Thursday, August 21, 2008

മൊസൈക് സ്വാമിയുടെ ക്രൂരവിനോദങ്ങള്‍

ചില മനുഷ്യരെ ആദ്യമായി കാണുമ്പോള്‍ത്തന്നെ നിങ്ങള്‍ക്ക്‌ അവരോട്‌ അകാരണമായി ഒരു ദേഷ്യം തോന്നിയിട്ടില്ലേ ?.ചിലരെ ആദ്യമായി കാണുമ്പോള്‍ത്തന്നെ, തിരോന്തരം ഭാഷയില്‍ പറഞ്ഞാല്‍, അവന്റെ 'കപാലക്കുറ്റി' നോക്കി ഒന്നു കൊടുക്കാന്‍ തോന്നാറില്ലേ ?. എന്താണെന്നറിയില്ല, അതങ്ങനെയാണു്‌.ഒരു പക്ഷെ മുജ്ജന്മത്തില്‍ അവര്‍ നിങ്ങളുടെ ശത്രുക്കളായിരുന്നിരിക്കാം,അല്ലാതെ എന്തു കാരണം പറയാനാ, അല്ലേ ?. ഒന്നോര്‍ക്കുക-നിങ്ങളെ കാണുമ്പോള്‍ മറ്റു ചിലര്‍ക്കും ഇതേ തോന്നലുണ്ടാവുന്നുണ്ടായിരിക്കാം!.

ഞാന്‍ തിരുവനന്തപുരം എഞ്ചിനിയറിംഗ്‌ കോളജില്‍ പഠിക്കുന്ന കാലം (അന്ന്‌ തിരുവനന്തപുരത്ത്‌ ആകെ ഒരു എഞ്ചിനിയറിംഗ്‌ കോളജ്‌ മാത്രമേ ഉണ്ടായിരുന്നുള്ളു). ഒന്നാം സെമസ്റ്റര്‍ ആണു്‌, കോഴ്സ്‌ തുടങ്ങിയിട്ട്‌ അധിക നാളായിട്ടില്ല.ഹോസ്റ്റലില്‍ ആണു താമസം.എഞ്ചിനിയറിംഗ്‌ കോളജിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു വരുന്നതേ ഉള്ളു.രാവിലെ എട്ടരയ്ക്കു ക്ലാസ്സ്‌ തുടങ്ങും. ഹോസ്റ്റലില്‍ നിന്ന്‌ കോളജിലേക്കു പോകുന്നത്‌ ഓരോ ഗ്രൂപ്പായിട്ടായിരിക്കും.

അന്നു രാവിലെ എട്ടരയ്ക്കു ക്ലാസ്സിലെത്താന്‍ തത്രപ്പെട്ടു പോവുകയാണു ഞങ്ങള്‍. എഞ്ചിനിയറിംഗ്‌ മെക്കാനിക്സ്‌ ആണു്‌ ആദ്യത്തെ ക്ലാസ്സ്‌. മൊസൈക്‌ സ്വാമി എന്നറിയപ്പെടുന്ന, സിവില്‍ എഞ്ചിനിയറിങ്ങിലെ ഒരു സാറാണു്‌ ക്ലാസ്സ്‌ എടുക്കുന്നത്‌.ഹോസ്റ്റലേഴ്സ്‌ ഒരു പടയായി ചെന്നു കയറിയതും മൊസൈക്കു സ്വാമി ക്ലാസ്സിലെത്തിയതുമൊരുമിച്ചായിരുന്നു.

ഡേ സ്കോളേഴ്സ്‌ നേരത്തേ തന്നെ മുന്‍ നിര സീറ്റെല്ലാം കൈയ്യടക്കിയിരുന്നു. അല്ലെങ്കില്‍ തന്നെ, മുന്നിലുള്ള സീറ്റുകള്‍ ഒഴിഞ്ഞു കിടന്നാലും ഹോസ്റ്റലേഴ്സ്‌ പുറകിലുള്ള സീറ്റുകളിലെ ഇരിക്കാറുള്ളു.(ഈ മൊസൈക്‌ സ്വാമിയുടെ യഥാര്‍ത്ഥ പേരെന്താണെന്ന്‌ അന്നും ഇന്നും എനിക്കറിയില്ല. അതറിയാന്‍ ഞങ്ങള്‍ക്കാര്‍ക്കും താല്‍പ്പര്യവും ഉണ്ടായിരുന്നില്ല.അല്ലെങ്കില്‍ത്തന്നെ ഒരു പേരില്‍ എന്തിരിക്കുന്നു, അല്ലേ ?. ആ പേരു കിട്ടിയത്‌ എങ്ങനെയാണാവോ?. സ്വാമി എന്നുള്ളത്‌ അദ്ദേഹം പട്ടരായതു കൊണ്ടാണു്‌.മൊസൈക്‌ എങ്ങനെ വന്നുവെന്നറിയില്ല.)

ക്ലാസ്സ്‌ തുടങ്ങിയതേ ഉള്ളു. അപ്രതീക്ഷിതമായതു സംഭവിക്കുന്നു!. മൊസൈക്‌ സ്വാമി എന്റെ നേരെ കൈ കാണിക്കുന്നു - എഴുന്നേറ്റു നില്‍ക്കാന്‍. അറിഞ്ഞു കൊണ്ട്‌ ഒരു തെറ്റും ചെയ്തിട്ടില്ല, പിന്നെ എന്തിനാണാവോ എന്നെ എഴുന്നേല്‍പ്പിക്കുന്നത്‌.

"ഹാവ്‌ യൂ ഡണ്‍ യുവര്‍ ഹോം വര്‍ക്ക്‌ ?"

ഓ! അപ്പോള്‍ അതാണു കാര്യം!. കഴിഞ്ഞ ദിവസം ഒരു പ്രോബ്ലം ചെയ്യാനായി തന്നിരുന്നു.( ഹോസ്റ്റലേര്‍സായുള്ളവര്‍ ഉഴപ്പന്മാരും ഹോം വര്‍ക്കു ചെയ്യുക എന്നതു പോലുള്ള നല്ല കാര്യങ്ങളിലൊന്നും വിശ്വാസമില്ലാത്തവരും ആണെന്നാണു്‌ അദ്ദേഹത്തിന്റെ വിശ്വാസം.) ഏതായാലും അദ്ദേഹത്തിന്റെ വിശ്വാസം തെറ്റിയില്ല!. ഞാന്‍ ഹോം വര്‍ക്ക്‌ ചെയ്തിരുന്നില്ല.

"ഐ ഡിഡിന്റ്‌ നോ ഹൗ റ്റു സോള്‍വ്‌ ദ പ്രോബ്ലം"

നേരേചൊവ്വേ ഇംഗ്ലീഷ്‌ പറയാന്‍ അറിയാത്ത എന്റെ നാടന്‍ ഉച്ചാരണത്തില്‍ ഞാന്‍ പറഞ്ഞു. നാട്ടിന്‍ പുറത്തെ ഒരു സാധാരണ മലയാളം സ്കൂളില്‍ പഠിച്ചു വന്ന എനിക്കുണ്ടോ ഇംഗ്ലീഷ്‌ സംസാരിക്കാന്‍ അറിയുന്നു.( 'ഡിഡിന്റ്‌' എന്നൊക്കെ ഉച്ചരിച്ചാല്‍ ക്ലാസ്സിലെ, ഇംഗ്ലീഷ്‌ അറിയാവുന്ന നാടന്‍ സായ്പ്പന്മാര്‍ക്കു പുച്ഛം തോന്നും എന്നൊന്നും ഞാന്‍ അപ്പോള്‍ ചിന്തിച്ചിരിക്കില്ല.)

പക്ഷെ, ഞാന്‍ പറഞ്ഞതു വാസ്തവം തന്നെ ആയിരുന്നു. ആ പ്രോബ്ലം ചെയ്യാന്‍ അറിയാത്തതു കൊണ്ടു മാത്രമാണു ഞാന്‍ ചെയ്യാതിരുന്നത്‌.എന്റെ ഗതികേടു കണ്ടു രസിച്ചിരിക്കുന്ന മറ്റുള്ളവര്‍ക്കിടയില്‍ വിഡ്ഢി വേഷം കെട്ടി നില്‍ക്കുന്ന എന്റെ അടുത്തേയ്ക്ക്‌ മൊസൈക്‌ സ്വാമി നടന്നു വന്നു.

എന്റെ, നോട്ടെഴുതിയ പേപ്പറുകള്‍ മറിച്ചു നോക്കി. ക്ലാസ്സില്‍ കൊണ്ടു വരുന്ന പ്ലാസ്റ്റിക്‌ ഫയലില്‍ ഞാന്‍ തലേ ദിവസത്തെ നോട്ടെഴുതിയ പേപ്പറുകള്‍ മാത്രമേ എടുത്തു വച്ചിരുന്നുള്ളു.

"ഒണ്‍ളി ദിസ്‌ മച്ച്‌ ?! വാട്ട്‌ എബൗട്‌ ദി അദര്‍ ഡേയ്സ്‌ നോട്സ്‌ ?"

"ഇന്‍ മൈ റൂം". വീണ്ടും എന്റെ മുറി ഇംഗ്ലീഷ്‌.

(തെറ്റൊന്നും ചെയ്തിട്ടില്ല എന്ന ഉറച്ച ബോധത്തോടെ തല ഉയര്‍ത്തി നിന്ന്‌ ധൈര്യത്തോടെയാണതു പറഞ്ഞത്‌. അങ്ങനെ ബോള്‍ഡാവുന്നതൊന്നും മൊസൈക്‌ സ്വാമിയെപ്പോലുള്ള തികഞ്ഞ യാഥാസ്ഥിതികരായ അവിടത്തെ അദ്ധ്യാപകര്‍ക്ക്‌ സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല.അവരുടെ മുന്‍പില്‍ കുറ്റവാളിയെ പോലെ ഒന്നും മിണ്ടാതെ തലകുനിച്ചു നില്‍ക്കുന്നതാണു്‌ അവര്‍ക്കിഷ്ടം.)

"ദെന്‍ വൈ ഡോണ്ട്‌ യൂ ആള്‍സോ റിമൈന്‍ ഇന്‍ യുവര്‍ റൂം ?" മൊസൈക്‌ സ്വാമി തിരിച്ചടിച്ചു.

മൊസൈക്‌ സ്വാമി എന്നെ ഒരു നോട്ടപ്പുള്ളി ആക്കി കഴിഞ്ഞു.

സ്വാമിയുടെ മുന്‍പില്‍ കരുതലോടെ ഇരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഇഷ്ടമില്ലാത്ത വിദ്യാര്‍ഥികളുടെ സെഷണല്‍ മാര്‍ക്കു കുറച്ച്‌ അവരെ ഒതുക്കാന്‍ വിരുതനാണു്‌ അദ്ദേഹം. ടെസ്റ്റു പേപ്പറിന്റെയും അസൈന്മെന്റിന്റെയും മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണു്‌ സെഷണല്‍ മാര്‍ക്കിടുന്നതെന്നതിനാല്‍ ഞാന്‍ മൊസൈക്‌ സ്വാമിയുടെ ടെസ്റ്റ്‌ പേപ്പറുകളും അസൈന്മെന്റുകളും വളരെ കരുതലോടെയാണു്‌ എഴുതിയത്‌. ടെസ്റ്റ്‌ പേപ്പര്‍ നടക്കുമ്പോഴൊക്കെ ഞാന്‍ കോപ്പിയടിക്കുന്നുണ്ടെങ്കില്‍ പിടിക്കാന്‍ മൊസൈക്‌ സ്വാമി അശ്രാന്ത പരിശ്രമം നടത്തി. പക്ഷെ അങ്ങനെയൊരു സ്വഭാവം എനിക്ക്‌ ഇല്ലാത്തതു കാരണം അതിലൊന്നും എനിക്കു പേടി ഇല്ലായിരുന്നു.

ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നവരോട്‌ മൊസൈക്‌ സ്വാമിക്കുള്ള വിരോധം പ്രസിദ്ധമായിരുന്നു.ഹോസ്റ്റലേഴ്സ്‌ ഉഴപ്പാന്‍ വേണ്ടി വരുന്നവരാണെന്നും, കോളജില്‍ കുഴപ്പങ്ങള്‍ മുഴുവന്‍ ഉണ്ടാക്കുന്നത്‌ അവരാണെന്നും വിശ്വസിക്കുന്നവരായിരുന്നു മൊസൈക്‌ സ്വാമിയെപ്പോലെ സീനിയറായ പല അദ്ധ്യാപകരും. ഡേ സ്കോളേഴ്സിനെയാണു അവര്‍ക്കെല്ലാം പ്രിയം.

( ഹോസ്റ്റല്‍, കോളജ്‌ കോമ്പൗണ്ടിനുള്ളില്‍ ആണെങ്കിലും ഏറ്റവും ഒടുവില്‍ ക്ലാസില്‍ എത്തുന്നത്‌ ഹോസ്റ്റലേഴ്സാണു്‌. ക്ലാസ്സില്‍ കയറിയാലോ മുന്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടപ്പുണ്ടെങ്കില്‍ പോലും ഏറ്റവും പിന്നിലുള്ള സീറ്റുകളിലേ ഇരിക്കൂ.സകല ഗുലുമാലുകളുടെ പിന്നിലും ഹോസ്റ്റലേഴ്സ്‌ ആയിരിക്കും.മാത്രമല്ല ഓരോ ക്ലാസ്സിലും ഏറ്റവും നന്നായി പഠിക്കുന്ന കുട്ടികള്‍ ഡേ സ്കോളേഴ്സ്‌ ആയിരിക്കും.ഇങ്ങനെയുള്ള കാരണങ്ങളാണു്‌ മൊസൈക്‌ സ്വാമിയെപ്പോലുള്ള അദ്ധ്യാപകര്‍ ഹോസ്റ്റലേഴ്സിനെ വെറുക്കാന്‍ കാരണം.)

ഏതായാലും മറ്റു കുഴപ്പങ്ങളൊന്നും ഇല്ലാതെ ആ സെമസ്റ്റര്‍ അവസാനിച്ചു. മൊസൈക്‌ സ്വാമി സെഷണല്‍ മാര്‍ക്ക്‌ പരമാവധി കുറച്ചാണു തന്നത്‌. അന്നു്‌ ഒന്നാം സെമസ്റ്റര്‍ മുതല്‍ തന്നെ യൂണിവേഴ്സിറ്റി പരീക്ഷയുണ്ട്‌. സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞു മാര്‍ക്ക്‌ ലിസ്റ്റു കിട്ടിയപ്പോള്‍ വലിയ കുഴപ്പമില്ലാതെ എല്ലാ വിഷയങ്ങള്‍ക്കും പാസ്സായിട്ടുണ്ട്‌.

നമ്മുടെ വിഷയം ഇലക്ട്രിക്കലാണെങ്കിലും സിവിലു കാരുടെ ചില സബ്ജെക്റ്റുകള്‍ ആദ്യ ചില സെമസ്റ്ററുകളില്‍ പഠിക്കേണ്ടതായുണ്ട്‌. മൊസൈക്‌ സ്വാമിയായിരിക്കരുതേ പഠിപ്പിക്കാന്‍ വരുന്നത്‌ എന്ന പ്രാര്‍ഥനയോടെയാണു്‌ പുതിയ സെമസ്റ്റര്‍ തുടങ്ങുമ്പോള്‍ ആദ്യത്തെ ക്ലാസ്സുകളില്‍ ഇരിക്കുന്നത്‌.

രണ്ടാം സെമസ്റ്ററില്‍ സര്‍വേയിംഗ്‌ പ്രാക്റ്റിക്കല്‍ ഉണ്ട്‌.അതിനു്‌ മോസൈക്‌ സ്വാമിയല്ല. രക്ഷ പെട്ടു എന്നു കരുതി. പക്ഷെ നമ്മുടെ കഷ്ടകാലത്തിനു്‌ 'വരാനുള്ളതു വഴിയില്‍ തങ്ങുകയില്ല' എന്നാരോ പറഞ്ഞു വച്ചിട്ടുണ്ടല്ലോ !.

രണ്ടാം സെമസ്റ്റര്‍ അവസാനിച്ചു. തിയറി പരീക്ഷകളെല്ലാം കഴിഞ്ഞു. സര്‍വേയിംഗ്‌ പ്രാക്റ്റിക്കല്‍ പരീക്ഷയുടെ ദിവസം. രാവിലെ മുതല്‍ നല്ല മഴ. ഈ മഴയത്ത്‌ എങ്ങനെ സര്‍വേയിംഗ്‌ നടത്തും എന്ന് വിചാരിച്ചു കൊണ്ടാണു്‌ പരീക്ഷയ്ക്കു ചെന്നത്‌.

അപ്പോഴാണു ഹൃദയ ഭേദകമായ ആ കാഴ്ച കാണുന്നത്‌. പരീക്ഷ നടത്താന്‍ വന്നിരിക്കുന്ന രണ്ടു സാറന്മാരില്‍ ഒരാള്‍ സാക്ഷാല്‍ മൊസൈക്‌ സ്വാമി!. അദ്ദേഹമാണു്‌ എക്സ്റ്റേണല്‍ എക്സാമിനര്‍. (ചിലപ്പോള്‍ അങ്ങനെ സംഭവിക്കാറുണ്ട്‌-അതേ കോളജിലെ അദ്ധ്യാപകന്‍ തന്നെ എക്സ്റ്റേണല്‍ എക്സാമിനര്‍ ആകുക.)

എന്നെ കണ്ടതും മൊസൈക്‌ സ്വാമിയുടെ നിര്‍വ്വികാരമായ മുഖത്ത്‌ ഇടയ്ക്കു പ്രത്യക്ഷപ്പെടാറുള്ള, മനുഷ്യനെ വലിപ്പിക്കുന്ന ആ ഓഞ്ഞ ചിരി പ്രത്യക്ഷപ്പെട്ടു. അപ്രതീക്ഷിതമായി ഒരു നല്ല ഇരയെ കിട്ടിയതിന്റെ സന്തോഷം!.

മഴയായതു കൊണ്ട്‌ വെളിയില്‍ വച്ചു സര്‍വേയിംഗ്‌ നടത്തേണ്ടെന്നായിരുന്നു മൊസൈക്‌ സ്വാമിയുടെ തീരുമാനം. അതിനു പകരമായി തിയോഡലൈറ്റ്‌ സര്‍വേയുടെ ചില റീഡിംഗ്‌ അദ്ദേഹം തരും. ഞങ്ങള്‍ കാല്‍ക്കുലേഷന്‍ നടത്തി കാണിക്കണം. അതിനു ശേഷം വൈവ.

കാല്‍ക്കുലേഷനെല്ലാം ഞാന്‍ ശരിയായിട്ടു ചെയ്തു. വൈവയ്ക്കു വേണ്ടി ഞാന്‍ സ്വാമിയുടെ മുന്‍പില്‍ ഇരിക്കുന്നു. എന്റെ ആത്മവിശ്വാസം തകര്‍ക്കാനായിരിക്കണം അദ്ദേഹം ആദ്യമായി പറഞ്ഞത്‌ ഇതാണു്‌.

"തന്നെ ഞാന്‍ ജയിപ്പിക്കത്തില്ല കേട്ടോ"

പിന്നീടു ചോദ്യങ്ങള്‍ ആരംഭിച്ചു. വലിയ കുഴപ്പം കൂടാതെ ഉത്തരങ്ങള്‍ പറഞ്ഞു. പരീക്ഷ കഴിഞ്ഞു മാര്‍ക്കു ലിസ്റ്റു കിട്ടുന്നതു വരെയുള്ള ആ വലിയ ഇടവേളയില്‍ പലപ്പോഴും മൊസൈക്‌ സ്വാമിയുടെ ക്രൂരമായ ശബ്ദം എന്റെ ചെവിയില്‍ മുഴങ്ങി- "തന്നെ ഞാന്‍ ജയിപ്പിക്കത്തില്ല കേട്ടോ"

സര്‍വേയിംഗ്‌ പ്രാക്റ്റിക്കലിനു തോല്‍ക്കുമെന്നു ഞാന്‍ ഉറപ്പാക്കി. ഇതു വരെ ഒരു പരീക്ഷയ്ക്കും തോറ്റിട്ടില്ല. ജീവിതത്തില്‍ ആദ്യമായി അതു സംഭവിക്കാന്‍ പോകുന്നു. അവസാനം പരീക്ഷാ ഫലം വന്നു.എനിക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല.സര്‍വേയിങ്ങിനും ഞാന്‍ ജയിച്ചിരിക്കുന്നു!. പക്ഷെ അതിനു മാര്‍ക്ക്‌ വളരെ കുറവാണു്‌. എങ്കിലും മൊസൈക്‌ സ്വാമി തോല്‍പ്പിച്ചില്ല!. അദ്ഭുതം തന്നെ!. തോല്‍പ്പിക്കുവാനുള്ള പഴുതു കിട്ടിക്കാണില്ല. ഏതായാലും എനിക്ക്‌ ആശ്വാസമായി. ഹാവൂ! രക്ഷ പെട്ടു.

വേറൊരദ്ധ്യാപകനും എന്നോടിങ്ങനെ അകാരണമായി മോശമായി പെരുമാറിയിട്ടില്ല. അകാരണമായി ഒരാളോടു ദേഷ്യം തോന്നുന്നതെന്തായിരിക്കാം?. ഇവിടെ ആദ്യത്തെ ഖണ്ഡികയില്‍ ഞാന്‍ പറഞ്ഞതായിരിക്കാം അതിന്റെ കാര്യം, അല്ലേ?

മൊസൈക്‌ സ്വാമിയെ പോലുള്ള അദ്ധ്യാപകര്‍ ഇപ്പോഴും തിരുവനന്തപുരം എഞ്ചിനിയറിംഗ്‌ കോളജില്‍ ഉണ്ടോ ആവോ?