. എല്ലാവരും മദ്ധ്യ വയസ്സു കഴിഞ്ഞവരും കാഴ്ചയില്‍ മാന്യന്മാരുമായിരുന്നു.

"ങ്‌ ഹാ, ഇവിടെ ഉണ്ടായിരുന്നോ. ഇന്നു പോയില്ലേ?". അതില്‍ ഒരാള്‍ ചോദിച്ചു.

ചിരപരിചിതനായ ഒരാളോടു ചോദിക്കുന്നതു പോലെയാണയാള്‍ ഞാനിന്നു ജോലിക്കു പോയില്ലേ എന്നു ചോദിക്കുന്നത്‌.ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. ചോദ്യ ഭാവത്തില്‍ അവരെ നോക്കി.

"ഞങ്ങള്‍ ഒരു ചാരിറ്റബിള്‍ സൊസൈറ്റിയാ. സര്‍ക്കാര്‍ ആശുപത്രിയിലൊക്കെ ഉച്ചയ്ക്കു രോഗികള്‍ക്കു ഭക്ഷണം വിതരണം ചെയ്യാറുണ്ട്‌. പൊതുജനങ്ങളില്‍നിന്നു സംഭാവന സ്വീകരിച്ചാണിതൊക്കെ ചെയ്യുന്നത്‌. അതിനു വന്നതാ".

മറ്റൊരാള്‍ തുടര്‍ന്നു."ഈ ജോണ്‍ സാറിനെ അറിയത്തില്ലേ?. പത്രത്തിലൊക്കെ സ്ഥിരം എഴുതുന്ന ആളാ". അതിലൊരാളെ ചൂണ്ടിക്കാണിച്ചു കൊണ്ട്‌ അയാള്‍ ചോദിച്ചു.

'ജോണ്‍ സാറെന്ന' ആ കുരങ്ങനെ ഞാന്‍ അറിയുകയില്ല എന്നതാണു വാസ്തവം. പക്ഷെ അതിനും ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. പണം പിരിക്കാന്‍ വന്നതാണെന്നറിഞ്ഞതിലുള്ള നീരസം മറച്ചു വയ്ക്കാതെ ഞാന്‍ അയാളെ തുറിച്ചു നോക്കി.പിരിവുകാരെല്ലാം തുലഞ്ഞു പോകുകയേ ഉള്ളൂ എന്നു മനസ്സില്‍ ശപിച്ചു കൊണ്ട്‌ ഞാന്‍ അകത്തു പോയി നൂറു രൂപ എടുത്തു കൊണ്ടുവന്നു കൊടുത്തു.

അവരും കൃത്യമായി രസീതു തന്നു. ഞാന്‍ അതു വായിച്ചു നോക്കി. ഗാന്ധിജി മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി, ചങ്ങനാ‍ശ്ശേരി എന്നോ മറ്റോ ആണു്‌ അതില്‍ അച്ചടിച്ചിരിക്കുന്നത്‌. ഒരു ഫോണ്‍ നമ്പരും കൊടുത്തിട്ടുണ്ട്‌. എന്നാലും, ഇതു പോലെയുള്ള ഏതു പിരിവു കൊടുത്തു കഴിയുമ്പോഴും ഉണ്ടാകുന്ന, കബളിപ്പിയ്ക്കപ്പെട്ടു എന്ന തോന്നല്‍ അപ്പോഴും എനിക്കുണ്ടായി.

ഒരാഴ്ച കഴിഞ്ഞില്ല, പത്രത്തില്‍ ഒരു വാര്‍ത്ത - ഇല്ലാത്ത ചാരിറ്റബിള്‍ സൊസൈറ്റിയുടെ പേരില്‍ ആശുപത്രിയിലെ അന്നദാനത്തിനെന്നും പറഞ്ഞ്‌ പിരിവു നടത്തി ജനത്തിനെ കബളിപ്പിയ്ക്കുന്ന വിരുതന്മാരെ പിടികൂടി എന്ന വാര്‍ത്തയാണു്‌.അവര്‍ പിരിവിനു ചെന്ന ഒരു വീട്ടിലെ ആള്‍ക്ക്‌ സംശയം തോന്നിയിട്ട്‌ അവരെ തടഞ്ഞു നിറുത്തി പോലീസിനെ വരുത്തി (മിടുക്കന്‍!. അങ്ങനെ വേണം ആങ്കുട്ട്യോളു്‌. അങ്ങനെയൊന്നും ചെയ്യാതെ കയ്യിലിരുന്ന പൈസയെടുത്തു കൊടുത്ത ഞാന്‍ എന്തൊരു മണ്ടന്‍!).

പോലീസിന്റെ ചോദ്യം ചെയ്യലില്‍ കള്ളി വെളിച്ചത്തായി.അവന്മാരുടെ ഫോട്ടോയും പത്രത്തില്‍ കണ്ടു. എന്റെ വീട്ടില്‍ വന്ന അതേ ആളുകള്‍ തന്നെ!. അങ്ങനെ പത്രത്തില്‍ എഴുതുന്നയാളാണെന്നു പരിചയപ്പെടുത്തിയ "ജോണ്‍ സാറി"ന്റെ ഫോട്ടോ ആദ്യമായി പത്രത്തില്‍ പതിഞ്ഞു. കലികാല വൈഭവം!. ഭഗവാന്‍ പല വേഷത്തിലും വരും എന്നല്ലേ?.

വേറെയും തട്ടിപ്പുകള്‍ക്കിരയായിട്ടുണ്ട്‌. "വിസ്തര ഭയത്താല്‍" അതിനെ കുറിച്ചൊന്നും ഇപ്പോള്‍ പറയുന്നില്ല.ഇവയെല്ലാം കൊച്ചുകൊച്ചു തട്ടിപ്പുകള്‍ മാത്രം. ഇതിലൊക്കെ എത്രയോ വലിയ തട്ടിപ്പുകള്‍ക്കിരയായവര്‍ നമുക്കിടയില്‍ ഉണ്ട്‌. അങ്ങനെ നോക്കുമ്പോള്‍ ഇതൊക്കെ നമുക്കു പറ്റിയ മണ്ടത്തരമോര്‍ത്ത്‌ ഉള്ളില്‍ ചിരിക്കാന്‍ ഭാവിയില്‍ ഉതകുന്ന സംഭവങ്ങള്‍ മാത്രം, അല്ലേ?.