Monday, April 10, 2017

ഇതന്താ ഇങ്ങനെ?



കുമാരേട്ടനെ  അറിയാമല്ലോ, അല്ലേ? തനി നാടൻ. അങ്ങേയറ്റം സാധാരണക്കാരൻ, അല്ലെങ്കിൽ ആം ആദ്മി (തെറ്റിദ്ധരിക്കല്ലേ പ്ളീസ്, അദ്ദേഹം കേജരിവാളിന്റെ അനുയായി അല്ല) എന്തായാലും കുമാരേട്ടൻ എങ്ങനെയുള്ള ആളാണെന്നു മനസ്സിലായല്ലോ? നിങ്ങളെയും എന്നെയും പോലെ തികച്ചും സാധാരണക്കാരൻ; കൂടാതെ നിഷ്ക്കളങ്കനും.

ഇന്നത്തെ ഈ ആധുനിക ലോകത്തിൽ, ലോകപുരോഗതി അതിന്റെ പാരമ്യത്തിൽ എത്തി നിൽക്കുന്ന ഈ അവസരത്തിൽ, ഈ ലോകത്തിന്റെ ഗതിവിഗതികൾ ശരിയായി മനസ്സിലാക്കാൻ സാധിക്കാതെ കണ്ണുതള്ളിപ്പോവുന്ന അല്ലെങ്കിൽ വാ പൊളിച്ചുപോകുന്ന അവസരങ്ങൾ മിക്കപ്പോഴും കുമാരേട്ടന്റെ ജീവിതത്തിൽ ഉണ്ടായിക്കൊണ്ടേ ഇരിക്കുന്നു. പൊരുളറിയാതെ വിഷമിച്ചുപോവുന്ന ഇത്തരം നിമിഷങ്ങളിൽ അദ്ദേഹം സ്വയം ചോദിച്ചുപോവുന്ന ഒരു ചോദ്യമാണു് - ഇതെന്താ ഇങ്ങനെ? ആരും ചോദിച്ചുപോകും ചങ്ങാതീ; ഞാനും നിങ്ങളും എല്ലാം.

ഫെബ്രുവരി ഒന്നാം തീയതി. കുമാരേട്ടൻ തന്റെ സുഹൃത്തു് തോമാച്ചന്റെ വരവും കാത്തു് സ്വന്തം വീട്ടിലിരിക്കുകയായിരുന്നു. രണ്ടുപേരും മുതിർന്ന പയ്യന്മാരും ആത്മാർത്ഥ സുഹൃത്തുക്കളും ആണേ. ജോലിയിൽനിന്നു വിരമിച്ചശേഷം പ്രത്യേകിച്ചു പണിയൊന്നുമില്ലാത്തതിനാൽ ദിവസവും ഇവർ രണ്ടുപേരും ചെസ് കളിയിൽ ഏർപ്പെട്ടു സമയം പാഴാക്കിക്കളയാറുണ്ടു്. കുമാരേട്ടന്റെ വീട്ടിന്റെ സിറ്റൗട്ടാണു് അവരുടെ കളിക്കളം (കുമാരേട്ടനുമായിട്ടുള്ള ചെസ് കളിയിൽ തോമാച്ചനും വലിയ താല്പര്യമാണു്. കാരണം വിജയം എപ്പോഴും തോമാച്ചനോടൊപ്പമായിരിക്കും!)

അന്നത്തെ ദിവസം സമയം കഴിഞ്ഞിട്ടും തോമാച്ചനെ കാണുന്നില്ല. ചെസ് കളിയോടു് അഡിൿഷനായിപ്പോയ കുമാരേട്ടനു് ആകപ്പാടെ ഒരു അസ്വസ്ഥത. മയക്കുമരുന്നിനു് അടിമയായവർക്കുണ്ടാവുന്നതുപോലെ ഒരു വിത്ഡ്രോവൽ സിൻഡ്രം! ഉടനെ മൊബൈൽ എടുത്തു വിളിയായി,

എടോ തോമാച്ചാ, താനെവിടാ?”

ഞാൻ ടി വി കാണുവാ. ഇന്നു ബജറ്റല്ലേ, ബജറ്റിൽ എന്തൊക്കെയുണ്ടെന്നു നോക്കണ്ടേ? അതുകൊണ്ട്‌ ഇന്നു കളി വേണ്ട.

പിന്നേ, കുഴീലോട്ടു കാലും നീട്ടിയിരിക്കുന്ന തനിക്കു് എന്തോന്നു ബജറ്റ്? ഉം, കണ്ടോ. അതു മുടക്കണ്ടാ. തനിക്കു തരാൻ ഉരുട്ടി വച്ചിരിക്കുവല്ലേ ബജറ്റിൽ!

കുമാരേട്ടൻ നിരാശയോടെ മൊബൈൽ മാറ്റിവച്ചു. അപ്പോൾ ഇന്നത്തെ കളി ഇല്ല. പിന്നെ എന്തു ചെയ്യും? ടി വി ഓൺ ചെയ്തു ബജറ്റു നോക്കിയാലോ? അങ്ങനെതന്നെ. ആ ഒണക്ക തോമാച്ചനു ബജറ്റു കാണാമെങ്കിൽ തനിക്കു് എന്തുകൊണ്ടു് ആയിക്കൂടാ? ബജറ്റ് ദിവസം ടി വിയുടെ മുൻപിലിരുന്നു് അതു കണ്ടില്ലെങ്കിൽ ചിലപ്പോൾ താൻ മറ്റുള്ളവരുടെ മുൻപിൽ മോശക്കാരനായെങ്കിലോ? റിസ്ക് എടുക്കേണ്ട, അല്ലേ?
ഉടൻ തോമാച്ചനെ വിളിക്കുകയായി,

എടോ, ഞാനും ടി വിയിൽ ബജറ്റു കാണുവാ. താൻ എന്തോ ചെയ്യുവാന്നറിയാൻ മുമ്പേ വെറുതേ വിളിച്ചതാ. പെട്ടെന്നു കട്ടായിപ്പോയി.

ഇനിയിപ്പോ ബജറ്റു കണ്ടില്ലെന്നപേരിൽ തോമാച്ചൻ തന്നെ പുച്ഛിക്കുകയില്ലല്ലോ.
ഈ ബജറ്റിനൊന്നും കുമാരേട്ടൻ ഇതുവരെ വലിയ പ്രാധാന്യമൊന്നും കൊടുത്തിട്ടില്ല. ബജറ്റൊക്കെ വർഷാവർഷം വരും, പോവും. ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമൊന്നുമല്ല എന്നാണു് അദ്ദേഹത്തിന്റെ അഭിപ്രായം. ഒരു ബജറ്റു വന്നതുകാരണം ഇതുവരെ കഞ്ഞികുടി മുട്ടിയിട്ടുമില്ല. എന്നാലും ടി വി ഓൺ ചെയ്തു ബജറ്റ് ഒന്നു കണ്ടേക്കാം. ഒന്നും മനസ്സിലാവത്തില്ലാരിക്കും. എന്നാലും മോശക്കാരനാവരുതല്ലോ, അല്ലേ?

എന്തൊക്കെയോ സാധനങ്ങൾക്കു വില കൂടുമെന്നും, വേറെ ചിലതിനു വിലകുറയുമെന്നുമൊക്കെ ടി വിയിൽ ബജറ്റു വിശകലനക്കാർ പറയുന്നു. ആദായനികുതി പരിധി ഉയർത്തിയിട്ടില്ലെന്നും അങ്ങനെയൊക്കെ ഒരുപാടൊരുപാടു കാര്യങ്ങൾ ഒറ്റശ്വാസത്തിൽ പറയാൻ ഒരുത്തൻ വിഷമിക്കുന്നതു കാണാം. ഇതിനൊക്കെ തനിക്കെന്തുവേണം എന്നു സ്വയം ചോദിക്കുകയായിരുന്നു കുമാരേട്ടൻ. അപ്പോഴാണു് ബജറ്റിനെപ്പറ്റി പ്രധാൻമന്ത്രിജി അഭിപ്രായം പറയുന്നതു കാണിച്ചതു്. ഇതു നല്ല ഒന്നാംതരം ബജറ്റാണെന്നാണു് അദ്ദേഹം പറയുന്നതു്. കുമാരേട്ടനു് ആശ്വാസമായി. അപ്പോ ഇതൊരു നല്ല ബജറ്റാണല്ലേ? തനിക്കു് അത്രയെങ്കിലും മനസ്സിലാക്കാൻ സാധിച്ചല്ലോ എന്നു് ആശ്വസിക്കാൻ തുടങ്ങുകയായിരുന്നു അദ്ദേഹം. അപ്പോഴതാ രാഹുൽജി പ്രത്യക്ഷപ്പെടുന്നു. ഒന്നിനും കൊള്ളാത്ത ഒരു ബജറ്റാണിതെന്നും, കൂടാതെ ഇതൊരു നനഞ്ഞ പടക്കമാണെന്നുംകൂടി പറഞ്ഞു കഴിഞ്ഞപ്പോഴാണു് അദ്ദേഹത്തിന്റെ അരിശം തീർന്നതു്.

കുമാരേട്ടൻ വാ പൊളിച്ചുപോയി. ശ്ശെടാ, ആകെ കൺഫ്യൂഷനായല്ലോ. ആരു പറയുന്നതു വിശ്വസിക്കും? ബജറ്റിനെക്കുറിച്ചു് താൻ എങ്ങനെയാണു് ഒരു അഭിപ്രായം രൂപീകരിക്കുന്നതു്? ഒരേ കാര്യത്തെക്കുറിച്ചു് രണ്ടു വിശിഷ്ടവ്യക്തികൾ ഇങ്ങനെ പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞാൽ വെറുമൊരു ആം ആദ്മിയായ താൻ എന്തു ചെയ്യും? ആരെ വിശ്വസിക്കും? ആരെ തള്ളും? കണ്മുൻപിലാകെ പുകമഞ്ഞു നിറയുന്നതുപോലെ. ഇനിയിപ്പം ആരോടു ചോദിച്ചാൽ സത്യമറിയാൻ പറ്റുമാവോ?

അല്ലെങ്കിൽത്തന്നെ നമ്മുടെ രാജ്യത്തെ ജനാധിപത്യത്തെക്കുറിച്ചു് ആം ആദ്മിയുടെ പ്രതിനിധിയായ കുമാരേട്ടനു് എന്നും പരാതി മാത്രമേ ഉള്ളു. ഒരു കൂട്ടർ ഭരിക്കും. എതിർ കക്ഷികൾ അവരെ ഭരിക്കാൻ സമ്മതിക്കാതിരിക്കാൻ പരമാവധി ശ്രമിക്കും. ഭരണകർത്താക്കൾ എന്തു പരിപാടി നടപ്പാക്കാൻ ശ്രമിച്ചാലും അതിനെ ഗുണദോഷവിചാരം കൂടാതെ എതിർക്കുന്ന പ്രതിപക്ഷം. ഈ രാജ്യം നന്നാവണമെന്നു് ആർക്കാണു താത്പര്യം? എല്ലെങ്കിൽ ആർക്കെങ്കിലും താൽപര്യമുണ്ടോ? ആ! ഇതെന്താ ഇങ്ങനെ?

പല കാര്യങ്ങളിലും വ്യക്തത വരുത്തുവാനും തന്നെപ്പോലെയുള്ള ആം ആദ്മിമാരുടെ സംശയം ദൂരീകരിക്കാനും പത്ര, ദൃശ്യ മാദ്ധ്യമങ്ങൾക്കു നിഷ്-പ്രയാസം സാധിക്കാവുന്നതേന്നതേ ഉള്ളു. പക്ഷെ, അവർ അതു ചെയ്യില്ല, പ്രത്യേകിച്ചും ടി വി പോലുള്ള ദൃശ്യ മാദ്ധ്യമങ്ങൾ. ചർച്ചകളും, വാൿപോരുകളും, അടികലശലും അങ്ങനെയങ്ങനെയായി കുറെദിവസത്തെ സമയം നിറയ്ക്കുവാനുള്ള ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നതിൽ മാത്രമേ ചാനലുകൾക്കു താല്പര്യം ഉള്ളു. രംഗം കൊഴുപ്പിക്കാൻ ചില സ്ഥിരം ചാനൽ ചർച്ചാ തൊഴിലാളികളും. ഈയിടെയായി ചാനൽ ചർച്ചകൾ കാണുമ്പോൾ കുമാരേട്ടനു് ഛർദ്ദിക്കാൻ തോന്നും. ഉടനെ അദ്ദേഹം ടി വി ഓഫാക്കും, അല്ലെങ്കിൽ ചാനൽ മാറ്റും.

ഈയിടെ നടപ്പാക്കിയ നോട്ടു നിരോധനം; അതിന്റെ ഗുണദോഷവശങ്ങളെക്കുറിച്ചു് ഇപ്പോഴും കുമാരേട്ടൻ വ്യക്തമായ ഒരു ധാരണയിൽ എത്തിയിട്ടില്ല. നോട്ടു നിരോധനത്തിന്റെ ആദ്യനാളുകളിൽ ജനത്തിനു് വളരെ വലിയ ബുദ്ധിമുട്ടുണ്ടായി. ആ ദിവസങ്ങളിൽ ജനം ഒരു കലാപത്തിലേക്കു നീങ്ങുമോ എന്നുപോലും കുമാരേട്ടൻ ഭയപ്പെട്ടു. അങ്ങനെയൊരു അവസ്ഥ സൃഷ്ടിക്കാൻ ശ്രമിക്കുന്നതുപോലെയാണു മാദ്ധ്യമങ്ങൾ അന്നു് പെരുമാറിയതു്. എന്നാൽ ഈ രാജ്യത്തെ ജനങ്ങൾ അസാമാന്യമായ ക്ഷമയും സമചിത്തതയും പ്രകടിപ്പിച്ചു. ആ ബുദ്ധിമുട്ടും ഏതാണ്ടു തരണം ചെയ്തു. അതാണു നാം, സാധാരണ ജനം; കുമാരേട്ടൻ അഭിമാനം കൊണ്ടു. എല്ലാം വെടക്കാക്കാൻ ശ്രമിക്കുക എന്നതാണോ മദ്ധ്യമധർമ്മം എന്നു് രോഷം കൊള്ളുകയും ചെയ്തു. കൂടാതെ ആ സ്ഥിരം ചോദ്യം സ്വയം ചോദിക്കുകയും ചെയ്തു - ഇതെന്താ ഇങ്ങനെ?

നാം പ്രതീക്ഷയോടെ തെരഞ്ഞെടുത്തു് പാർലമെന്റിലേയ്ക്കയച്ച ജനപ്രതിനിധികൾ അവിടെ എന്താണു ചെയ്യുന്നതു്? തടസ്സം കൂടാതെ എത്ര ദിവസം സഭ സമ്മേളിച്ചു? ഒരു ഒറ്റ ദിവസം പോലും സമ്മേളിക്കാനാവാതെ ഒരു സീസൺ മുഴുവൻ നഷ്ടപ്പെട്ടതിനു് ആരാണു് ഉത്തരവാദി? എത്ര ലക്ഷം, അല്ലെങ്കിൽ കോടി രൂപയാണു് അതിനാൽ നഷ്ടപ്പെട്ടതു്?............ ഇതെന്താ ഇങ്ങനെ? കുമാരേട്ടൻ എങ്ങനെ സ്വയം ചോദിക്കാതിരിക്കും?

ഒരു വൻ സാമ്പത്തിക തട്ടിപ്പു് അരങ്ങേറുന്നു. പത്രങ്ങളിൽ അതിനെക്കുറിച്ചു് വാർത്തകൾ നിറയുന്നു. തട്ടിപ്പുകാരന്റെ ഫോട്ടോയും മറ്റുവിവരങ്ങളും കൊടുത്തിട്ടുണ്ടു്. തട്ടിപ്പു നടത്തിയ ആൾ ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ ഒരു മുൻ നിര നേതാവിന്റെ അടുത്ത ആൾ ആണെന്നു പത്രത്തിൽ വാർത്ത വായിക്കുന്നു കുമാരേട്ടൻ. ഏതാണാവോ ഈ പ്രമുഖ രാഷ്ട്രീയ കക്ഷി? അതിന്റെ ഈ മുൻ നിര നേതാവു് ആരാണോ? പത്രത്തിൽ മുങ്ങിത്തപ്പിയാലും ആ വിവരം കിട്ടില്ല. അതു തമസ്കരിച്ചിരിക്കുന്നു. ഇതുപോലെ പത്രത്തിൽ വരുന്ന കടംകഥകൾ വായിക്കാനാണോ നമ്മൾ കാശുകൊടുത്തു പത്രം വാങ്ങിക്കുന്നതു്? ഇതിന്റെയൊക്കെ ഉത്തരം നമ്മൾ നേരിട്ടു് അന്വേഷിച്ചു കണ്ടുപിടിക്കണമെന്നാണോ? ഇതെന്താ ചങ്ങാതീ ഇങ്ങനെ? ആ ....... കുമാരേട്ടൻ വാ പൊളിച്ചുപോയി!   

ഒരു ദിവസം കുമാരേട്ടൻ പത്രത്തിൽ ഒരു ചെറിയ തലക്കെട്ടു വായിക്കുന്നു - ടൗണിലെ ഹോട്ടലുകളിൽ പരിശോധന; പഴകിയ ആഹാരസാധനങ്ങൾ പിടിച്ചെടുത്തു. ങാഹാ, അങ്ങനെയെങ്കിൽ ആ ഹോട്ടലുകളിൽ ഇനി കയറണ്ടാ എന്നു വച്ചേക്കാം എന്നു കരുതി കുമാരേട്ടൻ തുടർന്നു വായിക്കുന്നു. കഷ്ടം, ഹോട്ടലുകളുടെ പേരുകൾ കൊടുത്തിട്ടില്ല. മുൻപൊരിക്കൽ ഇതുപോലെ വാർത്ത വന്നപ്പോൾ പേരു വിവരവും കൊടുത്തിരുന്നു. എന്നാൽ ഇത്തവണ ആ ഭാഗം തമസ്കരിച്ചിരിക്കുന്നു. ഇതെന്താ ഇങ്ങനെ? നേരറിയാൻ പൊതുജനത്തിനു് എന്താണു മാർഗ്ഗം ചങ്ങാതീ?

നഗരത്തിലെ പ്രസിദ്ധമായ ആശുപത്രിയിൽ ശസ്ത്രക്രിയയെത്തുടർന്നു് രോഗി മരിച്ചു. ഏതാണാ പ്രസിദ്ധമായ ആശുപത്രി? കുമാരേട്ടൻ പത്രവാർത്തയിൽ മുങ്ങിത്തപ്പി. പക്ഷേ, ആ പേരുമാത്രം കാണുന്നില്ല; എന്തു ചെയ്യും ചങ്ങാതീ? ഇനിയിപ്പൊ വേറൊരു പത്രം നോക്കിയാൽ അതിൽ കാണുമോ ആവോ!

ഇതൊക്കെയാണെങ്കിലും പത്രവായന കുമാരേട്ടനു് ഏറ്റവും ഇഷ്ടപ്പെട്ട പ്രവൃത്തികളിൽ ഒന്നാണു്. അതു് എന്നും അങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും. എന്നാൽ പത്രക്കാർ ഒരു സധാരണ വായനക്കാരന്റെ വികാരം മനസ്സിലാക്കുന്നുണ്ടോ? സംശയമാണു്.

ഈയിടെ കണ്ട ഒരു പത്രക്കുറിപ്പുകണ്ടു് ചിരിച്ചുചിരിച്ചു് മണ്ണുകപ്പിപ്പോയ ഒരു കാര്യവും കൂടി ചേർത്തശേഷം ഈ കുറിപ്പു് അവസാനിപ്പിച്ചേക്കാൻ കുമാരേട്ടൻ നിർദ്ദേശിച്ചിരിക്കുന്നു.

പത്രക്കുറിപ്പു് നമ്മുടെ വാട്ടർ അതോറിറ്റിയുടെ വകയാണു്. അതായതു് നമ്മുടെ വീട്ടിലെ, വാട്ടർ അതോറിറ്റി ലൈനുമായി ബന്ധിപ്പിച്ചിരിക്കുന്ന പൈപ് ലൈനിൽ ലീക്കുണ്ടായി വെള്ളം നഷ്ടപ്പെട്ടാൽ ആ വീട്ടുകാരനെ ശിക്ഷിക്കും എന്നാണു് ആ അറിയിപ്പിൽ പറയുന്നതു്. അതു വായിച്ചതും കുമാരേട്ടൻ ചിരിയടക്കാൻ സാധിക്കാതെ ഒരു അഞ്ചു മിനിട്ടോളം ആർത്തു ചിരിച്ചുപോയി. നമ്മുടെ റോഡുകൾ നീളെ മാസങ്ങളോളം പൈപ്പു പൊട്ടിക്കിടന്നു് ലക്ഷകണക്കിനു ലിറ്റർ വെള്ളം പാഴായിപ്പോകുന്നതിനു ശിക്ഷയൊന്നും ഇല്ലായിരിക്കും! ചിരിക്കാതെ എന്തു ചെയ്യും എന്റെ പൊന്നു ചങ്ങാതീ? കുമാരേട്ടൻ മാത്രമല്ല, ഞാനും ചിരിച്ചു ചിരിച്ചു മണ്ണു കപ്പി! അതിനുശേഷം കുമാരേട്ടനെപ്പോലെ ഞാനും അറിയാതെ ചോദിച്ചുപോയി - ചങ്ങാതീ, ഇതെന്താ ഇങ്ങനെ?