ജ്യോതിഷവും അന്ധ വിശ്വാസങ്ങളും നമുക്കു വേണമോ ?
ഈ അടുത്ത കാലത്ത്, മലയാളിയായ ഒരു ജ്യോതിഷി,ഒരു മലയാള പത്രത്തിലെ വാര്‍ത്തയിലൂടെ വന്‍ പ്രസിദ്ധി നേടുകയുണ്ടായി.ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് ഒരു പ്രത്യേക രാഷ്ട്രീയ നേതാവ് മുഖ്യമന്ത്രിയാകും എന്ന് അദ്ദേഹം പ്രവചിച്ചിരുന്നുവത്രേ.മറ്റു ജ്യോതിഷികളെല്ലാം നേരേ മറിച്ചായിരുന്നു പ്രവചിച്ചിരുന്നത്.ഏതായാലും വിധി,ആ നേതാവിനു് അനുകൂലമായിരുന്നു.അദ്ദേഹത്തിനു മുഖ്യ മന്ത്രിയാകാന്‍ അവസരം വന്നു.അതു പ്രവചിച്ചിരുന്ന ജ്യോതിഷി ലോക പ്രശസ്തനാവുകയും ചെയ്തു.പക്ഷേ,ആന്റി ക്ലൈമാക്സ് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.ജ്യോതിഷിയുടെ പ്രവചന മികവില്‍ മതിപ്പു തോന്നിയ നേതാവ്, പ്രസ്തുത ജ്യോതിഷിയെക്കൊണ്ടു തന്നെ സത്യ പ്രതിജ്ഞയ്ക്കുള്ള മുഹൂര്‍ത്തം കുറിപ്പിച്ചു.അവിടെ ജ്യോതിഷിക്കു തെറ്റി.ശുഭ മുഹൂര്‍ത്തം എന്നു കരുതിയ സമയത്തു സത്യ പ്രതിജ്ഞ ചെയ്ത അദ്ദേഹത്തിനു് ഉടന്‍ തന്നെ സ്ഥാനം ഒഴിയേണ്ടി വന്നു.അദ്ദേഹത്തിന്റെ പാലം വലിച്ച നേതാവും ജ്യോതിഷികളുടെ നിര്‍ദ്ദേശമനുസരിച്ചാണു് അതു ചെയ്തതു പോലും.കാരണം,അദ്ദേഹത്തെ മുഖ്യമന്ത്രിയായിരിക്കാന്‍ അനുവദിച്ചാല്‍ ഈ പാലം വലിച്ച നേതാവിനു അധോഗതി മാത്രമേ ഉണ്ടാവുകയുള്ളൂ എന്നു ജ്യോതിഷികള്‍ മുന്നറിയിപ്പു കൊടുത്തുവത്രേ.എങ്ങനെയുണ്ട് ?.ഇവിടെ ആരാണു കാര്യങ്ങള്‍ തീരുമാനിക്കുന്നത് ?.ജ്യോത്സ്യന്മാര്‍.അല്ലേ?
രാഷ്ട്രീയക്കാര്‍,സിനിമാ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ പണ്ടു മുതലേ അന്ധവിശ്വാസികളും ജ്യോത്സ്യന്മാരുടെ അടിമകളും എന്നനിലയില്‍ അറിയപ്പെട്ടിരുന്നു.എന്നാല്‍ ഇപ്പോള്‍ അന്ധവിശ്വാസം,ജ്യോത്സ്യന്മാരോടുള്ള അടിമത്തം എന്നിവ എല്ലാ വിഭാഗം ആളുകള്‍ക്കിടയിലും വ്യാപകമായിരിക്കുകയാണു്.അത്ഭുതപ്പെടുത്തുന്ന ഒരു വസ്തുത,വിദ്യാസമ്പന്നരിലും,പ്രത്യേകിച്ചു ചെറുപ്പക്കാരുടെ ഇടയിലും ജ്യോതിഷത്തിലുള്ള അമിത വിശ്വാസം ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നു എന്നതാണു്.മുന്‍ തലമുറയിലെ ചെറുപ്പക്കാര്‍, അന്ധവിശ്വാസങ്ങളെയും ജ്യോതിഷത്തെയും എതിര്‍ക്കുന്നത് തങ്ങളുടെ പുരോഗമന മനോഭാവം വെളിപ്പെടുത്തുന്നതായി കരുതിയിരുന്നു.എന്നാല്‍ ഇപ്പോള്‍ ചെറുപ്പക്കാരു പോലും അന്ധവിശ്വാസങ്ങളേയും ജ്യോതിഷത്തേയും മറ്റും എതിര്‍ക്കുന്നത് തങ്ങള്‍ക്ക് ദുരന്തം വരുത്തും എന്നു കരുതുന്നു.എന്തിനും ഏതിനും ജ്യോത്സ്യന്മാരുടെ പിറകെ പോകുന്നു.എന്തും ജ്യോത്സ്യന്റെ അഭിപ്രായം അനുസരിച്ചു മാത്രം ചെയ്യുന്നു.
ഈ അരക്ഷിതാവസ്ഥ ജ്യോത്സ്യന്മാര്‍ ശരിക്കു മുതലെടുക്കുന്നു.അവര്‍ക്കിന്നു കൊയ്ത്തു കാലമാണു്.സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍,സ്കൂള്‍-കോളജ് അദ്ധ്യാപകര്‍ എന്നിവര്‍ പലരും ഇതിന്റെ സാദ്ധ്യത മനസ്സിലാക്കി,റിട്ടയര്‍മെന്റിനു ശേഷം ജ്യോത്സ്യന്മാരുടെ വേഷത്തില്‍ അവതരിക്കുന്നു.പണം വാരുന്നു.
വിവാഹത്തിനു വേണ്ടിയുള്ള ജാതകപ്പൊരുത്തം നോക്കുന്നത് ഹിന്ദുക്കള്‍ക്കിടയില്‍ വന്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു കോണ്ടിരിക്കുകയാണു്.പണ്ട് ഇതു ലഘുവായ ഒരു നോട്ടം മാത്രമേ ഉണ്ടായിരുന്നുള്ളു.എന്നാല്‍ ഇപ്പോള്‍ ജ്യോത്സ്യന്മാര്‍ വിവാഹം ഒരു തരത്തിലും നടത്തിക്കരുത് എന്നുള്ള ഒരു നെഗറ്റീവ് മനോഭാവത്തോടെ എന്തെങ്കിലുമൊക്കെ പറഞ്ഞ് ജാതക ചേര്‍ച്ച ഇല്ലെന്നു സ്ഥാപിക്കുന്നു.ചൊവ്വാ ദോഷം എന്നു പറഞ്ഞ് എത്ര പെണ്‍ പിള്ളേരുടെ കല്ല്യാണം മുടക്കി ഈ നരാധമന്മാര്‍ അവരെ കണ്ണുനീരിന്റെയും നിരാശയുടെയും പടുകുഴിയിലേക്കു തള്ളിയിട്ടിരിക്കുന്നു.ഇവരൊക്കെ പൊരുത്തമുണ്ടെന്നു പറഞ്ഞിട്ടു നടത്തിയ എത്രയോ വിവാഹങ്ങള്‍ തകര്‍ന്നത് നമ്മള്‍ കണ്ടിട്ടുണ്ട്.പൊരുത്തം ഉറപ്പാക്കി കല്യാണം നടത്തിയവയില്‍ ഭാര്യയോ ഭര്‍ത്താവോ അല്ലെങ്കില്‍ രണ്ടു പേരുമോ മരിച്ച എത്രയോ സംഭവങ്ങള്‍.അതേ പോലെ പൊരുത്തം നൊക്കാതെ നടത്തി വിജയിച്ച കല്യാണങ്ങള്‍.പക്ഷേ,ഇതൊക്കെ ചൂണ്ടിക്കാണിച്ചാല്‍ ജ്യോത്സ്യന്മാര്‍ സമ്മതിക്കുമോ ?.എവിടെ!......അപ്പോള്‍ അവര്‍ നൂറു ന്യായം പറയും - ജാതകപ്പൊരുത്തത്തിന്റെയല്ല വേറെന്തോ ദോഷം കൊണ്ടാണു് അതു സംഭവിക്കുന്നത് എന്ന ഒരു ന്യായം !.പ്രേമ വിവാഹം വിജയിച്ചാല്‍ അതിനു് ഒരു മുന്‍ കൂര്‍ ജാമ്യമെന്നോണം അവര്‍ പറയുന്ന ഒരു ന്യായമുണ്ട് - ജാതകപ്പൊരുത്തത്തിനേക്കാളുമുപരിയായുള്ളത് മനപ്പൊരുത്തമാണെന്ന്.എങ്ങനെയുണ്ട് ബുദ്ധി ?.നമ്മള്‍ തോറ്റു തൊപ്പിയിട്ടില്ലേ ?
ഇവര്‍ നടത്തുന്ന പ്രവചനങ്ങള്‍ നൂറില്‍ തൊണ്ണൂറെണ്ണവും തെറ്റിയാലും ആരും അത് അത്ര കണക്കാക്കാറില്ല.പൊട്ടക്കണ്ണന്റെ മാവേലേറു പോലെ ചുരുക്കം ചിലതു ശരിയായെന്നിരിക്കും.അതിനു വലിയ പ്രസിദ്ധിയും കിട്ടും.പത്രങ്ങളും മറ്റു മാദ്ധ്യമങ്ങളും അതു കൊട്ടി ഘോഷിക്കും. ഇതാണു് ഇവരുടെ വിജയം.
ബന്ധുക്കളുടെയും സ്നേഹിതരുടെയും ഇടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ജ്യോത്സ്യന്മാര്‍ കാരണമാവാറുണ്ട്.ഒരാള്‍,തന്റെ മകളുടെ കല്യാണം നടക്കാന്‍ താമസിക്കുന്നതിന്റെ കാരണം അറിയാന്‍ ജ്യോത്സ്യനെ സമീപിച്ചു.(കല്യാണം നടക്കാത്തതിന്റെ യഥാര്‍ത്ഥ കാരണം ജ്യോത്സ്യന്‍ തന്നെ ആയിരുന്നു.ചൊവ്വാ ദോഷത്തിന്റെ പേരു പറഞ്ഞ് എല്ലാം മുടക്കുന്നത് അയാള്‍ തന്നെ).ജ്യോത്സ്യന്‍ പറഞ്ഞു,
"നിങ്ങളുടെ ഒരു അടുത്ത ബന്ധു.ഇപ്പോള്‍ അടുപ്പം സ്വല്‍പം കുറവാണു്.അയാളുടെ ചില ക്ഷുദ്ര പ്രവര്‍ത്തനങ്ങള്‍ മൂലമാണു് കല്യാണം താമസിക്കുന്നത്".
പെട്ടെന്നു തന്നെ അയാള്‍ക്ക് തന്റെ ഒരു ബന്ധുവിനെക്കുറിച്ച് സംശയം തോന്നി.
"ശരിയാ ജ്യോത്സ്യരേ,എനിക്ക് ആളിനെ പിടികിട്ടി.അവന്‍ ഇത്തരക്കാരനാണെന്നു കരുതിയില്ല.അവനെ ഒരു സംശയമുണ്ടായിരുന്നു.ജ്യോത്സ്യര്‍ പറഞ്ഞപ്പോള്‍ ഉറപ്പായി.ഇനി ഞാന്‍ എന്താണു ചെയ്യേണ്ടത് ?.അതും കൂടെ പറഞ്ഞു തരണം"
അതിനല്ലേ ജ്യോത്സ്യര്‍ ഇരിക്കുന്നത്.എന്തിനും പരിഹാരം അദ്ദേഹത്തിന്റെ കയ്യില്‍ ഉണ്ടല്ലോ.പരിഹാര ക്രിയകളെല്ലാം ജ്യോത്സ്യന്‍ പറഞ്ഞതു പോലെ ചെയ്തു.പക്ഷെ കല്യാണം ഉടനെയൊന്നും നടന്നില്ല.അടുത്ത ബന്ധു ആജന്മ ശത്രു ആവുകയും ചെയ്തു.
ഒരു വീട്ടില്‍ ഒരു ചെറിയ മോഷണം നടന്നു.ഉടന്‍ ഗൃഹനാഥന്‍ ഓടി ജ്യോത്സ്യനെ കാണാന്‍!.കള്ളനെ കണ്ടു പിടിക്കുന്ന വിദഗ്ദ്ധനല്ലേ ജ്യോത്സ്യന്‍?.അദ്ദേഹം പുഷ്പം പോലെ കള്ളനെ കണ്ടു പിടിച്ചു കൊടുത്തു.പക്ഷെ,അങ്ങനെ നേരേ ചൊവ്വേ പറഞ്ഞു കൊടുക്കാന്‍ പറ്റുമോ ?.വളരെ അവ്യക്തമായ ചില സൂചനകള്‍ കൊടുത്തു.സൂചനകള്‍ വച്ചു ചിന്തിച്ച ഗൃഹനാഥനു്, പതിവായി വീട്ടില്‍ വരുന്ന ഒന്നുരണ്ടു പേരെ സംശയം തോന്നി.ബന്ധങ്ങളും സൗഹൃദങ്ങളും വഷളായെന്നു പ്രത്യേകം പറയേണ്ടല്ലോ.ഇങ്ങനെയുള്ള ജ്യോത്സ്യന്മാരെ എല്ലാ പോലീസ് സ്റ്റേഷനിലും നിയമിച്ചിരുന്നെങ്കില്‍ പോലീസുകാരുടെ പണി എളുപ്പമായേനേ!.സര്‍ക്കാരിനു് ആ ബുദ്ധി തോന്നാത്തത് കള്ളന്മാരുടെ നല്ല കാലം!.
പിന്നെ,അന്ധവിശ്വാസം പ്രചരിപ്പിക്കുന്നത് ചിലരുടെ ബിസിനസ്സ് വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടിയാവാറുണ്ട് ചിലപ്പോള്‍.ഉദാഹരണമായി,അക്ഷയ തൃതീയ എന്നു കേട്ടിട്ടുണ്ടോ?."അതു കേള്‍ക്കാത്തതാരാണു്,സ്വര്‍ണ്ണം വാങ്ങാന്‍ പറ്റിയ ദിവസമല്ലേ ?".എന്നു നിങ്ങള്‍ പറയും.എന്നാല്‍ ഒരു മൂന്നു നാലു വര്‍ഷം മുന്‍പ് ഇങ്ങനെയൊരു ദിവസത്തെ കുറിച്ച് നമ്മുടെ നാട്ടില്‍ ആരും കേട്ടിരുന്നില്ല.സ്വര്‍ണ്ണക്കടക്കാര്‍ ജ്യോത്സ്യന്മാരുടെ പിന്തുണയോടെ വന്‍ പ്രചാരണം നടത്തി,അക്ഷയ തൃതീയ ദിവസം സ്വര്‍ണ്ണം വാങ്ങുന്നത് ഒരു വര്‍ഷം മുഴുവന്‍ ഐശ്വര്യം നല്‍കുമെന്ന് !.ഇങ്ങനെയുള്ളതെന്തും വെട്ടി വിഴുങ്ങുന്ന മലയാളി ഇതും ഒരു നുള്ള് ഉപ്പുപോലും ചേര്‍ക്കാതെ വിഴുങ്ങി.ഫലമോ,സ്വര്‍ണ്ണക്കടകളില്‍ ആ ദിവസം റെക്കോര്‍ഡ് വില്‍പ്പന !.
എന്തെല്ലാം യന്ത്രങ്ങളും ഏലസ്സുകളും ആണു് ഈ ജ്യോത്സ്യന്മാരും മന്ത്രവാദികളും തയ്യാറാക്കി വില്‍പ്പനയ്ക്കു വച്ചിരിക്കുന്നത്.പലവിധ കാര്യങ്ങള്‍ മെയ്യനങ്ങാതെ നേടാന്‍ നമ്മെ സഹായിക്കുന്നവയാണു് അവ.പത്രപ്പരസ്യങ്ങളില്‍ കാണുന്നവയില്‍ ചിലതാണു് ഇവ -
ധന ആകര്‍ഷണ ഭൈരവ യന്ത്രം
സ്വയംവര യന്ത്രം
ശത്രു സംഹാര യന്ത്രം
കാമദേവാകര്‍ഷണ ഏലസ്സ്
പുതിയ ഒരെണ്ണം,അമ്മായി അമ്മപ്പോരനുഭവിക്കുന്ന മരുമകളുടെ ആശ്വാസത്തിനായി അണിയറയില്‍ തയ്യാറാക്കാപ്പെടുന്നുണ്ടെന്നും അറിയുന്നു - അമ്മായിയമ്മാ ഘാതക ഭീകര യന്ത്രം !
ആറിവും വിദ്യാഭ്യാസവും കൂടുമ്പോള്‍ നമ്മുടെ മനസ്സില്‍ പുരോഗമന ചിന്താ ഗതിയാണു് ഉണ്ടാകേണ്ടത്.എന്നാല്‍ നമ്മുടെ മനസ്സ് നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള അന്ധകാരത്തിലേയ്ക്കു കൂപ്പു കുത്തിയിരിക്കുന്നു.ഉള്ളിലെ അരക്ഷിതാവസ്ഥ നമ്മെ അന്ധവിശ്വാസത്തിന്റെയും ജ്യോത്സ്യം എന്ന കള്ളത്തരത്തിന്റെയും അടിമകളാക്കിയിരിക്കുന്നു.ഇതില്‍ നിന്ന് ഒരു മോചനം ? ഏയ്, ഒരിക്കലും ഉണ്ടാവില്ല.
ദൈവ വിശ്വാസം വേണം.അന്ധ വിശ്വാസങ്ങളേയും ജ്യോതിഷമെന്ന കള്ളത്തരത്തേയും തള്ളിക്കളഞ്ഞാല്‍ മാത്രമേ ഈ സമൂഹം രക്ഷ പെടുകയുള്ളു.
.........................................................................
അനുബന്ധം -
പപ്പനാവന്‍ - "അണ്ണാ, ക്വാവി അണ്ണാ.ദേ, ഒരുത്തന്‍ ജ്യോത്സ്യന്മാ രെയൊക്കെ പള്ളു പറഞ്ഞോണ്ട് എന്തരൊക്കെയോ എഴുതി വച്ചിരിക്കുന്നു.കല്യാണത്തിനു ജാതകം നോക്കണ്ടാന്ന്.അതൊള്ളതു തന്നേ,അണ്ണാ?".
കോവി അണ്ണന്‍ - "അതു പോഴത്തമല്ലേഡേ.ജാതകം നോക്കുന്നതു കൊണ്ടു നേട്ടങ്ങളുണ്ടെഡേ പപ്പനാവാ"
പപ്പനാവന്‍ - "ഒന്നു തെളിച്ചു പറയണ്ണാ.നമ്മക്ക് നേട്ടങ്ങളെന്തരു്. ജ്യോത്സ്യന്മാര്‍ക്കുതന്നെയല്ലേ നേട്ടങ്ങളു് ?"
കോവിയണ്ണന്‍ - "ഡേയ്,നീ ഞാന്‍ പറയുന്നതു കേളു്.എന്റെ മോളു് പങ്കജാക്ഷിക്കു കല്യാണമാലോചിക്കുന്ന നേരം.നമ്മടെ കൂട്ടുകാരനില്ലേ മീശ വാസു.അവെ ന്‍ ഒരു ദിവസം എന്റൂടെ പറയുകാ അവന്റെ മോനെ എന്റെ മോക്കു വേണ്ടി ആലോചിച്ചാലോ എന്ന്.അവന്റെ മോനെ നിനക്കറിയൂല്ലേഡേ ?. തൊട്ടിത്തരോം കാട്ടിക്കോണ്ടു നടക്കുന്ന ഒരു പയലു്.വീട്ടിക്കേറ്റാങ്കൊള്ളാത്ത ആ തെണ്ടിക്ക് എന്റെ മോളെ കൊടുക്കനോ ?എന്നാലാ വാസൂനെ ഒട്ടു പെണക്കാനും വയ്യ.ഞാന്‍ എന്തരു ചെയ്തെന്നറിയാമോഡേ,പപ്പനാവാ?
പപ്പനാവന്‍ - "അണ്ണന്‍ പറയണമണ്ണാ"കോവി അണ്ണന്‍ - "ഞാന്‍ അവന്റൂടെ പറഞ്ഞു,അവന്റെ മോന്റെ ജാതകങ്ങളു തരാന്‍.പൊരുത്തങ്ങളു് നോക്കണ്ടേഡേ?. അവന്റെ മോന്റെ ജാതകം ഞാന്‍ രണ്ടു ദെവസം ചുമ്മാ കയ്യി വെച്ചോണ്ടിരുന്നിട്ട് ചേരൂല്ലെന്നു പറഞ്ഞു തിരിച്ചു കൊടുത്തെഡേ. എങ്ങനെയുണ്ടെഡേ ഞാന്‍ കണ്ടു പിടിച്ച പുത്തി?"
പപ്പനാവന്‍ - "അണ്ണന്‍ കണ്ടു പിടിച്ച പുത്തിയെന്നു പറഞ്ഞ് ചുമ്മാ ഞെളിയാതെ ക്വാവിയണ്ണാ.ഇതിപ്പം പലരും ചെയ്യുന്ന കാര്യമല്ല്യോ.അണ്ണന്റെ പുത്തി പോലും!".
...........................