2002ല്‍ ആണെന്നു തോന്നുന്നു. വനില കൃഷിയെക്കുറിച്ചു കേരളത്തില്‍, പ്രത്യേകിച്ചു മദ്ധ്യകേരളത്തില്‍ വന്‍ തോതിലുള്ള ഒരു പ്രചാരണം നടന്നു. ഞാന്‍ അന്നു കോട്ടയത്താണു ജോലിനോക്കുന്നത്.
വനില കൃഷിയില്‍ നിന്നു ലക്ഷക്കണക്കിനു രൂപയുണ്ടാക്കിയ പല കൃഷിക്കാരെയും കുറിച്ചുള്ള കോരിത്തരിപ്പിക്കുന്ന വാര്‍ത്തകള്‍ കാതില്‍ വന്നലച്ചു. കൃഷി ചെയ്യാനോ വളരെ എളുപ്പം. പിന്നെയെന്തിനു മടിക്കുന്നു, എടുത്തു ചാടുക തന്നെ. കൂടാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൃഷി ചെയ്യാന്‍ പാടില്ല എന്ന നിയമം അന്നു നിലവില്‍ വന്നിട്ടില്ലായിരുന്നു(ഇനി എന്നാണാവോ ആ നിയമം നടപ്പാക്കാന്‍ പോകുന്നത്?).
വനിലയില്‍ താല്‍പ്പര്യം തോന്നിയ ജോണി എന്ന സുഹൃത്തും അന്നു കോട്ടയം ഓഫീസ്സില്‍ ഉണ്ടായിരുന്നു. കോട്ടയത്ത് ഒരു പത്രത്തിന്റെ ആഭിമുഖ്യത്തില്‍ വനില കൃഷിയെക്കുറിച്ച് ഒരു സെമിനാര്‍ നടത്തുന്നുണ്ടെന്നറിഞ്ഞ് ജോണിയും ഞാനും അതില്‍ പങ്കെടുക്കാനായി പേരു രജിസ്റ്റര്‍ ചെയ്തു. സെമിനാറിന്റെ ദിവസം വന്നണഞ്ഞു. ഞങ്ങള്‍ രണ്ടു പേരും സെമിനാര്‍ നടക്കുന്ന ഹാളിലെത്തി. പങ്കെടുക്കാന്‍ ധാരാളം ജനം. അദ്ധ്വാനം കുറവുള്ള വനില കൃഷി ചെയ്തു പണം സമ്പാദിക്കാന്‍ എല്ലാവരും റെഡി.
പ്രസംഗകരും ക്ലാസ്സെടുക്കാന്‍ വന്നവരും വനിലയുടെ സ്തുതി ഗീതങ്ങള്‍ പാടി.വനിലയെപ്പോലെ പണം സമ്പാദിക്കാവുന്നതും എളുപ്പമുള്ളതുമായ കൃഷി വേറെയില്ലെന്നു സ്ഥാപിച്ചു. "ഇതിന്റെ വില കുറയുമോ?". "ഒരു കാലത്തുമില്ല". ചോദ്യവും ഉത്തരവും അവര്‍ തന്നെ പറഞ്ഞു. ലോകത്തില്‍ കാക്കത്തൊള്ളായിരം ടണ്‍ വനില വര്‍ഷം തോറും ആവശ്യമുണ്ടെന്നും അതിന്റെ പത്തിലൊന്നുപോലും ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നില്ലെന്നും അതിനാല്‍ ഒരു നൂറ്റാണ്ടു കാലത്തേക്ക് വില കുറയുന്ന പ്രശ്നമില്ലെന്നും മറിച്ച് കൂടുകയേ ഉള്ളു എന്നും അവര്‍ ആണയിട്ടു പറഞ്ഞു. പ്രദര്‍ശനത്തിനായി കൊണ്ടുവന്ന വനില വള്ളി കണ്ടു ഞാന്‍ നിര്‍വൃതിയടഞ്ഞു. ആദ്യമായിട്ടു കാണുകയല്ലേ ആ പണം കായ്ക്കുന്ന വള്ളി!.
പ്രസംഗങ്ങള്‍ ശ്രദ്ധയോടെ കേട്ടു നോട്ടുകള്‍ കുറിച്ചെടുത്തു. വേദിയില്‍ ഇരുന്ന, ലക്ഷപ്രഭുവായ വനില കര്‍ഷകനെ ആരാധനയോടെ നോക്കി. വനില കൃഷിയിലൂടെ ലക്ഷപ്രഭുക്കളായി മാറാനുള്ള ഉറച്ച തീരുമാനത്തോടെയാണു ഞങ്ങള്‍ അന്നു പിരിഞ്ഞത്.
നാടിന്റെ നാനാ ഭാഗത്തു നിന്നും ആവേശകരമായ ചില വാര്‍ത്തകളാണു തുടര്‍ന്നുള്ള ദിവസങ്ങളില്‍ കേട്ടത്. എവിടെയൊക്കെയൊ ആവേശം മൂത്ത ചില ചേട്ടന്മാര്‍ പ്രതികാര ബുദ്ധിയോടെയെന്നവണ്ണം റബ്ബര്‍ മരങ്ങള്‍ വെട്ടിയെറിഞ്ഞു വനില കൃഷി ചെയ്യാന്‍ തുടങ്ങി എന്നും മറ്റുമുള്ള സംഭ്രമ ജനകമായ വാര്‍ത്തകളും വന്നു കൊണ്ടിരുന്നു.
ആ സമയത്ത് റബ്ബറിന്റെ വില താഴ്‌ന്നു താഴ്‌ന്നു നിലം പറ്റിക്കിടക്കുകയായിരുന്നു (പക്ഷെ അന്ന് റബ്ബറിലുള്ള വിശ്വാസം കൈവിടാതെ മുറുകെപ്പിടിച്ചിരുന്ന മിടുക്കന്മാരായ ചേട്ടന്മാര്‍ പിന്നീടു റബ്ബറിനാല്‍ തന്നെ രക്ഷിക്കപ്പെട്ട കഥ ചരിത്രമാണല്ലോ).
കൃഷി ചെയ്യാന്‍ അങ്ങനെ കാര്യമായിട്ടു സ്ഥലമൊന്നുമുണ്ടായിരുന്നില്ല. വീടിനു പുറകില്‍ ഒരു പത്തുനൂറു ചെടി കൃഷി ചെയ്യാം. ഒരു തുടക്കം എന്ന നിലയില്‍ അതു മതി. വിജയമാണെന്നു കണ്ടാല്‍ കൃഷി വിപുലീകരിക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗം കണ്ടെത്താം എന്നു സമാധാനിച്ചു.
വനില സെമിനാറില്‍ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിച്ചതു പോലെ ചില വനില തോട്ടങ്ങള്‍ സന്ദര്‍ശിക്കാന്‍ ജോണിയും ഞാനും കൂടി തീരുമാനിച്ചു. കൂത്താട്ടുകുളം, ജീവിതത്തിലൊരിക്കലും പോകാന്‍ സാധ്യതയില്ലാത്ത കോരുത്തോട് എന്നീ പുണ്യസ്ഥലങ്ങളിലലഞ്ഞ് വനില തോട്ടങ്ങള്‍ കണ്ടു സായൂജ്യമടയാനുള്ള മഹാഭാഗ്യവും അങ്ങനെ വന്നു ഭവിച്ചു.
എന്തായാലും നാട്ടിന്‍പുറത്തെ കര്‍ഷകന്റെ ഊഷ്മളവും സത്യസന്ധവുമായ പെരുമാറ്റം വളരെ ഹൃദ്യമായിരുന്നു. നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം എന്നല്ലേ?. ഇതെല്ലാം കഴിഞ്ഞപ്പോള്‍ വനില കൊണ്ടു മനസ്സു നിറഞ്ഞു.അടുത്തതായി കൃഷി തുടങ്ങുകയായി.
വനില വള്ളികള്‍ക്കു പടരുവാനായി ശീമക്കൊന്നക്കാലുകള്‍ നാട്ടി കിളിര്‍പ്പിച്ചെടുക്കുകയാണു് ആദ്യമായി ചെയ്യേണ്ടത്.ഭാര്യയുടെ വീട്ടില്‍ ധാരാളം ശീമക്കൊന്ന നില്‍പ്പുണ്ടായിരുന്നതു ഭാഗ്യമായി. അവിടെ നിന്നു കൊന്നക്കാലുകള്‍ പെട്ടിയോട്ടൊയില്‍ കയറ്റി വീട്ടിലെത്തിച്ചു. കൊന്നക്കാലുകള്‍ നാട്ടുന്ന പണി കൂലിക്ക് ആളെ വിളിക്കാതെ സ്വയം ചെയ്തു. അച്ഛനും കുറച്ചു സഹായിച്ചു. കുറെ അധികം ദിവസം വേണ്ടി വന്നു എന്നുള്ളതു വാസ്തവം.
പറമ്പില്‍ കൊന്നക്കാലുകള്‍ നിരയായി വച്ചു പിടിപ്പിക്കുന്നത് കണ്ട പലര്‍ക്കും അത്ഭുതമായിരുന്നു. ശീമക്കൊന്ന കൃഷി ചെയ്യുകയാണെന്നാണു് അവര്‍ കരുതിയത്. "വട്ടാണല്ലേ?" എന്നാരോ ശബ്ദം താഴ്തി ചോദിച്ചോ എന്നു സംശയം.
കാലുകള്‍ നാട്ടിക്കഴിഞ്ഞപ്പോള്‍ വനില വള്ളി എവിടെക്കിട്ടും എന്നായി അന്വേഷണം. ഭരണങ്ങാനത്തിനടുത്ത് നല്ല വള്ളി കിട്ടുമെന്നറിഞ്ഞ് ഞാനും ജോണിയും അവിടെയെത്തി മീറ്ററിനു 35 രൂപ എന്ന ആദായ വിലയ്ക്ക് കുറെ വള്ളികള്‍ വാങ്ങി. വള്ളിയെല്ലാം നട്ടു കഴിഞ്ഞപ്പോള്‍ എന്തോ ഒരു സംതൃപ്തി.
കായ് പിടിച്ചു തുടങ്ങണമെങ്കില്‍ കുറഞ്ഞതു മൂന്നു വര്‍ഷമെങ്കിലും കഴിയണം. ചെടികള്‍ക്കു വളപ്രയോഗം, ശരിയായ പരിചരണം ഒക്കെ ചെയ്യണം. അടുത്ത രണ്ടു വര്‍ഷം വനില കായുടെ വില റോക്കറ്റു പോലെ കുതിച്ചു കയറി. നേരത്തെ തന്നെ കൃഷി തുടങ്ങിയ വലിയ കര്‍ഷകരെല്ലാം ലക്ഷ പ്രഭുക്കളും കോടീശ്വരന്മാരുമൊക്കെയായി.
പുതുതായി കൃഷി തുടങ്ങിയ എന്നെപ്പോലുള്ള നാമമാത്ര കൃഷിക്കാരും വരാന്‍ പോകുന്ന നല്ലകാലം ഓര്‍ത്ത് അഹങ്കരിക്കാന്‍ തീരുമാനിച്ചു. മറ്റുള്ളവരെ കാണുമ്പോള്‍ "എവനൊക്കെ എന്നെപ്പോലെ വാനില നട്ടു നാലു കാശൊണ്ടാക്കാന്‍ ശ്രമിച്ചൂടെ?, മണ്ടന്മാര്‍" എന്നു പുച്ഛത്തോടെ മനസ്സില്‍ പറയാന്‍ തുടങ്ങി.
നട്ടു മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ എങ്ങനെയെങ്കിലും കുറച്ചു കായ് പിടിപ്പിച്ചെടുക്കണമെന്നു തീരുമാനിച്ചു. വനില വള്ളിയില്‍ പൂവും കായും പിടിപ്പിച്ചെടുക്കണമെങ്കില്‍ നമുക്കും ചില ജോലികള്‍ ചെയ്യാനുണ്ട്. അതെല്ലാം വിവരിക്കണമെങ്കില്‍ വേറൊരു അദ്ധ്യായം കൂടി എഴുതേണ്ടി വരും.
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ വാക്കുകളില്‍ പറഞ്ഞാല്‍ "വിസ്തരഭയത്താല്‍" അതിനു മുതിരുന്നില്ല,സോറി.കുറെ പൂവും കായുമൊക്കെ ഉണ്ടാക്കിയെടുത്തു. വില്‍ക്കാനും മാത്രമുള്ളതൊന്നുമുണ്ടായിരുന്നില്ല. ആദ്യമായിട്ടു കായ്ക്കുകയല്ലേ?, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കാര്യമായിട്ടുണ്ടാകും എന്നു സമാധാനിച്ചു.
പക്ഷെ അപ്പോളാണു വെള്ളിടിവെട്ടിയപോലെയുള്ള വാര്‍ത്ത വരുന്നത്. വനിലയുടെ വില ഇടിഞ്ഞു നിലം പൊത്തിയിരിക്കുന്നു. തലേ വര്‍ഷം കിലോയ്ക്ക് മൂവായിരത്തിയഞ്ഞൂറു രൂപ വിലയുണ്ടായിരുന്ന വനില കായ്ക്ക് ഇപ്പോള്‍ നൂറു രൂപ വില പോലും കിട്ടാത്ത സ്ഥിതിയായിരിക്കുന്നു. എന്തു ചെയ്യാം?, ഗതി കെട്ടവന്‍ തല മൊട്ടയടിച്ചപ്പോള്‍ കല്ലു മഴ പെയ്തെന്നു കേട്ടിട്ടില്ലേ?.
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വനിലയുടെ വില വീണ്ടും താഴേയ്ക്കു പോവുകയും 'വനില' എന്ന വാക്ക് ആരെങ്കിലും പറഞ്ഞാല്‍ ഞാനും ജോണിയുമൊക്കെ അരിശം മൂത്ത് അവനെ തല്ലാന്‍ ചെല്ലുമെന്ന നിലയിലേക്ക് കാര്യങ്ങള്‍ വഷളാകുകയും ചെയ്തു.
അതിശേഷം വനില നട്ടിരിക്കുന്ന ഭാഗത്തേയ്ക്കു തിരിഞ്ഞു നോക്കാതെയാവുകയും അങ്ങനെയൊരു സാധനം ഇപ്പോഴും അവിടെ നില്‍പ്പുണ്ടോ എന്നറിയാന്‍ പാടില്ലാതെയാവുകയും ചെയ്തു.
പ്രായമായ ഒരു ബന്ധുവുണ്ട്. അദ്ദേഹത്തെ കാണാന്‍ വീട്ടില്‍ ചെല്ലുമ്പോഴെല്ലാം എന്നോടു ചോദിക്കും " വനിലാ കൃഷിയൊക്കെ എങ്ങനുണ്ട്?".
എപ്പോഴും ഇതു തന്നെ ചോദിച്ചാല്‍ ഞാന്‍ എന്തു പറയാന്‍?
വനിലയ്ക്കു വില കൂടി നിന്ന കാലത്ത് അതിന്റെ നടീല്‍ വസ്തുവായ വള്ളിക്കും വലിയ വിലയായിരുന്നു. ഒരു മീറ്ററിനു നൂറു രൂപയ്ക്കു മുകളിലായിരുന്നു വില. അന്ന് തോട്ടങ്ങളില്‍ നിന്നു വനില വള്ളി മോഷണം പോകുന്നതു ചിലേടത്തൊക്കെ പതിവായി. ചില കര്‍ഷകരൊക്കെ മോഷണം തടയാനായി വന്‍ തുക മുടക്കി വൈദ്യുത വേലിയുണ്ടാക്കുകയും, തോട്ടത്തിനു രാത്രിയില്‍ കാവലേര്‍പ്പെടുത്തുകയുമൊക്കെ ചെയ്തിരുന്നു. എല്ലാം പാഴ് വേലയായി പരിണമിച്ചതു മിച്ചം.
ഇത് ആരെങ്കിലും ഒന്നു വെട്ടിക്കൊണ്ടു പോയെങ്കില്‍ എന്നു വ്യാമോഹിക്കുകയാണവരിപ്പോള്‍. അങ്ങനെ വനിലയുടെ കഥ ഒരു ട്രാജഡിയായി.
എന്റെ സഫേദ് മുസലിക്കൃഷിയുടെ കഥയും വ്യത്യസ്തമല്ല. വനില നട്ട് ഏതാണ്ട് ഒരു വര്‍ഷമായിക്കാണുമെന്നു തോന്നുന്നു. സഫേദ് മുസലിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കൃഷി മാസികകളിലൊക്കെ വരാന്‍ തുടങ്ങി. വന്‍ ആദായം കിട്ടുന്ന കൃഷിയാണതെന്നായിരുന്നു കശ്മലന്മാര്‍ എഴുതിപ്പിടിപ്പിച്ചത്.
എന്തു കണ്ടാലും ചാടിക്കേറി പിടിക്കുന്ന സ്വഭാവം ഉണ്ടായിരുന്നതു കൊണ്ട് ഞാന്‍ അതിലും കേറി പിടിച്ചു. മുസലി സെമിനാറില്‍ പങ്കെടുത്തു. വടക്കേ ഇന്‍ഡ്യന്‍ കാടുകളില്‍ വളരുന്ന മുസലിക്കിഴങ്ങു വിത്ത് കിലോയ്ക്ക് നാനൂറു രൂപ നിരക്കില്‍ പത്തു കിലോ ബുക്കു ചെയ്തു.
കൃഷി ചെയ്ത മുസലിയൊക്കെ നന്നായി വളര്‍ന്നു. പിന്നീടാണറിഞ്ഞത് അതു വാങ്ങിക്കാന്‍ ആളില്ല. കിഴങ്ങു പറിച്ചെടുക്കാന്‍ പോലും മിനക്കെടാന്‍ പോയില്ല. അങ്ങനെ മുസലിക്കൃഷിയും സ്വാഹ!.
ലക്ഷക്കണക്കിനു രൂപ മുടക്കി ഏക്കറു കണക്കിനു കൃഷി ചെയ്ത ഹത ഭാഗ്യരും ഉണ്ടെന്നു കേള്‍ക്കുന്നു. അവരൊക്കെ കുത്തു പാളയെടുത്തു കാണും, കഷ്ടം!.
ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ വനിലയിലും സഫേദ് മുസലിയിലുമുണ്ടായ പരാജയത്തില്‍ ഞാന്‍ ഖേദിക്കുന്നുണ്ടെന്നു തോന്നിയോ?. യാതൊരു ഖേദവും ഇക്കാര്യത്തില്‍ എനിക്കില്ല എന്നതാണു യാഥാര്‍ഥ്യം.
ഇവ രണ്ടും വളരെ ചെറിയ തോതിലേ ഞാന്‍ കൃഷി ചെയ്തുള്ളു. അതു കൊണ്ട് വലിയ പണച്ചിലവൊന്നും ഉണ്ടായില്ല. ഒരു ചെറിയ നഷ്ടം മാത്രം.കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടതു നല്ല ഒരു അനുഭവമായിരുന്നു.
എപ്പോഴും പുതിയ എന്തിലെങ്കിലും ഏര്‍പ്പെട്ടുകൊണ്ടിരിക്കുക എന്നത് എനിക്ക് ഒഴിവാക്കാന്‍ വയ്യാത്ത കാര്യമാണു്.അതാണെന്റെ സന്തോഷം.ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് അങ്ങനെ ചാടിക്കൊണ്ടിരിക്കുക. മരഞ്ചാടികളായിരുന്ന, നമ്മുടെ പൂര്‍വ്വികരുടെ ശീലം.കൊള്ളാമല്ലേ?
ഇപ്പോള്‍ ഞാന്‍ ചാടിപ്പിടിച്ചിരിക്കുന്ന പുതിയ മരച്ചില്ല ഏതാണെന്ന് ഊഹിച്ചുകാണും.
സംശയിക്കേണ്ട,അതു തന്നെ, ബ്ലോഗിംഗ്.ദേ പിന്നെയും കേള്‍ക്കുന്നു ആ പഴയ സിനിമാ പാട്ട്.
"മരം ചാടി നടന്നൊരു കുരങ്ങന്
മനുഷ്യന്റെ കുപ്പായമണിഞ്ഞു"
..........................................................................................................................
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteസുഹൃത്തേ...
ReplyDeleteനല്ല അനുഭവം. പാരഗ്രാഫ് തിരിച്ചെഴുതൂ...
:)
പിന്നെ,ഫോട്ടോ കൊടുക്കാനായി ഒന്നുകില്‍ ഫോട്ടോ ഉള്‍പ്പെടുന്ന വെബ് പേജ് url അല്ലെങ്കില്‍ ബ്ലോഗില്‍ ഫോട്ടോാ ഉണ്ടെങ്കില്‍ അതിന്റെ ലിങ്ക് എന്നിവ പ്രൊഫൈലില്‍ ഉള്‍പ്പെടുത്തുക.
പിന്നെ, അഞ്ജലി ഫോണ്ട്, മറ്റു ബ്ലോഗ് ലിങ്ക്സ് എന്നിവ ഉള്‍പ്പെടുത്താനെന്തു ചെയ്യണമെന്ന് മെയിലില്‍ മറുപടി തരാം. മെയില്‍ ഐഡി അറിയില്ല. അതുഇ കൊണ്ട് എനിക്കൊരു മെയിലയയ്കാമോ?
ഇവിടെ കൊടുക്കുന്നത് ലിങ്ക് ആയി തന്നെയാണ്‍ വരുന്നത്. അതു കൊണ്ടാണ്‍. അതാണ്‍ 2 തവണ കമന്റിട്ട് ഡിലീറ്റ് ചെയ്യേണ്ടി വന്നത്. sreesobhin@gmail.com
പ്രദീപ്,
ReplyDeleteനല്ല അനുഭവക്കുറിപ്പ്. പാരഗ്രാഫ് തിരിച്ച് എഴുതാന്‍ ശ്രദ്ധിക്കുമല്ലോ?
rasakaram :)
ReplyDeleteഹഹ! അതിനുമുന്‍പ് തേക്ക് മാഞ്ചിയം ആടു വളര്‍ത്തല്‍ ഇതൊന്നും ട്രൈ ചെയ്തില്ലേ? പെട്ടെന്ന് പണക്കാരുവന്ന സ്കീംസ് കൊണ്ടു വരികയാണ് ആക്ചുവലി കേരളത്തില്‍ ഏറ്റവും ലാഭകരമായ കൃഷി. :)
ReplyDeleteഅവസാനത്തെ ബ്ലോഗ് കൃഷി ഞാന്‍ ചോദിക്കാന്‍ വരുവായിരുന്നു.അപ്പോഴേക്കും അതും എഴുതി. :)