Thursday, December 10, 2009

ഔസേപ്പച്ചന്റെ സംഗീതം

വളരെ വര്‍ഷങ്ങള്‍ക്കുമുന്‍പു കണ്ട ഒരു സിനിമയിലെ ഒരു രംഗം ഇപ്പോഴും ഓര്‍മ്മയില്‍ നിലനില്‍ക്കുന്നു. സിനിമയുടെ പേരു്‌ 'അഹം' എന്നാണെന്നു തോന്നുന്നു, വലിയ നിശ്ചയമില്ല. പേരുകള്‍, തീയതികള്‍, സംഖ്യകള്‍, മനുഷ്യരുടെ മുഖങ്ങള്‍ എന്നിവയൊക്കെ പെട്ടെന്നു തന്നെ ഓര്‍മ്മയില്‍ നിന്നു മാഞ്ഞു പോകുന്നു. ആ സിനിമയില്‍ മോഹന്‍ ലാല്‍ ഭര്‍ത്താവായും ഉര്‍വ്വശി ഭാര്യയായും വരുന്നു. ഭര്‍ത്താവു്‌, സ്കൂളില്‍ പഠിക്കുന്ന കാലത്ത്‌, വളരെ നിയന്ത്രണത്തില്‍ വളര്‍ത്തപ്പെട്ട ആളാണു്‌. അതിനാല്‍ സ്കൂളില്‍ നിന്നു പുറത്തു വന്നതിനു ശേഷവും വളരെ കൃത്യനിഷ്ഠയോടെയുള്ള ഒരു പ്രത്യേക ജീവിതമാണു നയിക്കുന്നത്‌. ഭാര്യയായി വരുന്ന ഉര്‍വ്വശിയുടെ കഥാപാത്രത്തിനു്‌ അയാളുടെ ഈ അറുബോറന്‍ പഴഞ്ചന്‍ രീതികളോട്‌ പുശ്ചവും പരിഹാസവുമാണു്‌. മോഹന്‍ ലാല്‍ തനിക്കിഷ്ടമുള്ള നല്ല സംഗീതം കാസറ്റ്‌ പ്ലേയറില്‍ ഉര്‍വ്വശിയെ കേള്‍പ്പിക്കുന്നു-ബിസ്മില്ലാ ഖാന്റെ ഷഹണായ്‌ വാദനമാണു്‌. അപ്പോള്‍ ഉര്‍വ്വശി പരിഹാസത്തോടെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്‌-

"അയ്യേ, ഇതു വലിയ ആള്‍ക്കാരൊക്കെ മരിക്കുമ്പം റേഡിയോയിലും ടി വിയിലുമൊക്കെ കേള്‍പ്പിക്കുന്നതല്യോ?"

ഈ വിവരമില്ലായ്മയ്ക്ക്‌ മോഹന്‍ ലാല്‍ എന്തു മറുപടി പറയാന്‍!(ഒരു രഹസ്യം പറയാം, മറ്റാരോടും പറഞ്ഞേക്കരുത്‌-അന്നു്‌ ഉര്‍വ്വശിയുടെ മേല്‍പറഞ്ഞ ഡയലോഗ്‌ കേട്ടു കയ്യടിച്ചവരുടെ കൂട്ടത്തില്‍ വിവരദോഷിയായ ഞാനുമുണ്ടേ!). ശരിയാണു്‌, ഒരു കാലത്ത്‌ നമ്മുടെ നാട്ടില്‍ വലിയ ആളുകള്‍ മരിക്കുമ്പോള്‍ (പ്രധാനമന്ത്രി, രാഷ്ട്രപതി, മഹാന്മാരായ മറ്റു നേതാക്കള്‍ മുതലായവര്‍) ദൂരദര്‍ശന്‍, ആകാശവാണി എന്നിവയില്‍ മറ്റു പരിപാടികള്‍ എല്ലാം നിര്‍ത്തി വച്ചിട്ട്‌ ഇരുപത്തിനാലും നാല്‍പ്പെത്തെട്ടും മണിക്കൂറൊക്കെ ഷെഹണായ്‌, വയലിന്‍, വീണ, ഫ്ലൂട്ട്‌ മുതലായ വാദ്യോപകരണങ്ങളില്‍ വായിച്ച സംഗീതം കേള്‍പ്പിക്കുമായിരുന്നു. സത്യം പറഞ്ഞാല്‍ നമുക്കും ഈ പരിപാടിയോട്‌ വലിയ മതിപ്പൊന്നും ഉണ്ടായിരുന്നില്ല-അധികമായാല്‍ അമൃതും വിഷം എന്നല്ലേ?. ബിസ്മില്ലാ ഖാനെക്കുറിച്ചൊന്നും, വിവരമില്ലാത്ത ഈയുള്ളവന്‍ അറിഞ്ഞിരുന്നും ഇല്ല.

പിന്നെ എപ്പോഴോ, അക്ഷര വൈരിയായ ഈയുള്ളവന്‍ പത്രമാസികകളില്‍ നിന്നൊക്കെ ബിസ്മില്ലാ ഖാന്‍ മഹാനായ, ലോകം ബഹുമാനിക്കുന്ന ഒരു കലാകാരനാണെന്നും അദ്ദേഹത്തിന്റെ ഷെഹണായ്‌ വാദനം സ്വര്‍ഗ്ഗീയ സുഖം തരുന്ന ഒരു അനുഭവമാണെന്നും ആരൊക്കെയോ എഴുതിയതു വായിച്ചു മനസ്സിലാക്കി. എന്നിട്ടും ആ ഷെഹണായ്‌ വാദനം കേള്‍ക്കാന്‍ ഞാന്‍ ശ്രമിച്ചില്ല.

അങ്ങനെ കാലം പൊയ്ക്കൊണ്ടിരുന്നു. ഒരു നാള്‍ ആ മഹാനായ കലാകാരന്‍ അന്തരിച്ചു. ടി വി ചാനലുകള്‍ അദ്ദേഹത്തെ അനുസ്മരിക്കുന്ന പരിപാടികള്‍ പ്രക്ഷേപണം ചെയ്തു. മാസികകളില്‍ അദ്ദേഹത്തെ കുറിച്ചുള്ള ലേഖനങ്ങളും അനുസ്മരണങ്ങളും നിറഞ്ഞു.

അദ്ദേഹത്തിന്റെ ഷെഹണായ്‌ വാദനം കേള്‍ക്കണമെന്ന് എനിക്ക്‌ അതിയായ ആഗ്രഹം തോന്നി. അതിനു പറ്റിയ ഒരു സി.ഡി. ഞാന്‍ വാങ്ങി. അതു കേട്ടപ്പോഴാണു്‌ ഷെഹണായ്‌ വാദനം കേള്‍ക്കുന്നതിന്റെ സുഖം മനസ്സിലാകുന്നത്‌. അതിനു ശേഷമാണു്‌ ഉപകരണ സംഗീതം കേള്‍ക്കുന്നതിനോട്‌ ഒരു താല്‍പ്പര്യം തോന്നിയത്‌. കുടമാളൂര്‍ ജനാര്‍ദ്ദനന്റെ ഓടക്കുഴല്‍ വാദനം, കുന്നക്കുടി വൈദ്യനാഥന്റെ വയലിന്‍ വാദനം എന്നിവയുടെയെല്ലാം സി.ഡി. വാങ്ങി.

ഈ ഷെഹണായ്‌, ഓടക്കുഴല്‍, വയലിന്‍ എന്നിവയെല്ലാം എങ്ങനെയാണെന്നോ കേള്‍ക്കേണ്ടത്‌?. രാത്രിയുടെ ഏകാന്തതയില്‍, ഒരു മുറിയില്‍ ഏകനായി ഇരുന്ന് ചെറിയ ശബ്ദത്തില്‍ ഒഴുകി വരുന്ന ഈ ഉപകരണങ്ങളുടെ സംഗീതം കേള്‍ക്കണം.സുന്ദരമായ, സുഖകരമായ അനുഭവമായിരിക്കും അത്‌.നിങ്ങള്‍ ഇതു വരെ അതനുഭവിച്ചിട്ടില്ലെങ്കില്‍ ഒന്നു പരീക്ഷിച്ചു നോക്കൂ. എത്ര നേരം വേണമെങ്കിലും കേട്ടുകൊണ്ടിരിക്കാന്‍ സാധിക്കും.

പണ്ട്‌, എന്റെ കുട്ടിക്കാലത്ത്‌ രാത്രിയില്‍ ഞാന്‍ വീട്ടിലിരിക്കുമ്പോള്‍ എങ്ങുനിന്നോ ഒഴുകിയെത്തുന്ന ഓടക്കുഴല്‍ നാദം ഒരു സുഖാനുഭൂതിയായി മനസ്സില്‍ വന്നു നിറഞ്ഞിട്ടുള്ള അവസരങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്‌. ആരാണു്‌ രാത്രിയില്‍ ഓടക്കുഴല്‍ വായിക്കുന്നതെന്നു മനസ്സിലായിട്ടില്ല. എന്റെ വീടിനു മുന്‍പില്‍ ചെറിയ അനേകം വീടുകള്‍ ഉണ്ടായിരുന്നു. ആ വീടുകളില്‍ ഏതിലോ മറഞ്ഞിരുന്ന് ആ അജ്ഞാത കലാകാരന്‍ രാവിന്റെ നിശ്ശബ്ദതയില്‍ പുല്ലാംകുഴല്‍ നാദം ഉതിര്‍ത്തിരുന്നു.ഒരു പക്ഷേ അയാള്‍ അപ്രഗത്ഭനായ ഒരു ഓടക്കുഴല്‍ വായനക്കാരനായിരുന്നിരിക്കാം. എന്തായാലും രാവിന്റെ നിശ്ശബ്ദതയില്‍ ഒഴുകി വരുന്ന ആ മധുര നാദം കേള്‍ക്കാനായി ബാലകനായിരുന്ന ഞാന്‍ എന്നും കാതോര്‍ക്കുമായിരുന്നു.

ഈ അനുഭവത്തില്‍ നിന്നായിരിക്കാം ഓടക്കുഴല്‍, വയലിന്‍, ഷെഹണായ്‌ എന്നിങ്ങനെയുള്ള സംഗീതോപകരണങ്ങളുടെ നാദം രാത്രിയുടെ നിശ്ശബ്ദതയില്‍ പതിന്മടങ്ങ്‌ ആസ്വാദ്യമാകും എന്ന് എനിക്കു മനസ്സിലായത്‌.

മലയാള സിനിമയിലെ പ്രഗത്ഭനായ സംഗീതസംവിധായകന്‍ ശ്രീമാന്‍ ഔസേപ്പച്ചന്‍ അടിസ്ഥാനപരമായി ഒരു വയലിനിസ്റ്റാണു്‌. അതിനാലായിരിക്കണം അദ്ദേഹത്തിന്റെ പാട്ടുകള്‍ വയലിന്‍ നാദം പോലെ മൃദുലവും മധുരമുള്ളതുമായിരിക്കുന്നത്‌!. രാവിന്റെ നിശ്ശബ്ദതയില്‍ എങ്ങനെ വയലിന്‍ നാദം പതിന്മടങ്ങ്‌ മധുരമാകുന്നുവോ അതു പോലെയാണു്‌ ഔസേപ്പച്ചന്റെ സംഗീതവും. രാത്രിയുടെ നിശ്ശബ്ദതയില്‍, പതിഞ്ഞ സ്വരത്തില്‍, ഏകനായി ഇരുന്നുകൊണ്ട്‌ ഔസേപ്പച്ചന്‍ സഗീതം കൊടുത്തിട്ടുള്ള ഗാനങ്ങള്‍ കേട്ടു നോക്കൂ. നിങ്ങള്‍ ഒരു മാസ്മര ലോകത്തേയ്ക്ക്‌ ഉയര്‍ത്തപ്പെടും!.

ഔസേപ്പച്ചന്റെ പാട്ടുകള്‍ പണ്ടെന്നോ ആദ്യമായി കേട്ടപ്പോള്‍ത്തന്നെ ഇഷ്ടപ്പെട്ടു. ഇതാ ഒരു നല്ല സംഗീത സംവിധായകന്‍ അവതരിച്ചിരിക്കുന്നു എന്ന് അന്നേ തോന്നിയിരുന്നു. ഔസേപ്പച്ചന്‍ ഒരിക്കലും നിരാശപ്പെടുത്തിയില്ല.അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ പാട്ടുകളെല്ലാം മനോഹരം.

'ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്നു മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍'-ഈ പാട്ട്‌ കേട്ടുതുടങ്ങിയ നാള്‍ മുതല്‍ വളരെയിഷ്ടമാണു്‌. അതിന്റെ സംഗീതം ആരായിരുന്നുവെന്ന് അറിയില്ലായിരുന്നു.ഈയിടെയാണു ഞാന്‍ അതു മനസ്സിലാക്കുന്നത്‌.ആരാണെന്നോ?- മറ്റാരാവാന്‍?, മ്മടെ ഔസേപ്പച്ചന്‍ തന്നെ!.

കാതോടു കാതോരം..........

പാതിരാമഴയേതോ............

നീയെന്‍ സര്‍ഗ്ഗ സൗന്ദര്യമേ.......

ദേവദൂതര്‍ പാടീ................

ഉണ്ണികളേ ഒരു കഥ പറയാം....

മഞ്ഞു പെയ്യുന്ന രാത്രിയില്‍.......

തുമ്പയും തുളസിയും...........

മഴയുള്ള രാത്രിയില്‍..........

കണ്ണാം തുമ്പീ പോരാമോ.........

പിച്ചകപ്പൂംകാവുകള്‍ക്കുമപ്പുറം.......

-ഔസേപ്പച്ചന്റെ മനോഹര ഗാനങ്ങളുടെ ലിസ്റ്റെടുത്താല്‍ അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും ഉള്‍പ്പെടുത്തേണ്ടി വരും!.

'ഒരേ കടല്‍' എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിനാണു്‌ ഇപ്പോള്‍ ഔസേപ്പച്ചനു ദേശീയ പുരസ്കാരം കിട്ടിയിരികുന്നത്‌.അദ്ദേഹമര്‍ഹിക്കുന്ന അംഗീകാരം തന്നെ.

കുറെ നാള്‍ മുമ്പ്‌ ഏഷ്യാനെറ്റിലെ ഐഡിയാ സ്റ്റാര്‍ സിങ്ങര്‍ പ്രോഗ്രാമില്‍ വിധികര്‍ത്താക്കളില്‍ ഒരാളായി ഔസേപ്പച്ചനെ കാണാമായിരുന്നു. ആ പ്രോഗ്രാമില്‍ ഇത്ര മാന്യമായി, ഇത്ര സംസ്കാരത്തോടെ സംസാരിക്കുന്ന ജഡ്ജ്‌ ഔസേപ്പച്ചന്‍ മാത്രമായിരുന്നു. മറ്റു ജഡ്ജസിന്റെ തറ സംസാരം ഔസേപ്പച്ചന്‍ സ്വീകരിച്ചില്ല(ഒരു പക്ഷേ അത്‌ അദ്ദേഹത്തിനു്‌ അറിയില്ലായിരിക്കും).പിന്നീട്‌ അദ്ദേഹം പറഞ്ഞിട്ടുണ്ട്‌ തനിക്കു പറ്റിയ പണിയല്ല അത്‌ എന്നു മനസ്സിലായതുകൊണ്ടാണു്‌ തന്നെ ഇപ്പോള്‍ സ്റ്റാര്‍ സിങ്ങറിന്റെ ജഡ്ജായി കാണാത്തതെന്ന്.ശരിയാണു്‌ ആ തറ പരിപാടി താങ്കളെ പോലെ മാന്യന്മാര്‍ക്കു പറ്റിയതാണെന്നു തോന്നുന്നില്ല.

സംഗീതത്തിന്റെ സാങ്കേതിക വശത്തെക്കുറിച്ച്‌ യാതൊരു അറിവുമില്ലാത്ത പാമരനാണു ഞാന്‍. രാഗവും താളവുമൊക്കെ എന്താണെന്നെനിക്കറിയില്ല. നല്ല സംഗീതം കേള്‍ക്കാനിഷ്ടമാണെന്നു മാത്രം!. അപ്പോള്‍ 'എന്താണു ചേട്ടാ താങ്കളുടെ നല്ല സംഗീതം?' എന്നു ചോദിച്ചാല്‍, 'കേള്‍ക്കാന്‍ സുഖമുള്ള സംഗീതമാണെനിക്കു നല്ല സംഗീതം, അനിയാ' എന്നു പറയാനേ എനിക്കറിയൂ.(സംഗീത ജ്ഞാനികള്‍ ക്ഷമിക്കുക).

നല്ല സംഗീതം ഔസേപ്പച്ചനിലൂടെ ഇനിയും വളരെ നാള്‍ കേള്‍ക്കാന്‍ ഇടവരേണമേ എന്ന് ദൈവത്തോടു പ്രാര്‍ഥിക്കുന്നു.

3 comments:

  1. വളരെ നന്നായി എഴുത്ത്. ഏതാണ്ട് എന്റെ അതേ ചിന്തകൾ. നന്ദി. :)

    ReplyDelete
  2. കണ്ണാം തുമ്പീ പോരാമോ.........
    ഇതു മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് പാട്ട് ആണെന്നു തോന്നുന്നു. ഔസേപ്പച്ചനെ ഉപകരണ സംഗീത്തത്തിന്റെ വഴിയിലൂടെ പരിചയപ്പെടുത്തിയതിന് നന്ദി.

    ReplyDelete
  3. വായിച്ചു. ഉപകരണ സംഗീതത്തില്‍ താല്‍‌പര്യവും സമയവുമുണ്ടങ്കില്‍ അത് പഠിക്കാനും ശ്രമിക്കു.

    ReplyDelete