'മുണ്ടുകണ്ടവരുണ്ടോ?'
ഈ ചോദ്യം വായിച്ചപ്പോൾ നിങ്ങളുടെ മനസ്സിൽ തെളിഞ്ഞുവന്ന ചിത്രം എന്താണു ചങ്ങാതീ? പറയൂ. സത്യം മാത്രമേ പറയാവൂ.
ഒരു പിടിവലിയുടെയോ അടിപിടിയുടെയോ രംഗം. എതിരാളികളാരോ മുണ്ടും പറിച്ചുകൊണ്ട് ഓടിയതുകാരണം മറ്റുള്ളവരുടെ മുൻപിൽ നാണം കെട്ടു നിൽക്കുന്ന ഒരു ഹതഭാഗ്യൻ. പ്രതീക്ഷയോടെ ചുറ്റും നോക്കുന്ന അയാളുടെ മുഖഭാവത്തിൽ തെളിയുന്ന ഒരു ചോദ്യം-മുണ്ടുകണ്ടവരുണ്ടോ?
അല്ലെങ്കിൽ, കുസൃതിക്കാരനായ ഒരു ഫോട്ടൊഗ്രാഫർ മുണ്ടു നഷ്ടപ്പെട്ട ഈ ഹതഭാഗ്യന്റെ ചിത്രം പകർത്തിയെടുത്തതു് പത്രത്തിൽ പ്രസിദ്ധീകരിച്ചിട്ടു് അതിനു് അടിക്കുറിപ്പായി ഇങ്ങനെ എഴുതി-
മുണ്ടുകണ്ടവരുണ്ടോ?
ഈ രണ്ടു ചിത്രങ്ങളല്ലേ 'മുണ്ടുകണ്ടവരുണ്ടോ?' എന്നു വായിച്ചപ്പോൾ നിങ്ങളുടെ മനസ്സിൽ തെളിഞ്ഞതു്? ആണെന്നെനിക്കറിയാം.
ഹായ്, ലജ്ജാവഹം! നിങ്ങൾ ഇത്ര മോശമായും ബാലിശമായും ചിന്തിച്ചുകളഞ്ഞല്ലോ. 'മുണ്ടുകണ്ടവരുണ്ടോ?' എന്ന ചോദ്യംകൊണ്ടു് ഇതിലൊക്കെ ഗൗരവതരമായ ഒരു വിഷയം ചർച്ച ചെയ്യാനാണു് ഞാൻ ഉദ്ദേശിച്ചതു്.
മുണ്ടുകണ്ടവരുണ്ടോ? അനതിവിദൂരമല്ലാത്ത ഭാവികാലത്തിൽ ഉയരാവുന്ന ഒരു ചോദ്യമാണിതു്. മലയാളിയുടെ (തമിഴന്റെയും) തനതു വേഷമായ, ദേശീയവേഷമായ മുണ്ടിനു ശനിദശ ബാധിക്കാൻ തുടങ്ങിയിട്ടു കാലമേറെയായി. വന്നുവന്നു് മുണ്ടുടുത്തവരെ കാണാൻ കിട്ടാത്ത അവസ്ഥയായിരിക്കുന്നു, അല്ലേ ചങ്ങാതീ? അതുതന്നെയാണു്
ഭാവിയിൽ മുകളിൽ ചോദിച്ച ചോദ്യമുയരുവാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നതും.
ചില പക്ഷികളും മൃഗങ്ങളും സസ്യങ്ങളും വംശനാശം വന്നു് ഈ ഭൂമിയിൽ നിന്നുതന്നെ അപ്രത്യക്ഷമായിട്ടുണ്ടല്ലോ. അവയെ ഒന്നും ഇനി നമുക്കു് നേരിട്ടു കാണുവാനുള്ള ഭാഗ്യമുണ്ടാവുകയില്ല എന്ന ദുഃഖകരമായ സത്യം നമ്മുടെ മനസ്സിനു് അസ്വസ്ഥത ഉണ്ടാക്കുന്നു. ചില ജീവികൾ വംശനാശത്തിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുന്നു. അവയെ കാണണമെങ്കിൽ മൃഗശാലയിൽ പോകേണ്ട സ്ഥിതിയാണുള്ളതു്.
കൂടാതെ നമ്മുടെ നാട്ടിൽ പണ്ടു പ്രചാരത്തിലുണ്ടായിരുന്ന ചില സാധനങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു. ഉദാഹരണത്തിനു്, പാക്കുവെട്ടി, തിരികല്ല്, ആട്ടുകല്ല്, കോളാമ്പി, ഗോകർണ്ണം എന്നിത്യാദി. ഇന്നു് ഇവയൊക്കെ കാണണമെങ്കിൽ മ്യൂസിയത്തിൽ പോകേണ്ട അവസ്ഥയാണു് ഉള്ളതു്. എന്തുകൊണ്ടാണു് ഇവയൊക്കെ അപ്രത്യക്ഷമായതു്? ആധുനിക ഉപകരണങ്ങളും മാറിയ ജീവിതരീതിയുമെല്ലാം ചേർന്ന് ഈ പഴയ ഉപകരണങ്ങളെ മനുഷ്യനു് ആവശ്യമില്ലാത്തവയാക്കി.
ആരും അവ ഉപയോഗിക്കാതെയായി. അതാണു കാരണം. നമ്മുടെ പാവം മുണ്ടിനും ഈ ഗതി വരുമോ? സാദ്ധ്യത ഇല്ലാതില്ല. മുണ്ടു് ഉപയോഗിക്കുന്ന മനുഷ്യരുടെ എണ്ണം നാൾക്കുനാൾ കുറഞ്ഞുവരുന്നു. പുതിയ തലമുറ മുണ്ടിനുനേരെ പുറംതിരിഞ്ഞു നിൽക്കുകയാണു്. മുണ്ടിനെ ഒന്നു കാണുവാനായി കാഴ്ചബംഗ്ലാവിൽ പോകേണ്ട സ്ഥിതി ഉണ്ടാവുമോ?
ഞാൻ ആദ്യമായി മുണ്ടുടുക്കുന്നതു് സ്കൂളിൽ പത്താം ക്ലാസ്സിൽ ആയപ്പോഴാണു്, ഏതാണ്ടു് മുപ്പത്തിയെട്ടു വർഷം മുൻപ്. അന്നു് പത്താം ക്ലാസ്സിലേയ്ക്കു പ്രവേശിക്കുമ്പോൾ മിക്ക ആൺകുട്ടികളും മുണ്ടിലേയ്ക്കു മാറാറുണ്ടായിരുന്നു.
(ഇതിനിടെ എന്റെ പഴമനസ്സിൽ ഉയർന്നുവന്നിട്ടുള്ള ഒരു സംശയം ഞാൻ ഉന്നയിക്കുകയാണു്.
ആൺകുട്ടികൾ എന്ന പ്രയോഗം തന്നെ ശരിയാണോ, ചങ്ങാതീ? പെൺകുട്ടികൾ എന്നു പറയുമ്പോൾ ആൺകുട്ടന്മാർ എന്നല്ലേ പറയേണ്ടതു്?)
ഒൻപതാം ക്ലാസ്സുവരെ നിക്കറുമിട്ടു സ്കൂളിൽ പോയിട്ടു് പത്താം ക്ലാസ്സിൽ മുണ്ടിലേയ്ക്കു മാറിയപ്പോൾ ആ വേഷം ഒരൽപ്പം അസൗകര്യമുണ്ടാക്കുന്നതാണെന്നു തോന്നിയെങ്കിലും ആ മാറ്റം ഒട്ടൊക്കെ സന്തോഷം തരുന്നതായിരുന്നു. കാരണമെന്തായിരുന്നുവെന്നോ? മുണ്ടുടുത്തുതുടങ്ങിയാൽ മുതിർന്നവരുടെ ഗണത്തിലേയ്ക്കുയർത്തപ്പെട്ടു എന്നായിരുന്നു സങ്കൽപ്പം, അതുതന്നെ.
ആ കാലത്തൊക്കെ നാട്ടിൽ പാന്റ്സിട്ടു നടക്കുന്നവർ വളരെ വിരളമായിരുന്നു. ഇല്ലായിരുന്നു എന്നുതന്നെ പറയാമെന്നു തോന്നുന്നു. മാത്രമല്ല ഏതെങ്കിലും ചെറുപ്പക്കാരൻ പാന്റ്സിട്ടു വരുന്നതുകണ്ടാൽ വഴിവക്കിലൊക്കെ വെറുതെ കൂട്ടംകൂടിയിരുന്നു വെടിപറയുന്ന ചെറുപ്പക്കാരുടെയും ആൺകുട്ടന്മാരുടെയും മുഖത്തു് പരിഹാസച്ചിരി വിടരും. കൂടാതെ പാന്റ്സിട്ടു വരുന്ന ആ പരിഷ്ക്കാരിയെ ചെറുതായിട്ടൊന്നു കൂവിയെന്നും ഇരിക്കും. മാത്രമല്ല, പാന്റ്സിടുന്നവരെ പരിഹസിച്ചു വിളിക്കുന്ന പേരു് വിളിക്കുകയും ചെയ്തെന്നിരിക്കും. ദാ ഇങ്ങനെ, "ദാണ്ടെടാ ഒരു പതിനൊന്നു വരുന്നു."
അങ്ങനെയും ഉണ്ടായിരുന്നു ഒരു കാലം! ഇന്നത്തെ ചെറുപ്പക്കാർ ഇതു കേൾക്കുമ്പോൾ ആ പഴയ തലമുറയെക്കുറിച്ചു് പുച്ഛം തോന്നിയെന്നിരിക്കും. അവർ പറഞ്ഞേക്കാം, ദാ ഇങ്ങനെ, "കണ്ട്രി ഫെല്ലോസ്!"
മുണ്ടിനുപകരം ചിലപ്പോഴെങ്കിലും പാന്റ്സിട്ടു നടക്കണമെന്ന ഒരു മോഹം എന്റെ മനസ്സിൽ മുളച്ചുവന്നതു് പ്രീഡിഗ്രിക്കു പഠിക്കുന്ന സമയത്താണു്. അന്നു് പ്രീഡിഗ്രി ക്ലാസ്സിൽ ആൺകുട്ടന്മാരിൽ ബഹുഭൂരിപക്ഷവും 'മുണ്ടന്മാർ' തന്നെയായിരുന്നുവെങ്കിലും പാന്റ്സ്ധാരികളും വിരലിൽ എണ്ണാവുന്ന സംഖ്യയിൽ ഉണ്ടായിരുന്നു. പാന്റ്സിനുള്ള ഗമയും അതിലുപരി അതിനുള്ള സൗകര്യവുമായിരുന്നു അതിന്റെ ആകർഷണീയത. പ്രീഡിഗ്രിക്കുശേഷം എഞ്ചിനിയറിങ്ങിനു ചേരണം എന്നതായിരുന്നു എന്റെ ലക്ഷ്യം. എഞ്ചിനിയറിങ്ങ് കോളജിൽ പാന്റ്സായിരിക്കും വേഷമെന്നറിയാമായിരുന്നതിനാൽ അവിടെ എത്തുന്നതിനു മുൻപായി പാന്റ്സിട്ടു നടക്കുന്നതിൽ ഒരു പരിചയവും ആയിക്കോട്ടെ എന്നും കരുതി. അങ്ങനെ അന്നു് ഞാനും രണ്ടു പാന്റ്സു തയ്പിച്ചു് ഇടയ്ക്കൊക്കെ മുണ്ടിനുപകരം അതും ധരിച്ചു് കോളജിൽ പോകാൻ തുടങ്ങി.
അതിനുശേഷം വർഷങ്ങൾ കടന്നുപോകുംതോറും പാന്റ്സ് ധരിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനയും മുണ്ടുടുക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവും ഉണ്ടാകുന്നതാണു് കാണാൻ കഴിഞ്ഞതു്. ഈയുള്ളവനും മുണ്ടിനെ തീർത്തും അവഗണിച്ച് പാന്റ്സിനെ സ്ഥിരമാക്കുകയാണു് ഉണ്ടായതു് എന്നതു് ഖേദപൂർവ്വം സമ്മതിക്കുകയാണു്. സൗകര്യത്തിനു പിറകെ പോയ ഞാനും പാരമ്പര്യത്തെ കൈവിട്ടു. നാടോടുമ്പോൾ നടുവെ എന്ന തത്ത്വമാണു് ഇവിടെ നടപ്പാകുന്നതു്. അല്ലേ ചങ്ങാതീ?
എന്നാലും ചില വിഭാഗങ്ങൾ മുണ്ടിന്റെ പാരമ്പര്യം മുറുകെപ്പിടിക്കുന്നതാണു് ആദ്യമൊക്കെ കാണാൻ കഴിഞ്ഞതു്. സ്കൂൾ അദ്ധ്യാപകർ അവരിലെ പ്രബലരായ വിഭാഗമായിരുന്നു.അവർ പാന്റ്സിന്റെ കടന്നുകയറ്റത്തെ ചെറുത്തു നിൽക്കുന്നതു കണ്ടപ്പോൾ കോൾമയിർക്കൊണ്ടുപോയി ചങ്ങാതീ. നമ്മളെക്കൊണ്ടു സാധിച്ചില്ലെങ്കിലും മുണ്ടിന്റെ പാരമ്പര്യം അഭിമാനപൂർവ്വം ഉയർത്തിപ്പിടിക്കുവാനും കാത്തുസൂക്ഷിക്കുവാനും ഇതാ പ്രബലരായ ഒരു കൂട്ടർ എന്നു് ആഹ്ലാദത്തോടെയും ആശ്വാസത്തോടെയും വിശ്വസിച്ചു.
എന്നാൽ ആ വിശ്വാസം അസ്ഥാനത്താവാൻ അധികനാളൊന്നും വേണ്ടിവന്നില്ല. പുതുതലമുറ സ്കൂൾ അദ്ധ്യാപകർ പാന്റ്സിന്റെ ചേരിയിൽ ചേരുന്നതാണു് കാണാൻ കഴിഞ്ഞതു്. അപ്പോഴും അവരിലെ ഒരു ചെറിയ വിഭാഗം ചെറുത്തുനിന്നു. ആരാണെന്നോ?. മലയാളം അദ്ധ്യാപകർ. മുണ്ടുടുത്തു വരുന്ന അദ്ധ്യാപകനെ കണ്ടാൽ അദ്ദേഹം മലയാളം പഠിപ്പിക്കുന്നയാളാണെന്നു് രണ്ടാമതൊന്നു ആലോചിക്കുകപോലും ചെയ്യാതെ പറയാമെന്ന നിലയായിരുന്നു. മലയാളത്തിന്റെ പാരമ്പര്യം കാക്കേണ്ടതു് തങ്ങളാണെന്നു് അവർ ചിന്തിച്ചിരുന്നുവെന്നു തോന്നുന്നു. പക്ഷെ അവരുടെ ചെറുത്തുനിൽപ്പിനും അധികം ആയുസ്സൊന്നും ഉണ്ടായില്ല എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അവരും പാന്റ്സിനെ മനസ്സാവരിക്കുന്നതാണു പിന്നീടു കണ്ടതു്.
അന്നത്തെ പുതുതലമുറ ആൺകുട്ടന്മാർ പുറത്തിറങ്ങുമ്പോൾ പാന്റ്സ്തന്നെ ധരിക്കുമായിരുന്നെങ്കിലും വീട്ടിലും പരിസരത്തുമൊക്കെ മുണ്ടോ മുണ്ടിന്റെ വകഭേദമായ ലുങ്കി, കൈലി എന്നിവയോ ആണു ധരിക്കാൻ ഇഷ്ടപ്പെട്ടതു്. പക്ഷേ, ഇപ്പോഴോ? ആ കാലവും കഴിഞ്ഞില്ലേ ചങ്ങാതീ? ഇപ്പോഴത്തെ യുവാക്കളും ആൺകുട്ടന്മാരും വീട്ടിൽ എന്താണു ധരിക്കുന്നതു്? കാൽനീളമേറിയ ഒരുതരം നിക്കർ. അതിനെ അവർ വിളിക്കുന്നത് ത്രീഫോർത്തെന്നും. മുതിർന്ന പയ്യന്മാരായ(മുതിർന്ന പൗരന്മാർ എന്നാണു ചിലർ പറയുന്നതു്)ചിലരും ഈ കൊച്ചുപിള്ളേരെ അനുകരിച്ചു് ത്രീഫൊർത്തും ബർമുഡയുമൊക്കെ അണിഞ്ഞു പുറത്തിറങ്ങി നടക്കാനുള്ള ധൈര്യം കാണിച്ചു തുടങ്ങി. അസാമാന്യ ചങ്കൂറ്റം തന്നെ! എന്തു വൃത്തികെട്ട രൂപമാണു് അവർ മറ്റുള്ളവരുടെ മുൻപിൽ അവതരിപ്പിക്കുന്നതെന്നു് അവർ മനസ്സിലാക്കുന്നില്ല എന്നതാണു് ഏറ്റം ഖേദകരം! നിക്കറിട്ടാൽ ചെറുപ്പമാവുമോ? കാക്ക കുളിച്ചാൽ കൊക്കാവുമോ? ഒന്നു പറയൂ ചങ്ങാതീ.
എല്ലാവരും ഇങ്ങനെ മുണ്ടിനെ തഴഞ്ഞുവെങ്കിലും മുണ്ടിനെ കൈവിടാതെ മുറുകെപ്പിടിക്കുന്ന ഒരു കൂട്ടർ ഇപ്പോഴുമുണ്ട്. ഒരുപക്ഷെ, മുണ്ടിന്റെ ഭാവി ഇവരുടെ കരുത്താർന്ന കരങ്ങളിൽ ഭദ്രമായി ഇരുന്നേക്കാം. ആരാണെന്നോ ഇവർ? സേവിക്കാനായി (ജനത്തിനെ സേവിക്കാനായി, എന്നാണുദ്ദേശിച്ചതു്. അല്ലാതെ മറ്റൊന്നുമല്ല, കേട്ടോ)ഈ ഭൂമിയിൽ അവതരിച്ചവർ. മനസ്സിലായില്ല, അല്യോ? പൊതുജനമായ നമ്മുടെ കാര്യം മാത്രം ചിന്തിച്ചു് മനസ്സു പുണ്ണാക്കുന്ന, നമുക്കുവേണ്ടി ത്യാഗങ്ങൾ സഹിക്കുന്ന, ജനത്തിനുവേണ്ടി അധികാരത്തിന്റെ മുൾമുടി അണിയുവാൻ യാതൊരു വിരോധവും കാണിക്കാത്ത, നമ്മുടെ രാഷ്ട്രീയ നേതാക്കൾ!അവരുടെ യൂണിഫോമാണിന്നു മുണ്ടും ഷർട്ടും (അല്ലെങ്കിൽ ജൂബയും), പ്രത്യേകിച്ചും ഖദറിൽ തീർത്തവ.
ഇത്രയും വർഷങ്ങളായി മുണ്ടിന്റെമേൽ പാന്റ്സ് നടത്തുന്ന കടന്നുകയറ്റത്തെ ചെറുത്തുനിൽക്കാനുള്ള ശക്തി പ്രകടിപ്പിച്ചിട്ടുള്ള ഒരേയൊരു കൂട്ടരാണു് നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രീയ നേതാക്കൾ. എന്താ സംശയമുണ്ടോ? യേയ്, എന്തു സംശയം? അപ്പോൾ ഇവരുടെ കയ്യിൽ മുണ്ടിന്റെ ഭാവി സുരക്ഷിതമാണെന്നു കരുതാമോ? മുണ്ടിന്റെ സുരക്ഷിതത്വത്തെക്കുറിച്ചു് രാഷ്ട്രീയക്കാർക്ക് സംശയം തോന്നാത്തിടത്തോളം. എന്നുവച്ചാൽ? രാഷ്ട്രീയക്കാരുടെ ഇഷ്ടവിനോദമാണല്ലോ യോഗങ്ങൾ സംഘടിപ്പിക്കുകയും അതിനിടയിൽ ഉന്തും തള്ളും പിടിവലിയുമെല്ലാം നടത്തുന്നതും. അപ്പോഴാണു മുണ്ടു സുരക്ഷിതമല്ലാതായിത്തീരുന്നതു്. ആരെങ്കിലും മുണ്ടും പറിച്ചുകൊണ്ട് ഓടിയാൽ തീർന്നില്ലേ? അങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടായിട്ടുള്ളതുമാണു്.
അതുകൊണ്ടു് രാഷ്ട്രീയക്കാരും മുണ്ടിന്റെ കാര്യത്തിൽ ഒരു പുനർവിചിന്തനം നടത്തിയാൽ അതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. അങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ നമ്മുടെ പാവം മുണ്ടിന്റെ കാര്യം കട്ടപ്പൊകയായതുതന്നെ!
മുണ്ടിനെ എല്ലാവരും കയ്യൊഴിഞ്ഞാൽ ഇവിടെ അന്യം നിന്നു പോകുന്ന ഒരു പഴയ കലാപരിപാടിയുണ്ടു്. മറ്റുള്ളവരെ അപമാനിക്കുവാനായി മുണ്ടുധാരികൾ പണ്ടുമുതലേ അവതരിപ്പിക്കുന്ന ഒരു കലാപരിപാടി. എന്താണെന്നോ? മുണ്ടു പൊക്കിക്കാണിക്കൽ! അതുതന്നെ.പണ്ടെങ്ങോ നമ്മുടെ നിയമസഭയിൽ വരെ അരങ്ങേറിയതാണു് ഈ കലാപരിപാടി എന്നാണു കേട്ടിട്ടുള്ളതു്.
മറ്റൊരാളെ അപമാനിക്കുവാൻ ഇതിലും നല്ല ഒരു കലാപരിപാടി ഇല്ല എന്നാണു് പണ്ടുമുതൽ കരുതപ്പെട്ടിരുന്നതു്. മുണ്ടു് നമ്മുടെയിടയിൽനിന്നു് അപ്രത്യക്ഷമായാൽ അതും അവസാനിക്കില്ലേ ചങ്ങാതീ? എന്തു ചെയ്യാൻ?വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികളെ സംരക്ഷിക്കാൻ സർക്കാർ ചില പദ്ധതികളൊക്കെ കൊണ്ടുവരാറുണ്ടല്ലോ. അതുപോലെ മുണ്ടിനെ വംശനാശത്തിൽനിന്നു രക്ഷിക്കാൻ എന്തെങ്കിലും.........