Thursday, December 8, 2011

നിങ്ങടെ സ്വന്തം കണ്ടക്ടർ

വൈകുന്നേരമായി. ബസിൽ സാമാന്യം തിരക്കുണ്ട്. സാരമില്ല. ഈ ട്രിപ്പുകൂടി കഴിഞ്ഞാൽ നമ്മടെ ഡ്യൂട്ടി കഴിയും. ടിക്കറ്റിങ്ങ് മെഷീൻ വന്നതോടുകൂടി നമുക്കു പണി വളരെയെളുപ്പമായി. എങ്കിലും ഇടയ്ക്കെങ്ങാനും മെഷീൻ പണിമുടക്കിയാൽ നമുക്കു പണിയാവും.

കഴിഞ്ഞ സ്റ്റോപ്പിൽ നിന്നു കയറിയവർക്കെല്ലാം ടിക്കറ്റു കൊടുത്തുകൊണ്ടിരിക്കുകയാണു കേട്ടോ. ബസിനെല്ലാം രണ്ടു വാതിൽ വന്നതിൽപ്പിന്നെ നമുക്കു പണികൂടിയെന്നു പറഞ്ഞാൽ മതിയല്ലോ. തിരക്കുള്ള സമയത്താണു ശരിക്കും ബുദ്ധിമുട്ടു്. നമ്മൾ പുറകുവശത്തു നിൽക്കുകയായിരിക്കും. ബസ് ഏതെങ്കിലും സ്റ്റോപ്പിൽ നിർത്തും. രണ്ടു വാതിലും തുറന്നു് യാത്രക്കാർ ഇറങ്ങും. രണ്ടു വാതിലിൽക്കൂടിയും കയറുകയും ചെയ്യും.

പുറകിലത്തെ വാതിലിൽക്കൂടി കയറിയവർക്കെല്ലാം ടിക്കറ്റു കൊടുത്തിട്ടു് തിരക്കിൽക്കൂടി ഊളിയിട്ടു് മുൻപിലേയ്ക്കു പോകും. അവിടെയുളവർക്കു ടിക്കറ്റു കൊടുത്തുകൊണ്ടിരിക്കുമ്പോൾ അടുത്ത ബസ് സ്റ്റോപ്പാവും. അവിടെയും രണ്ടു വാതിലിൽക്കൂടിയും ആളു കയറും. അപ്പോൾ എന്തു ചെയ്യും?. മുൻപിലുള്ളവർക്കു ടിക്കറ്റു കൊടുത്തിട്ട് തിരക്കിനിടയിൽക്കൂടി ഞെങ്ങിഞ്ഞെരുങ്ങി പുറകിലേയ്ക്കു പോകും. അവിടെയുള്ളവർക്കു ടിക്കറ്റു കൊടുത്തുകൊണ്ടിരിക്കുമ്പോഴേയ്ക്കും അതാ അടുത്ത സ്റ്റോപ്പായി. വീണ്ടും മുൻവാതിലിൽക്കൂടിയും പിൻവാതിലിൽക്കൂടിയും ആളിടിച്ചു കയറും. നമ്മൾ വീണ്ടും ടിക്കറ്റു കൊടുക്കാനായി മുന്നിലേയ്ക്കും പിന്നിലേയ്ക്കും ഇങ്ങനെ ഷട്ടിലടിച്ചു വശം കെടും.

നമ്മൾ പിന്നിൽ നിൽക്കുമ്പോൾ ആളുകളോടു്, എല്ലാവരും പുറകിലെ വാതിലിലേയ്ക്കു വന്നു കയറാൻ പറഞ്ഞുനോക്കും. പറയുന്നതു മിച്ചം. ആരു കേൾക്കാൻ!. വല്ല മര്യാദയുമുള്ള കൂട്ടരാണോ ഈ ജനമെന്നു പറയുന്നതു്. അവർ രണ്ടു വാതിലിൽക്കൂടിയും അകത്തു കയറും. കണ്ടക്ടർക്കു ബുദ്ധിമുട്ടായാൽ അവർക്കു വല്ല നഷ്ടവുമുണ്ടോ?. 'അതിനല്ലേ നിനക്കൊക്കെ സർക്കാർ ശമ്പളം തരുന്നതു്?'- ജനത്തിന്റെ മനോഭാവം അങ്ങനെയാണു്. സർക്കാരിന്റെ നാലുകാശു വാങ്ങുന്ന ഞങ്ങളോടുള്ള കുശുമ്പ്, അല്ലാതെന്താ?. അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ലെന്നു ഞങ്ങളുടെ നേതാവു പ്രസ്താവിച്ചിട്ടുണ്ട്. അപ്പൊപ്പിന്നെ, എല്ലാം സഹിക്കുകതന്നെ.

തിരക്കുള്ള ബസിൽ, രണ്ടു വാതിലുള്ളതുകൊണ്ടുള്ള ബുദ്ധിമുട്ടു് ഇങ്ങനെ. പിന്നെ എന്തെല്ലാം പൊല്ലാപ്പുകളാണെന്നോ ഈ പണിക്കിടയിൽ. ചില അവന്മാരുണ്ട്-ചില്ലറയെന്നൊരു സാധനം കയ്യിലുണ്ടെങ്കിൽപ്പൊലും തരത്തില്ല. എന്നിട്ടു് നമ്മൾ ബാക്കി കൊടുക്കാൻ അൽപ്പം താമസിച്ചാലോ?. ഉടനെ ചൂടാവും. ചിലപ്പോൾ ചീത്ത വിളിക്കുകയും ചെയ്യും. മനുഷ്യനല്ലേ, സഹികെടുമ്പോൾ നമ്മളും വല്ലതും പറഞ്ഞുപോവും. പിന്നെ വാഗ്വാദമായി ഒച്ചപ്പാടായി. എന്തു പാടു്. അറ്റകൈയ്ക്കു് എന്തു ചെയ്യുമെന്നോ, ബെല്ലടിച്ച് ബസു നിർത്തും. എന്നിട്ടു് ഒറ്റ പ്രഖ്യാപനമങ്ങു നടത്തും-'ഇനി ഈ പ്രശ്നം കഴിഞ്ഞിട്ടേ ബസ് പോകുന്നുള്ളു, അവിടെ കിടക്കട്ടെ.'

അതാണു നമ്മുടെ തുറുപ്പുചീട്ടു്. അപ്പോൾ മറ്റു യാത്രക്കാർ ഇടപെടും, കാരണം എല്ലാവരും തിരക്കുള്ളവരാണു്. വണ്ടി ഇങ്ങനെ വഴിയിൽ കിടക്കുന്നതു് അവർ സഹിക്കില്ല. നമ്മളെ ചീത്ത വിളിച്ചവനെ അവർ കൈകാര്യം ചെയ്തുകൊള്ളും, പിന്നല്ലാതെ.

ചിലപ്പോൾ കള്ളുകുടിയന്മാരുടെ ശല്യമുണ്ടാവും. അടിച്ചു ഫിറ്റായി വരുന്ന ചിലർ വണ്ടിയിൽ കേറിയ ഉടനെ ഏതെങ്കിലും സീറ്റിലിരുന്നു് ഉറക്കം തുടങ്ങും. ടിക്കറ്റെടുപ്പിക്കാനായി നമുക്കു നന്നായിട്ടു് അദ്ധ്വാനിക്കേണ്ടിവരും. അടുത്തുചെന്നു് തട്ടിവിളിച്ചാലൊന്നും ഇവന്മാർ ഉണരുകയില്ല. എങ്ങനെയെങ്കിലും കുലുക്കിയുണർത്തും. കണ്ണുതുറന്നു് സ്ഥലകാലബോധമില്ലാതെ അവന്മാർ ചോദ്യഭാവത്തിൽ നമ്മളെ നോക്കും. നമ്മൾ പരമാവധി മര്യാദയോടെ ചോദിക്കും,

"എവിടാ ഇറങ്ങുന്നതു്?"

നമ്മൾ ചോദിക്കാൻ തുടങ്ങുതിനുമുൻപുതന്നെ അയാൾ വീണ്ടും ഉറക്കം പിടിച്ചിരിക്കും. ഓരോരോ പാടുകളേ.

ചില കുടിയന്മാരാണെങ്കിൽ ടിക്കറ്റൊക്കെ എടുക്കും. പക്ഷെ സ്ഥലമായാലും ഇറങ്ങത്തില്ല. പിന്നെ അവനെ ഇറക്കിവിടുന്നതു നമുക്കു പണിയാവും. പലപ്പോഴും ബലപ്രയോഗം നടത്തിയാവും ഇറക്കി വിടുന്നതു്.

കുടിയന്മാരുടെ വിക്രിയ പറഞ്ഞാൽ ഒരു അവസാനവുമില്ല. ഇന്നാളൊരുത്തൻ ബസിൽ വലിഞ്ഞു കയറി. രാവിലെതന്നെ അടിച്ചു ബോധംകെട്ടാണു് വന്നു കയറിയിരിക്കുന്നതു്. ഒഴിവുള്ള ഒരു സീറ്റിൽ കയറി ഇരുന്നു. ദോഷം പറയരുതല്ലോ, ഒരു മടിയും കൂടാതെ ടിക്കറ്റും എടുത്തു. അതു കഴിഞ്ഞല്ലേ കളി. സീറ്റിൽനിന്നു് എഴുന്നേറ്റിട്ടു് അയാൾ ഇരു വശത്തുമുള്ള സീറ്റുകൾക്കിടയിൽ ആളുകൾക്കു് നിൽക്കാനും നടന്നുപോകാനുമുള്ള വഴിയിൽ നീണ്ടുനിവർന്നു് ഒറ്റക്കിടപ്പു്. നമ്മൾ എന്തു ചെയ്യുമെന്നു പറ. ഒരു കണ്ടക്ടറുടെ ഗതികേടു് ശരിക്കും മനസ്സിലായില്ലേ?. അയാളെ വലിച്ചുപൊക്കാൻ ശ്രമിച്ചു. എവിടെ?, വെട്ടിയിട്ട മരത്തടിപോലെ ഒറ്റക്കിടപ്പല്ലേ. ഏതായാലും ഭാഗ്യത്തിനു് റോഡ് സൈഡിൽത്തന്നെ പൊലീസ് സ്റ്റേഷനുള്ള ഒരു സ്ഥലത്തെത്തിയിരുന്നു ബസ്. നമ്മളെന്തു ചെയ്തു?. ബസ് നിർത്തിച്ചിട്ടു് ഡ്രൈവറോടു കാര്യം സൂചിപ്പിച്ചിട്ടു് നേരെ പൊലീസ് സ്റ്റേഷനിലേയ്ക്കു ചെന്നു. അവിടെനിന്നും ഒരു പൊലീസുകാരനേയും കൊണ്ടു തിരികെ ബസിൽ എത്തി. പൊലീസുകാരൻ തട്ടിവിളിച്ചപ്പോൾ കണ്ണു തുറന്ന അയാൾ എത്ര മര്യാദക്കാരനായാണു് പൊലീസുകാരന്റെകൂടെ സ്റ്റേഷനിലേക്കു നടന്നുപോയതു്. കണ്ടക്ടറോടു കളിക്കുന്നതുപോലെ പൊലീസിനോടു കളിച്ചാൽ വിവരമറിയുമെന്ന് വെള്ളമടിച്ചു ബോധം പോയവനും അറിയാം, അല്ലേ ചങ്ങാതീ? കുടിയന്മാരുടെ കഥകൾ പറഞ്ഞാലും പറഞ്ഞാലും തീരത്തില്ല. വിസ്തരഭയത്താൽ ഇവിടെ നിർത്തുന്നു.

ബസിൽ സ്ത്രീകൾക്കും വികലാംഗർക്കും മുതിർന്ന പൗരന്മാർക്കുമൊക്കെ സീറ്റുകൾ ഏർപ്പെടുത്തിയിട്ടുണ്ടല്ലോ. ചില പുരുഷന്മാർ സ്ത്രീകൾക്കായി വച്ചിട്ടുള്ള സീറ്റിൽ കയറി ഇരിക്കും. സീറ്റു കിട്ടാതെ സ്ത്രീകളാരും നിൽക്കുന്നില്ലെങ്കിൽ കുഴപ്പമില്ല. എന്നാൽ സ്ത്രീകൾ നിൽക്കുന്നതു കണ്ടാലും ചില പുരുഷന്മാർ മാറിക്കൊടുക്കുകയില്ല. കാണാത്തഭാവത്തിൽ ഇരുന്നുകളയും. ചില കണ്ടക്ടർമാർ ഇതു കണ്ടാലും അത്ര കാര്യമാക്കുകയില്ല. എന്നാൽ നമ്മൾ അങ്ങനെയല്ല കേട്ടോ. അവരോടു് സ്ത്രീകളുടെ സീറ്റിൽനിന്നു് മാറിക്കൊടുക്കാൻ പറയും. ഒരു കണ്ടക്ടറായാൽ അങ്ങനെയല്ലേ വേണ്ടതു്?. ഒരു ഹെഡ് മാസ്റ്റർ സ്കൂളിനെ നിയന്ത്രിക്കുന്നതുപോലെ ബസിനുള്ളിലെ യാത്രക്കാരെ നിയന്ത്രിക്കേണ്ടതു് കണ്ടക്ടറല്ലാതെ മറ്റാരാണു്?.

മുതിർന്ന പൗരന്മാർക്കുവേണ്ടി വച്ചിരിക്കുന്ന സീറ്റുകളുടെ കാര്യമാണു് ഏറെ കഷ്ടം. അതു മുതിർന്ന പൗരന്മാരുടെ സീറ്റാണെന്ന കാര്യം യുവജനം അംഗീകരിച്ചിട്ടില്ലെന്നു തോന്നുന്നു. മുതിർന്ന പൗരന്മാർക്കുവേണ്ടി സ്വമേധയാ ആരും സീറ്റൊഴിഞ്ഞുകൊടുക്കുന്നതു ഞാൻ ഇതുവരെ കണ്ടിട്ടില്ല. ചിലപ്പോൾ പത്തുപതിനെട്ടു വയസ്സുള്ള കോളേജുകുമാരന്മാരും കുമാരികളുമൊക്കെയായിരിക്കും ആ സീറ്റിൽ ഞെളിഞ്ഞിരിക്കുന്നതു്. സീറ്റു കിട്ടാതെ ഒരു വയസ്സൻ(സോറി, മുതിർന്ന പൗരൻ അഥവാ സീനിയർ സിറ്റിസൺ) തൊട്ടടുത്തു നിൾക്കുന്നതു കണ്ടാൽപ്പോലും അവരൊന്നും മുതിർന്ന പൗരന്മാർക്കുവേണ്ടി മാറ്റിവച്ചിരിക്കുന്ന സീറ്റിൽനിന്നും മാറിക്കൊടുക്കുകയില്ല. കാണാത്ത ഭാവത്തിൽ ഇരുന്നുകളയും. അല്ലെങ്കിൽ കണ്ണടച്ചു് ഉറങ്ങുന്ന ഭാവത്തിൽ ഒറ്റയിരുപ്പാണു്. ചെവിയിൽ തിരുകിക്കയറ്റിവച്ചിരിക്കുന്ന ഇയർ ഫോണിൽ മൊബൈൽ ഫോണിൽനിന്നുള്ള പാട്ടും കേട്ടുകൊണ്ട് നിർവൃതിയിൽ ലോകം മറന്നുള്ള ഇരിപ്പായിരിക്കും. സ്വന്തം അപ്പൂപ്പന്റെ പ്രായമുള്ള ഒരാൾ വിഷമിച്ചു് കമ്പിയിൽ തൂങ്ങി നിൽക്കുമ്പോൾ പ്രായമായവർക്കായുള്ള സിറ്റിൽനിന്നു മാറിക്കൊടുക്കാത്ത ഇവന്മാരും ഇവളുമാരും കോളേജിലൊക്കെ പോയിപ്പഠിച്ചിട്ട് എന്തു സംസ്കാരമാണു് ഉള്ളിൽ വളർത്തിയെടുക്കുന്നതു്?. പക്ഷെ നമ്മളുടെ ബസിൽ നമ്മൾ ഇതൊന്നും അനുവദിക്കത്തില്ല. നമ്മൾ ഇടപെടും. യുവകോമളനെ എഴുന്നേൽപ്പിച്ചിട്ടു് വയസ്സനെ അവിടെ ഇരുത്തുകതന്നെ ചെയ്യും.

ഇത്രയുമൊക്കെ കേട്ടപ്പോൾ നമ്മളെപ്പറ്റി നല്ല മതിപ്പു തോന്നുന്നില്ലേ?. ഉണ്ടാവും. ഉണ്ടാവണം. കണ്ടക്ടറായാൽ ഇങ്ങനെ വേണം എന്നു തോന്നുന്നില്ലേ?. പക്ഷെ ഇനി പറയാൻ പോകുന്ന കാര്യം കേട്ടുകഴിയുമ്പോൾ പ്ലേറ്റു തിരിച്ചുവച്ചുകളയരുതു കേട്ടോ. അതായതു് നമ്മളെ മോശക്കാരനായിട്ടു കരുതരുതു് എന്നു്. ജനത്തിന്റെ സ്വഭാവം നല്ലവണ്ണം അറിയാവുന്നതുകൊണ്ടാ ഞാൻ ഈ മുന്നറിയിപ്പു തരുന്നതു്. കാരണം ജനം അങ്ങനെയാ. നമ്മൾ നൂറു നല്ലകാര്യം ചെയ്താലും എന്തെങ്കിലും ഒരു വേലത്തരം കാണിച്ചെന്നറിഞ്ഞാൽ ഉടനെ നമ്മളെ കള്ളനാക്കിക്കളയും. ജനത്തിന്റെ ഈ സ്വഭാവമാ എനിക്കു തീരെ പിടിക്കാത്തതു്. നല്ല കാര്യങ്ങൾ ചെയ്യുന്നതിനിടയ്ക്കു ചെയ്യുന്ന ചെറിയ കള്ളത്തരത്തിനു നേർക്കു് ഇഅവർക്കൊന്നു കണ്ണടച്ചാലെന്താ?. നിങ്ങൾ തീർച്ചയായും നമ്മളുടെ കൂടെ നിൽക്കുമെന്നു് അറിയാം അതുകൊണ്ടാണു് ഇക്കാര്യവുംകൂടെ തുറന്നങ്ങു പറഞ്ഞേക്കാമെന്നുവച്ചതു്.

ഞാൻ പറയാൻ വന്നതു് ഇപ്പോൾ നേരിട്ടു കാണിച്ചുതരാം. ദാ, ആ ഇരിക്കുന്ന വയസ്സനില്ലേ?. കണ്ടിട്ടു് ഒരു സാധുമനുഷ്യനാണെന്നു തോന്നുന്നു. ഇങ്ങനെയുള്ളവരാണു് നമുക്കു പറ്റിയ ഇര. ഞാൻ അയാൾക്കു ടിക്കറ്റു കൊടുക്കാൻ പോവുകാ. നോക്കിക്കോ.

"അച്ചായാ, ടിക്കറ്റ്. എങ്ങോട്ടാ?"

"പുഞ്ചക്കര."

"ഇരുപത്തി നാലു രൂപാ."

കണ്ടോ. നമ്മൾ ആ വയസ്സനു് ടിക്കറ്റും കൊടുത്തു, ബാക്കി പൈസയും കൊടുത്തു. എന്തെങ്കിലും പ്രശ്നമുണ്ടെന്നു തോന്നിയോ?. തോന്നത്തില്ല. എന്നാൽ നമ്മൾ ഒരു ചെറിയ വേലത്തരം കാണിച്ചിട്ടുണ്ടു്. ആ വയസ്സനു് ഇറങ്ങേണ്ടതു് പുഞ്ചക്കരെ ആണു്. ശരിക്കുള്ള ടിക്കറ്റ് ചാർജ് ഇരുപത്തിനാലു രൂപാ. പക്ഷെ നമ്മൾ കൊടുത്തതു് വെറും പതിമൂന്നു രൂപായുടെ ടിക്കറ്റാണു കേട്ടോ. അപ്പോൾ ഇരുപത്തിനാലിൽനിന്നു് ബാക്കി പതിനൊന്നു രൂപാ നമ്മുടെ പോക്കറ്റിൽ. ആ വയസ്സൻ ടിക്കറ്റിൽ എത്രയാണു് അടിച്ചിരിക്കുന്നതെന്നൊന്നും നോക്കിയില്ല. മിക്കവരും അങ്ങനെയാണു്. എങ്ങനെയുണ്ട് നമ്മുടെ പരിപാടി?.

വേറെയും ഉണ്ടു പരിപാടി. ബാക്കിയായി ചില്ലറ കൊടുക്കാനുള്ളവർക്കൊന്നും ടിക്കറ്റു കൊടുക്കുന്നയുടനെ അതു കൊടുക്കത്തില്ല. ചില്ലറയില്ല എന്നു പറയും. ഇറങ്ങാനുള്ള സ്ഥലമാവുമ്പോൾ ചിലർ ബാക്കി വാങ്ങാൻ ഓർക്കും. പലരും മറന്നുപോകും. ആ പൈസയെല്ലാം നമ്മക്കു സ്വന്തം.

കണ്ടോ, കണ്ടോ നിങ്ങടെ മുഖഭാവം മാറുന്നതു്. ഇതുവരെ നമ്മളെ അഭിനന്ദിച്ചിരുന്നയാളുടെ നെറ്റി ചുളിയുന്നു. നമ്മൾ ഏതോ വലിയ കള്ളത്തരം ചെയ്തതുപോലെ കുറ്റപ്പെടുത്തുന്നു. ഇതാ എനിക്കു പിടിക്കാത്തതു്. നമ്മൾ ചെയ്യുന്ന നല്ലകാര്യങ്ങളൊക്കെ ഒറ്റ നിമിഷംകൊണ്ടു മറന്നതു കണ്ടോ. വട്ടച്ചെലവിനെങ്കിലുമുള്ള കാശു് ഇങ്ങനെയൊക്കെ സംഘടിപ്പിച്ചില്ലെങ്കിൽ നമ്മൾ എങ്ങനെ ജീവിക്കുമെന്നു പറ. ഇടയ്ക്കൊരു സിഗററ്റു വലിക്കണ്ടേ?. ഒരു ചായ കുടിക്കണ്ടേ?. ഇതിനൊക്കെയുള്ള പൈസ ശമ്പളത്തിൽനിന്നു് എടുത്താൽ ആകെ ഗതികേടിലാവും. സർക്കാരോഫീസിൽ ജോലിനോക്കുന്നവർക്കാണെങ്കിൽ പുറംവരവു് എത്രവേണമെങ്കിലും ഉണ്ടാവും. നമുക്കു് അതിനു വല്ല മാർഗ്ഗവുമുണ്ടോ? അപ്പോപ്പിന്നെ ഇങ്ങനെയൊക്കെ ചെറിയ വേലത്തരം കാണിക്കാതെ നമ്മൾ എന്തു ചെയ്യുമെന്നു പറ. ഓക്കേ, അപ്പൊ പിന്നെ കാണാം. നമ്മടെ ഇന്നത്തെ ഡ്യൂട്ടി കഴിയാറായി. അൽപ്പനേരം ഒന്നിരിക്കട്ടെ. കണ്ടക്ടർക്കുമുണ്ടേ ഒരു സീറ്റ്.

Saturday, October 8, 2011

വിദ്യാരംഭത്തെയും കച്ചവടമാക്കുമ്പോള്‍

മുന്‍പ്‌ ഞങ്ങളുടെയിവിടെയൊക്കെ വിദ്യാരംഭമെന്നുപറയുന്നത്‌, അതായത്‌ കുട്ടികളെ എഴുത്തിനിരുത്തുന്നത്‌ ഇന്നു പലയിടത്തും കാണുന്നതുപോലെ ഏതെങ്കിലും പത്രസ്ഥാപനമോ മറ്റോ നടത്തുന്ന ബഹളമയമായ ഒരു പരിപാടി ആയിരുന്നില്ല. സ്വന്തം വീട്ടില്‍ ശാന്തമായ അന്തരീക്ഷത്തില്‍ നടത്തുന്ന ലളിതമായ ഒരു ചടങ്ങായിരുന്നു. കുട്ടിയെ എഴുത്തിനിരുത്തുന്നത്‌ മിക്കവാറും വീട്ടിലെ ഏറ്റവും മുതിര്‍ന്ന അംഗമായിരിക്കും, കുട്ടിയുടെ അപ്പൂപ്പനോമറ്റോ. എഴുത്തിനിരിക്കുന്ന കൊച്ചുകുട്ടിക്കും അത്‌ രസമുള്ള ഒരു അനുഭവമായി മാറുന്നു. കാരണം അവന്‍ തന്റെ അപ്പൂപ്പന്റെ മടിയിലിരുന്നാണു്‌ അക്ഷരം എഴുതുന്നത്‌. അപ്പൂപ്പനാണു്‌ അവന്റെ നാവില്‍ സ്വര്‍ണ്ണമോതിരംകൊണ്ട്‌ അക്ഷരമെഴുതുന്നത്‌. അതിനാല്‍ അവന്‍ കരഞ്ഞുകൂവി വിളിക്കുന്നില്ല, കൈകാലിട്ടടിച്ചു പ്രതിഷേധിക്കുന്നില്ല. എഴുത്തിനിരുത്ത്‌ അവനൊരു പീഡനമാവുന്നില്ല.

എന്നാല്‍ ഇന്നോ? എന്തും ഏതും വാണിജ്യവല്‍ക്കരിക്കുകയും ആഘോഷമാക്കുകയും ചെയ്യുന്ന കച്ചവടക്കണ്ണുള്ള ചില പത്രസ്ഥാപനങ്ങളുടെയും സംഘടനകളുടെയും തന്ത്രങ്ങള്‍ക്കു മുന്‍പില്‍ മലയാളി ചുമ്മാതങ്ങ്‌ കീഴടങ്ങിക്കൊടുക്കുകയാണു്‌. അവര്‍ സംഘടിപ്പിക്കുന്ന വിദ്യാരംഭാഘോഷത്തില്‍ പങ്കെടുത്ത്‌ ആചാര്യന്മാരെന്നോ ഗുരുക്കന്മാരെന്നോ പറഞ്ഞ്‌ ഞെളിഞ്ഞിരിക്കുന്ന ചില സാഹിത്യകാരന്മാരുടെയോ(സാഹിത്യകാരികളുടെയോ) സാംസ്കാരികനായകന്മാരെന്നു പറയുന്നവരുടെയോ മടിയിലിരുത്തി തന്റെ കുഞ്ഞിനെ ആദ്യാക്ഷരമെഴുതിച്ചില്ലെങ്കില്‍ എന്തോ പോരായ്മയാണെന്ന് അല്‍പ്പനായ മലയാളി തീരുമാനിക്കുന്നു.

ഇത്രയും ബഹളമയമായ അന്തരീക്ഷത്തില്‍, തികച്ചും അപരിചിതനായ ഒരാളുടെ മടിയിലിരിക്കാന്‍ ഒരുമാതിരിപ്പെട്ട കുഞ്ഞുങ്ങളൊന്നും ഇഷ്ടപെടുകില്ല. അപരിചിതനായ ഒരാള്‍ തന്റെ കൈപിടിച്ച്‌ ബലമായി അരിയില്‍ 'ഹരി ശ്രീ' എഴുതിക്കാന്‍ ശ്രമിക്കുന്നു, അതിലും കടന്നകയ്യായി, തന്റെ വായ ബലമായി തുറന്ന് നാക്കില്‍ സ്വര്‍ണമോതിരംകൊണ്ട്‌ എഴുതാന്‍ ശ്രമിക്കുന്നു. ഏതു കുരുന്നും പേടിച്ചു വിറച്ചുപോകും. അവനെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്നേ അവന്‍ കരുതൂ. അവന്‍ പ്രതിഷേധിക്കും. കൈകാലിട്ടടിച്ച്‌ കുതറിമാറാന്‍ ശ്രമിക്കും, വാവിട്ട്‌ അലറിവിളിക്കും. അങ്ങനെ സുന്ദരമാകേണ്ട നിമിഷം അവന്റെ കണ്ണുനീരില്‍ കുതിരും. രസകരമാവേണ്ട ചടങ്ങ്‌ അവന്റെ പേടിസ്വപ്നമാവും.

എന്തിനുവേണ്ടിയാണിത്‌?. ആരുടെയോ പരസ്യപ്രചാരണത്തിനുവേണ്ടി, ഏതോ ചില സ്ഥാപനങ്ങളുടെ കച്ചവട താല്‍പര്യം സംരക്ഷിക്കാന്‍വേണ്ടി. പരിപാവനമാകേണ്ട ഈ ചടങ്ങ്‌ കുഞ്ഞുങ്ങള്‍ക്കു പീഡനമായിത്തീരുന്നു.

എഴുത്തിനിരുത്താനായി ചമഞ്ഞൊരുങ്ങി ഗമയിലെത്തുന്ന ഗുരുക്കന്മാര്‍ അല്ലെങ്കില്‍ ആചാര്യന്മാര്‍(ഈ വാക്കുകളാണു്‌ അവര്‍ ഉപയോഗിക്കുന്നത്‌. എന്തു ഗുരു, എന്ത്‌ ആചാര്യന്‍, അല്ലേ ചങ്ങാതീ?) മൂന്നു മതങ്ങളില്‍നിന്നും ഉണ്ടാവും. ഹിന്ദുക്കുഞ്ഞിനു്‌ ഹിന്ദു ഗുരു, ക്രിസ്ത്യന്‍ കുഞ്ഞിനു്‌ ക്രിസ്ത്യന്‍ ഗുരു, മുസ്ലീം കുഞ്ഞിനു്‌ മുസ്ലീം ഗുരു. മതേതരത്വം പുലരാന്‍ ഇനിയെന്തുവേണം ചങ്ങാതീ?. ബുദ്ധമതക്കാരും ജൈനമതക്കാരുമൊക്കെ എന്തു ചെയ്യുമോ എന്തോ?

ഇനിയുമുണ്ടൊരു തമാശ. പങ്കെടുത്ത കുഞ്ഞുങ്ങള്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റും കൊടുക്കും. ചിലര്‍ കൊടുക്കുന്നത്‌ ഫോട്ടോ പതിച്ച സര്‍ട്ടിഫിക്കറ്റാണു്‌. പത്രവാര്‍ത്തയില്‍ കണ്ടത്‌-അതുവരെ കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞുങ്ങളും സ്വന്തം ഫോട്ടോ പതിച്ച സര്‍ട്ടിഫിക്കറ്റു കൈയില്‍ കിട്ടിയപ്പോള്‍ സന്തോഷംകൊണ്ടു മതിമറന്നു ചിരിച്ചു. അവന്‍ എങ്ങനെ സന്തോഷിക്കാതിരിക്കും? വിദൂരഭാവിയില്‍ ജോലിയന്വേഷിച്ചു നടക്കുമ്പോള്‍ ഈയൊരു സര്‍ട്ടിഫിക്കറ്റു കയ്യിലില്ലെങ്കില്‍ അവന്‍ തെണ്ടിയതുതന്നെ. അതുകൊണ്ട്‌ അവന്‍ കരച്ചില്‍മാറ്റി ചിരിക്കുകമാത്രമല്ല, സര്‍ട്ടിഫിക്കറ്റു കൊടുത്തവര്‍ക്കു ജെയ്‌ വിളിക്കുകയും ചെയ്തെന്നിരിക്കും! പീഡാനുഭവങ്ങളില്‍ക്കൂടിയാണെങ്കിലും ഒരു സര്‍ട്ടിഫിക്കറ്റു സംഘടിപ്പിച്ചല്ലോ, ആനന്ദലബ്ധിക്കിനിയെന്തുവേണം?.

സര്‍ട്ടിഫിക്കറ്റ്‌ എന്നൊക്കെ കേള്‍ക്കുമ്പോള്‍ പാവം ജനം വീണുപോവും. ഇങ്ങനെയൊരു സര്‍ട്ടിഫിക്കറ്റ്‌ കയ്യിലില്ലെങ്കില്‍ ഭാവിയിലെന്തെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കിലോ എന്നൊരു ഭയം അവര്‍ക്കുണ്ടായെന്നും വരും. സര്‍ട്ടിഫിക്കറ്റ്‌ കിട്ടുവാന്‍വേണ്ടിയെങ്കിലും അവന്‍ തന്റെ കുഞ്ഞിനെയും കൊണ്ട്‌ ഈ ഗുരുക്കന്മാരുടെയടുത്തു ചെല്ലും. അതും കച്ചവടതന്ത്രത്തിന്റെ ഒരു ഭാഗമാണു്‌.

എന്റെ ധാരണ ശരിയാണെങ്കില്‍(അതു ശരിയല്ലെങ്കില്‍ ക്ഷമിക്കുക) ഈ വിദ്യാരംഭം ഇങ്ങനെയൊരു ആഘോഷമായി തുടങ്ങിയത്‌ കേരളത്തിലെ ഒരു പ്രമുഖ പത്രസ്ഥാപനമാണു്‌. ഇങ്ങനെയുള്ള പല പരിപാടികളും സംഘടിപ്പിക്കുക അവരുടെ ഒരു പരസ്യതന്ത്രമാണു്‌. അവര്‍ തുടങ്ങിയപ്പോള്‍ മറ്റുപലരും അത്‌ അനുകരിച്ചുതുടങ്ങി. അങ്ങനെ അവനവന്റെ വീട്ടില്‍ സമാധാനപരമായ അന്തരീക്ഷത്തില്‍ ബഹളമേതുമില്ലാതെ നടന്നുവന്നിരുന്ന ഈ പാവനകര്‍മ്മം ഓരോരുത്തരുടെയൊക്കെ പരസ്യത്തിനുവേണ്ടി തെരുവിലേയ്ക്കു പറിച്ചുനടപ്പെട്ടു. ഏതു ചൂഷണത്തിനും നിന്നുകൊടുക്കുന്ന മലയാളി ഇതിനും നിന്നുകൊടുക്കുന്നു, ഏതു വിഡ്ഢിവേഷവും കെട്ടാന്‍ പൊങ്ങച്ചക്കാരനായ അവന്‍ തയ്യാര്‍, കഷ്ടം!.

Friday, August 12, 2011

കുട്ടിക്കാലത്തെ വീരാരാധന

കുട്ടിക്കാലത്ത്‌, സ്കൂളില്‍ പഠിക്കുന്ന സമയത്ത്‌ എനിക്കു ചില ലോക്കല്‍ ഹീറോസ്‌ ഉണ്ടായിരുന്നു, നിങ്ങള്‍ക്കും അങ്ങനെ ചിലര്‍ ഉണ്ടായിരുന്നില്ലേ?. തീര്‍ച്ചയായും ഉണ്ടായിരുന്നിരിക്കും. കുട്ടിക്കാലം അങ്ങനെയാണു്‌. പലരോടും വീരാരാധന ഉണ്ടാവും. അത്‌ നമ്മെക്കാള്‍ വളരെ ഉയര്‍ന്ന ക്ലാസ്സില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയാവാം, അല്ലെങ്കില്‍ നാട്ടിലുള്ള ചെറുപ്പക്കാരാരെങ്കിലുമാവാം. മിക്കവാറും പഠിത്തത്തില്‍ മോശവും മറ്റുകാര്യങ്ങളില്‍ മിടുക്കുകാട്ടുന്നവരും ആയിരിക്കും ഇവര്‍, ഉദാഹരണത്തിനു്‌ കളികളിലോ കലാപ്രവര്‍ത്തനത്തിലോ സംഘടനാ പ്രവര്‍ത്തനത്തിലോ ഒക്കെ മികവു കാണിക്കുന്നവരാവുമവര്‍. ഇന്നത്തെ കുട്ടികള്‍ക്കിടയില്‍ ഇങ്ങനെയുള്ള ആരാധനാപാത്രങ്ങള്‍ ഉണ്ടോ എന്നറിയില്ല. ഉണ്ടാവാനിടയില്ല, കാരണം ഇങ്ങനെയുള്ളവരെ ഇപ്പോള്‍ സ്കൂളുകളിലും നാട്ടിലുമൊന്നും അങ്ങനെ കാണാറില്ല. ഇന്നത്തെ കുട്ടികള്‍ക്ക്‌ അവര്‍ പഠിത്തത്തില്‍ മോശമാണെങ്കില്‍പ്പോലും ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുണ്ടാവാറില്ല. അവരുടെ താല്‍പര്യങ്ങള്‍ മറ്റു പലതുമാണു്‌. ഒരു കമ്പ്യൂട്ടറിനു മുന്‍പില്‍ ചടഞ്ഞിരുന്നുകൊണ്ട്‌ കമ്പ്യൂട്ടര്‍ ഗെയിം കളിക്കുക, അല്ലെങ്കില്‍ ടി.വി.യുടെ മുന്‍പില്‍ കുത്തിയിരുന്ന് ക്രിക്കറ്റു കാണുക എന്നിവയില്‍ക്കവിഞ്ഞുള്ള പാഠ്യേതരപ്രവര്‍ത്തനമൊന്നും ഇന്നത്തെ കുട്ടികള്‍ നടത്താറില്ല.


വിദ്യാലയങ്ങളിലെ ഹീറോകളായിരുന്ന ഇതുപോലെയുള്ള കുട്ടികളെക്കൊണ്ടായിരുന്നു അന്ന് വിദ്യാലയങ്ങള്‍ക്കും നാട്ടുകാര്‍ക്കും കൂടുതല്‍ പ്രയോജനം. പഠിത്തമൊഴികെയുള്ള എന്തു കാര്യത്തിനും ഇവര്‍ സമര്‍ത്ഥരായിരുന്നു. സ്കൂളിലെ യൂത്ത്‌ ഫെസ്റ്റിവല്‍, ആനിവേഴ്‌സറി എന്നീ പരിപാടികളുടെ നേതൃത്വം ഇവര്‍ക്കായിരിക്കും. ഡാന്‍സ്‌, പാട്ട്‌ മുതലായ കലകളൊന്നും ഇവര്‍ക്കു വഴങ്ങുകയില്ല. പിന്നെ ഇവര്‍ അവതരിപ്പിക്കുന്ന പരിപാടിയെന്താണെന്നോ-നാടകം. ആര്‍ക്കും കയറി മേയാവുന്ന ഒരു മേഖലയാണല്ലോ അത്‌. കാണികളായുള്ള കുട്ടികള്‍ക്കും നാടകമാണിഷ്ടം. നാടകത്തില്‍ അഭിനയിക്കുന്നവരാണു്‌ അവരുടെ ആരാധനാപാത്രങ്ങള്‍. നാടകം കളിക്കുന്നതിന്റെ പിറ്റെദിവസം സ്കൂളിലെത്തുന്ന ഇവരെ അവര്‍ നാടകത്തിലവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേര്‍ വിളിച്ചാണു്‌ മറ്റുകുട്ടികള്‍ എതിരേല്‍ക്കുന്നത്‌. തങ്ങള്‍ക്കുള്ള അംഗീകാരമായി അവര്‍ അത്‌ കണക്കാക്കുകയും ചെയ്യുന്നു. അങ്ങനെ അവര്‍ സ്കൂളിലെയും നാട്ടിലെയും താരങ്ങളാവുന്നു.


ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്തും ഞങ്ങളുടെ ഹീറോകളായുള്ള ഇങ്ങനെ ചിലര്‍ ഉണ്ടായിരുന്നു. ബേബിച്ചന്‍ എന്നു വിളിക്കുന്ന മാത്യൂ വര്‍ഗ്ഗീസ്‌, ശ്രീകുമാര്‍(എന്റെ ബന്ധുകൂടിയായ അദ്ദേഹത്തെ കൊച്ചുമോന്‍ ചിറ്റപ്പന്‍ എന്നാണു ഞാന്‍ വിളിക്കുന്നത്‌) എന്നിവരായിരുന്നു അതില്‍ പ്രധാനികള്‍. ഇവരോടൊപ്പമുണ്ടായിരുന്ന അല്‍പ്പംകൂടി ജൂനിയറായിരുന്ന ബാബുരാജ്‌ എന്നൊരാള്‍ സ്കൂളിലും, അതിനുശേഷം അവര്‍ തന്നെ രൂപീകരിച്ച അമച്വര്‍ നാടക സമിതിയായ പ്രതിഭാ തീയറ്റേഴ്‌സിലുമെല്ലാം നാടകത്തില്‍ പയറ്റിത്തെളിഞ്ഞശേഷം കേരളത്തിലെ പല പ്രഫഷണല്‍ നാടകട്രൂപ്പുകളിലെയും പ്രധാന നടനായി പ്രശസ്തിയാര്‍ജ്ജിക്കുകയുണ്ടായി. അന്നത്തെ കുട്ടിക്കളി ഗൗരവമായെടുത്ത്‌ അതില്‍ ഒരു ജീവിതമാര്‍ഗം കണ്ടെത്തിയ ഒരാള്‍ ഈ ബാബുരാജ്‌ മാത്രമേയുള്ളു.


എന്റെ ഹീറോകള്‍ കൊച്ചുമോന്‍ ചിറ്റപ്പനും ബേബിച്ചനുമായിരുന്നു. ഞങ്ങളുടെ നാട്ടിലുള്ള കാരിക്കോട്ടമ്പലത്തിന്റെ മൈതാനവും പരിസര പ്രദേശങ്ങളുമായിരുന്നു ഇവരുടെയും പരിവാരങ്ങളുടെയും വിഹാരരംഗം. ഇവരുടെ സംഘം അവിടെയൊക്കെ ഇരുന്ന് വെടിപറയും. അവരെക്കാള്‍ വളരെ ജൂനിയറായ ഞാനൊക്കെ ആദരവോടെ അല്‍പ്പം മാറി നില്‍ക്കുകയേ ഉള്ളു. കൊച്ചുമോന്‍ ചിറ്റപ്പനും ബേബിച്ചനും പരസ്പരം 'സാര്‍' എന്നാണു വിളിക്കുന്നെതെന്നു മനസ്സിലാക്കിയ ഞാന്‍ അതിശയപ്പെട്ടുപോയി. അവരോടുള്ള ആരാധനയും ബഹുമാനവും പാരമ്യത്തിലെത്താന്‍ അത്‌ കാരണമായി. ഞാന്‍ എന്താണു്‌ ഇവരെപ്പോലെയാകാത്തത്‌ എന്നോര്‍ത്ത്‌ കുട്ടിയായ എനിക്ക്‌ നിരാശയും ഉണ്ടായിട്ടുണ്ട്‌. പക്ഷെ, ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ പഠിത്തമാണു്‌ എന്റെ പ്രധാന ജോലി എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. അവരുടെ വിശ്വാസം അതല്ലായിരുന്നുതാനും. ഞാന്‍ അവരിലൊരാളാവാത്തതിനു കാരണം അതാവാം. എങ്കിലും എന്റെ ഹീറോ വര്‍ഷിപ്പിനു്‌ അതു തടസ്സമായില്ല.

ഈ പാര്‍ട്ടികളെല്ലാം ചേര്‍ന്ന് പ്രതിഭാ തീയറ്റേഴ്‌സ്‌ എന്നൊരു അമച്വര്‍ നാടകസംഘമുണ്ടാക്കി. ഞങ്ങളുടെ നാട്ടിലും മറ്റു പലയിടങ്ങളിലും നാടകങ്ങള്‍ അവതരിപ്പിച്ചു. നാടകത്തിന്റെ നോട്ടീസില്‍ എം.ആര്‍. മുല്ലമംഗലം എന്നൊരു പേര്‍ അഭിനേതാകളുടെ പേരുകളുടെകൂടെ കാണാം. അതാരാണെന്നറിയാമോ? മാത്യൂ വര്‍ഗ്ഗീസെന്ന നമ്മുടെ ബേബിച്ചന്‍ തന്നെ. കുറെ നാടകങ്ങളില്‍ അഭിനയിച്ചുകഴിഞ്ഞപ്പോള്‍ ഒരു പൊളപ്പന്‍ പേരിരിക്കട്ടെ എന്നു കരുതിക്കാണും.
പാവം ബേബിച്ചനു്‌ ജീവിതത്തില്‍ വളരെയൊന്നും ഉയരാന്‍ കഴിഞ്ഞില്ല. കുറെ നാളുകള്‍ക്കുശേഷം പ്രതിഭാ തീയറ്റേഴ്‌സ്‌ നാമാവശേഷമായി. പലരും പലവഴിക്കായി. ബേബിച്ചന്റെയും നാടകാഭിനയമൊക്കെ അവസാനിച്ചു.

അച്ഛന്റെ ട്രാന്‍സ്‌ഫറും എന്റെ എഞ്ചിനിയറിങ്ങ്‌ പഠനവുമൊക്കെയായി ഞങ്ങള്‍ വളരെനാള്‍ നാട്ടില്‍നിന്നും വിട്ടുനിന്നു. അതിനുശേഷം തിരിച്ചെത്തിയപ്പോള്‍ ബേബിച്ചനെ മൈക്ക്‌ സെറ്റ്‌ വാടകയ്ക്കു കൊടുക്കുന്നയാളായിട്ടാണു ഞാന്‍ കാണുന്നത്‌. മുത്തൂര്‍ ആല്‍ത്തറ ജംഗ്ഷനില്‍ കുറുപ്പുചേട്ടന്റെ ഉടമസ്ഥതയില്‍ അന്നുണ്ടായിരുന്ന ഒരുനിര കടമുറികളില്‍ ഒരെണ്ണത്തിലായിരുന്നു അദ്ദേഹത്തിന്റെ മൈക്ക്‌ സെറ്റ്‌ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്‌. (ഇന്ന് ആ കെട്ടിടം ഇല്ല. അതിന്റെ സ്ഥാനത്ത്‌ ഒരു ബഹുനില മന്ദിരമാണുള്ളത്‌).

ഒരു കോണ്‍ഗ്രസ്സ്‌ പാര്‍ട്ടി പ്രവര്‍ത്തകനുമായിരുന്നു ബേബിച്ചന്‍. പക്ഷെ പാര്‍ട്ടിപ്രവര്‍ത്തനം കൊണ്ടൊന്നും ഉയരാന്‍ ബേബിച്ചനായില്ല. അതിനുള്ള കഴിവ്‌ ഉണ്ടായിരുന്നിരിക്കില്ല. മൈക്ക്‌ സെറ്റിന്റെ പരിപാടിയും വന്‍തോതിലൊന്നും ഉണ്ടായിരുന്നില്ല. ചെറിയ പരിപാടികള്‍ക്കുള്ള സംവിധാനമേ അയാളുടെ പക്കല്‍ ഉണ്ടായിരുന്നുള്ളു. പിന്നീടയാള്‍ ആ കടമുറി വിട്ടിട്ട്‌ മൈക്ക്‌ സെറ്റിന്റെ സാധനങ്ങള്‍ സ്വന്തം വീട്ടില്‍ സൂക്ഷിച്ചുകൊണ്ടായി പ്രവര്‍ത്തനം. അതില്‍നിന്നൊക്കെ കാര്യമായ വരുമാനം ഉണ്ടായിരുന്നോ എന്നെനിക്കു സംശയമുണ്ട്‌. ഉണ്ടാവാന്‍ സാദ്ധ്യതയില്ല. പണ്ട്‌ അയാളുടെ കമ്പനിയിലുണ്ടായിരുന്ന മറ്റുള്ളവരൊക്കെ മെച്ചപ്പെട്ട നിലയെയിലെത്തി, ബേബിച്ചനെന്തേ ഇങ്ങനെ?

ഒരിക്കല്‍ മുനിസിപ്പല്‍ തെരെഞ്ഞെടുപ്പിന്റെ കാലം. തനിക്കൊരു സീറ്റു കിട്ടുമെന്ന് കോണ്‍ഗ്രസ്സുകാരനായ ബേബിച്ചന്‍ പ്രതീക്ഷിച്ചിരിക്കണം, എന്നാല്‍ അതുണ്ടായില്ല. കോണ്‍ഗ്രസ്സ്‌ സ്ഥാനാര്‍ത്ഥിക്കെതിരെ വിമതനായി ബേബിച്ചന്‍ കയറി നിന്നു. ഒരു ദിവസം അയാള്‍ ഞങ്ങളുടെ വീട്ടില്‍ വന്നു. സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നതിന്റെ കാര്യമൊക്കെ പറഞ്ഞു. എന്റെ അച്ഛന്റെ കാല്‍ തൊട്ടു വന്ദിച്ചു. അദ്ധ്യാപകനായിരുന്ന എന്റെ അച്ഛന്‍ സ്കൂളില്‍ ബേബിച്ചനെ പഠിപ്പിച്ചിട്ടുണ്ടാവണം. തെരെഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് ബേബിച്ചന്‍പോലും കരുതിയിട്ടുണ്ടാവില്ല. സുഖമായിട്ടു തോറ്റു.

*********************************************************************************

ദാ ആ വരുന്നതു ബേബിച്ചനാണു്‌. മുണ്ടും ഷര്‍ട്ടും വേഷം. കാലില്‍ ചെരുപ്പില്ല, നഗ്നപാദന്‍. വളര്‍ന്നുനീണ്ട മുടി. പ്രാകൃതമായ രൂപം. ജീവിതത്തിലൊന്നുമാവാന്‍ കഴിയാത്ത ഒരാള്‍. ഒരുകാലത്തെ എന്റെ ഒരു ഹീറോ. എന്റെ മനസ്സിലെ ആ വിഗ്രഹം എന്നോ വീണുടഞ്ഞിരുന്നു. കുട്ടിക്കാലത്തെ വീരാരാധനയില്‍ എന്തു കാര്യം, അല്ലേ?. കതിരും പതിരും തിരിച്ചറിയാത്ത ആ കാലത്ത്‌ പലതിനോടും പലരോടും ആരാധന തോന്നും. ആരെല്ലാം ആരൊക്കെ ആയിത്തിരുമെന്ന് കാലമാണു കാണിച്ചുതരുന്നത്‌. കുട്ടിക്കാലത്തെ നമ്മുടെ ആരാധനാപാത്രങ്ങളേക്കാള്‍ ഉയരത്തില്‍ നാമെത്തിയേക്കാം. അന്നത്തെ താരങ്ങള്‍ തിളക്കം നഷ്ടപ്പെട്ട്‌ മണ്ണില്‍ പതിച്ചേക്കാം. കാലം, എല്ലാം മാറ്റിമറിക്കുന്നു കാലം!.