സമയം സന്ധ്യ കഴിഞ്ഞിരുന്നു.രണ്ടു പേരൊഴികെ എല്ലാവരും ആഘോഷം കഴിഞ്ഞു പോയിരുന്നു.പോകാത്ത രണ്ടുപേര്‍ അഭിനവ ഭാസ്കര പട്ടേലരും തൊമ്മിയുമായിരുന്നു-സേവിയറും തോമസും.അവര്‍ എപ്പോഴും അങ്ങനെ ആണു്.അവസാനത്തെ തുള്ളിയും തീര്‍ത്തു മാത്രമേ പോകൂ.രണ്ടിനും ഭയങ്കര കപ്പാസിറ്റിയാണെന്നു കൂട്ടിക്കോ.ആഘോഷം കഴിഞ്ഞു പോയവര്‍ ഭക്ഷണം കഴിച്ച പ്ലേറ്റുകള്‍, മദ്യമൊഴിച്ചു കുടിച്ച ഗ്ലാസ്സുകള്‍, ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ എന്നിവ മേശപ്പുറത്തു ചിതറിക്കിടന്നു, കാക്ക ചികഞ്ഞിട്ടതു പോലെ.രാവിലെ വരുമ്പോള്‍ തൂപ്പുകാരിക്കു നല്ല പണിയായി.ഈ വൃത്തികേടൊക്കെ കാണുമ്പോള്‍ അവര്‍ ഉള്ളില്‍ ചീത്ത വിളിക്കുന്നുണ്ടാവും.
"എന്താ കേറ്റിക്കഴിഞ്ഞില്ലേ, ഇനി പോകാം ?". സേവിയര്‍ ചോദിച്ചു.
കുപ്പി കാലിയാക്കി അവസാനത്തെ തുള്ളിയും മോന്തുകയായിരുന്ന തോമസ് തലയാട്ടി.
"ഒാാാക്കെ"
വാതില്‍ അടച്ചു പൂട്ടി അവര്‍ പുറത്തെ ഇരുട്ടിലേയ്ക്ക് ഇറങ്ങി.വഴിയരികില്‍ പാര്‍ക്കു ചെയ്തിരുന്ന കാറു തുറന്ന് സേവിയര്‍ ഡ്രൈവര്‍ സീറ്റില്‍ ഇരുന്നു, തോമസ് അയാളുടെ ഇടതു വശത്തും.കാറു സ്റ്റാര്‍ട്ടാക്കാതെ സേവിയര്‍ സ്റ്റിയറിംഗ് വീലില്‍ താളം പിടിച്ചിരുന്നു.പതുക്കെ തോമസിനെ ഒളികണ്ണിട്ടു നോക്കിയിട്ട് ചോദിച്ചു.
"അല്ല ഇത്രയും കുടിച്ചിട്ടു വണ്ടിയോടിക്കുന്നതു നല്ലതാണോ ?"
"ഊം....ബോസ് എത്രയെണ്ണം അടിച്ചു ?".വെള്ളമടിച്ചു കഴിയുമ്പോള്‍ അയാള്‍ മേലുദ്യോഗസ്ഥനായ സേവിയറിനെ ബോസ് എന്നാണു വിളിക്കുന്നത്.
"അഞ്ചെണ്ണം"
"അതു ശരി.അഞ്ചെണ്ണം കേറ്റിയോ ?.അപ്പൊ ഞാന്‍ എന്തു മര്യാദക്കാരന്‍.എനിക്കു നാലെണ്ണമേ കിട്ടിയുള്ളൂ.ഏതായാലും അഞ്ചെണ്ണം അടിച്ചിട്ടു വണ്ടിയോടിച്ചാല്‍ ശരിയാകത്തില്ല.കുറെ ദൂരം ഓടിക്കാനുള്ളതല്ലേ ?.സ്റ്റീറിംഗ് നേരേ നിക്കത്തില്ല.അതു ശരിയാവണമെങ്കില്‍ ഒരു മൂന്നെണ്ണം കൂടി അടിക്കണം."
"ങാ...അതു തന്നെയാ ഞാനും ഓര്‍ത്തത്.തനിക്കേതായാലും ബുദ്ധിയുണ്ട്.അപ്പൊ എങ്ങോട്ടാ വിടേണ്ടത് ?"
"ഓ,എങ്ങോട്ടാണെന്ന് അറിയാന്‍ വയ്യാത്ത പോലെ !.ചലോ കാവേരി ബാര്‍, അല്ല പിന്നെ !"
കാവേരി ബാറിലേയ്ക്കു വണ്ടി പാഞ്ഞു.
"എടോ അവിടെച്ചെന്നു കവേരീ നദി മുഴുവന്‍ കുടിച്ചു വറ്റിച്ചേക്കരുതു കേട്ടോ.........ഇങ്ങനെയൊരു കള്ളു കുടിയനെ ഞാന്‍ കണ്ടിട്ടില്ല.ഇതിനെയൊക്കെ കൊണ്ടു നടന്ന് ഞാനും കൂടെ ചീത്തയായി"
"അയ്യോ ഒരു പുണ്യാളന്‍ !.ബോസിന്റെ കൂടെ നടന്നാ ഞാന്‍ ചീത്തയായതെന്നാ എന്റെ പെണ്ണുമ്പിള്ള പറേന്നത്""ഈ പെണ്ണുമ്പിള്ളയൊക്കെ ഉള്ളതാ ശല്ല്യം"
ബാറില്‍ നല്ല തിരക്കായിരുന്നു.ദൂരെയുള്ള മൂലയില്‍ ഒരൊഴിഞ്ഞ മേശ കണ്ടു പിടിച്ചു രണ്ടു പേരും ഇരുന്നു........സാധനമെത്തിയപ്പോള്‍ തോമസ് വാചാലനായി.
"ഇതിന്റെ മഹത്ത്വമെന്താണു ബോസ് ?"
"ഏതിന്റെ ?"
"ഈ വെള്ളമടിയുടെ"
"തന്നെ പോലെയുള്ളവന്മാര്‍ക്ക് എന്റെ മണ്ടയ്ക്കു കേറാന്‍ പറ്റും, അതു തന്നെ"
"എക്സാക്റ്റിലി.വ്യക്തമായിപ്പറഞ്ഞാല്‍,ഒരുമിച്ചിരുന്നു വെള്ളമടി തുടങ്ങിയാല്‍ പണ്ഡിതനും പാമരനും തമ്മിലും,മേലുദ്യോഗസ്ഥനും കീഴുദ്യോഗസ്ഥനും തമ്മിലും, പണക്കാരനും പവപ്പെട്ടവനും തമ്മിലും എല്ലാമുള്ള വ്യത്യാസമില്ലാതാവും"
"മനുഷ്യനും പട്ടിയും തമ്മിലുള്ള വ്യത്യാസം പോലും ഇല്ലാതാവും, പിന്നെയല്ലേ "
"അതെ". ബോസ് തനിക്കിട്ടൊന്നു താങ്ങിയതാണെന്നു മനസ്സിലാകാതെ അയാള്‍ തുടര്‍ന്നു,
"ദേ,ഇപ്പൊ ഞാന്‍ ബോസിന്റെ തോളത്തൊന്നു കൈ ഇട്ടാല്‍ ബോസിനൊരു വിരോധോം തോന്നത്തില്ല, അല്ലേ ?"
സേവിയര്‍ തലയാട്ടി.
"ഈ ലോകത്തു സമത്വം വരണമെങ്കില്‍ സോഷ്യലിസമല്ല, ആല്‍ക്കഹോളിസമാണു നടപ്പാക്കേണ്ടത്, അല്ലേ ബോസ്"
"ശബ്ദം കൊറയ്ക്കെടോ.ഓരോത്തരൊക്കെ നമ്മുടെ നേരെയാ നോക്കുന്നത്. താന്‍ ശരിക്കും ഫിറ്റായെന്നാ തോന്നുന്നത്"
"ഉത്തരവ്".അയാള്‍ ശബ്ദം താഴ്ത്തി.
രണ്ടു പേരും കൂടി അവിടെ നിന്നും ഇറങ്ങിയപ്പോള്‍ മണി ഒന്‍പത്.ഇറങ്ങുമ്പോള്‍ ഒരു കുപ്പി കൂടി വാങ്ങി കയ്യില്‍ കരുതി.സേവിയറിന്റെ വീട്ടില്‍ എത്തണമെങ്കില്‍ നാല്‍പ്പതു കിലോമീറ്റര്‍ വണ്ടിയോടിക്കണം.വഴി മദ്ധ്യേയാണു് തോമസിന്റെ വീട്.
രണ്ടു പേരും കൂടി കാറില്‍ കയറി.നടക്കുമ്പോള്‍ കാലിനൊരു ആട്ടമുണ്ടെങ്കിലും വണ്ടിയില്‍ കയറിയാല്‍ സേവിയറിനു പ്രശ്നമൊന്നുമില്ല.എത്ര ദൂരം വേണമെങ്കിലും ഓടിക്കാം.തോമസിന്റെ സ്ഥലമെത്താറായപ്പോള്‍ റോഡരികില്‍ സൗകര്യപ്രദമായ ഒരിടത്തു വണ്ടി ഒതുക്കിയിട്ടിട്ട് രണ്ടു പേരും കൂടി കയ്യില്‍ കരുതിയിരുന്ന കുപ്പിയും കാലിയാക്കി.
തോമസ് ,വീടിനെ ലക്ഷ്യമാക്കി നടക്കുന്നതിനിടയില്‍ വിളിച്ചു പറഞ്ഞു.
"ദേ, ഒരു ബാറു മുഴുവന്‍ വിഴുങ്ങിക്കോണ്ടാ വണ്ടിയോടിക്കുന്നതെന്നോര്‍ത്തോണം.സൂക്ഷിച്ചും കണ്ടും ഓടിച്ചാല്‍ നിങ്ങടെ ഭാര്യയ്ക്കു കൊള്ളാം.അല്ലെങ്കില്‍ എല്ലാം കൂടി തൂത്തു വാരി കൊട്ടയ്ക്കകത്താക്കി അവരെ കൊണ്ടു കാണിയ്ക്കേണ്ടി വരും, ഞാന്‍ പറഞ്ഞില്ലെന്നു വേണ്ടാ.എനിയ്ക്കീ കള്ളു കുടിയന്മാരോടു സംസാരിക്കുന്നതേ ഇഷ്ടമല്ല"
"ഞാന്‍ സൂക്ഷിച്ചോളാം.താന്‍ പോകുന്ന വഴി വല്ല പാറമടേലും മറിഞ്ഞു വീണു ചാകാതിരുന്നാല്‍ മതിയെടോ മുഴുക്കുടിയാ"
സേവിയര്‍ വണ്ടി വിട്ടു.വീടിന്റെ ഗേറ്റില്‍ ചെന്നപ്പോള്‍ പതിനൊന്നു മണി കഴിഞ്ഞു.വീട്ടിനുള്ളില്‍ ലൈറ്റൊന്നും കാണുന്നില്ല.അവള്‍ കാത്തിരുന്ന് അവസാനം പ്രതിഷേധിച്ച് ഉറങ്ങിക്കാണും.ഇപ്പോള്‍ വിളിച്ചുണര്‍ത്തുന്നതു ബുദ്ധിയല്ല.അവള്‍ക്കു വായില്‍ തോന്നിയതെല്ലാം വിളിച്ചു പറയും.അയാള്‍ വണ്ടി ഗേറ്റിനകത്തു കടത്താതെ റോഡരികില്‍ത്തന്നെ പാര്‍ക്ക് ചെയ്തു.
ശബ്ദമുണ്ടാക്കാതെ ഗേറ്റു തുറന്നു് മുറ്റത്തു കയറി.വീടിനു പുറത്തെവിടെയെങ്കിലും നീണ്ടു നിവര്‍ന്നു കിടക്കാന്‍ ഒരു സ്ഥലം പരതി.അപ്പോഴാണു പട്ടിക്കൂടു കണ്ണില്‍ പെട്ടത്.പട്ടി ചത്തു പോയതു കാരണം ഒരു മാസമായി പട്ടിക്കൂട് ഒഴിഞ്ഞു കിടക്കുകയാണു്. അയാള്‍ നൂണ്ട് പട്ടിക്കൂടിനുള്ളില്‍ കയറി.വിശാലമായി നീണ്ടു നിവര്‍ന്നു കിടക്കാന്‍ ധാരാളം സ്ഥലം.അയാള്‍ പാന്റ് ഒന്നയച്ചിട്ട് നീണ്ടു നിവര്‍ന്ന് മലര്‍ന്നു കിടന്നു.പട്ടിക്കൂടിന്റെ സിമന്റിട്ട തറയുടെ തണുപ്പിനു നല്ല സുഖം !
"മനുഷ്യനും പട്ടിയും തമ്മില്‍ വ്യത്യാസമില്ലാതാകുന്ന സുന്ദര നിമിഷം !"
അയാള്‍ പുഞ്ചിരിച്ചു കൊണ്ടു പതുക്കെ പറഞ്ഞു.അകാശത്ത് മേഘക്കീറിനിടയില്‍ക്കൂടി ഒളിഞ്ഞു നോക്കിയ ചന്ദ്രന്‍ അയാളെ അഭിവാദ്യം ചെയ്തു.
"Bravo"
"ഈ ലോകത്തു സമത്വം വരണമെങ്കില്‍ സോഷ്യലിസമല്ല, ആല്‍ക്കഹോളിസമാണു നടപ്പാക്കേണ്ടത്."
ReplyDeleteനല്ല ചിന്ത....
:-)
ReplyDelete