Saturday, December 8, 2007

ക്രിക്കറ്റ് നിരോധിക്കണം

താഴെ പറയുന്നത്‌ ഒരു സാങ്കല്‍പ്പിക കഥയാണു്‌.പക്ഷെ,കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും യഥാര്‍ത്ഥത്തില്‍ നമുക്കു ചുറ്റും ഉള്ളതുമാണു്‌.
മോഹന്‍ - ഓട്ടോ ഉടമസ്ഥനും ഡ്രൈവറും.
സാജന്‍ - സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍.
സത്യന്‍ - വെല്‍ഡിംഗ്‌ വര്‍ക്‌ ഷോപ്പുടമയും ഒപ്പം തൊഴിലാളിയും
രാജന്‍-ബാങ്ക്‌ ഉദ്യോഗസ്ഥന്‍.
ഇവര്‍ എല്ലാവരും സഹപാഠികളയിരുന്നവരും അടുത്തടുത്ത്‌ താമസിക്കുന്നവരും ചെറുപ്പക്കാരും അവിവാഹിതരും ഉറ്റസുഹൃത്തുക്കളും ആണു്‌.
സമയം രാവിലെ പത്തു മണി.ഈ ചെറുപ്പക്കാരെല്ലാവരും സത്യന്റെ വീട്ടില്‍ കൂടിയിരിക്കുകയാണു്‌.ഇവരോടൊപ്പം കണ്ണനും ഉണ്ട്‌.കണ്ണന്‍ സത്യന്റെ ഇളയ സഹോദരനും കോളജ്‌ കുമാരനും ആണു്‌.ഇതു ഞായറാഴ്ചയോ മറ്റേതെങ്കിലും അവധി ദിവസമോ അല്ല.അതായത്‌ സാധാരണ ഗതിയില്‍ മോഹന്‍ ഓട്ടോ ഓടിക്കുകയും സാജന്‍ ഓഫീസില്‍ ഇരിക്കുകയും സത്യന്‍ വര്‍ക്‌ ഷോപ്പില്‍ ആയിരിക്കുകയും രാജന്‍ ബാങ്കില്‍ ഇരിക്കുകയും കണ്ണന്‍ കോളജില്‍ ആയിരിക്കുകയും ചെയ്യേണ്ട സമയമാണു്‌.
എന്നാല്‍ ഇവരെല്ലാവരും തങ്ങളുടെ പ്രധാന ജോലികള്‍ക്കെല്ലാം അവധി കൊടുത്തിട്ട്‌ സത്യന്റെ വീട്ടില്‍ ഒരുമിച്ചു കൂടിയിരിക്കുകയാണു്‌.എല്ലാവരുടേയും കണ്ണുകള്‍ മുന്‍പിലുള്ള റ്റി.വി. സ്ക്രീനില്‍ ഉറപ്പിച്ചു വച്ചിരിക്കുകയാണു്‌.
"രണ്ടു വിക്കറ്റു പോയതു കൊണ്ടു കുഴപ്പമൊന്നുമില്ല.സച്ചിന്‍ ഇതു പോലെ നിന്നു കിട്ടിയാല്‍ മതി", സാജന്‍ പറഞ്ഞു.
"ഓ, സച്ചിന്‍!.ഇപ്പൊ പണ്ടത്തെ പോലെ വിശ്വസിക്കാനൊന്നും പറ്റുകേല.അടിച്ചാല്‍ അടിച്ചു,അത്രേയുള്ളു",മോഹന്റെ കമന്റ്‌.
അവര്‍ ഇന്‍ഡ്യയും ഓസ്ട്രേലിയയും തമ്മിലുള്ള വണ്‍ ഡേ ക്രിക്കറ്റ്‌ മാച്ച്‌ കാണുകയാണു്‌.ക്രിക്കറ്റുള്ള ദിവസം എങ്ങനെയായാലും ജോലിയില്‍ നിന്നു വിട്ടു നില്‍ക്കും. അവധി എടുത്തോ അല്ലാതെയോ.ജോലിക്കു നാളെയും പോകാം.ഈ മാച്ച്‌ നാളെ ഇല്ലല്ലോ.
ഇവരുടെ എല്ലാവരുടേയും വീട്ടില്‍ റ്റി.വി. ഉണ്ട്‌.എന്നാലും ഇങ്ങനെ ഒന്നിച്ചിരുന്നു കാണുന്നതല്ലേ രസം.അതു കൊണ്ട്‌ എല്ലാവരും കൂടി ഏതെങ്കിലും ഒരു വീട്ടില്‍ ഒത്തു കൂടും.അവര്‍ അങ്ങനെ കളിയില്‍ മുഴുകി ടെന്‍ഷനടിച്ച്‌ ഇരിക്കുകയാണു്‌.കളി തുടങ്ങിയിട്ട്‌ ഒരു മണിക്കൂര്‍ ആവുന്നതേ ഉള്ളൂ.എന്തും സംഭവിക്കാം......ഉടനെ തന്നെ അതു സംഭവിച്ചു ! - കറന്റു പോയി.സ്പോര്‍ട്സ്‌ മാന്‍ സ്പിരിറ്റില്ലാത്ത നമ്മുടെ ഇലക്ട്രിസിറ്റി ബോഡ്‌!.....ഇനി എന്തു ചെയ്യും?.ഒരു ദിവസത്തെ പണിയും കളഞ്ഞ്‌ റ്റി.വി. യുടെ മുമ്പില്‍ കൂടിയതാണു്‌.അവധി പാഴാകുമോ?
"ഛെ!എന്തു പരിപാടിയാ ഇത്‌.ഇവമ്മാരെ രണ്ടു ചീത്ത വിളിക്കാതെ പറ്റത്തില്ല",രാജനു ദേഷ്യം കയറി.
"ചെലപ്പം ഒടനേ വരുമായിരിക്കും",സത്യന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.
ആ പ്രതീക്ഷയില്‍ അവര്‍ അവിടെ തന്നെ ഇരുന്നു.ഇതുവരെയുള്ള കളിയെക്കുറിച്ച്‌ ചര്‍ച്ച ആരംഭിച്ചു..........അവരുടെ പ്രതീക്ഷ അസ്ഥാനത്താവുകയായിരുന്നു.കുറേ നേരമായിട്ടും കറന്റു വന്നില്ല.ക്ഷമയുടെ നെല്ലിപ്പലക എന്നൊന്നുണ്ടെങ്കില്‍(ഞാന്‍ കണ്ടിട്ടില്ല,കേട്ടോ!), അവര്‍ ഒരുമിച്ച്‌ അതു കണ്ടു.അടുത്ത വീട്ടില്‍ കറന്റുണ്ടോ എന്ന് അന്വേഷിക്കാന്‍ പോയ കണ്ണന്‍ തിരിച്ചു വന്നു.അടുത്തുള്ള വീടുകളിലൊന്നും കറന്റില്ല.
"നീ ആ ഫോണൊന്നു വിളിച്ചേ",സത്യന്‍ ആജ്ഞാപിച്ചു,"ഇന്ന് അവന്മാരെ രണ്ടു പറഞ്ഞിട്ടു തന്നെ ബാക്കി കാര്യം".
സത്യന്റെ അനുജന്‍ കണ്ണന്‍ കറന്റാപ്പീസിലേയ്ക്കു ഫോണ്‍ ചെയ്തു.പക്ഷെ എന്തു പ്രയോജനം,കിട്ടുന്നില്ല.ബിസി ടോണ്‍ മാത്രം കേള്‍ക്കാം.അത്‌ അങ്ങനെ ആണല്ലോ.
"വണ്ടി എടുക്കെടാ.ഇന്ന് അവന്മാരുടെ ആപ്പീസ്സില്‍ ചെന്ന് നിരപ്പാക്കിയിട്ടു തന്നെ ബാക്കി കാര്യം",മോഹന്‍ കോപം കൊണ്ടു വിറച്ചു.
എല്ലാവരും അതേ മൂഡിലായിരുന്നു.രണ്ടു റ്റൂ വീലറുകളിലായി കണ്ണനൊഴികെയുള്ള നാലു പേര്‍ പാഞ്ഞു............
ദൂരെ നിന്നേ കാണാമായിരുന്നു,ജംഗ്ഷനില്‍ ഒരു ആള്‍ക്കൂട്ടം.
"എടാ,എന്തോ പ്രശ്നമുണ്ടെന്നു തോന്നുന്നു.ആക്സിഡെന്റു വല്ലതും ആയിരിക്കും"
വണ്ടികള്‍ നിര്‍ത്തി ഒതുക്കി വച്ചിട്ട്‌ അവര്‍ ആള്‍ക്കൂട്ടത്തിന്റെ അടുത്തേയ്ക്കു പാഞ്ഞു.അപകടം തന്നെ ആയിരുന്നു.ഒരു ലോറി ഒരു വൈദ്യുതി പോസ്റ്റിലിടിച്ച്‌ കിടക്കുന്നു.പോസ്റ്റ്‌ ഒടിഞ്ഞു താഴെ വീണിട്ടുണ്ട്‌.കമ്പിയെല്ലാം പൊട്ടി താഴെ കിടക്കുന്നു.ലോറിയുടെ മുന്‍ വശം ശരിക്കും തകര്‍ന്നിട്ടുണ്ട്‌.പരിക്കു പറ്റിയ ഡ്രൈവറേയും ക്ലീനറേയും ആശുപത്രിയിലാക്കിയിരിക്കുകയാണു്‌.വലിയ കുഴപ്പമില്ല എന്നാണു്‌ അറിഞ്ഞത്‌.
"ഇന്ന് ഏതായാലും കറന്റു കിട്ടുമെന്നു തോന്നുന്നില്ല മോനേ.ഇന്നത്തെ ദിവസം പോക്കായി",സാജന്‍ പരിതപിച്ചു,"ഒരു ലീവും വെറുതേ പോയി".
ഭാഗ്യഹീനന്മാര്‍,അല്ലേ ?.ഇതു പോലെ ഒരു ദിവസത്തെ ജോലി മുടക്കി,പഠിത്തം മുടക്കി കോടിക്കണക്കിനു ഭാരതീയര്‍ റ്റി. വി.യ്ക്കു മുന്‍പില്‍ ചടഞ്ഞു കൂടി ക്രിക്കറ്റ്‌ കണ്ടു.ചില മേഖലകളിലെങ്കിലും ഭരണ സ്തംഭനം ഉണ്ടായി.മറ്റു ചില മേഖലകളില്‍ ഭരണ ചക്രം തിരിയുന്നതിന്റെ വേഗം കുറഞ്ഞു.എല്ലാം ഒരു ക്രിക്കറ്റ്‌ മാച്ച്‌ കാരണം.
ഈ പോക്ക്‌ ശരിയോ?
ക്രിക്കറ്റ്‌ നിരോധിക്കണമോ?.
അതു പറയാന്‍ എനിക്ക്‌ അവകാശമില്ലായിരിക്കാം.എന്നാല്‍ ഒന്നു ചോദിക്കട്ടെ - ക്രിക്കറ്റ്‌ മാച്ചിന്റെ തല്‍സമയ സമ്പ്രേഷണം റ്റി.വി. ചാനലുകളില്‍ കാണിക്കുന്നത്‌ നിരോധിച്ചു കൂടേ?

7 comments:

  1. ജനലക്ഷങ്ങള്‍ ആ കളിക്കു പിറകേ പോകുന്നതു അതു നല്ലൊരു കളിയായതു കൊണ്ടാണ്.നിരോധിക്കേണ്ട കാര്യമില്ല.

    ReplyDelete
  2. ആദ്യം ഓഫ് ടോപ്പിക്,
    പോസ്റ്റ് എഴുതിക്കഴിയുമ്പോ?
    ജസ്റ്റിഫൈ ചെയ്യരുത് ഫയര്‍ഫോക്സില്‍ ബ്രൌസ് ചെയ്യുന്നവര്‍ക്ക് താങ്കളുടെപോസ്റ്റ് വായിക്കാന്‍ ബുദ്ധിമുട്ടുണ്ടാവും ഒന്നുകില്‍ വെറുതേ ടൈപ്പ് ചെയ്ത് പോവുക അല്ലെങ്കില്‍ ലെഫ്റ്റ് അലൈന്‍ ചെയ്യുക.
    ഇനി പോസ്റ്റിന്റെ കമന്റ്:
    പ്രദീപ് നിയമം മൂലം നിരോധിക്കാന്‍ കഴിയുന്നതിനേക്കാള്‍ ഉപരിയായി അവരവര്‍ തന്നെ നിയന്ത്രിക്കുന്നതായിരിക്കും നല്ലത് , ഇത്തരം മനോഭാവമുള്ളവര്‍ക്ക് നേരം കളയാന്‍ ക്രിക്കെറ്റ് തന്നെ വേണമെന്നില്ല . ഒന്നുമല്ലെങ്കില്‍ ഒരുകുത്ത് ചീട്ടായാലും മതി:) നല്ല എഴുത്താണ്, ആശംസകള്‍

    ReplyDelete
  3. നിരോധനനം വേണോ? നമ്മള്‍ ഇന്ത്യക്കര്‍ക്ക്‌ വല്ലോഴും എങ്കിലും ജയിക്കാന്‍ പറ്റുന്ന കളി ഇതു മാത്രമേ ഉള്ളു
    :)

    ReplyDelete
  4. പ്രദീപ് സാറെ,

    ക്രിക്കറ്റ് കളി കാരണം ഭാരതത്തിന്റെ ഭരണചക്രത്തിന്റെ വേഗത കുറയുമെന്ന താങ്കളുടെ കണ്ടുപിടിത്തം അപാരം.

    സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ താങ്കളുടെ ഓഫീസില്‍ എല്ലാ ദിവസം ഭരണചക്രം മര്യാദക്ക് തിരിയുന്നുണ്ടോ? കൈക്കൂലി എന്ന സാധനം ലൈന്‍ മാന്‍ മുതല്‍ എക്സിക്യൂട്ടീവ് സാറന്മാര്‍ക്ക് വരെ കൊടുക്കാതെ വല്ലതും നടക്കാറുണ്ടോ?

    സര്‍ക്കാറു സാറന്മാര് കാലത്ത് വന്നു ഒപ്പ് വച്ചിട്ട് യൂണിയന്‍ പ്രവര്‍ത്തനത്തിനു പോകുമ്പോള്‍ ആരാ സ്ഖാവെ ഭരണ ചക്രം തിരിക്കുന്നത്?

    പരീക്ഷാ സമയത്ത് ഒരു ലൈന്‍ ഫാള്‍ട്ട് വന്നു പവറില്ലാതെ വന്നാല്‍ പോലും കെ എസ് ബി യില്‍ ഫോണ്‍ എടുക്കാന്‍ പോലും ഒരാളില്ലല്ലോ പ്രദിപ് സാറെ?

    ഒരു വീട്ടിലെ കണക്ഷന്‍ ഡിസ്കണക്ട് ആയാല്‍ എത്ര ദിവസം കഴിഞ്ഞാ സാറന്മാരു വരുന്നതു, അതും കാണിക്ക അര്‍പ്പിച്ച ശേഷം. അതും ഭരണ ചക്രം തിരിക്കുന്നതിന്റെ ഭാഗമാണൊ മാഷെ?

    ക്രിക്കറ്റ് കാണാന്‍ ആരേയും നിര്‍ബന്ധിപ്പിക്കുന്നില്ലല്ലൊ? വേണമെങ്കില്‍ കണ്ടാല്‍ മതി. ക്രിക്കറ്റ് നിരോധിച്ചത് കൊണ്ട് മാത്രം ഭാരതത്തിന്റെ ഭരണ ചക്രം തിരിയില്ല തമ്പ്രാ. അതിനു മറ്റ് പലതും വേണം.

    ReplyDelete
  5. കളികണ്ടുകൊണ്ടിരുന്നപ്പോള്‍ കറന്റുപോയതിന് ഞങ്ങളുടെ നാട്ടിലെ ലൈന്മാനെ ഓഫീസില്‍ കയറിവെട്ടിയ സംഭവം ഓര്‍ത്തുപോയി.

    കളിക്കമ്പം മാറി കളിഭ്രാന്താകുമ്പോഴാണ് ഇതെല്ലാം അപകടകരമായ അവസ്ഥയിലേക്കെത്തുന്നത്..

    നന്നായി
    അഭിനന്ദനങ്ങള്‍!

    ReplyDelete
  6. പ്രിയ സണ്ണിക്കുട്ടന്‍ സാറേ,
    ഞാന്‍ ഇലക്ട്രിസിറ്റി ബോറ്ഡിലാണു ജോലി ചെയ്യുന്നത് എന്നു തെറ്റിദ്ധരിച്ച് ധാറ്മിക രോഷം കൊള്ളേണ്ട.ഞാന്‍ അതില്‍ അല്ല.കമന്റിനു നന്ദി.

    ReplyDelete
  7. പ്രിയ സാജന്‍,
    പോസ്റ്റ് ജസ്റ്റിഫൈ ചെയ്യുന്നതിലെ പ്രശ്നം എനിക്കറിയില്ലായിരുന്നു.ചൂണ്ടിക്കാണിച്ചതിനു നന്ദി.ഇനിയും ശ്രദ്ധിച്ചു കൊള്ളാം.

    ReplyDelete