മുന്‍പ് ഞങ്ങളുടെയിവിടെയൊക്കെ വിദ്യാരംഭമെന്നുപറയുന്നത്, അതായത് കുട്ടികളെ എഴുത്തിനിരുത്തുന്നത് ഇന്നു പലയിടത്തും കാണുന്നതുപോലെ ഏതെങ്കിലും പത്രസ്ഥാപനമോ മറ്റോ നടത്തുന്ന ബഹളമയമായ ഒരു പരിപാടി ആയിരുന്നില്ല. സ്വന്തം വീട്ടില്‍ ശാന്തമായ അന്തരീക്ഷത്തില്‍ നടത്തുന്ന ലളിതമായ ഒരു ചടങ്ങായിരുന്നു. കുട്ടിയെ എഴുത്തിനിരുത്തുന്നത് മിക്കവാറും വീട്ടിലെ ഏറ്റവും മുതിര്‍ന്ന അംഗമായിരിക്കും, കുട്ടിയുടെ അപ്പൂപ്പനോമറ്റോ. എഴുത്തിനിരിക്കുന്ന കൊച്ചുകുട്ടിക്കും അത് രസമുള്ള ഒരു അനുഭവമായി മാറുന്നു. കാരണം അവന്‍ തന്റെ അപ്പൂപ്പന്റെ മടിയിലിരുന്നാണു് അക്ഷരം എഴുതുന്നത്. അപ്പൂപ്പനാണു് അവന്റെ നാവില്‍ സ്വര്‍ണ്ണമോതിരംകൊണ്ട് അക്ഷരമെഴുതുന്നത്. അതിനാല്‍ അവന്‍ കരഞ്ഞുകൂവി വിളിക്കുന്നില്ല, കൈകാലിട്ടടിച്ചു പ്രതിഷേധിക്കുന്നില്ല. എഴുത്തിനിരുത്ത് അവനൊരു പീഡനമാവുന്നില്ല.
എന്നാല്‍ ഇന്നോ? എന്തും ഏതും വാണിജ്യവല്‍ക്കരിക്കുകയും ആഘോഷമാക്കുകയും ചെയ്യുന്ന കച്ചവടക്കണ്ണുള്ള ചില പത്രസ്ഥാപനങ്ങളുടെയും സംഘടനകളുടെയും തന്ത്രങ്ങള്‍ക്കു മുന്‍പില്‍ മലയാളി ചുമ്മാതങ്ങ് കീഴടങ്ങിക്കൊടുക്കുകയാണു്. അവര്‍ സംഘടിപ്പിക്കുന്ന വിദ്യാരംഭാഘോഷത്തില്‍ പങ്കെടുത്ത് ആചാര്യന്മാരെന്നോ ഗുരുക്കന്മാരെന്നോ പറഞ്ഞ് ഞെളിഞ്ഞിരിക്കുന്ന ചില സാഹിത്യകാരന്മാരുടെയോ(സാഹിത്യകാരികളുടെയോ) സാംസ്കാരികനായകന്മാരെന്നു പറയുന്നവരുടെയോ മടിയിലിരുത്തി തന്റെ കുഞ്ഞിനെ ആദ്യാക്ഷരമെഴുതിച്ചില്ലെങ്കില്‍ എന്തോ പോരായ്മയാണെന്ന് അല്‍പ്പനായ മലയാളി തീരുമാനിക്കുന്നു.
ഇത്രയും ബഹളമയമായ അന്തരീക്ഷത്തില്‍, തികച്ചും അപരിചിതനായ ഒരാളുടെ മടിയിലിരിക്കാന്‍ ഒരുമാതിരിപ്പെട്ട കുഞ്ഞുങ്ങളൊന്നും ഇഷ്ടപെടുകില്ല. അപരിചിതനായ ഒരാള്‍ തന്റെ കൈപിടിച്ച് ബലമായി അരിയില്‍ 'ഹരി ശ്രീ' എഴുതിക്കാന്‍ ശ്രമിക്കുന്നു, അതിലും കടന്നകയ്യായി, തന്റെ വായ ബലമായി തുറന്ന് നാക്കില്‍ സ്വര്‍ണമോതിരംകൊണ്ട് എഴുതാന്‍ ശ്രമിക്കുന്നു. ഏതു കുരുന്നും പേടിച്ചു വിറച്ചുപോകും. അവനെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്നേ അവന്‍ കരുതൂ. അവന്‍ പ്രതിഷേധിക്കും. കൈകാലിട്ടടിച്ച് കുതറിമാറാന്‍ ശ്രമിക്കും, വാവിട്ട് അലറിവിളിക്കും. അങ്ങനെ സുന്ദരമാകേണ്ട നിമിഷം അവന്റെ കണ്ണുനീരില്‍ കുതിരും. രസകരമാവേണ്ട ചടങ്ങ് അവന്റെ പേടിസ്വപ്നമാവും.
എന്തിനുവേണ്ടിയാണിത്?. ആരുടെയോ പരസ്യപ്രചാരണത്തിനുവേണ്ടി, ഏതോ ചില സ്ഥാപനങ്ങളുടെ കച്ചവട താല്‍പര്യം സംരക്ഷിക്കാന്‍വേണ്ടി. പരിപാവനമാകേണ്ട ഈ ചടങ്ങ് കുഞ്ഞുങ്ങള്‍ക്കു പീഡനമായിത്തീരുന്നു.
എഴുത്തിനിരുത്താനായി ചമഞ്ഞൊരുങ്ങി ഗമയിലെത്തുന്ന ഗുരുക്കന്മാര്‍ അല്ലെങ്കില്‍ ആചാര്യന്മാര്‍(ഈ വാക്കുകളാണു് അവര്‍ ഉപയോഗിക്കുന്നത്. എന്തു ഗുരു, എന്ത് ആചാര്യന്‍, അല്ലേ ചങ്ങാതീ?) മൂന്നു മതങ്ങളില്‍നിന്നും ഉണ്ടാവും. ഹിന്ദുക്കുഞ്ഞിനു് ഹിന്ദു ഗുരു, ക്രിസ്ത്യന്‍ കുഞ്ഞിനു് ക്രിസ്ത്യന്‍ ഗുരു, മുസ്ലീം കുഞ്ഞിനു് മുസ്ലീം ഗുരു. മതേതരത്വം പുലരാന്‍ ഇനിയെന്തുവേണം ചങ്ങാതീ?. ബുദ്ധമതക്കാരും ജൈനമതക്കാരുമൊക്കെ എന്തു ചെയ്യുമോ എന്തോ?
ഇനിയുമുണ്ടൊരു തമാശ. പങ്കെടുത്ത കുഞ്ഞുങ്ങള്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റും കൊടുക്കും. ചിലര്‍ കൊടുക്കുന്നത് ഫോട്ടോ പതിച്ച സര്‍ട്ടിഫിക്കറ്റാണു്. പത്രവാര്‍ത്തയില്‍ കണ്ടത്-അതുവരെ കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞുങ്ങളും സ്വന്തം ഫോട്ടോ പതിച്ച സര്‍ട്ടിഫിക്കറ്റു കൈയില്‍ കിട്ടിയപ്പോള്‍ സന്തോഷംകൊണ്ടു മതിമറന്നു ചിരിച്ചു. അവന്‍ എങ്ങനെ സന്തോഷിക്കാതിരിക്കും? വിദൂരഭാവിയില്‍ ജോലിയന്വേഷിച്ചു നടക്കുമ്പോള്‍ ഈയൊരു സര്‍ട്ടിഫിക്കറ്റു കയ്യിലില്ലെങ്കില്‍ അവന്‍ തെണ്ടിയതുതന്നെ. അതുകൊണ്ട് അവന്‍ കരച്ചില്‍മാറ്റി ചിരിക്കുകമാത്രമല്ല, സര്‍ട്ടിഫിക്കറ്റു കൊടുത്തവര്‍ക്കു ജെയ് വിളിക്കുകയും ചെയ്തെന്നിരിക്കും! പീഡാനുഭവങ്ങളില്‍ക്കൂടിയാണെങ്കിലും ഒരു സര്‍ട്ടിഫിക്കറ്റു സംഘടിപ്പിച്ചല്ലോ, ആനന്ദലബ്ധിക്കിനിയെന്തുവേണം?.
സര്‍ട്ടിഫിക്കറ്റ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ പാവം ജനം വീണുപോവും. ഇങ്ങനെയൊരു സര്‍ട്ടിഫിക്കറ്റ് കയ്യിലില്ലെങ്കില്‍ ഭാവിയിലെന്തെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കിലോ എന്നൊരു ഭയം അവര്‍ക്കുണ്ടായെന്നും വരും. സര്‍ട്ടിഫിക്കറ്റ് കിട്ടുവാന്‍വേണ്ടിയെങ്കിലും അവന്‍ തന്റെ കുഞ്ഞിനെയും കൊണ്ട് ഈ ഗുരുക്കന്മാരുടെയടുത്തു ചെല്ലും. അതും കച്ചവടതന്ത്രത്തിന്റെ ഒരു ഭാഗമാണു്.
എന്റെ ധാരണ ശരിയാണെങ്കില്‍(അതു ശരിയല്ലെങ്കില്‍ ക്ഷമിക്കുക) ഈ വിദ്യാരംഭം ഇങ്ങനെയൊരു ആഘോഷമായി തുടങ്ങിയത് കേരളത്തിലെ ഒരു പ്രമുഖ പത്രസ്ഥാപനമാണു്. ഇങ്ങനെയുള്ള പല പരിപാടികളും സംഘടിപ്പിക്കുക അവരുടെ ഒരു പരസ്യതന്ത്രമാണു്. അവര്‍ തുടങ്ങിയപ്പോള്‍ മറ്റുപലരും അത് അനുകരിച്ചുതുടങ്ങി. അങ്ങനെ അവനവന്റെ വീട്ടില്‍ സമാധാനപരമായ അന്തരീക്ഷത്തില്‍ ബഹളമേതുമില്ലാതെ നടന്നുവന്നിരുന്ന ഈ പാവനകര്‍മ്മം ഓരോരുത്തരുടെയൊക്കെ പരസ്യത്തിനുവേണ്ടി തെരുവിലേയ്ക്കു പറിച്ചുനടപ്പെട്ടു. ഏതു ചൂഷണത്തിനും നിന്നുകൊടുക്കുന്ന മലയാളി ഇതിനും നിന്നുകൊടുക്കുന്നു, ഏതു വിഡ്ഢിവേഷവും കെട്ടാന്‍ പൊങ്ങച്ചക്കാരനായ അവന്‍ തയ്യാര്‍, കഷ്ടം!.
No comments:
Post a Comment