Wednesday, October 24, 2007

ഹരിശ്രീ

ഞാന്‍ ഇവിടെ ഒരു ബ്ലോഗിനു ഹരിശ്രീ കുറിക്കുകയാണു്‌. ബ്ലോഗുകളെക്കുറിച്ചു ധാരാളം കേള്‍ക്കാന്‍ തുടങ്ങിയിട്ടു കുറെ നാളായി. എനിക്കും വേണം ഒന്ന് എന്നു വിചാരിക്കാന്‍ തുടങ്ങിയിട്ടും നാളേറെയായി. എപ്പോഴും കൂടെയുള്ള മടി തടസ്സമായി നില്‍ക്കുകയായിരുന്നു ഇതു വരെ.

ഇപ്പോള്‍ പെട്ടെന്ന് ഇതു തുടങ്ങുവാനുള്ള കാരണം പറയാം. കഴിഞ്ഞ ദിവസം ഒരിടത്തു ചെന്നപ്പോള്‍ അവിടെ മാതൃഭൂമി ആഴ്ചപ്പതിപ്പു കിടക്കുന്നതു കണ്ട്‌ എടുത്തു വായിച്ചു. അതിലെ വായനക്കാരുടെ കത്തുകളില്‍ ഒരാള്‍, താന്‍ ഒരു ബ്ലോഗു സൃഷ്ടിച്ചതിനെക്കുറിച്ചെഴുതിയതു വായിച്ചു.

അതു കഴിഞ്ഞ ലക്കത്തിലെ ബ്ലോഗിനെക്കുറിച്ചുള്ള ലേഖനങ്ങള്‍ കണ്ടിട്ടു ചെയ്തതാണു പോലും. ഉടനെ തപ്പിയെടുത്തു, കഴിഞ്ഞ ലക്കം. ബ്ലോഗിനെക്കുറിച്ച്‌ അതിലുള്ളതെല്ലാം വായിച്ചു. കൊടകരപുരാണത്തെക്കുറിച്ചും കുറിഞ്ഞിയെക്കുറിച്ചും മനസ്സിലാക്കി. ആവേശം കൊണ്ടു.

എന്നാല്‍ തുടങ്ങിക്കളയാം ഒരു ബ്ലോഗ്‌. അങ്ങനെ ഇവിടെ വരെ എത്തി. വിശ്വപ്രസിദ്ധമായ തിരുവല്ല ആണ്‌ എന്റെ സ്വദേശം. വിശ്വപ്രസിദ്ധം എന്നു പറഞ്ഞതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകാന്‍ കാരണമുണ്ടെന്നു തോന്നുന്നില്ല. ലോകത്ത്‌ ഏതു കോണിലും മലയാളികളുണ്ടെന്നാണല്ലോ പറയുന്നത്‌. അങ്ങനെയെങ്കില്‍ അതില്‍ ഒരാളെങ്കിലും തിരുവല്ലാക്കാരനായിരിക്കും.

കാരണം ഇതൊരു പ്രവാസികളുടെ നാടാണ്‌. പ്രവാസി എന്നു പറയുമ്പോള്‍ സാഹിത്യ വാരഫലം എഴുതിയിരുന്ന പരേതനായ എം. കൃഷ്ണന്‍ നായര്‍ സാറിനെ ഓര്‍മ വരും. അദ്ദേഹത്തിന്‌ പ്രവാസി എന്ന വാക്കുപയോഗിക്കുന്നതിനോട്‌ എതിര്‍പ്പായിരുന്നു. പ്രവാസി എന്ന വാക്കു കേള്‍ക്കുമ്പോള്‍ ദരിദ്രവാസി എന്ന വാക്കാണ്‌ ഓര്‍മ്മ വരുന്നതെന്ന് അദ്ദേഹം എഴുതിക്കണ്ടിട്ടുണ്ട്‌. എന്നാല്‍ ദരിദ്രവാസി ആകാതിരിക്കാന്‍ വേണ്ടി പ്രവാസി ആകുന്നു എന്നതല്ലേ വാസ്തവം?.

എന്തെങ്കിലും ആകട്ടെ, വിദേശ മലയാളി എന്നോ വിദേശ ഇന്‍ഡ്യക്കാരന്‍ എന്നോ പറയുന്നതാവും ഭേദം. എന്തൊക്കെയായാലും തിരുവല്ല വിശ്വപ്രസിദ്ധമാണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാന്‍ ന്യായമില്ല. കൂടാതെ സിനിമാ ഫീല്‍ഡില്‍ നിന്നുള്ള പ്രസിദ്ധിയും ഇപ്പോള്‍ തിരുവല്ലയെ തഴുകി തലോടിക്കൊണ്ടിരിക്കുകയാണ്‌.

പ്രസിദ്ധനായ ഒരു സിനിമാ സംവിധായകനും മുന്‍ നിരയിലുള്ള ചില നടിമാരും തിരുവല്ലാക്കാരാണെന്ന് ആരോ പറയുന്നതു കേട്ടു. ഒരു പക്ഷെ അവരെല്ലാം പണ്ടേ തന്നെ തിരുവല്ലായില്‍ നിന്നു തട്ടകം മാറ്റിക്കഴിഞ്ഞിട്ടുണ്ടാകാം.ഞാന്‍ ഇവരെയാരെയും കണ്ടിട്ടുമില്ല കേട്ടോ.

എങ്കിലും എന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് എന്നു നമുക്കും പറയാമല്ലോ, അല്ലേ ചേട്ടാ?.

ഇങ്ങനെ വിശ്വപ്രസിദ്ധിയുള്ള (ഇനിയും ആരും എന്നോടു വഴക്കുണ്ടാക്കാന്‍ വരുമെന്നു തോന്നുന്നില്ല) നാട്ടിലെ ഒട്ടും പ്രസിദ്ധനല്ലാത്ത ഒരു പുല്‍ക്കൊടിത്തുമ്പാണു പ്രദീപ്‌ കുമാര്‍ എന്ന ഈ ഞാന്‍. ഈ ഞാന്‍ അത്ര മോശക്കാരനൊന്നുമല്ലെന്ന് ഇപ്പോള്‍ മനസ്സിലായല്ലോ, അല്ലേ? നല്ലത്‌.

............................................................................................

8 comments:

  1. സ്വാഗതം സുഹൃത്തേ...

    :)

    ReplyDelete
  2. സ്വാഗതം , വലതുകാല്‍ വച്ച് കയറി വരൂ:)

    ReplyDelete
  3. അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
    ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
    ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
    എം.കെ.ഹരികുമാര്‍

    ReplyDelete
  4. അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
    ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
    ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
    എം.കെ.ഹരികുമാര്‍

    ReplyDelete
  5. അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
    ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
    ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
    എം.കെ.ഹരികുമാര്‍

    ReplyDelete