Friday, November 30, 2007

നിങ്ങള്‍ പ്രതികരിക്കൂ, എനിക്കു വേണ്ടി

ഞാന്‍ ഇപ്പോള്‍ കണ്ണൂരിലാണു ജോലി ചെയ്യുന്നത്‌. വീടു തിരുവല്ലയിലും.ഒരു മാസം ഒന്നില്‍ക്കൂടുതല്‍ തവണ തിരുവല്ലയില്‍ നിന്നു കണ്ണൂരിലേയ്ക്കും തിരിച്ചും യാത്ര ചെയ്യാറുണ്ട്‌.ട്രെയിനിലാണു യാത്ര.രാത്രി തിരുവല്ലയില്‍ നിന്നു മലബാര്‍ എക്സ്പ്രസ്സിനു കയറും.ബെര്‍ത്ത്‌ റിസര്‍വു ചെയ്തേ പോകാറുള്ളൂ.തിരുവല്ലയില്‍ നിന്നു ട്രയിന്‍ വിട്ടാലുടനെ കയറിക്കിടന്ന് ഉറങ്ങാന്‍ ശ്രമിക്കും. തിരുവല്ലയില്‍ നിന്നു കയറിക്കിടന്ന് ഉറങ്ങിയാല്‍ പിറ്റേ ദിവസം രാവിലെ ഏഴു മണിക്കു മുമ്പായി കണ്ണൂരെത്തും.അപ്പോള്‍ സ്വാഭാവികമായും നിങ്ങള്‍ക്ക്‌ ഒരു സംശയം തോന്നാം- ഉറങ്ങിയാല്‍ മാത്രമേ കണ്ണൂരെത്തുകയുള്ളോ എന്ന്.എവമ്മാരെടെയൊക്കെ ഓരോ സംശയങ്ങളു്‌!. പോയി പണി നോക്കഡേ അപ്പീ.......അല്ലാണ്ടെന്തരു പറയാന്‍?

സാധാരണയായി ഏറ്റവും മുകളിലുള്ള ബെര്‍ത്താണു റിസര്‍വ്വ്‌ ചെയ്യുന്നത്‌.അതാവുമ്പോള്‍ യാതൊരു ശല്യവുമില്ല.ട്രെയിനില്‍ കയറുന്ന ഉടന്‍ തന്നെ ബെര്‍ത്തില്‍ കയറി കിടക്കാം.താഴെയുള്ള ബെര്‍ത്താണെങ്കില്‍ മിക്കവാറും അരെങ്കിലും അതില്‍ ഇരിക്കുന്നുണ്ടാവും.നമുക്കു കിടക്കാനായി അവരെ പറഞ്ഞു മാറ്റേണ്ടി വരും.മഴയുള്ള സമയമാണെങ്കില്‍ ചിലപ്പോള്‍ വിന്‍ഡോ ഷട്ടറിനിടയില്‍ കൂടി വെള്ളം കയറി താഴത്തെ ബെര്‍ത്ത്‌ നനഞ്ഞു കാണാറുമുണ്ട്‌.അതും ഒരു ബുദ്ധിമുട്ടായി തീരാം.അതു കൊണ്ട്‌ എപ്പോഴും അപ്പര്‍ ബെര്‍ത്തു തന്നെയാണു നല്ലത്‌.

അങ്ങനെയുള്ള ഒരു കണ്ണൂര്‍ യാത്ര.സാധാരണ പോലെ അപ്പര്‍ ബെര്‍ത്തിലാണു ഞാന്‍.വെളുപ്പിനു നാലേമുക്കാലോടെ ട്രെയിന്‍ കോഴിക്കോട്‌ സ്റ്റേഷനിലെത്തി.അവിടെ ധാരാളം ആളുകള്‍ ഇറങ്ങാറുണ്ട്‌.താഴത്തെ സൈഡ്‌ ബെര്‍ത്ത്‌ ഒഴിഞ്ഞതു കണ്ട്‌ ഞാന്‍ മുകളിലെ ബെര്‍ത്തില്‍ നിന്നും ഇറങ്ങി അതില്‍ ഇരുന്നു.ബാക്കി യാത്ര ഇരുന്നു കൊണ്ടാകാം.ഉറക്കമെല്ലാം കഴിഞ്ഞു.വീട്ടില്‍ വച്ചാണെങ്കിലും ഞാന്‍ വെളുപ്പിനു അഞ്ചു മണിയാകുമ്പോള്‍ എഴുന്നേല്‍ക്കാറുണ്ട്‌.എന്നെപ്പോലെ, ഉറക്കം മതിയാക്കിയ മറ്റൊരാളുമവിടെ ഇരിക്കാന്‍ വന്നു ബെര്‍ത്ത്‌ മടക്കി രണ്ടു സീറ്റുകളാക്കി ഞങ്ങള്‍ രണ്ടു പേരും അഭിമുഖമായി ഇരുന്നു.കുറച്ചു കഴിഞ്ഞപ്പോള്‍ എതിരെ ഇരുന്ന ആള്‍ ബാത്ത്‌ റൂമിലേക്കു പോകാനായിരിക്കണം, എഴുന്നേറ്റു പോയി.അപ്പുറത്തൊരു സീറ്റില്‍ വേറൊരു ചേട്ടന്‍ ഇരിപ്പുണ്ടായിരുന്നു.പുള്ളി സൈഡ്‌ സീറ്റ്‌ നോട്ടമിട്ട്‌ ഇരിക്കുകയായിരുന്നു എന്നു തോന്നുന്നു.സൈഡ്‌ സീറ്റില്‍ ഇരുന്ന ആള്‍ ബാത്ത്‌ റൂമിലേക്കു പോയ തക്കം നോക്കി ആ ചേട്ടന്‍ അവിടെ കയറി ഇരുന്നു.തന്റെ പെട്ടിയും ആ സീറ്റിനടിയിലേക്കു മാറ്റി വച്ചു.

ട്രെയിന്‍ പാഞ്ഞു പൊയ്കൊണ്ടിരുന്നു.കൊയിലാണ്ടി,വടകര,മാഹി,തലശ്ശേരി സ്റ്റേഷനെല്ലാം കഴിഞ്ഞു.ഏതാണ്ട്‌ ശരിയായ സമയം പാലിച്ചു കൊണ്ടാണു പോക്ക്‌.ആറേമുക്കാലിനു മുമ്പ്‌ കണ്ണൂരെത്തുമായിരിക്കും.ഞാന്‍ ഹാപ്പിയായി.ട്രെയിന്‍ സമയത്തിനു്‌ ഓടുമ്പോള്‍ നമ്മള്‍ ഹാപ്പിയായിരിക്കും.ലേറ്റായി ഓടുമ്പോള്‍ ആകെയൊരു അസ്വസ്തതയായിരിക്കും.സാധാരണയായി കണ്ണൂരാണു്‌ അടുത്ത സ്റ്റോപ്പ്‌.ചൊവ്വ ലെവല്‍ ക്രോസ്സ്‌ കഴിഞ്ഞപ്പോള്‍ ട്രെയിന്‍ വളരെ പതുക്കെ ഓടാന്‍ തുടങ്ങി.കണ്ണൂര്‍ സ്റ്റേഷനു മുമ്പുള്ള കണ്ണുര്‍ സൗത്ത്‌ സ്റ്റേഷനില്‍ നിര്‍ത്താനുള്ള പുറപ്പാടാണു്‌ എന്നു മനസ്സിലായി.അങ്ങനെ തന്നെ സംഭവിച്ചു.

ഒരു പത്തു മിനിറ്റു കഴിഞ്ഞു.മറ്റൊരു ട്രെയിന്‍ ഞങ്ങളെ കടന്നു കണ്ണൂര്‍ ഭാഗത്തേയ്ക്കു പോയി.

"ശ്ശെ, ഇതെന്തു പരിപാടിയാ.നമ്മളെ ഇവിടെ പിടിച്ചിട്ടിട്ട്‌ വേറൊരു വണ്ടിയെ മുന്നില്‍ കടത്തി വിടുക",എന്റെ എതിര്‍ സീറ്റില്‍ ഇരുന്നയാള്‍ സഹി കെട്ട്‌ പറഞ്ഞു.

"അതൊരു സൂപ്പര്‍ ഫാസ്റ്റ്‌ ട്രെയിനാ.അതിനെ കടത്തിവിടാനായിട്ടാ നമ്മളെ ഇവിടെ പിടിച്ചിട്ടിരിക്കുന്നത്‌",ഞാന്‍ എന്റെ അറിവു വെളിപ്പെടുത്തി.ആ പറഞ്ഞത്‌ അദ്ദേഹത്തിനു തീരെ തൃപ്തിയായില്ല.മാത്രമല്ല റെയില്‍ വേയെ അനുകൂലിച്ചു സംസാരിക്കാന്‍ എനിക്കെന്തോ പ്രത്യേക താല്‍പര്യം ഉണ്ടെന്ന് അയാള്‍ തെറ്റിദ്ധരിച്ചെന്നു തോന്നി.

"നമ്മള്‍ ഇവിടെ കിടക്കാന്‍ തുടങ്ങിയിട്ട്‌ പത്തുമിനിറ്റായല്ലോ.ഇതിനകം നമുക്ക്‌ കണ്ണൂരെത്താമായിരുന്നു.എന്നിട്ട്‌ അവിടെ വച്ച്‌ മറ്റേ ട്രെയിന്‍ കടത്തി വിട്ടാല്‍ പോരായിരുന്നോ?".

അയാള്‍ ഒരു ശത്രുവിനെ എന്ന പോലെ എന്നെ നോക്കി.എനിക്കു വേണമെങ്കില്‍ മിണ്ടാതെ ഇരിക്കാമായിരുന്നു.പക്ഷെ വീണ്ടും ഞാന്‍ എന്റെ വിജ്ഞാനം വിളമ്പി.

"നമ്മുടെ ട്രെയിന്‍ കണ്ണൂര്‍ സ്റ്റേഷനില്‍ കൊണ്ടിട്ടാല്‍ മറ്റേ ട്രെയിനിനു പ്ലാറ്റ്‌ ഫോം കിട്ടാതെ വരും.അതാണു കാര്യം.അതു കാരണം ചിലപ്പോഴൊക്കെ ഇങ്ങനെ ഈ വണ്ടി ഇവിടെ പിടിച്ചിടാറുണ്ട്‌"

"മറ്റേ വണ്ടി പോയിട്ട്‌ കുറെ നേരമായല്ലോ.എന്നിട്ടും ഇതെന്താ വിടാത്തത്‌?"ഈ ചോദ്യത്തിനും ഞാന്‍ മറുപടി പറഞ്ഞേ പറ്റൂ എന്നപോലെ അയാള്‍ എന്നെ നോക്കി.

എന്റെ ഒരു ഗതികേടു നോക്കണേ.എന്നാലും റെയില്‍ വേയ്ക്കു വേണ്ടി മറുപടി പറയുന്ന ചുമതല ഞാന്‍ ഏറ്റെടുത്തു.

"മറ്റേ ട്രെയിന്‍ കണ്ണുര്‍ സ്റ്റേഷന്‍ വിട്ടാലേ നമുക്ക്‌ അവിടെ പ്ലാറ്റ്‌ ഫോം കിട്ടൂ.അതു കൊണ്ട്‌ അതു വിട്ടിട്ടേ ഇതു വിടൂ.മറ്റു രണ്ടു പ്ലാറ്റ്‌ ഫോമിലും വേറെ ട്രെയിനുകള്‍ ഉള്ള സമയമാ"

വണ്ടി വിടാന്‍ വേണ്ടി എല്ലാവരും അക്ഷമരായി കാത്തിരിക്കുകയാണു്‌.ഇവിടെ നിര്‍ത്തിയിട്ടിട്ട്‌ അര മണിക്കൂറോളം ആയി.ഇവിടെ നിന്ന് ട്രെയിന്‍ കണ്ണൂര്‍ സ്റ്റേഷനിലെത്താന്‍ അഞ്ചു മിനിട്ടു മതി.പക്ഷെ അര മണിക്കൂര്‍ നഷ്ടപ്പെടുത്തി വണ്ടി കണ്ണൂര്‍ സൗത്തില്‍ തന്നെ കിടക്കുകയാണു്‌.കണ്ണൂര്‍ സ്റ്റേഷനില്‍ ഇറങ്ങാനുള്ള സൗകര്യത്തിനു്‌ പെട്ടിയും ചാക്കുകെട്ടുകളുമെല്ലാം വാതില്‍ക്കല്‍ കൊണ്ടു വച്ച്‌ അവിടെത്തന്നെ നില്‍ക്കുകയാണു്‌ ഇത്രയും നേരമായി ചിലര്‍.

"ഇതൊന്നും ആരും പ്രതികരിക്കാത്തതിന്റെ കുഴപ്പമാ.ഒരു പട്ടി ചത്താല്‍ പോലും അതിന്റെ പേരില്‍ ബന്ദു നടത്തും.ഇതിനൊന്നും ഒരു കുഴപ്പവുമില്ല".

ഇവിടെ അനാവശ്യ ബന്ദെല്ലാം നടത്തുന്നത്‌ ഞാനാണെന്ന മട്ടില്‍ അയാള്‍ നീരസത്തോടെ എന്ന നോക്കി.അയാളോടു കൂടുതല്‍ മിണ്ടാതെയിരിക്കുന്നാതാണു നല്ലതെന്ന് എനിക്കു തോന്നി.പക്ഷെ, എന്റെ മനസ്സില്‍ ചില ചോദ്യങ്ങള്‍ ഉണ്ടായിരുന്നു.പ്രതികരിക്കണം എന്നാണല്ലോ അദ്ദേഹം പറയുന്നത്‌.ഈ പറയുന്നയാള്‍ എന്താണു പ്രതികരിക്കാത്തത്‌?.വെറുതെ ഇതൊക്കെ എന്റെ നേരേ നോക്കി പറഞ്ഞിട്ടെന്താണു പ്രയോജനം?.പ്രതികരിക്കേണ്ടിടത്തു പോയി പ്രതികരിക്കണം.അതിനു്‌ ആരും തയ്യാറല്ല.എനിക്കിതിനൊന്നും സമയമില്ല.മാത്രമല്ല പ്രതികരിക്കാന്‍ ചെന്നാല്‍ ചിലപ്പോള്‍ പൊല്ലാപ്പായെന്നും വരാം.അതു കൊണ്ട്‌ മറ്റാരെങ്കിലും പ്രതികരിച്ചെങ്കില്‍ എന്നു നമ്മളെല്ലാവരും ആഗ്രഹിക്കുന്നു.പ്രതികരിക്കാത്തതിനു മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു.ആരെങ്കിലുമൊരാള്‍ പ്രതികരിക്കാന്‍ ഇറങ്ങിയാല്‍ ചിലപ്പോള്‍ ഇളിഭ്യനായെന്നു വരും.കാരണം, കൂടെ ചെല്ലാന്‍ മറ്റാരും കാണുകയില്ല.നമ്മള്‍ എന്തിനു തടി കേടാക്കണം, അല്ലേ?. ഞാനും നിങ്ങളും എല്ലാവരും ഇങ്ങനെ തന്നെയാണു്‌. മാന്യനായ മലയാളി,അല്ലേ?.ഇതു മലയാളിയുടെ മറ്റൊരു കാപട്യം.

ഹാവൂ!,ആശ്വാസമായി.ട്രെയിന്‍ നീങ്ങാന്‍ തുടങ്ങി.മുക്കാല്‍ മണിക്കൂര്‍ നഷ്ടം.കണ്ണൂര്‍ സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ നമ്മുടെ പ്രതികരണക്കാരനായ സുഹൃത്തിനെ ശ്രദ്ധിച്ചു.അദ്ദേഹം ചിലപ്പോള്‍ സ്റ്റേഷന്‍ മാസ്റ്റര്‍-ഓഫീസില്‍ ചെന്നു പ്രതിഷേധം രേഖപ്പെടുത്തുമായിരിക്കും........എവിടെ!. അയാള്‍ പെട്ടിയുമെടുത്തു സ്റ്റേഷനു പുറത്തേയ്ക്കു പായുന്നതാണു കണ്ടത്‌.ഓട്ടോയോ ബസ്സോ പിടിച്ച്‌ പെട്ടെന്നു തന്നെ ലക്ഷ്യ സ്ഥാനത്തെത്താനുള്ള ധൃതിയായിരിക്കും.അതിനിടയില്‍ എന്തു പ്രതികരണം?.മറ്റാരെങ്കിലും പ്രതികരിച്ചെങ്കില്‍ കൊള്ളാം,അതിനുള്ള നിര്‍ദ്ദേശം കൊടുത്തിട്ടാണല്ലൊ അദ്ദേഹം പോകുന്നത്‌!.മിമിക്രിക്കാര്‍,അന്തരിച്ച ചലച്ചിത്ര നടന്‍ ജയനെ അനുകരിക്കുന്ന ശൈലിയില്‍ പറഞ്ഞാല്‍-

"ഒരു കുട്ടിക്കുരങ്ങനെ കിട്ടിയിരുന്നെങ്കില്‍...... ചുടു ചോറു വാരിക്കാമായിരുന്നൂ......". അതാണു നമുക്കു നല്ലത്‌,അല്ലേ ചേട്ടാ?

16 comments:

 1. :) സംഭവം എത്ര സത്യം! നമ്മളെ ചൂട് കേറ്റും. നമ്മളാ‍വട്ടേ ആ ചൂടില്‍ ചിലപ്പോ പ്രതികരിക്കും.
  എന്നിട്ട് വേണമെങ്കില്‍ നമ്മുടെ പ്രതികരണം ശരിയായില്ല എന്നു കൂടി ഇവരു പറഞ്ഞ് കളയും :) അവരാകട്ടേ നല്ല ഡിപ്ലോമസി കുടിച്ച് ഇങ്ങിനെ ഇരിക്കേം ചെയ്യും. പക്ഷെ അത് സാരമില്ല, അവര്‍ക്ക് വേണ്ടിയല്ലല്ലോ, നമുക്കും അവര്‍ക്കും മറ്റൊരാള്‍ക്കും വേണ്ടിയല്ലേ പ്രതികരിക്കേണ്ടത്. അതോണ്ട് പ്രതികരിക്കേണ്ടതാണെന്ന് തോന്നിയാല്‍ അങ്ങട് പ്രതികരിക്കണം. അത്രന്നേ. നമ്മളറിയാത്ത ആരെങ്കിലുമൊക്കെ ഇതുപോലെ മുന്‍പൊക്കെ പ്രതികരിച്ചിട്ടാണല്ലോ നമ്മള്‍ക്കും എന്തെങ്കിലും അതിന്റെ ഒക്കെ ഗുണം കിട്ടിയത്. അങ്ങിനെ കണ്ടാല്‍ മതി.

  ReplyDelete
 2. വളരെ നല്ല പോസ്റ്റ്. സത്യമാണ് പറഞ്ഞിരിക്കുന്നത്. നമുക്കു പ്രതികരിക്കാന്‍ സമയമില്ല, വാചകമടി മാത്രമാണ് നമുക്കു പറഞ്ഞിട്ടുള്ളത്..

  ReplyDelete
 3. ഇവിടെ അനാവശ്യ ബന്ദെല്ലാം നടത്തുന്നത്‌ ഞാനാണെന്ന മട്ടില്‍ അയാള്‍ നീരസത്തോടെ എന്ന നോക്കി
  :)
  നല്ല പോസ്റ്റ്‌
  ആശംസകള്‍

  ReplyDelete
 4. നൂറു ശതമാനം ശരിയാണ്‍് പറഞ്ഞതു്. പ്രതികരിക്കണമെന്നു പറയാനേ ആളുള്ളൂ, പ്രതികരിക്കാന്‍ ആര്‍ക്കും നേരമില്ല.

  ReplyDelete
 5. സത്യം... നമ്മളും പരസ്പരം പ്രതികരിക്കുന്നു...! പ്രതികരിക്കേണ്ടിടത്തല്ല എന്ന് മാത്രം... അവിടെ എത്തുമ്പോള്‍ എന്തിനാ വെറുതേ പൊല്ലാപ്പ് എന്ന മട്ടില്‍ ഒഴിഞ്ഞ് പോകും...

  നല്ല പോസ്റ്റ് മാഷേ
  :)

  ReplyDelete
 6. നന്നായിരിക്കുന്നു പ്രതികരണ വിശകലനം.

  ReplyDelete
 7. പ്രതികരിക്കാന്‍ ഞാനൊരുത്തനെ ചട്ടം കെട്ടിയുട്ടുണ്ട്. അവന്‍ പ്രതികരിക്കാനുള്ള റോ-മെറ്റീരിയല്‍ സംഭരിച്ച് പെട്ടെന്ന് വരും...പിന്നെ എല്ലാം ശുഭം.

  :))

  ReplyDelete
 8. ഈ ബ്ലോഗ് മിക്കവാറും വായിച്ചു, നന്നായിട്ടുണ്ട് ആശംസകള്‍!!!

  ReplyDelete
 9. സത്യം.ഇതുപോലുള്ള അനേകം സംഭവം ദിവസേന നാം കാണുന്നു.പ്രതികരിക്കുകയാണ് വേണ്ടത്

  ReplyDelete
 10. ഈയിടെ ആരോ പ്രതികരിച്ച് ജയിലില്‍ കിടന്ന കഥ വായിച്ചു...

  സൂക്ഷിക്കണേ, അണ്ണാ..

  നന്നായിരിക്കുന്നു.

  ReplyDelete
 11. ഇഞ്ചിപ്പെണ്ണിന്റെ കമന്റില്‍ ഒരു ആത്മകഥാംശം മണക്കുന്നുണ്ടല്ലോ. പ്രതികരിച്ചു മതിയായോ ഇഞ്ചിയ്ക്കു്?:)

  ReplyDelete
 12. എവിടെ മതിയാവാന്‍ ഉമേഷേട്ടാ? രക്തത്തിലുള്ളതൊന്നും അത്ര വേഗം പോവില്ല ;) ചിലരെയൊക്കെ പ്രതികരിപ്പിക്കാന്‍ വേണ്ടിയിട്ട കമന്റല്ലാര്‍ന്നോ അത്? ദേ അപ്പൊ ഉടനേ പ്രതികരികിച്ചു :)

  ReplyDelete
 13. ശരിയാണ്..
  അതുപോലെ തന്നെ ‘പ്രതികരണം‘ എന്നാലെന്ത് എന്നും ചിന്തിച്ചു പോയ്യിട്ടുണ്ട്, പലപ്പോഴും..
  ബന്ദും ഹര്‍ത്താലും സമരോം ഒക്കെ കൂടി അതിന്റെ അര്‍ത്ഥം മാറ്റിക്കളഞ്ഞിട്ടുണ്ടോ എന്നു സംശയം..

  ReplyDelete
 14. മൌനം എന്നൊരു പ്രതികരണം ഉണ്ട്. പലപ്പോഴും അതാവും നല്ലതെന്ന് അനുഭവം.

  ReplyDelete