അടുത്തയിടെ ബസ്സ് യാത്രയ്ക്കിടയില്‍ ഉണ്ടായ സംഭവങ്ങളാണു പറയാന്‍ പോകുന്നത്. കണ്ണൂരില്‍ നിന്നു കോട്ടയത്തേയ്ക്കു മാറ്റം കിട്ടിയിട്ട് വര്‍ഷമൊന്നായി.ഇപ്പോള്‍ വീട്ടില്‍ നിന്ന് ദിവസവും പോയി വരാം-ഇരുപത്തഞ്ചു കിലോമീറ്ററിന്റെ കാര്യമല്ലേ ഉള്ളൂ.
ഓഫീസ്സില്‍ വരുന്ന പലരും എന്റെ വീടു തിരുവല്ലയിലാണെന്നു കേള്‍ക്കുമ്പോള്‍ ചോദിക്കും-
"ദിവസവും പോയി വരികയല്ലേ ?"
"അതെ"
"ട്രെയിനിനായിരിക്കും"
"അല്ല. ബസ്സിനാ"
അതു കേള്‍ക്കുമ്പോള്‍ പലര്‍ക്കും അദ്ഭുതമാണു്. ട്രെയിനില്‍ പോകാതെ ബസ്സില്‍ പോകുന്ന ഇയാള്‍ എന്തു മണ്ടത്തരമാണു കാണിക്കുന്നത് എന്ന ഭാവത്തില്‍ അവര്‍ എന്നെ നോക്കും. അപ്പോള്‍ ചില വിശദീകരണങ്ങള്‍ കൊടുക്കാന്‍ ഞാന്‍ നിര്‍ബ്ബന്ധിതനാകും.
"കുറച്ചു ദൂരമല്ലേ ഉള്ളൂ. ബസ്സിനാവുമ്പോള്‍ ഞങ്ങടെ അടുത്തുള്ള ബസ്സ് സ്റ്റോപ്പില്‍ നിന്നാല്‍ മതി. എം.സി. റോഡല്ലേ?. നേരെ കോട്ടയത്തിനുള്ള ബസ്സു കിട്ടും. മുക്കാല്‍ മണിക്കൂറു കൊണ്ടു കോട്ടയത്തെത്തും. ട്രെയിനാണെങ്കിലോ?. റെയില്‍ വേ സ്റ്റേഷന്‍ എന്റെ വീട്ടില്‍ നിന്നു രണ്ടു കിലോമീറ്റര്‍ അകലെയാണു്. കോട്ടയത്തെത്തിയാലോ?. ഓഫീസ്സും റെയില്‍ വേ സ്റ്റേഷനും തമ്മില്‍ രണ്ടു മൂന്നു കിലോമീറ്റര്‍ ദൂരമുണ്ട്. ബസ്സാവുമ്പോള്‍ ഇങ്ങനെയുള്ള പ്രശ്നങ്ങളൊന്നുമില്ല. ഇതിലൊക്കെ പ്രധാനപ്പെട്ട കാര്യം മറ്റൊന്നാണു്-ബസ്സാവുമ്പോള്‍ നമുക്കു സൗകര്യമുള്ള സമയത്തിറങ്ങിയാല്‍ മതി. ട്രെയിനാവുമ്പോള്‍ നമ്മള്‍ ട്രെയിനിന്റെ സമയം നോക്കി ഇറങ്ങണം"
ഇത്രയും പറഞ്ഞിട്ട് ഞാന്‍ വിജയഭാവത്തില്‍ എതിരാളിയെ നോക്കും. പക്ഷെ, അയാളുണ്ടോ വിട്ടു തരുന്നു.
"എന്നാലും ബസ്സ് യാത്ര വല്ല്യ ചെലവല്ലേ?"
കൂടുതല്‍ തര്‍ക്കിക്കാന്‍ തുനിയാതെ ഞാന്‍ അവിടെ നിര്‍ത്തും. പക്ഷെ, മനസ്സില്‍ പറയും-"ട്രെയിനില്‍ പോകാന്‍ എനിക്കു മനസ്സില്ല. ഒന്നു പോ കൂവേ, ഇയാള്‍ക്കെന്താ ഇത്ര നിര്‍ബ്ബന്ധം, എന്നെ ട്രെയിനില്‍ കേറ്റണമെന്ന്?"
കഴിഞ്ഞ ശനിയാഴ്ച. ഞാന്‍ മുത്തൂര്‍ ജങ്ക്ഷനിലുള്ള ഞങ്ങളുടെ ബസ്സ് സ്റ്റോപ്പില്‍ നിന്നും ബസ്സില്‍ കയറി. ഓഫീസ്സിലേയ്ക്കുള്ള പോക്കാണു്. കോട്ടയം, വൈക്കം വഴിയുള്ള ഏറണാകുളം ഫാസ്റ്റാണു്. പത്തനംതിട്ട, കോഴഞ്ചേരി, തിരുവല്ല വഴി വരുന്നതാണു്. സീറ്റൊന്നും ഒഴിവില്ല. കുറെ പേര്‍ നില്‍ക്കുന്നുണ്ട്. നില്‍ക്കുക തന്നെ. ചങ്ങനാശ്ശേരി വരെ നില്‍ക്കേണ്ടി വരും. അവിടെ ആളിറങ്ങുമ്പോള്‍ സീറ്റു കിട്ടും. അതാണു പതിവ്. കണ്ടക്ടര്‍ മുന്‍പില്‍ ടിക്കറ്റ് കൊടുക്കുകയാണു്. പണ്ടത്തെ പോലുള്ള ടിക്കറ്റ് റായ്ക്കല്ല കയ്യില്‍, ടിക്കറ്റിംഗ് മെഷീനാണു്. അയാള്‍ എന്റെ അടുത്തെത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു.
"ഒരു കോട്ടയം"
ഇരുപതു രൂപയും കൊടുത്തു.
"കോട്ടയം ഒന്ന്" എന്നു തന്നോടു തന്നെ പറഞ്ഞിട്ട് അയാള്‍ ടിക്കറ്റു വിലയുടെ ബാക്കി അഞ്ചു രൂപയും എനിക്കു തന്നു. പക്ഷെ, ടിക്കറ്റ് തന്നില്ല. ഞാന്‍ അയാളെ ഒന്നു സൂക്ഷിച്ചു നോക്കി, ടിക്കറ്റു തരാന്‍ മറന്നു പോയതാണെങ്കില്‍ ഒന്ന് ഓര്‍മ്മിപ്പിക്കുവാനെന്നോണം!. അയാള്‍ എന്റെ നോട്ടത്തെ അവഗണിച്ച് പുറകിലേയ്ക്കു പോവുകയാണു്.
"ഒരു കോട്ടയം".
എന്റെ പുറകിലുള്ള ഒരു സീറ്റിലിരുന്ന ഒരാള്‍ പറഞ്ഞു, രൂപയും കൊടുത്തു.
"കോട്ടയം രണ്ട്", എന്നു വിജയ ഭാവത്തില്‍ പറഞ്ഞ് കണ്ടക്റ്റര്‍ അയാള്‍ക്കും ബാക്കി കൊടുത്ത് പുറകിലേയ്ക്കു പോകാന്‍ തുടങ്ങി.
"ടിക്കറ്റു തന്നില്ല". എന്തോ ആപത്തു സംഭവിച്ച മട്ടില്‍ ആ യാത്രക്കാരന്‍ കണ്ടക്ടറോടു പറഞ്ഞു.
"ഉം, തരാം".
കണ്ടക്ടര്‍ നിസ്സംഗ ഭാവത്തില്‍ പറഞ്ഞു. എന്നിട്ടു പുറകില്‍ നിന്ന ആളോടു ചോദിച്ചു-
"എങ്ങോട്ടാ?"
"കോട്ടയം"
"കോട്ടയം മൂന്ന്".
കണ്ടക്ടര്‍ ആഹ്ലാദത്തോടെ തന്നോടു തന്നെ പറഞ്ഞു. ടിക്കറ്റു കിട്ടുമെന്ന പ്രതീക്ഷയില്‍ മൂന്നാമനും കണ്ടക്റ്ററെ നോക്കി. കണ്ടക്റ്റര്‍ അയാളെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് അയാളോടും നേരത്തെ കോട്ടയം ടിക്കറ്റു ചോദിച്ച മറ്റേയാളോടുമായി മുന്‍പില്‍ കമ്പിയില്‍ പിടിച്ചു നില്‍ക്കുന്ന എന്നെ കാണിച്ചിട്ടു പറഞ്ഞു.
"നിങ്ങള്‍ രണ്ടു പേര്‍ക്കുമുള്ള ടിക്കറ്റ് ഞാന്‍ ആ ആളിന്റെ കയ്യില്‍ കൊടുത്തേക്കാം. മൂന്നു പേര്‍ക്കും കൂടിയുള്ള ഒറ്റ ടിക്കറ്റാണു്"
അതു പറഞ്ഞിട്ട് കണ്ടക്റ്റര്‍ എന്റെ അടുത്തു വന്നു. എന്റെ നേരെ ഒരു ടിക്കറ്റ് നീട്ടി. ആരോ മടക്കി പോക്കറ്റിലിട്ടതു കാരണം(ഒരു പക്ഷെ ആ കണ്ടക്ടര്‍ തന്നെ ആകാം.) ചുളുക്കു വീണ ഒരു ടിക്കറ്റ്.
"കോഴഞ്ചേരിയില്‍ നിന്നു് ഒരുമിച്ചു കേറിയ മൂന്നു പേര്‍ എറണാകുളം ടിക്കറ്റു വേണമെന്നു പറഞ്ഞു. ഞാന്‍ ടിക്കറ്റടിച്ചു കഴിഞ്ഞപ്പോഴാണു് ഈ ബസ്സ് എപ്പോഴാണു് എറണാകുളത്തെത്തുക എന്നു ചോദിക്കുന്നത്. ഞാന്‍ സമയം പറഞ്ഞപ്പോള്‍ 'ട്രെയിനിനു പോയാല്‍ അതിലും നേരത്തെ എത്താം. അതു കൊണ്ടു ഞങ്ങള്‍ തിരുവല്ലയിലിറങ്ങി ട്രെയിനിനു പൊക്കോളാം. തിരുവല്ലാ ടിക്കറ്റു മതി' എന്നായി അവര്‍. അവര്‍ തിരുവല്ല വരെയുള്ള ചാര്‍ജേ തന്നുള്ളു"................ എന്നിട്ട് എന്നെ നോക്കി കണ്ടക്ടര്‍ പറഞ്ഞു "ഏറണാകുളം വരെ മൂന്നു പേര്‍ക്കുള്ള ടിക്കറ്റാണിത്. ഇതു വച്ചോ. കോട്ടയത്തിറങ്ങുമ്പോള്‍ ഇത് എന്റെ കയ്യില്‍ തിരിച്ചു തന്നിട്ടേ പോകാവൂ.................മനസ്സിലായില്ലേ?". എനിക്കെന്തോ പൂര്‍ണ്ണമായും മനസ്സിലായില്ലേ എന്ന ശങ്കയോടെ അയാള്‍ ചോദിച്ചു.
എല്ലാം മനസ്സിലായ ഞാന്‍ ആശ്രിത വത്സലനെ പോലെ തലയാട്ടി, "ശരി"
ചേതമില്ലാത്ത ഒരു ഉപകാരമല്ലേ, എനിക്കെന്തു പ്രശ്നം?. മുത്തൂര്‍ സ്റ്റോപ്പില്‍ നിന്നു കയറിയാലും കോട്ടയത്തിനു തിരുവല്ലയില്‍ നിന്നുള്ള ചാര്‍ജു തന്നെയാണു്. ആ പാവം കണ്ടക്ടര്‍ക്കു് ഇങ്ങനെയൊരു അഡ്ജസ്റ്റ്‌മന്റ് സാധിച്ചില്ലെങ്കില്‍ കയ്യില്‍ നിന്നു പൈസ നഷ്ടം വരും.
ഞങ്ങള്‍ മൂന്നു പേരില്‍ എന്നെത്തന്നെ ടിക്കറ്റേല്‍പ്പിക്കാന്‍ തെരെഞ്ഞെടുത്തതെന്താണാവോ?. അതാണു ഞാന്‍ ചിന്തിച്ചത്. ഒരു പക്ഷെ, എന്നെ കണ്ടിട്ട് തര്‍ക്കമൊന്നും കൂടാതെ അയാള്‍ പറയുന്നത് അംഗീകരിക്കുന്ന ആളാണെന്നു തോന്നിക്കാണും. അതോ വേറൊരാളെ ടിക്കറ്റേല്‍പ്പിച്ചാല്‍ ഞാന്‍ വഴക്കുണ്ടാക്കാന്‍ ചെല്ലുമെന്നു തോന്നിയിട്ടാകുമോ?.
കോട്ടയത്തിറങ്ങുന്നതിനു മുമ്പായി ഞാന്‍ കണ്ടക്റ്ററെ ടിക്കറ്റ് തിരിച്ചേല്‍പ്പിച്ചു. ഇനി കോട്ടയം ബസ്സ് സ്റ്റാന്റില്‍ നിന്ന് എറണാകുളത്തിനു കേറുന്ന മൂന്നു പേര്‍ക്കുള്ളതായി മാറും ആ ടിക്കറ്റ്!.ആരെങ്കിലും ആ ടിക്കറ്റ് സ്വീകരിക്കാന്‍ വിസമ്മതിച്ചാല്‍ ആ കണ്ടക്ടറുടെ കാര്യം കഷ്ടത്തിലായതു തന്നെ. കയ്യില്‍ നിന്നു പൈസ പോകും. ആരെങ്കിലും എറണാകുളം ടിക്കറ്റ് ആവശ്യപ്പെടുമ്പോള്‍ സന്തോഷത്തോടെ "എറണാകുളം ഒന്ന്" എന്ന് ലേലം വിളി പോലെ തന്നോടു തന്നെ പറയുന്ന കണ്ടക്ടറെ ഞാന്‍ സങ്കല്‍പ്പത്തില്‍ കണ്ടു. ഓരോരുത്തര്‍ക്കുണ്ടാകുന്ന ഓരോ ഗതികേടേ!.
ഇനി പറയാന്‍ പോകുന്നത് മറ്റൊരു ബസ്സ് യാത്രയ്ക്കിടയില്‍ നടന്ന ദയനീയമായ, ദുഃഖകരമായ ഒരു സംഭവത്തെ കുറിച്ചാണു്. മേല്‍ വിവരിച്ച ബസ്സ് യാത്രയ്ക്ക് ഏതാണ്ട് ഒരാഴ്ച മുന്‍പു നടത്തിയ മറ്റൊരു ബസ്സ് യാത്രയുടെ കഥയാണിത്.
കറുകച്ചാലില്‍ ഒരു നല്ല കണ്ണാശുപത്രിയുണ്ട്-എസ്സ്.ജെ ഐ ഹോസ്പിറ്റല്‍. സന്തോഷ് കുമാര്‍ എന്ന ഒരു ഡോക്ടറുടെ ഉടമസ്ഥതയില്‍ ഉള്ള ആശുപത്രിയാണു്. ഒരിക്കല്‍ ആ ഡോക്ടറെ ഒരു പ്രത്യേക സാഹചര്യത്തില്‍ പരിചയപ്പെടാനിടയായി. ആ സമയത്ത് ഞാന്‍ കട്ടിക്കണ്ണട ധരിച്ചായിരുന്നു നടപ്പ്. ഉറങ്ങുന്ന സമയമൊഴികെ എല്ലായ്പ്പോഴും അതു വയ്ക്കണമായിരുന്നു. അതൊരു അസൗകര്യമായിരുന്നെങ്കിലും മറ്റു മാര്‍ഗ്ഗമില്ലായിരുന്നു;കണ്ണു കാണണ്ടേ?. ഡോക്ടര്‍ സന്തോഷിനെ പരിചയപ്പെട്ട ശേഷം എന്റെ കണ്ണു പരിശോധിച്ച അദ്ദേഹം പറഞ്ഞു, ഒരു ഓപ്പറേഷന്‍ നടത്തി പ്ലാസ്റ്റിക് ലെന്‍സ് കണ്ണിനകത്തു വച്ചാല്‍ എനിക്കു കണ്ണട ധരിക്കാതെ നടക്കാന്‍ സാധിക്കുമെന്ന്. ഓപ്പറേഷനു സമ്മതമാണെന്നു ഞാന്‍ അറിയിച്ചാല്‍ മതി, ബാക്കി കാര്യം അദ്ദേഹമേറ്റു!.
അത്ര മാത്രം ഉറപ്പോടെ, ആത്മവിശ്വാസത്തോടെയാണദ്ദേഹമതു പറഞ്ഞത്. അതിനാല്‍ യാതൊരു ശങ്കയുമില്ലാതെ ഞാന്‍, ഓപ്പറേഷന്‍ നടത്താം എന്നു തീരുമാനിച്ചു. അതിനു മുമ്പ് ഇങ്ങനെയൊരു ആശുപത്രിയെക്കുറിച്ചോ ഈ ഡോക്ടറെക്കുറിച്ചോ ഞാന്‍ കേട്ടിട്ടുപോലും ഇല്ലെന്നോര്‍ക്കണം. അദ്ദേഹത്തെ പരിചയപ്പെട്ടു കഴിഞ്ഞപ്പോള്‍ അദ്ദേഹം വളരെ മാന്യനും നല്ലവനുമായ ഒരാളാണെന്നു മനസ്സിലായി. അദ്ദേഹത്തെ പൂര്‍ണ്ണമായും വിശ്വസിക്കാം എന്ന് എനിക്കു തോന്നി.
അങ്ങനെ എന്റെ രണ്ടു കണ്ണിനും ഓപ്പറേഷന്‍ നടത്തി. വിദഗ്ദ്ധനായ ഐ സര്‍ജന്‍ ശ്രീമാന്‍ ഫിലിപ്പ് കുര്യാക്കോസ് ആണു് അതു ചെയ്തത്. അദ്ദേഹമാണു സന്തോഷ് ഡോക്ടറുടെ ആശുപത്രിയില്‍ കണ്ണിന്റെ ഓപ്പറേഷനെല്ലാം നടത്തുന്നത്.
ഓപ്പറേഷനു ശേഷം കണ്ണട വേണ്ടെന്നായി. എഴുതുവാനും വായിക്കുവാനും മാത്രം സാധാരണ വെള്ളെഴുത്തു കണ്ണട പോലുള്ള കട്ടി കുറഞ്ഞ ഒരു കണ്ണട ധരിക്കണം, അത്രമാത്രം. അല്ലാത്ത സമയത്തു കണ്ണടയുടെ ആവശ്യമില്ല. വണ്ടി ഓടിക്കുവാന്‍ പോലും കണ്ണട വയ്ക്കേണ്ട ആവശ്യമില്ല. വലിയ ആശ്വാസമായി എനിക്ക്.
ഓപ്പറേഷന്‍ കഴിഞ്ഞിട്ടിപ്പോള്‍ ഒരു വര്‍ഷമാകുന്നു. രണ്ടു ദിവസമായി വലതു കണ്ണിനു് ചെറിയ ഒരു വേദന തോന്നുന്നുണ്ടായിരുന്നു. എസ്സ്.ജെ. ഐ ഹോസ്പിറ്റലില്‍ തന്നെ പോയി ഡോക്ടറെ കണ്ടു. ഡോക്ടര്‍ ലീമയായിരുന്നു പരിശോധിച്ചത്. കണ്ണിലൊഴിക്കുവാനുള്ള മരുന്നുകള്‍ തന്നിട്ട് മൂന്നു ദിവസം കഴിഞ്ഞിട്ടു ചെന്നു കാണണമെന്നു ഡോക്ടര്‍ പറഞ്ഞു.
ആ മൂന്നു ദിവസം കഴിഞ്ഞു. ഡോക്ടറെ കാണുവാനുള്ള ദിവസമായി. ഉച്ചയ്ക്കു ശേഷം മൂന്നു മണിക്കാണു് ആശുപത്രിയില്‍ എത്തേണ്ടത്. രാവിലെ ഞാന്‍ പതിവു പോലെ കോട്ടയത്ത് ഓഫീസ്സില്‍ പോയി. ഉച്ചയ്ക്ക് രണ്ടു മണിയോടെ ആശുപത്രിയിലേക്കു പോകുവാന്‍ കോട്ടയം ട്രാന്‍സ്പോര്‍ട്ട് ബസ്സ് സ്റ്റാന്റില്‍ എത്തി. ഇപ്പോള്‍ അവിടെ നിന്നും കറുകച്ചാല്‍, മല്ലപ്പള്ളി വഴിയായി ചെയിന്‍ സര്‍വീസുണ്ട്. നേരത്തെ ആ റൂട്ടില്‍ പ്രൈവറ്റ് ബസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. ലാഭകരമായ റൂട്ടുകളിലെല്ലാം പ്രൈവറ്റു ബസ്സുകളുമായി മത്സരിക്കാന്‍ ബസ്സുകളിറക്കാനുള്ള കെ.എസ്സ്.ആര്‍.ടി.സി.യുടെ പുതിയ പരിപാടിയുടെ ഭാഗമായിട്ടാണു് കറുകച്ചാല്‍ റൂട്ടിലും ധാരാളം ട്രാന്‍സ്പോര്‍ട് ബസ്സുകള്‍ ഓടിക്കാന്‍ തുടങ്ങിയത്. സ്വയം നന്നായില്ലെങ്കിലും കുറച്ചു സ്വകാര്യ ബസ്സുകാരെയെങ്കിലും കുത്തുപാളയെടുപ്പിക്കാന്‍ ട്രന്‍സ്പോര്‍ട്ടുകാര്‍ വിചാരിച്ചാല്‍ സാധിക്കുമെന്നു് നാലു പേര്‍ അറിയട്ടെ!, ഹല്ല പിന്നെ!. കാട്ടിലെ തടി, തേവരുടെ ആന(വണ്ടി), വലിപ്പിക്കാനല്ലേ നമുക്കു പറ്റൂ, ചങ്ങാതീ ?!.
പലപ്പോഴും വീട്ടിലേയ്ക്കു പോകാന്‍ ബസ്സിനായി കോട്ടയം ബസ്സ് സ്റ്റാന്റില്‍ നില്‍ക്കുമ്പോള്‍ കറുകച്ചാല്‍ വഴി കോഴഞ്ചേരിക്കുള്ള ബസ്സുകള്‍ ആളൊഴിഞ്ഞു പോകുന്നതു കണ്ടു നെടുവീര്‍പ്പിട്ടു നില്‍ക്കേണ്ടി വന്നിട്ടുണ്ട്!. എനിക്കു വീട്ടില്‍ പോകേണ്ടത് എം.സി. റോഡ് വഴിയാണു്. ദേശസാല്‍കൃത റൂട്ട്. വന്‍ തിരക്ക്. ആവശ്യത്തിനു ബസ്സുമില്ല. അങ്ങനെ ബസ്സു കാത്തു നിന്നു മടുക്കുമ്പോഴാണു് കറുകച്ചാല്‍, മല്ലപ്പള്ളി ബസ്സുകള്‍ ആളൊഴിഞ്ഞു പോകുന്നത്!. നമ്മുടെ വീടും ആ റൂട്ടിലെങ്ങാനുമായിരുന്നെങ്കില്‍ എന്നു വ്യാമോഹിച്ചു പോകും, അല്ലേ ചങ്ങാതീ?.
ഏതായാലും എനിക്ക് ഇപ്പോള്‍ ആശുപത്രിയില്‍ പോകാന്‍ കറുകച്ചാല്‍ വഴിയുള്ള ബസ്സാണു് ആവശ്യം. അതിനാല്‍ ആളൊഴിഞ്ഞ ബസ്സുകള്‍ തുരുതുരെ കറുകച്ചാല്‍ റൂട്ടില്‍ വിടുന്ന കെ.എസ്.ആര്‍.ടി.സി.യുടെ വിനോദത്തിനു തല്‍ക്കാലം ജയ് വിളിക്കാം.
ഞാന്‍ ബസ്സ് സ്റ്റാന്റില്‍ പ്രവേശിപ്പോഴേ കറുകച്ചാല്‍ വഴിയുള്ള ഒരു വേണാടു ബസ്സ് സ്റ്റാര്‍ട്ട് ചെയ്തു നിര്‍ത്തിയിരിക്കുന്നതു കണ്ടു. അധികം ആളൊന്നും അതിനകത്തില്ല. അതിനടുത്തു തന്നെ അതേ റൂട്ടില്‍ പോകുന്ന മറ്റൊരു ബസ്സും കിടപ്പുണ്ട്. അതില്‍ ആരും കയറിയിട്ടില്ല. അതു രണ്ടാമതായി പോകാനുള്ള ബസ്സാണെന്നു തോന്നുന്നു. എന്നാലും അതില്‍ കയറിയാലോ എന്നൊരു ചിന്ത ഒരു നിമിഷ നേരത്തേക്ക് ഉണ്ടായി. സ്റ്റാര്‍ട്ട് ചെയ്തു നിര്‍ത്തിയിരിക്കുന്ന മറ്റേ ബസ്സിനെക്കുറിച്ച് എന്തോ ഒരു അശുഭ ചിന്ത എന്റെ ആറാമിന്ദ്രിയം(അങ്ങനെയൊന്ന് നമുക്കെല്ലാവര്‍ക്കുമില്ലേ?) മുഖേന മനസ്സില്‍ കടന്നു വന്നതാണു്. പക്ഷെ, ഈ ആറാമിന്ദ്രിയത്തിന്റെ മുന്നറിയിപ്പുകള്‍ നാമെല്ലാവരും നിസ്സാരമാക്കി അവഗണിക്കുകയാണല്ലോ പതിവ്. ഞാനും അതു തന്നെയാണു ചെയ്തത്.
സ്റ്റാര്‍ട്ട് ചെയ്തു നിര്‍ത്തിയിരിക്കുന്ന ബസ്സില്‍ത്തന്നെ ഞാന്‍ കയറി. അതാണല്ലോ നാട്ടുനടപ്പ്. കൂടാതെ നേരത്തെ സ്ഥലത്തെത്താം എന്ന വ്യാമോഹവും. പക്ഷെ, ആദ്യം വിട്ട ബസ്സില്‍ പുറപ്പെട്ടാലും പുറകെ വരാന്‍ പോകുന്ന ബസ്സില്‍ കയറിയേ എനിക്കു യാത്ര മുഴുമിക്കുവാന്‍ കഴിയുകയുള്ളൂ എന്ന് ഞാന്‍ അറിഞ്ഞില്ലല്ലോ!. നമുക്കു സംഭവിക്കാന്‍ പോകുന്നത്, അല്ലെങ്കില്‍ നമ്മുടെ ഭാവി നമ്മില്‍ നിന്നു മറച്ചു വയ്ക്കുവാന്‍ എന്താണു കാരണം?. ഞാന്‍ പറയാം, അത് അങ്ങനെയല്ലെങ്കില്‍ നമ്മുടെ ജീവിതം പരിണാമ ഗുപ്തിയില്ലാത്ത കഥ പോലെ വിരസമായി തീരും, അതല്ലേ കാരണം?.
നമ്മുടെ ഭാവി കൃത്യമായി പ്രവചിക്കും എന്ന് അവകാശപ്പെടുന്ന ജ്യോത്സ്യന്മാരും ദിവ്യന്മാരുമുള്ള നാടാണു് ഇത്. ഒരു മനുഷ്യന്റെ ഭാവി ആര്‍ക്കെങ്കിലും മുന്‍ കൂട്ടി പറയാന്‍ സാധിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. അഥവാ ഭാവി പ്രവചിക്കാന്‍ കഴിവുള്ള ഒരാളുണ്ടെന്നു തന്നെ സങ്കല്‍പ്പിക്കുക(അങ്ങനെ ഒരാള്‍ ഒരിടത്തുമില്ല ചങ്ങാതീ, എന്നെ വിശ്വസിക്കൂ), ഞാന്‍ ഒരിക്കലും എന്റെ ഭാവി അറിയാന്‍ അയാളുടെ അടുത്തു പോവുകയില്ല. എന്തെന്നാല്‍, അറിയാതിരിക്കുന്നതു തന്നെയാണു നല്ലത്.
ബസ്സ് യാത്രയിലേക്കു മടങ്ങി വരാം. അങ്ങനെ ബസ്സ് വിട്ടു പോവുകയാണു്. മുന്നിലും പിന്നിലുമായി രണ്ടു വാതിലുകള്‍ ഉള്ള ബസ്സാണു്. പിന്നിലെ വാതിലിനു തൊട്ടു പിന്നിലുള്ള വിന്‍ഡോ സീറ്റിലാണു ഞാന്‍ ഇരിക്കുന്നത്. എനിക്കു പിന്നില്‍ ഒരു നിര സീറ്റു കൂടിയേ ഉള്ളൂ. എന്റെ തൊട്ടു പിന്നിലെ വിന്‍ഡോ സീറ്റില്‍ ഒരാള്‍ ഇരിപ്പുണ്ട്.
ബസ്സ് പരിയാരം എന്ന സ്ഥലത്തുള്ള ഒരു ചെറിയ പാലത്തിലേയ്ക്കു പ്രവേശിക്കുകയാണു്. ഒരു ചെറിയ വളവും പാലവും കൂടെ ഒരുമിച്ചു വരുന്ന സ്ഥലമാണു്. പാലത്തിനടുത്തായി വഴി തിരിഞ്ഞു പോകുന്ന സ്ഥലപ്പേരുകള്‍ എഴുതി വച്ചിരിക്കുന്ന ഇരുമ്പു കോണ്ടുള്ള ഒരു ബോര്‍ഡും വഴിയരികില്‍ സ്ഥാപിച്ചിരിക്കുന്നു. എതിരെ വന്ന വണ്ടിക്കു സൈഡ് കൊടുക്കാന്‍ വേണ്ടി ഞങ്ങളുടെ ബസ്സ് ഈ ബോര്‍ഡിനോടു ചേര്‍ന്നാണു പാലത്തിലേയ്ക്ക് പ്രവേശിച്ചത്.
ബസ്സ് ഈ ബോര്‍ഡിനെ കടന്നതും പിറകിലായി 'പഠോ' എന്ന് വലിയ ഒരു ശബ്ദം കേട്ടു. ബസ്സിന്റെ പിന്‍ ഭാഗം ബോര്‍ഡിലിടിച്ചതാണെന്നു ഞാന്‍ കരുതി. ഒരു സെക്കന്റിനു ശേഷം "എന്റെ കൈ പോയേ" എന്നൊരു നിലവിളി എന്റെ പിറകിലെ സീറ്റില്‍ നിന്നും ഉയര്‍ന്നു.
പെട്ടെന്നു ഡ്രൈവര്‍ ബസ്സ് നിര്‍ത്തി. ബസ്സിനുള്ളിലെ യാത്രക്കാരില്‍ ചിലരും കണ്ടക്ടറും പിറകിലുള്ള സീറ്റിനടുത്തേക്ക് ഓടിയെത്തി.
പിറകിലിരുന്ന ആളിന്റെ കൈ ആണു് വഴിയരികിലെ ബോര്‍ഡില്‍ ഇടിച്ചതെന്ന് എനിക്കു മനസ്സിലായി. പിറകിലേക്കു നോക്കുവാനുള്ള ധൈര്യം എനിക്കില്ല. ദുര്‍ബ്ബല ഹൃദയനും വികാരജീവിയുമാണു ഞാന്‍!. പിറകില്‍ ഒരു ഭീകരമായ കാഴ്ചയായിരിക്കും എന്നെനിക്കു തോന്നി. ഞാന്‍ പതുക്കെ ബസ്സില്‍ നിന്നു പുറത്തേക്കിറങ്ങി. മറ്റു ചിലരും പുറത്തേക്കിറങ്ങുന്നുണ്ടായിരുന്നു.
അപകടം പറ്റിയ ആളിന്റെ ശബ്ദമോ നിലവിളിയോ ഒന്നും കേള്‍ക്കുന്നില്ല. ഒരു പക്ഷെ അയാളുടെ കൈയുടെ ആ ഭാഗം മരവിച്ചു പോയിരിക്കാം, വേദന അറിയുന്നുണ്ടാവില്ല.
രണ്ട് പേര്‍ ഹതഭാഗ്യനായ ആ മനുഷ്യനെ താങ്ങിപ്പിടിച്ച് നടത്തിക്കൊണ്ട് പുറത്തിറങ്ങി. ആരോ അടുത്തുണ്ടായിരുന്ന ഒരു ഓട്ടോ വിളിച്ചു. അതില്‍ കയറ്റി കണ്ടക്ടര്‍ അയാളെ ഏതോ ആശുപത്രിയിലേക്കു കൊണ്ടു പോയി.
അയാളുടെ കൈമുട്ടിനു കാര്യമായ തകരാര്‍ സംഭവിച്ചിരുന്നു. അയാള്‍ കൈമുട്ട് ബസ്സിനു വെളിയിലേക്കു വച്ചു കൊണ്ട് ഉറങ്ങുകയായിരുന്നു എന്നാണു മനസ്സിലാക്കുന്നത്. പാവം!.
ഞാന്‍ വഴിയരികില്ലുള്ള വെയിറ്റിംഗ് ഷെഡ്ഡിനുള്ളിലേയ്ക്കു കയറി നിന്നു. ഒരു മനം പുരട്ടല്‍ പോലെ, വയറ്റില്‍ ഒരു അസ്വസ്ഥത. ഡ്രൈവര്‍ ബസ്സ് റോഡരികിലേയ്ക്കു മാറ്റിയിടുന്നു. ഞാന്‍ ബസ്സിലേയ്ക്കു നോക്കി. അതിന്റെ പിറകില്‍ ഇടത്തു വശത്തായി ചോര വീണ പാട്.
ആ ബസ്സില്‍ വന്ന ഞങ്ങള്‍ എല്ലാവരും അടുത്ത ബസ്സ് വരാന്‍ വേണ്ടി കാത്തു നില്‍ക്കുകയാണു്. അപ്പോഴാണു് ഒരു പ്രൈവറ്റ് ബസ്സ് വരുന്നത്. പോകാന്‍ ധൃതിയുള്ള ചിലര്‍ അതിനു കൈ കാണിച്ചു, ടിക്കറ്റിന്റെ പൈസ പോകുന്നെങ്കില്‍ പോകട്ടെ!. പക്ഷേ ആ ബസ്സ് നിറുത്താതെ പൊയ്ക്കളഞ്ഞു. ട്രാന്‍സ്പോര്‍ട്ട് ബസ്സിനു് എന്തോ കുഴപ്പം പറ്റിയതാണെന്ന് ആ പ്രൈവറ്റ് ബസ്സിന്റെ ഡ്രൈവര്‍ക്കു മനസ്സിലായിക്കാണും. തങ്ങളുടെ എതിരാളികളുടെ ബസ്സില്‍ കയറിയവര്‍ അല്‍പ്പം ബുദ്ധിമുട്ടട്ടെ എന്നയാള്‍ കരുതിക്കാണും.
അല്‍പ്പസമയത്തിനു ശേഷം അതാ ട്രാന്‍സ്പോര്‍ട്ട് ബസ്സ് വരുന്നു!. അത് ഞങ്ങളുടെ ബസ്സ് കോട്ടയം സ്റ്റാന്റില്‍ നിന്നു വിട്ടപ്പോള്‍ അവിടെ കിടന്നിരുന്ന, ഞാന്‍ കയറണമോ എന്ന് ഒരു നിമിഷം ചിന്തിച്ച അതേ ബസ്സ് തന്നെ!. ഞങ്ങളുടെ ബസ്സില്‍ ഉണ്ടായിരുന്ന ടിക്കറ്റ് ചെക്കര്‍ അതിനു കൈ കാണിച്ചു നിര്‍ത്തി. എല്ലാവരും ആ ബസ്സില്‍ കയറി. കോട്ടയത്തു വച്ച് ഇതില്‍ കയറിയാല്‍ മതി എന്ന തോന്നല്‍ അവഗണിച്ച് ആദ്യത്തെ ബസ്സില്‍ കയറിയ എനിക്ക് യാത്ര മുഴുമിക്കാന്‍ ആ ബസ്സില്‍ത്തന്നെ കയറേണ്ടി വന്നു. നമ്മുടെ ആറാമിന്ദ്രിയത്തിന്റെ നിര്‍ദ്ദേശം അവഗണിച്ചാല്‍ ഇങ്ങനെയിരിക്കും!. കൂടാതെ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ കയ്യും തലയും പുറത്തിടരുത്, ജാഗ്രത!.