Thursday, March 7, 2013

ചക്രപാണി വൈദ്യർ


ഞാൻ ബസിന്റെ വരവും കാത്തു് ബസ്‌ സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു. ടൗണിലേയ്ക്കു പോവുകയാണു ലക്ഷ്യം. അപ്പൊഴാണു ദൂരെനിന്നും ഒരാൾ നടന്നു വരുന്നതു കണ്ടതു്. ചക്രപാണി വൈദ്യരാണു്. വെള്ള ഷർട്ടും മുണ്ടുമാണു വേഷം. മുണ്ടു മടക്കിക്കുത്തിയിരിക്കുന്നു. കറുത്തു തടിച്ചു് കുറിയ ശരീരവും കഷണ്ടിത്തലയുമുള്ള വൈദ്യർ അങ്ങനെ ഉരുണ്ടുരുണ്ടു വരികയാണു്. വായിൽ സമൃദ്ധമായി മുറുക്കാൻ തുപ്പൽ. വലതു കൈയിൽ തൂക്കിപ്പിടിച്ചിരിക്കുന്ന പ്ലാസ്റ്റിക് ക്യാരി ബാഗിൽനിന്നു തലനീട്ടുന്ന തെങ്ങിൻ തൈ. എന്നെക്കണ്ടു വൈദ്യർ നിറഞ്ഞു ചിരിച്ചു. വൈദ്യർ വാരിവിതറിയ ആഹ്ലാദം എന്റെ മുഖത്തും പടർന്നു. ഞാനും ചിരിച്ചു.

"വൈദ്യർ ഇവിടെ?"
            
എന്റെ നാട്ടിൽവച്ചു്  വൈദ്യരെ ഞാൻ ആദ്യമായിട്ടു കാണുകയായിരുന്നു. ടൗണിലുള്ള വൈദ്യശാലയിൽവച്ചാണു ഞാൻ വൈദ്യരെ ആദ്യമായി കാണുകയും പരിചയപ്പെടുകയും ചെയ്യുന്നതു്. ആസ്ത്‌മയുടെ അസുഖമുണ്ട് എനിക്കു്. അലോപ്പതി ചികിത്സയായിരുന്നു ചെയ്തിരുന്നതു്. അപ്പോഴാണു് ആയുർവ്വേദം ഒന്നു പരീക്ഷിച്ചാലോ എന്നു ചിന്തിച്ചതു്. അലോപ്പതിയിൽ ഈ രോഗം പൂർണ്ണമായി മാറ്റുവാൻ സാധിക്കില്ല. എന്നും മരുന്നു കഴിക്കേണ്ടിവരും. ആയുർവ്വേദമാണു് നല്ലതെന്നു് ആരോ പറഞ്ഞു. എങ്കിൽപ്പിന്നെ അതായാലോ എന്നൊരു ചിന്ത. അങ്ങനെയാണു് ടൗണിലുള്ള എസ്.ഡി. ഫാർമസിയിൽ ചെല്ലുന്നതും അവിടെയുണ്ടായിരുന്ന ആയുർവ്വേദ ഡോക്ടറെ കാണുന്നതും. അദ്ദേഹം ഒരു കഷായവും അരിഷ്ടവുമെല്ലാം കുറിച്ചു. അവിടെനിന്നുതന്നെ ഞാൻ അതെല്ലാം വാങ്ങുകയും ചെയ്തു. മരുന്നുകൾ തീരുന്നമുറയ്ക്കു് അവിടെനിന്നുതന്നെ വീണ്ടും വാങ്ങിച്ചുകൊണ്ടിരുന്നു. പിന്നെ പലപ്പോഴും ആ കഷായം അവിടെ കിട്ടാതായി.
     
അതു് വേറെവിടെയെങ്കിലും കിട്ടുമോ എന്നു് അന്വേഷിക്കുന്നതിനിടയിലാണു് ഞാൻ ചക്രപാണി വൈദ്യരുടെ വൈദ്യശാലയിൽ ചെന്നു കയറുന്നതു്. ആ കഷായം അവിടെ കിട്ടുമെന്നു് എനിക്കു വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും ചോദിച്ചുനോക്കാം. കഷായത്തിന്റെ പേരു പറഞ്ഞു് അതു് അവിടെയുണ്ടോ എന്നു ഞാൻ വൈദ്യരോടു ചോദിച്ചു. ഉണ്ടെന്നു പറഞ്ഞു് വൈദ്യർ എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. എന്നോടു് ഇരിക്കാൻ പറഞ്ഞിട്ടു് കഷായം ആർക്കുവേണ്ടിയാണെന്നും എന്താണു് അസുഖമെന്നുമെല്ലാം വൈദ്യർ ചോദിച്ചു മനസ്സിലാക്കി. എന്നിട്ടു് അകത്തുള്ള മുറിയിലേയ്ക്കു പോയി. അവിടെ നിന്നു് ഒരു കുപ്പിനിറയെ കഷായവുമായാണു് വൈദ്യർ മടങ്ങിയെത്തിയതു്. ഒരു മൺകലത്തിൽനിന്നു് കഷായം കുപ്പിയിലേയ്ക്കു പകരുന്നതു് എനിക്കു കാണാമായിരുന്നു. എന്തായാലും കഷായം കിട്ടിയല്ലോ. സന്തോഷമായി. പലേടത്തും അന്വേഷിച്ചുനടന്നിട്ടു കിട്ടാത്ത കഷായമാണു്. വൈദ്യരെക്കുറിച്ചൊരു മതിപ്പു തോന്നി.
            
പിന്നീടു പലതവണ വൈദ്യരുടെ അടുത്തുനിന്നു കഷായം വാങ്ങിയിട്ടുണ്ട്. എപ്പോൾ ചെന്നാലും കഷായം ഇല്ല എന്നൊരു വാക്കു് വൈദ്യരിൽനിന്നു കേൾക്കേണ്ടിവന്നിട്ടില്ല. അതുകൊണ്ടു സ്ഥിരമായി അവിടെനിന്നു വാങ്ങാൻ തുടങ്ങി.
            
പക്ഷെ വൈദ്യരുടെ കഷായത്തിനു് ഒരു പ്രത്യേകതയുണ്ടായിരുന്നു. ഓരോ തവണ വാങ്ങിക്കുമ്പോഴും അതിനു് ഓരോ സ്വാദായിരുന്നു. ഇതെന്താണിങ്ങനെ എന്നൊരു സംശയം എനിക്കു തോന്നാതിരുന്നില്ല. എങ്കിലും ഞാൻ അതു് അത്ര കാര്യമാക്കിയില്ല. കുറെ നാൾ ഈ കഷായമെല്ലാം കുടിച്ചിട്ടും പ്രയോജനമൊന്നും തോന്നാത്തതിനാൽ ഞാൻ കഷായം വാങ്ങുന്നതും കുടിക്കുന്നതും മതിയാക്കി. അതിനാൽ വളരെ നാളുകൾക്കുശേഷം അന്നാണു വൈദ്യരെ കാണുന്നതു്. 'വൈദ്യർ ഇവിടെ?' എന്ന എന്റെ ചോദ്യത്തിനു മറുപടിയായി മുറുക്കാൻ തുപ്പൽ നീട്ടിത്തുപ്പിക്കൊണ്ടു് വൈദ്യർ ഇങ്ങനെ പറഞ്ഞു,

"ഇവിടെ അടുത്തു് എന്റെയൊരു സ്നേഹിതനുണ്ടു്. അയാളെ കണ്ടിട്ടു വരികയാ."

"ഈ തെങ്ങിൻ തൈ എവിടന്നു കിട്ടി?" വൈദ്യരുടെ കൈയിലെ തെങ്ങിൻ തൈ നോക്കിക്കൊണ്ടു് ഞാൻ ആരാഞ്ഞു.

"ഞാൻ കാണാൻപോയ വിദ്വാന്റെ വീട്ടിൽനിന്നുതന്നെ."
ഉറക്കെ ഒരു ചിരി പാസ്സാക്കിക്കൊണ്ടു് വൈദ്യർ തുടർന്നു,

"ഞാൻ ചെന്നപ്പോൾ ആദ്യം കാണുന്നതു് അയാളുടെ വീടിന്റെ മുൻവശത്തു് മുറ്റത്തു് നിരത്തിവച്ചിരിക്കുന്ന അഞ്ചാറു തെങ്ങിൻ തൈ ആണു്. 'ഇതെവിടെ നിന്നാടോ തെങ്ങിൻ തൈയൊക്കെ' എന്നായി ഞാൻ."

ഒരു തമാശ പറഞ്ഞതുപോലെ പൊട്ടിച്ചിരിച്ചുകൊണ്ടു് വൈദ്യർ തുടർന്നു,

"'ഇതു് അങ്ങു വടക്കൊരിടത്തുനിന്നു കിട്ടിയതാ'ണെന്നു് അയാൾ. ലക്ഷദ്വീപ് ഇനമാത്രേ. എങ്കിലൊരെണ്ണം എനിക്കു വേണെമെന്നായി ഞാൻ. അങ്ങനെ കിട്ടിയതാ ഇതു്."

"കണ്ടിട്ടു നല്ല ഇനമാണെന്നു തോന്നുന്നു," ഞാൻ വെറുതെ തട്ടിവിട്ടു.

"ലക്ഷദ്വീപ് ഇനമാണന്നല്ലേ പറഞ്ഞിരിക്കുന്നതു്. ഏതോ നേഴ്സറിയിൽ നിന്നു കൊണ്ടു വന്നതാത്രെ. വളർന്നു വരുമ്പോൾ ഇതു് ഏതു ദ്വീപായിരിക്കുമോ എന്തോ. ലക്ഷദ്വീപിനു പകരം വല്ല ആൻഡമനോ ഉഗാണ്ടയോ ആയിത്തീരാനും മതി." വൈദ്യർ മുറുക്കാൻ തുപ്പൽ നീട്ടിത്തുപ്പിക്കൊണ്ടു് ആഞ്ഞു ചിരിച്ചു. എന്നിട്ടു തുടർന്നു,

"അല്ല ഞാൻ തമാശ പറഞ്ഞതല്ല കേട്ടോ. ഈ നേഴ്സറിക്കാരു് ഓരോന്നു പറഞ്ഞു നമുക്കു തൈകൾ തരും. അതൊന്നും വിശ്വസിക്കാൻ പറ്റത്തില്ലെന്നേ."

വൈദ്യർ ചുറ്റും നോക്കി അവിടെ ബസ് സ്റ്റോപ്പിൽ നിൽക്കുന്ന എല്ലാവരോടുമെന്നവണ്ണം പറഞ്ഞു,

"എന്റെ അനുഭവത്തീന്നു പറയുകയാ. ഇവിടെ പുഷ്പമേളയ്ക്കു് എല്ലാ വർഷവും കൊല്ലത്തൂന്നെങ്ങാണ്ടു് ഒരു നേഴ്സറിക്കാരു വരും, ടിഷ്യൂ കൾച്ചർ വാഴത്തൈയും കൊണ്ടു്. ഏത്ത വാഴ, പൂവൻ, ഞാലിപ്പൂവൻ, കദളി എന്നിങ്ങനെ എല്ലാ ഐറ്റത്തിന്റെയും തൈ പേരെഴുതി പ്രദർശിപ്പിച്ചിരിക്കും. രണ്ടു വർഷം മുൻപ് ഞാൻ മൂന്നു തൈ അവന്മാരോടു വാങ്ങിച്ചു. ഒരു ഏത്തവാഴ, ഒരു പൂവൻ, ഒരു കദളി. മൂന്നും കൊണ്ടുപോയി നട്ടു. കുലയ്ക്കാൻ കൊറച്ചു താമസിച്ചെങ്കിലും എല്ലാം കുലച്ചു കേട്ടോ. അപ്പഴല്ലേ രസം. ഏത്തനെന്നും പൂവനെന്നും കദളിയെന്നും പറഞ്ഞു തന്ന വാഴത്തൈകൾ വളർന്നു കുലച്ചപ്പോൾ എല്ലാം റോബസ്റ്റ ആയിരുന്നു."

വൈദ്യർ തനിക്കു പറ്റിയ അമളി ഓർത്തു് ഉറക്കെ ചിരിക്കാൻ തുടങ്ങി. വൈദ്യരുടെ ഉറക്കെയുള്ള സംസാരവും ചിരിയും ബസ് സ്റ്റോപ്പിൽ ഒരു നല്ല അന്തരീക്ഷം സൃഷ്ടിച്ചു. ബസ് കാത്തുനിൽക്കുന്നവരുടെ ബോറടിയൊക്കെ മാറി. എല്ലാവരുടെയും ശ്രദ്ധ വൈദ്യരുടെ പ്രകടനത്തിലേയ്ക്കായി. അങ്ങനെ വൈദ്യരുടെ സാന്നിദ്ധ്യം എല്ലാവർക്കും ഉന്മേഷദായിനിയായ ഒരു ഔഷധമായി മാറി. ചിലർ ഇങ്ങനെയാണു്. നമ്മൾ ബസ് കാത്തുനിൽക്കുന്നതിന്റെ വിരസതയിലായിരിക്കുമ്പോൾ, അല്ലെങ്കിൽ ഒരു ഡോക്ടറുടെ മുറിയ്ക്കു പുറത്തു് കാത്തിരുന്നു മുഷിയുമ്പോൾ ഇതുപോലെയുള്ള ആരെങ്കിലും പ്രത്യക്ഷപ്പെട്ടെന്നിരിക്കും. അവരുടെ സംസാരവും ചിരിയുമെല്ലാം എല്ലാവരേയും ആകർഷിക്കും. എല്ലാവരുടേയും മുഷിച്ചിൽ മാറി ഒരു സുഖകരമായ അന്തരീക്ഷം അവിടെ ഉണ്ടാവും. കാത്തിരിപ്പിന്റെ വിരസതയിൽനിന്നു് എല്ലാവരും മോചിതരാവും. അവർ ചെയ്യുന്നതും ഒരു സാമൂഹിക സേവനമായിരിക്കും, അല്ലേ?

ബസ് വന്നപ്പോൾ വൈദ്യരും ഞാനും മറ്റുചിലരും അതിൽ കയറി. തിരക്കു കുറവായിരുന്നതിനാൽ എല്ലാവർക്കും സീറ്റു കിട്ടി. തെങ്ങിൻ തൈ സീറ്റിനടുത്തുതന്നെ ഒതുക്കിവച്ചിട്ട് വൈദ്യർ ഇരുന്നു. ടിക്കറ്റു തരുവാനായി കണ്ടക്ടർ അടുത്തു വന്ന സമയത്തുതന്നെയാണു്  ബസിൽ ഉണ്ടായിരുന്ന ഒരു പരിചയക്കാരൻ വൈദ്യരോടു വിളിച്ചു ചോദിക്കുന്നതു്,
"വൈദ്യരേ, തെങ്ങിൻ തൈ എവിടെനിന്നു കിട്ടി?"

അപ്പോളാണു് കണ്ടക്ടർ തെങ്ങിൻ തൈ ശ്രദ്ധിക്കുന്നതു്. തെങ്ങിൻ തൈയ്ക്കു് ഹാഫ് ടിക്കറ്റെടുക്കണമെന്നായി കണ്ടക്ടർ. വൈദ്യർ തർക്കിച്ചു നോക്കിയെങ്കിലും കണ്ടക്ടർ സമ്മതിച്ചില്ല. തെങ്ങിൻ തൈയ്ക്കു് പകുതിട്ടിക്കറ്റ് എടുക്കേണ്ടിവന്നു. അതുകണ്ട് വൈദ്യരുടെ ആ പരിചയക്കാരൻ അത്ഭുതം കൂറി,

"തെങ്ങിൻ തൈയ്ക്കും ഹാഫ് ടിക്കറ്റോ?. ഓരോ നിയമങ്ങളേ."

"പിന്നേ, തെങ്ങിൻ തൈയ്ക്കു് നമ്മളെപ്പൊലെ ജീവനുള്ളതല്ലേ? അപ്പൊപ്പിന്നെ ടിക്കറ്റു വേണ്ടേ?. ഏതായാലും തൈ ആയതുകൊണ്ടു് ഹാഫ് ടിക്കറ്റേ വേണ്ടിവന്നുള്ളു. വലിയ തെങ്ങായിരുന്നെങ്കിൽ ഫുൾ ടിക്കറ്റടിച്ചു തന്നേനേ," വൈദ്യർ കുലുങ്ങിച്ചിരിച്ചുകൊണ്ടു് ഉച്ചത്തിൽ പറഞ്ഞു. എല്ലാവരും ചിരിച്ചുപോയി, കൂട്ടത്തിൽ കണ്ടക്ടറും.

ചിരിയുടെ അലകൾ അടങ്ങിയപ്പോൾ വൈദ്യർ എന്നെ തോണ്ടിവിളിച്ചിട്ടു പറഞ്ഞു,

"ഇപ്പോൾ കാണാറില്ലല്ലോ. മരുന്നൊക്കെ നിർത്തിയോ?"

"അതുകൊണ്ടൊന്നും പ്രയോജനമില്ല വൈദ്യരേ. കുറെ നാളു കഴിച്ചില്ലേ. എനിക്കു മതിയായി. ഞാനതു നിർത്തി."

"ഞാൻ തന്നെ ഒന്നു കാണണമെന്നു വിചാരിച്ചിരിക്കുകയായിരുന്നു. വലിവിന്റെ അസുഖത്തിനു പറ്റിയ ഒരു നെയ്യുണ്ടു്. ഞാൻ അതു് ഉണ്ടാക്കുവാൻ പോവുകയാ. വേറേ കുറെ ആവശ്യക്കാരുമുണ്ടു്. കുറെപ്പേർക്കുള്ളതു് ഒരുമിച്ചു് ഉണ്ടാക്കാനേ പറ്റത്തൊള്ളു. തനിക്കും വേണ്ടേ?. നല്ല ഒന്നാംതരം മരുന്നാ. ഫലം ഉറപ്പു്."

അതു കേട്ടപ്പോൾ ആ നെയ്യ് ഒന്നു പരീക്ഷിച്ചുനോക്കാം എന്നെനിക്കു തോന്നി. ഞാനും വൈദ്യരുടെ നെയ് ബുക്കു ചെയ്തു. അഡ്വാൻസ് വേണമെന്നു് വൈദ്യർ പറഞ്ഞതിനാൽ അപ്പോൾത്തന്നെ ഞാൻ ഇരുനൂറു രൂപയും കൊടുത്തു. രണ്ടാഴ്ച കഴിഞ്ഞു് വൈദ്യശാലയിൽ ചെല്ലാനാണു് അദ്ദേഹം പറഞ്ഞതു്.

രണ്ടാഴ്ച കഴിഞ്ഞു ചെന്നപ്പോൾ നെയ്യ് റെഡി. വൈദ്യർ അതു് വലിയൊരു ഭരണിയിലാണു സൂക്ഷിച്ചിരിക്കുന്നതു്. ഞാൻ അടുത്തുള്ള ഒരു കടയിൽനിന്നു് രണ്ടു പ്ലാസ്റ്റിക് കണ്ടൈനർ വാങ്ങി. വൈദ്യർ അതിനുള്ളിൽ നെയ്യു നിറച്ചു തന്നു. രണ്ടു കിലോയോളം ഉണ്ടായിരുന്നു. നെയ്യു തന്നിട്ടു് വൈദ്യർ പറഞ്ഞു,

"ഇതിനു വലിയ പഥ്യമൊന്നും നോക്കേണ്ടതില്ല. മോരും തൈരും കഴിക്കരുതു്, അത്രതന്നെ. രാവിലെ വെറുംവയറ്റിൽ വലിയ രണ്ടു സ്പൂൺ നെയ്യു കഴിക്കുക. ഇതു കഴിച്ചുതുടങ്ങിയാൽ ശരീരമൊന്നു പുഷ്ടിപ്പെടും. ആരോഗ്യം മെച്ചപ്പെടും."

അടുത്ത ദിവസം മുതൽ ഞാൻ നെയ്യു സേവിക്കാൻ തുടങ്ങി. അതിനു നല്ല സ്വാദായിരുന്നു. വെറുതെ എടുത്തു കഴിക്കാൻ തോന്നും. വൈദ്യർ പറഞ്ഞിരുന്നു, നെയ്യു സേവിക്കുമ്പോൾ ശരീരമൊന്നു പുഷ്ടിപ്പെടുമെന്നും ആകെപ്പാടെ ആരോഗ്യമൊന്നു മെച്ചപ്പെടുമെന്നും.

അങ്ങനെതന്നെ സംഭവിച്ചു. ആരോഗ്യം മെച്ചപ്പെട്ടോ എന്നെനിക്കു പറയാൻ കഴിയില്ല. എന്നാൽ ശരീരമൊന്നു പുഷ്ടിപ്പെട്ടു. എന്റെ മെലിഞ്ഞ ശരീരം വണ്ണം വച്ചു. മുഖം കൂടുതൽ മാംസളമാവുകയും ഒരു തിളക്കം വരികയും ചെയ്തു. മുഖത്തിനൊരു വൃത്താകൃതി വരികയും ചെയ്തു. മൂൺ ഫെയ്സ് എന്നു പറയില്ലേ, ഏതാണ്ട് അതുതന്നെ.

വളരെ നാളുകൾക്കുശേഷം കണ്ടുമുട്ടിയ എന്റെയൊരു സുഹൃത്തു് എന്റെ രൂപം കണ്ടു് അത്ഭുതപ്പെട്ടു.
"എടോ മെലിഞ്ഞുണങ്ങിയിരുന്ന താനങ്ങു കൊഴുത്തല്ലോ. എന്തുവാ കഴിക്കുന്നതു്. വല്ല പഞ്ചജീരക ഗുഡവും സേവിക്കുന്നുണ്ടോ?"

"ശരിക്കും വണ്ണം വച്ചോ?," ഞാൻ ആരാഞ്ഞു.

"ഉവ്വല്ലോ. പക്ഷെ ഒരുമാതിരി വൃത്തികെട്ട വണ്ണമാ, കേട്ടോ. കാറ്റടിച്ചു വീർപ്പിച്ചതുപോലെ. കൂടാതെ തന്റെ മുഖത്തേയ്ക്കു നോക്കുമ്പോൾ നമ്മൾ പണ്ടു സ്കൂളിൽ വ്യാകരണ ക്ലാസ്സിൽ പഠിച്ച രണ്ടു വരി പാടാൻ തോന്നുന്നു. പാടട്ടെ?"

"പാടു്, കേൾക്കട്ടെ."

"മന്നവേന്ദ്ര, വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻ മുഖം." എന്നിട്ടയാൾ ഒരു ചിരിയും പാസ്സാക്കി.
  
വീട്ടിൽചെന്നു ഞാൻ കണ്ണാടിയിൽ നോക്കി. ശരിക്കും ചന്ദ്രനെപ്പോലെ തിളങ്ങുന്ന മുഖം. മൂൺ ഫെയ്സ് തന്നെ. അതിലൽപ്പം പന്തികേടുണ്ടല്ലോ എന്നു് എനിക്കു തോന്നി. ഞാൻ നെയ്യു സേവിക്കുന്നതു നിർത്തി. ആ നെയ്യിൽ എന്തോ കള്ളത്തരമുണ്ടു്.  ആ കള്ളവൈദ്യർ നെയ്യിൽ അമിതമായി കോർട്ടിസോൺ ചേർത്തിട്ടുണ്ടു്, ഉറപ്പു്.  മൂൺ ഫെയ്സ് അതിന്റെ ലക്ഷണമാണു്. കൂടുതൽ നാൾ അതു കഴിച്ചിരുന്നെങ്കിൽ ഞാനൊരു പ്രമേഹരോഗിയായിപ്പോയേനേ. ചിലപ്പോൾ കിഡ്നിയും തകരാറിലായേനേ.

'എടാ ദ്രോഹീ, കള്ള വൈദ്യരേ, നിനക്കിട്ടു ഞാൻ വച്ചിട്ടുണ്ടു്' എന്നു മനസ്സിൽ പറഞ്ഞുകൊണ്ടു് ഞാൻ വൈദ്യരെ അന്വേഷിച്ചു് ഒരു ദിവസം വൈദ്യശാലയിലേക്കു ചെന്നു. പക്ഷെ വൈദ്യശാല അടഞ്ഞു കിടക്കുകയായിരുന്നു. പിന്നീടൊരിക്കലും ആ വൈദ്യശാല തുറന്നു കണ്ടിട്ടില്ല. ആ വൈദ്യരേയും പിന്നീടു ഞാൻ കണ്ടിട്ടില്ല. എന്നെപ്പോലെ ചതിക്കപ്പെട്ട ആരെങ്കിലും ആ കള്ള വൈദ്യരെ തല്ലിക്കൊന്നുകാണും എന്നു ഞാൻ സമാധാനിച്ചു. 

Saturday, February 9, 2013

മുണ്ടുകണ്ടവരുണ്ടോ?


'മുണ്ടുകണ്ടവരുണ്ടോ?' 

ഈ ചോദ്യം വായിച്ചപ്പോൾ നിങ്ങളുടെ മനസ്സിൽ തെളിഞ്ഞുവന്ന ചിത്രം എന്താണു ചങ്ങാതീ? പറയൂ. സത്യം മാത്രമേ പറയാവൂ.

ഒരു പിടിവലിയുടെയോ അടിപിടിയുടെയോ രംഗം. എതിരാളികളാരോ മുണ്ടും പറിച്ചുകൊണ്ട് ഓടിയതുകാരണം മറ്റുള്ളവരുടെ മുൻപിൽ നാണം കെട്ടു നിൽക്കുന്ന ഒരു ഹതഭാഗ്യൻ. പ്രതീക്ഷയോടെ ചുറ്റും നോക്കുന്ന അയാളുടെ മുഖഭാവത്തിൽ തെളിയുന്ന ഒരു ചോദ്യം-മുണ്ടുകണ്ടവരുണ്ടോ?

അല്ലെങ്കിൽ, കുസൃതിക്കാരനായ ഒരു ഫോട്ടൊഗ്രാഫർ മുണ്ടു നഷ്ടപ്പെട്ട ഈ ഹതഭാഗ്യന്റെ ചിത്രം പകർത്തിയെടുത്തതു് പത്രത്തിൽ പ്രസിദ്ധീകരിച്ചിട്ടു് അതിനു് അടിക്കുറിപ്പായി ഇങ്ങനെ എഴുതി-
മുണ്ടുകണ്ടവരുണ്ടോ?

ഈ രണ്ടു ചിത്രങ്ങളല്ലേ 'മുണ്ടുകണ്ടവരുണ്ടോ?' എന്നു വായിച്ചപ്പോൾ നിങ്ങളുടെ മനസ്സിൽ തെളിഞ്ഞതു്? ആണെന്നെനിക്കറിയാം. 

ഹായ്, ലജ്ജാവഹം! നിങ്ങൾ ഇത്ര മോശമായും ബാലിശമായും ചിന്തിച്ചുകളഞ്ഞല്ലോ. 'മുണ്ടുകണ്ടവരുണ്ടോ?' എന്ന ചോദ്യംകൊണ്ടു് ഇതിലൊക്കെ ഗൗരവതരമായ ഒരു വിഷയം ചർച്ച ചെയ്യാനാണു് ഞാൻ ഉദ്ദേശിച്ചതു്.

മുണ്ടുകണ്ടവരുണ്ടോ? അനതിവിദൂരമല്ലാത്ത ഭാവികാലത്തിൽ ഉയരാവുന്ന ഒരു ചോദ്യമാണിതു്. മലയാളിയുടെ (തമിഴന്റെയും) തനതു വേഷമായ, ദേശീയവേഷമായ മുണ്ടിനു ശനിദശ ബാധിക്കാൻ തുടങ്ങിയിട്ടു കാലമേറെയായി. വന്നുവന്നു് മുണ്ടുടുത്തവരെ കാണാൻ കിട്ടാത്ത അവസ്ഥയായിരിക്കുന്നു, അല്ലേ ചങ്ങാതീ? അതുതന്നെയാണു് ഭാവിയിൽ മുകളിൽ ചോദിച്ച ചോദ്യമുയരുവാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നതും.

ചില പക്ഷികളും മൃഗങ്ങളും സസ്യങ്ങളും വംശനാശം വന്നു് ഈ ഭൂമിയിൽ നിന്നുതന്നെ അപ്രത്യക്ഷമായിട്ടുണ്ടല്ലോ. അവയെ ഒന്നും ഇനി നമുക്കു് നേരിട്ടു കാണുവാനുള്ള ഭാഗ്യമുണ്ടാവുകയില്ല എന്ന ദുഃഖകരമായ സത്യം നമ്മുടെ മനസ്സിനു് അസ്വസ്ഥത ഉണ്ടാക്കുന്നു. ചില ജീവികൾ വംശനാശത്തിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുന്നു. അവയെ കാണണമെങ്കിൽ മൃഗശാലയിൽ പോകേണ്ട സ്ഥിതിയാണുള്ളതു്.

കൂടാതെ നമ്മുടെ നാട്ടിൽ പണ്ടു പ്രചാരത്തിലുണ്ടായിരുന്ന ചില സാധനങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു. ഉദാഹരണത്തിനു്, പാക്കുവെട്ടി, തിരികല്ല്, ആട്ടുകല്ല്, കോളാമ്പി, ഗോകർണ്ണം എന്നിത്യാദി. ഇന്നു് ഇവയൊക്കെ കാണണമെങ്കിൽ മ്യൂസിയത്തിൽ പോകേണ്ട അവസ്ഥയാണു് ഉള്ളതു്. എന്തുകൊണ്ടാണു് ഇവയൊക്കെ അപ്രത്യക്ഷമായതു്? ആധുനിക ഉപകരണങ്ങളും മാറിയ ജീവിതരീതിയുമെല്ലാം ചേർന്ന് ഈ പഴയ ഉപകരണങ്ങളെ മനുഷ്യനു് ആവശ്യമില്ലാത്തവയാക്കി. ആരും അവ ഉപയോഗിക്കാതെയായി. അതാണു കാരണം. നമ്മുടെ പാവം മുണ്ടിനും ഈ ഗതി വരുമോ? സാദ്ധ്യത ഇല്ലാതില്ല. മുണ്ടു് ഉപയോഗിക്കുന്ന മനുഷ്യരുടെ എണ്ണം നാൾക്കുനാൾ കുറഞ്ഞുവരുന്നു. പുതിയ തലമുറ മുണ്ടിനുനേരെ പുറംതിരിഞ്ഞു നിൽക്കുകയാണു്. മുണ്ടിനെ ഒന്നു കാണുവാനായി കാഴ്ചബംഗ്ലാവിൽ പോകേണ്ട സ്ഥിതി ഉണ്ടാവുമോ?

ഞാൻ ആദ്യമായി മുണ്ടുടുക്കുന്നതു് സ്കൂളിൽ പത്താം ക്ലാസ്സിൽ ആയപ്പോഴാണു്, ഏതാണ്ടു് മുപ്പത്തിയെട്ടു വർഷം മുൻപ്. അന്നു് പത്താം ക്ലാസ്സിലേയ്ക്കു പ്രവേശിക്കുമ്പോൾ മിക്ക ആൺകുട്ടികളും മുണ്ടിലേയ്ക്കു മാറാറുണ്ടായിരുന്നു. (ഇതിനിടെ എന്റെ പഴമനസ്സിൽ ഉയർന്നുവന്നിട്ടുള്ള ഒരു സംശയം ഞാൻ ഉന്നയിക്കുകയാണു്. ആൺകുട്ടികൾ എന്ന പ്രയോഗം തന്നെ ശരിയാണോ, ചങ്ങാതീ? പെൺകുട്ടികൾ എന്നു പറയുമ്പോൾ ആൺകുട്ടന്മാർ എന്നല്ലേ പറയേണ്ടതു്?)

ഒൻപതാം ക്ലാസ്സുവരെ നിക്കറുമിട്ടു സ്കൂളിൽ പോയിട്ടു് പത്താം ക്ലാസ്സിൽ മുണ്ടിലേയ്ക്കു മാറിയപ്പോൾ ആ വേഷം ഒരൽപ്പം അസൗകര്യമുണ്ടാക്കുന്നതാണെന്നു തോന്നിയെങ്കിലും ആ മാറ്റം ഒട്ടൊക്കെ സന്തോഷം തരുന്നതായിരുന്നു. കാരണമെന്തായിരുന്നുവെന്നോ? മുണ്ടുടുത്തുതുടങ്ങിയാൽ മുതിർന്നവരുടെ ഗണത്തിലേയ്ക്കുയർത്തപ്പെട്ടു എന്നായിരുന്നു സങ്കൽപ്പം, അതുതന്നെ.

ആ കാലത്തൊക്കെ നാട്ടിൽ പാന്റ്സിട്ടു നടക്കുന്നവർ വളരെ വിരളമായിരുന്നു. ഇല്ലായിരുന്നു എന്നുതന്നെ പറയാമെന്നു തോന്നുന്നു. മാത്രമല്ല ഏതെങ്കിലും ചെറുപ്പക്കാരൻ പാന്റ്സിട്ടു വരുന്നതുകണ്ടാൽ വഴിവക്കിലൊക്കെ വെറുതെ കൂട്ടംകൂടിയിരുന്നു വെടിപറയുന്ന ചെറുപ്പക്കാരുടെയും ആൺകുട്ടന്മാരുടെയും മുഖത്തു് പരിഹാസച്ചിരി വിടരും. കൂടാതെ പാന്റ്സിട്ടു വരുന്ന ആ പരിഷ്ക്കാരിയെ ചെറുതായിട്ടൊന്നു കൂവിയെന്നും ഇരിക്കും. മാത്രമല്ല, പാന്റ്സിടുന്നവരെ പരിഹസിച്ചു വിളിക്കുന്ന പേരു് വിളിക്കുകയും ചെയ്തെന്നിരിക്കും. ദാ ഇങ്ങനെ, "ദാണ്ടെടാ ഒരു പതിനൊന്നു വരുന്നു." 

അങ്ങനെയും ഉണ്ടായിരുന്നു ഒരു കാലം!  ഇന്നത്തെ ചെറുപ്പക്കാർ ഇതു കേൾക്കുമ്പോൾ ആ പഴയ തലമുറയെക്കുറിച്ചു് പുച്ഛം തോന്നിയെന്നിരിക്കും. അവർ പറഞ്ഞേക്കാം, ദാ ഇങ്ങനെ, "കണ്ട്രി ഫെല്ലോസ്!"

മുണ്ടിനുപകരം ചിലപ്പോഴെങ്കിലും പാന്റ്സിട്ടു നടക്കണമെന്ന ഒരു മോഹം എന്റെ മനസ്സിൽ മുളച്ചുവന്നതു് പ്രീഡിഗ്രിക്കു പഠിക്കുന്ന സമയത്താണു്. അന്നു് പ്രീഡിഗ്രി ക്ലാസ്സിൽ ആൺകുട്ടന്മാരിൽ ബഹുഭൂരിപക്ഷവും 'മുണ്ടന്മാർ' തന്നെയായിരുന്നുവെങ്കിലും പാന്റ്സ്ധാരികളും വിരലിൽ എണ്ണാവുന്ന സംഖ്യയിൽ ഉണ്ടായിരുന്നു. പാന്റ്സിനുള്ള ഗമയും അതിലുപരി അതിനുള്ള സൗകര്യവുമായിരുന്നു അതിന്റെ ആകർഷണീയത. പ്രീഡിഗ്രിക്കുശേഷം എഞ്ചിനിയറിങ്ങിനു ചേരണം എന്നതായിരുന്നു എന്റെ ലക്ഷ്യം. എഞ്ചിനിയറിങ്ങ് കോളജിൽ പാന്റ്സായിരിക്കും വേഷമെന്നറിയാമായിരുന്നതിനാൽ അവിടെ എത്തുന്നതിനു മുൻപായി പാന്റ്സിട്ടു നടക്കുന്നതിൽ ഒരു പരിചയവും ആയിക്കോട്ടെ എന്നും കരുതി. അങ്ങനെ അന്നു് ഞാനും രണ്ടു പാന്റ്സു തയ്പിച്ചു് ഇടയ്ക്കൊക്കെ മുണ്ടിനുപകരം അതും ധരിച്ചു് കോളജിൽ പോകാൻ തുടങ്ങി.

അതിനുശേഷം വർഷങ്ങൾ കടന്നുപോകുംതോറും പാന്റ്സ് ധരിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനയും മുണ്ടുടുക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവും ഉണ്ടാകുന്നതാണു് കാണാൻ കഴിഞ്ഞതു്. ഈയുള്ളവനും മുണ്ടിനെ തീർത്തും അവഗണിച്ച് പാന്റ്സിനെ സ്ഥിരമാക്കുകയാണു് ഉണ്ടായതു് എന്നതു് ഖേദപൂർവ്വം സമ്മതിക്കുകയാണു്. സൗകര്യത്തിനു പിറകെ പോയ ഞാനും പാരമ്പര്യത്തെ കൈവിട്ടു. നാടോടുമ്പോൾ നടുവെ എന്ന തത്ത്വമാണു് ഇവിടെ നടപ്പാകുന്നതു്. അല്ലേ ചങ്ങാതീ?

എന്നാലും ചില വിഭാഗങ്ങൾ മുണ്ടിന്റെ പാരമ്പര്യം മുറുകെപ്പിടിക്കുന്നതാണു് ആദ്യമൊക്കെ കാണാൻ കഴിഞ്ഞതു്. സ്കൂൾ അദ്ധ്യാപകർ അവരിലെ പ്രബലരായ വിഭാഗമായിരുന്നു.അവർ പാന്റ്സിന്റെ കടന്നുകയറ്റത്തെ ചെറുത്തു നിൽക്കുന്നതു കണ്ടപ്പോൾ കോൾമയിർക്കൊണ്ടുപോയി ചങ്ങാതീ. നമ്മളെക്കൊണ്ടു സാധിച്ചില്ലെങ്കിലും മുണ്ടിന്റെ പാരമ്പര്യം അഭിമാനപൂർവ്വം ഉയർത്തിപ്പിടിക്കുവാനും കാത്തുസൂക്ഷിക്കുവാനും ഇതാ പ്രബലരായ ഒരു കൂട്ടർ എന്നു് ആഹ്ലാദത്തോടെയും ആശ്വാസത്തോടെയും വിശ്വസിച്ചു.

എന്നാൽ ആ വിശ്വാസം അസ്ഥാനത്താവാൻ അധികനാളൊന്നും വേണ്ടിവന്നില്ല. പുതുതലമുറ സ്കൂൾ അദ്ധ്യാപകർ പാന്റ്സിന്റെ ചേരിയിൽ ചേരുന്നതാണു് കാണാൻ കഴിഞ്ഞതു്. അപ്പോഴും അവരിലെ ഒരു ചെറിയ വിഭാഗം ചെറുത്തുനിന്നു. ആരാണെന്നോ?. മലയാളം അദ്ധ്യാപകർ. മുണ്ടുടുത്തു വരുന്ന അദ്ധ്യാപകനെ കണ്ടാൽ അദ്ദേഹം മലയാളം പഠിപ്പിക്കുന്നയാളാണെന്നു് രണ്ടാമതൊന്നു ആലോചിക്കുകപോലും ചെയ്യാതെ പറയാമെന്ന നിലയായിരുന്നു. മലയാളത്തിന്റെ പാരമ്പര്യം കാക്കേണ്ടതു് തങ്ങളാണെന്നു് അവർ ചിന്തിച്ചിരുന്നുവെന്നു തോന്നുന്നു. പക്ഷെ അവരുടെ ചെറുത്തുനിൽപ്പിനും അധികം ആയുസ്സൊന്നും ഉണ്ടായില്ല എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അവരും പാന്റ്സിനെ മനസ്സാവരിക്കുന്നതാണു പിന്നീടു കണ്ടതു്.

അന്നത്തെ പുതുതലമുറ ആൺകുട്ടന്മാർ പുറത്തിറങ്ങുമ്പോൾ പാന്റ്സ്തന്നെ ധരിക്കുമായിരുന്നെങ്കിലും വീട്ടിലും പരിസരത്തുമൊക്കെ മുണ്ടോ മുണ്ടിന്റെ വകഭേദമായ ലുങ്കി, കൈലി എന്നിവയോ ആണു ധരിക്കാൻ ഇഷ്ടപ്പെട്ടതു്. പക്ഷേ, ഇപ്പോഴോ? ആ കാലവും കഴിഞ്ഞില്ലേ ചങ്ങാതീ? ഇപ്പോഴത്തെ യുവാക്കളും ആൺകുട്ടന്മാരും വീട്ടിൽ എന്താണു ധരിക്കുന്നതു്? കാൽനീളമേറിയ ഒരുതരം നിക്കർ. അതിനെ അവർ വിളിക്കുന്നത് ത്രീഫോർത്തെന്നും. മുതിർന്ന പയ്യന്മാരായ(മുതിർന്ന പൗരന്മാർ എന്നാണു ചിലർ പറയുന്നതു്)ചിലരും ഈ കൊച്ചുപിള്ളേരെ അനുകരിച്ചു് ത്രീഫൊർത്തും ബർമുഡയുമൊക്കെ അണിഞ്ഞു പുറത്തിറങ്ങി നടക്കാനുള്ള ധൈര്യം കാണിച്ചു തുടങ്ങി. അസാമാന്യ ചങ്കൂറ്റം തന്നെ! എന്തു വൃത്തികെട്ട രൂപമാണു് അവർ മറ്റുള്ളവരുടെ മുൻപിൽ അവതരിപ്പിക്കുന്നതെന്നു് അവർ മനസ്സിലാക്കുന്നില്ല എന്നതാണു് ഏറ്റം ഖേദകരം! നിക്കറിട്ടാൽ ചെറുപ്പമാവുമോ? കാക്ക കുളിച്ചാൽ കൊക്കാവുമോ? ഒന്നു പറയൂ ചങ്ങാതീ.

എല്ലാവരും ഇങ്ങനെ മുണ്ടിനെ തഴഞ്ഞുവെങ്കിലും മുണ്ടിനെ കൈവിടാതെ മുറുകെപ്പിടിക്കുന്ന ഒരു കൂട്ടർ ഇപ്പോഴുമുണ്ട്. ഒരുപക്ഷെ, മുണ്ടിന്റെ ഭാവി ഇവരുടെ കരുത്താർന്ന കരങ്ങളിൽ ഭദ്രമായി ഇരുന്നേക്കാം. ആരാണെന്നോ ഇവർ? സേവിക്കാനായി (ജനത്തിനെ സേവിക്കാനായി, എന്നാണുദ്ദേശിച്ചതു്. അല്ലാതെ മറ്റൊന്നുമല്ല, കേട്ടോ)ഈ ഭൂമിയിൽ അവതരിച്ചവർ. മനസ്സിലായില്ല, അല്യോ? പൊതുജനമായ നമ്മുടെ കാര്യം മാത്രം ചിന്തിച്ചു് മനസ്സു പുണ്ണാക്കുന്ന, നമുക്കുവേണ്ടി ത്യാഗങ്ങൾ സഹിക്കുന്ന, ജനത്തിനുവേണ്ടി അധികാരത്തിന്റെ മുൾമുടി അണിയുവാൻ യാതൊരു വിരോധവും കാണിക്കാത്ത, നമ്മുടെ രാഷ്ട്രീയ നേതാക്കൾ!അവരുടെ യൂണിഫോമാണിന്നു മുണ്ടും ഷർട്ടും (അല്ലെങ്കിൽ ജൂബയും), പ്രത്യേകിച്ചും ഖദറിൽ തീർത്തവ.

ഇത്രയും വർഷങ്ങളായി മുണ്ടിന്റെമേൽ പാന്റ്സ് നടത്തുന്ന കടന്നുകയറ്റത്തെ ചെറുത്തുനിൽക്കാനുള്ള ശക്തി പ്രകടിപ്പിച്ചിട്ടുള്ള ഒരേയൊരു കൂട്ടരാണു് നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രീയ നേതാക്കൾ. എന്താ സംശയമുണ്ടോ? യേയ്, എന്തു സംശയം? അപ്പോൾ ഇവരുടെ കയ്യിൽ മുണ്ടിന്റെ ഭാവി സുരക്ഷിതമാണെന്നു കരുതാമോ? മുണ്ടിന്റെ സുരക്ഷിതത്വത്തെക്കുറിച്ചു് രാഷ്ട്രീയക്കാർക്ക് സംശയം തോന്നാത്തിടത്തോളം. എന്നുവച്ചാൽ? രാഷ്ട്രീയക്കാരുടെ ഇഷ്ടവിനോദമാണല്ലോ യോഗങ്ങൾ സംഘടിപ്പിക്കുകയും അതിനിടയിൽ ഉന്തും തള്ളും പിടിവലിയുമെല്ലാം നടത്തുന്നതും. അപ്പോഴാണു മുണ്ടു സുരക്ഷിതമല്ലാതായിത്തീരുന്നതു്. ആരെങ്കിലും മുണ്ടും പറിച്ചുകൊണ്ട് ഓടിയാൽ തീർന്നില്ലേ? അങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടായിട്ടുള്ളതുമാണു്. അതുകൊണ്ടു് രാഷ്ട്രീയക്കാരും മുണ്ടിന്റെ കാര്യത്തിൽ ഒരു പുനർവിചിന്തനം നടത്തിയാൽ അതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. അങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ നമ്മുടെ പാവം മുണ്ടിന്റെ കാര്യം കട്ടപ്പൊകയായതുതന്നെ!

മുണ്ടിനെ എല്ലാവരും കയ്യൊഴിഞ്ഞാൽ ഇവിടെ അന്യം നിന്നു പോകുന്ന ഒരു പഴയ കലാപരിപാടിയുണ്ടു്. മറ്റുള്ളവരെ അപമാനിക്കുവാനായി മുണ്ടുധാരികൾ പണ്ടുമുതലേ അവതരിപ്പിക്കുന്ന ഒരു കലാപരിപാടി. എന്താണെന്നോ? മുണ്ടു പൊക്കിക്കാണിക്കൽ! അതുതന്നെ.പണ്ടെങ്ങോ നമ്മുടെ നിയമസഭയിൽ വരെ അരങ്ങേറിയതാണു് ഈ കലാപരിപാടി എന്നാണു കേട്ടിട്ടുള്ളതു്. മറ്റൊരാളെ അപമാനിക്കുവാൻ ഇതിലും നല്ല ഒരു കലാപരിപാടി ഇല്ല എന്നാണു് പണ്ടുമുതൽ കരുതപ്പെട്ടിരുന്നതു്. മുണ്ടു് നമ്മുടെയിടയിൽനിന്നു് അപ്രത്യക്ഷമായാൽ അതും അവസാനിക്കില്ലേ ചങ്ങാതീ? എന്തു ചെയ്യാൻ?വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികളെ സംരക്ഷിക്കാൻ സർക്കാർ ചില പദ്ധതികളൊക്കെ കൊണ്ടുവരാറുണ്ടല്ലോ. അതുപോലെ മുണ്ടിനെ വംശനാശത്തിൽനിന്നു രക്ഷിക്കാൻ എന്തെങ്കിലും.........