'സ്വര്‍ണ്ണ ഗോപുര നര്‍ത്തകീ ശില്‍പ്പം
കണ്ണിനു സായൂജ്യം നിന് രൂപം'
കേട്ടിട്ടുണ്ടോ ഈ പാട്ട്?. പഴയ ഒരു സിനിമാ ഗാനം. മനോഹരമായ പാട്ട്. പാടിയത് പി. ജയചന്ദ്രന്. സോറി, സിനിമയുടെ പേരു മറന്നു!.
മയില്‍ വാഹനന് മതിമറന്നു പാടിയിരുന്ന, മനോഹരമായി പാടിയിരുന്ന ഇഷ്ട ഗാനം!. എന്റെ സതീര്‍ത്ഥ്യനായിരുന്നു മയില്‍ വാഹനന്. മയില്‍ വാഹനന് ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. പത്താം ക്ലാസ്സില്‍ പഠിച്ചിരുന്നപ്പോള്‍, ജീവിതത്തിലെ ഏറ്റവും സുന്ദരമായ കൗമാര കാലം മുഴുമിക്കാനാകാതെ, പാടാനായി എത്രയോ പാട്ടുകള്‍ ബാക്കി നിര്‍ത്തി യാത്രയായി പാവം മയില്‍ വാഹനന്.
വളരെ കുറച്ചു കാലം മാത്രമേ ഞങ്ങള്‍ ഒരുമിച്ചു പഠിച്ചിട്ടുള്ളു, കുറെ മാസങ്ങള്‍ മാത്രം. എന്റെ സുഹൃത്തൊന്നും അല്ലായിരുന്നു മയില്‍ വാഹനന്, സഹപാഠികളില്‍ ഒരാള്‍ മാത്രം. പക്ഷെ ഈ പാട്ട് - മയില്‍ വാഹനനെ ഒരിക്കലും മറക്കാന്‍ അനുവദിക്കുകയില്ല !.
എറണാകുളം ജില്ലയില്‍ കാലടിക്കടുത്തുള്ള ഒരു മനോഹരമായ ഗ്രാമം - മാണിക്കമംഗലം. മാണിക്കമംഗലം മാത്രമല്ല കാലടിയും അതി മനോഹരമാണു്. മാണിക്കമംഗലത്തുള്ള എന്‍.എസ്സ്.എസ്സ്. ഹൈ സ്കൂളില്‍ പത്താം ക്ലാസ്സിലാണു് ഞാനും മയില്‍ വാഹനനും ഒരുമിച്ചു പഠിച്ചത്; വര്‍ഷം 1974 - 75.
പ്രസ്തുത സ്കൂളില്‍ ഞാന്‍ പത്താം ക്ലാസ്സില്‍ മാത്രമേ പഠിച്ചുള്ളു.അതിനു മുന്‍പ് തിരുവല്ലയില്‍, ഞങ്ങളുടെ നാടായ മുത്തൂര്‍ എന്ന സ്ഥലത്തുള്ള സ്കൂളിലാണു പഠിച്ചിരുന്നത്.
ഞാന്‍ പത്താം ക്ലാസ്സിലായപ്പോഴാണു് അച്ഛനു മാണിക്കമംഗലം എന്‍.എസ്സ്.എസ്സ് ഹൈ സ്കൂളില്‍ ഹെഡ് മാസ്റ്ററായി സ്ഥലം മാറ്റം കിട്ടിയത്. മുത്തൂറിലുള്ള വീട് അടച്ചിട്ട് ഞങ്ങളെല്ലാവരും കൂടി മാണിക്കമംഗലത്തുള്ള ഒരു വാടക വീട്ടിലേയ്ക്കു താമസം മാറ്റാന്‍ തീരുമാനിച്ചു.
അച്ഛനു മാണിക്കമംഗലത്ത് എത്ര വര്‍ഷം തുടരാനാവും എന്നു നിശ്ചയമില്ലാത്തതു കാരണം, വളരെ കുറച്ചു സാധനങ്ങള്‍ മാത്രം അങ്ങോട്ടു കൊണ്ടു പോയാല്‍ മതി എന്നും തീരുമാനമായി.അത്യാവശ്യം ഫര്‍ണിച്ചറെല്ലാം ആ വാടക വീട്ടില്‍ ഉണ്ടായിരുന്നു.
അങ്ങനെ അത്യാവശ്യ സാധനങ്ങള്‍ മാത്രം എടുത്തു കൊണ്ട് വാസൂള്ള(ച്ചാല്‍,വാസു പിള്ള)യുടെ അംബാസ്സഡര്‍ കാറില്‍, ഒരു പ്രഭാതത്തില്‍ അച്ഛന്,അമ്മ,എന്റെ അനുജത്തി,ഞാന്‍ എന്നിവരും, കൂടാതെ ഞങ്ങള്‍ക്കൊരു ധൈര്യത്തിനായി അമ്മയുടെ മൂത്ത സഹോദരിയുടെ മകനായ, ഞാന്‍ ഗോവിന്ദന് ചേട്ടന് എന്നു വിളിക്കുന്ന ശ്രീമാന്‍ ഗോവിന്ദപ്പിള്ളയും പ്രതീക്ഷയോടെ പ്രയാണം ആരംഭിച്ചു, സങ്കല്‍പ്പത്തില്‍ മാത്രം കണ്ടിട്ടുള്ള മാണിക്കമംഗലത്തേയ്ക്ക്.
ഇത്ര ദൂരെയുള്ള ഒരു സ്ഥലത്തേയ്ക്ക് കാറില്‍ ഒരു യാത്ര തരപ്പെടുകയെന്നു വച്ചാല്‍ കുട്ടിയായ എനിക്ക് വളരെ അപ്രതീക്ഷിതമായി വീണു കിട്ടിയ ഭാഗ്യമായാണു തോന്നിയത്. കാര്‍ യാത്ര തന്നെ വല്ലപ്പോഴുമൊരിക്കല്‍ മാത്രം കിട്ടുന്ന ഒരു ആഡംബരമായിരുന്നു.
അന്നു കാറില്‍ കയറ്റിക്കൊണ്ടു പോയ അവശ്യ സാധനങ്ങളില്‍ ഏറ്റവും വലിപ്പവും പ്രാധാന്യവുമുണ്ടായിരുന്നത് ഒരു കുട്ടകത്തിനായിരുന്നു. ചെമ്പു കൊണ്ടുണ്ടാക്കിയ ആ കുട്ടകം, കുളിമുറിയില്‍ വെള്ളം ശേഖരിച്ചു വയ്ക്കുവാനാണു് ഉപയോഗിച്ചിരുന്നത്. ഞങ്ങള്‍ മാറിമാറി തമസിച്ചിരുന്ന വീടുകളിലെല്ലാം സന്തത സഹചാരിയായി ആ കുട്ടകവും ഉണ്ടായിരുന്നു.
(ആ കുട്ടകം ഇപ്പോഴും ഞങ്ങള്‍ക്കൊപ്പം ഉണ്ട്. പക്ഷെ പഴയ പ്രതാപമെല്ലാം നഷ്ടപ്പെട്ട്, വീടിന്റെ ഒരു മൂലയില്‍, ശ്രദ്ധിക്കപ്പെടാതെ, തന്റെ ദുര്യോഗമോര്‍ത്ത് നെടുവീര്‍പ്പിട്ടു കഴിയുന്നു പാവം!. മനുഷ്യന്റെ ഗതിയും ഇങ്ങനെ തന്നെ, അല്ലേ ചങ്ങാതീ?).
തിരുവല്ലയില്‍ നിന്ന് എം.സി. റോഡില്‍ക്കൂടി കോട്ടയം, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, കാലടി - ഇതായിരുന്നു ഞങ്ങളുടെ സഞ്ചാര പഥം. കാലടിയില്‍ എത്തിയ ശേഷം മലയാറ്റൂര്‍ റൂട്ടില്‍ അല്‍പ്പ ദൂരം പോയശേഷം ഇടത്തോട്ടു തിരിഞ്ഞ് നേരെ മാണിക്കമംഗലം.
(വാസൂള്ള, വളരെ സൂക്ഷിച്ചും വേഗം കുറച്ചും മാത്രം വണ്ടിയോടിക്കുന്ന ഡ്രൈവറായിരുന്നു. പാവം, ഇന്നു ജീവിച്ചിരിപ്പില്ല).
പെരുമ്പാവൂരില്ക്കൂടി പോകുമ്പോഴാണു് വഴിയരികിലുള്ള ഒരു തടി മില്ലിന്റെ ബോര്‍ഡ് അച്ഛന് ഞങ്ങള്‍ക്കു കാണിച്ചു തന്നത് - 'ചെതലന്‍ ടിംബര്‍ ഡിപ്പോ'. ആ പേരു വായിച്ച ഞങ്ങള്‍ ചിരിച്ചു പോയി. തടി മില്ലിനിടാന് കണ്ട ഒരു പേരേ!. തടിയുടെ ശത്രുവല്ലേ ചിതല്?. അപ്പോള്‍ ആ പേരിടാമോ?. ആ തടി മില്ലിന്റെ ഉടമസ്ഥന്റെ വീട്ടു പേരുമായി ബന്ധമുള്ള പേരായിരിക്കാം അത്. എന്നാലും യാതൊരു കലാബോധവുമില്ലാത്ത ഒരു പേരിടീല്‍!. ഇപ്പോഴും പെരുമ്പാവൂരില്‍ ആ സ്ഥാപനം ഉണ്ടോ ആവോ?. അതോ കാലമെന്ന ചിതലരിച്ച് മണ്ണോടു ചേര്‍ന്നു പോയോ?.
ഉച്ചയ്ക്കു ശേഷം ഞങ്ങള്‍ മാണിക്കമംഗലത്ത് ഞങ്ങള്‍ക്കു താമസിക്കുവാനുള്ള വാടക വീട്ടിലെത്തി. രണ്ടു നിലയുള്ള ഒരു വീട്. (രണ്ടാമത്തെ നിലകൊണ്ട് പ്രയോജനമൊന്നുമില്ലെന്നു പിന്നീടു മനസ്സിലായി. രണ്ടാമത്തെ നിലയിലെ തറ ചാണകം മെഴുകിയതായിരുന്നു. മുറികള്‍ക്കു കതകില്ലായിരുന്നു. കൂടാതെ പുറത്തു നിന്നു മാത്രമേ അവിടേയ്ക്കു കയറാന്‍ കഴിയുമായിരുന്നുള്ളു). വഴിയില്‍ നിന്ന് മുറ്റത്തേയ്ക്കു കയറാന്‍ ഒരു കടമ്പ കടക്കണം. ഒരു മുളങ്കമ്പ് കുറുകെ കെട്ടി വച്ചിരിക്കുകയാണു്. ഇങ്ങനെയൊരു സംവിധാനം ഞങ്ങളുടെ നാട്ടില്‍ ഇല്ലാത്തതാണു്. സ്ത്രീകള്‍ക്ക് ഇതല്‍പ്പം അസൗകര്യമല്ലേ എന്നൊരു സംശയം.
ഞങ്ങളെ അവിടെ വിട്ടിട്ട് വാസൂള്ള അധികം താമസിയാതെ തിരികെ പോയി. വാസൂള്ളയുടെ കാര്‍ കണ്ണില്‍ നിന്നു മറഞ്ഞപ്പോള്‍ ഒരു നേരിയ വിഷമം. നാടുമായുള്ള ബന്ധത്തിന്റെ അവസാന കണ്ണിയും അറ്റു പോയതു പോലെ.
(ഗോവിന്ദന് ചേട്ടന് കൂടെയുള്ളത് ഒരാശ്വാസമായിരുന്നു. പുള്ളിക്കാരന് അന്ന് പ്രീ ഡിഗ്രി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു എന്നാണോര്‍മ്മ).
അടുത്ത ദിവസം രാവിലെ സ്കൂളിലേയ്ക്ക് ഗോവിന്ദന് ചേട്ടനും കൂടെ വന്നു. പരിചയമില്ലാത്ത സ്കൂള്‍, ആദ്യമായി കാണാന്‍ പോകുന്ന സഹപാഠികള്‍, ഞങ്ങളുടേതില്‍ നിന്നു വ്യത്യസ്തമായ സംസാര രീതി ("എന്തൂട്ട് തേങ്ങ്യാ"- എന്നിങ്ങനെ) . സ്കൂളിലേയ്ക്കു നടക്കുമ്പോള്‍ നെഞ്ചിടിപ്പ് അല്‍പ്പം ഉയര്ന്നുവോ?.
എന്റെ ക്ലാസ്സ് മുറിയിലെത്തിയപ്പോള്‍ തെല്ലൊന്നമ്പരന്നു. ക്ലാസ്സില്‍ ആണ് കുട്ടികള്‍ മാത്രം. മുട്ടാളന്മാരായ കുട്ടികള്‍(?) ധാരാളം. ചിലരെയൊക്കെ കണ്ടാല്‍ കല്യാണം കഴിച്ചു രണ്ടു കുട്ടികളുമാകാനുള്ള പ്രായമുണ്ടെന്നു തോന്നും. ജോസ് എന്നയാളായിരുന്നു ഏറ്റവും പ്രായമുള്ളത്. പല ക്ലാസ്സിലും പലവട്ടം തോറ്റു വന്നതാണു്. കാഴ്ചയില്‍ ഒരു മുപ്പതു വയസ്സെങ്കിലും തോന്നും. വെള്ള ഖദര്‍ മുണ്ടും ഖദര്‍ ഷര്‍ട്ടും വേഷം. അസ്സല് ഒരു യൂത്ത് കോണ്‍ഗ്രസ്സ് നേതാവ്. സ്കൂളിലെ ഉന്നതനായ കെ.എസ്സ്.യു. നേതാവാണു്. ഇതൊക്കെ ഞാന്‍ പിന്നീടു മനസ്സിലാക്കിയതാണു്.
ഇന്റര്‍വെല്‍ സമയത്ത് ജോസ് എന്റെ അടുത്തേയ്ക്കു വന്നു. പുതിയ ആളിനെ പരിചയപ്പെടാനായിരിക്കണം. എന്നോടു പേരു ചോദിച്ചു. ഭവ്യതയോടെ ഞാന്‍ പേരു പറഞ്ഞു. ഉടനെ അടുത്തു നിന്ന ആരോ പറഞ്ഞു:
"ഹെഡ് മാസ്റ്റര്‍ടെ മോനാടാ"
"ദൈവത്തിന്റെ മോനായാലെന്താ". ജോസ് അവജ്ഞയോടെ പറഞ്ഞു.
എനിക്കു നേരിയ വിഷമം തോന്നി, അയാള്‍ക്കെന്നെ ഇഷ്ടപ്പെട്ടില്ലായിരിക്കും. ഞാന്‍ ജനലില്‍ കൂടി വെളിയിലേയ്ക്കു നോക്കി. സ്കൂളിന്റെ പ്ലേ ഗ്രൗണ്ടാണു നേരെ കാണുന്നത്. അതിനു് അതിരിട്ടു കൊണ്ട് വെള്ളം നിറഞ്ഞു കിടക്കുന്ന ചിറ.
പഠിപ്പിക്കാന്‍ വന്ന അദ്ധ്യാപകരെല്ലാം നല്ല ഉഗ്രന്‍!. രവി സാര്‍, ഭാസി സാര്‍, കുറുപ്പു സാര്‍- എല്ലാവരും നല്ല ഒന്നാം തരം അദ്ധ്യാപകര്‍. നല്ല ആജ്ഞാ ശക്തിയുള്ളവരും നല്ലതു പോലെ പഠിപ്പിക്കുന്നവരും ആയിരുന്നു. മലയാളം പഠിപ്പിച്ചിരുന്നത് സുമുഖനും സരസനുമായ ഒരു ചെറുപ്പക്കാരനായിരുന്നു-ശശി സാര്‍. പാവം പിഷാരടി സാര്‍ പിള്ളേരുടെ പരിഹാസ പാത്രമായിരുന്നു. സാധുവായ ആ മനുഷ്യന് വന്നു കഴിഞ്ഞാല്‍ ബഹളം കാരണം ക്ലാസ്സൊരു ചന്തയായി മാറുമായിരുന്നു.
കുട്ടികള്‍ ബഹു ഭൂരിപക്ഷവും ഷര്‍ട്ടും മുണ്ടുമായിരുന്നു വേഷം. പത്താം ക്ലാസ്സിലെത്തിയാല്‍ അതായിരുന്നല്ലോ നാട്ടു നടപ്പ്. പക്ഷെ ചുരുക്കം ചിലര്‍ താഴ്ന്ന ക്ലാസ്സിലെ വേഷമായ നിക്കറും ഷര്‍ട്ടും തന്നെ തുടര്‍ന്നു. അതിലൊരാളായിരുന്നു മയില്‍ വാഹനന്. വിചിത്രമായ പേര്. ഞാന്‍ ആദ്യമായാണു് ആ പേര് കേള്‍ക്കുന്നത്.
ക്ലാസിലോ സ്കൂളിലോ എന്തെങ്കിലും പരിപാടിയുണ്ടെങ്കില്‍ മയില്‍ വാഹനന്റെ പാട്ടുണ്ടാവും. 'സ്വര്‍ണ്ണ ഗോപുര നര്‍ത്തകീ ശില്പ'മായിരുന്നു അയാളുടെ ഫേവറിറ്റ് ഗാനം.
ഒരു നിര്‍ദ്ധന കുടുംബമായിരുന്നു മയില്‍ വാഹനന്റേത്. പഠിക്കാന്‍ മിടുക്കനൊന്നും ആയിരുന്നില്ല. ക്ലാസ്സില്‍ അദ്ധ്യാപകര്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഉത്തരമറിയാതെ തല കുനിച്ചു വിഷണ്ണനായി നില്ക്കുമായിരുന്നു മയില്‍ വാഹനന്. ഇയാള്‍ക്കൊക്കെ പഠിച്ചിട്ടു ക്ലാസ്സില്‍ വന്നു കൂടേ എന്നു ഞാന്‍ മനസ്സില്‍ ചോദിക്കും. അവരുടെയൊക്കെ വീട്ടിലെ സാഹചര്യങ്ങളെക്കുറിച്ചോ അവര്‍ നേരിടുന്ന പൊള്ളുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചോ ഒന്നും ലോക പരിചയമില്ലാത്ത എനിക്ക് അറിവുണ്ടായിരുന്നില്ല എന്നതാണു വാസ്തവം.
എന്നാല്‍ സ്കൂളിലെ ഏതെങ്കിലും പരിപാടിക്ക് പാട്ടു പാടുമ്പോള്‍ മയില്‍ വാഹനന് തലയുയര്‍ത്തി നിന്നു. അപ്പോള്‍ അയാളായിരുന്നു താരം. എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രം. എല്ലാവരും മയില്‍ വാഹനനെ ആരാധനയോടെ നോക്കി നില്ക്കും.
ഒരിക്കല്‍ കുറെ ദിവസം അടുപ്പിച്ച് മയില്‍ വാഹനന് ക്ലാസ്സില്‍ വന്നില്ല. അവസാനം മയില്‍ വാഹനന് മരിച്ച വിവരമാണു് അറിയുന്നത്. ടെറ്റനസ്സ് ബാധിച്ചായിരുന്നു മരിച്ചത്.
ഞങ്ങളെല്ലാവരും മയില്‍ വാഹനന്റെ വീട്ടില്‍ പോയി. മയില്‍ വാഹനന്റെ വെള്ള പുതപ്പിച്ച മൃത ശരീരം നിലത്തു കിടത്തിയിരുന്നു. ആരൊക്കെയോ ഉറക്കെ കരയുന്നുണ്ട്. 'സ്വര്‍ണ്ണ ഗോപുര നര്‍ത്തകീ ശില്പം' പാടിയിരുന്ന ചുണ്ടുകള്‍ കറുത്തു കരുവാളിച്ചിരുന്നു.
ഇനിയൊരിക്കലും മയില്‍ വാഹനന് പാടുകയില്ലന്നോര്ത്തപ്പോള് ഉള്ളിലൊരു നീറ്റല്‍.
അന്നു കൂടെ പഠിച്ച പലരെയും ഞാന്‍ മറന്നു. വലിയ അടുപ്പമുണ്ടായിരുന്നില്ലെങ്കിലും മയില്‍ വാഹനന് ഇന്നും മനസ്സില്‍ മായാതെ നില്ക്കുന്നു. 'സ്വര്‍ണ്ണ ഗോപുര നര്‍ത്തകീ ശില്പം' മനോഹരമായി പാടുന്നു.
മയില്‍ വാഹനന്റെ കൂടെ പഠിച്ചിരുന്ന ഞങ്ങള്‍ എല്ലാവരും തല നരച്ച മദ്ധ്യവയസ്കരായി കഴിഞ്ഞു. പക്ഷെ എന്റെ മനസ്സിലുള്ള മയില്‍ വാഹനന് ഇപ്പോഴും നിക്കറും ഷര്‍ട്ടുമിട്ടു വരുന്ന ആ പതിനഞ്ചു വയസ്സുകാരനാണു്. മരിച്ചവര്‍ക്കു പ്രായമേറുന്നില്ല. ഓര്‍മ്മകള്‍ മരിക്കുന്നില്ല, മയില്‍ വാഹനന്റെ പാട്ടും!.