Thursday, December 8, 2011

നിങ്ങടെ സ്വന്തം കണ്ടക്ടർ

വൈകുന്നേരമായി. ബസിൽ സാമാന്യം തിരക്കുണ്ട്. സാരമില്ല. ഈ ട്രിപ്പുകൂടി കഴിഞ്ഞാൽ നമ്മടെ ഡ്യൂട്ടി കഴിയും. ടിക്കറ്റിങ്ങ് മെഷീൻ വന്നതോടുകൂടി നമുക്കു പണി വളരെയെളുപ്പമായി. എങ്കിലും ഇടയ്ക്കെങ്ങാനും മെഷീൻ പണിമുടക്കിയാൽ നമുക്കു പണിയാവും.

കഴിഞ്ഞ സ്റ്റോപ്പിൽ നിന്നു കയറിയവർക്കെല്ലാം ടിക്കറ്റു കൊടുത്തുകൊണ്ടിരിക്കുകയാണു കേട്ടോ. ബസിനെല്ലാം രണ്ടു വാതിൽ വന്നതിൽപ്പിന്നെ നമുക്കു പണികൂടിയെന്നു പറഞ്ഞാൽ മതിയല്ലോ. തിരക്കുള്ള സമയത്താണു ശരിക്കും ബുദ്ധിമുട്ടു്. നമ്മൾ പുറകുവശത്തു നിൽക്കുകയായിരിക്കും. ബസ് ഏതെങ്കിലും സ്റ്റോപ്പിൽ നിർത്തും. രണ്ടു വാതിലും തുറന്നു് യാത്രക്കാർ ഇറങ്ങും. രണ്ടു വാതിലിൽക്കൂടിയും കയറുകയും ചെയ്യും.

പുറകിലത്തെ വാതിലിൽക്കൂടി കയറിയവർക്കെല്ലാം ടിക്കറ്റു കൊടുത്തിട്ടു് തിരക്കിൽക്കൂടി ഊളിയിട്ടു് മുൻപിലേയ്ക്കു പോകും. അവിടെയുളവർക്കു ടിക്കറ്റു കൊടുത്തുകൊണ്ടിരിക്കുമ്പോൾ അടുത്ത ബസ് സ്റ്റോപ്പാവും. അവിടെയും രണ്ടു വാതിലിൽക്കൂടിയും ആളു കയറും. അപ്പോൾ എന്തു ചെയ്യും?. മുൻപിലുള്ളവർക്കു ടിക്കറ്റു കൊടുത്തിട്ട് തിരക്കിനിടയിൽക്കൂടി ഞെങ്ങിഞ്ഞെരുങ്ങി പുറകിലേയ്ക്കു പോകും. അവിടെയുള്ളവർക്കു ടിക്കറ്റു കൊടുത്തുകൊണ്ടിരിക്കുമ്പോഴേയ്ക്കും അതാ അടുത്ത സ്റ്റോപ്പായി. വീണ്ടും മുൻവാതിലിൽക്കൂടിയും പിൻവാതിലിൽക്കൂടിയും ആളിടിച്ചു കയറും. നമ്മൾ വീണ്ടും ടിക്കറ്റു കൊടുക്കാനായി മുന്നിലേയ്ക്കും പിന്നിലേയ്ക്കും ഇങ്ങനെ ഷട്ടിലടിച്ചു വശം കെടും.

നമ്മൾ പിന്നിൽ നിൽക്കുമ്പോൾ ആളുകളോടു്, എല്ലാവരും പുറകിലെ വാതിലിലേയ്ക്കു വന്നു കയറാൻ പറഞ്ഞുനോക്കും. പറയുന്നതു മിച്ചം. ആരു കേൾക്കാൻ!. വല്ല മര്യാദയുമുള്ള കൂട്ടരാണോ ഈ ജനമെന്നു പറയുന്നതു്. അവർ രണ്ടു വാതിലിൽക്കൂടിയും അകത്തു കയറും. കണ്ടക്ടർക്കു ബുദ്ധിമുട്ടായാൽ അവർക്കു വല്ല നഷ്ടവുമുണ്ടോ?. 'അതിനല്ലേ നിനക്കൊക്കെ സർക്കാർ ശമ്പളം തരുന്നതു്?'- ജനത്തിന്റെ മനോഭാവം അങ്ങനെയാണു്. സർക്കാരിന്റെ നാലുകാശു വാങ്ങുന്ന ഞങ്ങളോടുള്ള കുശുമ്പ്, അല്ലാതെന്താ?. അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ലെന്നു ഞങ്ങളുടെ നേതാവു പ്രസ്താവിച്ചിട്ടുണ്ട്. അപ്പൊപ്പിന്നെ, എല്ലാം സഹിക്കുകതന്നെ.

തിരക്കുള്ള ബസിൽ, രണ്ടു വാതിലുള്ളതുകൊണ്ടുള്ള ബുദ്ധിമുട്ടു് ഇങ്ങനെ. പിന്നെ എന്തെല്ലാം പൊല്ലാപ്പുകളാണെന്നോ ഈ പണിക്കിടയിൽ. ചില അവന്മാരുണ്ട്-ചില്ലറയെന്നൊരു സാധനം കയ്യിലുണ്ടെങ്കിൽപ്പൊലും തരത്തില്ല. എന്നിട്ടു് നമ്മൾ ബാക്കി കൊടുക്കാൻ അൽപ്പം താമസിച്ചാലോ?. ഉടനെ ചൂടാവും. ചിലപ്പോൾ ചീത്ത വിളിക്കുകയും ചെയ്യും. മനുഷ്യനല്ലേ, സഹികെടുമ്പോൾ നമ്മളും വല്ലതും പറഞ്ഞുപോവും. പിന്നെ വാഗ്വാദമായി ഒച്ചപ്പാടായി. എന്തു പാടു്. അറ്റകൈയ്ക്കു് എന്തു ചെയ്യുമെന്നോ, ബെല്ലടിച്ച് ബസു നിർത്തും. എന്നിട്ടു് ഒറ്റ പ്രഖ്യാപനമങ്ങു നടത്തും-'ഇനി ഈ പ്രശ്നം കഴിഞ്ഞിട്ടേ ബസ് പോകുന്നുള്ളു, അവിടെ കിടക്കട്ടെ.'

അതാണു നമ്മുടെ തുറുപ്പുചീട്ടു്. അപ്പോൾ മറ്റു യാത്രക്കാർ ഇടപെടും, കാരണം എല്ലാവരും തിരക്കുള്ളവരാണു്. വണ്ടി ഇങ്ങനെ വഴിയിൽ കിടക്കുന്നതു് അവർ സഹിക്കില്ല. നമ്മളെ ചീത്ത വിളിച്ചവനെ അവർ കൈകാര്യം ചെയ്തുകൊള്ളും, പിന്നല്ലാതെ.

ചിലപ്പോൾ കള്ളുകുടിയന്മാരുടെ ശല്യമുണ്ടാവും. അടിച്ചു ഫിറ്റായി വരുന്ന ചിലർ വണ്ടിയിൽ കേറിയ ഉടനെ ഏതെങ്കിലും സീറ്റിലിരുന്നു് ഉറക്കം തുടങ്ങും. ടിക്കറ്റെടുപ്പിക്കാനായി നമുക്കു നന്നായിട്ടു് അദ്ധ്വാനിക്കേണ്ടിവരും. അടുത്തുചെന്നു് തട്ടിവിളിച്ചാലൊന്നും ഇവന്മാർ ഉണരുകയില്ല. എങ്ങനെയെങ്കിലും കുലുക്കിയുണർത്തും. കണ്ണുതുറന്നു് സ്ഥലകാലബോധമില്ലാതെ അവന്മാർ ചോദ്യഭാവത്തിൽ നമ്മളെ നോക്കും. നമ്മൾ പരമാവധി മര്യാദയോടെ ചോദിക്കും,

"എവിടാ ഇറങ്ങുന്നതു്?"

നമ്മൾ ചോദിക്കാൻ തുടങ്ങുതിനുമുൻപുതന്നെ അയാൾ വീണ്ടും ഉറക്കം പിടിച്ചിരിക്കും. ഓരോരോ പാടുകളേ.

ചില കുടിയന്മാരാണെങ്കിൽ ടിക്കറ്റൊക്കെ എടുക്കും. പക്ഷെ സ്ഥലമായാലും ഇറങ്ങത്തില്ല. പിന്നെ അവനെ ഇറക്കിവിടുന്നതു നമുക്കു പണിയാവും. പലപ്പോഴും ബലപ്രയോഗം നടത്തിയാവും ഇറക്കി വിടുന്നതു്.

കുടിയന്മാരുടെ വിക്രിയ പറഞ്ഞാൽ ഒരു അവസാനവുമില്ല. ഇന്നാളൊരുത്തൻ ബസിൽ വലിഞ്ഞു കയറി. രാവിലെതന്നെ അടിച്ചു ബോധംകെട്ടാണു് വന്നു കയറിയിരിക്കുന്നതു്. ഒഴിവുള്ള ഒരു സീറ്റിൽ കയറി ഇരുന്നു. ദോഷം പറയരുതല്ലോ, ഒരു മടിയും കൂടാതെ ടിക്കറ്റും എടുത്തു. അതു കഴിഞ്ഞല്ലേ കളി. സീറ്റിൽനിന്നു് എഴുന്നേറ്റിട്ടു് അയാൾ ഇരു വശത്തുമുള്ള സീറ്റുകൾക്കിടയിൽ ആളുകൾക്കു് നിൽക്കാനും നടന്നുപോകാനുമുള്ള വഴിയിൽ നീണ്ടുനിവർന്നു് ഒറ്റക്കിടപ്പു്. നമ്മൾ എന്തു ചെയ്യുമെന്നു പറ. ഒരു കണ്ടക്ടറുടെ ഗതികേടു് ശരിക്കും മനസ്സിലായില്ലേ?. അയാളെ വലിച്ചുപൊക്കാൻ ശ്രമിച്ചു. എവിടെ?, വെട്ടിയിട്ട മരത്തടിപോലെ ഒറ്റക്കിടപ്പല്ലേ. ഏതായാലും ഭാഗ്യത്തിനു് റോഡ് സൈഡിൽത്തന്നെ പൊലീസ് സ്റ്റേഷനുള്ള ഒരു സ്ഥലത്തെത്തിയിരുന്നു ബസ്. നമ്മളെന്തു ചെയ്തു?. ബസ് നിർത്തിച്ചിട്ടു് ഡ്രൈവറോടു കാര്യം സൂചിപ്പിച്ചിട്ടു് നേരെ പൊലീസ് സ്റ്റേഷനിലേയ്ക്കു ചെന്നു. അവിടെനിന്നും ഒരു പൊലീസുകാരനേയും കൊണ്ടു തിരികെ ബസിൽ എത്തി. പൊലീസുകാരൻ തട്ടിവിളിച്ചപ്പോൾ കണ്ണു തുറന്ന അയാൾ എത്ര മര്യാദക്കാരനായാണു് പൊലീസുകാരന്റെകൂടെ സ്റ്റേഷനിലേക്കു നടന്നുപോയതു്. കണ്ടക്ടറോടു കളിക്കുന്നതുപോലെ പൊലീസിനോടു കളിച്ചാൽ വിവരമറിയുമെന്ന് വെള്ളമടിച്ചു ബോധം പോയവനും അറിയാം, അല്ലേ ചങ്ങാതീ? കുടിയന്മാരുടെ കഥകൾ പറഞ്ഞാലും പറഞ്ഞാലും തീരത്തില്ല. വിസ്തരഭയത്താൽ ഇവിടെ നിർത്തുന്നു.

ബസിൽ സ്ത്രീകൾക്കും വികലാംഗർക്കും മുതിർന്ന പൗരന്മാർക്കുമൊക്കെ സീറ്റുകൾ ഏർപ്പെടുത്തിയിട്ടുണ്ടല്ലോ. ചില പുരുഷന്മാർ സ്ത്രീകൾക്കായി വച്ചിട്ടുള്ള സീറ്റിൽ കയറി ഇരിക്കും. സീറ്റു കിട്ടാതെ സ്ത്രീകളാരും നിൽക്കുന്നില്ലെങ്കിൽ കുഴപ്പമില്ല. എന്നാൽ സ്ത്രീകൾ നിൽക്കുന്നതു കണ്ടാലും ചില പുരുഷന്മാർ മാറിക്കൊടുക്കുകയില്ല. കാണാത്തഭാവത്തിൽ ഇരുന്നുകളയും. ചില കണ്ടക്ടർമാർ ഇതു കണ്ടാലും അത്ര കാര്യമാക്കുകയില്ല. എന്നാൽ നമ്മൾ അങ്ങനെയല്ല കേട്ടോ. അവരോടു് സ്ത്രീകളുടെ സീറ്റിൽനിന്നു് മാറിക്കൊടുക്കാൻ പറയും. ഒരു കണ്ടക്ടറായാൽ അങ്ങനെയല്ലേ വേണ്ടതു്?. ഒരു ഹെഡ് മാസ്റ്റർ സ്കൂളിനെ നിയന്ത്രിക്കുന്നതുപോലെ ബസിനുള്ളിലെ യാത്രക്കാരെ നിയന്ത്രിക്കേണ്ടതു് കണ്ടക്ടറല്ലാതെ മറ്റാരാണു്?.

മുതിർന്ന പൗരന്മാർക്കുവേണ്ടി വച്ചിരിക്കുന്ന സീറ്റുകളുടെ കാര്യമാണു് ഏറെ കഷ്ടം. അതു മുതിർന്ന പൗരന്മാരുടെ സീറ്റാണെന്ന കാര്യം യുവജനം അംഗീകരിച്ചിട്ടില്ലെന്നു തോന്നുന്നു. മുതിർന്ന പൗരന്മാർക്കുവേണ്ടി സ്വമേധയാ ആരും സീറ്റൊഴിഞ്ഞുകൊടുക്കുന്നതു ഞാൻ ഇതുവരെ കണ്ടിട്ടില്ല. ചിലപ്പോൾ പത്തുപതിനെട്ടു വയസ്സുള്ള കോളേജുകുമാരന്മാരും കുമാരികളുമൊക്കെയായിരിക്കും ആ സീറ്റിൽ ഞെളിഞ്ഞിരിക്കുന്നതു്. സീറ്റു കിട്ടാതെ ഒരു വയസ്സൻ(സോറി, മുതിർന്ന പൗരൻ അഥവാ സീനിയർ സിറ്റിസൺ) തൊട്ടടുത്തു നിൾക്കുന്നതു കണ്ടാൽപ്പോലും അവരൊന്നും മുതിർന്ന പൗരന്മാർക്കുവേണ്ടി മാറ്റിവച്ചിരിക്കുന്ന സീറ്റിൽനിന്നും മാറിക്കൊടുക്കുകയില്ല. കാണാത്ത ഭാവത്തിൽ ഇരുന്നുകളയും. അല്ലെങ്കിൽ കണ്ണടച്ചു് ഉറങ്ങുന്ന ഭാവത്തിൽ ഒറ്റയിരുപ്പാണു്. ചെവിയിൽ തിരുകിക്കയറ്റിവച്ചിരിക്കുന്ന ഇയർ ഫോണിൽ മൊബൈൽ ഫോണിൽനിന്നുള്ള പാട്ടും കേട്ടുകൊണ്ട് നിർവൃതിയിൽ ലോകം മറന്നുള്ള ഇരിപ്പായിരിക്കും. സ്വന്തം അപ്പൂപ്പന്റെ പ്രായമുള്ള ഒരാൾ വിഷമിച്ചു് കമ്പിയിൽ തൂങ്ങി നിൽക്കുമ്പോൾ പ്രായമായവർക്കായുള്ള സിറ്റിൽനിന്നു മാറിക്കൊടുക്കാത്ത ഇവന്മാരും ഇവളുമാരും കോളേജിലൊക്കെ പോയിപ്പഠിച്ചിട്ട് എന്തു സംസ്കാരമാണു് ഉള്ളിൽ വളർത്തിയെടുക്കുന്നതു്?. പക്ഷെ നമ്മളുടെ ബസിൽ നമ്മൾ ഇതൊന്നും അനുവദിക്കത്തില്ല. നമ്മൾ ഇടപെടും. യുവകോമളനെ എഴുന്നേൽപ്പിച്ചിട്ടു് വയസ്സനെ അവിടെ ഇരുത്തുകതന്നെ ചെയ്യും.

ഇത്രയുമൊക്കെ കേട്ടപ്പോൾ നമ്മളെപ്പറ്റി നല്ല മതിപ്പു തോന്നുന്നില്ലേ?. ഉണ്ടാവും. ഉണ്ടാവണം. കണ്ടക്ടറായാൽ ഇങ്ങനെ വേണം എന്നു തോന്നുന്നില്ലേ?. പക്ഷെ ഇനി പറയാൻ പോകുന്ന കാര്യം കേട്ടുകഴിയുമ്പോൾ പ്ലേറ്റു തിരിച്ചുവച്ചുകളയരുതു കേട്ടോ. അതായതു് നമ്മളെ മോശക്കാരനായിട്ടു കരുതരുതു് എന്നു്. ജനത്തിന്റെ സ്വഭാവം നല്ലവണ്ണം അറിയാവുന്നതുകൊണ്ടാ ഞാൻ ഈ മുന്നറിയിപ്പു തരുന്നതു്. കാരണം ജനം അങ്ങനെയാ. നമ്മൾ നൂറു നല്ലകാര്യം ചെയ്താലും എന്തെങ്കിലും ഒരു വേലത്തരം കാണിച്ചെന്നറിഞ്ഞാൽ ഉടനെ നമ്മളെ കള്ളനാക്കിക്കളയും. ജനത്തിന്റെ ഈ സ്വഭാവമാ എനിക്കു തീരെ പിടിക്കാത്തതു്. നല്ല കാര്യങ്ങൾ ചെയ്യുന്നതിനിടയ്ക്കു ചെയ്യുന്ന ചെറിയ കള്ളത്തരത്തിനു നേർക്കു് ഇഅവർക്കൊന്നു കണ്ണടച്ചാലെന്താ?. നിങ്ങൾ തീർച്ചയായും നമ്മളുടെ കൂടെ നിൽക്കുമെന്നു് അറിയാം അതുകൊണ്ടാണു് ഇക്കാര്യവുംകൂടെ തുറന്നങ്ങു പറഞ്ഞേക്കാമെന്നുവച്ചതു്.

ഞാൻ പറയാൻ വന്നതു് ഇപ്പോൾ നേരിട്ടു കാണിച്ചുതരാം. ദാ, ആ ഇരിക്കുന്ന വയസ്സനില്ലേ?. കണ്ടിട്ടു് ഒരു സാധുമനുഷ്യനാണെന്നു തോന്നുന്നു. ഇങ്ങനെയുള്ളവരാണു് നമുക്കു പറ്റിയ ഇര. ഞാൻ അയാൾക്കു ടിക്കറ്റു കൊടുക്കാൻ പോവുകാ. നോക്കിക്കോ.

"അച്ചായാ, ടിക്കറ്റ്. എങ്ങോട്ടാ?"

"പുഞ്ചക്കര."

"ഇരുപത്തി നാലു രൂപാ."

കണ്ടോ. നമ്മൾ ആ വയസ്സനു് ടിക്കറ്റും കൊടുത്തു, ബാക്കി പൈസയും കൊടുത്തു. എന്തെങ്കിലും പ്രശ്നമുണ്ടെന്നു തോന്നിയോ?. തോന്നത്തില്ല. എന്നാൽ നമ്മൾ ഒരു ചെറിയ വേലത്തരം കാണിച്ചിട്ടുണ്ടു്. ആ വയസ്സനു് ഇറങ്ങേണ്ടതു് പുഞ്ചക്കരെ ആണു്. ശരിക്കുള്ള ടിക്കറ്റ് ചാർജ് ഇരുപത്തിനാലു രൂപാ. പക്ഷെ നമ്മൾ കൊടുത്തതു് വെറും പതിമൂന്നു രൂപായുടെ ടിക്കറ്റാണു കേട്ടോ. അപ്പോൾ ഇരുപത്തിനാലിൽനിന്നു് ബാക്കി പതിനൊന്നു രൂപാ നമ്മുടെ പോക്കറ്റിൽ. ആ വയസ്സൻ ടിക്കറ്റിൽ എത്രയാണു് അടിച്ചിരിക്കുന്നതെന്നൊന്നും നോക്കിയില്ല. മിക്കവരും അങ്ങനെയാണു്. എങ്ങനെയുണ്ട് നമ്മുടെ പരിപാടി?.

വേറെയും ഉണ്ടു പരിപാടി. ബാക്കിയായി ചില്ലറ കൊടുക്കാനുള്ളവർക്കൊന്നും ടിക്കറ്റു കൊടുക്കുന്നയുടനെ അതു കൊടുക്കത്തില്ല. ചില്ലറയില്ല എന്നു പറയും. ഇറങ്ങാനുള്ള സ്ഥലമാവുമ്പോൾ ചിലർ ബാക്കി വാങ്ങാൻ ഓർക്കും. പലരും മറന്നുപോകും. ആ പൈസയെല്ലാം നമ്മക്കു സ്വന്തം.

കണ്ടോ, കണ്ടോ നിങ്ങടെ മുഖഭാവം മാറുന്നതു്. ഇതുവരെ നമ്മളെ അഭിനന്ദിച്ചിരുന്നയാളുടെ നെറ്റി ചുളിയുന്നു. നമ്മൾ ഏതോ വലിയ കള്ളത്തരം ചെയ്തതുപോലെ കുറ്റപ്പെടുത്തുന്നു. ഇതാ എനിക്കു പിടിക്കാത്തതു്. നമ്മൾ ചെയ്യുന്ന നല്ലകാര്യങ്ങളൊക്കെ ഒറ്റ നിമിഷംകൊണ്ടു മറന്നതു കണ്ടോ. വട്ടച്ചെലവിനെങ്കിലുമുള്ള കാശു് ഇങ്ങനെയൊക്കെ സംഘടിപ്പിച്ചില്ലെങ്കിൽ നമ്മൾ എങ്ങനെ ജീവിക്കുമെന്നു പറ. ഇടയ്ക്കൊരു സിഗററ്റു വലിക്കണ്ടേ?. ഒരു ചായ കുടിക്കണ്ടേ?. ഇതിനൊക്കെയുള്ള പൈസ ശമ്പളത്തിൽനിന്നു് എടുത്താൽ ആകെ ഗതികേടിലാവും. സർക്കാരോഫീസിൽ ജോലിനോക്കുന്നവർക്കാണെങ്കിൽ പുറംവരവു് എത്രവേണമെങ്കിലും ഉണ്ടാവും. നമുക്കു് അതിനു വല്ല മാർഗ്ഗവുമുണ്ടോ? അപ്പോപ്പിന്നെ ഇങ്ങനെയൊക്കെ ചെറിയ വേലത്തരം കാണിക്കാതെ നമ്മൾ എന്തു ചെയ്യുമെന്നു പറ. ഓക്കേ, അപ്പൊ പിന്നെ കാണാം. നമ്മടെ ഇന്നത്തെ ഡ്യൂട്ടി കഴിയാറായി. അൽപ്പനേരം ഒന്നിരിക്കട്ടെ. കണ്ടക്ടർക്കുമുണ്ടേ ഒരു സീറ്റ്.