Thursday, October 9, 2008

താങ്കള്‍ ഏറ്റവും ഭയക്കുന്നതെന്തിനെയാണു സ്നേഹിതാ ?

റ്റി.വി.യില്‍ ഒരു അഭിമുഖ പരിപാടി കണ്ടു കൊണ്ടിരിക്കുകയാണു്‌ ഞാന്‍. സാധാരണയായി റ്റി.വി. കാണുന്ന പതിവില്ലാത്തതാണു്‌. ഇന്നു പക്ഷെ എനിക്ക്‌ ഇഷ്ടപ്പെട്ട സാഹിത്യകാരനായ വാസുക്കുട്ടനുമായുള്ള അഭിമുഖ സംഭാഷണം ഉണ്ട്‌ എന്നറിഞ്ഞിട്ടു റ്റി.വി. കാണാന്‍ ഇരുന്നതാണു്‌. അഭിമുഖം ഏതാണ്ട്‌ പകുതിയോളം കഴിഞ്ഞു കാണണം. സാഹിത്യത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ അവസാനിപ്പിച്ചിട്ട്‌ അഭിമുഖം നടത്തുന്ന രാവുണ്ണി വ്യക്തിപരമായ ചോദ്യങ്ങളിലേക്കു കടന്നു.

രാവുണ്ണി- "വാസുക്കുട്ടന്‍, താങ്കള്‍ എന്തും തുറന്നടിക്കുന്നയാളാണല്ലോ. ആരെയും എന്തിനെയും എതിര്‍ത്തു സംസാരിക്കാന്‍ താങ്കള്‍ക്ക്‌ യാതൊരു ഭയവും ഇല്ല. അധികാരി വര്‍ഗ്ഗത്തിന്റെ ദുഷ്‌ പ്രവൃത്തികളെ താങ്കള്‍ നിര്‍ഭയനായി എതിര്‍ക്കാറുണ്ട്‌. എന്താ, താങ്കള്‍ക്ക്‌ ആരെയും അല്ലെങ്കില്‍ എന്തിനേയും ഭയമില്ലേ ?."

വാസുക്കുട്ടന്‍- " ഭയമുണ്ട്‌. ബുദ്ധിയുള്ള ഒരു മനുഷ്യനു ഭയവും ഉണ്ടായിരിക്കും. മനുഷ്യന്റെ ഭയമാണു്‌ അവനെ പല അപകടങ്ങളില്‍ നിന്നും രക്ഷിക്കുന്നത്‌. അഗ്നിയെ ഭയമുള്ളതു കൊണ്ടല്ലേ നമ്മള്‍ തീയില്‍ തൊട്ടു കൈ പൊള്ളിക്കാത്തത്‌ ?. അതു കൊണ്ട്‌ എനിക്കും പലതിനേയും ഭയമുണ്ട്‌."

രാവുണ്ണി- " എങ്കില്‍ പറയൂ, താങ്കള്‍ എന്തിനെയാണു്‌ ഏറ്റവും കൂടുതല്‍ ഭയക്കുന്നത്‌ ?".

വാസുക്കുട്ടന്‍-" ഞാന്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത്‌ വാര്‍ദ്ധക്യത്തെ ആണു്‌".

രാവുണ്ണി- "താങ്കള്‍ പറഞ്ഞു, അഗ്നിയെ ഭയക്കുന്നതു കൊണ്ടാണു അഗ്നിയില്‍ തൊട്ടു കൈ പൊള്ളിക്കാതെ നമ്മള്‍ രക്ഷപ്പെടുന്നതെന്ന്. എങ്കില്‍ വാര്‍ദ്ധക്യത്തെ ഭയക്കുന്ന താങ്കള്‍ക്ക്‌ അതില്‍ നിന്നു രക്ഷപ്പെടുവാനുള്ള മാര്‍ഗ്ഗവും അറിയാമായിരിക്കുമല്ലോ ?"

വാസുക്കുട്ടന്‍- "തീര്‍ച്ചയായും".

രാവുണ്ണി- "എങ്കില്‍ നമ്മുടെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കു വേണ്ടി ആ മാര്‍ഗ്ഗം ഒന്നു പറയാമോ ?".

വാസുക്കുട്ടന്‍- " എല്ലാവരേയും കൊണ്ടു സാധിക്കുന്നതല്ല അത്‌. അസാമാന്യ ധൈര്യശാലികള്‍ക്കു മാത്രമേ അതു സാധിക്കുകയുള്ളു. മാര്‍ഗ്ഗമിതാണു്‌- വാര്‍ദ്ധക്യം വന്നണയും മുമ്പേ മരണത്തെ സ്വയം വരിക്കുക. എനിക്ക്‌ അതിനുള്ള ധൈര്യമില്ല. അതിനാല്‍ മദ്ധ്യ വയസ്സിലെത്തിയ ഞാന്‍ വാര്‍ദ്ധക്യത്തിന്റെ കാലൊച്ച ഒരു നടുക്കത്തോടെയാണു കേള്‍ക്കുന്നത്‌".

രാവുണ്ണി- "വാര്‍ദ്ധക്യത്തെ ഇത്രയധികം ഭയക്കുന്നതെന്താണെന്നു വിശദീകരിക്കാമോ ?".

വാസുക്കുട്ടന്‍- "വൃദ്ധജനങ്ങളുടെ കഷ്ടപ്പാടു നിറഞ്ഞ ജീവിതമാണു ഞാന്‍ എനിക്കു ചുറ്റും കാണുന്നത്‌. മനുഷ്യ ജീവിതത്തിന്റെ ദുരന്തമാണു അവരിലൂടെ കാണാന്‍ കഴിയുന്നത്‌. വലിയ പ്രതാപത്തില്‍ ജീവിച്ചവര്‍. ഉന്നതോദ്യോഗസ്ഥരായി വിരമിച്ചവര്‍. എത്രയോ മനുഷ്യരെ ഭരിച്ചവരാണിവര്‍. എത്ര പേര്‍ക്ക്‌ ആശ്രയമായിരുന്നു. ഇപ്പോഴോ, അവശരായി, പരസഹായം കൂടാതെ ഒന്നും ചെയ്യാന്‍ കഴിവില്ലാതെ, മക്കളാലും മരുമക്കളാലും മറ്റു ബന്ധുക്കളാലും ഭരിക്കപ്പെട്ട്‌, അവഗണിക്കപ്പെട്ട്‌ നരക യാതന അനുഭവിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഭീതിയുളവാക്കുന്ന ഒന്നാണു്‌ വാര്‍ദ്ധക്യം".

രാവുണ്ണി- "ഇങ്ങനെയൊന്നും കഷ്ടപ്പെടാതെ വാര്‍ദ്ധക്യത്തിലും സുഖമായി ജീവിച്ചു മരിക്കുന്നവര്‍ ഇല്ലേ?".

വാസുക്കുട്ടന്‍- "തീര്‍ച്ചയായും. അങ്ങനെയുള്ളവര്‍ മഹാ ഭാഗ്യവാന്മാര്‍. കുറച്ചു പേര്‍ക്കു മാത്രമേ അങ്ങനെ ഭാഗ്യം കിട്ടാറുള്ളൂ. എന്റെ ഒരു ബന്ധുവിന്റെ കാര്യം പറയാം. അദ്ദേഹം മരിച്ചിട്ടു വളരെ നാളായി. എനിക്ക്‌ ഓര്‍മ്മ വയ്ക്കുമ്പോള്‍ അദ്ദേഹത്തിനു്‌ ഒരന്‍പതു വയസ്സു കാണും. ഒത്ത ശരീരം. ചെറുപ്പത്തില്‍ ഫുട്‌ ബോള്‍ കളിക്കുമായിരുന്നു എന്നു കേട്ടിട്ടുണ്ട്‌. വിദേശത്തു പോയി വളരെക്കാലം ജോലി നോക്കി വളരെ സമ്പാദിച്ചിട്ട്‌ നാട്ടില്‍ തിരിച്ചെത്തി വീടുവച്ച്‌ കുടുംബമായി താമസമായി. ചെറിയ ഒരു ധനകാര്യ സ്ഥാപനം തുടങ്ങി. ജനസമ്മതനായി, ബഹുമാന്യനായി, പ്രതാപിയായി ജീവിച്ചു. തന്നെ വന്ന് ആശ്രയിച്ചവര്‍ക്ക്‌ സ്വന്തം സ്വാധീനം ഉപയോഗിച്ച്‌ ജോലി തരപ്പെടുത്തിക്കൊടുത്തു. അങ്ങനെ ഒരു നാട്ടു പ്രമാണിയായി കഴിഞ്ഞു.

കുട്ടിയായിരിക്കുമ്പോള്‍ ഞാന്‍ നേരിട്ടു കണ്ടിട്ടുള്ളതാണു്‌- അദ്ദേഹം വീട്ടില്‍ സന്ദര്‍ശകരുമായി സംസാരിച്ചു കൊണ്ടിരിക്കുന്നു. ഇടയ്ക്ക്‌ ഇരിക്കുന്ന ഇരിപ്പില്‍ ഒരു ചന്തി ലേശമൊന്നു പൊക്കി ഈണത്തില്‍ കീഴ്‌ ശ്വാസം വിടും. പക്ഷെ അതു കേട്ടാല്‍ ആര്‍ക്കും നേരിയ ചിരി പോലും വരികയില്ല. ഗൗരവത്തില്‍ സംസാരം തുടരും!. ഞങ്ങള്‍ കുട്ടികള്‍ക്കു പോലും ചിരി വരികയില്ല-അത്‌ അദ്ദേഹമായതു കൊണ്ടു മാത്രമാണു കേട്ടോ. കീഴ്‌ ശ്വാസം- അത്‌ അദ്ദേഹത്തിന്റേതാകുമ്പോള്‍ അതിനു പരിഹാസ്യത ഇല്ലാതാകുന്നു, കുട്ടികള്‍ക്കു പോലും!. മാത്രമല്ല അതിനും ഒരു മാന്യത കൈ വരുന്നു!. ആളിന്റെ പ്രതാപം എത്രയുണ്ടെന്നു കാണിക്കാന്‍ മാത്രമാണു ഞാനിതു പറഞ്ഞതു കേട്ടോ.

നാട്ടു പ്രമാണിയായിരുന്ന, പ്രതാപിയായിരുന്ന ഈ മനുഷ്യന്റെ ജീവിതത്തിന്റ അവസാന ഭാഗം വളരെ പരിതാപകരമായിരുന്നു.

ആദ്ദേഹത്തിനു പത്തറുപതു വയസ്സായിട്ടുണ്ടാകും- കൈ വിരലുകള്‍ക്കൊരു വിറയല്‍. അത്‌ അങ്ങനെ ഇടയ്ക്കിടയ്ക്ക്‌ ഉണ്ടാകും. വിറയല്‍ ശ്രദ്ധിക്കുമ്പോള്‍ അദ്ദേഹം നെര്‍വസ്സാകും. അപ്പോള്‍ വിറയല്‍ കൂടും. പിന്നെപ്പിന്നെ വിറയലുകള്‍ക്കിടയിലെ ഇടവേള കുറഞ്ഞു വന്നു. പാര്‍ക്കിന്‍സണ്‍സ്‌ ഡിസീസിന്റെ ആരംഭമായിരുന്നു.

മരുന്നുകള്‍ കഴിച്ചു തുടങ്ങി. പക്ഷെ മരുന്നുകള്‍ കൊണ്ട്‌ ഈ അസുഖം ശരീരത്തെ ആക്രമിച്ചു കീഴടക്കുന്നതിന്റെ വേഗം അല്‍പ്പം കുറയ്ക്കാമെന്നേ ഉള്ളൂ. രോഗം മാറ്റാന്‍ യാതൊരു മരുന്നുമില്ല.

അദ്ദേഹം നടത്തിയ ധനകാര്യ സ്ഥാപനം അടച്ചു പൂട്ടി. രോഗം ചലന ശേഷിയെ ബാധിച്ചു തുടങ്ങി. വീടിനു പുറത്തിറങ്ങാതെയായി. ഏറ്റവും വലിയ കഷ്ടം അദ്ദേഹത്തിന്റെ മുഖം ഒരു വിഡ്ഢിയുടേതു പോലെയോ മന്ദബുദ്ധിയുടേതു പോലെയോ ആയി എന്നുള്ളതാണു്‌.

ശൂന്യമായ ഒരു പുഞ്ചിരി ആ മുഖത്ത്‌ എപ്പോഴും കാണും. സംസാരത്തില്‍ പരസ്പര ബന്ധമില്ലായ്മയും വിഡ്ഢിത്തവും നിറഞ്ഞു. സംസാരം കേട്ടു മറ്റുള്ളവര്‍ ചിരിയടക്കാന്‍ കഴിയാതെ വലഞ്ഞു. കീഴ്‌ ശ്വാസം വിട്ടാല്‍ കുട്ടികള്‍ പോലും ചിരിക്കാത്ത അദ്ദേഹത്തിന്റ പ്രതാപ കാലം എങ്ങു പോയി മറഞ്ഞു ?. ആ അവസ്ഥയില്‍ അദ്ദേഹത്തെ കാണുമ്പോള്‍ എനിക്കു വലിയ ദുഖവും ഭീതിയുമാണു തോന്നിയത്‌. പഴയ ആ പ്രതാപിയെ വീണ്ടും അദ്ദേഹത്തില്‍ കാണാന്‍ ഞാന്‍ കൊതിച്ചു.

ഞാന്‍ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ ഒരിക്കല്‍ എല്ലാവരും കൂടി ഒരു കല്യാണത്തിനു ഗുരുവായൂരു പോകാന്‍ തീരുമാനിച്ചു. കുട്ടികളെ കൊണ്ടു പോകേണ്ട എന്നും തീരുമാനമുണ്ടായി. പക്ഷെ എനിക്കും പോകണമെന്നു ഞാന്‍ നിര്‍ബ്ബന്ധം തുടങ്ങി. അന്നു്‌ അദ്ദേഹം ഇടപെട്ടതു കൊണ്ട്‌ എന്നെക്കൂടെ കൊണ്ടു പോകാന്‍ എല്ലാവരും സമ്മതിച്ചു. കുട്ടിയായ എനിക്ക്‌ എന്തു സന്തോഷമായി എന്നോ ?. അദ്ദേഹത്തോടു്‌ എനിക്കു വളരെ സ്നേഹവും ബഹുമാനവും തോന്നിയ ഒരു സംഭവമായിരുന്നു അത്‌. എന്നോട്‌ എന്നും സ്നേഹത്തോടെയും വാത്സല്യത്തോടെയും മാത്രമേ അദ്ദേഹം പെരുമാറിയിട്ടുള്ളു. ആ മനുഷ്യന്റെ വാര്‍ദ്ധക്യത്തിലെ പരിതാപകരമായ അവസ്ഥ എന്നില്‍ വളരെയധികം വേദനയും നടുക്കവുമുണ്ടാക്കി. അന്നു മുതല്‍ തന്നെ എന്റെ മനസ്സില്‍ വാര്‍ദ്ധക്യമെന്നത്‌ ഭീതി നിറച്ചു. ഇതേ പോലെയുള്ള വാര്‍ദ്ധക്യത്തിന്റെ ഭീകര മുഖമാണു്‌ നമുക്കു ചുറ്റും കാണാന്‍ കഴിയുന്നത്‌. എങ്ങനെ പേടി തോന്നാതിരിക്കും?".

അഭിമുഖം കുറെ നേരം കൂടി തുടര്‍ന്നു. റ്റി.വി. ഓഫാക്കി ഞാന്‍ ബെഡ്‌ റൂമിലുള്ള വലിയ കണ്ണാടിയ്ക്കു മുന്‍പില്‍ ചെന്നു നിന്നു. തലമുടിയുടെ ഭൂരിഭാഗവും നര ആക്രമിച്ചു കയറിക്കഴിഞ്ഞു.മദ്ധ്യ വയസ്സിലെത്തിയ ഞാനും വാര്‍ദ്ധക്യത്തിന്റെ കാലൊച്ച ഒരു നടുക്കത്തോടെയാണു്‌ കുറെ നാളായി ശ്രവിക്കുന്നത്‌. വാസുക്കുട്ടനും എനിക്കും ഇക്കാര്യത്തില്‍ ഒരേ ചിന്താ ഗതിയാണല്ലോ ഉള്ളത്‌!.

ഇന്നത്തെ കാലത്താണു ഞാന്‍ കോളജില്‍ പഠിക്കുന്നതെങ്കില്‍! - എങ്കില്‍ പഠനത്തിനു ശേഷം ഒരു നല്ല കരിയര്‍ പടുത്തുയര്‍ത്താന്‍ എന്തെല്ലാം സാദ്ധ്യതകളായിരുന്നു ഉണ്ടാകുമായിരുന്നത്‌. കഴിവുള്ളവര്‍ക്ക്‌ ഇന്ന് അനന്തമായ സാദ്ധ്യതകളാണു്‌ ലഭിക്കുന്നത്‌ - 'sky is the limit' എന്നു പറയുമ്പോലെ. പക്ഷെ ഞാന്‍ പഠിക്കുമ്പോള്‍ ഇങ്ങനെയുള്ള സാദ്ധ്യതകളൊന്നും ഇല്ലായിരുന്നു. കമ്പ്യൂട്ടറിന്റെ വ്യാപനമായിരിക്കാം ഇപ്പോഴത്തെ നല്ല കാലത്തിനു കാരണം. ഇന്നത്തെ യുവ തലമുറയുടെ ഉയര്‍ച്ചയില്‍ ചെറിയ ഒരു അസൂയ ഉണ്ടെന്നു പറയാതെ തരമില്ല.

എന്റെ നര കയറിയ തലയിലേയ്ക്ക്‌ ദുഃഖത്തോടെ ഞാന്‍ നോക്കി നിന്നു - വാര്‍ദ്ധക്യത്തിനു കീഴടങ്ങാന്‍ ഇനി എത്ര നാള്‍ ?

"എനിക്കെന്റെ യൗവ്വനം തിരികെ തരൂ". ഞാന്‍ പറഞ്ഞതല്‍പ്പം ഉറക്കെയായിപ്പോയി.

"എന്താ, എന്താ ഉറക്കെ വിളിച്ചു കൂവിയത്‌ ?".എന്റെ ശബ്ദം കേട്ട്‌ ഭാര്യ ഓടി വന്നു.

" ഏയ്‌, ഒന്നുമില്ല. എനിക്കെന്റെ യൗവ്വനം തിരിച്ചു തരാന്‍ ആവശ്യപ്പെടുകയായിരുന്നു ".

" എന്നിട്ടു തിരികെ കിട്ടിയോ ?". അവള്‍ ചിരിച്ചു കൊണ്ടു ചോദിച്ചു.

" ഇല്ല. പക്ഷെ വാര്‍ദ്ധക്യത്തിന്റെ വരവിന്റെ സ്പീഡ്‌ ഒന്നു കുറയ്ക്കാനുള്ള മാര്‍ഗ്ഗം പെട്ടെന്നാണു്‌ എനിക്കു തോന്നിയത്‌ ".

" അതെന്തു മാര്‍ഗ്ഗം ?".

" നീയുമായുള്ള ഇടപഴകല്‍ ഒന്നു കൂട്ടുക. ദാ ഇങ്ങനെ ".ഞാന്‍ അവളെ പിടിച്ചു ചേര്‍ത്തു നിര്‍ത്തി.

" അങ്ങനിപ്പം ഇടപഴകണ്ട. എനിക്കു തല്‍ക്കാലം വേറെ അല്‍പ്പം ജോലിയുണ്ട്‌ ".

അവള്‍ എന്റെ പിടി വിട്ട്‌ കുതറിയോടിക്കളഞ്ഞു. ചിരിച്ചു കൊണ്ട്‌ ഓടിക്കളഞ്ഞ അവളില്‍ നിന്നു്‌ എന്റെ നോട്ടം വീണ്ടും കണ്ണാടിയിലെ പ്രതിബിംബത്തില്‍ പതിച്ചു.

" എടോ മദ്ധ്യവയസ്സാ. താന്‍ ആളു കൊള്ളാമല്ലോ ". ഇത്തവണ ഞാന്‍ ശബ്ദം താഴ്ത്തിയാണു പറഞ്ഞത്‌ ".