Friday, August 28, 2015

ജോലി കിട്ടിയാലല്ലേ ലീവെടുക്കാൻ പറ്റുകയുള്ളു?കൊല്ലത്തിനുള്ള ട്രെയിൻ പിടിക്കുവാനായി ഞാൻ രാവിലെ റെയിൽവേസ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിൽക്കുകയായിരുന്നു. ഓഫീസിലേയ്ക്കു പോവുകയാണു ലക്ഷ്യം. ട്രെയിൻ വരുന്നതായുള്ള അനൗൺസ്മെന്റ് മുഴങ്ങി. ഞാൻ പതുക്കെ പ്ലാറ്റ്ഫോമിന്റെ തെക്കേഅറ്റത്തേയ്ക്കു നീങ്ങി. ട്രെയിനിന്റെ മുൻഭാഗത്തു് സൗകര്യപ്രദമായി ഇരിക്കാൻ തിരക്കുകുറഞ്ഞ ബോഗികൾ കാണും. കുറച്ചു നടന്നിട്ടു് പറ്റിയ ഒരിടത്തു ഞാൻ നിലയുറപ്പിച്ചു. അപ്പോഴാണു് സമീപത്തുനിന്നു് ആവേശപൂർവ്വമുള്ള ഒരു തർക്കം എന്റെ കാതിൽ പതിക്കുന്നതു്. ആരാണെന്നറിയുവാനായി ഞാൻ അങ്ങോട്ടേയ്ക്കു നോക്കി. മൂന്നു വിദ്വാന്മാരാണു് അവിടെ നിന്നു തർക്കിക്കുന്നതു്. ഓരോരുത്തരുടെയും ഭാവഹാവാദികളും കയ്യിൽ തൂങ്ങുന്ന ബാഗും കണ്ടപ്പോൾ അവർ സർക്കാരുദ്യോഗസ്ഥന്മാർ ആണെന്നു മനസ്സിലാക്കാൻ പ്രയാസമുണ്ടായില്ല.
"തനിക്കു പെണ്ണും പെടക്കോഴിയുമൊന്നുമില്ലാത്തതുകൊണ്ട് അങ്ങനെ പറയാം. എന്റെ കാര്യം അങ്ങനല്ലല്ലോ. എനിക്കു ലീവെടുക്കേണ്ട ആവശ്യം വരും. ഞാൻ ലീവെടുക്കുകയും ചെയ്യും," ആ മൂന്നുപേരിൽ കൂടുതൽ തടിയുള്ള മനുഷ്യനാണതു പറഞ്ഞതു്. കൂട്ടത്തിൽ ഏറ്റവും പ്രായമുള്ളതും അയാൾക്കാണെന്നു തോന്നി.
"ആവശ്യമുള്ളപ്പോൾ എടുക്കാൻ വേണ്ടിയല്ലിയോ ലീവു തന്നിരിക്കുന്നതു്. ലീവെടുക്കുന്നതിലെന്താ തെറ്റ്?" പ്രായത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നയാളാണു് ആദ്യത്തെയാളിനു പിന്തുണ പ്രഖ്യാപിച്ചതു്. കൂട്ടത്തിൽ ഏറ്റവും പൊക്കം കുറഞ്ഞതും അയാളായിരുന്നു.
അപ്പോൾ അവർ രണ്ടും അഭിപ്രായൈക്യത്തിലാണു്. അവർക്കാണു ഭൂരിപക്ഷം. കൂട്ടത്തിൽ ഒറ്റപ്പെട്ടു ന്യൂനപക്ഷമായിപ്പോയ മൂന്നാമനെ ഞാൻ നോക്കി. മൂന്നുപേരിൽ ഏറ്റം പ്രായം കുറവു് അയാൾക്കാണു്. ഏറ്റവും മെലിഞ്ഞയാളും അയാൾതന്നെ. താടി വളർത്തിയിട്ടുണ്ട്. അയാൾക്കു പെണ്ണും പെടക്കോഴിയുമൊന്നും ഇല്ലെന്ന് ഒന്നാമൻ പറഞ്ഞതിൽനിന്നു വ്യക്തമായിട്ടുണ്ട്. പാവം! നിരാശാകാമുകനോ മറ്റോ ആയിരിക്കും. നല്ലപ്രായത്തിൽ കല്യാണം കഴിക്കാൻ പറ്റിയിട്ടുണ്ടാവില്ല. ആദർശവാദിയായിരിക്കണം. അതാണല്ലോ ലീവെടുക്കുന്നതിനെതിരായി നിലപാടു സ്വീകരിച്ചിരിക്കുന്നതു്. അയളോടെനിക്കു സഹതാപം തോന്നാതിരുന്നില്ല. എന്നാൽ അയാളുടെ നിലപാടിനോടു് അത്ര യോജിപ്പു തോന്നിയതും ഇല്ല. കാരണം ഞാനും ലീവെടുക്കാറുണ്ടു്. അതു പെണ്ണും പെടക്കോഴിയും ഉള്ളതുകൊണ്ടുമാത്രമല്ല, ഇടയ്ക്കിടയ്ക്ക് അസുഖങ്ങൾ, മറ്റുകാരണങ്ങൾ എന്നിവ ഉണ്ടാകുന്നതുകൊണ്ടുംകൂടിയാണു്.
താടിക്കാരനായ മൂന്നാമൻ എന്താണു പറയുന്നതു് എന്നു കേൾക്കാൻ എനിക്കു കൗതുകം തോന്നി. അതിനുവേണ്ടി അധികം കാക്കേണ്ടിവന്നില്ല. മൂന്നാമന്റെ ശബ്ദം ഉയർന്നു. ആവേശം കൂടുതലായിരുന്നു അതിനു്. മാത്രമല്ല, അൽപ്പം ധാർഷ്ട്യവും സകലതിനോടുമുള്ള എതിർപ്പും അതിൽ നിറഞ്ഞുനിന്നു. ഇയാൾ ശരിയാവില്ല, എവിടെയും ഒറ്റപ്പെട്ടുപോകത്തേ ഉള്ളു. ഞാൻ കണക്കുകൂട്ടി.
"ലീവെടുക്കുന്നവർക്ക് പറയാൻ നൂറു കാരണം കാണും. ആവശ്യത്തിൽക്കൂടുതൽ ലീവു് അനുവദിച്ചുതന്നിരിക്കുന്നതുതന്നെയാണു പ്രശ്നം. എന്തിനാണു വർഷത്തിൽ ഇരുപതു കാഷ്വൽ ലീവു്. ശരിക്കും ഒരു പത്തെണ്ണംതന്നെ ധാരാളം. അതുകൊണ്ടാണു പലർക്കും 'ഒരു ജോലി കിട്ടിയിട്ടുവേണം ലീവെടുക്കാൻ എന്ന മനോഭാവം'," അയാൾ പറഞ്ഞുനിർത്തി.
"'ജോലികിട്ടിയിട്ടുവേണം ലീവെടുക്കാൻ' എന്നതൊക്കെ സിനിമയിൽ ഉള്ള ഡയലോഗാ. അല്ലാതെ സാധാരണ ആരും അങ്ങനെ ചിന്തിക്കുമെന്നു തോന്നുന്നില്ല," ഒന്നാമനാണതു പറഞ്ഞതു്.
"ഈ സിനിമാക്കാരും മിമിക്രിക്കാരുമെല്ലാം തരം കിട്ടുമ്പോൾ സർക്കാരുദ്യോഗസ്ഥന്മാർക്കിട്ടു താങ്ങും. അല്ലാതെ അത്തരം ഡയലോഗിനൊന്നും ഒരു വിലയുമില്ല," പൊക്കം കുറഞ്ഞ രണ്ടാമന്റെ വക.
അയാൾ തുടർന്നു, "എനിക്കാണെങ്കിൽ എത്രവീട്ടിലെ കാര്യങ്ങൾ നോക്കണം?. എന്റെ വീടു്, പിന്നെ അമ്മയുടെ കാര്യം. അമ്മ അനിയന്റെ വീട്ടിലാണു താമസം എങ്കിലും അവൻ നാട്ടിൽ ഇല്ലാത്തതുകാരണം എല്ലാത്തിനും ഞാൻ ഓടിച്ചെല്ലണം. പിന്നെ പെങ്ങടെ വീട്. അതുകൊണ്ട് എനിക്കു ലീവെടുക്കാതെ പറ്റത്തില്ല."
"കുടുംബം നോക്കാൻ സർക്കാരു പറഞ്ഞിട്ടില്ല. ഡ്യൂട്ടി ഫസ്റ്റ്. അതാണു വേണ്ടതു്. അല്ലാതെ എപ്പോഴും ലീവെടുത്തു് തിന്നുന്ന ചോറിനോടു നന്ദികേടു കാട്ടരുതു്," താടിക്കാരൻ വിട്ടുകൊടുക്കാൻ തയ്യാറല്ല.
"താൻ പോയി ഒരു കല്യാണം കഴിക്ക്. എന്നാലെ ഇതൊക്കെ മനസ്സിലാവൂ," ഒന്നാമൻ താടിക്കാരനോടു നിർദ്ദേശിച്ചു.
അപ്പോഴേയ്ക്കും വീണ്ടും അനൗൺസ്മെന്റ് മുഴങ്ങി, "യാത്രക്കാർ ദയവായി ശ്രദ്ധിക്കുക. ട്രെയിൻ നമ്പർ അറുപത്തിയാറു് മുന്നൂറ്റിയേഴു് എറണാകുളം - കൊല്ലം മെമു തിരുവല്ലാ സ്റ്റേഷൻ രണ്ടാമത്തെ പ്ലാറ്റ്ഫോമിലേയ്ക്കു വന്നുകൊണ്ടിരിക്കുന്നു."
ഞാൻ വടക്കോട്ടു നോക്കി. ട്രെയിൻ പ്ലാറ്റ്ഫോമിന്റെ വടക്കെ അറ്റത്തുനിന്നും വളരെ പതുക്കെ വന്നുകൊണ്ടിരിക്കുന്നു.
താടിക്കാരൻ പെട്ടെന്നുതന്നെ മറുപടി പറഞ്ഞു, "കല്യാണം കഴിക്കാനോ? ഞാനില്ല. ഓഷോ പറഞ്ഞിട്ടുണ്ട് 'കുടുംബവ്യവസ്ഥയാണു് മനുഷ്യന്റെ എല്ലാ ദുഃഖത്തിനും കാരണം' എന്നു്. വളരെ ശരിയാണതു്."
", ചേട്ടൻ ഓഷോയ്ക്കു പഠിക്കുകയാണല്ലേ? ചുമ്മാതല്ല താടിയും വളർത്തി ഒരു കുഞ്ഞുരജനീഷിന്റെ ലുക്കുമായി.," ഒന്നാമൻ കളിയാക്കി.
അപ്പോഴേയ്ക്കും എല്ലാവരും ട്രെയിനിൽ കയറാനുള്ള തയ്യാറെടുപ്പു തുടങ്ങി. ഞാൻ അൽപ്പംകൂടി തെക്കോട്ടു നീങ്ങി. ഞാനും ആ മൂവർസംഘവും വേറെ വേറെ കമ്പാർട്ടുമെന്റിലാണു കയറിയത്. അതിനാൽ അവരുടെ തുടർ സംഭാഷണം എനിക്കു കേൾക്കാൻ തരമുണ്ടായില്ല.
എന്നത്തെയുംപോലെ അന്നും ആ ട്രെയിനിൽ തിരക്കു തീരെ കുറവായിരുന്നു. ആളില്ലാത്ത സീറ്റുകൾ ഇഷ്ടംപോലെ. അങ്ങനെ വരുമ്പോൾ ഒരു കൺഫ്യൂഷനാണു് - ആ സീറ്റിലിരിക്കണോ, ഈ സീറ്റിലിരിക്കണോ അതോ മറ്റേ സീറ്റിലിരിക്കണോ? എവിടെയെങ്കിലും ഇരുന്നുകഴിഞ്ഞാൽ ഒരു ശങ്ക - മറ്റേ സീറ്റല്ലേ നല്ലതു്? അങ്ങോട്ടു മാറിയാലോ? മറ്റാരെങ്കിലും അവിടെ വന്നിരുന്നുകഴിഞ്ഞാൽ പിന്നെ മാറാൻ പറ്റില്ല. ങും..അല്ലെങ്കിൽ വേണ്ട ഇവിടെത്തന്നെ ഇരുന്നേൽക്കാം. ഒരാൾക്കു മാത്രം ഇരിക്കാനുള്ള സീറ്റാണു്. ഇതുമതി. അങ്ങനെ ഇരിപ്പുറപ്പിച്ചു. ഇനി പുറത്തേയ്ക്കുനോക്കി കാഴ്ചകൾ കാണാനും ചിന്തകളെ കയറൂരി മേയാൻ വിടാനുമുള്ള സമയമാണു്.
ട്രെയിനിൽ സഞ്ചരിക്കുമ്പോൾ കാണുന്ന പുറംകാഴ്ചകൾ വിരസമാണു്. കൂടുതലും കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങൾക്കു നടുവിലൂടെയാവും ട്രെയിൻ സഞ്ചരിക്കുന്നതു്. എല്ലാം ഏതാണ്ടു് ഒരേപോലെയുള്ള കാഴ്ചകൾ. എല്ലാം ഒരുമാതിരി വിജനമായ പ്രദേശങ്ങൾ. കുറച്ചുനേരം നോക്കിയിരിക്കുമ്പോൾ ബോറടിക്കും, അല്ലേ? എന്നാൽ ബസ് യാത്ര അങ്ങനെയല്ല. ജനസഞ്ചാരമുള്ള ഇടങ്ങളിലൂടെയാവും ബസ് പോകുന്നതു്. വഴിയോരക്കാഴ്ചകൾ വൈവിദ്ധ്യമുള്ളതും ചടുലവുമായിരിക്കും. ബോറടി തോന്നുന്ന പ്രശ്നമില്ല. അതുകൊണ്ടു് വളരെ ദീർഘമായ യാത്രയല്ലെങ്കിൽ ട്രെയിൻ യാത്രയെക്കാൾ എനിക്കിഷ്ടം ബസ് യാത്രയാണു്. പക്ഷെ, ദീർഘമായ ബസ് യാത്ര ശരീരത്തിനു കൂടുതൽ ക്ഷീണമുണ്ടാക്കും.
ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ ആ മൂവർസംഘത്തിന്റെ സംഭാഷണം എന്റെ മനസ്സിലേക്കു കടന്നുവന്നു.ഓഷോയുടെ ഒരു ചിന്താഗതിയെക്കുറിച്ചാണു് ആ താടിക്കരൻ ഒടുവിൽ പറഞ്ഞതു് - മനുഷ്യന്റെ എല്ലാ ദുരിതങ്ങൾക്കും കാരണം മനുഷ്യസമൂഹത്തിൽ നിലനിൽക്കുന്ന കുടുംബവ്യവസ്ഥയാണു് എന്നതു്. ഓഷോയുടെ ഒരു പുസ്തകത്തിൽ ഞാനും ഒരിക്കൽ ഇക്കാര്യം വായിച്ചതു് ഓർമ്മവന്നു. മനുഷ്യന്റെ സ്വാർത്ഥചിന്തയ്ക്കു് ഏറ്റവുമധികം വളം വച്ചുകൊടുക്കുന്നതു് അവൻ കുടുംബത്തിനുവേണ്ടി ജീവിക്കുന്നു എന്നതാണു്. ശരിയല്ലേ? ആണെന്നു സമ്മതിക്കേണ്ടിവരും. നല്ലനിലയിൽ ജീവിക്കാൻ പണം സമ്പാദിക്കണം. അതു് എങ്ങനെയെന്നില്ല, എങ്ങനെയുമാവാം. മക്കളെ നല്ല നിലയിൽ എത്തിക്കണം. അതിനുവേണ്ടി എന്തുമാവാം. എന്റെ വീടു്, എന്റെ ഭാര്യ, എന്റെ മക്കൾ; അതാണു് എല്ലാം.
കുടുംബത്തിനുവേണ്ടി ന്യായചിന്തയെല്ലാം മാറ്റിവച്ചു് പെരുമാറും. മറ്റുള്ളവരുമായി സംഘർഷമുണ്ടാക്കും. മറ്റുള്ളവർക്കു് ദുഃഖമുണ്ടാക്കും. കുടുംബത്തിനുവേണ്ടി ചെയ്യുന്നതു സഫലമാവാതെ വരുമ്പോൾ സ്വയം ദുഃഖത്തിനടിപ്പെടും. കുടുംബത്തിനുവേണ്ടി ജീവിക്കുന്നതുകൊണ്ടു് സ്വന്തം സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. ഒരു വ്യക്തി എന്ന നിലയിൽ പല രംഗങ്ങളിലും കൈവരിക്കാവുന്ന ഉന്നതി നേടാനാവാതെ വരുന്നു, കഴിവുകൾ വികസിപ്പിക്കനാവാതെ മുരടിക്കുന്നു. അതുകൊണ്ടാണു് ഓഷോ പറഞ്ഞതു് കുടുംബവ്യവസ്ഥയാണു് മനുഷ്യന്റെ ദുഃഖങ്ങൾക്കുള്ള പ്രധാന കാരണം എന്നു്.
പക്ഷെ, കുടുംബവ്യവസ്ഥ ഇല്ലെങ്കിൽ കുട്ടികളെ ആരു നോക്കും? കുടുംബവ്യവസ്ഥയ്ക്കു പകരമായിട്ടെന്താണുള്ളതു്? അതിനെക്കുറിച്ചും ഓഷോ പറയുന്നുണ്ടു്. കുട്ടികളെ സമൂഹം ഏറ്റെടുത്തു വളർത്തണം. അതിനായി പ്രത്യേകം കേന്ദ്രങ്ങൾ ഉണ്ടാക്കണം. കുട്ടികളെ പോറ്റാനും അവരുടെ കഴിവുകൾ നല്ല രീതിയിൽ വളർത്തിയെടുക്കാനും നല്ല വിദ്യാഭ്യാസം കൊടുക്കാനും പ്രാപ്തമായിരിക്കണം ഇത്തരം കേന്ദ്രങ്ങൾ. വിവാഹം എന്നതു് സമൂഹത്തിൽ ഇല്ലാതാവുന്നു. ആർക്കും ആരെയും ഇണയാക്കാം. കുട്ടികളുണ്ടാവുമ്പോൾ അവർതന്നെ വളർത്തേണ്ടതില്ല. അതിനായി പ്രത്യേകം കേന്ദ്രങ്ങളുണ്ടല്ലോ.
പക്ഷേ, ഇതിന്റെ ഫലം അരാജകത്ത്വമല്ലേ?. തീർച്ചയായും. ഓഷോയുടെ സങ്കൽപ്പത്തിലുള്ളതും ഒരുതരം അരാജകത്ത്വം തന്നെയാണു്. ഈ വ്യവസ്ഥിതിക്കു് തീർച്ചയായും ചില ഗുണങ്ങൾ ഉണ്ടെന്നതു് സമ്മതിക്കാതെ വയ്യ. പക്ഷെ, അതിലേറെ ദോഷങ്ങളും ഉണ്ടു്. കാരണം, മനുഷ്യൻ അടിസ്ഥാനപരമായി ഒരു മൃഗം തന്നെയാണു്. ആ മൃഗീയതയും അതുമൂലമുണ്ടാവുന്ന അരാജകത്ത്വവും ലോകത്തെ എങ്ങോട്ടു നയിക്കുമെന്നു് ആർക്കും പറയാൻ കഴിയില്ല. ഇപ്പോൾ അവനെ അതിൽനിന്നു കടിഞ്ഞാണിട്ടു നിർത്തുന്നതു് കുടുംബവ്യവസ്ഥ തന്നെയാണെന്നു തോന്നുന്നു, അല്ലേ ചങ്ങാതീ? പിന്നെ, കുടുംബമില്ലെങ്കിൽ മനുഷ്യൻ ലീവെടുക്കുന്നതു നിർത്തുമോ? അതും സംശയമാണു്.