Friday, March 13, 2009

"നീലകണ്ടന്റെ കണ്ടി”

"അപ്പൂപ്പാ, എന്റെ പേരെന്തുവാ ?"

അപ്പൂപ്പന്‍ കേള്‍ക്കാത്ത ഭാവത്തില്‍ ജോലി തുടര്‍ന്നു. പോക്കുവെയിലില്‍ അപ്പൂപ്പന്റെ മുഖത്തെ നരച്ച കുറ്റി രോമങ്ങള്‍ തിളങ്ങി. വെയിലാറിത്തുടങ്ങിയിട്ടും ഉഷ്ണത്തിനു കുറവില്ല. നരച്ച പുരികത്തിലെ വിയര്‍പ്പു ചൂണ്ടുവിരലിനാല്‍ തുടച്ചു കുടഞ്ഞുകളഞ്ഞിട്ട്‌ അപ്പൂപ്പന്‍ തലയുയര്‍ത്തി നോക്കി.

കുട്ടികള്‍ പോയിട്ടില്ല. അയാള്‍ വീണ്ടും കുനിഞ്ഞ്‌ ഉണക്കാനിട്ടിരുന്ന വാഴനാരുകള്‍ പെറുക്കിയെടുക്കുന്നതു തുടര്‍ന്നു. അപ്പൂപ്പന്റെ ജീവിത മാര്‍ഗ്ഗമാണത്‌. എവിടെയെങ്കിലും വാഴ വെട്ടിയിട്ടിട്ടുണ്ടെങ്കില്‍ അപ്പൂപ്പന്‍ അവിടെയെത്തും. പേനാക്കത്തി കൊണ്ട്‌ വാഴപ്പോളയില്‍ നിന്നു നാരുകള്‍ കീറിയെടുക്കും. എന്നിട്ട്‌ അത്‌ വെയിലത്ത്‌ ഉണക്കാനിടും. ഉണങ്ങിയ വാഴനാരുകള്‍ ഭംഗിയായി ചുറ്റി ഉണ്ടയാക്കി എടുക്കും. അതു പലചരക്കു കടകളില്‍ കൊണ്ടു ചെന്നു വില്‍ക്കും. അതില്‍ നിന്നു കിട്ടുന്ന തുച്ഛമായ വരുമാനമാണു്‌ അപ്പൂപ്പന്റെ ജീവിത മാര്‍ഗ്ഗം. കടകളില്‍ സാധനങ്ങള്‍ പൊതിഞ്ഞു കെട്ടാന്‍ ഉപയോഗിച്ചിരുന്നത്‌ ഉണങ്ങിയ വാഴനാരായിരുന്നു.

നാട്ടിലെ ചെറിയ കുട്ടികള്‍ക്ക്‌ ഈ അപ്പൂപ്പനെ വലിയ ഇഷ്ടമായിരുന്നു. അപ്പൂപ്പന്റെ തലവട്ടം കണ്ടാല്‍ കുട്ടികള്‍ ഓടി അടുത്തു കൂടും. അപ്പൂപ്പനും കുട്ടികളുടെ സാമീപ്യം ഇഷ്ടപ്പെട്ടിരുന്നു. അപ്പൂപ്പന്‍ ഓരോ കുട്ടിയ്ക്കും ഓരോ ഇരട്ടപ്പേരിടും. ഇന്ന് ഒരു പേരിടും. നാളെ വേറൊന്ന്. അപ്പൂപ്പന്‍ വിളിക്കുന്ന ഇരട്ടപ്പേരു കേട്ട്‌ കുട്ടികള്‍ ആര്‍ത്തു ചിരിക്കും. കരിങ്കണ്ണന്‍, പൂതപ്പാണ്ടി, കട്ടബ്ബൊമ്മന്‍ - ഇവയൊക്കെ അപ്പൂപ്പനിടുന്ന ഇരട്ടപ്പേരുകളില്‍ ചിലതാണു്‌.

വാഴനാരെല്ലാം പെറുക്കിയെടുത്തു കഴിഞ്ഞ്‌ അപ്പൂപ്പന്‍ നിവര്‍ന്നു നിന്നു. കുട്ടികളെ നോക്കി ചിരിച്ചു. എന്നിട്ടു ചോദിച്ചു.

"അപ്പൊ എന്താ ചോദിച്ചെ ?"

"എന്റെ പേരെന്താന്ന്"

പെട്ടെന്നാണു്‌ എവിടെ നിന്നോ ഒരു പട്ടി ഓടി വന്നത്‌. പ്രകൃതിയുടെ വിളിയുണ്ടായിട്ടു വന്നതാണു്‌. അതു ദൂരെ മാറിയിരുന്ന് കാര്യം സാധിക്കാന്‍ തുടങ്ങി. പട്ടിയുടെ പ്രവൃത്തി ഒന്നു നോക്കിയിട്ട്‌ അപ്പൂപ്പന്‍ പെട്ടെന്നു കുട്ടികളുടെ നേരേ തിരിഞ്ഞു. അപ്പൂപ്പന്റെ ചുണ്ടില്‍ ഒരു കുസൃതിച്ചിരി വിരിഞ്ഞു.

" അപ്പൊ നിനക്കൊരു പേരു വേണം, അല്ലേ ?".

പേരു വേണമെന്ന് ആവശ്യപ്പെട്ട കുസൃതിക്കുട്ടന്‍, അതേ എന്ന അര്‍ത്ഥത്തില്‍ തലയാട്ടി.

"ഉം, നിനക്കു നല്ലൊരു പേരു കിട്ടിയിട്ടുണ്ട്‌. പറയട്ടേ ?"

"ഒന്നു പറയപ്പൂപ്പാ". അവന്‍ ആകാംക്ഷയോടെ പറഞ്ഞു.

"നിന്റെ പേരാണു്‌ ' നീലകണ്ടന്റെ കണ്ടി ' "

കാര്യം സാധിച്ചു കഴിഞ്ഞ്‌ ഓടിപ്പോകുന്ന പട്ടിയെ നോക്കി അപ്പൂപ്പന്‍ ഉറക്കെ ചിരിച്ചു. കുട്ടികളും ആര്‍ത്തു ചിരിച്ചു.

പേരു കിട്ടിയവനെ നോക്കി എല്ലാവരും കൂടി ഉറക്കെ വിളിച്ചു.

"നീലകണ്ടന്റെ കണ്ടി. നീലകണ്ടന്റെ കണ്ടി"

നീലകണ്ടന്റെ കണ്ടിയ്ക്ക്‌ ആകെപ്പാടെ നാണം വന്നു.

"പോടാ". അവന്‍ മറ്റുള്ളവരെ നോക്കി കൊഞ്ഞനം കാട്ടി. അതുകൊണ്ടും മതിയാകാതെ അവരുടെ നേരെ ഒരു കല്ലെടുത്തെറിഞ്ഞിട്ട്‌ അവന്‍ ഓടിക്കളഞ്ഞു.

ഈ അപ്പൂപ്പന്‍ ഞങ്ങളുടെ നാട്ടില്‍ പണ്ട്‌, എന്നു വച്ചാല്‍ ഒരു നാല്‍പ്പതു കൊല്ലം മുന്‍പ്‌ ജീവിച്ചിരുന്ന ഒരാളാണു്‌. അന്നിവിടം ഒരു ശുദ്ധ നാട്ടിന്‍പുറമായിരുന്നു. ഇന്നിപ്പോള്‍ ഈ കാണുന്ന വഴിയിലൂടെ കാറും ലോറിയുമെല്ലാം പോകും. ഒരു കാലത്ത്‌ ഈ കാണുന്ന ടാറിട്ട റോഡുണ്ടായിരുന്നില്ല. ഇതിന്റെ സ്ഥാനത്ത്‌ ഒരു ഒറ്റയടിപ്പാത മാത്രം. ഞങ്ങളുടെ വീടിനു വടക്കായി ഈ ഒറ്റയടിപ്പാതയോരത്ത്‌ വളരെ പ്രായമായ ഒരു തേക്കു മരം നിന്നിരുന്നു. ഇന്ന് അതില്ല. അത്‌ ആരുടെതായിരുന്നെന്നോ എന്നാണത്‌ വെട്ടിമാറ്റിയതെന്നോ അറിയില്ല. ഒരു പക്ഷേ വഴിക്കു വീതി കൂട്ടിയപ്പോള്‍ വെട്ടിയതാവും.

അച്ഛനു ജോലിയില്‍ സ്ഥലം മാറ്റങ്ങളുണ്ടായതു കാരണം ഞങ്ങള്‍ വര്‍ഷങ്ങളോളം മറ്റിടങ്ങളില്‍ താമസിച്ചു. മടങ്ങിയെത്തിയപ്പോള്‍ (1983ല്‍) ഈ പരിസരം ആകെ മാറിപ്പോയിരുന്നു. ഒറ്റയടിപ്പാതയുടെ സ്ഥാനത്ത്‌ കാറും ലോറിയും വരുന്ന വഴി ഉണ്ടായി(ടാര്‍ ചെയ്തത്‌ പിന്നെയും ചില വര്‍ഷങ്ങള്‍ക്കു ശേഷമാണു്‌). ഞങ്ങള്‍ നാട്ടില്‍ തിരിച്ചെത്തിയ ദിവസം ഈ റോഡില്‍ക്കൂടെ ഒരു ഓട്ടോ വന്നതു കണ്ടപ്പോള്‍ എനിക്കു വല്ലാത്ത കൗതുകം തോന്നി. ഇങ്ങനെയൊന്നു സംഭവിക്കുമെന്ന് ഒരു കാലത്തു ഞാന്‍ നിനച്ചിരുന്നില്ല. കാലം പോയൊരു പോക്കേ!.

മേല്‍പ്പറഞ്ഞ ആ അപ്പൂപ്പനൊക്കെ മരിച്ചു പോയിട്ട്‌ എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞു. അന്നൊക്കെ എല്ലാ നാട്ടിന്‍പുറങ്ങളിലും അവിടത്തെ ട്രേഡ്‌ മാര്‍ക്ക്‌ എന്നതു പോലെയുള്ള ഇത്തരം ചില കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നു. ഇതുപോലെയുള്ള പച്ചയായ മനുഷ്യരെ ഇപ്പോള്‍ എവിടെയും കാണാനില്ല. ഒരേ അച്ചിലിട്ടു വാര്‍ത്തതു പോലെയുള്ള സോഫിസ്റ്റിക്കേറ്റഡായിട്ടുള്ള മനുഷ്യരെയാണു്‌ ഇപ്പോള്‍ കൂടുതലായും കാണുന്നത്‌, അല്ലേ ?. നാട്ടിന്‍പുറങ്ങള്‍ തന്നെ അപ്രത്യക്ഷമായിക്കഴിഞ്ഞു. ഇപ്പോള്‍ അവയെല്ലാം സമീപത്തുള്ള പട്ടണങ്ങളുടെ ഉപഗ്രഹങ്ങളായി മാറിയിരിക്കുന്നു. നാഗരികതയുടെ ഉല്‍പ്പന്നങ്ങളായിക്കഴിഞ്ഞു നമ്മുടെ ജനമെല്ലാം. മനുഷ്യന്‍ പുരോഗമിക്കുകയാണു്‌, അല്ലേ ?

പ്രത്യേകതയുള്ള വേറെയും കഥാപാത്രങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ ഉണ്ടായിരുന്നു. അതില്‍ ഒരാളായിരുന്നു കൊച്ചുകുഞ്ഞ്‌. കൊച്ചുകുഞ്ഞ്‌ ആശാരിമാരുടെ കുടുംബത്തിലെ ആയിരുന്നു. പക്ഷെ വയറിംഗ്‌ ജോലിയാണു ചെയ്തിരുന്നത്‌. ഞങ്ങളുടെ പഴയ വീട്ടില്‍ ആദ്യമായി ഇലക്ട്രിക്‌ വയറിംഗ്‌ ചെയ്തത്‌ കൊച്ചുകുഞ്ഞും വേറൊരാളും ചേര്‍ന്നായിരുന്നു. നല്ല പണിക്കാരനായിരുന്നു. പാവം, എന്നോ മാനസിക നില തകരാറിലായി. എല്ലാവരും 'വട്ടന്‍ കൊച്ചുകുഞ്ഞ്‌' എന്നു വിളിക്കാന്‍ തുടങ്ങി. പണിക്കൊന്നും പോകാതെയായി. കൊച്ചുകുഞ്ഞും മരിച്ചിട്ടു വര്‍ഷങ്ങളായി.

കൊച്ചുകുഞ്ഞ്‌ ഞങ്ങളുടെ സ്കൂളിന്റെ മുന്‍പിലുള്ള വഴിയില്‍ കൂടെ നടക്കുന്ന കാഴ്ച ഞാനിപ്പോഴും വ്യക്തമായി കാണുന്നു, മനസ്സില്‍. കിഴക്കു നിന്നു നടന്നു വന്ന് മുത്തൂര്‍ ആല്‍ത്തറ ജങ്ങ്ഷനിലേയ്ക്കു പോകും. മുഖമുയര്‍ത്താതെ നിലത്തു നോക്കിയാണു നടപ്പ്‌. പോകുന്ന പോക്കില്‍ ഓരോ ഇലക്ട്രിക്‌ പോസ്റ്റിലും ഒന്നു തൊടും. ചിലപ്പോള്‍ ഏതെങ്കിലും ഒരു പോസ്റ്റില്‍ തൊടാന്‍ മറന്ന് മുന്നോട്ടു പോകും. തെറ്റു മനസ്സിലാക്കിയതു പോലെ ഉടനെ തിരികെ വന്ന് ആ പോസ്റ്റിലും തൊടും. വീണ്ടും മുന്നോട്ട്‌. ആല്‍ത്തറ ജങ്ങ്ഷന്‍ വരെ പോയിട്ടു മടങ്ങി വരും. അപ്പോഴും ഓരോ ഇലക്ട്രിക്‌ പോസ്റ്റിലും തൊടാന്‍ മറക്കില്ല. അങ്ങോട്ടുമിങ്ങോട്ടുമുള്ള ഈ നടപ്പ്‌ പല തവണ തുടരും. ഇതിനിടയില്‍ ആരുടെയും നേരെ നോക്കുകയോ സംസാരിക്കുകയോ എന്തെങ്കിലും ശബ്ദമുണ്ടാക്കുകയോ ചെയ്യില്ല. ഒരു നിയോഗം പോലെ കൃത്യനിഷ്ഠയോടെ ഓരോ ഇലക്ട്രിക്‌ പോസ്റ്റിലും തൊട്ടു കൊണ്ട്‌ നടന്നു പോകുന്ന പാവം കൊച്ചുകുഞ്ഞിനെ എനിക്കു മറക്കാന്‍ കഴിയില്ല.

ഇതുപോലെ പ്രത്യേകതയുള്ള വേറെയും കഥാപാത്രങ്ങളുണ്ട്‌. കള്ളന്‍ മത്തായി, അയാളുടെ ജ്യേഷ്ഠനായിരുന്ന ഗീവര്‍ഗ്ഗീസ്‌ എന്നിവര്‍ ഓര്‍മ്മയില്‍ വരുന്നു. ഇവരെല്ലാം ഞങ്ങളുടെ നാടിന്റെ മാത്രം കഥാപാത്രങ്ങളായിരുന്നു. വേറെവിടെയും ഇതുപോലെയുള്ളവരെ കാണാന്‍ കിട്ടിയിട്ടുണ്ടാവില്ല. മറ്റിടങ്ങളില്‍ അവിടത്തേതു മാത്രമായ വേറെ കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നിരിക്കാം. കൊച്ചുകുഞ്ഞിനേയും അതുപോലെയുള്ള മറ്റുള്ളവരേയും ഇപ്പോള്‍ ആരെങ്കിലും ഓര്‍ക്കുന്നുണ്ടാവുമോ എന്നെനിക്കറിയില്ല.