Thursday, February 9, 2017

ന്യൂ ജനറേഷൻ



വളരെനാളുകൂടി ഒരു സിനിമ കണ്ടു,” സംഭാഷണത്തിനിടയ്ക്കു ചന്ദ്രൻകുട്ടി പറഞ്ഞു. എന്റെ സുഹൃത്താണു ചന്ദ്രൻകുട്ടി.

എന്തുപറ്റി? പതിവില്ലാത്തതാണല്ലോ,” ഞാൻ ആരാഞ്ഞു.

തീയേറ്ററിൽ പോയി ഒരു സിനിമ കാണണമെന്നു വളരെനാളായി വിചാരിക്കുന്നു. ഈ വയസ്സാംകാലത്തു് അങ്ങനെയും ഒരു മോഹം, യേതു്

ശരിയാ വയസ്സാംകാലത്തുണ്ടായ ആഗ്രഹം സാധിക്കാതെ താൻ തട്ടിപ്പോയിരുന്നെങ്കിൽ ഗതികിട്ടാപ്രേതമായി ഇവിടെയൊക്കെ കറങ്ങിനടക്കുന്നതു് ഞങ്ങളൊക്കെ കാണേണ്ടി വന്നേനേ. അതുകൊണ്ടു് സിനിമ കണ്ടതു നന്നായി. യേതു് സിനിമയാണാവോ?”

ഒരു ന്യൂ ജനറേഷൻ സിനിമയാ,” അയാൾ സിനിമയുടെ പേരു പറഞ്ഞു.

ഇതെന്തു പേരാണെടോ? പേരും ന്യൂ ജനറേഷൻ തന്നെ?”

വോ, തന്നെ.

ഈ ന്യൂ ജനറേഷൻ സിനിമ എന്ന ലേബൽ കിട്ടണമെങ്കിൽ എന്തൊക്കെ യോഗ്യതയാണാവോ വേണ്ടതു്?”

ഒന്നാമതായി, തിരക്കഥ, സംവിധാനം, അഭിനയം എന്നിവയെല്ലാം ന്യൂ ജനറേഷൻ എന്നു് അവകാശപ്പെടുന്ന ചെറുപ്പക്കാർ ആവണം. പിന്നെ കെട്ടുറപ്പുള്ള ഒരു കഥയൊന്നും ആവശ്യമില്ല. കുറെ സംഭവങ്ങൾ ഉണ്ടായിരിക്കും. അവയെല്ലാം കൂട്ടിച്ചേർത്തു് ഒരു സിനിമയാക്കും. അച്ഛൻ, അമ്മ, അപ്പൂപ്പൻ, അമ്മൂമ്മ എന്നിങ്ങനെയുള്ള കഥാപാത്രങ്ങളൊന്നും കാണുകയില്ല. ഉണ്ടെങ്കിൽത്തന്നെ അവർക്കൊന്നും സിനിമയിൽ കാര്യമായ സ്ഥാനമൊന്നും കാണുകയില്ല. പിന്നെ, അച്ചടിഭാഷയിൽ സാധാരണ ഉപയോഗിക്കാത്ത, സഭ്യമല്ലാത്ത പല വാക്കുകളും ഉപയോഗിച്ചേ പറ്റൂ എന്ന നിർബ്ബന്ധമുണ്ടു്.

അപ്പോൾ തനിക്കു് ആ സിനിമ ഒട്ടും ഇഷ്ടപ്പെട്ടില്ല എന്നു സാരം.

ഏയ്, അങ്ങനെ പറയുന്നില്ല. കണ്ടിരിക്കാം. ബോറടിക്കുകയില്ല.

അതിരിക്കട്ടെ ചങ്ങാതീ, ഈ ന്യൂ ജനറേഷൻ എന്നുവച്ചാൽ എന്താണാവോ?”

, ഇയാൾക്കറിയാത്തപോലെ. ന്യൂ ജനറേഷൻ എന്നുവച്ചാൽ പുതിയ തലമുറ, ഇന്നത്തെ തലമുറ; അല്ലാതെന്താ?”

ഇതാ തനിക്കു വിവരമില്ലെന്നു പറയുന്നതു്. എടോ, താൻ പറഞ്ഞതു് ആ വാക്കിന്റെ അർത്ഥമാണു്. ന്യൂ ജനറേഷൻ എന്നു്പറയുന്നതു് ഇപ്പോൾ ഒരു ബ്രാൻഡ് നെയിം പോലെയായിട്ടുണ്ടു്. പുതിയ തലമുറയുടേതെന്നുവച്ചു് എല്ലാം ന്യൂ ജനറേഷൻ എന്ന ലേബലിൽ വരുന്നില്ല, മനസ്സിലായോ?”

മനസ്സിലായില്ല ഗുരോ,” ചന്ദ്രൻകുട്ടി മൊഴിഞ്ഞു.

ഒരു ഉദാഹരണം കൊണ്ടു് കാര്യം വിശദമാക്കാൻ ശ്രമിക്കാം. കോളജിലും സ്കൂളിൽ ഉയർന്ന ക്ളാസ്സിലും പഠിക്കുന്ന ന്യൂ ജനറേഷൻ പയ്യന്മാർ ഉപയോഗിക്കുന്ന ഒരു വാക്കുണ്ട്, ‘പഠിപ്പിസ്റ്റ്അറിയാമോ?”

ഉവ്വ്. ക്ളാസ്സിലും പുറത്തും അലമ്പുണ്ടാക്കാതെയിരിക്കുകയും, നന്നായി പഠിച്ചു നല്ല മാർക്കു വാങ്ങുകയും അദ്ധ്യാപകരുടെ പൊന്നോമനകളായിരിക്കുകയും ചെയ്യുന്ന വിദ്യാർത്ഥികളെ അല്ലേ അങ്ങനെയൊന്നും അല്ലാത്തവർ പഠിപ്പിസ്റ്റ് എന്നു വിളിക്കുന്നതു്?”

എക്സാക്റ്റ്ലി. അപ്പോൾ പഠിപ്പിസ്റ്റും, അയാളെ പുച്ഛത്തോടെ ആ പേരു വിളിക്കുന്നവരും പുതിയ തലമുറയിൽ പെട്ടവർ തന്നെ ആണല്ലോ. എന്നാൽ പഠിപ്പിസ്റ്റ് ന്യൂ ജനറേഷൻ എന്ന ലേബലിൻകീഴിൽ വരില്ല; പഠിപ്പിസ്റ്റല്ലാത്തവൻ ന്യൂ ജനറേഷൻ എന്ന ബ്രാൻഡിൽ പെട്ടവൻ ആയിരിക്കും. പഠിപ്പിസ്റ്റിനു് ന്യൂ ജനറേഷൻ എന്ന ബ്രാൻഡ് നെയിമിനു് അർഹതയില്ല. മാത്രമല്ല അവൻ ന്യൂ ജനറേഷനു് ഒരു അപമാനവും ആകുന്നു. മനസ്സിലായോ?”

മനസ്സിലായിവരുന്നു.

ഇനിയുമുണ്ടു് ന്യൂ ജനറേഷൻ ബ്രാൻഡിൽ പെട്ടവരുടെ പ്രത്യേകതകൾ. നേരത്തെ കാലത്തെ ഉണർന്നെഴുന്നേൽക്കാതിരിക്കുക എന്നുള്ളതു് അവർ ഒരു അഭിമാനമായി കരുതുന്നു. പഠിക്കുവാനോ ജോലിക്കോ പോകുന്ന ന്യൂ ജനറേഷനു് അവധി ദിവസം ഉറക്കത്താൽ ആഘോഷിക്കുന്നതു് ഒരു അഭിമാനപ്രശ്നമാണു്. അവധിദിവസം അവർ ഉച്ചവരെ കിടന്നുറങ്ങും. എന്നിട്ടു് ബ്രേയ്ക്ഫാസ്റ്റും ലഞ്ചും ഒരു ഒറ്റ ഭക്ഷണത്തിൽ ഒതുക്കും. ഉച്ചയ്ക്കു പന്ത്രണ്ടു മണിക്കാണു് എഴുന്നേറ്റതെന്ന കാര്യം അഭിമാനത്തോടെ സുഹൃത്തുക്കളോടു പറയും. ഒൻപതു മണിക്കു് എഴുന്നേൽക്കേണ്ടിവന്നവനെ നോക്കി സഹതാപത്തോടെ പുവർ ഫെലോഎന്നു പറയും.ഞാൻ ഒന്നു നിർത്തി. എന്നിട്ടു തുടർന്നു,

വായനാശീലം ഇല്ലേയില്ല. പത്രം പോലും വായിക്കുകയില്ല. അതുകാരണംതന്നെ ജനറൽ നോളജ് കമ്മി. കേരളത്തിന്റെ മുഖ്യമന്ത്രിയാരാണെന്നു ചോദിച്ചാൽ പറയുമോ എന്നു സംശയം.

ന്യൂ ജനറേഷന്റെ മറ്റൊരു പ്രത്യേകത ഞാൻ പറയാം,” ചന്ദ്രൻകുട്ടി ഒന്നു് ഉഷാറായി നിവർന്നിരുന്നു.

ഗോ എഹെഡ്,” ഞാൻ പ്രോത്സാഹിപ്പിച്ചു.

അവർ കൂട്ടുകാർക്കുവേണ്ടി എന്തും ചെയ്തുകളയും. ജീവൻ കൊടുക്കാനും മടിയ്ക്കില്ല. എന്നാൽ സ്വന്തം അച്ഛനും അമ്മയും ചാകാൻ കിടന്നാൽ തിരിഞ്ഞുനോക്കിയെന്നു വരില്ല. കൂട്ടുകാർ വിളിച്ചാൽ ഏതു് അർദ്ധരാത്രിയിലും എവിടെ വേണമെങ്കിലും പോവും. മാതാപിതാക്കൾ വിളിച്ചാൽ ചിലപ്പോൾ കേൾക്കാത്ത ഭാവം.

വളരെ ശരി.

ഒരു നടന്ന സംഭവം പറയാം. എന്റെ ഇളയ മകൻ കേരളത്തിനു പുറത്തു് പഠിക്കുകയാണെന്നു് അറിയാമല്ലോ. അവൻ അവധിക്കു് വീട്ടിലുണ്ടായിരുന്ന സമയം. അന്നു ഞാൻ വീട്ടിലുണ്ടായിരുന്നില്ല.  രാവിലെ ഒൻപതര മണി. അന്നു് മകൻ എന്തോ കാരണത്താൽ നേരത്തെ എഴുന്നേറ്റിരുന്നു് മൊബൈൽ ഫോണിൽ തേയ്ക്കുകയായിരുന്നു. മഴ പെയ്യാൻ തുടങ്ങി. എന്റെ ഭാര്യയ്ക്കു` ഓഫീസിൽ പോകാൻ സമയമായി. മഴയത്തു് ബസ് സ്റ്റോപ്പുവരെ നടന്നു പോവാൻ അവൾക്കു ബുദ്ധിമുട്ടുതോന്നി. കാർ അവിടെ കിടപ്പുണ്ടു്. എന്നാൽ ഓടിക്കാൻ അറിയില്ല. മകനോടു പറഞ്ഞു ഓഫീസിൽ ഒന്ന് കൊണ്ടാക്കാൻ. അമ്മയെ കൊണ്ടാക്കുന്നതൊന്നും ന്യൂ ജനറേഷനു ചേരാത്തതുകൊണ്ടായിരിക്കാം അവൻ മൈൻഡു ചെയ്തില്ല. മൊബൈൽ ഫോണിൽ തേയ്ക്കുന്നതു തുടർന്നു. എന്നിട്ടൊരു ചോദ്യം, ‘അമ്മയ്ക്കു ബസിൽ പോയാൽ എന്താ?’ അമ്മ അങ്ങനെതന്നെ ചെയ്തു.

കഷ്ടം,” എനിക്കു പറയാതിരിക്കാൻ കഴിഞ്ഞില്ല.

കഥ തീർന്നില്ല ചങ്ങായീ. ഒരു ആന്റി ക്ളൈമാക്സുകൂടി ഉണ്ട്. ഒരാഴ്ച കഴിഞ്ഞുള്ള ഒരു ദിവസം. അർദ്ധരാത്രിയൊക്കെ കഴിഞ്ഞു് മണി ഒന്നര. ഉറക്കത്തിനിടയ്ക്കു് ഒന്നു് ഉണർന്നുപോയ എന്റെ ഭാര്യ സ്വീകരണമുറിയിലെ ലൈറ്റ് ഓൺ ആണെന്നു മനസ്സിലാക്കി എന്താണെന്നറിയാൻ എഴുന്നേല്ക്കുന്നു. മകൻ ഉണർന്നിരിക്കുന്നതു കണ്ടു് ഈ ചെറുക്കനു് ഉറക്കവും ഇല്ലേ?’ എന്നു മനസ്സിൽ ചോദിച്ചുകൊണ്ടു് അവിടേയ്ക്കു ചെല്ലുന്നു.

എന്താടാ?’ എന്ന ചോദ്യത്തിനു് അവൻ പറഞ്ഞ മറുപടി,

എന്റെ ഒരു കൂട്ടുകാരൻ രണ്ടുമണിക്കത്തെ ട്രെയിനിനു വരുന്നു. ഞാൻ കാറുമായി ചെന്നു് അവനെ അവന്റെ വീട്ടിൽ കൊണ്ടുവിടാൻ പോവുകാ

എങ്ങനെയുണ്ട്?“ ചന്ദ്രൻകുട്ടി എന്നോടു ചോദിച്ചു, ”ഇതല്ലേ ന്യൂ ജനറേഷൻ?“

സ്വന്തം അമ്മയെ ഓഫീസിൽ കൊണ്ടുവിടാൻ തയ്യാറല്ലാത്തവൻ കൂട്ടുകാരനെ വീട്ടിൽ കൊണ്ടു വിടാനായി അർദ്ധരാത്രിയിൽ ഒരു മടിയും കൂടാതെ ഉറക്കമൊഴിച്ചു് ഇരിക്കുന്നു. എന്തരടേ ഇതിന്റെയൊക്കെ അർത്ഥം?“ ഞാൻ ധാർമ്മികരോഷം കൊണ്ടു.

ഇതാണു ന്യൂ ജനറേഷൻ. നമുക്കു മനസ്സിലാവില്ല.

അതു ശരിയാ, നമുക്കു മനസ്സിലാവില്ല. ഇതുതന്നെയായിരുന്നില്ലേ നമ്മുടെ ചെറുപ്പകാലത്തു് നമുക്കു് നമ്മുടെ കാർന്നോന്മാരെക്കുറിച്ചുണ്ടായിരുന്ന പരാതി? ചരിത്രം ആവർത്തിക്കുന്നു.
 
അതോ കൊടുത്താൽ കൊല്ലത്തും കിട്ടും എന്നാണോ പറയേണ്ടതു്?” ചന്ദ്രൻകുട്ടി സമൃദ്ധമായി ചിരിച്ചു.