Thursday, February 16, 2012

എല്ലാവരും എഞ്ചിനിയർമാരാവേണ്ടതുണ്ടോ?

ഒരു കേസ് പരിഗണിക്കുന്നതിനിടയിൽ ഈയിടെ ബഹുമാനപ്പെട്ട ഹൈക്കോടതി നടത്തിയ നിരീക്ഷണത്തെപ്പറ്റി പത്രത്തിൽ വായിക്കുകയുണ്ടായി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം വളരെ മോശമായിരിക്കുന്നു എന്നാണു് കോടതി അഭിപ്രായപ്പെട്ടതു്.

ഇന്നത്തെക്കാലത്തു് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം തുടർന്നു പഠിക്കുന്ന ഭൂരിപക്ഷം കുട്ടികളോടും 'എവിടെയാണു പഠിക്കുന്നതു്?' എന്നു ചോദിച്ചാൽ അവർ ഏതെങ്കിലുമൊരു എഞ്ചിനിയറിങ്ങ് കോളജിന്റെ പേരു പറയും. പണ്ടു് കൂടുതൽ കുട്ടികളും ആർട്സ് ആൻഡ് സയൻസ് കോളജുകളിലും, വളരെ കുറഞ്ഞ ഒരു ശതമാനം കുട്ടികൾ മാത്രം എഞ്ചിനിയറിങ്ങ് കോളജുകൾ ഉൾപ്പടെയുള്ള പ്രഫഷണൽ കോളജുകളിലുമാണു പഠിച്ചിരുന്നതു്.

ഈയുള്ളവൻ തിരുവനന്തപുരം എഞ്ചിനിയറിങ്ങ് കോളജിൽ പഠിച്ച ഒരു ഇലക്ട്രിക്കൽ എഞ്ചിനിയറാണു്. ഞാൻ 1982-ലാണു് കോഴ്സ് പൂർത്തിയാക്കുന്നതു്. അന്നു് എഞ്ചിനിയറിങ്ങ് കോളജുകളുടെ എണ്ണം പരിമിതമായിരുന്നു. കോഴിക്കോടു് ആർ ഈ സി (ഇപ്പോൾ എൻ ഐ റ്റി) ഉൾപ്പടെ വെറും ആറു് എഞ്ചിനിയറിങ്ങ് കോളജുകൾ മാത്രമേ കേരളത്തിൽ ഉണ്ടായിരുന്നുള്ളു. എൻട്രൻസ് എക്സാമിനേഷൻ ഉണ്ടായിരുന്നില്ല. പ്രീഡിഗ്രി മാർക്കിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രവേശനം. സീറ്റുകൾ പരിമിതമായതുകാരണം നല്ല മാർക്കുള്ളവർക്കു മാത്രമേ പ്രവേശനം ലഭിക്കുമായിരുന്നുള്ളു. മാത്രമല്ല, അന്നു് ശരിക്കും എഞ്ചിനിയറിങ്ങ് പഠിക്കാൻ താത്പര്യമുള്ളവരേ അതിനു വരികയുള്ളായിരുന്നു.

ഇന്നത്തെ സ്ഥിതിയോ?. എഞ്ചിനിയറിങ്ങ് കോളജിൽ പഠിക്കുക എന്നതു് അഭിമാനത്തിന്റെ പ്രശ്നമായാണു സമൂഹം കരുതുന്നതു്. ആർട്സ് കോളജിൽ പഠിക്കുകയാണു് എന്നു പറയുന്നതു് മോശമാണെന്നു് കുട്ടികളും അവരുടെ വീട്ടുകാരും ഇവിടത്തെ സമൂഹവും കരുതുന്നു. ഫലം? എഞ്ചിനിയറിങ്ങ് പഠിത്തത്തിനുള്ള അഭിരുചിയോ യോഗ്യതയോ ഇല്ലാത്ത കുട്ടികളാണു് ഇന്നു് എഞ്ചിനിയറിങ്ങ് കോളജുകളിൽ പ്രവേശനം നേടുന്നതിൽ ഭൂരിഭാഗവും.

എഞ്ചിനിയറിങ്ങിനോടു് അഭിരുചിയുള്ളവരും നന്നായി പഠിക്കുന്നവരുമായ കുട്ടികളുടെ കാര്യത്തിലും, അവർ ഹയർ സെക്കൻഡറി പരീക്ഷയ്ക്കു് നല്ല മാർക്കു വാങ്ങിയതുകൊണ്ടു മാത്രം മതിയാവില്ല. എൻട്രൻസ് പരീക്ഷ എന്ന കടമ്പ കടന്നുകിട്ടണം. വെറുതെ കടന്നു കിട്ടിയാൽ മാത്രമല്ല ഉയർന്ന റാങ്കും കിട്ടണം. എങ്കിൽ മാത്രമേ നല്ല എഞ്ചിനിയറിങ്ങ് ബ്രാഞ്ചും നിലവാരമുള്ള കോളജും കിട്ടുകയുള്ളു. ഹയർ സെക്കൻഡറി(അഥവാ പ്ലസ് ടൂ) പരീക്ഷയ്ക്കും എൻട്രൻസ് പരീക്ഷയ്ക്കും ഒരേപോലെ നല്ല മാർക്കു വാങ്ങേണമെന്നുള്ളതു് കുട്ടികളിൽ അനാവശ്യമായ പിരിമുറുക്കം ഉണ്ടാക്കുന്നു.

ഈ രണ്ടു പരീക്ഷകളും രണ്ടു രീതിയിലാണു് നടത്തുന്നതു്. പ്ലസ് ടൂ പരീക്ഷയ്ക്കു് നല്ല മാർക്കു വേണമെങ്കിൽ കുട്ടിയ്ക്കു് എല്ലാ വിഷയത്തിലും നല്ല അറിവുണ്ടാവണം. എന്നാൽ എൻട്രൻസ് പരീക്ഷയ്ക്കു് നല്ല മാർക്കു വേണമെങ്കിൽ വിഷയങ്ങളിലുള്ള അറിവുമാത്രം മതിയാവില്ല. അതിനു് ഒരു പ്രത്യേകതരം സ്കിൽ ആണു് ആവശ്യം. അറിവുമാത്രം വച്ചുകൊണ്ടു് എൻട്രൻസ് എഴുതിയാൽ നിരാശയാവും ഫലം.

എൻട്രൻസ് എഴുതാനുള്ള സ്കിൽ എവിടെ കിട്ടും?. എല്ലാവർക്കും അറിയാം, അതിനു പാലാവരെ പോകേണ്ടി വരും. അവിടെയുള്ള കോച്ചിങ്ങ് സെന്ററിൽ പഠിച്ചു് എൻട്രൻസ് എഴുതുന്നവരാണു് ഉയർന്ന റാങ്കുകൾ കരസ്ഥമാക്കുന്ന ഭൂരിപക്ഷം പേരും. പാലാവരെ പോകാൻ അസൗകര്യമുള്ളവർക്കുവേണ്ടി അവർ മറ്റു സ്ഥലങ്ങളിലും കോച്ചിങ്ങ് നടത്തുന്നുണ്ടു്. എന്നാൽ ഉപ്പോളം വരുമോ ഉപ്പിലിട്ടതു് എന്നു ചിന്തിക്കുന്നവർ പാലായിൽത്തന്നെ അഡ്മിഷൻ കിട്ടാനായി ഇടികൂടുന്നു.

എൻട്രൻസ് കോച്ചിങ്ങിനായി ഭാരിച്ച ഫീസ് കൊടുക്കാൻ സൗകര്യമില്ലാത്തവരും, ദൂരെ പോയി കോച്ചിങ്ങിൽ പങ്കെടുക്കാൻ കഴിയാത്തവരും, എന്നാൽ പഠിക്കാൻ മിടുക്കന്മാരുമായ വിദ്യാർത്ഥികൾ തഴയപ്പെടുന്നു. ഗ്രാമീണരായ കുട്ടികൾക്കാണു് ഈ ദുര്യോഗം കൂടുതലായി ഉണ്ടാവുന്നതു്. പണ്ടു് എൻട്രൻസ് ഇല്ലാതിരുന്ന സമയത്തു് പഠിക്കാൻ മിടുക്കരായ ഗ്രാമീണ വിദ്യാർത്ഥികൾക്കു് എഞ്ചിനിയറിങ്ങ് പ്രവേശനം കിട്ടാൻ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല.

എൻട്രൻസ് പരിശീലനം എന്നതു് വൻ ബിസിനസ്സായി മാറിയപ്പോൾ അതിന്റെ കോച്ചിങ്ങ് സെന്ററുകൾ നടത്തുന്നവർക്കു് അതു പണം കൊയ്യാനുള്ള മാർഗ്ഗമായി. നിരന്തരമായ പരിശീലനം മൂലം എൻട്രൻസ് എഴുതാനുള്ള സ്കിൽ വലിയ മിടുക്കന്മാരല്ലാത്ത വിദ്യാർത്ഥികളിലും ഉണ്ടാക്കിയെടുക്കാൻ പറ്റും. അങ്ങനെ അർഹതയില്ലാത്തവർപോലും ഉയർന്ന റാങ്കു വാങ്ങിയെന്നിരിക്കും. അടുത്ത കാലത്തു് ഇൻഫോസിസ് മുൻചെയർമാൻ നാരായണ മൂർത്തി പറഞ്ഞു, ഐ ഐ ടികളിൽ ഇപ്പോൾ പ്രവേശനം നേടുന്ന വളരെയധികം വിദ്യാർത്ഥികൾക്കും പണ്ടുണ്ടായിരുന്നവരുടെ നിലവാരമില്ല എന്നു്. കാരണമായി അദ്ദേഹം പറഞ്ഞതു് ഇന്നത്തെ അശാസ്ത്രീയമായ എൻട്രൻസ് കോച്ചിങ്ങും എൻട്രൻസ് പരീക്ഷയുമാണു്. നിരന്തരമായ എൻട്രൻസ് കോച്ചിങ്ങിലൂടെ നിലവാരമില്ലാത്ത വിദ്യാർത്ഥികൾക്കും എൻട്രൻസ് എഴുതാനുള്ള സ്കിൽ ഉണ്ടാക്കിക്കൊടുക്കുകയും അവർ എൻട്രൻസിൽ ഉന്നതമായ റാങ്ക് നേടുകയും ചെയ്യുന്നു.

അവർ ഈ സ്കിൽ മാത്രമേ ആർജ്ജിക്കുന്നുള്ളു, വിഷയത്തിലുള്ള അഗാഥമായ അറിവു് ആർജ്ജിക്കുന്നില്ല. ഇപ്പോൾ കേരളത്തിൽ എഞ്ചിനിയറിങ്ങ് പ്രവേശനത്തിനു് എൻട്രൻസ് മാർക്കിനും യോഗ്യതാപരീക്ഷയുടെ മാർക്കിനും തുല്യ പ്രാധാന്യം കൊടുക്കുന്നു എന്നുള്ളതു് ഒരു നല്ല കാര്യമാണു്. എൻട്രൻസ് പരീക്ഷ എന്ന ഏർപ്പാടു് പൂർണ്ണമായും അവസാനിപ്പിച്ചു് എൻട്രൻസ്കോച്ചിങ്ങ് എന്ന പീഡനത്തിൽനിന്നും വിദ്യാർത്ഥികളെ മോചിപ്പിക്കുകയാണു് വേണ്ടതു്.
നിലവാരമില്ലാത്ത കുട്ടികൾക്കു് എഞ്ചിനിയറിങ്ങ് പ്രവേശനം നേടിയെടുക്കാൻ കുറുക്കുവഴികളും ഉണ്ടു്. അതിനുള്ള മാർഗ്ഗം തുറന്നിട്ടിരിക്കുകയാണു് സ്വാശ്രയ എഞ്ചിനിയറിങ്ങ് കോളജുകൾ. പണം മുടക്കണമെന്നുമാത്രം. പണം കൊണ്ടു നേടാൻ കഴിയാത്തതു് എന്താണു്, അല്ലേ?. എഞ്ചിനിയറിങ്ങ് പ്രവേശനത്തിനുള്ള യോഗ്യതയായി എൻട്രൻസ് പരീക്ഷയിൽ നേടേണ്ട കുറഞ്ഞ മാർക്കായ അൻപതു ശതമാനം കിട്ടാത്തവർക്കും നിരാശയ്ക്കു വകയില്ല. അവർക്കും പ്രവേശനം കിട്ടും. അതിനുള്ള മാർഗ്ഗമാണു് എൻ ആർ ഐ ക്വോട്ട. മാതാപിതാക്കളൊന്നും വിദേശത്തു ജോലിചെയ്യുന്നവരാവണമെന്നു യാതൊരു നിർബ്ബന്ധവുമില്ല. ഏതെങ്കിലുമൊരു പരിചയക്കാരന്റെയോ വഴിപോക്കന്റെയോ പാസ്സ്പോർട്ടിന്റെയും വിസയുടെയും കോപ്പി കാണിച്ചാൽമാത്രം മതി. പക്ഷെ കാശു കൂടുതൽ മുടക്കേണ്ടിവരും.

ഇങ്ങനെ നിലവാരമില്ലാത്തതും എഞ്ചിനിയറിങ്ങ് പഠനത്തോടു പ്രത്യേകിച്ചു് അഭിരുചിയില്ലാത്തവരുമായ കുട്ടികൾ പ്രവേശനം നേടുന്നതിന്റെ ഫലം കാണാനുമുണ്ട്. നിലവാരം പുലർത്തുന്ന കുറെ എഞ്ചിനിയറിങ്ങ് കോളജുകളിലൊഴികെ, പ്രത്യേകിച്ചും സ്വാശ്രയ കോളജുകളിൽ വിജയശതമാനം വെറും നാൽപ്പതും അൻപതുമൊക്കെയാണു്. ഇങ്ങനെയുള്ള കോളജുകളിലെ അദ്ധ്യാപന നിലവാരവും പരിതാപകരമാണു്. കാരണം അവിടെ പഠിപ്പിക്കുന്ന അദ്ധ്യാപകർ കൂടുതലും ഗസ്റ്റ് ലക്ചറർമാരാണു്. അവർ എഞ്ചിനിയറിങ്ങ് പാസ്സായി ഇന്നലെ പുറത്തിറങ്ങിയതേ ഉണ്ടായിരിക്കുകയുള്ളു. അവർക്കു് പഠിപ്പിക്കാൻ കഴിവുണ്ടായിരിക്കില്ല. തുച്ഛമായ പ്രതിഫലംമാത്രം കിട്ടുന്നതിനാൽ അവർക്കു് ജോലിയിൽ ആത്മാർത്ഥതയുമുണ്ടാവില്ല. അവർ പഠിപ്പിക്കുന്ന വിദ്യാർത്ഥികളുടെ നിലവാരവും മോശമാകുന്നു.

ഇങ്ങനെയൊക്കെ പഠിച്ചു് പുറത്തുവരുന്ന ഒരു എഞ്ചിനിയർക്കു് എന്തു നിലവാരമുണ്ടാവും എന്നു് ഊഹിക്കാവുന്നതേയുള്ളു. എഞ്ചിനിയറിങ്ങ് ഡിഗ്രിയെടുത്തു പുറത്തുവരുന്ന ധാരാളം പേർ എഞ്ചിനിയർമാരായി ജോലി കിട്ടാത്തതിനാൽ ബാങ്കുകളിലും സർക്കാർ ഓഫീസുകളിലുംമറ്റും ക്ലാർക്കിന്റെ ജോലി സ്വീകരിക്കാനും തയ്യാറാവുന്ന സ്ഥിതിയാണു് ഇന്നു കാണുന്നതു്. ഇതിനുവേണ്ടി ആണെങ്കിൽ എഞ്ചിനിയറിങ്ങ് വിദ്യാഭ്യാസം നേടേണ്ട ആവശ്യം ഉണ്ടോ? ഇങ്ങനെ എല്ലാവരും എഞ്ചിനിയർമാർ ആവേണ്ട കാര്യമുണ്ടോ?. വേറെ എന്തെല്ലാം മേഖലകളിൽ വിദ്യാഭ്യാസം നേടാനും കഴിവു തെളിയിക്കാനുമുള്ള അവസരങ്ങളാണു് ഇന്ന് വിദ്യാർത്ഥികളെ കാത്തിരിക്കുന്നതു്.

2 comments:

  1. പ്രഫഷനൽ വിദ്യാഭ്യാസരംഗത്ത് back paper syndrome വർദ്ധിച്ചുവരുന്നതായി The Hindu വിൽ വായിച്ചിരുന്നു. അശാസ്ത്രീയമായ വ്യവസ്ഥിതിയുടെ ഫലമാണ്‌ ഈ നിലവാരത്തകർച്ച. നല്ല ലേഖനം.

    ReplyDelete