Friday, November 28, 2008

മുംബൈ: ഈ കണ്ണീര്‍ കണ്ട്‌ ആരും ചിരിക്കേണ്ട

നവംബര്‍ 27 ,2008രാവിലെ:

റ്റി.വി. യില്‍ തെളിയുന്ന ഭീതിദമായ ദൃശ്യങ്ങള്‍കത്തിയെരിയുന്ന ടാജ്‌ ഹോട്ടല്‍; വേള്‍ഡ്‌ ട്രെയിഡ്‌ സെന്റര്‍ കത്തിയെരിയുന്ന ദൃശ്യം റ്റി.വി.യില്‍ കണ്ട ഓര്‍മ്മ.

ദൈവമേ വീണ്ടും ആ ഭ്രാന്തന്മാര്‍. സമനില നഷ്ടപ്പെട്ട്‌, കുരങ്ങന്റെ കയ്യില്‍ കിട്ടിയ പൂമാല പോലെ എന്തും പിച്ചിച്ചീന്തി തകര്‍ത്തെറിയാന്‍ എത്തിയിരിക്കുന്നു!. പേ പിടിച്ച മനുഷ്യ മൃഗങ്ങള്‍!

എത്ര നാളുകള്‍. എത്രയെത്ര ഭീകരാക്രമണങ്ങള്‍. ഇവര്‍ എന്തു നേടി?ഭീതിയില്‍ വിറുങ്ങലിച്ചു നില്‍ക്കുന്ന മുംബൈ നഗരം. ഭീകരാക്രമണത്തില്‍ മരിച്ചു വീഴുന്ന മനുഷ്യര്‍. അവരില്‍ ഹിന്ദുവുണ്ട്‌, മുസല്‍മാനുണ്ട്‌, ക്രിസ്ത്യാനിയുണ്ട്‌, സ്വദേശികളുണ്ട്‌, വിദേശികളുണ്ട്‌.

എത്ര കുടുംബങ്ങള്‍ അനാഥമായി. എത്ര അമ്മമാര്‍, ഭാര്യമാര്‍, സഹോദരിമാര്‍, മക്കള്‍ കണ്ണീര്‍ കുടിച്ചു. എത്ര പിതാക്കന്മാര്‍, സഹോദരന്മാര്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ കണ്ണീര്‍ കുടിച്ചു.എന്നിട്ടോ, ഈ അക്രമികള്‍, ഈ മനുഷ്യ മൃഗങ്ങള്‍ എന്തു നേടി?

ഒന്നും നേടില്ല, നേടാന്‍ പറ്റില്ല.അങ്ങനെയുള്ള ഒരു രാജ്യമാണിത്‌. അങ്ങനെയുള്ള ഒരു ജനതയാണിത്‌. തകര്‍ക്കാന്‍ പറ്റില്ല. ഉരുക്കിനേക്കാള്‍ ബലമുള്ള ഒരു അടിത്തറയാണു്‌ ഈ രാജ്യത്തിനുള്ളത്‌, ജനതയ്ക്കുള്ളത്‌, ഈ സംസ്കാരത്തിനുള്ളത്‌.

നൂറ്റാണ്ടുകളിലൂടെ, എന്തെല്ലാം പരീക്ഷണ ഘട്ടങ്ങളില്‍ക്കൂടെ കടന്നു വന്നതാണു നമ്മള്‍, ഈ രാജ്യം, ഈ ജനത- ലോകാ സമസ്താ സുഖിനോ ഭവന്തു എന്നു പറഞ്ഞ നമ്മള്‍!

എത്രയെത്ര വിദേശാക്രമണങ്ങളും, കീഴ്പ്പെടുത്തലുകളും കണ്ട രാജ്യമാണിത്‌. എല്ലാ പ്രതിസന്ധി ഘട്ടങ്ങളും കടന്നു എന്നും നമ്മള്‍ വിജയിച്ചിട്ടേ ഉള്ളൂ. ഒരു ആക്രമണത്തിനും തകര്‍ക്കാന്‍ പറ്റിയിട്ടില്ലാത്ത ഒരു രാജ്യമാണിത്‌. ഒരു അധിനിവേശത്തിനും തകര്‍ക്കാന്‍ കഴിയാത്ത ഒരു സംസ്കാരമാണിത്‌. ഒരിക്കലും തല കുനിക്കാത്ത ഒരു ജനതയാണിത്‌. അതു ചരിത്രം.

ലോക സമൂഹത്തില്‍ സുപ്രധാനമായ ഒരു സ്ഥാനം നേടിയെടുത്ത നമ്മുടെ രാജ്യം. പുരോഗതിയിലേയ്ക്ക്‌ അതി വേഗം കുതിച്ചു കൊണ്ടിരിക്കുന്ന ഒരു ജനത - അതാണു നമ്മള്‍.

മഹാ മേരു പോലെ തലയുയര്‍ത്തി നില്‍ക്കുന്ന ഒരു ഗജരാജന്‍, നമ്മുടെ രാജ്യം. അതിന്റെ പിന്‍ കാലില്‍ വന്നു കുത്തുന്ന ഒരു കൊതുക്‌, അത്രേയുള്ളൂ ഈ ഭീകരഭ്രാന്തന്മാര്‍!.

നഗരങ്ങള്‍ ഇവര്‍ ഇടയ്ക്കിടെ ശവപ്പറമ്പാക്കി മാറ്റുന്നു. നിരപരാധികളെ കൊന്നു കൊല വിളിക്കുന്നു.

ശവപ്പറമ്പില്‍ നിരന്നു കിടക്കുന്ന ശവങ്ങള്‍. അവയ്ക്കിടയില്‍ പരതി നടക്കുന്ന ഒരു സ്ത്രീ രൂപം. ശവങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ട ആരെയോ തിരയുകയാണു്‌. ആരാണു്‌ ആ സ്ത്രീ?അതു്‌ എന്റെ, അല്ലെങ്കില്‍ നിങ്ങളുടെ അമ്മയാകാം, ഭാര്യയകാം, പെങ്ങളാകാം, മകളാകാം.

ശവങ്ങള്‍ക്കിടയില്‍ തിരയുന്നത്‌ എന്നെയാകാം, നിങ്ങളെ ആകാം. തേങ്ങല്‍ അടക്കിപ്പിടിച്ച നിസ്സഹായത. ആ കണ്ണില്‍, നഷ്ടപ്പെട്ടു പോയ പ്രിയപ്പെട്ട ആളിനു വേണ്ടി ഒരു തുള്ളി കണ്ണീര്‍!.

ഈ കണ്ണീര്‍ കണ്ടു ചിരിക്കുവാനാണോ ഈ ഭ്രാന്തന്മാര്‍ ഇതു ചെയ്യുന്നത്‌?

എങ്കില്‍ ഈ കണ്ണീര്‍ കണ്ട്‌ ആരും ചിരിക്കേണ്ടതില്ല. ഈ ദുഃഖവും ഞങ്ങള്‍ മറികടക്കും. അവസാനം ചിരിക്കുന്നതു ഞങ്ങളായിരിക്കും, ഭീകരതയുടെ അന്ത്യം കാണുമ്പോള്‍!

Thursday, November 20, 2008

മമ്മൂട്ടി ഫാന്‍സും മോഹന്‍ലാല്‍ ഫാന്‍സും

സഹോദരന്മാരാണു്‌ സുജിത്തും ശ്രീജിത്തും. സുജിത്ത്‌ മമ്മൂട്ടി ഫാന്‍. ശ്രീജിത്ത്‌ മോഹന്‍ലാല്‍ ഫാന്‍. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കാര്യം പറഞ്ഞ്‌ രണ്ടും കൂടെ അടിയുണ്ടാക്കാത്ത ദിവസങ്ങള്‍ വിരളം.

രാവിലെ ശ്രീജിത്ത്‌ വീടിന്റെ വരാന്തയില്‍ ഇരിക്കുകയാണു്‌. അപ്പോഴാണു സുജിത്ത്‌ പുറത്തു നിന്നു കയറി വന്നത്‌. മുണ്ടും ഷര്‍ട്ടും വേഷം. നെറ്റിയില്‍ ചന്ദനക്കുറി.

"രാവിലെ സാറെവിടെ പോയിട്ടു വരുന്നു ?", ശ്രീജിത്ത്‌ പരിഹാസത്തോടെ ചോദിച്ചു.

" എനിക്കു സൗകര്യമുള്ളിടത്ത്‌. നിനക്ക്‌ എന്തോ വേണം അറിഞ്ഞിട്ട്‌ ?".

"വെള്ള മുണ്ട്‌......... ചന്ദനക്കുറി. ഉം.... അമ്പലത്തില്‍ പോയി, അല്ല്യോ ?"

സുജിത്ത്‌ ഒന്നും പറയാതെ അനുജനെ രൂക്ഷമായി ഒന്നു നോക്കി.

"ഓഹൊഹൊഹോ. ഇന്നു മമ്മൂട്ടി സാറിന്റെ സിനിമാ എറങ്ങുന്നുണ്ടല്ലേ ?. രാവിലെ ഗണപതിക്കു തേങ്ങാ അടിക്കാന്‍ പോയതാ, അല്ല്യോ ?. എട്ടു നെലേ പൊട്ടാതിരുന്നാല്‍ ഭാഗ്യം!".

"എടാ ചെറുക്കാ, രാവിലെ എന്റെ വായിലിരിക്കുന്നതൊന്നും കേക്കണ്ടാ. മിണ്ടാതിരുന്നോ". സുജിത്തിനു ദേഷ്യം വന്നു.

"വല്ല്യ നടനാത്രേ!. ഒന്നു ഡാന്‍സു ചെയ്യാനറിയാമോ ?. അതിനു വേറെ ആളിനെ വിളിക്കണം".

"നീ പോടാ. സന്ദര്‍ഭത്തിനനുസരിച്ച്‌ ഡാന്‍സു ചെയ്യാനൊന്നും മമ്മൂക്കായ്ക്ക്‌ ഒരു ബുദ്ധിമുട്ടുമില്ല. അല്ലാതെ തൊടക്കം മുതല്‍ ഒടുക്കം വരെ ചെലരെപ്പോലെ കോമാളി വേഷോം കെട്ടി തുള്ളിച്ചാടാനൊന്നും മമ്മൂക്കായെ കിട്ടത്തില്ല. തുള്ളിച്ചാടുന്നതിലല്ല കാര്യം, മോനേ. അഭിനയിക്കണം!. അക്കാര്യത്തിലിന്നു മമ്മൂക്കായെ വെല്ലാന്‍ തത്ക്കാലം ആരുമില്ല".

"ആഹഹഹ. അഭിനയത്തിന്റെ കാര്യമൊന്നും പറയണ്ടാ. അതൊക്കെ ഞങ്ങടെ അമ്പിളിച്ചേട്ടന്‍ പറഞ്ഞു വച്ചിട്ടൊണ്ട്‌".

"ഞങ്ങടെ അമ്പിളിച്ചാട്ടനോ. അതാരാണെടേ അപ്പീ?. അങ്ങേരെന്തരാണോ പറഞ്ഞത്‌?. അമ്മയാണെ ഞാന്‍ കേട്ടിട്ടില്ല, കേട്ടോ!". സുജിത്ത്‌ പരിഹസിച്ചു.

" എങ്കില്‍ ഇപ്പൊ കേട്ടോ - മോഹന്‍ ലാല്‍ ഈസ്‌ ഏ ബോണ്‍ ആക്റ്റര്‍. മമ്മൂട്ടി ഈസ്‌ ഏ ട്രെയിന്‍ഡ്‌ ആക്റ്റര്‍".

"ബോണ്‍ ആക്റ്ററായാലും ട്രെയിന്‍ഡ്‌ ആക്റ്ററായാലും നല്ല ആക്റ്ററാരാണെന്നതു നോക്കിയാല്‍ മതി...... മമ്മൂട്ടിക്ക്‌ എത്ര തവണ ഭരത്‌ അവാര്‍ഡ്‌ കിട്ടിയിട്ടുണ്ട്‌ ?"

ശ്രീജിത്ത്‌ ഒന്നും മിണ്ടിയില്ല.

"എന്താ ഒന്നും മിണ്ടാത്തത്‌ ?. സുജിത്ത്‌ വിട്ടില്ല.

"പിന്നേ, നിന്റെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറയുകയല്ലേ എന്റെ ജോലി".അതും പറഞ്ഞ്‌ അവന്‍ അകത്തേയ്ക്കു കയറി പോയി. ദേഷ്യം വരുമ്പോള്‍ ചേട്ടനെ നീ എന്നേ ശ്രീജിത്ത്‌ വിളിക്കൂ.

***************************************************************

മോഹന്‍ ലാല്‍ ആരാധക സംഘത്തിന്റെ സ്ഥലത്തെ യൂണിറ്റിന്റെ സമ്മേളനം നടക്കുന്നു. യൂണിറ്റ്‌ സെക്രട്ടറി ആയ ശ്രീജിത്ത്‌ സംസാരിക്കുകയാണു്‌ -

".........അതു കൊണ്ട്‌ നമ്മുടെ പ്രിയപ്പെട്ട ലാലേട്ടന്റെ ഒരു പൂര്‍ണ്ണകായ പ്രതിമ നമ്മുടെ നാട്ടില്‍ സ്ഥാപിക്കാന്‍ വേണ്ട നടപടി ക്രമങ്ങള്‍ നമ്മള്‍ ഉടന്‍ തന്നെ ആരംഭിക്കുവാന്‍ പോവുകയാണു്‌".

ദീര്‍ഘമായ കരഘോഷം!. മുദ്രാവാക്യം വിളി - "ലാലേട്ടന്‍...സിന്ദാബാദ്‌"

"പിന്നെ ഒരു കാര്യം....." ശ്രീജിത്ത്‌ തുടര്‍ന്നു. "തത്ക്കാലം ഇക്കാര്യം പുറത്തു വിടണ്ട. ഇതു മറ്റവന്മാര്‍ അറിഞ്ഞാല്‍ നമ്മക്കിട്ടു പാര വച്ച്‌ മമ്മൂട്ടിയുടെ പ്രതിമ ആദ്യം കൊണ്ടു സ്ഥാപിച്ചെന്നു വരും. ഏതായാലും രാഷ്ട്രീയപ്പാര്‍ട്ടികളിലെ പോലെ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്ന ചാരന്മാര്‍ നമ്മുടെ സംഘടനയില്‍ ഇല്ലാത്തതു ഭാഗ്യം"........

"ഞാനും കൂടെ ഇരുന്നോട്ടേ ?". ചാരിയിട്ടിരുന്ന പിന്‍ വാതില്‍ തുറന്ന് അകത്തേയ്ക്കു വന്ന തോമസുകുട്ടി ചോദിച്ചു.അതൊരു അപ്രതീക്ഷിത സംഭവമായിരുന്നു.പുറകോട്ടു തിരിഞ്ഞു നോക്കിയ എല്ലാവരും ആഗതനെ കണ്ട്‌ ഒരു നിമിഷം തരിച്ചിരുന്നു. കാരണം തോമസുകുട്ടി ആ നാട്ടിലെ അറിയപ്പെടുന്ന മമ്മൂട്ടി ഫാനാണു്‌!.

ആദ്യത്തെ ആ ഞെട്ടലില്‍ നിന്നു പെട്ടെന്നു മോചിതനായ ശ്രീജിത്ത്‌ ശബ്ദമുയര്‍ത്തി പറഞ്ഞു:

"ഇതു മെംബര്‍മാര്‍ക്കുള്ള യോഗമാണു്‌. ശത്രു പക്ഷത്തുള്ള തനിക്കിവിടെന്തു കാര്യം?.....ഉം.. പുറത്തു പോകണം"

തോമസുകുട്ടിയെ പിടിച്ചു പുറത്താക്കാന്‍ രണ്ടു പേര്‍ എഴുന്നേറ്റു.

"പറയുന്നതു കേള്‍ക്കൂ പ്ലീസ്‌. ഞാന്‍ മെംബറാകാന്‍ വന്നതാണു്‌".

തോമസുകുട്ടി അപേക്ഷിച്ചു.

"നീ മമ്മൂട്ടി ആരാധക സംഘത്തിന്റെ മെംബറല്ലേ?". ശ്രീജിത്ത്‌ ചോദിച്ചു.

"അതേ, മെംബറാണു്‌. ഞാന്‍ മമ്മൂട്ടിയേയും മോഹന്‍ ലാലിനേയും ഒരു പോലെ ഇഷ്ടപ്പെടുന്നു, ആരാധിക്കുന്നു. എന്താ അതു പാടില്ലേ?. എനിക്കു രണ്ടു സംഘടനയിലും അംഗമാവണം. രണ്ടിലും പ്രവര്‍ത്തിക്കണം. എന്താ അതു തെറ്റാണോ?".

"അങ്ങനെ രണ്ടു വള്ളത്തിലും ചവിട്ടിക്കൊണ്ടുള്ള യാത്ര വേണ്ട. ഇവന്‍ ചാരപ്പണിക്കുവന്നതാണു്‌. പിടിച്ചു പുറത്താക്ക്‌".തോമസുകുട്ടിയെ ബലമായി പിടിച്ചു പുറത്താക്കി. രണ്ടടിയും കൊടുത്തു!.വാതില്‍ കുറ്റിയിട്ടിട്ടാണു യോഗം തുടര്‍ന്നത്‌.

***************************************************************

സുജിത്തുമായി ഒരു ഏറ്റുമുട്ടലിനു തയ്യറായിട്ടാണു്‌ അന്നു രാത്രി ശ്രീജിത്ത്‌ വീട്ടിലെത്തിയത്‌. സുജിത്ത്‌ വീടിന്റെ വരാന്തയില്‍ത്തന്നെ ഇരിപ്പുണ്ടായിരുന്നു.

" നീയൊക്കെ എന്തു വൃത്തികെട്ട പണിയാ കാണിച്ചത്‌?......... അവന്റെ കയ്യും കാലും തല്ലിയൊടിച്ചു വിടേണ്ടതാരുന്നു. പിന്നെ ഞങ്ങള്‍ക്കല്‍പ്പം മര്യാദയുള്ള കാരണം ചെയ്തില്ലെന്നേയുള്ളൂ". സുജിത്തിനെ കണ്ടയുടന്‍ തന്നെ ശ്രീജിത്ത്‌ ചൂടായി.

"മനസ്സിലായില്ല". സുജിത്ത്‌ ഗൗരവം വിടാതെ പറഞ്ഞു.

"തോമസുകുട്ടിയെ പറഞ്ഞയച്ചതു നീയല്ലാരുന്നോ?".

"എവിടെ പറഞ്ഞു വിട്ടെന്നാ?. ഞാനാരേയും എങ്ങും വിട്ടില്ല".

സുജിത്തിന്റെ മുഖഭാവം കണ്ടപ്പോള്‍ അയാള്‍ പറയുന്നതു സത്യമാണെന്നു ശ്രീജിത്തിനു തോന്നി.

"എന്നാല്‍ കേട്ടോ. തോമസുകുട്ടി വൈകിട്ട്‌ ഞങ്ങളുടെ ഓഫീസ്സില്‍ വന്നു കയറി. അവനു ഞങ്ങളുടെ മെംബര്‍ഷിപ്പു വേണം പോലും!. അവന്‍ മമ്മൂട്ടിയുടെയും മോഹന്‍ ലാലിന്റെയും ഫാനാണു പോലും".അതു കേട്ടിട്ട്‌ സുജിത്ത്‌ ഒരു നിമിഷം തരിച്ചിരുന്നു.

"ഓഹോ, അവന്‍ ഇത്തരം ചതിയനാണെന്നു വിചാരിച്ചില്ല. അവനെ ഞാനൊന്നു കാണട്ടെ".

***************************************************************

ഇതൊന്നുമറിയാതെ അടുത്ത ദിവസം രാവിലെ മമ്മൂട്ടി ആരാധക സംഘത്തിന്റെ ഓഫീസ്സില്‍ ചെന്ന തോമസുകുട്ടിക്കു കിട്ടിയതു മര്‍ദ്ദനമാണു്‌. കൂടാതെ മമ്മൂട്ടി ആരാധക സംഘത്തില്‍ നിന്നു പുറത്താക്കുകയും ചെയ്തു. മമ്മൂട്ടിയോടൊപ്പം മോഹന്‍ ലാലിനെയും ആരാധിക്കുന്നു എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന ഒരാളെ പിന്നെ എന്തു ചെയ്യും!.അടി കൊണ്ടു പുറത്തേക്കോടുന്നതിനിടയില്‍ തോമസുകുട്ടി ഉറക്കെ വിളിച്ചു ചോദിച്ചു:

"മമ്മൂട്ടിയേയും മോഹന്‍ ലാലിനേയും ഒരുമിച്ച്‌ ആരാധിക്കാന്‍ ഈ നാട്ടിലെ പൗരനായ എനിക്ക്‌ അവകാശം ഇല്ലേ?. രണ്ടു പേര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ എനിക്ക്‌ അവകാശം ഇല്ലേ?".

ഈ ചോദ്യത്തിനൊക്കെ ആരാണുത്തരം പറയാന്‍, അല്ലേ?.