Sunday, October 28, 2012

രായപ്പേട്ടനും ഷവർമ്മയും


തിരുവനന്തപുരത്തുനിന്ന് വാങ്ങിയ ഷവർമ്മ കഴിച്ചയാൾ ബംഗളൂരുവിൽ വച്ചു മരിച്ചു. അതു കുറച്ചുനാൾ മുൻപ് സംഭവിച്ചതാണു്. ഈയിടെ ഷവർമ കഴിച്ചു് ആർക്കൊക്കെയോ വയറ്റിനസുഖം പിടിച്ചതായി പത്രത്തിൽ വായിക്കാൻ കഴിഞ്ഞു. ഈ 'ഷവർമ്മ' എന്ന വാക്കു് ആദ്യമായി കേൾക്കുന്ന ചിലരെങ്കിലും ഉണ്ടായിരുന്നു. ഇവരിൽ ഭൂരിഭാഗവും തല വല്ലാതെ നരച്ചവരും യുവജനങ്ങളുടെയും ചെറിയ പയ്യന്മാരുടെയും പുച്ഛവും പരിഹാസവും ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവുരുമായ മുതിർന്ന പയ്യന്മാർ (പൗരന്മാർ എന്നും പറയാം, കാരണം ട്രാൻപോർട്ട് ബസിൽ അങ്ങനെയാണു് എഴുതി വച്ചിരിക്കുന്നതു്) ആയിരുന്നു.

രായപ്പേട്ടൻ എന്ന മുതിർന്ന പയ്യൻ പത്രം വായിക്കുകയായിരുന്നു. ഷവർമ്മ കഴിച്ചു് ഒരാൾ മരിച്ച വാർത്ത കണ്ടു് അദ്ദേഹത്തിനു ദുഃഖം തോന്നി. പക്ഷെ, ഷവർമ്മ എന്താണെന്നു മനസ്സിലാവുന്നില്ല. ഷവർ എന്താണെന്നറിയാം. വർമ്മയെന്ന സാധനത്തെയും അറിയാം.

"ങ്ഹേ, അതെന്തു സാധനം?"

"മ്മടെ രാജരാജ വർമ്മയില്ലേടോ?"

"ഓ"

"അയാളൊരു സാധനം തന്നെയല്ലേ?"

"ഓ, തന്നെ"

"ങാ, അദന്നെ"

ഷവർമ്മയെന്തായിരിക്കും എന്ന് ആലോചിക്കുന്നതിനിടയിൽ ഉണ്ണിക്കുട്ടൻ കടന്നുവന്നു. രായപ്പേട്ടൻ അവനോടു ചോദിച്ചു ഷവർമ്മ എന്താണെന്നു്. കുട്ടികൾക്കറിയാൻ പാടില്ലാത്തതൊന്നും ഇപ്പോൾ ഇല്ലല്ലോ. ഷവർമ്മ എന്താണെന്നറിയാത്ത തന്റെ ഗ്രാന്റ്പയോടു സഹതാപം തോന്നിയ ഉണ്ണിക്കുട്ടൻ അതിനെക്കുറിച്ചു വിവരിച്ചു പറയാനുള്ള സന്മനസ്സു കാണിച്ചു. അതു് എല്ലാ ഹോട്ടലിലും കിട്ടുകയില്ലെന്നതും കൂടാതെ അതു ലഭിക്കുന്ന, ടൗണിലെ രണ്ടു ഹോട്ടലുകളുടെ പേരും അവൻ പറഞ്ഞുകൊടുത്തു.

ആധുനിക ഭക്ഷണസാധനങ്ങളോടു വലിയ പ്രതിപത്തിയില്ലാത്ത ഗ്രാന്റ്പായ്ക്ക് ഷവർമ്മയെക്കുറിച്ചു് അറിയാൻ എന്താണിത്ര താത്പര്യം എന്നു് അത്ഭുതപ്പെടുകയായിരുന്നു ഉണ്ണിക്കുട്ടൻ. ഷവർമ്മ കഴിച്ചു് ഒരാൾ മരണമടഞ്ഞ വിവരമൊന്നും അവൻ അറിഞ്ഞിട്ടുണ്ടായിരുന്നില്ല. കാരണം, ഇന്നത്തെ കൗമാരക്കാരുടെയും യുവജനങ്ങളുടെയും പ്രതിനിധിയാണല്ലോ അവൻ. ‘മനസ്സിലായില്ല, അല്ലേ?’ ……… ‘എടോ, അവനും പത്രം വായിക്കുന്ന സ്വഭാവമില്ലെന്നു്.’

തുടർന്നുള്ള ദിവസങ്ങളിൽ രായപ്പേട്ടനു് പത്രത്തിൽ വായിക്കാൻ കഴിഞ്ഞതു് ഷവർമ്മയുണ്ടാക്കിയ ഭൂകമ്പത്തിന്റെ തുടർചലനങ്ങളെക്കുറിച്ചായിരുന്നു.ഷവർമ്മ ചെയ്ത ചതി എല്ലാ ഹോട്ടലുകാരും അനുഭവിക്കേണ്ടി വന്നു. നാടുനീളെ ഹോട്ടലുകളിൽ ഫുഡ് ഇൻസ്പെക്ടർമാർ റെയ്ഡ് നടത്തി പൂട്ടിക്കാവുന്നവയെല്ലാം പൂട്ടിച്ചു. ഈ ഇൻസ്പെക്ടർമാരെക്കുറിച്ച് ജനത്തിനു് കേട്ടുകേൾവിപോലും ഉണ്ടായിരുന്നില്ല. ഇവർ ഇതുവരെ എവിടെയായിരുന്നു എന്ന് രായപ്പേട്ടൻ അത്ഭുതപ്പെട്ടു. ആവേശം മൂത്ത ചില ഉദ്യോഗസ്ഥർ ചില വമ്പന്മാർ നടത്തുന്ന ഫൈവ് സ്റ്റാർ ഹോട്ടലുകളുടെമേലും കൈവയ്ക്കാൻ ധൈര്യം കാട്ടി (ഇതല്ലേ പറ്റിയ അവസരം). പക്ഷെ, അവിടെ പണി പാളി! കൈ പൊള്ളി! കാരണം, ആ ഹോട്ടൽ മുതലാളിമാർക്കൊക്കെ തിര്വോന്തരത്തു നല്ല പിടിപാടായിരുന്നു.

‘ദാ ഇപ്പോ നല്ല കഥ! അപ്പോ ഈ നക്ഷത്ര ഹോട്ടലുകാരെ തൊടാൻ പാടില്ലെന്നാണോ? അവർക്കൊക്കെ എന്തും ആവാമെന്നോ? നിയമം അവർക്കും ബാധകമല്ലേ? അവിടെയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ നടത്തണ്ടേ, റെയ്ഡ്?’

‘ നടത്തിക്കോ ചങ്ങാതീ. പക്ഷെ, നക്ഷത്രക്കാരോടൊക്കെയാവുമ്പോൾ അല്പസ്വൽപ്പം ബഹുമാനമൊക്കെയാവാം, ഒട്ടും മുഷിയില്യ. റെയ്ഡിനു വരുന്നതിനുമുമ്പായി ഒരു സൂചന, ഒരു മുന്നറിയിപ്പ്, കൊടുക്കേണ്ടേ? അത്രതന്നെ.’

‘എന്തിനെന്നോ, അതാണു് ഞങ്ങൾ സ്റ്റാറുകാരുടെ ആതിഥ്യ മര്യാദയുടെ ഒരു കാര്യം. മുൻകൂട്ടി അറിയിച്ചാലല്ലേ റെയ്ഡിനുവരുന്നവർക്ക് നല്ല ഒരു സ്വീകരണം കൊടുക്കാനും ഞങ്ങളുടെ ആതിഥ്യമര്യാദ പ്രകടിപ്പിക്കാനും സാധിക്കൂ. കൂടാതെ പരിശോധിക്കാൻ വരുന്നവരുടെ ജോലിഭാരം കുറയ്ക്കാനായി ഞങ്ങൾക്ക് ചിലതെല്ലാം ചെയ്യാനും കഴിയുമെന്നുകൂടി കൂട്ടിക്കോ. ഫ്രീസറിലുള്ള പഴയ ഇറച്ചിയും കൂടാതെ പാകം ചെയ്തു വച്ചിരിക്കുന്ന പഴയ ഭക്ഷണസാധനങ്ങളുമെല്ലാം നിങ്ങൾ വരുമ്പോഴേയ്ക്കും അപ്രത്യക്ഷമായിരിക്കും. എല്ലാം നിങ്ങളുടെ ജോലി കുറയ്ക്കുവാൻ വേണ്ടിത്തന്നെ. ഹല്ല, ഇതൊക്കെ പറഞ്ഞുതരേണ്ട കാര്യമുണ്ടോ? നിങ്ങൾ ഈ രാജ്യത്തുതന്നെയല്ലേ ഇത്രയുംകാലം ജീവിച്ചതു്?’ മ്മടെ രായപ്പേട്ടൻ ഉള്ളാലെ ചിരിച്ചു.

അപ്പോൾ തനിക്കു് പണ്ടുണ്ടായ ഒരു അനുഭവം അദ്ദേഹത്തിനു് ഓർമ്മ വന്നു. താൻ ജോലിയിൽ ഇരിക്കുമ്പോഴുണ്ടായ സംഭവമാണു്. ജോലിസ്ഥലത്തെ കാന്റീനിൽ ഉച്ചഭക്ഷണം കഴിക്കാൻ ചെന്നതാണു്. വെറുതെ ഒന്നു് കിച്ചണിൽ കയറി നോക്കി. ഉച്ചയ്ക്കത്തെ ഭക്ഷണത്തിന്റെകൂടെ വിളമ്പാനുള്ള ചള്ളാസ് (തൈരിൽ സവാളയും തക്കാളിയും അരിഞ്ഞിട്ടു് ഉണ്ടാക്കുന്നതു്) തയ്യാറാക്കുകയാണു് മണികണ്ഠൻ എന്ന ജോലിക്കാരൻ. വലിയ ആഴവും വിസ്താരവുമുള്ള ഒരു സ്റ്റീൽ ചരുവത്തിൽ തൈരു് നിറച്ച് അതിൽ സവാളയും തക്കാളിയും അരിഞ്ഞിട്ടിട്ടുണ്ടു്. അതു് ഇളക്കി യോജിപ്പിക്കുന്ന പണിയാണു് മണികണ്ഠൻ ചെയ്യുന്നതു്. രണ്ടു കൈകളും തോൾവരെ തൈരിലാഴ്ത്തി വിദ്വാനങ്ങനെ ഇളക്കുകയാണു്. അതു കണ്ടപ്പോൾ രായപ്പേട്ടനു ശരിക്കും ഛർദ്ദിക്കാൻ വന്നു. പിന്നീടൊരിക്കലും അദ്ദേഹം കാന്റീനിൽനിന്നു ചള്ളാസ് കഴിച്ചിട്ടിട്ടില്ല. ഹോട്ടലിലെയും കാന്റീനിലേയുമൊക്കെ വൃത്തി എന്നു പറയുന്നതു് ഒരു വകയാണു്.

ഈ അടുത്ത കാലത്തു് ഹോട്ടൽ ഭക്ഷണത്തെക്കുറിച്ചു് ഇത്രയധികം മോശം വാർത്തകൾ പുറത്തുവരാൻ എന്താനു കാരണമെന്നു് രായപ്പേട്ടനു മനസ്സിലായില്ല. ഹോട്ടലുകാരുടെ പരിപാടി എന്നും ഇങ്ങനെയൊക്കെത്തെന്നെയായിരുന്നില്ലേ? ഇതൊക്കെപ്പോയി കഴിക്കുന്നവന്മാരെ പറഞ്ഞാൽ മതിയല്ലോ. ന്യൂ ജനറേഷൻ ഭക്ഷണമല്ലേ? രാവിലേയും ഉച്ചയ്ക്കും വൈകിട്ടും വറുത്ത ചിക്കൻ തന്നെ. ഇവനൊക്കെ അജീർണം പിടിക്കാതിരിക്കുമോ? ഈവകയെല്ലാം വാരിവലിച്ചു തിന്നുന്ന കൊച്ചുപിള്ളാർ കുട്ടിയാനയെപ്പോലെ വണ്ണം വച്ചു ചീർക്കുന്നു. സ്വന്തം ഭീമാകാരവും വലിച്ച് ബദ്ധപ്പെട്ട് കുലുങ്ങിക്കുലുങ്ങിപ്പോകുന്ന ഈ പിള്ളാരെ കാണുമ്പോൾ രായപ്പേട്ടനു ചിരിവരും, ഒപ്പം സഹതാപവും. സ്വയം കൃതാനർത്ഥം!

ഏതായാലും പത്രക്കാർക്ക് ആഘോഷിക്കുവാനുള്ള വക ഹോട്ടലുകാർ ഈയിടെയായി നിരന്തരം സംഭാവന ചെയ്യുന്നുണ്ടു്. തിരുവനന്തപുരത്തുനിന്നു വാങ്ങിയ ഇന്റർനാഷണൽ ബ്രാന്റ് ചിക്കൻ ഫ്രൈയിൽ പുഴു, മീൻ കറിയിലും ബിരിയാണിയിലും പാറ്റ, ചോറിൽ പല്ലി. പിന്നെ റെയ്ഡ് വാർത്തകളും - പഴകിയ ബിരിയാണി പിടിച്ചു, ഹോട്ടലിലെ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന, മാസങ്ങളോളം പഴക്കമുള്ള കേടായ ഇറച്ചി പിടിച്ചു. അങ്ങനെ എന്തെല്ലാം! നമ്മുടെ പാവം സുഹൃത്തു് എഴുനൂറ്റി മുപ്പത്തിയേഴു രൂപ കൊടുത്താണു് തിരുവനന്തപുരത്തുനിന്നു് പുഴുവടങ്ങിയ ബ്രാൻഡഡ് ചിക്കൻ ഫ്രൈ വാങ്ങിയതു്. 'കാശു കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങിയപോലെ' എന്നൊരു പ്രയോഗമുള്ളതു് ഇനി 'കാശുകൊടുത്തു് ചിക്കൻ ഫ്രൈ വാങ്ങിയപോലെ' എന്നും ആക്കാം, അല്ലേ ചങ്ങാതീ?

ഹോട്ടൽ ഭക്ഷണം മലയാളി ഒരു ശീലമാക്കിക്കഴിഞ്ഞു. പണ്ടൊക്കെ മിക്കവാറും ഒഴിവാക്കാൻ പറ്റാത്ത സാഹചര്യങ്ങളിലേ മിക്കവരും ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുമായിരുന്നുള്ളു. ഇപ്പോഴത്തെ 'ന്യൂ ജനറേഷൻ' സ്വന്തം വീട്ടിലെ ഭക്ഷണത്തെക്കാൾ ഹോട്ടൽ ഭക്ഷണത്തെയാണു് ഇഷ്ടപ്പെടുന്നതു്-അവർ ഹോട്ടലിൽനിന്നു കഴിക്കുന്നതു കൂടുതലും വറുത്ത ചിക്കൻ വിഭവങ്ങളും.

സ്വാദുകൂട്ടനുപയോഗിക്കുന്ന അജിനൊമോട്ടൊ തുടങ്ങിയ പദാർത്ഥങ്ങളും മാരകമായ രാസപദാർത്ഥങ്ങളടങ്ങിയ നിറങ്ങളും ചേർത്ത ഹോട്ടൽ ഭക്ഷണം മലയാളിയുടെ ആരോഗ്യത്തെ കാർന്നുതിന്നുന്നു. മുതിർന്ന പയ്യന്മാരാവുന്നതിനും എത്രയോ മുൻപുതന്നെ നമ്മുടെ ചെറിയ പയ്യന്മാർ ഇതുമൂലം ഗുരുതര രോഗങ്ങൾ ബാധിച്ചു കഷ്ടപ്പെടുന്നു. ഒരു മാറ്റത്തിനുവേണ്ടി ഇടയ്ക്കെല്ലാം ഹോട്ടൽ ഭക്ഷണമാകാം എന്നല്ലാതെ അതു സ്ഥിരമാക്കുന്നതു നന്നോ എന്ന ഒരു സംശയം രായപ്പേട്ടന്റെ പഴമനസ്സിൽ ഉയർന്നുവന്നു.

മാംസഭക്ഷണം ഇടയ്ക്കൊക്കെ. എന്നാൽ മീൻ ഇഷ്ടംപോലെ കഴിച്ചോളൂ എന്നാണു് ഇപ്പോൾ ഡോക്ടർമാരും ഭക്ഷ്യവിദഗ്ദ്ധന്മാരും ഉപദേശിക്കുന്നതു്. പക്ഷെ ഇപ്പോൾ മീനും വിശ്വസിച്ചു വങ്ങാൻ പറ്റാത്ത സ്ഥിതിയായിരിക്കുന്നു എന്നു് രായപ്പേട്ടൻ ഖേദപൂർവം ഓർത്തു. പച്ചമീൻ കേടാകാതിരിക്കാൻ നേരത്തെ ഐസ് കട്ടകളാണുപയോഗിച്ചിരുന്നതു്. ഇപ്പോഴിതാ അതിനുപകരം ചിലർ ഹാനികരമായ രാസപദർത്ഥങ്ങളും ഉപയോഗിക്കുന്നതായി കേൾക്കുന്നു. ചിലർ വാങ്ങിയ പച്ചമീനിനുള്ളിൽ പുഴുക്കളെ കണ്ട സംഭവവും ഈയിടെ പത്രത്തിൽ വായിച്ചു. ചൂണ്ടയിട്ടു മീൻ പിടിക്കുമ്പോൾ ചൂണ്ടക്കൊളുത്തിൽ വിരയെ കൊളുത്തിയിടാറുണ്ടല്ലോ. അതിനുപകരം പുഴുവിനെ കൊരുത്തായിരിക്കും അവർ ആ മീൻ പിടിച്ചതു്, അല്ലേ ചങ്ങാതീ?-രായപ്പേട്ടൻ ചോദിച്ചു. അതിനൊക്കെ പത്രക്കാർ ഇങ്ങനെ ബഹളമുണ്ടാക്കിയിട്ടു കാര്യമുണ്ടോ?

എന്തു ചെയ്യാം, ഇപ്പോൾ വിശ്വസിച്ചു കഴിക്കാൻ പറ്റിയ ഏക സാധനം പറമ്പിലെ, തനിയെ മുളച്ചുവന്ന ഓമയിൽ ആർക്കും വേണ്ടാതെ ധാരാളമായി കായ്ച്ചു കിടക്കുന്ന ഓമയ്ക്കാ മാത്രം! ഇനി എന്നും ചോറിന്റെകൂടെ ഓമയ്ക്കാ തോരനാക്കിയാലോ?!

ഇങ്ങനെയുള്ള ദുഃഖചിന്തകളിൽ മുഴുകിയിരുന്ന രായപ്പേട്ടൻ,വീടിന്റെ സിറ്റൗട്ടിൽ പത്രക്കാരനെറിഞ്ഞ അന്നത്തെ പത്രം വന്നുവീണ ശബ്ദം കേട്ടു ഞെട്ടിയെഴുന്നേറ്റു. ശരി, പത്രം വായിച്ചുകളയാം. പുറംതാളിൽ നിന്ന് ഉൾപ്പേജുകളിലേയ്ക്കു കടന്നപ്പോഴാണു വീണ്ടും ഞെട്ടിക്കുന്ന വാർത്ത-ഷവർമ്മ കഴിച്ച് വയറ്റിളക്കം പിടിച്ച യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു! നാട്ടുകാർ ഹോട്ടൽ അടിച്ചു തകർത്തു. ങാഹാ, ഈ ഷവർമ്മ ഇത്ര ഭീകരനോ, എന്നാൽ അവനെ ഒന്നു പരീക്ഷിച്ചിട്ടുതന്നെ കാര്യം-രായപ്പേട്ടൻ ധൈര്യപൂർവ്വം ഒരു തീരുമാനമെടുത്തു.

വൈകുന്നേരം നടക്കാനിറങ്ങിയ രായപ്പേട്ടൻ പൊരിച്ചതും കരിച്ചതുമായ കോഴിത്തരങ്ങൾക്കും ഷവർമ്മയ്ക്കുമെല്ലാം പ്രസിദ്ധമായ റെസ്റ്ററെന്റിൽ ചെന്നുകയറി, ആദ്യമായിട്ടാണു കേട്ടോ. ആളൊഴിഞ്ഞ ഒരു മേശക്കുമുൻപിൽ ഇരുന്ന അദ്ദേഹം ചുറ്റുപാടും വീക്ഷിച്ചു. ആളു കുറവാണു്, പത്രവാർത്തകളായിരിക്കും കാരണം. ഇന്നത്തെ പത്രത്തിലുമുണ്ട് ഷവർമ്മ കഴിച്ചു് ആർക്കോ വയറ്റിളക്കം പിടിച്ച കാര്യം.

വെയിറ്റർ വന്നു മെനുകാർഡ് നീട്ടി. അതു സ്വീകരിക്കാൻ കൂട്ടാക്കാതെ സംശയലേശമെന്യെ രായപ്പേട്ടൻ ഓർഡർ കൊടുത്തു,

"ഷവർമ്മ." അദ്ദേഹം രണ്ടും കല്പിച്ചു വന്നതാണല്ലോ!

'ഷവർമ്മ' എന്ന വാക്കു കേട്ടതും, അവിടെ കഴിച്ചുകൊണ്ടിരുന്ന മറ്റുള്ളവർ അരുതാത്തതെന്തോ കേട്ടമട്ടിൽ ഞെട്ടിത്തിരിഞ്ഞു് രായപ്പേട്ടന്റെ നേർക്കു് നോക്കി.
ആദ്യമുണ്ടായ അമ്പരപ്പു മാറിയപ്പോൾ വെയിറ്റർ പറഞ്ഞു,

"ഷവർമ്മയില്ല."

"എന്താ, ഷവർമ്മ നിരോധിച്ചോ?"

"നിരോധിച്ചതല്ല. കുറച്ചു ദിവസത്തേയ്ക്ക് ഞങ്ങൾ ഷവർമ്മ ഉണ്ടാക്കുന്നില്ല. ഇന്നത്തെ പത്രം വായിച്ചില്ലേ? ഈ പത്രവാർത്തയൊക്കെ കണ്ടാൽ കുറച്ചു ദിവസത്തേയ്ക്കു് ആരും ഷവർമ്മ വാങ്ങിക്കത്തില്ല. പിന്നെന്തിനാ ഞങ്ങൾ ഉണ്ടാക്കി വയ്ക്കുന്നതു്?" ആരോടെന്നില്ലാത്ത രോഷം വെയിറ്ററുടെ വാക്കുകളിൽ ഉണ്ടായിരുന്നു.

ഒന്നും മിണ്ടാതെ, നിരാശനായി എഴുന്നേൽക്കാൻ തുടങ്ങിയ രായപ്പേട്ടനെ തടയാനെന്നോണം മെനു കാർഡ് വീണ്ടും നീട്ടിക്കൊണ്ട് വെയിറ്റർ അഭ്യർത്ഥിച്ചു,

"വേറെ എന്തെങ്കിലും കഴിക്കാമല്ലോ"

അതു കാര്യമാക്കാതെ പോകാനായി എഴുന്നേറ്റ രായപ്പേട്ടൻ പറഞ്ഞു,

"വേറെന്തു കഴിയ്ക്കാൻ. ഷവർമ്മയ്ക്കു പകരമാവുമോ വേറെന്തെങ്കിലും. നാലു ദിവസമായി വയറ്റിൽ നിന്നു പോയിട്ടു്. മരുന്നു കഴിച്ചുനോക്കിയിട്ടും പ്രയോജനമില്ല. രാവിലെ പത്രത്തിൽ വായിച്ചു, ഷവർമ്മ കഴിച്ചു് ആർക്കോ വയറ്റിളക്കം പിടിച്ചെന്നു്. അതുകൊണ്ടാ ചങ്ങാതീ, വളരെ പ്രതീക്ഷയോടെ ഞാൻ ഷവർമ്മ ഒന്നു പരീക്ഷിച്ചുകളയാം എന്നുവച്ചു് ഇവിടെ വന്നതു്. അല്ല, എത്ര ദിവസമെന്നുവച്ചാ ഞാനീ കൂലിയില്ലാ ഭാരവും ചുമന്നുകൊണ്ടു് നടക്കുന്നതു്...... ഇനിയിപ്പം എന്തുചെയ്യാനാ?" 
നിരാശനായി രായപ്പേട്ടൻ ഇറങ്ങി നടന്നു.