വിദ്യാലയങ്ങളിലെ ഹീറോകളായിരുന്ന ഇതുപോലെയുള്ള കുട്ടികളെക്കൊണ്ടായിരുന്നു അന്ന് വിദ്യാലയങ്ങള്‍ക്കും നാട്ടുകാര്‍ക്കും കൂടുതല്‍ പ്രയോജനം. പഠിത്തമൊഴികെയുള്ള എന്തു കാര്യത്തിനും ഇവര്‍ സമര്‍ത്ഥരായിരുന്നു. സ്കൂളിലെ യൂത്ത് ഫെസ്റ്റിവല്‍, ആനിവേഴ്‌സറി എന്നീ പരിപാടികളുടെ നേതൃത്വം ഇവര്‍ക്കായിരിക്കും. ഡാന്‍സ്, പാട്ട് മുതലായ കലകളൊന്നും ഇവര്‍ക്കു വഴങ്ങുകയില്ല. പിന്നെ ഇവര്‍ അവതരിപ്പിക്കുന്ന പരിപാടിയെന്താണെന്നോ-നാടകം. ആര്‍ക്കും കയറി മേയാവുന്ന ഒരു മേഖലയാണല്ലോ അത്. കാണികളായുള്ള കുട്ടികള്‍ക്കും നാടകമാണിഷ്ടം. നാടകത്തില്‍ അഭിനയിക്കുന്നവരാണു് അവരുടെ ആരാധനാപാത്രങ്ങള്‍. നാടകം കളിക്കുന്നതിന്റെ പിറ്റെദിവസം സ്കൂളിലെത്തുന്ന ഇവരെ അവര്‍ നാടകത്തിലവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേര്‍ വിളിച്ചാണു് മറ്റുകുട്ടികള്‍ എതിരേല്‍ക്കുന്നത്. തങ്ങള്‍ക്കുള്ള അംഗീകാരമായി അവര്‍ അത് കണക്കാക്കുകയും ചെയ്യുന്നു. അങ്ങനെ അവര്‍ സ്കൂളിലെയും നാട്ടിലെയും താരങ്ങളാവുന്നു.
ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്തും ഞങ്ങളുടെ ഹീറോകളായുള്ള ഇങ്ങനെ ചിലര്‍ ഉണ്ടായിരുന്നു. ബേബിച്ചന്‍ എന്നു വിളിക്കുന്ന മാത്യൂ വര്‍ഗ്ഗീസ്, ശ്രീകുമാര്‍(എന്റെ ബന്ധുകൂടിയായ അദ്ദേഹത്തെ കൊച്ചുമോന്‍ ചിറ്റപ്പന്‍ എന്നാണു ഞാന്‍ വിളിക്കുന്നത്) എന്നിവരായിരുന്നു അതില്‍ പ്രധാനികള്‍. ഇവരോടൊപ്പമുണ്ടായിരുന്ന അല്‍പ്പംകൂടി ജൂനിയറായിരുന്ന ബാബുരാജ് എന്നൊരാള്‍ സ്കൂളിലും, അതിനുശേഷം അവര്‍ തന്നെ രൂപീകരിച്ച അമച്വര്‍ നാടക സമിതിയായ പ്രതിഭാ തീയറ്റേഴ്‌സിലുമെല്ലാം നാടകത്തില്‍ പയറ്റിത്തെളിഞ്ഞശേഷം കേരളത്തിലെ പല പ്രഫഷണല്‍ നാടകട്രൂപ്പുകളിലെയും പ്രധാന നടനായി പ്രശസ്തിയാര്‍ജ്ജിക്കുകയുണ്ടായി. അന്നത്തെ കുട്ടിക്കളി ഗൗരവമായെടുത്ത് അതില്‍ ഒരു ജീവിതമാര്‍ഗം കണ്ടെത്തിയ ഒരാള്‍ ഈ ബാബുരാജ് മാത്രമേയുള്ളു.
എന്റെ ഹീറോകള്‍ കൊച്ചുമോന്‍ ചിറ്റപ്പനും ബേബിച്ചനുമായിരുന്നു. ഞങ്ങളുടെ നാട്ടിലുള്ള കാരിക്കോട്ടമ്പലത്തിന്റെ മൈതാനവും പരിസര പ്രദേശങ്ങളുമായിരുന്നു ഇവരുടെയും പരിവാരങ്ങളുടെയും വിഹാരരംഗം. ഇവരുടെ സംഘം അവിടെയൊക്കെ ഇരുന്ന് വെടിപറയും. അവരെക്കാള്‍ വളരെ ജൂനിയറായ ഞാനൊക്കെ ആദരവോടെ അല്‍പ്പം മാറി നില്‍ക്കുകയേ ഉള്ളു. കൊച്ചുമോന്‍ ചിറ്റപ്പനും ബേബിച്ചനും പരസ്പരം 'സാര്‍' എന്നാണു വിളിക്കുന്നെതെന്നു മനസ്സിലാക്കിയ ഞാന്‍ അതിശയപ്പെട്ടുപോയി. അവരോടുള്ള ആരാധനയും ബഹുമാനവും പാരമ്യത്തിലെത്താന്‍ അത് കാരണമായി. ഞാന്‍ എന്താണു് ഇവരെപ്പോലെയാകാത്തത് എന്നോര്‍ത്ത് കുട്ടിയായ എനിക്ക് നിരാശയും ഉണ്ടായിട്ടുണ്ട്. പക്ഷെ, ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ പഠിത്തമാണു് എന്റെ പ്രധാന ജോലി എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. അവരുടെ വിശ്വാസം അതല്ലായിരുന്നുതാനും. ഞാന്‍ അവരിലൊരാളാവാത്തതിനു കാരണം അതാവാം. എങ്കിലും എന്റെ ഹീറോ വര്‍ഷിപ്പിനു് അതു തടസ്സമായില്ല.
ഈ പാര്‍ട്ടികളെല്ലാം ചേര്‍ന്ന് പ്രതിഭാ തീയറ്റേഴ്‌സ് എന്നൊരു അമച്വര്‍ നാടകസംഘമുണ്ടാക്കി. ഞങ്ങളുടെ നാട്ടിലും മറ്റു പലയിടങ്ങളിലും നാടകങ്ങള്‍ അവതരിപ്പിച്ചു. നാടകത്തിന്റെ നോട്ടീസില്‍ എം.ആര്‍. മുല്ലമംഗലം എന്നൊരു പേര്‍ അഭിനേതാകളുടെ പേരുകളുടെകൂടെ കാണാം. അതാരാണെന്നറിയാമോ? മാത്യൂ വര്‍ഗ്ഗീസെന്ന നമ്മുടെ ബേബിച്ചന്‍ തന്നെ. കുറെ നാടകങ്ങളില്‍ അഭിനയിച്ചുകഴിഞ്ഞപ്പോള്‍ ഒരു പൊളപ്പന്‍ പേരിരിക്കട്ടെ എന്നു കരുതിക്കാണും.
പാവം ബേബിച്ചനു് ജീവിതത്തില്‍ വളരെയൊന്നും ഉയരാന്‍ കഴിഞ്ഞില്ല. കുറെ നാളുകള്‍ക്കുശേഷം പ്രതിഭാ തീയറ്റേഴ്‌സ് നാമാവശേഷമായി. പലരും പലവഴിക്കായി. ബേബിച്ചന്റെയും നാടകാഭിനയമൊക്കെ അവസാനിച്ചു.
പാവം ബേബിച്ചനു് ജീവിതത്തില്‍ വളരെയൊന്നും ഉയരാന്‍ കഴിഞ്ഞില്ല. കുറെ നാളുകള്‍ക്കുശേഷം പ്രതിഭാ തീയറ്റേഴ്‌സ് നാമാവശേഷമായി. പലരും പലവഴിക്കായി. ബേബിച്ചന്റെയും നാടകാഭിനയമൊക്കെ അവസാനിച്ചു.
അച്ഛന്റെ ട്രാന്‍സ്‌ഫറും എന്റെ എഞ്ചിനിയറിങ്ങ് പഠനവുമൊക്കെയായി ഞങ്ങള്‍ വളരെനാള്‍ നാട്ടില്‍നിന്നും വിട്ടുനിന്നു. അതിനുശേഷം തിരിച്ചെത്തിയപ്പോള്‍ ബേബിച്ചനെ മൈക്ക് സെറ്റ് വാടകയ്ക്കു കൊടുക്കുന്നയാളായിട്ടാണു ഞാന്‍ കാണുന്നത്. മുത്തൂര്‍ ആല്‍ത്തറ ജംഗ്ഷനില്‍ കുറുപ്പുചേട്ടന്റെ ഉടമസ്ഥതയില്‍ അന്നുണ്ടായിരുന്ന ഒരുനിര കടമുറികളില്‍ ഒരെണ്ണത്തിലായിരുന്നു അദ്ദേഹത്തിന്റെ മൈക്ക് സെറ്റ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. (ഇന്ന് ആ കെട്ടിടം ഇല്ല. അതിന്റെ സ്ഥാനത്ത് ഒരു ബഹുനില മന്ദിരമാണുള്ളത്).
ഒരു കോണ്‍ഗ്രസ്സ് പാര്‍ട്ടി പ്രവര്‍ത്തകനുമായിരുന്നു ബേബിച്ചന്‍. പക്ഷെ പാര്‍ട്ടിപ്രവര്‍ത്തനം കൊണ്ടൊന്നും ഉയരാന്‍ ബേബിച്ചനായില്ല. അതിനുള്ള കഴിവ് ഉണ്ടായിരുന്നിരിക്കില്ല. മൈക്ക് സെറ്റിന്റെ പരിപാടിയും വന്‍തോതിലൊന്നും ഉണ്ടായിരുന്നില്ല. ചെറിയ പരിപാടികള്‍ക്കുള്ള സംവിധാനമേ അയാളുടെ പക്കല്‍ ഉണ്ടായിരുന്നുള്ളു. പിന്നീടയാള്‍ ആ കടമുറി വിട്ടിട്ട് മൈക്ക് സെറ്റിന്റെ സാധനങ്ങള്‍ സ്വന്തം വീട്ടില്‍ സൂക്ഷിച്ചുകൊണ്ടായി പ്രവര്‍ത്തനം. അതില്‍നിന്നൊക്കെ കാര്യമായ വരുമാനം ഉണ്ടായിരുന്നോ എന്നെനിക്കു സംശയമുണ്ട്. ഉണ്ടാവാന്‍ സാദ്ധ്യതയില്ല. പണ്ട് അയാളുടെ കമ്പനിയിലുണ്ടായിരുന്ന മറ്റുള്ളവരൊക്കെ മെച്ചപ്പെട്ട നിലയെയിലെത്തി, ബേബിച്ചനെന്തേ ഇങ്ങനെ?
ഒരിക്കല്‍ മുനിസിപ്പല്‍ തെരെഞ്ഞെടുപ്പിന്റെ കാലം. തനിക്കൊരു സീറ്റു കിട്ടുമെന്ന് കോണ്‍ഗ്രസ്സുകാരനായ ബേബിച്ചന്‍ പ്രതീക്ഷിച്ചിരിക്കണം, എന്നാല്‍ അതുണ്ടായില്ല. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിക്കെതിരെ വിമതനായി ബേബിച്ചന്‍ കയറി നിന്നു. ഒരു ദിവസം അയാള്‍ ഞങ്ങളുടെ വീട്ടില്‍ വന്നു. സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നതിന്റെ കാര്യമൊക്കെ പറഞ്ഞു. എന്റെ അച്ഛന്റെ കാല്‍ തൊട്ടു വന്ദിച്ചു. അദ്ധ്യാപകനായിരുന്ന എന്റെ അച്ഛന്‍ സ്കൂളില്‍ ബേബിച്ചനെ പഠിപ്പിച്ചിട്ടുണ്ടാവണം. തെരെഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് ബേബിച്ചന്‍പോലും കരുതിയിട്ടുണ്ടാവില്ല. സുഖമായിട്ടു തോറ്റു.
*********************************************************************************
ദാ ആ വരുന്നതു ബേബിച്ചനാണു്. മുണ്ടും ഷര്‍ട്ടും വേഷം. കാലില്‍ ചെരുപ്പില്ല, നഗ്നപാദന്‍. വളര്‍ന്നുനീണ്ട മുടി. പ്രാകൃതമായ രൂപം. ജീവിതത്തിലൊന്നുമാവാന്‍ കഴിയാത്ത ഒരാള്‍. ഒരുകാലത്തെ എന്റെ ഒരു ഹീറോ. എന്റെ മനസ്സിലെ ആ വിഗ്രഹം എന്നോ വീണുടഞ്ഞിരുന്നു. കുട്ടിക്കാലത്തെ വീരാരാധനയില്‍ എന്തു കാര്യം, അല്ലേ?. കതിരും പതിരും തിരിച്ചറിയാത്ത ആ കാലത്ത് പലതിനോടും പലരോടും ആരാധന തോന്നും. ആരെല്ലാം ആരൊക്കെ ആയിത്തിരുമെന്ന് കാലമാണു കാണിച്ചുതരുന്നത്. കുട്ടിക്കാലത്തെ നമ്മുടെ ആരാധനാപാത്രങ്ങളേക്കാള്‍ ഉയരത്തില്‍ നാമെത്തിയേക്കാം. അന്നത്തെ താരങ്ങള്‍ തിളക്കം നഷ്ടപ്പെട്ട് മണ്ണില്‍ പതിച്ചേക്കാം. കാലം, എല്ലാം മാറ്റിമറിക്കുന്നു കാലം!.
*********************************************************************************
ദാ ആ വരുന്നതു ബേബിച്ചനാണു്. മുണ്ടും ഷര്‍ട്ടും വേഷം. കാലില്‍ ചെരുപ്പില്ല, നഗ്നപാദന്‍. വളര്‍ന്നുനീണ്ട മുടി. പ്രാകൃതമായ രൂപം. ജീവിതത്തിലൊന്നുമാവാന്‍ കഴിയാത്ത ഒരാള്‍. ഒരുകാലത്തെ എന്റെ ഒരു ഹീറോ. എന്റെ മനസ്സിലെ ആ വിഗ്രഹം എന്നോ വീണുടഞ്ഞിരുന്നു. കുട്ടിക്കാലത്തെ വീരാരാധനയില്‍ എന്തു കാര്യം, അല്ലേ?. കതിരും പതിരും തിരിച്ചറിയാത്ത ആ കാലത്ത് പലതിനോടും പലരോടും ആരാധന തോന്നും. ആരെല്ലാം ആരൊക്കെ ആയിത്തിരുമെന്ന് കാലമാണു കാണിച്ചുതരുന്നത്. കുട്ടിക്കാലത്തെ നമ്മുടെ ആരാധനാപാത്രങ്ങളേക്കാള്‍ ഉയരത്തില്‍ നാമെത്തിയേക്കാം. അന്നത്തെ താരങ്ങള്‍ തിളക്കം നഷ്ടപ്പെട്ട് മണ്ണില്‍ പതിച്ചേക്കാം. കാലം, എല്ലാം മാറ്റിമറിക്കുന്നു കാലം!.