Saturday, March 8, 2008

വെളിച്ചെണ്ണയെ നാടു കടത്തണം !

ഭാസ്ക്കരേട്ടന്‍ ഡോക്ടറുടെ മുന്‍പില്‍ ഇരിക്കുകയാണു്‌.കൂടെ മകനും വന്നിട്ടുണ്ട്‌.വര്‍ഷങ്ങളായി എന്ത്‌ ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിലും കാണുന്ന ഡോക്ടറാണു്‌.ഡോക്ടര്‍ ഭാസ്കരേട്ടന്റെ ലാബ്‌ റിസല്‍റ്റ്‌ പരിശോധിക്കുകയാണു്‌.

"എത്ര വയസ്സായി ?". വായിച്ചിരുന്ന കടലാസ്സില്‍ നിന്നു ദൃഷ്ടിയുയര്‍ത്തി ഡോക്ടര്‍ ചോദിച്ചു.

"എഴുപത്തൊന്നായി ഡോക്ടറേ".

ഡോക്ടര്‍ ഭാസ്കരേട്ടനെ സൂക്ഷിച്ചു നോക്കുകയായിരുന്നു.നല്ല ഒത്ത ശരീരം.എഴുപത്തൊന്നു വയസ്സ്‌ കാഴ്ചയില്‍ തോന്നുകയില്ല.ഇതു വരെ കാര്യമായ അസുഖമൊന്നും വന്നിട്ടില്ല.ഈയിടെയായി ശരീരത്തിനൊരു ക്ഷീണം, കാലിനും കൈയ്ക്കുമൊക്കെ ഒരു വേദന എന്നെല്ലാം പറഞ്ഞാണു്‌ രണ്ടു ദിവസം മുന്‍പ്‌ ഡോക്ടറെ കാണാന്‍ വന്നത്‌.ലാബ്‌ ടെസ്റ്റുകള്‍ നടത്താന്‍ അന്ന്‌ ഡോക്ടര്‍ എഴുതി കൊടുത്തതാണു്‌.ടെസ്റ്റ്‌ റിസല്‍ട്ടുമായി ഇന്നു വീണ്ടും ഡോക്ടറെ കാണാന്‍ വന്നിരിക്കുകയാണു്‌.

"കൊളസ്റ്ററോള്‍ കൂടുതലാണു്‌",ഡോക്ടര്‍ പറഞ്ഞു.

"അതിനിപ്പോ എന്താണു ഡോക്ടറെ ചെയ്യേണ്ടത്‌ ?"

"ഭാസ്കരേട്ടന്റെ ഭക്ഷണ ക്രമം പറയൂ.എന്തൊക്കെയാണു സാധാരണ കഴിക്കുന്നത്‌ ?"

"പ്രധാനമായും വെജിറ്റേറിയന്‍ ഭക്ഷണമാണു ഡോക്ടറേ.എന്നാലും രാവിലത്തെ ആഹാരത്തിന്റെ കൂടെ ഒരു കോഴി മുട്ട എന്നും കഴിക്കും.ഉച്ചയ്ക്ക്‌ ചോറിന്റെ കൂടെ മീന്‍ നിര്‍ബ്ബന്ധം.മീന്‍ വറുത്തതേ എനിക്കു പറ്റൂ.രാത്രിയിലും അതു തന്നെ-ചോറും മീന്‍ വറുത്തതും.ഇടയ്ക്ക്‌ കോഴിയിറച്ചിയും മാട്ടിറച്ചിയുമെല്ലാം കഴിക്കും-എപ്പോഴുമൊന്നുമില്ല, ആഴ്ച്ചയില്‍ രണ്ടു ദിവസം മാത്രം".ഭാസ്കരേട്ടന്‍ പറഞ്ഞു നിര്‍ത്തി.

"എന്തെങ്കിലും വ്യായാമം-നടപ്പോ അങ്ങനെയെന്തെങ്കിലുമോ ?"

"അങ്ങനെയൊന്നുമില്ല"

"അപ്പോ നമുക്കീ ആഹാര ക്രമം ഒന്നു മാറ്റണമല്ലോ ഭാസ്ക്കരേട്ടാ".ഡോക്ടര്‍ ചിരിച്ചു.എന്നിട്ടു തുടര്‍ന്നു പറഞ്ഞു.

"മുട്ട കഴിക്കുന്നത്‌ ഒഴിവാക്കണം.നിര്‍ബ്ബന്ധമാണെങ്കില്‍ മഞ്ഞക്കരു ഒഴിവാക്കി വെള്ള മാത്രം കഴിച്ചോളൂ"

"വെള്ള മാത്രമോ ?.എന്റെ ഡോക്ടറേ ഞാനിനി മുട്ട കഴിക്കുന്നേ ഇല്ല, പോരേ". ഭാസ്കരേട്ടനു ശരിക്കും സങ്കടം വന്നു.ആദ്യമായിട്ടാണു ഭക്ഷണക്കാര്യത്തില്‍ നിയന്ത്രണം.

"മീന്‍ കഴിച്ചോളൂ.അതു നല്ലതാണു്‌.പക്ഷേ വറുത്തു കഴിക്കരുത്‌.കറി വച്ച്‌ കഴിച്ചാല്‍ മതി".

"ഞാനിനി മീനും കഴിക്കുന്നില്ല ഡോക്ടറെ, പോരേ ?"

"ഇറച്ചിയൊന്നും അധികം കഴിക്കേണ്ട.കോഴി ഇറച്ചി മാസത്തില്‍ ഒരു ദിവസം വേണമെങ്കില്‍ കഴിച്ചോളൂ-കറി വച്ചതു മാത്രം, അതും അധികം വേണ്ട"

ഇഷ്ട വിഭവങ്ങള്‍ ഒന്നൊന്നായി തന്റെ ഭക്ഷണത്തില്‍ നിന്ന്‌ എന്നെന്നേക്കുമായി ഒഴിവാക്കുന്നതു കേട്ട്‌ പാവം ഭാസ്കരേട്ടന്‍ തരിച്ചിരുന്നു.

"പാചകത്തിനു വെളിച്ചെണ്ണയാണോ ഉപയോഗിക്കുന്നത്‌ ?"

മിണ്ടാനാകാതെ അയാള്‍ തലയാട്ടി.ഇതാ വെളിച്ചെണ്ണയും തനിക്കു നഷ്ടപ്പെടാന്‍ പോകുന്നു.

"വെളിച്ചെണ്ണയും തേങ്ങയും ഒഴിവാക്കണം.കൂടാതെ നടപ്പു പോലെയുള്ള എന്തെങ്കിലും വ്യായാമം പതിവാക്കണം"

"വെളിച്ചെണ്ണയും തേങ്ങയും ഇല്ലാത്ത എന്തു കൂട്ടാനാണു ഡോക്ടറേ നമ്മള്‍ കേരളീയര്‍ക്കുള്ളത്‌.ഈ തെങ്ങെല്ലാം വെട്ടിക്കളഞ്ഞിട്ട്‌ നമ്മക്കു കേരളമെന്ന പേരും മാറ്റിക്കളയാം".ഭാസ്കരേട്ടനു സഹിക്കാന്‍ കഴിഞ്ഞില്ല.

ഡോക്ടര്‍ക്കു ചിരി വന്നു.

"ഡോക്ടറേ ഒരു സംശയം-ഡോക്ടര്‍ നോര്‍ത്തിന്‍ഡ്യന്‍ എണ്ണ ലോബിയുടെ ആളാണോ?"

"ഭാസ്കരേട്ടന്‍ വെളിച്ചെണ്ണ ലോബിയുടെ ആളാണല്ലേ?". ഡോക്ടര്‍ ചിരിച്ചു കൊണ്ടു ചോദിച്ചു.

ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ചുള്ള ഭക്ഷണ രീതി സ്വീകരിക്കാന്‍ ഭാസ്കരേട്ടന്‍ മനസ്സില്ലാമനസ്സോടെയാണെങ്കിലും തയ്യാറായി.പക്ഷെ വെളിച്ചെണ്ണയുടെ കാര്യത്തില്‍ മാത്രം വിട്ടുവീഴ്ച്ചയ്ക്കു സമ്മതിച്ചില്ല.വെളിച്ചെണ്ണയ്ക്ക്‌ ഒരു കുഴപ്പവുമില്ലെന്ന്‌ അദ്ദേഹം വിശ്വസിച്ചു.ഭാസ്കരേട്ടന്റെ ഭക്ഷണം ഡോക്ടര്‍ പറഞ്ഞതു മാതിരി പരിഷ്ക്കരിക്കാന്‍ വീട്ടിലെല്ലാവരും കൂടി തീരുമാനിച്ചു.പ്രയമായാല്‍ പിന്നെ മറ്റുള്ളവര്‍ പറയുന്നത്‌ അനുസരിക്കേണ്ടി വരും എന്നറിയാവുന്ന ഭാസ്കരേട്ടനും അത്‌ അംഗീകരിച്ചു. വെളിച്ചെണ്ണയും തേങ്ങയും ഒഴിവാക്കേണ്ട എന്നും ഭാസ്കരേട്ടന്റെ അഭിപ്രായം അംഗീകരിച്ചു കൊണ്ട്‌ തീരുമാനം ആയി.

അങ്ങനെ കുറെ ദിവസം കഴിഞ്ഞു.ഭാസ്കരേട്ടന്‍ ഊണു കഴിക്കാന്‍ ഇരിക്കുകയാണു്‌.ഇഷ്ടപ്പെട്ട വറുത്ത മീനോ ഇറച്ചിയോ ഒന്നും ഇല്ല.മുന്‍പില്‍ ഇരിക്കുന്ന അവിയല്‍ അല്‍പ്പം എടുത്തു രുചിച്ചു നോക്കി.ഒരു സ്വാദും ഇല്ല.എന്ത്‌, വെളിച്ചെണ്ണ അല്ലേ ഒഴിച്ചിരിക്കുന്നത്‌ ?.വെളിച്ചെണ്ണയുടേതല്ല, മറ്റേതോ എണ്ണയുടെ വൃത്തികെട്ട സ്വാദ്‌! കൂടാതെ തേങ്ങയും വളരെ കുറവ്‌!.ഇതെന്തു പറ്റി ?.വെളിച്ചെണ്ണയും തേങ്ങയും ഒഴിവാക്കേണ്ടതില്ലെന്ന്‌ ഇവിടെ എല്ലാവരും കൂടി തീരുമാനിച്ചതാണല്ലോ?.

"ഇതെന്താണെടീ അവിയലില്‍ വെളിച്ചെണ്ണ അല്ലേ ഒഴിച്ചത്‌ ?".ഭാസ്കരേട്ടന്‍ ഭാര്യയോടായി ചോദിച്ചു.അടുത്തിരുന്ന മകനാണു്‌ മറുപടി പറഞ്ഞത്‌.

"അച്ഛാ.ഇത്തവണത്തെ ആരോഗ്യ മാസികയില്‍ വെളിച്ചെണ്ണ ആരോഗ്യത്തിനു ഹാനികരമാണെന്നതിനെ കുറിച്ച്‌ നമ്മുടെ ഡോ.സോമന്‍ എഴുതിയ ഒരു ലേഖനമുണ്ട്‌.അതു വായിച്ചപ്പോള്‍ വെളിച്ചെണ്ണ ഒഴിവാക്കുന്നതാ നല്ലതെന്നു തോന്നി.അതു കൊണ്ട്‌ സൂര്യകാന്തി എണ്ണയാക്കാന്‍ തീരുമാനിച്ചു.ആരോഗ്യമല്ലേ പ്രധാനം ?".

"നിന്നോടു ഞാന്‍ നേരത്തെ പറഞ്ഞിട്ടില്ലേ ഈ ആരോഗ്യ മാസികയൊന്നും വായിക്കരുതെന്ന്‌.അതൊക്കെ വായിച്ചാല്‍ നമ്മള്‍ക്ക്‌ പല സംശയങ്ങളും തോന്നും.ഇതൊക്കെ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരുമൊക്കെ മാത്രം വായിയ്ക്കുന്നതാ നല്ലത്‌".

സ്വാദില്ലാത്ത ആ ഭക്ഷണത്തിനു മുന്‍പില്‍ നിന്ന്‌ ഒന്നും കഴിക്കാതെ അയാള്‍ എഴുന്നേറ്റു പോയി.

ഒരു മാസം കഴിഞ്ഞു.ഊണു സമയം

സൂര്യകാന്തി എണ്ണ ഒഴിച്ച അവിയല്‍ ആര്‍ക്കു വേണം!.ചോറിന്റെ കൂടെ വിളമ്പിയ അവിയല്‍ ഭാസ്കരേട്ടന്‍ മാറ്റി വച്ചു.

"വെളിച്ചെണ്ണ ഇല്ലാത്ത അവിയല്‍ എനിക്കു വേണ്ട".

"അതൊന്നു കൂട്ടി നോക്കിക്കേ വെളിച്ചെണ്ണ ഉണ്ടോ എന്ന്‌".ഭാര്യ പറഞ്ഞു.

"അച്ഛാ, ഇത്തവണത്തെ ആരോഗ്യ മാസികയില്‍ വെളിച്ചെണ്ണയെ കുറ്റ വിമുക്തമാക്കികൊണ്ടുള്ള ലേഖനങ്ങള്‍ വന്നിട്ടുണ്ട്‌.അതു വായിച്ചപ്പോള്‍ മനസ്സിലായി നമ്മള്‍ വെളിച്ചെണ്ണയും തേങ്ങയും ഒഴിവാക്കിയതു മണ്ടത്തരമായി എന്ന്‌".അടുത്തിരുന്ന മകനാണു്‌ അതു പറഞ്ഞത്‌

"നിന്നോടു ഞാന്‍ പണ്ടേ പറഞ്ഞിട്ടുള്ളതാ ഈ ആരോഗ്യ മാസികയൊന്നും വായിക്കരുതെന്ന്‌.അതിനകത്തൊക്കെ ഓരോ തവണ ഓരോ അഭിപ്രയങ്ങള്‍ വരും. ശരിയേത്‌,തെറ്റേത്‌ എന്നറിയാതെ സാധാരണക്കാരന്‍ വലയും.എന്തൊരു ഗതി കേട്‌. അടുത്ത തവണ വെളിച്ചെണ്ണയ്ക്കെതിരായി എന്തെങ്കിലും കാണും. നീ വീണ്ടും വെളിച്ചെണ്ണയെ പടി കടത്തും".

ഇതാണു്‌ നമ്മള്‍ ഇന്നനുഭവിക്കുന്ന ഗതി കേട്‌.ഒന്നിന്റെയും സത്യാവസ്ഥ സാധാരണക്കാരനു മനസ്സിലാക്കിത്തരാന്‍ ആരുമില്ല.വെളിച്ചെണ്ണ ആരോഗ്യത്തിനു നല്ലതോ ചീത്തയോ ?ആണവക്കരാര്‍ ഒപ്പിടുന്നത്‌ ഭാരതത്തിനു നല്ലതോ ചീത്തയോ ?സധാരണക്കാരന്റെ ഈ വിധ സംശയങ്ങള്‍ പരിഹരിക്കാന്‍ ഒരുമാര്‍ഗ്ഗവും ഇല്ല.
ടി വി ചാനലുകളും മറ്റു മാധ്യമങ്ങളും ചെയ്യുന്നതെന്ത്‌ ?
അവര്‍ വിവാദങ്ങള്‍ ആഘോഷിക്കുന്നു.
എതിരാളികളെ നേര്‍ക്കു നേര്‍ നിര്‍ത്തി വാദ പ്രതിവാദം കൊഴുപ്പിക്കുന്നു.
ഇതിനിടയില്‍ സത്യമെന്തെന്നറിയാനുള്ള സാധാരണക്കാരന്റെ അവകാശം കാറ്റില്‍ പറത്തുന്നു.

അല്ല ചങ്ങാതീ, ഈ ആണവക്കരാര്‍ നമുക്കു നല്ലതോ ചീത്തയോ ?എനിക്കറിയില്ല ,കേട്ടോ.സത്യം.

വെളിച്ചെണ്ണ ഒഴിവാക്കണോ ? .....................സോറി, ഞാന്‍ ഈ നാട്ടുകാരനല്ല.