Thursday, August 6, 2009

ആണ്‍-പെണ്‍ ശുദ്ധ സൗഹൃദം

വൈകുന്നേരം ഞങ്ങള്‍ സുഹൃത്തുക്കള്‍ക്ക്‌(തെറ്റിദ്ധരിക്കണ്ട,ആണ്‍ സുഹൃത്തുക്കളാണേ) ഒത്തു ചേരാന്‍ ഒരിടമുണ്ട്‌.'ദി ഡെന്‍' എന്നാണു ഞങ്ങള്‍ അതിനു പേരിട്ടിരിക്കുന്നത്‌.ഒരു നാലുനിലക്കെട്ടിടത്തിന്റെ ഏറ്റവും മുകളില്‍ ടെറസിലുള്ള ഒരു ഒറ്റമുറിയാണു്‌ ഞങ്ങളുടെ മാളം.കുട്ടപ്പായി ആണു്‌ അതിന്റെ താക്കോല്‍ സൂക്ഷിപ്പുകാരന്‍. വൈകിട്ട്‌ കൃത്യം അഞ്ചു മണിക്ക്‌ കുട്ടപ്പായി എത്തി ഞങ്ങളുടെ 'മാളം' തുറക്കും.എന്തു കൊണ്ടാണു കുട്ടപ്പായി 'മാള'ത്തിന്റെ സൂക്ഷിപ്പുകാരനായത്‌ എന്നു ചോദിച്ചാല്‍, അവനാണല്ലോ ഞങ്ങളുടെ ഇടയില്‍ വേലയും കൂലിയും ഒന്നുമില്ലാതെ നടക്കുന്ന ഒരേ ഒരുത്തന്‍!.അതു തന്നെ കാരണം.

കുട്ടപ്പായി, സ്വന്തം ജീവിതത്തിന്റെ സുവര്‍ണ്ണ കാലഘട്ടം മുഴുവന്‍ ഗള്‍ഫ്‌ രാജ്യത്തെ മണലാരണ്യത്തില്‍ വെയിലുകൊണ്ട്‌ ഉരുകി, നാലു തലമുറയ്ക്കു വച്ചുണ്ണാനും നേരമ്പോക്കിനുമുള്ള വക സമ്പാദിച്ചു കൊണ്ട്‌ നാട്ടില്‍ തിരിച്ചെത്തിയതാണു്‌, വയസ്സ്സ്സാംകാലം അടിച്ചു പൊളിച്ച്‌ ആഘോഷിക്കാന്‍!. കുട്ടപ്പായി നിത്യവും വച്ചുണ്ണലും നേരമ്പോക്കുമായി കഴിയുന്നു. തലമുറകള്‍ക്കു വേണ്ടി കൊണ്ടുവന്നതെല്ലാം ഒറ്റയ്ക്ക്‌ അനുഭവിച്ചു തീര്‍ക്കേണ്ട ഗതികേടിലാണു്‌ അയാള്‍. കാരണം, പിന്‍ തലമുറയൊന്നും നിലവില്‍ വന്നില്ല. കുട്ടപ്പായിയുടെ ഭാര്യയ്ക്കു പ്രസവിക്കാനുള്ള ഭാഗ്യം ഉണ്ടായില്ല, ചങ്ങാതീ!. കുട്ടപ്പായിയ്ക്കുള്ളതെല്ലാം മണലാരണ്യത്തിലെ കൊടും ചൂടില്‍ ഉരുകിപ്പോയതാണു മക്കളുണ്ടാകാത്തതിനു കാരണം എന്ന്‌ അസൂയാലുക്കള്‍ പറഞ്ഞുണ്ടാക്കി. പറഞ്ഞുണ്ടാക്കല്‍ മാത്രമാണല്ലോ അസൂയാലുക്കളുടെ പണി. മനുഷ്യന്റെ മനസ്സിലെ തീയുടെ ചൂട്‌ അവരുണ്ടോ അറിയുന്നു!.

കൂനിന്മേല്‍ കുരുവെന്നോണം മറ്റൊരു ദുരന്തവും പാവം കുട്ടപ്പായിയെ തേടിയെത്തി-രണ്ടു വര്‍ഷം മുമ്പ്‌ അയാളുടെ ഭാര്യ ആകസ്മികമായി കുട്ടപ്പായിയോടു വിട പറഞ്ഞ്‌ ഈ ലോകത്തു നിന്നു യാത്രയായി. ഹതഭാഗ്യനായ അയാള്‍ ഏകനായി, ഒറ്റാംതടിയായി ആ വലിയ വീട്ടില്‍ കഴിഞ്ഞു. രാവിലെ എഴുന്നേല്‍ക്കുന്നതു മുതല്‍ വൈകിട്ട്‌ അഞ്ചു മണി വരെ വിരക്തനായി, സാത്വികനായി വായനയില്‍ നിമഗ്നനായി പച്ചക്കറിമാത്ര ഭോജിയായി അങ്ങനെ കഴിയും. അഞ്ചുമണി കഴിഞ്ഞാല്‍ ആത്മ നിയന്ത്രണങ്ങളെല്ലാം അഴിയുന്നു. 'ദി ഡെന്‍'- ന്റെ നായകനാകുന്നു. ഞങ്ങളെല്ലാവരുമൊപ്പം വെള്ളമടിക്കുന്നു. അമ്പത്താറു കളിക്കുന്നു.ചിലപ്പോഴൊക്കെ നേരമ്പോക്കുമുണ്ടെന്നു കേള്‍ക്കുന്നു. മാന്യന്മാരും കുടുംബ ജീവികളുമായ ഞങ്ങള്‍ അതിനെക്കുറിച്ച്‌ അന്വേഷിക്കാറില്ല.

അന്നും അഞ്ചു മണിയോടെ ഞങ്ങള്‍ ഓരോരുത്തരായി മാളത്തിലെത്തി. ആറുപേരും ഉപവിഷ്ഠരായി.ഗ്ലാസ്സുകളും ചീട്ടും നിരന്നു.

"ഡേയ്‌ കൃഷ്ണങ്കുട്ടീ നിന്റെ മുഖത്തെന്താണെഡേ കുട്ടാ ഒരു വൈക്ലബ്യം?"

ചാക്കോച്ചനാണതു ചോദിച്ചത്‌. ഒറ്റ നിമിഷം കൊണ്ട്‌ ഞങ്ങളുടെയെല്ലാം കണ്ണുകള്‍ കൃഷ്ണന്‍ കുട്ടിയുടെ മുഖം സ്കാന്‍ ചെയ്യാന്‍ തുടങ്ങി.

"ശരിയാ, ഇഞ്ചി കടിച്ച കൊരങ്ങന്റെ മോന്ത പോലെയുണ്ട്‌" - നമ്പൂരിച്ചനും സപ്പോര്‍ട്ടു ചെയ്തു. "അല്ലേടോ?", എന്ന്‌ എന്നോടു ചോദിച്ചു.

"കൊരങ്ങന്റെ മോന്ത കണ്ടത്‌ താന്‍ തന്റെ നേരെ മുമ്പില്‍ ഭിത്തിയിലുള്ള കണ്ണാടിയിലേയ്ക്കെങ്ങാനും അറിയാതെ നോക്കിയപ്പോഴായിരിക്കും നമ്പൂരിച്ചാ"

- ഞാന്‍ മറുപടി പറയുന്നതിനു മുമ്പ്‌ ജയകുമാര്‍ ചാടിക്കേറിപ്പറഞ്ഞു. എന്നിട്ട്‌ ഒരു തമാശ പറഞ്ഞ മട്ടില്‍ ചിരിയും പാസ്സാക്കി.

"തമാശിച്ചതാണല്ലേ ?........... കിക്കിക്കിക്കിക്കി. ദേ ഞാന്‍ ചിരിച്ചു, പോരേ?" നമ്പൂരിച്ചന്‍ തിരിച്ചടിച്ചു.

"ദേ, നമ്മള്‍ പ്രധാന വിഷയത്തില്‍ നിന്ന്‌ അകന്നു പോകുന്നു".ചക്കോച്ചനാണതു പറഞ്ഞത്‌.

"കൃഷ്ണങ്കുട്ടിയുടെ മുഖത്തെ വൈക്ലബ്യമാണിപ്പോള്‍ നമ്മുടെ concern".

അതു പറഞ്ഞ്‌ അയാള്‍ നിറച്ചു വച്ചിരുന്ന ഗ്ലാസ്സെടുത്ത്‌ ആഞ്ഞൊരു വലി വലിച്ചു.ഞാന്‍ സീരിയസ്സായി, കൃഷ്ണന്‍ കുട്ടിയെ സൂക്ഷിച്ചു നോക്കിക്കൊണ്ട്‌ പറഞ്ഞു.

"കൃഷ്ണങ്കുട്ടീ, you owe us an explanation.......come on"

"രാവിലത്തെ ഒരു സംഭവം പെട്ടെന്ന്‌ ഓര്‍ത്തു പോയി".

"പറ. we are all ears"

"രാവിലെ ഓഫീസില്‍ പോകാന്‍ ബസ്സില്‍ കയറി. ഒരു വനിതാ കണ്ടക്റ്ററായിരുന്നു".

കൃഷ്ണങ്കുട്ടി തന്റെ കദനകഥയുടെ കെട്ടഴിക്കാന്‍ തുടങ്ങി. ഞങ്ങള്‍ നല്ല ശ്രോതാക്കളായി.ചീട്ടുകളി ആരംഭിച്ചിരുന്നില്ല. Let it wait

"കണ്ടക്റ്റര്‍ വനിത എന്റെ അടുത്തു വന്ന്‌ ഒരു ചോദ്യം-'എങ്ങോട്ടാ അങ്കിള്‍?' "

ഒന്നു നിര്‍ത്തിയിട്ടു തുടര്‍ന്നു-"ഞാനങ്ങയ്യടാ എന്നായിപ്പോയി കേട്ടോ"

മദ്ധ്യവയസ്സന്മാരായ ഞങ്ങളെല്ലാവരും ശരിക്കും അയ്യടാ എന്നായിപ്പോയി.എന്തൊരക്രമം!-അമ്മാവാ എന്നല്ലേ അവള്‍ വിളിച്ചത്‌?

ഞെട്ടലില്‍ നിന്ന്‌ ആദ്യമുണര്‍ന്ന നമ്പൂരിച്ചന്‍ മൊഴിഞ്ഞു:

"അന്ത കണ്ട്രാക്ക്‌ പൊണ്ണ്‌ റൊമ്പ കട്ടിക്കാരി!.........പരിചയമില്ലാത്ത വയസ്സന്മാരെ നമ്മള്‍ പരിഹാസത്തില്‍ പൊതിഞ്ഞ കപട ബഹുമാനത്തോടെ 'അമ്മാവാ' എന്നു വിളിക്കാറില്ലേ?. അതു തന്നെ അല്ലേ അവള്‍ ചെയ്തത്‌?"

"അമ്മാവാ എന്നതിനു പകരം അങ്കിള്‍ എന്നു വിളിച്ച അവളുടെ ഒരു സൗജന്യം!.ത്‌ ഫൂ". കുട്ടപ്പായിക്കു ശരിക്കും ദേഷ്യം വന്നു,"സാറെന്നു വിളിച്ചു കൂടേ അവള്‍ക്ക്‌?"

കൃഷ്ണങ്കുട്ടി വീണ്ടും -"ചങ്ങനാശ്ശേരി കഴിഞ്ഞപ്പോള്‍ ബസ്സില്‍ ആളു കുറഞ്ഞു. ധാരാളം സീറ്റ്‌ ഒഴിവുണ്ടായിരുന്നു.എന്റെ മുന്‍പിലുള്ള സീറ്റിലിരുന്ന ഒരമ്മാവന്‍-അയാള്‍ ശരിക്കും ഒരമ്മാവനാ കേട്ടോ-നമ്മുടെ വനിതാ കണ്ടക്റ്ററുമായി ചങ്ങാത്തം കൂടി".

കൃഷ്ണങ്കുട്ടി തുടര്‍ന്നു-

"ഈ വനിതയുണ്ടല്ലോ, പുതിയ ആളാണെന്നു തോന്നുന്നു. സ്ഥലങ്ങളൊന്നും വലിയ പരിചയമില്ല. നമ്മുടെ അമ്മാവന്‍, ഓരോ സ്റ്റോപ്പിലുമെത്തുമ്പോള്‍ ആ സ്ഥലത്തിന്റെ പേര്‍ പറഞ്ഞു കൊടുക്കും.ഇടയ്ക്കയാള്‍ അവളുടെ പേരും നാടുമൊക്കെ ചോദിച്ചു മനസ്സിലാക്കി".

"എത്രയോ പുതിയ ആണ്‍ കണ്ടക്റ്റര്‍മാര്‍ സ്ഥലമറിയാതെ ബുദ്ധിമുട്ടുന്നതു കണ്ടിട്ടുണ്ട്‌.ഒരുത്തനും സഹായിക്കുന്നതു ഞാന്‍ കണ്ടിട്ടില്ല.അതിനു പകരം കളിയാക്കിയെന്നിരിക്കും"- ജയകുമാര്‍ പറഞ്ഞു.

"കണ്ടക്റ്റര്‍ പെണ്ണായപ്പോള്‍ സഹായിക്കാന്‍ ഓരോത്തന്മാര്‍ അവതരിച്ചോളും"- ചാക്കോച്ചന്‍ പുച്ഛത്തോടെ പറഞ്ഞു.ഗ്ലാസ്സില്‍ നിന്ന്‌ ആഞ്ഞൊരു വലിയും വലിച്ചു.

"എടോ അതാണു്‌ ആണ്‍-പെണ്‍ സൗഹൃദം".

"അതു പറഞ്ഞപ്പഴാ. കഴിഞ്ഞ ദിവസം പെണ്ണുങ്ങളുടെ മാസികയില്‍ ഒരു ഫീച്ചര്‍ കണ്ടു-ആണ്‍-പെണ്‍ സൗഹൃദത്തെപ്പറ്റി. കല്യാണം കഴിഞ്ഞ ചില പെണ്ണുങ്ങള്‍ പോലും ആണുങ്ങളെ അടുത്ത സുഹൃത്തുക്കളായി കൊണ്ടു നടക്കുന്നു. അതുപോലെ കല്യാണം കഴിഞ്ഞ ആണുങ്ങളും പെണ്‍ സുഹൃത്തുക്കളുമായി സ്വന്തം ഭാര്യമാരുടെ സമ്മതത്തോടെ ഇടപഴകുന്നു!"- ജയകുമാറാണു പറഞ്ഞത്‌

“ശുദ്ധമായ, വിഷയാസക്തിയില്ലാത്ത വെറും സൗഹൃദം മാത്രം!.ത്‌ ഫൂ എന്റെ പട്ടി വിശ്വസിക്കും"- എനിക്കു ശരിക്കും ദേഷ്യം വന്നു.

"എടോ ആണു്‌ ആണും പെണ്ണു പെണ്ണുമായിരിക്കും. അവരുടെ ഇടയില്‍ ശുദ്ധ സൗഹൃദം എന്നു പറയുന്നതു വെറും ഭോഷ്ക്ക്‌!.ഒരു നിമിഷം മതി ഈ ശുദ്ധ സൗഹൃദം അത്ര ശുദ്ധമല്ലാതാവാന്‍.ഓഫീസില്‍ വച്ചു സഹപ്രവര്‍ത്തകരായ സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ ഇടപഴകുന്നതു പോലെയല്ല ഇത്‌.സൗഹൃദത്തിന്റെ പേരു പറഞ്ഞു പരപുരുഷനുമായി കറങ്ങി നടക്കുന്നതും ഹോട്ടലില്‍ കയറി കാപ്പി കുടിക്കുന്നതുമൊന്നും ഞാനാണെങ്കില്‍ അംഗീകരിക്കുന്ന പ്രശ്നമില്ല"- നമ്പൂരിച്ചന്‍ ആരോടെന്നില്ലാതെ ചൂടായി.

എന്റെ നേരെ നോക്കിയാണു്‌ അയാള്‍ അതു പറഞ്ഞത്‌. അയാളുടെ സ്ഥിരം പരിപാടിയാണത്‌. വെള്ളമടിച്ച്‌ ആരോടെന്നില്ലാതെ ചൂടായി എന്തെങ്കിലും പറയുമ്പോള്‍ എന്റെ നേരെയായിരിക്കും നോക്കുന്നത്‌. കാണുന്നവര്‍ കരുതും എന്നോടാണയാള്‍ ചൂടാവുന്നത്‌ എന്ന്‌.

"ഞാന്‍ ഈ ആണ്‍-പെണ്‍ സൗഹൃദത്തെക്കുറിച്ചുള്ള ഒരു കഥ പറയാം.കഥയല്ലിത്‌.യഥാര്‍ത്ഥ സംഭവമാണു്‌"- നമ്പൂരിച്ചന്‍ സീരിയസ്സായി.

ഞങ്ങള്‍ ഉഷാറായി. ഏതു വിഷയമെടുത്തിട്ടാലും നമ്പൂരിച്ചനൊരു കഥ പറയാനുണ്ടാവും.വെറും കഥയല്ല, യഥാര്‍ത്ഥ സംഭവമാണെന്നു പറഞ്ഞാവും അവതരിപ്പിക്കുക.എന്തായലും കേള്‍ക്കാന്‍ രസമുണ്ടാവും.

"ഒരു പെണ്ണ്‌. അവള്‍ക്ക്‌ ഒരു ആണ്‍ സുഹൃത്തുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ നടന്നതാണു കേട്ടോ....ശരിക്കും പറഞ്ഞാല്‍ ഈ കഥാനായകന്‍ നമ്മളെല്ലാം അറിയുന്ന ആളാ".നമ്പൂരിച്ചന്‍ കഥയാരംഭിച്ചു-

"അവള്‍ വേറൊരു പുരുഷനെ കല്യാണം കഴിച്ചു. ഭാഗ്യത്തിനു്‌ അവളുടെ ഭര്‍ത്താവ്‌ വിശാല ഹൃദയനും പുരോഗമനവാദി എന്ന്‌ അഭിമാനിക്കുന്നവനും ആയിരുന്നു.ഭര്‍ത്താവിന്റെ അനുഗ്രഹാശിസ്സുകളോടെ അവള്‍ പുരുഷ സുഹൃത്തുമായി ശുദ്ധമായ സൗഹൃദം തുടര്‍ന്നു".

"അപ്പഴേ ചങ്ങാതീ, ഈ കഥാനായകനു്‌ ഒരു പേരില്ലേ?.പ്രത്യേകിച്ചും നമ്മള്‍ അറിയുന്ന ആളാണെന്നു പറഞ്ഞ സ്ഥിതിക്ക്‌..."- കുട്ടപ്പായിക്കു ക്ഷമ കെട്ടു.

"ങാ, അതു കൊണ്ടു തന്നെയാ പേരു പറയാത്തത്‌"- നമ്പൂരിച്ചന്‍ ചൂടായി.

അയാള്‍ കഥ ഓര്‍ത്തെടുക്കാന്‍ എന്നപോലെ ഒന്നു നിര്‍ത്തി.വീണ്ടും തുടര്‍ന്നു-

"എന്തായാലും ആണും പെണ്ണുമല്ലേ?.ഈ 'ശുദ്ധം' എന്നുള്ളത്‌ ഏതോ ഒരു ദുര്‍ബ്ബലനിമിഷത്തില്‍(ഈ വാക്കു കണ്ടുപിടിച്ചവനെ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കണം)അശുദ്ധമാകാന്‍ തുടങ്ങി.എങ്ങനെയോ ഭര്‍ത്താവെന്ന ആ പുരോഗമനവാദി ഇതിനെക്കുറിച്ചറിഞ്ഞു എന്നാണു പിന്നീടുണ്ടായ സംഭവം തെളിയിക്കുന്നത്‌".

നമ്പൂരിച്ചന്‍ ഗ്ലാസ്സു കാലിയാക്കിയിട്ട്‌ വീണ്ടും നിറച്ചു.ഞങ്ങള്‍ നിശ്ശബ്ദരായിരുന്നു കഥ കേള്‍ക്കുകയാണു്‌.

"ഒരു ദിവസം നമ്മുടെ ആണ്‍ സുഹൃത്ത്‌ പെണ്‍ സുഹൃത്തിനെയും കാത്ത്‌ പാര്‍ക്കിലിരിക്കുകയായിരുന്നു.പെട്ടെന്നു പടപടോന്ന്‌ അടി പൊട്ടുന്നതു സ്വന്തം പുറത്താണെന്ന തിരിച്ചറിവില്‍ ഞെട്ടലോടെ അയാള്‍ തിരിഞ്ഞു നോക്കി.പട്ടികക്കഷണം കൊണ്ട്‌ തന്റെ പുറം നോക്കി വച്ചു താങ്ങുന്നത്‌ ആ പുരോഗമനവാദിയായ ഭര്‍ത്താവും അയാളുടെ സുഹൃത്തുക്കളുമാണെന്നു മനസ്സിലാക്കാന്‍ ഒരു നിമിഷം പോലും വേണ്ടി വന്നില്ല.നമ്മുടെ ആണ്‍ സുഹൃത്തിനെ ഓടിച്ചിട്ടടിച്ച്‌ ഒരു പരുവമാക്കിയിട്ടാണു അവര്‍ പിന്മാറിയത്‌.അങ്ങനെ ആ ശുദ്ധ സൗഹൃദം നിലച്ചു. നമ്മുടെ ആണ്‍ സുഹൃത്തു ആ നാടു വിട്ട്‌ ദൂരെയൊരിടത്തു താമസമാക്കി".

"കഥ കൊള്ളാം. പക്ഷേ, ഇതൊരു ഭാവനാ സൃഷ്ടിയല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.ഈ കള്ളക്കഥ കൊണ്ടൊന്നും ശുദ്ധമായ ആണ്‍-പെണ്‍ സൗഹൃദത്തിനു കത്തി വയ്ക്കാം എന്നാരും കരുതേണ്ട.അല്ലെങ്കില്‍ ആളിന്റെ പേരു പറയണം"- കുട്ടപ്പായി നമ്പൂരിച്ചനെ കളിയാക്കാനെന്നോണം തുറന്നടിച്ചു.

"എടാ തെണ്ടീ"-നമ്പൂരിച്ചന്‍ കോപത്തോടെ ചാടിയെഴുന്നേറ്റു.എന്നിട്ട്‌ ഞങ്ങള്‍ക്കു പുറം തിരിഞ്ഞു നിന്നു കൊണ്ട്‌ ഷര്‍ട്ടു പൊക്കി നഗ്നമായ പുറം കാണിച്ചു തന്നു.

"അന്നു കൊണ്ട അടിയുടെ പാട്‌ ഇന്നും മാറിയിട്ടില്ല, ദേ നോക്ക്‌.കള്ളക്കഥയാണു പോലും!.കണ്ണീച്ചോരയില്ലാത്ത വര്‍ഗ്ഗം!.അന്നു ഞാന്‍ നാടു വിട്ട്‌ ഓടിയ ഓട്ടം ഇവിടെയെത്തിയാ അവസാനിച്ചത്‌"-നമ്പൂരിച്ചന്‍ നിന്നു തേങ്ങി.

ഞങ്ങള്‍ ഒന്നും പറയാനാവാതെ തരിച്ചിരുന്നു പോയി.