Friday, November 28, 2008

മുംബൈ: ഈ കണ്ണീര്‍ കണ്ട്‌ ആരും ചിരിക്കേണ്ട

നവംബര്‍ 27 ,2008രാവിലെ:

റ്റി.വി. യില്‍ തെളിയുന്ന ഭീതിദമായ ദൃശ്യങ്ങള്‍കത്തിയെരിയുന്ന ടാജ്‌ ഹോട്ടല്‍; വേള്‍ഡ്‌ ട്രെയിഡ്‌ സെന്റര്‍ കത്തിയെരിയുന്ന ദൃശ്യം റ്റി.വി.യില്‍ കണ്ട ഓര്‍മ്മ.

ദൈവമേ വീണ്ടും ആ ഭ്രാന്തന്മാര്‍. സമനില നഷ്ടപ്പെട്ട്‌, കുരങ്ങന്റെ കയ്യില്‍ കിട്ടിയ പൂമാല പോലെ എന്തും പിച്ചിച്ചീന്തി തകര്‍ത്തെറിയാന്‍ എത്തിയിരിക്കുന്നു!. പേ പിടിച്ച മനുഷ്യ മൃഗങ്ങള്‍!

എത്ര നാളുകള്‍. എത്രയെത്ര ഭീകരാക്രമണങ്ങള്‍. ഇവര്‍ എന്തു നേടി?ഭീതിയില്‍ വിറുങ്ങലിച്ചു നില്‍ക്കുന്ന മുംബൈ നഗരം. ഭീകരാക്രമണത്തില്‍ മരിച്ചു വീഴുന്ന മനുഷ്യര്‍. അവരില്‍ ഹിന്ദുവുണ്ട്‌, മുസല്‍മാനുണ്ട്‌, ക്രിസ്ത്യാനിയുണ്ട്‌, സ്വദേശികളുണ്ട്‌, വിദേശികളുണ്ട്‌.

എത്ര കുടുംബങ്ങള്‍ അനാഥമായി. എത്ര അമ്മമാര്‍, ഭാര്യമാര്‍, സഹോദരിമാര്‍, മക്കള്‍ കണ്ണീര്‍ കുടിച്ചു. എത്ര പിതാക്കന്മാര്‍, സഹോദരന്മാര്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ കണ്ണീര്‍ കുടിച്ചു.എന്നിട്ടോ, ഈ അക്രമികള്‍, ഈ മനുഷ്യ മൃഗങ്ങള്‍ എന്തു നേടി?

ഒന്നും നേടില്ല, നേടാന്‍ പറ്റില്ല.അങ്ങനെയുള്ള ഒരു രാജ്യമാണിത്‌. അങ്ങനെയുള്ള ഒരു ജനതയാണിത്‌. തകര്‍ക്കാന്‍ പറ്റില്ല. ഉരുക്കിനേക്കാള്‍ ബലമുള്ള ഒരു അടിത്തറയാണു്‌ ഈ രാജ്യത്തിനുള്ളത്‌, ജനതയ്ക്കുള്ളത്‌, ഈ സംസ്കാരത്തിനുള്ളത്‌.

നൂറ്റാണ്ടുകളിലൂടെ, എന്തെല്ലാം പരീക്ഷണ ഘട്ടങ്ങളില്‍ക്കൂടെ കടന്നു വന്നതാണു നമ്മള്‍, ഈ രാജ്യം, ഈ ജനത- ലോകാ സമസ്താ സുഖിനോ ഭവന്തു എന്നു പറഞ്ഞ നമ്മള്‍!

എത്രയെത്ര വിദേശാക്രമണങ്ങളും, കീഴ്പ്പെടുത്തലുകളും കണ്ട രാജ്യമാണിത്‌. എല്ലാ പ്രതിസന്ധി ഘട്ടങ്ങളും കടന്നു എന്നും നമ്മള്‍ വിജയിച്ചിട്ടേ ഉള്ളൂ. ഒരു ആക്രമണത്തിനും തകര്‍ക്കാന്‍ പറ്റിയിട്ടില്ലാത്ത ഒരു രാജ്യമാണിത്‌. ഒരു അധിനിവേശത്തിനും തകര്‍ക്കാന്‍ കഴിയാത്ത ഒരു സംസ്കാരമാണിത്‌. ഒരിക്കലും തല കുനിക്കാത്ത ഒരു ജനതയാണിത്‌. അതു ചരിത്രം.

ലോക സമൂഹത്തില്‍ സുപ്രധാനമായ ഒരു സ്ഥാനം നേടിയെടുത്ത നമ്മുടെ രാജ്യം. പുരോഗതിയിലേയ്ക്ക്‌ അതി വേഗം കുതിച്ചു കൊണ്ടിരിക്കുന്ന ഒരു ജനത - അതാണു നമ്മള്‍.

മഹാ മേരു പോലെ തലയുയര്‍ത്തി നില്‍ക്കുന്ന ഒരു ഗജരാജന്‍, നമ്മുടെ രാജ്യം. അതിന്റെ പിന്‍ കാലില്‍ വന്നു കുത്തുന്ന ഒരു കൊതുക്‌, അത്രേയുള്ളൂ ഈ ഭീകരഭ്രാന്തന്മാര്‍!.

നഗരങ്ങള്‍ ഇവര്‍ ഇടയ്ക്കിടെ ശവപ്പറമ്പാക്കി മാറ്റുന്നു. നിരപരാധികളെ കൊന്നു കൊല വിളിക്കുന്നു.

ശവപ്പറമ്പില്‍ നിരന്നു കിടക്കുന്ന ശവങ്ങള്‍. അവയ്ക്കിടയില്‍ പരതി നടക്കുന്ന ഒരു സ്ത്രീ രൂപം. ശവങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ട ആരെയോ തിരയുകയാണു്‌. ആരാണു്‌ ആ സ്ത്രീ?അതു്‌ എന്റെ, അല്ലെങ്കില്‍ നിങ്ങളുടെ അമ്മയാകാം, ഭാര്യയകാം, പെങ്ങളാകാം, മകളാകാം.

ശവങ്ങള്‍ക്കിടയില്‍ തിരയുന്നത്‌ എന്നെയാകാം, നിങ്ങളെ ആകാം. തേങ്ങല്‍ അടക്കിപ്പിടിച്ച നിസ്സഹായത. ആ കണ്ണില്‍, നഷ്ടപ്പെട്ടു പോയ പ്രിയപ്പെട്ട ആളിനു വേണ്ടി ഒരു തുള്ളി കണ്ണീര്‍!.

ഈ കണ്ണീര്‍ കണ്ടു ചിരിക്കുവാനാണോ ഈ ഭ്രാന്തന്മാര്‍ ഇതു ചെയ്യുന്നത്‌?

എങ്കില്‍ ഈ കണ്ണീര്‍ കണ്ട്‌ ആരും ചിരിക്കേണ്ടതില്ല. ഈ ദുഃഖവും ഞങ്ങള്‍ മറികടക്കും. അവസാനം ചിരിക്കുന്നതു ഞങ്ങളായിരിക്കും, ഭീകരതയുടെ അന്ത്യം കാണുമ്പോള്‍!

Thursday, November 20, 2008

മമ്മൂട്ടി ഫാന്‍സും മോഹന്‍ലാല്‍ ഫാന്‍സും

സഹോദരന്മാരാണു്‌ സുജിത്തും ശ്രീജിത്തും. സുജിത്ത്‌ മമ്മൂട്ടി ഫാന്‍. ശ്രീജിത്ത്‌ മോഹന്‍ലാല്‍ ഫാന്‍. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കാര്യം പറഞ്ഞ്‌ രണ്ടും കൂടെ അടിയുണ്ടാക്കാത്ത ദിവസങ്ങള്‍ വിരളം.

രാവിലെ ശ്രീജിത്ത്‌ വീടിന്റെ വരാന്തയില്‍ ഇരിക്കുകയാണു്‌. അപ്പോഴാണു സുജിത്ത്‌ പുറത്തു നിന്നു കയറി വന്നത്‌. മുണ്ടും ഷര്‍ട്ടും വേഷം. നെറ്റിയില്‍ ചന്ദനക്കുറി.

"രാവിലെ സാറെവിടെ പോയിട്ടു വരുന്നു ?", ശ്രീജിത്ത്‌ പരിഹാസത്തോടെ ചോദിച്ചു.

" എനിക്കു സൗകര്യമുള്ളിടത്ത്‌. നിനക്ക്‌ എന്തോ വേണം അറിഞ്ഞിട്ട്‌ ?".

"വെള്ള മുണ്ട്‌......... ചന്ദനക്കുറി. ഉം.... അമ്പലത്തില്‍ പോയി, അല്ല്യോ ?"

സുജിത്ത്‌ ഒന്നും പറയാതെ അനുജനെ രൂക്ഷമായി ഒന്നു നോക്കി.

"ഓഹൊഹൊഹോ. ഇന്നു മമ്മൂട്ടി സാറിന്റെ സിനിമാ എറങ്ങുന്നുണ്ടല്ലേ ?. രാവിലെ ഗണപതിക്കു തേങ്ങാ അടിക്കാന്‍ പോയതാ, അല്ല്യോ ?. എട്ടു നെലേ പൊട്ടാതിരുന്നാല്‍ ഭാഗ്യം!".

"എടാ ചെറുക്കാ, രാവിലെ എന്റെ വായിലിരിക്കുന്നതൊന്നും കേക്കണ്ടാ. മിണ്ടാതിരുന്നോ". സുജിത്തിനു ദേഷ്യം വന്നു.

"വല്ല്യ നടനാത്രേ!. ഒന്നു ഡാന്‍സു ചെയ്യാനറിയാമോ ?. അതിനു വേറെ ആളിനെ വിളിക്കണം".

"നീ പോടാ. സന്ദര്‍ഭത്തിനനുസരിച്ച്‌ ഡാന്‍സു ചെയ്യാനൊന്നും മമ്മൂക്കായ്ക്ക്‌ ഒരു ബുദ്ധിമുട്ടുമില്ല. അല്ലാതെ തൊടക്കം മുതല്‍ ഒടുക്കം വരെ ചെലരെപ്പോലെ കോമാളി വേഷോം കെട്ടി തുള്ളിച്ചാടാനൊന്നും മമ്മൂക്കായെ കിട്ടത്തില്ല. തുള്ളിച്ചാടുന്നതിലല്ല കാര്യം, മോനേ. അഭിനയിക്കണം!. അക്കാര്യത്തിലിന്നു മമ്മൂക്കായെ വെല്ലാന്‍ തത്ക്കാലം ആരുമില്ല".

"ആഹഹഹ. അഭിനയത്തിന്റെ കാര്യമൊന്നും പറയണ്ടാ. അതൊക്കെ ഞങ്ങടെ അമ്പിളിച്ചേട്ടന്‍ പറഞ്ഞു വച്ചിട്ടൊണ്ട്‌".

"ഞങ്ങടെ അമ്പിളിച്ചാട്ടനോ. അതാരാണെടേ അപ്പീ?. അങ്ങേരെന്തരാണോ പറഞ്ഞത്‌?. അമ്മയാണെ ഞാന്‍ കേട്ടിട്ടില്ല, കേട്ടോ!". സുജിത്ത്‌ പരിഹസിച്ചു.

" എങ്കില്‍ ഇപ്പൊ കേട്ടോ - മോഹന്‍ ലാല്‍ ഈസ്‌ ഏ ബോണ്‍ ആക്റ്റര്‍. മമ്മൂട്ടി ഈസ്‌ ഏ ട്രെയിന്‍ഡ്‌ ആക്റ്റര്‍".

"ബോണ്‍ ആക്റ്ററായാലും ട്രെയിന്‍ഡ്‌ ആക്റ്ററായാലും നല്ല ആക്റ്ററാരാണെന്നതു നോക്കിയാല്‍ മതി...... മമ്മൂട്ടിക്ക്‌ എത്ര തവണ ഭരത്‌ അവാര്‍ഡ്‌ കിട്ടിയിട്ടുണ്ട്‌ ?"

ശ്രീജിത്ത്‌ ഒന്നും മിണ്ടിയില്ല.

"എന്താ ഒന്നും മിണ്ടാത്തത്‌ ?. സുജിത്ത്‌ വിട്ടില്ല.

"പിന്നേ, നിന്റെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറയുകയല്ലേ എന്റെ ജോലി".അതും പറഞ്ഞ്‌ അവന്‍ അകത്തേയ്ക്കു കയറി പോയി. ദേഷ്യം വരുമ്പോള്‍ ചേട്ടനെ നീ എന്നേ ശ്രീജിത്ത്‌ വിളിക്കൂ.

***************************************************************

മോഹന്‍ ലാല്‍ ആരാധക സംഘത്തിന്റെ സ്ഥലത്തെ യൂണിറ്റിന്റെ സമ്മേളനം നടക്കുന്നു. യൂണിറ്റ്‌ സെക്രട്ടറി ആയ ശ്രീജിത്ത്‌ സംസാരിക്കുകയാണു്‌ -

".........അതു കൊണ്ട്‌ നമ്മുടെ പ്രിയപ്പെട്ട ലാലേട്ടന്റെ ഒരു പൂര്‍ണ്ണകായ പ്രതിമ നമ്മുടെ നാട്ടില്‍ സ്ഥാപിക്കാന്‍ വേണ്ട നടപടി ക്രമങ്ങള്‍ നമ്മള്‍ ഉടന്‍ തന്നെ ആരംഭിക്കുവാന്‍ പോവുകയാണു്‌".

ദീര്‍ഘമായ കരഘോഷം!. മുദ്രാവാക്യം വിളി - "ലാലേട്ടന്‍...സിന്ദാബാദ്‌"

"പിന്നെ ഒരു കാര്യം....." ശ്രീജിത്ത്‌ തുടര്‍ന്നു. "തത്ക്കാലം ഇക്കാര്യം പുറത്തു വിടണ്ട. ഇതു മറ്റവന്മാര്‍ അറിഞ്ഞാല്‍ നമ്മക്കിട്ടു പാര വച്ച്‌ മമ്മൂട്ടിയുടെ പ്രതിമ ആദ്യം കൊണ്ടു സ്ഥാപിച്ചെന്നു വരും. ഏതായാലും രാഷ്ട്രീയപ്പാര്‍ട്ടികളിലെ പോലെ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്ന ചാരന്മാര്‍ നമ്മുടെ സംഘടനയില്‍ ഇല്ലാത്തതു ഭാഗ്യം"........

"ഞാനും കൂടെ ഇരുന്നോട്ടേ ?". ചാരിയിട്ടിരുന്ന പിന്‍ വാതില്‍ തുറന്ന് അകത്തേയ്ക്കു വന്ന തോമസുകുട്ടി ചോദിച്ചു.അതൊരു അപ്രതീക്ഷിത സംഭവമായിരുന്നു.പുറകോട്ടു തിരിഞ്ഞു നോക്കിയ എല്ലാവരും ആഗതനെ കണ്ട്‌ ഒരു നിമിഷം തരിച്ചിരുന്നു. കാരണം തോമസുകുട്ടി ആ നാട്ടിലെ അറിയപ്പെടുന്ന മമ്മൂട്ടി ഫാനാണു്‌!.

ആദ്യത്തെ ആ ഞെട്ടലില്‍ നിന്നു പെട്ടെന്നു മോചിതനായ ശ്രീജിത്ത്‌ ശബ്ദമുയര്‍ത്തി പറഞ്ഞു:

"ഇതു മെംബര്‍മാര്‍ക്കുള്ള യോഗമാണു്‌. ശത്രു പക്ഷത്തുള്ള തനിക്കിവിടെന്തു കാര്യം?.....ഉം.. പുറത്തു പോകണം"

തോമസുകുട്ടിയെ പിടിച്ചു പുറത്താക്കാന്‍ രണ്ടു പേര്‍ എഴുന്നേറ്റു.

"പറയുന്നതു കേള്‍ക്കൂ പ്ലീസ്‌. ഞാന്‍ മെംബറാകാന്‍ വന്നതാണു്‌".

തോമസുകുട്ടി അപേക്ഷിച്ചു.

"നീ മമ്മൂട്ടി ആരാധക സംഘത്തിന്റെ മെംബറല്ലേ?". ശ്രീജിത്ത്‌ ചോദിച്ചു.

"അതേ, മെംബറാണു്‌. ഞാന്‍ മമ്മൂട്ടിയേയും മോഹന്‍ ലാലിനേയും ഒരു പോലെ ഇഷ്ടപ്പെടുന്നു, ആരാധിക്കുന്നു. എന്താ അതു പാടില്ലേ?. എനിക്കു രണ്ടു സംഘടനയിലും അംഗമാവണം. രണ്ടിലും പ്രവര്‍ത്തിക്കണം. എന്താ അതു തെറ്റാണോ?".

"അങ്ങനെ രണ്ടു വള്ളത്തിലും ചവിട്ടിക്കൊണ്ടുള്ള യാത്ര വേണ്ട. ഇവന്‍ ചാരപ്പണിക്കുവന്നതാണു്‌. പിടിച്ചു പുറത്താക്ക്‌".തോമസുകുട്ടിയെ ബലമായി പിടിച്ചു പുറത്താക്കി. രണ്ടടിയും കൊടുത്തു!.വാതില്‍ കുറ്റിയിട്ടിട്ടാണു യോഗം തുടര്‍ന്നത്‌.

***************************************************************

സുജിത്തുമായി ഒരു ഏറ്റുമുട്ടലിനു തയ്യറായിട്ടാണു്‌ അന്നു രാത്രി ശ്രീജിത്ത്‌ വീട്ടിലെത്തിയത്‌. സുജിത്ത്‌ വീടിന്റെ വരാന്തയില്‍ത്തന്നെ ഇരിപ്പുണ്ടായിരുന്നു.

" നീയൊക്കെ എന്തു വൃത്തികെട്ട പണിയാ കാണിച്ചത്‌?......... അവന്റെ കയ്യും കാലും തല്ലിയൊടിച്ചു വിടേണ്ടതാരുന്നു. പിന്നെ ഞങ്ങള്‍ക്കല്‍പ്പം മര്യാദയുള്ള കാരണം ചെയ്തില്ലെന്നേയുള്ളൂ". സുജിത്തിനെ കണ്ടയുടന്‍ തന്നെ ശ്രീജിത്ത്‌ ചൂടായി.

"മനസ്സിലായില്ല". സുജിത്ത്‌ ഗൗരവം വിടാതെ പറഞ്ഞു.

"തോമസുകുട്ടിയെ പറഞ്ഞയച്ചതു നീയല്ലാരുന്നോ?".

"എവിടെ പറഞ്ഞു വിട്ടെന്നാ?. ഞാനാരേയും എങ്ങും വിട്ടില്ല".

സുജിത്തിന്റെ മുഖഭാവം കണ്ടപ്പോള്‍ അയാള്‍ പറയുന്നതു സത്യമാണെന്നു ശ്രീജിത്തിനു തോന്നി.

"എന്നാല്‍ കേട്ടോ. തോമസുകുട്ടി വൈകിട്ട്‌ ഞങ്ങളുടെ ഓഫീസ്സില്‍ വന്നു കയറി. അവനു ഞങ്ങളുടെ മെംബര്‍ഷിപ്പു വേണം പോലും!. അവന്‍ മമ്മൂട്ടിയുടെയും മോഹന്‍ ലാലിന്റെയും ഫാനാണു പോലും".അതു കേട്ടിട്ട്‌ സുജിത്ത്‌ ഒരു നിമിഷം തരിച്ചിരുന്നു.

"ഓഹോ, അവന്‍ ഇത്തരം ചതിയനാണെന്നു വിചാരിച്ചില്ല. അവനെ ഞാനൊന്നു കാണട്ടെ".

***************************************************************

ഇതൊന്നുമറിയാതെ അടുത്ത ദിവസം രാവിലെ മമ്മൂട്ടി ആരാധക സംഘത്തിന്റെ ഓഫീസ്സില്‍ ചെന്ന തോമസുകുട്ടിക്കു കിട്ടിയതു മര്‍ദ്ദനമാണു്‌. കൂടാതെ മമ്മൂട്ടി ആരാധക സംഘത്തില്‍ നിന്നു പുറത്താക്കുകയും ചെയ്തു. മമ്മൂട്ടിയോടൊപ്പം മോഹന്‍ ലാലിനെയും ആരാധിക്കുന്നു എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന ഒരാളെ പിന്നെ എന്തു ചെയ്യും!.അടി കൊണ്ടു പുറത്തേക്കോടുന്നതിനിടയില്‍ തോമസുകുട്ടി ഉറക്കെ വിളിച്ചു ചോദിച്ചു:

"മമ്മൂട്ടിയേയും മോഹന്‍ ലാലിനേയും ഒരുമിച്ച്‌ ആരാധിക്കാന്‍ ഈ നാട്ടിലെ പൗരനായ എനിക്ക്‌ അവകാശം ഇല്ലേ?. രണ്ടു പേര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ എനിക്ക്‌ അവകാശം ഇല്ലേ?".

ഈ ചോദ്യത്തിനൊക്കെ ആരാണുത്തരം പറയാന്‍, അല്ലേ?.

Thursday, October 9, 2008

താങ്കള്‍ ഏറ്റവും ഭയക്കുന്നതെന്തിനെയാണു സ്നേഹിതാ ?

റ്റി.വി.യില്‍ ഒരു അഭിമുഖ പരിപാടി കണ്ടു കൊണ്ടിരിക്കുകയാണു്‌ ഞാന്‍. സാധാരണയായി റ്റി.വി. കാണുന്ന പതിവില്ലാത്തതാണു്‌. ഇന്നു പക്ഷെ എനിക്ക്‌ ഇഷ്ടപ്പെട്ട സാഹിത്യകാരനായ വാസുക്കുട്ടനുമായുള്ള അഭിമുഖ സംഭാഷണം ഉണ്ട്‌ എന്നറിഞ്ഞിട്ടു റ്റി.വി. കാണാന്‍ ഇരുന്നതാണു്‌. അഭിമുഖം ഏതാണ്ട്‌ പകുതിയോളം കഴിഞ്ഞു കാണണം. സാഹിത്യത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ അവസാനിപ്പിച്ചിട്ട്‌ അഭിമുഖം നടത്തുന്ന രാവുണ്ണി വ്യക്തിപരമായ ചോദ്യങ്ങളിലേക്കു കടന്നു.

രാവുണ്ണി- "വാസുക്കുട്ടന്‍, താങ്കള്‍ എന്തും തുറന്നടിക്കുന്നയാളാണല്ലോ. ആരെയും എന്തിനെയും എതിര്‍ത്തു സംസാരിക്കാന്‍ താങ്കള്‍ക്ക്‌ യാതൊരു ഭയവും ഇല്ല. അധികാരി വര്‍ഗ്ഗത്തിന്റെ ദുഷ്‌ പ്രവൃത്തികളെ താങ്കള്‍ നിര്‍ഭയനായി എതിര്‍ക്കാറുണ്ട്‌. എന്താ, താങ്കള്‍ക്ക്‌ ആരെയും അല്ലെങ്കില്‍ എന്തിനേയും ഭയമില്ലേ ?."

വാസുക്കുട്ടന്‍- " ഭയമുണ്ട്‌. ബുദ്ധിയുള്ള ഒരു മനുഷ്യനു ഭയവും ഉണ്ടായിരിക്കും. മനുഷ്യന്റെ ഭയമാണു്‌ അവനെ പല അപകടങ്ങളില്‍ നിന്നും രക്ഷിക്കുന്നത്‌. അഗ്നിയെ ഭയമുള്ളതു കൊണ്ടല്ലേ നമ്മള്‍ തീയില്‍ തൊട്ടു കൈ പൊള്ളിക്കാത്തത്‌ ?. അതു കൊണ്ട്‌ എനിക്കും പലതിനേയും ഭയമുണ്ട്‌."

രാവുണ്ണി- " എങ്കില്‍ പറയൂ, താങ്കള്‍ എന്തിനെയാണു്‌ ഏറ്റവും കൂടുതല്‍ ഭയക്കുന്നത്‌ ?".

വാസുക്കുട്ടന്‍-" ഞാന്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത്‌ വാര്‍ദ്ധക്യത്തെ ആണു്‌".

രാവുണ്ണി- "താങ്കള്‍ പറഞ്ഞു, അഗ്നിയെ ഭയക്കുന്നതു കൊണ്ടാണു അഗ്നിയില്‍ തൊട്ടു കൈ പൊള്ളിക്കാതെ നമ്മള്‍ രക്ഷപ്പെടുന്നതെന്ന്. എങ്കില്‍ വാര്‍ദ്ധക്യത്തെ ഭയക്കുന്ന താങ്കള്‍ക്ക്‌ അതില്‍ നിന്നു രക്ഷപ്പെടുവാനുള്ള മാര്‍ഗ്ഗവും അറിയാമായിരിക്കുമല്ലോ ?"

വാസുക്കുട്ടന്‍- "തീര്‍ച്ചയായും".

രാവുണ്ണി- "എങ്കില്‍ നമ്മുടെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കു വേണ്ടി ആ മാര്‍ഗ്ഗം ഒന്നു പറയാമോ ?".

വാസുക്കുട്ടന്‍- " എല്ലാവരേയും കൊണ്ടു സാധിക്കുന്നതല്ല അത്‌. അസാമാന്യ ധൈര്യശാലികള്‍ക്കു മാത്രമേ അതു സാധിക്കുകയുള്ളു. മാര്‍ഗ്ഗമിതാണു്‌- വാര്‍ദ്ധക്യം വന്നണയും മുമ്പേ മരണത്തെ സ്വയം വരിക്കുക. എനിക്ക്‌ അതിനുള്ള ധൈര്യമില്ല. അതിനാല്‍ മദ്ധ്യ വയസ്സിലെത്തിയ ഞാന്‍ വാര്‍ദ്ധക്യത്തിന്റെ കാലൊച്ച ഒരു നടുക്കത്തോടെയാണു കേള്‍ക്കുന്നത്‌".

രാവുണ്ണി- "വാര്‍ദ്ധക്യത്തെ ഇത്രയധികം ഭയക്കുന്നതെന്താണെന്നു വിശദീകരിക്കാമോ ?".

വാസുക്കുട്ടന്‍- "വൃദ്ധജനങ്ങളുടെ കഷ്ടപ്പാടു നിറഞ്ഞ ജീവിതമാണു ഞാന്‍ എനിക്കു ചുറ്റും കാണുന്നത്‌. മനുഷ്യ ജീവിതത്തിന്റെ ദുരന്തമാണു അവരിലൂടെ കാണാന്‍ കഴിയുന്നത്‌. വലിയ പ്രതാപത്തില്‍ ജീവിച്ചവര്‍. ഉന്നതോദ്യോഗസ്ഥരായി വിരമിച്ചവര്‍. എത്രയോ മനുഷ്യരെ ഭരിച്ചവരാണിവര്‍. എത്ര പേര്‍ക്ക്‌ ആശ്രയമായിരുന്നു. ഇപ്പോഴോ, അവശരായി, പരസഹായം കൂടാതെ ഒന്നും ചെയ്യാന്‍ കഴിവില്ലാതെ, മക്കളാലും മരുമക്കളാലും മറ്റു ബന്ധുക്കളാലും ഭരിക്കപ്പെട്ട്‌, അവഗണിക്കപ്പെട്ട്‌ നരക യാതന അനുഭവിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഭീതിയുളവാക്കുന്ന ഒന്നാണു്‌ വാര്‍ദ്ധക്യം".

രാവുണ്ണി- "ഇങ്ങനെയൊന്നും കഷ്ടപ്പെടാതെ വാര്‍ദ്ധക്യത്തിലും സുഖമായി ജീവിച്ചു മരിക്കുന്നവര്‍ ഇല്ലേ?".

വാസുക്കുട്ടന്‍- "തീര്‍ച്ചയായും. അങ്ങനെയുള്ളവര്‍ മഹാ ഭാഗ്യവാന്മാര്‍. കുറച്ചു പേര്‍ക്കു മാത്രമേ അങ്ങനെ ഭാഗ്യം കിട്ടാറുള്ളൂ. എന്റെ ഒരു ബന്ധുവിന്റെ കാര്യം പറയാം. അദ്ദേഹം മരിച്ചിട്ടു വളരെ നാളായി. എനിക്ക്‌ ഓര്‍മ്മ വയ്ക്കുമ്പോള്‍ അദ്ദേഹത്തിനു്‌ ഒരന്‍പതു വയസ്സു കാണും. ഒത്ത ശരീരം. ചെറുപ്പത്തില്‍ ഫുട്‌ ബോള്‍ കളിക്കുമായിരുന്നു എന്നു കേട്ടിട്ടുണ്ട്‌. വിദേശത്തു പോയി വളരെക്കാലം ജോലി നോക്കി വളരെ സമ്പാദിച്ചിട്ട്‌ നാട്ടില്‍ തിരിച്ചെത്തി വീടുവച്ച്‌ കുടുംബമായി താമസമായി. ചെറിയ ഒരു ധനകാര്യ സ്ഥാപനം തുടങ്ങി. ജനസമ്മതനായി, ബഹുമാന്യനായി, പ്രതാപിയായി ജീവിച്ചു. തന്നെ വന്ന് ആശ്രയിച്ചവര്‍ക്ക്‌ സ്വന്തം സ്വാധീനം ഉപയോഗിച്ച്‌ ജോലി തരപ്പെടുത്തിക്കൊടുത്തു. അങ്ങനെ ഒരു നാട്ടു പ്രമാണിയായി കഴിഞ്ഞു.

കുട്ടിയായിരിക്കുമ്പോള്‍ ഞാന്‍ നേരിട്ടു കണ്ടിട്ടുള്ളതാണു്‌- അദ്ദേഹം വീട്ടില്‍ സന്ദര്‍ശകരുമായി സംസാരിച്ചു കൊണ്ടിരിക്കുന്നു. ഇടയ്ക്ക്‌ ഇരിക്കുന്ന ഇരിപ്പില്‍ ഒരു ചന്തി ലേശമൊന്നു പൊക്കി ഈണത്തില്‍ കീഴ്‌ ശ്വാസം വിടും. പക്ഷെ അതു കേട്ടാല്‍ ആര്‍ക്കും നേരിയ ചിരി പോലും വരികയില്ല. ഗൗരവത്തില്‍ സംസാരം തുടരും!. ഞങ്ങള്‍ കുട്ടികള്‍ക്കു പോലും ചിരി വരികയില്ല-അത്‌ അദ്ദേഹമായതു കൊണ്ടു മാത്രമാണു കേട്ടോ. കീഴ്‌ ശ്വാസം- അത്‌ അദ്ദേഹത്തിന്റേതാകുമ്പോള്‍ അതിനു പരിഹാസ്യത ഇല്ലാതാകുന്നു, കുട്ടികള്‍ക്കു പോലും!. മാത്രമല്ല അതിനും ഒരു മാന്യത കൈ വരുന്നു!. ആളിന്റെ പ്രതാപം എത്രയുണ്ടെന്നു കാണിക്കാന്‍ മാത്രമാണു ഞാനിതു പറഞ്ഞതു കേട്ടോ.

നാട്ടു പ്രമാണിയായിരുന്ന, പ്രതാപിയായിരുന്ന ഈ മനുഷ്യന്റെ ജീവിതത്തിന്റ അവസാന ഭാഗം വളരെ പരിതാപകരമായിരുന്നു.

ആദ്ദേഹത്തിനു പത്തറുപതു വയസ്സായിട്ടുണ്ടാകും- കൈ വിരലുകള്‍ക്കൊരു വിറയല്‍. അത്‌ അങ്ങനെ ഇടയ്ക്കിടയ്ക്ക്‌ ഉണ്ടാകും. വിറയല്‍ ശ്രദ്ധിക്കുമ്പോള്‍ അദ്ദേഹം നെര്‍വസ്സാകും. അപ്പോള്‍ വിറയല്‍ കൂടും. പിന്നെപ്പിന്നെ വിറയലുകള്‍ക്കിടയിലെ ഇടവേള കുറഞ്ഞു വന്നു. പാര്‍ക്കിന്‍സണ്‍സ്‌ ഡിസീസിന്റെ ആരംഭമായിരുന്നു.

മരുന്നുകള്‍ കഴിച്ചു തുടങ്ങി. പക്ഷെ മരുന്നുകള്‍ കൊണ്ട്‌ ഈ അസുഖം ശരീരത്തെ ആക്രമിച്ചു കീഴടക്കുന്നതിന്റെ വേഗം അല്‍പ്പം കുറയ്ക്കാമെന്നേ ഉള്ളൂ. രോഗം മാറ്റാന്‍ യാതൊരു മരുന്നുമില്ല.

അദ്ദേഹം നടത്തിയ ധനകാര്യ സ്ഥാപനം അടച്ചു പൂട്ടി. രോഗം ചലന ശേഷിയെ ബാധിച്ചു തുടങ്ങി. വീടിനു പുറത്തിറങ്ങാതെയായി. ഏറ്റവും വലിയ കഷ്ടം അദ്ദേഹത്തിന്റെ മുഖം ഒരു വിഡ്ഢിയുടേതു പോലെയോ മന്ദബുദ്ധിയുടേതു പോലെയോ ആയി എന്നുള്ളതാണു്‌.

ശൂന്യമായ ഒരു പുഞ്ചിരി ആ മുഖത്ത്‌ എപ്പോഴും കാണും. സംസാരത്തില്‍ പരസ്പര ബന്ധമില്ലായ്മയും വിഡ്ഢിത്തവും നിറഞ്ഞു. സംസാരം കേട്ടു മറ്റുള്ളവര്‍ ചിരിയടക്കാന്‍ കഴിയാതെ വലഞ്ഞു. കീഴ്‌ ശ്വാസം വിട്ടാല്‍ കുട്ടികള്‍ പോലും ചിരിക്കാത്ത അദ്ദേഹത്തിന്റ പ്രതാപ കാലം എങ്ങു പോയി മറഞ്ഞു ?. ആ അവസ്ഥയില്‍ അദ്ദേഹത്തെ കാണുമ്പോള്‍ എനിക്കു വലിയ ദുഖവും ഭീതിയുമാണു തോന്നിയത്‌. പഴയ ആ പ്രതാപിയെ വീണ്ടും അദ്ദേഹത്തില്‍ കാണാന്‍ ഞാന്‍ കൊതിച്ചു.

ഞാന്‍ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ ഒരിക്കല്‍ എല്ലാവരും കൂടി ഒരു കല്യാണത്തിനു ഗുരുവായൂരു പോകാന്‍ തീരുമാനിച്ചു. കുട്ടികളെ കൊണ്ടു പോകേണ്ട എന്നും തീരുമാനമുണ്ടായി. പക്ഷെ എനിക്കും പോകണമെന്നു ഞാന്‍ നിര്‍ബ്ബന്ധം തുടങ്ങി. അന്നു്‌ അദ്ദേഹം ഇടപെട്ടതു കൊണ്ട്‌ എന്നെക്കൂടെ കൊണ്ടു പോകാന്‍ എല്ലാവരും സമ്മതിച്ചു. കുട്ടിയായ എനിക്ക്‌ എന്തു സന്തോഷമായി എന്നോ ?. അദ്ദേഹത്തോടു്‌ എനിക്കു വളരെ സ്നേഹവും ബഹുമാനവും തോന്നിയ ഒരു സംഭവമായിരുന്നു അത്‌. എന്നോട്‌ എന്നും സ്നേഹത്തോടെയും വാത്സല്യത്തോടെയും മാത്രമേ അദ്ദേഹം പെരുമാറിയിട്ടുള്ളു. ആ മനുഷ്യന്റെ വാര്‍ദ്ധക്യത്തിലെ പരിതാപകരമായ അവസ്ഥ എന്നില്‍ വളരെയധികം വേദനയും നടുക്കവുമുണ്ടാക്കി. അന്നു മുതല്‍ തന്നെ എന്റെ മനസ്സില്‍ വാര്‍ദ്ധക്യമെന്നത്‌ ഭീതി നിറച്ചു. ഇതേ പോലെയുള്ള വാര്‍ദ്ധക്യത്തിന്റെ ഭീകര മുഖമാണു്‌ നമുക്കു ചുറ്റും കാണാന്‍ കഴിയുന്നത്‌. എങ്ങനെ പേടി തോന്നാതിരിക്കും?".

അഭിമുഖം കുറെ നേരം കൂടി തുടര്‍ന്നു. റ്റി.വി. ഓഫാക്കി ഞാന്‍ ബെഡ്‌ റൂമിലുള്ള വലിയ കണ്ണാടിയ്ക്കു മുന്‍പില്‍ ചെന്നു നിന്നു. തലമുടിയുടെ ഭൂരിഭാഗവും നര ആക്രമിച്ചു കയറിക്കഴിഞ്ഞു.മദ്ധ്യ വയസ്സിലെത്തിയ ഞാനും വാര്‍ദ്ധക്യത്തിന്റെ കാലൊച്ച ഒരു നടുക്കത്തോടെയാണു്‌ കുറെ നാളായി ശ്രവിക്കുന്നത്‌. വാസുക്കുട്ടനും എനിക്കും ഇക്കാര്യത്തില്‍ ഒരേ ചിന്താ ഗതിയാണല്ലോ ഉള്ളത്‌!.

ഇന്നത്തെ കാലത്താണു ഞാന്‍ കോളജില്‍ പഠിക്കുന്നതെങ്കില്‍! - എങ്കില്‍ പഠനത്തിനു ശേഷം ഒരു നല്ല കരിയര്‍ പടുത്തുയര്‍ത്താന്‍ എന്തെല്ലാം സാദ്ധ്യതകളായിരുന്നു ഉണ്ടാകുമായിരുന്നത്‌. കഴിവുള്ളവര്‍ക്ക്‌ ഇന്ന് അനന്തമായ സാദ്ധ്യതകളാണു്‌ ലഭിക്കുന്നത്‌ - 'sky is the limit' എന്നു പറയുമ്പോലെ. പക്ഷെ ഞാന്‍ പഠിക്കുമ്പോള്‍ ഇങ്ങനെയുള്ള സാദ്ധ്യതകളൊന്നും ഇല്ലായിരുന്നു. കമ്പ്യൂട്ടറിന്റെ വ്യാപനമായിരിക്കാം ഇപ്പോഴത്തെ നല്ല കാലത്തിനു കാരണം. ഇന്നത്തെ യുവ തലമുറയുടെ ഉയര്‍ച്ചയില്‍ ചെറിയ ഒരു അസൂയ ഉണ്ടെന്നു പറയാതെ തരമില്ല.

എന്റെ നര കയറിയ തലയിലേയ്ക്ക്‌ ദുഃഖത്തോടെ ഞാന്‍ നോക്കി നിന്നു - വാര്‍ദ്ധക്യത്തിനു കീഴടങ്ങാന്‍ ഇനി എത്ര നാള്‍ ?

"എനിക്കെന്റെ യൗവ്വനം തിരികെ തരൂ". ഞാന്‍ പറഞ്ഞതല്‍പ്പം ഉറക്കെയായിപ്പോയി.

"എന്താ, എന്താ ഉറക്കെ വിളിച്ചു കൂവിയത്‌ ?".എന്റെ ശബ്ദം കേട്ട്‌ ഭാര്യ ഓടി വന്നു.

" ഏയ്‌, ഒന്നുമില്ല. എനിക്കെന്റെ യൗവ്വനം തിരിച്ചു തരാന്‍ ആവശ്യപ്പെടുകയായിരുന്നു ".

" എന്നിട്ടു തിരികെ കിട്ടിയോ ?". അവള്‍ ചിരിച്ചു കൊണ്ടു ചോദിച്ചു.

" ഇല്ല. പക്ഷെ വാര്‍ദ്ധക്യത്തിന്റെ വരവിന്റെ സ്പീഡ്‌ ഒന്നു കുറയ്ക്കാനുള്ള മാര്‍ഗ്ഗം പെട്ടെന്നാണു്‌ എനിക്കു തോന്നിയത്‌ ".

" അതെന്തു മാര്‍ഗ്ഗം ?".

" നീയുമായുള്ള ഇടപഴകല്‍ ഒന്നു കൂട്ടുക. ദാ ഇങ്ങനെ ".ഞാന്‍ അവളെ പിടിച്ചു ചേര്‍ത്തു നിര്‍ത്തി.

" അങ്ങനിപ്പം ഇടപഴകണ്ട. എനിക്കു തല്‍ക്കാലം വേറെ അല്‍പ്പം ജോലിയുണ്ട്‌ ".

അവള്‍ എന്റെ പിടി വിട്ട്‌ കുതറിയോടിക്കളഞ്ഞു. ചിരിച്ചു കൊണ്ട്‌ ഓടിക്കളഞ്ഞ അവളില്‍ നിന്നു്‌ എന്റെ നോട്ടം വീണ്ടും കണ്ണാടിയിലെ പ്രതിബിംബത്തില്‍ പതിച്ചു.

" എടോ മദ്ധ്യവയസ്സാ. താന്‍ ആളു കൊള്ളാമല്ലോ ". ഇത്തവണ ഞാന്‍ ശബ്ദം താഴ്ത്തിയാണു പറഞ്ഞത്‌ ".

Thursday, August 21, 2008

മൊസൈക് സ്വാമിയുടെ ക്രൂരവിനോദങ്ങള്‍

ചില മനുഷ്യരെ ആദ്യമായി കാണുമ്പോള്‍ത്തന്നെ നിങ്ങള്‍ക്ക്‌ അവരോട്‌ അകാരണമായി ഒരു ദേഷ്യം തോന്നിയിട്ടില്ലേ ?.ചിലരെ ആദ്യമായി കാണുമ്പോള്‍ത്തന്നെ, തിരോന്തരം ഭാഷയില്‍ പറഞ്ഞാല്‍, അവന്റെ 'കപാലക്കുറ്റി' നോക്കി ഒന്നു കൊടുക്കാന്‍ തോന്നാറില്ലേ ?. എന്താണെന്നറിയില്ല, അതങ്ങനെയാണു്‌.ഒരു പക്ഷെ മുജ്ജന്മത്തില്‍ അവര്‍ നിങ്ങളുടെ ശത്രുക്കളായിരുന്നിരിക്കാം,അല്ലാതെ എന്തു കാരണം പറയാനാ, അല്ലേ ?. ഒന്നോര്‍ക്കുക-നിങ്ങളെ കാണുമ്പോള്‍ മറ്റു ചിലര്‍ക്കും ഇതേ തോന്നലുണ്ടാവുന്നുണ്ടായിരിക്കാം!.

ഞാന്‍ തിരുവനന്തപുരം എഞ്ചിനിയറിംഗ്‌ കോളജില്‍ പഠിക്കുന്ന കാലം (അന്ന്‌ തിരുവനന്തപുരത്ത്‌ ആകെ ഒരു എഞ്ചിനിയറിംഗ്‌ കോളജ്‌ മാത്രമേ ഉണ്ടായിരുന്നുള്ളു). ഒന്നാം സെമസ്റ്റര്‍ ആണു്‌, കോഴ്സ്‌ തുടങ്ങിയിട്ട്‌ അധിക നാളായിട്ടില്ല.ഹോസ്റ്റലില്‍ ആണു താമസം.എഞ്ചിനിയറിംഗ്‌ കോളജിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു വരുന്നതേ ഉള്ളു.രാവിലെ എട്ടരയ്ക്കു ക്ലാസ്സ്‌ തുടങ്ങും. ഹോസ്റ്റലില്‍ നിന്ന്‌ കോളജിലേക്കു പോകുന്നത്‌ ഓരോ ഗ്രൂപ്പായിട്ടായിരിക്കും.

അന്നു രാവിലെ എട്ടരയ്ക്കു ക്ലാസ്സിലെത്താന്‍ തത്രപ്പെട്ടു പോവുകയാണു ഞങ്ങള്‍. എഞ്ചിനിയറിംഗ്‌ മെക്കാനിക്സ്‌ ആണു്‌ ആദ്യത്തെ ക്ലാസ്സ്‌. മൊസൈക്‌ സ്വാമി എന്നറിയപ്പെടുന്ന, സിവില്‍ എഞ്ചിനിയറിങ്ങിലെ ഒരു സാറാണു്‌ ക്ലാസ്സ്‌ എടുക്കുന്നത്‌.ഹോസ്റ്റലേഴ്സ്‌ ഒരു പടയായി ചെന്നു കയറിയതും മൊസൈക്കു സ്വാമി ക്ലാസ്സിലെത്തിയതുമൊരുമിച്ചായിരുന്നു.

ഡേ സ്കോളേഴ്സ്‌ നേരത്തേ തന്നെ മുന്‍ നിര സീറ്റെല്ലാം കൈയ്യടക്കിയിരുന്നു. അല്ലെങ്കില്‍ തന്നെ, മുന്നിലുള്ള സീറ്റുകള്‍ ഒഴിഞ്ഞു കിടന്നാലും ഹോസ്റ്റലേഴ്സ്‌ പുറകിലുള്ള സീറ്റുകളിലെ ഇരിക്കാറുള്ളു.(ഈ മൊസൈക്‌ സ്വാമിയുടെ യഥാര്‍ത്ഥ പേരെന്താണെന്ന്‌ അന്നും ഇന്നും എനിക്കറിയില്ല. അതറിയാന്‍ ഞങ്ങള്‍ക്കാര്‍ക്കും താല്‍പ്പര്യവും ഉണ്ടായിരുന്നില്ല.അല്ലെങ്കില്‍ത്തന്നെ ഒരു പേരില്‍ എന്തിരിക്കുന്നു, അല്ലേ ?. ആ പേരു കിട്ടിയത്‌ എങ്ങനെയാണാവോ?. സ്വാമി എന്നുള്ളത്‌ അദ്ദേഹം പട്ടരായതു കൊണ്ടാണു്‌.മൊസൈക്‌ എങ്ങനെ വന്നുവെന്നറിയില്ല.)

ക്ലാസ്സ്‌ തുടങ്ങിയതേ ഉള്ളു. അപ്രതീക്ഷിതമായതു സംഭവിക്കുന്നു!. മൊസൈക്‌ സ്വാമി എന്റെ നേരെ കൈ കാണിക്കുന്നു - എഴുന്നേറ്റു നില്‍ക്കാന്‍. അറിഞ്ഞു കൊണ്ട്‌ ഒരു തെറ്റും ചെയ്തിട്ടില്ല, പിന്നെ എന്തിനാണാവോ എന്നെ എഴുന്നേല്‍പ്പിക്കുന്നത്‌.

"ഹാവ്‌ യൂ ഡണ്‍ യുവര്‍ ഹോം വര്‍ക്ക്‌ ?"

ഓ! അപ്പോള്‍ അതാണു കാര്യം!. കഴിഞ്ഞ ദിവസം ഒരു പ്രോബ്ലം ചെയ്യാനായി തന്നിരുന്നു.( ഹോസ്റ്റലേര്‍സായുള്ളവര്‍ ഉഴപ്പന്മാരും ഹോം വര്‍ക്കു ചെയ്യുക എന്നതു പോലുള്ള നല്ല കാര്യങ്ങളിലൊന്നും വിശ്വാസമില്ലാത്തവരും ആണെന്നാണു്‌ അദ്ദേഹത്തിന്റെ വിശ്വാസം.) ഏതായാലും അദ്ദേഹത്തിന്റെ വിശ്വാസം തെറ്റിയില്ല!. ഞാന്‍ ഹോം വര്‍ക്ക്‌ ചെയ്തിരുന്നില്ല.

"ഐ ഡിഡിന്റ്‌ നോ ഹൗ റ്റു സോള്‍വ്‌ ദ പ്രോബ്ലം"

നേരേചൊവ്വേ ഇംഗ്ലീഷ്‌ പറയാന്‍ അറിയാത്ത എന്റെ നാടന്‍ ഉച്ചാരണത്തില്‍ ഞാന്‍ പറഞ്ഞു. നാട്ടിന്‍ പുറത്തെ ഒരു സാധാരണ മലയാളം സ്കൂളില്‍ പഠിച്ചു വന്ന എനിക്കുണ്ടോ ഇംഗ്ലീഷ്‌ സംസാരിക്കാന്‍ അറിയുന്നു.( 'ഡിഡിന്റ്‌' എന്നൊക്കെ ഉച്ചരിച്ചാല്‍ ക്ലാസ്സിലെ, ഇംഗ്ലീഷ്‌ അറിയാവുന്ന നാടന്‍ സായ്പ്പന്മാര്‍ക്കു പുച്ഛം തോന്നും എന്നൊന്നും ഞാന്‍ അപ്പോള്‍ ചിന്തിച്ചിരിക്കില്ല.)

പക്ഷെ, ഞാന്‍ പറഞ്ഞതു വാസ്തവം തന്നെ ആയിരുന്നു. ആ പ്രോബ്ലം ചെയ്യാന്‍ അറിയാത്തതു കൊണ്ടു മാത്രമാണു ഞാന്‍ ചെയ്യാതിരുന്നത്‌.എന്റെ ഗതികേടു കണ്ടു രസിച്ചിരിക്കുന്ന മറ്റുള്ളവര്‍ക്കിടയില്‍ വിഡ്ഢി വേഷം കെട്ടി നില്‍ക്കുന്ന എന്റെ അടുത്തേയ്ക്ക്‌ മൊസൈക്‌ സ്വാമി നടന്നു വന്നു.

എന്റെ, നോട്ടെഴുതിയ പേപ്പറുകള്‍ മറിച്ചു നോക്കി. ക്ലാസ്സില്‍ കൊണ്ടു വരുന്ന പ്ലാസ്റ്റിക്‌ ഫയലില്‍ ഞാന്‍ തലേ ദിവസത്തെ നോട്ടെഴുതിയ പേപ്പറുകള്‍ മാത്രമേ എടുത്തു വച്ചിരുന്നുള്ളു.

"ഒണ്‍ളി ദിസ്‌ മച്ച്‌ ?! വാട്ട്‌ എബൗട്‌ ദി അദര്‍ ഡേയ്സ്‌ നോട്സ്‌ ?"

"ഇന്‍ മൈ റൂം". വീണ്ടും എന്റെ മുറി ഇംഗ്ലീഷ്‌.

(തെറ്റൊന്നും ചെയ്തിട്ടില്ല എന്ന ഉറച്ച ബോധത്തോടെ തല ഉയര്‍ത്തി നിന്ന്‌ ധൈര്യത്തോടെയാണതു പറഞ്ഞത്‌. അങ്ങനെ ബോള്‍ഡാവുന്നതൊന്നും മൊസൈക്‌ സ്വാമിയെപ്പോലുള്ള തികഞ്ഞ യാഥാസ്ഥിതികരായ അവിടത്തെ അദ്ധ്യാപകര്‍ക്ക്‌ സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല.അവരുടെ മുന്‍പില്‍ കുറ്റവാളിയെ പോലെ ഒന്നും മിണ്ടാതെ തലകുനിച്ചു നില്‍ക്കുന്നതാണു്‌ അവര്‍ക്കിഷ്ടം.)

"ദെന്‍ വൈ ഡോണ്ട്‌ യൂ ആള്‍സോ റിമൈന്‍ ഇന്‍ യുവര്‍ റൂം ?" മൊസൈക്‌ സ്വാമി തിരിച്ചടിച്ചു.

മൊസൈക്‌ സ്വാമി എന്നെ ഒരു നോട്ടപ്പുള്ളി ആക്കി കഴിഞ്ഞു.

സ്വാമിയുടെ മുന്‍പില്‍ കരുതലോടെ ഇരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഇഷ്ടമില്ലാത്ത വിദ്യാര്‍ഥികളുടെ സെഷണല്‍ മാര്‍ക്കു കുറച്ച്‌ അവരെ ഒതുക്കാന്‍ വിരുതനാണു്‌ അദ്ദേഹം. ടെസ്റ്റു പേപ്പറിന്റെയും അസൈന്മെന്റിന്റെയും മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണു്‌ സെഷണല്‍ മാര്‍ക്കിടുന്നതെന്നതിനാല്‍ ഞാന്‍ മൊസൈക്‌ സ്വാമിയുടെ ടെസ്റ്റ്‌ പേപ്പറുകളും അസൈന്മെന്റുകളും വളരെ കരുതലോടെയാണു്‌ എഴുതിയത്‌. ടെസ്റ്റ്‌ പേപ്പര്‍ നടക്കുമ്പോഴൊക്കെ ഞാന്‍ കോപ്പിയടിക്കുന്നുണ്ടെങ്കില്‍ പിടിക്കാന്‍ മൊസൈക്‌ സ്വാമി അശ്രാന്ത പരിശ്രമം നടത്തി. പക്ഷെ അങ്ങനെയൊരു സ്വഭാവം എനിക്ക്‌ ഇല്ലാത്തതു കാരണം അതിലൊന്നും എനിക്കു പേടി ഇല്ലായിരുന്നു.

ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നവരോട്‌ മൊസൈക്‌ സ്വാമിക്കുള്ള വിരോധം പ്രസിദ്ധമായിരുന്നു.ഹോസ്റ്റലേഴ്സ്‌ ഉഴപ്പാന്‍ വേണ്ടി വരുന്നവരാണെന്നും, കോളജില്‍ കുഴപ്പങ്ങള്‍ മുഴുവന്‍ ഉണ്ടാക്കുന്നത്‌ അവരാണെന്നും വിശ്വസിക്കുന്നവരായിരുന്നു മൊസൈക്‌ സ്വാമിയെപ്പോലെ സീനിയറായ പല അദ്ധ്യാപകരും. ഡേ സ്കോളേഴ്സിനെയാണു അവര്‍ക്കെല്ലാം പ്രിയം.

( ഹോസ്റ്റല്‍, കോളജ്‌ കോമ്പൗണ്ടിനുള്ളില്‍ ആണെങ്കിലും ഏറ്റവും ഒടുവില്‍ ക്ലാസില്‍ എത്തുന്നത്‌ ഹോസ്റ്റലേഴ്സാണു്‌. ക്ലാസ്സില്‍ കയറിയാലോ മുന്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടപ്പുണ്ടെങ്കില്‍ പോലും ഏറ്റവും പിന്നിലുള്ള സീറ്റുകളിലേ ഇരിക്കൂ.സകല ഗുലുമാലുകളുടെ പിന്നിലും ഹോസ്റ്റലേഴ്സ്‌ ആയിരിക്കും.മാത്രമല്ല ഓരോ ക്ലാസ്സിലും ഏറ്റവും നന്നായി പഠിക്കുന്ന കുട്ടികള്‍ ഡേ സ്കോളേഴ്സ്‌ ആയിരിക്കും.ഇങ്ങനെയുള്ള കാരണങ്ങളാണു്‌ മൊസൈക്‌ സ്വാമിയെപ്പോലുള്ള അദ്ധ്യാപകര്‍ ഹോസ്റ്റലേഴ്സിനെ വെറുക്കാന്‍ കാരണം.)

ഏതായാലും മറ്റു കുഴപ്പങ്ങളൊന്നും ഇല്ലാതെ ആ സെമസ്റ്റര്‍ അവസാനിച്ചു. മൊസൈക്‌ സ്വാമി സെഷണല്‍ മാര്‍ക്ക്‌ പരമാവധി കുറച്ചാണു തന്നത്‌. അന്നു്‌ ഒന്നാം സെമസ്റ്റര്‍ മുതല്‍ തന്നെ യൂണിവേഴ്സിറ്റി പരീക്ഷയുണ്ട്‌. സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞു മാര്‍ക്ക്‌ ലിസ്റ്റു കിട്ടിയപ്പോള്‍ വലിയ കുഴപ്പമില്ലാതെ എല്ലാ വിഷയങ്ങള്‍ക്കും പാസ്സായിട്ടുണ്ട്‌.

നമ്മുടെ വിഷയം ഇലക്ട്രിക്കലാണെങ്കിലും സിവിലു കാരുടെ ചില സബ്ജെക്റ്റുകള്‍ ആദ്യ ചില സെമസ്റ്ററുകളില്‍ പഠിക്കേണ്ടതായുണ്ട്‌. മൊസൈക്‌ സ്വാമിയായിരിക്കരുതേ പഠിപ്പിക്കാന്‍ വരുന്നത്‌ എന്ന പ്രാര്‍ഥനയോടെയാണു്‌ പുതിയ സെമസ്റ്റര്‍ തുടങ്ങുമ്പോള്‍ ആദ്യത്തെ ക്ലാസ്സുകളില്‍ ഇരിക്കുന്നത്‌.

രണ്ടാം സെമസ്റ്ററില്‍ സര്‍വേയിംഗ്‌ പ്രാക്റ്റിക്കല്‍ ഉണ്ട്‌.അതിനു്‌ മോസൈക്‌ സ്വാമിയല്ല. രക്ഷ പെട്ടു എന്നു കരുതി. പക്ഷെ നമ്മുടെ കഷ്ടകാലത്തിനു്‌ 'വരാനുള്ളതു വഴിയില്‍ തങ്ങുകയില്ല' എന്നാരോ പറഞ്ഞു വച്ചിട്ടുണ്ടല്ലോ !.

രണ്ടാം സെമസ്റ്റര്‍ അവസാനിച്ചു. തിയറി പരീക്ഷകളെല്ലാം കഴിഞ്ഞു. സര്‍വേയിംഗ്‌ പ്രാക്റ്റിക്കല്‍ പരീക്ഷയുടെ ദിവസം. രാവിലെ മുതല്‍ നല്ല മഴ. ഈ മഴയത്ത്‌ എങ്ങനെ സര്‍വേയിംഗ്‌ നടത്തും എന്ന് വിചാരിച്ചു കൊണ്ടാണു്‌ പരീക്ഷയ്ക്കു ചെന്നത്‌.

അപ്പോഴാണു ഹൃദയ ഭേദകമായ ആ കാഴ്ച കാണുന്നത്‌. പരീക്ഷ നടത്താന്‍ വന്നിരിക്കുന്ന രണ്ടു സാറന്മാരില്‍ ഒരാള്‍ സാക്ഷാല്‍ മൊസൈക്‌ സ്വാമി!. അദ്ദേഹമാണു്‌ എക്സ്റ്റേണല്‍ എക്സാമിനര്‍. (ചിലപ്പോള്‍ അങ്ങനെ സംഭവിക്കാറുണ്ട്‌-അതേ കോളജിലെ അദ്ധ്യാപകന്‍ തന്നെ എക്സ്റ്റേണല്‍ എക്സാമിനര്‍ ആകുക.)

എന്നെ കണ്ടതും മൊസൈക്‌ സ്വാമിയുടെ നിര്‍വ്വികാരമായ മുഖത്ത്‌ ഇടയ്ക്കു പ്രത്യക്ഷപ്പെടാറുള്ള, മനുഷ്യനെ വലിപ്പിക്കുന്ന ആ ഓഞ്ഞ ചിരി പ്രത്യക്ഷപ്പെട്ടു. അപ്രതീക്ഷിതമായി ഒരു നല്ല ഇരയെ കിട്ടിയതിന്റെ സന്തോഷം!.

മഴയായതു കൊണ്ട്‌ വെളിയില്‍ വച്ചു സര്‍വേയിംഗ്‌ നടത്തേണ്ടെന്നായിരുന്നു മൊസൈക്‌ സ്വാമിയുടെ തീരുമാനം. അതിനു പകരമായി തിയോഡലൈറ്റ്‌ സര്‍വേയുടെ ചില റീഡിംഗ്‌ അദ്ദേഹം തരും. ഞങ്ങള്‍ കാല്‍ക്കുലേഷന്‍ നടത്തി കാണിക്കണം. അതിനു ശേഷം വൈവ.

കാല്‍ക്കുലേഷനെല്ലാം ഞാന്‍ ശരിയായിട്ടു ചെയ്തു. വൈവയ്ക്കു വേണ്ടി ഞാന്‍ സ്വാമിയുടെ മുന്‍പില്‍ ഇരിക്കുന്നു. എന്റെ ആത്മവിശ്വാസം തകര്‍ക്കാനായിരിക്കണം അദ്ദേഹം ആദ്യമായി പറഞ്ഞത്‌ ഇതാണു്‌.

"തന്നെ ഞാന്‍ ജയിപ്പിക്കത്തില്ല കേട്ടോ"

പിന്നീടു ചോദ്യങ്ങള്‍ ആരംഭിച്ചു. വലിയ കുഴപ്പം കൂടാതെ ഉത്തരങ്ങള്‍ പറഞ്ഞു. പരീക്ഷ കഴിഞ്ഞു മാര്‍ക്കു ലിസ്റ്റു കിട്ടുന്നതു വരെയുള്ള ആ വലിയ ഇടവേളയില്‍ പലപ്പോഴും മൊസൈക്‌ സ്വാമിയുടെ ക്രൂരമായ ശബ്ദം എന്റെ ചെവിയില്‍ മുഴങ്ങി- "തന്നെ ഞാന്‍ ജയിപ്പിക്കത്തില്ല കേട്ടോ"

സര്‍വേയിംഗ്‌ പ്രാക്റ്റിക്കലിനു തോല്‍ക്കുമെന്നു ഞാന്‍ ഉറപ്പാക്കി. ഇതു വരെ ഒരു പരീക്ഷയ്ക്കും തോറ്റിട്ടില്ല. ജീവിതത്തില്‍ ആദ്യമായി അതു സംഭവിക്കാന്‍ പോകുന്നു. അവസാനം പരീക്ഷാ ഫലം വന്നു.എനിക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല.സര്‍വേയിങ്ങിനും ഞാന്‍ ജയിച്ചിരിക്കുന്നു!. പക്ഷെ അതിനു മാര്‍ക്ക്‌ വളരെ കുറവാണു്‌. എങ്കിലും മൊസൈക്‌ സ്വാമി തോല്‍പ്പിച്ചില്ല!. അദ്ഭുതം തന്നെ!. തോല്‍പ്പിക്കുവാനുള്ള പഴുതു കിട്ടിക്കാണില്ല. ഏതായാലും എനിക്ക്‌ ആശ്വാസമായി. ഹാവൂ! രക്ഷ പെട്ടു.

വേറൊരദ്ധ്യാപകനും എന്നോടിങ്ങനെ അകാരണമായി മോശമായി പെരുമാറിയിട്ടില്ല. അകാരണമായി ഒരാളോടു ദേഷ്യം തോന്നുന്നതെന്തായിരിക്കാം?. ഇവിടെ ആദ്യത്തെ ഖണ്ഡികയില്‍ ഞാന്‍ പറഞ്ഞതായിരിക്കാം അതിന്റെ കാര്യം, അല്ലേ?

മൊസൈക്‌ സ്വാമിയെ പോലുള്ള അദ്ധ്യാപകര്‍ ഇപ്പോഴും തിരുവനന്തപുരം എഞ്ചിനിയറിംഗ്‌ കോളജില്‍ ഉണ്ടോ ആവോ?

Thursday, July 31, 2008

വയസ്സന്മാര്‍ കൂട്ടത്തോടെ പേരു മാറുന്നു

"നമ്മുടെ പേരു മാറാനുള്ള പ്രൊസീജിയര്‍ എന്താ?"

സുഹൃത്തിന്റെ ചോദ്യം കേട്ടിട്ട്‌ ഞാന്‍ തിരിച്ചു ചോദിച്ചു.

"ആരുടെ പേരു മാറാനാ?"

"എന്റെ തന്നെ"

"ഈ വയസ്സാംകാലത്ത്‌ ഇനി എന്തോന്നു പേരു മാറാനാ ?.റിട്ടയര്‍ ചെയ്യാന്‍ ഒരു വര്‍ഷം പോലുമില്ല.അപ്പോഴാ പേരു മാറാന്‍ പോകുന്നത്‌.മാത്രമല്ല തനിക്കു നല്ല ഒന്നാം തരം പേരല്ലേ ഉള്ളത്‌ ?"

"അതു തന്നെയാ കുഴപ്പം" രാജ്‌ കുമാര്‍ പറഞ്ഞു.എന്നെ നോക്കി അയാള്‍ തുടര്‍ന്നു

"ഏടോ, അപ്പൂപ്പനാകാന്‍ പ്രായമായ തനിക്കും എനിക്കും ഒക്കെ പറ്റിയ പേരാണോ രാജ്‌ കുമാറെന്നുള്ളത്‌ ?. ഇതൊക്കെ വല്ല ചെറുപ്പക്കാര്‍ക്കും പറ്റിയ പേരല്ലേ ?"

ഞാന്‍ ചിരിച്ചു പോയി.

"സംഗതി ശരിയാ.എന്റെ കാര്യവും അങ്ങനെ തന്നെ. പ്രദീപ്‌ കുമാര്‍ അപ്പൂപ്പന്‍ എന്നു കേട്ടാല്‍ ആരും ചിരിച്ചു പോകും"ഞാന്‍ തുടര്‍ന്നു.

"പക്ഷെ സാരമില്ലെടോ. നമ്മുടെ തലമുറയിലെ മിക്കവര്‍ക്കും ഇങ്ങനെയൊരു പ്രോബ്ലം ഉള്ളതു കൊണ്ട്‌ ഇതൊരു സാധാരണ സംഭവമായി മാറിക്കൊള്ളും.ഇപ്പോള്‍ തോന്നുന്ന പരിഹാസ്യത പതുക്കെ മാറും.പേടിക്കാതെ"

പക്ഷെ ഞാന്‍ ഈ പറഞ്ഞത്‌ അയാള്‍ക്ക്‌ അത്ര വിശ്വാസമായില്ല,എനിക്കും.

"അല്ലെടോ, തനിക്ക്‌ ഇപ്പഴിങ്ങനെ തോന്നാനുള്ള പ്രകോപനം എന്താണു്‌ ?"

അയാള്‍ സംഭവം വിവരിക്കാന്‍ തുടങ്ങി-കഴിഞ്ഞ ദിവസം ഞാന്‍ എന്റെയൊരു പരിചയക്കാരനെ കാണാന്‍ അയാളുടെ ഒാഫീസില്‍ പോയിരുന്നു.നേരത്തെ അറിയിച്ചിട്ടാണു പോയത്‌.ഞാന്‍ ചെന്നപ്പോള്‍ അയാള്‍ അത്യാവശ്യമായി പുറത്തു പോയിരിക്കുകയായിരുന്നു.

രാജ്‌ കുമാര്‍ ഒന്നു നിര്‍ത്തിയിട്ടു തുടര്‍ന്നു-പോയപ്പോള്‍ അയാള്‍ അവിടുത്തെ ഒരാളോടു പറഞ്ഞിട്ടാണു പോയത്‌,ഞാന്‍ ചെല്ലുകയാണെങ്കില്‍ അല്‍പ്പനേരം ഇരിക്കാന്‍ പറയണമെന്ന്'.

ഞാന്‍ ചെന്നപ്പോള്‍ ഈ വിദ്വാന്‍ എന്റെ പേരു ചോദിച്ചു.ഞാന്‍ പേരു പറഞ്ഞപ്പോള്‍അയാള്‍ ഒരു ചിരിയോടെ ചോദിച്ചു.

"ങാഹാ, നിങ്ങളാണോ രാജ്‌ കുമാര്‍ ?"

"എന്താ എനിക്കാ പേരിടാന്‍ കൊള്ളില്ലേ ?".ഞാന്‍ അല്‍പ്പം നീരസത്തോടെ ചോദിച്ചു.

"അല്ല, രാജ്‌ കുമാര്‍ എന്നു കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചു.ചെറുപ്പക്കാരാരെങ്കിലും ആയിരിക്കുമെന്ന്".(അയാള്‍ ഒരു ചെറുപ്പക്കാരന്‍ പയ്യനായിരുന്നു)"

"ഞാനും ഒരിക്കല്‍ ചെറുപ്പക്കാരനായിരുന്നു ചങ്ങാതീ.അന്നും എന്റെ പേരിതു തന്നെ ആയിരുന്നു.വയസ്സനായാല്‍ പേരും മാറ്റണമെന്ന് ഇപ്പഴാ മനസ്സിലാകുന്നത്‌".

എന്റെ സുഹൃത്തു വരുന്നതു വരെ ഇരിക്കാന്‍ അയാള്‍ പറഞ്ഞു.പക്ഷെ ഞാന്‍ അങ്ങനെ വെറുതെ വിടാന്‍ ഒരുക്കമല്ലായിരുന്നു.

"അനിയന്റെ പേരെന്താ ?"

"ജിത്തു".അയാള്‍ മടിച്ചാണു പേരു പറഞ്ഞത്‌.

"അനിയന്‍ ഒരു കാലത്ത്‌ അപ്പൂപ്പനാകുമല്ലോ.അപ്പോള്‍ ഈ പേരു മാറ്റുമായിരിക്കും, അല്ല്യോ ?. ജിത്തു അപ്പൂപ്പനെന്നൊക്കെ കേള്‍ക്കാന്‍ മഹാ ബോറല്യോ ?"

അയാള്‍ ഒന്നും മിണ്ടിയില്ല.......................രാജ് കുമാര്‍ പറഞ്ഞു നിര്‍ത്തി.

"അപ്പോള്‍, ഈ സംഭവത്തിനു ശേഷമാണു താന്‍ പേരു മാറണോ എന്നു ചിന്തിച്ചത്‌.അതു ശരി"

അപ്പോള്‍ ആ വിഷയം ഉപേക്ഷിച്ചെങ്കിലും പിന്നീട്‌ അത്‌ മനസ്സില്‍ കടന്നു വന്നു-പത്തെണ്‍പതു വയസ്സായി വടിയും കുത്തിപ്പിടിച്ചു പിച്ചപ്പിച്ച നടന്നു വരുന്ന രാജ്‌ കുമാറിനേയും പ്രദീപ്‌ കുമാറിനെയുമൊക്കെ ഞാന്‍ സങ്കല്‍പ്പിച്ചു നോക്കി.

പേരു മാറണോ ? - എനിക്കും ഒരു ശങ്ക.

എനിക്കൊരു കസിന്‍ ഉണ്ട്‌.എന്നെക്കാള്‍ മൂന്നു വയസ്സിനു മൂത്തതാണു്‌.പുള്ളിക്കാരന്റെ പേര്‍ ഗോവിന്ദപ്പിള്ള എന്നാണു്‌.ഞങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ അദ്ദേഹത്തിനു തീരെ ഇഷ്ടമല്ലായിരുന്നു സ്വന്തം പേര്‍- ഇതെന്തു പഴഞ്ചന്‍ പേരാണു ഗോവിന്ദപ്പിള്ള !.സമപ്രയക്കാര്‍ക്കെല്ലാം നല്ല ഉഗ്രന്‍ മോഡേണ്‍, ഫാഷണബിളായുള്ള പേരുകള്‍ !

പക്ഷേ, ഇപ്പോള്‍ , ഈ പ്രായത്തിലോ ?- ഗോവിന്ദപ്പിള്ള എന്നതു പ്രായത്തിനു ചേര്‍ന്ന പ്രൗഢമായ ഒന്നാം തരം പേര്‍.പുള്ളി പേരിന്റെ കാര്യത്തില്‍ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാവും!

ഗോവിന്ദപ്പിള്ള എന്നു കേള്‍ക്കുമ്പോള്‍ ഒരു അപരിചിതന്റെ മനസ്സില്‍ ഒരു ഇരുത്തം വന്ന പ്രൗഢ ഗംഭീരനായ ഒരാളിന്റെ രൂപമായിരിക്കും കടന്നു വരിക.

എന്നാല്‍ രാജ്‌ കുമാറെന്നോ പ്രദീപ്‌ കുമാറെന്നോ കേള്‍ക്കുമ്പോഴോ ഏതെങ്കിലും പയ്യന്മാരാരെങ്കിലും അയിരിക്കും എന്നു തോന്നും,അല്ലേ ?

അടുത്ത ദിവസം ഞാന്‍ രാജ്‌ കുമാറിനെ കണ്ടപ്പോള്‍ ചോദിച്ചു-

"അപ്പോ, പേരു മാറണ്ടേ ?"

"വേണം.എന്റെ പുതിയ പേരു്‌ നാരായണന്‍ കുട്ടി.തനിക്കും ഞാന്‍ ഒരു പുതിയ പേരു കണ്ടു വച്ചിട്ടുണ്ട്‌-രാജപ്പന്‍.എന്താ പോരേ ?"

അപ്പോ നിങ്ങളും പേരു മാറുകയല്ലേ ചങ്ങാതീ, ഒന്ന് ആലോചിച്ചു നോക്കൂ.

Saturday, April 26, 2008

മനുഷ്യനും പട്ടിയും ഒന്നു പോലാകുന്ന നിമിഷങള്‍

സമയം സന്ധ്യ കഴിഞ്ഞിരുന്നു.രണ്ടു പേരൊഴികെ എല്ലാവരും ആഘോഷം കഴിഞ്ഞു പോയിരുന്നു.പോകാത്ത രണ്ടുപേര്‍ അഭിനവ ഭാസ്കര പട്ടേലരും തൊമ്മിയുമായിരുന്നു-സേവിയറും തോമസും.അവര്‍ എപ്പോഴും അങ്ങനെ ആണു്‌.അവസാനത്തെ തുള്ളിയും തീര്‍ത്തു മാത്രമേ പോകൂ.രണ്ടിനും ഭയങ്കര കപ്പാസിറ്റിയാണെന്നു കൂട്ടിക്കോ.ആഘോഷം കഴിഞ്ഞു പോയവര്‍ ഭക്ഷണം കഴിച്ച പ്ലേറ്റുകള്‍, മദ്യമൊഴിച്ചു കുടിച്ച ഗ്ലാസ്സുകള്‍, ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ എന്നിവ മേശപ്പുറത്തു ചിതറിക്കിടന്നു, കാക്ക ചികഞ്ഞിട്ടതു പോലെ.രാവിലെ വരുമ്പോള്‍ തൂപ്പുകാരിക്കു നല്ല പണിയായി.ഈ വൃത്തികേടൊക്കെ കാണുമ്പോള്‍ അവര്‍ ഉള്ളില്‍ ചീത്ത വിളിക്കുന്നുണ്ടാവും.

"എന്താ കേറ്റിക്കഴിഞ്ഞില്ലേ, ഇനി പോകാം ?". സേവിയര്‍ ചോദിച്ചു.

കുപ്പി കാലിയാക്കി അവസാനത്തെ തുള്ളിയും മോന്തുകയായിരുന്ന തോമസ്‌ തലയാട്ടി.

"ഒാാാക്കെ"

വാതില്‍ അടച്ചു പൂട്ടി അവര്‍ പുറത്തെ ഇരുട്ടിലേയ്ക്ക്‌ ഇറങ്ങി.വഴിയരികില്‍ പാര്‍ക്കു ചെയ്തിരുന്ന കാറു തുറന്ന് സേവിയര്‍ ഡ്രൈവര്‍ സീറ്റില്‍ ഇരുന്നു, തോമസ്‌ അയാളുടെ ഇടതു വശത്തും.കാറു സ്റ്റാര്‍ട്ടാക്കാതെ സേവിയര്‍ സ്റ്റിയറിംഗ്‌ വീലില്‍ താളം പിടിച്ചിരുന്നു.പതുക്കെ തോമസിനെ ഒളികണ്ണിട്ടു നോക്കിയിട്ട്‌ ചോദിച്ചു.

"അല്ല ഇത്രയും കുടിച്ചിട്ടു വണ്ടിയോടിക്കുന്നതു നല്ലതാണോ ?"

"ഊം....ബോസ്‌ എത്രയെണ്ണം അടിച്ചു ?".വെള്ളമടിച്ചു കഴിയുമ്പോള്‍ അയാള്‍ മേലുദ്യോഗസ്ഥനായ സേവിയറിനെ ബോസ്‌ എന്നാണു വിളിക്കുന്നത്‌.

"അഞ്ചെണ്ണം"

"അതു ശരി.അഞ്ചെണ്ണം കേറ്റിയോ ?.അപ്പൊ ഞാന്‍ എന്തു മര്യാദക്കാരന്‍.എനിക്കു നാലെണ്ണമേ കിട്ടിയുള്ളൂ.ഏതായാലും അഞ്ചെണ്ണം അടിച്ചിട്ടു വണ്ടിയോടിച്ചാല്‍ ശരിയാകത്തില്ല.കുറെ ദൂരം ഓടിക്കാനുള്ളതല്ലേ ?.സ്റ്റീറിംഗ്‌ നേരേ നിക്കത്തില്ല.അതു ശരിയാവണമെങ്കില്‍ ഒരു മൂന്നെണ്ണം കൂടി അടിക്കണം."

"ങാ...അതു തന്നെയാ ഞാനും ഓര്‍ത്തത്‌.തനിക്കേതായാലും ബുദ്ധിയുണ്ട്‌.അപ്പൊ എങ്ങോട്ടാ വിടേണ്ടത്‌ ?"

"ഓ,എങ്ങോട്ടാണെന്ന് അറിയാന്‍ വയ്യാത്ത പോലെ !.ചലോ കാവേരി ബാര്‍, അല്ല പിന്നെ !"

കാവേരി ബാറിലേയ്ക്കു വണ്ടി പാഞ്ഞു.

"എടോ അവിടെച്ചെന്നു കവേരീ നദി മുഴുവന്‍ കുടിച്ചു വറ്റിച്ചേക്കരുതു കേട്ടോ.........ഇങ്ങനെയൊരു കള്ളു കുടിയനെ ഞാന്‍ കണ്ടിട്ടില്ല.ഇതിനെയൊക്കെ കൊണ്ടു നടന്ന് ഞാനും കൂടെ ചീത്തയായി"

"അയ്യോ ഒരു പുണ്യാളന്‍ !.ബോസിന്റെ കൂടെ നടന്നാ ഞാന്‍ ചീത്തയായതെന്നാ എന്റെ പെണ്ണുമ്പിള്ള പറേന്നത്‌""ഈ പെണ്ണുമ്പിള്ളയൊക്കെ ഉള്ളതാ ശല്ല്യം"

ബാറില്‍ നല്ല തിരക്കായിരുന്നു.ദൂരെയുള്ള മൂലയില്‍ ഒരൊഴിഞ്ഞ മേശ കണ്ടു പിടിച്ചു രണ്ടു പേരും ഇരുന്നു........സാധനമെത്തിയപ്പോള്‍ തോമസ്‌ വാചാലനായി.

"ഇതിന്റെ മഹത്ത്വമെന്താണു ബോസ്‌ ?"

"ഏതിന്റെ ?"

"ഈ വെള്ളമടിയുടെ"

"തന്നെ പോലെയുള്ളവന്മാര്‍ക്ക്‌ എന്റെ മണ്ടയ്ക്കു കേറാന്‍ പറ്റും, അതു തന്നെ"

"എക്സാക്റ്റിലി.വ്യക്തമായിപ്പറഞ്ഞാല്‍,ഒരുമിച്ചിരുന്നു വെള്ളമടി തുടങ്ങിയാല്‍ പണ്ഡിതനും പാമരനും തമ്മിലും,മേലുദ്യോഗസ്ഥനും കീഴുദ്യോഗസ്ഥനും തമ്മിലും, പണക്കാരനും പവപ്പെട്ടവനും തമ്മിലും എല്ലാമുള്ള വ്യത്യാസമില്ലാതാവും"

"മനുഷ്യനും പട്ടിയും തമ്മിലുള്ള വ്യത്യാസം പോലും ഇല്ലാതാവും, പിന്നെയല്ലേ "

"അതെ". ബോസ്‌ തനിക്കിട്ടൊന്നു താങ്ങിയതാണെന്നു മനസ്സിലാകാതെ അയാള്‍ തുടര്‍ന്നു,

"ദേ,ഇപ്പൊ ഞാന്‍ ബോസിന്റെ തോളത്തൊന്നു കൈ ഇട്ടാല്‍ ബോസിനൊരു വിരോധോം തോന്നത്തില്ല, അല്ലേ ?"

സേവിയര്‍ തലയാട്ടി.

"ഈ ലോകത്തു സമത്വം വരണമെങ്കില്‍ സോഷ്യലിസമല്ല, ആല്‍ക്കഹോളിസമാണു നടപ്പാക്കേണ്ടത്‌, അല്ലേ ബോസ്‌"

"ശബ്ദം കൊറയ്ക്കെടോ.ഓരോത്തരൊക്കെ നമ്മുടെ നേരെയാ നോക്കുന്നത്‌. താന്‍ ശരിക്കും ഫിറ്റായെന്നാ തോന്നുന്നത്‌"

"ഉത്തരവ്‌".അയാള്‍ ശബ്ദം താഴ്ത്തി.

രണ്ടു പേരും കൂടി അവിടെ നിന്നും ഇറങ്ങിയപ്പോള്‍ മണി ഒന്‍പത്‌.ഇറങ്ങുമ്പോള്‍ ഒരു കുപ്പി കൂടി വാങ്ങി കയ്യില്‍ കരുതി.സേവിയറിന്റെ വീട്ടില്‍ എത്തണമെങ്കില്‍ നാല്‍പ്പതു കിലോമീറ്റര്‍ വണ്ടിയോടിക്കണം.വഴി മദ്ധ്യേയാണു്‌ തോമസിന്റെ വീട്‌.

രണ്ടു പേരും കൂടി കാറില്‍ കയറി.നടക്കുമ്പോള്‍ കാലിനൊരു ആട്ടമുണ്ടെങ്കിലും വണ്ടിയില്‍ കയറിയാല്‍ സേവിയറിനു പ്രശ്നമൊന്നുമില്ല.എത്ര ദൂരം വേണമെങ്കിലും ഓടിക്കാം.തോമസിന്റെ സ്ഥലമെത്താറായപ്പോള്‍ റോഡരികില്‍ സൗകര്യപ്രദമായ ഒരിടത്തു വണ്ടി ഒതുക്കിയിട്ടിട്ട്‌ രണ്ടു പേരും കൂടി കയ്യില്‍ കരുതിയിരുന്ന കുപ്പിയും കാലിയാക്കി.

തോമസ്‌ ,വീടിനെ ലക്ഷ്യമാക്കി നടക്കുന്നതിനിടയില്‍ വിളിച്ചു പറഞ്ഞു.

"ദേ, ഒരു ബാറു മുഴുവന്‍ വിഴുങ്ങിക്കോണ്ടാ വണ്ടിയോടിക്കുന്നതെന്നോര്‍ത്തോണം.സൂക്ഷിച്ചും കണ്ടും ഓടിച്ചാല്‍ നിങ്ങടെ ഭാര്യയ്ക്കു കൊള്ളാം.അല്ലെങ്കില്‍ എല്ലാം കൂടി തൂത്തു വാരി കൊട്ടയ്ക്കകത്താക്കി അവരെ കൊണ്ടു കാണിയ്ക്കേണ്ടി വരും, ഞാന്‍ പറഞ്ഞില്ലെന്നു വേണ്ടാ.എനിയ്ക്കീ കള്ളു കുടിയന്മാരോടു സംസാരിക്കുന്നതേ ഇഷ്ടമല്ല"

"ഞാന്‍ സൂക്ഷിച്ചോളാം.താന്‍ പോകുന്ന വഴി വല്ല പാറമടേലും മറിഞ്ഞു വീണു ചാകാതിരുന്നാല്‍ മതിയെടോ മുഴുക്കുടിയാ"

സേവിയര്‍ വണ്ടി വിട്ടു.വീടിന്റെ ഗേറ്റില്‍ ചെന്നപ്പോള്‍ പതിനൊന്നു മണി കഴിഞ്ഞു.വീട്ടിനുള്ളില്‍ ലൈറ്റൊന്നും കാണുന്നില്ല.അവള്‍ കാത്തിരുന്ന് അവസാനം പ്രതിഷേധിച്ച്‌ ഉറങ്ങിക്കാണും.ഇപ്പോള്‍ വിളിച്ചുണര്‍ത്തുന്നതു ബുദ്ധിയല്ല.അവള്‍ക്കു വായില്‍ തോന്നിയതെല്ലാം വിളിച്ചു പറയും.അയാള്‍ വണ്ടി ഗേറ്റിനകത്തു കടത്താതെ റോഡരികില്‍ത്തന്നെ പാര്‍ക്ക്‌ ചെയ്തു.

ശബ്ദമുണ്ടാക്കാതെ ഗേറ്റു തുറന്നു്‌ മുറ്റത്തു കയറി.വീടിനു പുറത്തെവിടെയെങ്കിലും നീണ്ടു നിവര്‍ന്നു കിടക്കാന്‍ ഒരു സ്ഥലം പരതി.അപ്പോഴാണു പട്ടിക്കൂടു കണ്ണില്‍ പെട്ടത്‌.പട്ടി ചത്തു പോയതു കാരണം ഒരു മാസമായി പട്ടിക്കൂട്‌ ഒഴിഞ്ഞു കിടക്കുകയാണു്‌. അയാള്‍ നൂണ്ട്‌ പട്ടിക്കൂടിനുള്ളില്‍ കയറി.വിശാലമായി നീണ്ടു നിവര്‍ന്നു കിടക്കാന്‍ ധാരാളം സ്ഥലം.അയാള്‍ പാന്റ്‌ ഒന്നയച്ചിട്ട്‌ നീണ്ടു നിവര്‍ന്ന് മലര്‍ന്നു കിടന്നു.പട്ടിക്കൂടിന്റെ സിമന്റിട്ട തറയുടെ തണുപ്പിനു നല്ല സുഖം !

"മനുഷ്യനും പട്ടിയും തമ്മില്‍ വ്യത്യാസമില്ലാതാകുന്ന സുന്ദര നിമിഷം !"

അയാള്‍ പുഞ്ചിരിച്ചു കൊണ്ടു പതുക്കെ പറഞ്ഞു.അകാശത്ത്‌ മേഘക്കീറിനിടയില്‍ക്കൂടി ഒളിഞ്ഞു നോക്കിയ ചന്ദ്രന്‍ അയാളെ അഭിവാദ്യം ചെയ്തു.

"Bravo"

Saturday, March 8, 2008

വെളിച്ചെണ്ണയെ നാടു കടത്തണം !

ഭാസ്ക്കരേട്ടന്‍ ഡോക്ടറുടെ മുന്‍പില്‍ ഇരിക്കുകയാണു്‌.കൂടെ മകനും വന്നിട്ടുണ്ട്‌.വര്‍ഷങ്ങളായി എന്ത്‌ ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിലും കാണുന്ന ഡോക്ടറാണു്‌.ഡോക്ടര്‍ ഭാസ്കരേട്ടന്റെ ലാബ്‌ റിസല്‍റ്റ്‌ പരിശോധിക്കുകയാണു്‌.

"എത്ര വയസ്സായി ?". വായിച്ചിരുന്ന കടലാസ്സില്‍ നിന്നു ദൃഷ്ടിയുയര്‍ത്തി ഡോക്ടര്‍ ചോദിച്ചു.

"എഴുപത്തൊന്നായി ഡോക്ടറേ".

ഡോക്ടര്‍ ഭാസ്കരേട്ടനെ സൂക്ഷിച്ചു നോക്കുകയായിരുന്നു.നല്ല ഒത്ത ശരീരം.എഴുപത്തൊന്നു വയസ്സ്‌ കാഴ്ചയില്‍ തോന്നുകയില്ല.ഇതു വരെ കാര്യമായ അസുഖമൊന്നും വന്നിട്ടില്ല.ഈയിടെയായി ശരീരത്തിനൊരു ക്ഷീണം, കാലിനും കൈയ്ക്കുമൊക്കെ ഒരു വേദന എന്നെല്ലാം പറഞ്ഞാണു്‌ രണ്ടു ദിവസം മുന്‍പ്‌ ഡോക്ടറെ കാണാന്‍ വന്നത്‌.ലാബ്‌ ടെസ്റ്റുകള്‍ നടത്താന്‍ അന്ന്‌ ഡോക്ടര്‍ എഴുതി കൊടുത്തതാണു്‌.ടെസ്റ്റ്‌ റിസല്‍ട്ടുമായി ഇന്നു വീണ്ടും ഡോക്ടറെ കാണാന്‍ വന്നിരിക്കുകയാണു്‌.

"കൊളസ്റ്ററോള്‍ കൂടുതലാണു്‌",ഡോക്ടര്‍ പറഞ്ഞു.

"അതിനിപ്പോ എന്താണു ഡോക്ടറെ ചെയ്യേണ്ടത്‌ ?"

"ഭാസ്കരേട്ടന്റെ ഭക്ഷണ ക്രമം പറയൂ.എന്തൊക്കെയാണു സാധാരണ കഴിക്കുന്നത്‌ ?"

"പ്രധാനമായും വെജിറ്റേറിയന്‍ ഭക്ഷണമാണു ഡോക്ടറേ.എന്നാലും രാവിലത്തെ ആഹാരത്തിന്റെ കൂടെ ഒരു കോഴി മുട്ട എന്നും കഴിക്കും.ഉച്ചയ്ക്ക്‌ ചോറിന്റെ കൂടെ മീന്‍ നിര്‍ബ്ബന്ധം.മീന്‍ വറുത്തതേ എനിക്കു പറ്റൂ.രാത്രിയിലും അതു തന്നെ-ചോറും മീന്‍ വറുത്തതും.ഇടയ്ക്ക്‌ കോഴിയിറച്ചിയും മാട്ടിറച്ചിയുമെല്ലാം കഴിക്കും-എപ്പോഴുമൊന്നുമില്ല, ആഴ്ച്ചയില്‍ രണ്ടു ദിവസം മാത്രം".ഭാസ്കരേട്ടന്‍ പറഞ്ഞു നിര്‍ത്തി.

"എന്തെങ്കിലും വ്യായാമം-നടപ്പോ അങ്ങനെയെന്തെങ്കിലുമോ ?"

"അങ്ങനെയൊന്നുമില്ല"

"അപ്പോ നമുക്കീ ആഹാര ക്രമം ഒന്നു മാറ്റണമല്ലോ ഭാസ്ക്കരേട്ടാ".ഡോക്ടര്‍ ചിരിച്ചു.എന്നിട്ടു തുടര്‍ന്നു പറഞ്ഞു.

"മുട്ട കഴിക്കുന്നത്‌ ഒഴിവാക്കണം.നിര്‍ബ്ബന്ധമാണെങ്കില്‍ മഞ്ഞക്കരു ഒഴിവാക്കി വെള്ള മാത്രം കഴിച്ചോളൂ"

"വെള്ള മാത്രമോ ?.എന്റെ ഡോക്ടറേ ഞാനിനി മുട്ട കഴിക്കുന്നേ ഇല്ല, പോരേ". ഭാസ്കരേട്ടനു ശരിക്കും സങ്കടം വന്നു.ആദ്യമായിട്ടാണു ഭക്ഷണക്കാര്യത്തില്‍ നിയന്ത്രണം.

"മീന്‍ കഴിച്ചോളൂ.അതു നല്ലതാണു്‌.പക്ഷേ വറുത്തു കഴിക്കരുത്‌.കറി വച്ച്‌ കഴിച്ചാല്‍ മതി".

"ഞാനിനി മീനും കഴിക്കുന്നില്ല ഡോക്ടറെ, പോരേ ?"

"ഇറച്ചിയൊന്നും അധികം കഴിക്കേണ്ട.കോഴി ഇറച്ചി മാസത്തില്‍ ഒരു ദിവസം വേണമെങ്കില്‍ കഴിച്ചോളൂ-കറി വച്ചതു മാത്രം, അതും അധികം വേണ്ട"

ഇഷ്ട വിഭവങ്ങള്‍ ഒന്നൊന്നായി തന്റെ ഭക്ഷണത്തില്‍ നിന്ന്‌ എന്നെന്നേക്കുമായി ഒഴിവാക്കുന്നതു കേട്ട്‌ പാവം ഭാസ്കരേട്ടന്‍ തരിച്ചിരുന്നു.

"പാചകത്തിനു വെളിച്ചെണ്ണയാണോ ഉപയോഗിക്കുന്നത്‌ ?"

മിണ്ടാനാകാതെ അയാള്‍ തലയാട്ടി.ഇതാ വെളിച്ചെണ്ണയും തനിക്കു നഷ്ടപ്പെടാന്‍ പോകുന്നു.

"വെളിച്ചെണ്ണയും തേങ്ങയും ഒഴിവാക്കണം.കൂടാതെ നടപ്പു പോലെയുള്ള എന്തെങ്കിലും വ്യായാമം പതിവാക്കണം"

"വെളിച്ചെണ്ണയും തേങ്ങയും ഇല്ലാത്ത എന്തു കൂട്ടാനാണു ഡോക്ടറേ നമ്മള്‍ കേരളീയര്‍ക്കുള്ളത്‌.ഈ തെങ്ങെല്ലാം വെട്ടിക്കളഞ്ഞിട്ട്‌ നമ്മക്കു കേരളമെന്ന പേരും മാറ്റിക്കളയാം".ഭാസ്കരേട്ടനു സഹിക്കാന്‍ കഴിഞ്ഞില്ല.

ഡോക്ടര്‍ക്കു ചിരി വന്നു.

"ഡോക്ടറേ ഒരു സംശയം-ഡോക്ടര്‍ നോര്‍ത്തിന്‍ഡ്യന്‍ എണ്ണ ലോബിയുടെ ആളാണോ?"

"ഭാസ്കരേട്ടന്‍ വെളിച്ചെണ്ണ ലോബിയുടെ ആളാണല്ലേ?". ഡോക്ടര്‍ ചിരിച്ചു കൊണ്ടു ചോദിച്ചു.

ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ചുള്ള ഭക്ഷണ രീതി സ്വീകരിക്കാന്‍ ഭാസ്കരേട്ടന്‍ മനസ്സില്ലാമനസ്സോടെയാണെങ്കിലും തയ്യാറായി.പക്ഷെ വെളിച്ചെണ്ണയുടെ കാര്യത്തില്‍ മാത്രം വിട്ടുവീഴ്ച്ചയ്ക്കു സമ്മതിച്ചില്ല.വെളിച്ചെണ്ണയ്ക്ക്‌ ഒരു കുഴപ്പവുമില്ലെന്ന്‌ അദ്ദേഹം വിശ്വസിച്ചു.ഭാസ്കരേട്ടന്റെ ഭക്ഷണം ഡോക്ടര്‍ പറഞ്ഞതു മാതിരി പരിഷ്ക്കരിക്കാന്‍ വീട്ടിലെല്ലാവരും കൂടി തീരുമാനിച്ചു.പ്രയമായാല്‍ പിന്നെ മറ്റുള്ളവര്‍ പറയുന്നത്‌ അനുസരിക്കേണ്ടി വരും എന്നറിയാവുന്ന ഭാസ്കരേട്ടനും അത്‌ അംഗീകരിച്ചു. വെളിച്ചെണ്ണയും തേങ്ങയും ഒഴിവാക്കേണ്ട എന്നും ഭാസ്കരേട്ടന്റെ അഭിപ്രായം അംഗീകരിച്ചു കൊണ്ട്‌ തീരുമാനം ആയി.

അങ്ങനെ കുറെ ദിവസം കഴിഞ്ഞു.ഭാസ്കരേട്ടന്‍ ഊണു കഴിക്കാന്‍ ഇരിക്കുകയാണു്‌.ഇഷ്ടപ്പെട്ട വറുത്ത മീനോ ഇറച്ചിയോ ഒന്നും ഇല്ല.മുന്‍പില്‍ ഇരിക്കുന്ന അവിയല്‍ അല്‍പ്പം എടുത്തു രുചിച്ചു നോക്കി.ഒരു സ്വാദും ഇല്ല.എന്ത്‌, വെളിച്ചെണ്ണ അല്ലേ ഒഴിച്ചിരിക്കുന്നത്‌ ?.വെളിച്ചെണ്ണയുടേതല്ല, മറ്റേതോ എണ്ണയുടെ വൃത്തികെട്ട സ്വാദ്‌! കൂടാതെ തേങ്ങയും വളരെ കുറവ്‌!.ഇതെന്തു പറ്റി ?.വെളിച്ചെണ്ണയും തേങ്ങയും ഒഴിവാക്കേണ്ടതില്ലെന്ന്‌ ഇവിടെ എല്ലാവരും കൂടി തീരുമാനിച്ചതാണല്ലോ?.

"ഇതെന്താണെടീ അവിയലില്‍ വെളിച്ചെണ്ണ അല്ലേ ഒഴിച്ചത്‌ ?".ഭാസ്കരേട്ടന്‍ ഭാര്യയോടായി ചോദിച്ചു.അടുത്തിരുന്ന മകനാണു്‌ മറുപടി പറഞ്ഞത്‌.

"അച്ഛാ.ഇത്തവണത്തെ ആരോഗ്യ മാസികയില്‍ വെളിച്ചെണ്ണ ആരോഗ്യത്തിനു ഹാനികരമാണെന്നതിനെ കുറിച്ച്‌ നമ്മുടെ ഡോ.സോമന്‍ എഴുതിയ ഒരു ലേഖനമുണ്ട്‌.അതു വായിച്ചപ്പോള്‍ വെളിച്ചെണ്ണ ഒഴിവാക്കുന്നതാ നല്ലതെന്നു തോന്നി.അതു കൊണ്ട്‌ സൂര്യകാന്തി എണ്ണയാക്കാന്‍ തീരുമാനിച്ചു.ആരോഗ്യമല്ലേ പ്രധാനം ?".

"നിന്നോടു ഞാന്‍ നേരത്തെ പറഞ്ഞിട്ടില്ലേ ഈ ആരോഗ്യ മാസികയൊന്നും വായിക്കരുതെന്ന്‌.അതൊക്കെ വായിച്ചാല്‍ നമ്മള്‍ക്ക്‌ പല സംശയങ്ങളും തോന്നും.ഇതൊക്കെ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരുമൊക്കെ മാത്രം വായിയ്ക്കുന്നതാ നല്ലത്‌".

സ്വാദില്ലാത്ത ആ ഭക്ഷണത്തിനു മുന്‍പില്‍ നിന്ന്‌ ഒന്നും കഴിക്കാതെ അയാള്‍ എഴുന്നേറ്റു പോയി.

ഒരു മാസം കഴിഞ്ഞു.ഊണു സമയം

സൂര്യകാന്തി എണ്ണ ഒഴിച്ച അവിയല്‍ ആര്‍ക്കു വേണം!.ചോറിന്റെ കൂടെ വിളമ്പിയ അവിയല്‍ ഭാസ്കരേട്ടന്‍ മാറ്റി വച്ചു.

"വെളിച്ചെണ്ണ ഇല്ലാത്ത അവിയല്‍ എനിക്കു വേണ്ട".

"അതൊന്നു കൂട്ടി നോക്കിക്കേ വെളിച്ചെണ്ണ ഉണ്ടോ എന്ന്‌".ഭാര്യ പറഞ്ഞു.

"അച്ഛാ, ഇത്തവണത്തെ ആരോഗ്യ മാസികയില്‍ വെളിച്ചെണ്ണയെ കുറ്റ വിമുക്തമാക്കികൊണ്ടുള്ള ലേഖനങ്ങള്‍ വന്നിട്ടുണ്ട്‌.അതു വായിച്ചപ്പോള്‍ മനസ്സിലായി നമ്മള്‍ വെളിച്ചെണ്ണയും തേങ്ങയും ഒഴിവാക്കിയതു മണ്ടത്തരമായി എന്ന്‌".അടുത്തിരുന്ന മകനാണു്‌ അതു പറഞ്ഞത്‌

"നിന്നോടു ഞാന്‍ പണ്ടേ പറഞ്ഞിട്ടുള്ളതാ ഈ ആരോഗ്യ മാസികയൊന്നും വായിക്കരുതെന്ന്‌.അതിനകത്തൊക്കെ ഓരോ തവണ ഓരോ അഭിപ്രയങ്ങള്‍ വരും. ശരിയേത്‌,തെറ്റേത്‌ എന്നറിയാതെ സാധാരണക്കാരന്‍ വലയും.എന്തൊരു ഗതി കേട്‌. അടുത്ത തവണ വെളിച്ചെണ്ണയ്ക്കെതിരായി എന്തെങ്കിലും കാണും. നീ വീണ്ടും വെളിച്ചെണ്ണയെ പടി കടത്തും".

ഇതാണു്‌ നമ്മള്‍ ഇന്നനുഭവിക്കുന്ന ഗതി കേട്‌.ഒന്നിന്റെയും സത്യാവസ്ഥ സാധാരണക്കാരനു മനസ്സിലാക്കിത്തരാന്‍ ആരുമില്ല.വെളിച്ചെണ്ണ ആരോഗ്യത്തിനു നല്ലതോ ചീത്തയോ ?ആണവക്കരാര്‍ ഒപ്പിടുന്നത്‌ ഭാരതത്തിനു നല്ലതോ ചീത്തയോ ?സധാരണക്കാരന്റെ ഈ വിധ സംശയങ്ങള്‍ പരിഹരിക്കാന്‍ ഒരുമാര്‍ഗ്ഗവും ഇല്ല.
ടി വി ചാനലുകളും മറ്റു മാധ്യമങ്ങളും ചെയ്യുന്നതെന്ത്‌ ?
അവര്‍ വിവാദങ്ങള്‍ ആഘോഷിക്കുന്നു.
എതിരാളികളെ നേര്‍ക്കു നേര്‍ നിര്‍ത്തി വാദ പ്രതിവാദം കൊഴുപ്പിക്കുന്നു.
ഇതിനിടയില്‍ സത്യമെന്തെന്നറിയാനുള്ള സാധാരണക്കാരന്റെ അവകാശം കാറ്റില്‍ പറത്തുന്നു.

അല്ല ചങ്ങാതീ, ഈ ആണവക്കരാര്‍ നമുക്കു നല്ലതോ ചീത്തയോ ?എനിക്കറിയില്ല ,കേട്ടോ.സത്യം.

വെളിച്ചെണ്ണ ഒഴിവാക്കണോ ? .....................സോറി, ഞാന്‍ ഈ നാട്ടുകാരനല്ല.

Thursday, February 14, 2008

കണ്ണൂരുകാര്‍ എന്തിനു സന്നിധാനത്തു പോകുന്നു ?

"വൈകിട്ടെന്താ ശ്രീകുമാറേ പരിപാടി ?.സന്നിധാനം വരെ പോയാലോ ?"എന്റെ ചോദ്യം കേട്ട്‌ ശ്രീകുമാര്‍ അന്തം വിട്ട്‌ നിന്നു.സന്നിധാനം എന്നു കേട്ടാല്‍ ആരും ഓര്‍ക്കുന്നതു്‌ ശബരി മല സന്നിധാനം തന്നെ.ഞങ്ങള്‍ നില്‍ക്കുന്നത്‌ കണ്ണൂരും.പെട്ടെന്നെങ്ങനെയാണു സന്നിധാനത്തു പോകുന്നത്‌?.മാത്രമല്ല അപ്പോള്‍ ശബരിമല സീസണും അല്ല.അതാണു ശ്രീകുമാറിനു confusion ഉണ്ടായത്‌.കൂടാതെ ശ്രീകുമാര്‍ കണ്ണൂരില്‍ വന്നിട്ട്‌ ഒരു ദിവസമേ ആയുള്ളു.കണ്ണൂരില്‍ വന്ന് അല്‍പ്പം പരിചയം ആയിരുന്നെങ്കില്‍ ഈ confusion ഉണ്ടാകുമായിരുന്നില്ല.

കണ്ണൂര്‍ ടൗണിലുള്ള ഒരു ബാറിന്റെ പേരാണു്‌ സന്നിധാനം എന്നത്‌.ഒരു ബാറിനിടാന്‍ ഈ പേരു തന്നെ തിരഞ്ഞെടുത്ത വികല ബുദ്ധിയെ സമ്മതിക്കണം!.ശ്രീകുമാര്‍ കോട്ടയംകാരനാണു്‌.ഇപ്പോള്‍ കണ്ണുര്‍ ഓഫീസില്‍ ഹെഡ്‌ ക്ലാര്‍ക്കായി ചാര്‍ജ്ജെടുത്തിരിക്കുന്നു. ശ്രീകുമാറും ഇപ്പോള്‍ കുറെ നാളായി കണ്ണൂരിലുള്ള ഞാനും നേരത്തെ കോട്ടയത്ത്‌ ഒരുമിച്ചു ജോലി നോക്കിയിട്ടുള്ളതു കാരണം നല്ല പരിചയമാണു്‌.അതാണു ഞാന്‍ ശ്രീകുമാറിനോടു സന്നിധാനത്തു പോകാമെന്നു പറഞ്ഞത്‌.കാര്യം മനസ്സിലാകാതെ ശ്രീകുമാര്‍ അന്തം വിട്ടു നിന്നു.കണ്ണൂരെ സന്നിധാനം എന്താണെന്നു മനസ്സിലായപ്പൊള്‍ ശ്രീകുമാറിനു ചിരി വന്നു.

"ബാറിനിടാന്‍ കണ്ട പേരു കൊള്ളാം സാറേ.ഇവര്‍ക്കു വേറെ പേരൊന്നും കിട്ടിയില്ലേ ?"

...............................................................................................................................................

തിരുവല്ലക്കാരനായ ഞാന്‍ ഒരു തെക്കനും കണ്ണൂര്‍ക്കാര്‍ വടക്കന്മാരും ആണല്ലോ.തെക്കന്മാരെക്കുറിച്ച്‌,അതായത്‌ തിരുവിതാംകൂര്‍ പ്രദേശത്തുള്ളവരെക്കുറിച്ച്‌ വടക്കന്മാര്‍ക്ക്‌,പ്രത്യേകിച്ചും മലബാറുകാര്‍ക്ക്‌ അത്ര നല്ല അഭിപ്രയമല്ല ഉള്ളതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ.നമ്മുടെ കയ്യിലിരിപ്പിന്റെ ഗുണമായിരിക്കും കാരണം,അല്ലേ?.

കണ്ണൂരുകാര്‍ മിക്കവരും അവരുടെ നാടിനെക്കുറിച്ചും നാട്ടുകാരെക്കുറിച്ചും നല്ല അഭിപ്രായം വച്ചു പുലര്‍ത്തുന്നവരാണു്‌.സ്വന്തം നാടിനെ കുറിച്ചുള്ള അഭിമാന ബോധം കാരണമായിരിക്കും, നമ്മള്‍ പുറം നാട്ടുകാരനും കുറച്ചു നാളായി കണ്ണുരില്‍ വന്നു നില്‍ക്കുന്നയാളുമാണെന്നു മനസ്സിലായാല്‍ അവര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്‌.

"എങ്ങനെയുണ്ട്‌ കണ്ണൂര്‍ ?".

കണ്ണൂരിനെ കുറിച്ച്‌ മോശമായ അഭിപ്രായം ഉണ്ടാകില്ലെന്ന് ഉറപ്പോടെയും ആത്മവിശ്വാസത്തോടെയുമാണു ചോദിക്കുന്നത്‌.എന്നോടും പലരും ഈ ചോദ്യം ചോദിച്ചിട്ടുണ്ട്‌.ഞാന്‍ കണ്ണൂരില്‍ ചെന്നിട്ട്‌ അധിക കാലമായിട്ടില്ല.ഒരു ദിവസം ഔദ്യോഗികാവശ്യം പ്രമാണിച്ചുള്ള ഒരു യാത്ര.ഇടയ്ക്ക്‌ വണ്ടി കുറെ നേരം ഒരിടത്തു നിര്‍ത്തിയിടേണ്ടി വന്നപ്പോള്‍ ആ ടാക്സിക്കാറിന്റെ ഡ്രൈവറുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടു.ഞാന്‍ ഒരു തെക്കനാണെന്നു മനസ്സിലായപ്പോള്‍ അയാള്‍ ചോദിച്ചു.

"എങ്ങനെയുണ്ടു സാര്‍ കണ്ണൂരിലെ ആള്‍ക്കാര്‍?"

"ആള്‍ക്കാര്‍ കൊള്ളാം"

"തെക്കുള്ള മനുഷ്യരേക്കാള്‍ നല്ലവരാണു്‌ ഇവിടെയുള്ളവര്‍"

"അതെ" എന്നു ഞാന്‍ പറഞ്ഞുവെങ്കിലും എന്റെ മനസ്സില്‍ അപ്പോള്‍ തെളിഞ്ഞത്‌ രാവിലെ പത്രത്തില്‍ വായിച്ച ചില വാര്‍ത്തകളായിരുന്നു.

1)പയ്യന്നൂരിലാണു സംഭവം.ഒരാള്‍ റോഡരികില്‍ ബോധം കെട്ടു വീണു.ആരൊക്കെയോ ചേര്‍ന്നു്‌ അയാളെ അടുത്തുള്ള ആശുപത്രിയിലാക്കി.ആശുപത്രിയില്‍ എത്തിയപ്പോഴേയ്ക്കും അയാളുടെ പോക്കറ്റിലുണ്ടായിരുന്ന പണവും മൊബയ്‌ല്‌ ഫോണും നഷ്ടപ്പെട്ടിരുന്നു.

2)ഇതും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള വാര്‍ത്തയാണു്‌.ഒറ്റയ്ക്കു പോയ യുവതിയെ ചിലര്‍ തട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്തു.

ഞാന്‍ നാട്ടിലുള്ളപ്പോള്‍ അവിടുത്തെ പത്രങ്ങളിലും ഇതേ പോലെയുള്ള വാര്‍ത്തകളാണു വായിക്കാന്‍ കഴിയുന്നത്‌.പക്ഷെ അതു തെക്കു നടക്കുന്ന സംഭവങ്ങളെക്കുറിച്ചുള്ളവയായിരിക്കുമെന്നു മാത്രം.അപ്പോള്‍ വടക്കും തെക്കും ഉള്ളവര്‍ ഏതാണ്ട്‌ ഒരുപോലെയൊക്കെ അല്ലേ?എല്ലായിടത്തും നല്ലവരും ചീത്തയാളുകളും ഉണ്ടെന്നല്ലേ പറയാന്‍ കഴിയുക?തെക്കന്മാര്‍ ചീത്തയും വടക്കന്മാര്‍ നല്ലതും എന്നു പറയാന്‍ ആകുമോ?......

ആകും.

ചില കാര്യങ്ങള്‍ കാണുമ്പോള്‍ വടക്കുള്ളവര്‍ കൂടുതല്‍ നല്ലവരാണെന്നു തോന്നും.അവരെ നല്ലവരാക്കുന്ന ചില പ്രത്യേകതകള്‍ ഉണ്ട്‌.

1) വടക്കര്‍ തെക്കരേക്കാള്‍ മര്യാദ ഉള്ളവരാണു്‌.

2) അവര്‍ സൗമ്യമായി ഇടപെടുന്നവര്‍ ആണു്‌.

3) തെക്കന്മാര്‍ക്കുള്ളത്ര വക്ര ബുദ്ധി ഉള്ളവരല്ല.

4) ബഹുമാനം കാണിക്കേണ്ടിടത്ത്‌ അതു കാണിക്കുന്നവരാണു്‌.

5) അവര്‍ സ്നേഹമുള്ളവരാണു്‌.

മേല്‍പ്പറഞ്ഞതു പോലെയുള്ള പല ഗുണങ്ങളും അവര്‍ക്കുണ്ട്‌.ഇക്കാരണങ്ങള്‍ കൊണ്ട്‌ അവിടെ ചെന്നു താമസിച്ചു കുറെ നാളുകളായപ്പോള്‍, ഞാന്‍ ഇതു വരെ കണ്ടിട്ടില്ലാത്തതു പോലുള്ള നന്മകളുള്ള മനുഷ്യരുടെ ഇടയിലാണു്‌ എത്തിപ്പെട്ടിരിക്കുന്നതെന്നു മനസ്സിലായി.അവര്‍, നമ്മള്‍ തിരുവിതാംകൂര്‍കാരേക്കാള്‍ നല്ലവര്‍ തന്നെയാണു്‌.

പക്ഷെ ഇങ്ങനെയുള്ള നല്ല മനുഷ്യര്‍ തന്നെയാണു രാഷ്ട്രീയ പ്രതിയോഗികളുടെ തല,അല്‍പ്പം പോലും കരുണ കാണിക്കാതെ വെട്ടി എറിയുന്നത്‌.എന്തൊരു വൈരുദ്ധ്യം!.നമ്മെ പരിചയപ്പെട്ടു കഴിയുമ്പോള്‍ കണ്ണൂരുകാര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്‌-

"കണ്ണൂരേക്കു വരാന്‍ പേടിയുണ്ടായിരുന്നോ?"

"അതെന്താ?"

"അല്ല, കണ്ണൂരിനെക്കുറിച്ചു പത്രങ്ങളില്‍ വായിച്ചാല്‍ ഇവിടെ ഒരു ഭീകരാന്തരീക്ഷമാണെന്നു തോന്നും അല്ലേ?. ദിവസവും ഇരു കൂട്ടര്‍ തമ്മില്‍ തല കൊയ്യുന്ന വാര്‍ത്തകള്‍"

വിരുദ്ധ രാഷ്ട്രീയ വിശ്വാസങ്ങള്‍ വച്ചു പുലര്‍ത്തുന്നവര്‍ പരസ്പരം കാണിക്കുന്ന അസഹിഷ്ണുത,പരസ്പരം കഴുത്തറക്കാന്‍ മടിയില്ലാത്ത ക്രൂരത കണ്ണൂരിന്റെ ശാപം തന്നെയാണു്‌.മറ്റ്‌ എന്തു നന്മകളുണ്ടെങ്കിലും കണ്ണുരിനു മേല്‍ ഈ കളങ്കം മായാതെ കിടക്കുന്നു.

കോട്ടയം ജില്ലയില്‍ നിന്നു പണ്ടെങ്ങോ കണ്ണൂരിലേക്കു കുടിയേറിപ്പാര്‍ത്ത ഒരു കുടുംബത്തിലെ ഒരാളെ പരിചയപ്പെടാന്‍ ഇടയായി.അയാള്‍ കണ്ണൂരുകാരെ കുറിച്ചു പറഞ്ഞത്‌ ഇങ്ങനെയാണു്‌.

"സ്വന്തം അപ്പനെ പറഞ്ഞാല്‍ ഇവര്‍ വെറുതെ ചിരിച്ചു കൊണ്ടു കേട്ടു നില്‍ക്കും.പക്ഷെ, സ്വന്തം പാര്‍ട്ടിക്കെതിരായി മിണ്ടിയാല്‍ തലയറുക്കും.എന്തു മനുഷ്യരാണപ്പാ?".

എന്നാലും നമുക്കു കണ്ണൂരിനെ ഇഷ്ടപ്പെടാനേ കഴിയുകയുള്ളു.കണ്ണൂരുകാരുടെ മര്യാദ മനസ്സിലാക്കാന്‍ അവിടെ ഒരു ഓട്ടോയില്‍ കയറി യാത്ര ചെയ്താല്‍ മാത്രം മതി.മീറ്ററില്‍ കാണുന്ന ചാര്‍ജ്ജു മാത്രമേ അവര്‍ വാങ്ങൂ.നമ്മുടെ നാട്ടില്‍ അങ്ങനെ ഒരു നല്ല കാലം എന്നെങ്കിലും വരുമോ?.എവിടെ?

...........................................................................................................................................................

കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ എന്തോ രാഷ്ട്രീയ പൊതുയോഗം നടക്കുകയാണു്‌.വൈകിട്ടു നടക്കാന്‍ ഇറങ്ങിയ ഞങ്ങള്‍ അതിനടുത്തെത്തിയ സമയം.പ്രസംഗകന്‍ ആവേശത്തോടെ പറയുന്നു.

"നാം മുന്നോട്ടുള്ള ഓരോ ചുവടും വളരെ ശ്രദ്ധിച്ചും സൂക്ഷിച്ചും വയ്ക്കേണ്ട സമയമാണിത്‌".

"നമ്മളോടാണെന്നു തോന്നുന്നു പുള്ളി പറഞ്ഞത്‌!", ഞാന്‍ കൂടെയുള്ള സുഹൃത്തിനോടു പറഞ്ഞു.

"അതെന്താ?"

"മുന്‍പില്‍ ചാണകം കിടക്കുന്നു.സൂക്ഷിച്ചില്ലെങ്കില്‍ അതിലായിരിക്കും ചവിട്ടുക!.അത്ര തന്നെ."

കണ്ണൂരില്‍ ആദ്യമായി ചെല്ലുന്നവര്‍ക്കെല്ലാം പറ്റിയ ഉപദേശമാണു പ്രസംഗകന്‍ പറഞ്ഞത്‌!.കാരണം കണ്ണൂര്‍ ടൗണില്‍ പശുക്കള്‍ യഥേഷ്ടം റോഡില്‍ ഇറങ്ങി നടക്കുന്നു.ചാണകം ഇടുന്നു.ട്രാഫിക്ക്‌ ബ്ലോക്കുണ്ടാക്കുന്നു.ഇടയ്ക്കിടയ്ക്ക്‌ മനുഷ്യരെ ആക്രമിക്കുന്നു.അധികാരികള്‍ കണ്ണടച്ചുറങ്ങുന്നു.

മറ്റൊരു പ്രത്യേകത ഇവിടത്തെ ലക്കു കെട്ട വണ്ടിയോടിക്കലാണു്‌.വണ്ടിയോടിക്കാന്‍ തുടങ്ങിയാല്‍ കണ്ണൂരിലെ ഡ്രൈവര്‍മാര്‍ മനുഷ്യ ജീവനു കല്‍പ്പിച്ചിരിക്കുന്നതു പുല്ലു വില!.ഇത്രയും അപകടകരമായും അമിത വേഗത്തിലും വണ്ടിയോടിക്കുന്ന സ്ഥലങ്ങള്‍ വിരളം.

കണ്ണൂര്‍ വിശേഷം കേട്ടു മടുത്തോ?.

അപ്പോള്‍ വൈകിട്ടെന്താ പരിപാടി?............'സന്നിധാനം'?

തെറ്റിദ്ധരിക്കേണ്ട, ഞാന്‍ കണ്ണൂര്‍ ടൗണിന്റെ നടുക്കുള്ള കാള്‍ടെക്സ്‌ ജംഗ്ഷനില്‍ നിന്നാണു ചോദിക്കുന്നത്‌?.

Friday, January 11, 2008

പ്രണയിക്കേണ്ടത് എങ്ങനെ വേണം ?

പപ്പന്‍ ചേട്ടനു്‌ കുറെ ദിവസമായി എന്തോ ഒരു അസ്വസ്തത.ആകെ ഉള്ള ഒരു മകളാണു്‌.കുറച്ചു ദിവസമായി,അവളുടെ പോക്ക്‌ അത്ര ശരിയല്ലേ എന്നൊരു സംശയം അദ്ദേഹത്തെ അലട്ടാന്‍ തുടങ്ങിയിട്ട്‌.ഇപ്പോഴത്തെ പിള്ളേരുടെ പല രീതികളും പപ്പന്‍ ചേട്ടനു ദഹിക്കുന്നതല്ല.പ്രത്യേകിച്ചും ആണും പെണ്ണും തമ്മില്‍ വളരെ അടുത്തു പെരുമാറുന്ന ഇന്നത്തെ രീതി.കോളജില്‍ പഠിക്കാന്‍ വിട്ടാല്‍ പിള്ളേര്‍ പിഴച്ചു പോകാന്‍ വളരെ സാദ്ധ്യതയുണ്ടെന്നാണു്‌ അദ്ദേഹത്തിന്റെ ധാരണ.എന്നു വച്ച്‌ പഠിക്കാന്‍ വിടാതിരിക്കാന്‍ പറ്റുമോ?.അതൊട്ടില്ല താനും.അതു കൊണ്ടാണു തന്റെ ഏക പുത്രിയെ അദ്ദേഹം പഠിക്കാന്‍ അയച്ചത്‌.മാനേജുമെന്റു തന്നെ പഠിക്കട്ടെ എന്നു തീരുമാനിച്ചു.ഭാവിയില്‍ തന്റെ ബിസിനസ്സൊക്കെ നോക്കി നടത്താന്‍ മറ്റാരാണുള്ളത്‌.കൊച്ചിനും അതു താല്‍പര്യമായിരുന്നു.അങ്ങനെയാണു്‌ എം.ബി.എ.യ്ക്കു ചേരുന്നത്‌.പഠിക്കാന്‍ അവള്‍ മിടുക്കിയായിരുന്നു,അതു പറയാതെ വയ്യ.

പപ്പന്‍ ചേട്ടനു വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തിലൊന്നും വലിയ വിശ്വാസമില്ല.അല്ല, തനിക്ക്‌ എന്തു വിദ്യാഭ്യാസമാണുള്ളത്‌ ?.പത്താം ക്ലാസ്സു പോലും കടന്നു കൂടാന്‍ പറ്റിയില്ല.എന്നിട്ട്‌ ഇപ്പോഴെന്തിന്റെയെങ്കിലും കുറവുണ്ടോ ?......പണത്തിനു പണം,പദവിക്കു പദവി,എല്ലാമുണ്ട്‌.നല്ല പഠിപ്പുള്ള എത്ര പേര്‍ തന്റെ ശമ്പളം പറ്റി പണിയെടുക്കുന്നു.പക്ഷെ മകള്‍ പഠിച്ചോട്ടെ എന്നയാള്‍ കരുതി.ഇന്നത്തെ ചെറുപ്പക്കാര്‍ക്ക്‌ വിദ്യാഭ്യാസമില്ലാതെ പറ്റില്ല.ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പിള്ളേര്‍ക്ക്‌ പിഴച്ചു പോകാനും കൂടിയുള്ള ഒരു കളരിയാണെന്നാണു്‌ പപ്പന്‍ ചേട്ടന്‍ മനസ്സിലാക്കുന്നത്‌.അതാണു്‌ ഇപ്പോള്‍ പപ്പന്‍ ചേട്ടനെ വിഷമിപ്പിക്കുന്നതും.മകള്‍ ഏതോ പ്രേമക്കുരുക്കിലോ മറ്റോ ചെന്നു ചാടിയിട്ടുണ്ടോ എന്നൊരു സംശയം.തന്റെ നിലയ്ക്കും വിലയ്ക്കും ചേരാത്ത വല്ല അലവലാതിയോടൊപ്പം ഇഷ്ടം കൂടി അവളെങ്ങാന്‍ ഇറങ്ങിപ്പോയാലോ ?. പിന്നെ താന്‍ ജീവിക്കുന്നതെന്തിനു്‌?.ഒരു കുട്ടി മാത്രം മതി എന്നു തീരുമാനിച്ച നിമിഷത്തെ അയാള്‍ ശപിച്ചു.പക്ഷെ, ഇപ്പോള്‍ അതു പറഞ്ഞിട്ടു കാര്യമില്ലല്ലോ.എന്തെങ്കിലും കുഴപ്പത്തില്‍ ചാടിയിട്ടുണ്ടോ എന്ന് അറിയണം,അങ്ങനെയെന്തെങ്കിലുമുണ്ടെങ്കില്‍ മുളയിലേ നുള്ളണം.അതിനല്‍പ്പം ചാരപ്പണി തന്നെ വേണ്ടി വരും.എന്താണു മാര്‍ഗ്ഗം ?.ഉള്ളിലെ ടെന്‍ഷന്‍ അദ്ദേഹത്തിന്റെ മുഖത്തും പ്രത്യക്ഷപ്പെട്ടു.

ചന്ദ്രന്‍ പപ്പന്‍ ചേട്ടന്റെ ഒരു അസിസ്റ്റന്റ്‌ ആണു്‌.അദ്ദേഹത്തിനു വേണ്ടി എന്തു ചെയ്യാനും ചന്ദ്രന്‍ തയ്യാര്‍.പപ്പന്‍ ചേട്ടന്‍ പറയാതെ തന്നെ അദ്ദേഹത്തിന്റെ ഉള്ളില്‍ എന്തോ ടെന്‍ഷനുണ്ടെന്നു ചന്ദ്രന്‍ മനസ്സിലാക്കി.

"എന്താ ചേട്ടാ പ്രശ്നം ?"

"എന്തു പ്രശ്നം ?".പപ്പന്‍ ചേട്ടന്‍ അജ്ഞത നടിച്ചു."ഒന്നുമില്ല."

"ചേട്ടന്‍ അങ്ങനെ ഒളിക്കാനൊനും നോക്കേണ്ട.എന്താണെങ്കിലും പറ.നമുക്കു നോക്കാമെന്നേ".

പപ്പന്‍ ചേട്ടന്‍ പറയാന്‍ തന്നെ തീരുമാനിച്ചു.അതാണു്‌ അവര്‍ തമ്മിലുള്ള ആത്മ ബന്ധം.ചന്ദ്രന്‍ വെറും ഒരു ജോലിക്കാരന്‍ മാത്രമല്ല,അദ്ദേഹത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനും കൂടിയാണു്‌.കാര്യം കേട്ടപ്പോള്‍ ചന്ദ്രന്‍ ഉത്സാഹഭരിതനായി.

"അപ്പോള്‍ മോള്‍ക്ക്‌ എന്തെങ്കിലും അഫയര്‍ ഉണ്ടോ എന്നറിയണം.ഉണ്ടെങ്കില്‍ അതാരാണെന്നതും കൂടാതെ അയാളുടെ കമ്പ്ലീറ്റ്‌ ഡീറ്റയില്‍സും വേണം.അത്രയല്ലേ ഉള്ളൂ ?"

"ഒന്നു കൂടി ഉണ്ട്‌.ഇതിനേക്കുറിച്ച്‌ നമ്മള്‍ അന്വേഷിക്കുന്നത്‌ ഇരു ചെവി അറിയാന്‍ പാടില്ല,എന്റെ ഭാര്യ പോലും".

"ഏറ്റു.ഇന്നു മുതല്‍ ഞാന്‍ സി.ഐ.എ.യെ വെല്ലുന്ന ഒരു ചാരനായി മാറുകയാണു്‌".

"ഒന്നോര്‍ത്തോ.നിന്റെ ചാരപ്പണി മോളെങ്ങാനും അറിഞ്ഞാല്‍,ഇവിടെ ഭൂകമ്പം നടക്കും.അവളു വല്ല്യ അഭിമാനിയാ,കേട്ടോ.എന്നെ നിര്‍ത്തി പൊരിച്ചു കളയും.നിന്നെ ഫുട്ബോളു തട്ടുന്നതു പോലെ അടിച്ചു പുറത്തുകളയും".

"ഒന്നു ചുമ്മാതിരി ചേട്ടാ.ചേട്ടന്‍ ഇവിടെ മനസ്സമാധാനമായിട്ടിരി.ഇക്കാര്യം ഞാനേറ്റു".

കുറെ ദിവസങ്ങള്‍ കഴിഞ്ഞു.ചന്ദ്രന്റെ ആദ്യത്തെ റിപ്പോര്‍ട്ട്‌ വന്നു.

"ചേട്ടാ, ചേട്ടന്‍ സംശയിക്കുന്നതു പോലെ എന്തോ ചിലതൊക്കെ നടക്കുന്നുണ്ടു, കേട്ടോ"

"എന്നു വച്ചാല്‍ ?"

"മോളുടെ ക്ലാസ്സില്‍ പഠിക്കുന്ന ഒരു പയ്യനുമായി അല്‍പ്പം അടുപ്പമുണ്ട്‌.അവരു രണ്ടും കൂടെ ഒരുമിച്ചുകറക്കവുമൊക്കെ ഉണ്ട്‌".

പപ്പന്‍ ചേട്ടനു്‌ ആധി കൂടി.താന്‍ സംശയിച്ചതു ശരിയായി വന്നു.

"എടാ,അവന്‍ കൊള്ളാവുന്ന വീട്ടിലെ ചെറുക്കനാണോ?.ജാതീം മതോമൊക്കെ നമ്മുടേതു തന്നെയാണോ?......അല്ലെങ്കില്‍ കൊല്ലും ഞാനവളെ"

"അതു ശരി അപ്പോള്‍ നമ്മുടെ വകുപ്പു തന്നെയാണെങ്കില്‍ ചേട്ടനു കുഴപ്പമില്ല അല്ല്യോ?".

"വകുപ്പു മാത്രം ശരിയായാല്‍ പോരാ നമ്മുടെ നിലയ്ക്കും വിലയ്ക്കും ചേര്‍ന്ന കുടുംബവുമായിരിക്കണം.അങ്ങനെയാണെങ്കില്‍ പിന്നെയും ആലോചിക്കാവുന്നതാണു്‌"

"ചേട്ടന്‍ ഇത്‌ എവിടത്തുകാരന്‍?.ഇതൊക്കെ നോക്കി ആര്‍ക്കെങ്കിലും പ്രേമിക്കാന്‍ പറ്റുമോ?.രമണന്റെയും ചന്ദ്രികയുടെയും കഥ കേട്ടിട്ടില്ലേ?.പ്രേമത്തിനു കണ്ണും മൂക്കുമില്ല ചേട്ടാ".

"കണ്ണും മൂക്കുമില്ലെങ്കില്‍ വേണ്ട.ഞാന്‍ പറഞ്ഞോ അവളോട്‌ ഇങ്ങനെയൊക്കെ കാണിക്കാന്‍?.നമുക്കു ചേരാത്ത വല്ല കേസുമാണെങ്കില്‍ ഞാന്‍ സമ്മതിക്കത്തില്ല.ഏക അവകാശിയൊക്കെ ആയിരിക്കും.പക്ഷെ ഒറ്റ പൈസ ഞാനവള്‍ക്കു കൊടുക്കത്തില്ല.എല്ലാം കൂടെ വല്ല അനാഥാലയത്തിനും കൊടുത്തിട്ട്‌ ഞാനെവിടെയെങ്കിലും പോകും". പപ്പന്‍ ചേട്ടന്‍ ചൂടായി.

"അപ്പൊ ജാതീം മതോം കുടുംബോം ഒക്കെ ഒത്തു വന്നാല്‍ ചേട്ടനു വിരോധമില്ല,അല്ല്യോ?"

"അതു പിന്നെ അങ്ങനെയല്ലേടാ വേണ്ടത്‌.പണ്ടത്തെ കാലമൊന്നുമല്ലല്ലോ.എല്ലാം കൊണ്ടും നമുക്കു പറ്റിയതാണെങ്കില്‍ ഞാനതു തടയാനൊന്നും പോകത്തില്ല.പേരു ദോഷം കേപ്പിക്കാതിരുന്നാല്‍ മതി".

"ചേട്ടന്റെ മോളല്ലേ. ബുദ്ധിമോശമൊന്നും കാണിക്കത്തില്ല.ഏതായാലും ഞാന്‍ കമ്പ്ലീറ്റ്‌ ഡീറ്റയില്‍സ്‌ ഒന്നറിഞ്ഞു വരാം".

ചന്ദ്രന്‍ ചാരപ്പണിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു.രണ്ടു ദിവസം കഴിഞ്ഞതേ ഉള്ളു.വൈകുന്നേരം വീട്ടിലെത്തിയ പപ്പന്‍ ചേട്ടന്‍ അകത്ത്‌ മകളുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടു.അമ്മയുമായുള്ള യുദ്ധമാണെന്നു തോന്നുന്നു.അകത്തോട്ടു ചെന്ന പപ്പന്‍ ചേട്ടനെ കണ്ടതും ഭാര്യ ഉറക്കെ പറഞ്ഞു.

"ദേണ്ടെ അച്ഛന്‍ വന്നു.ഇനി എന്താന്നു വച്ചാല്‍ അങ്ങോട്ടു ചോദിച്ചോ.എന്നെ ചാടിക്കടിക്കാന്‍ വരണ്ടാ".

"എന്തോന്നാടീ പ്രശ്നം?" എന്നു പപ്പന്‍ ചേട്ടന്‍ ചോദിച്ചതേ ഉള്ളൂ,അപ്പോഴേയ്ക്കും തുള്ളി ഉറഞ്ഞു കൊണ്ട്‌ മകള്‍ ഓടി വന്നു.

"അച്ഛാ, ചന്ദ്രന്‍ ചേട്ടനെ എന്താ സ്പൈ വര്‍ക്കിനു വിട്ടിരിക്കയാണോ?".

"എന്തോന്നു സ്പൈ വര്‍ക്ക്‌!.നീ കാര്യമെന്താന്നു വച്ചാല്‍ പറ".പപ്പന്‍ ചേട്ടന്‍ പൊട്ടന്‍ കളിച്ചു.

"അച്ഛന്‍ അറിയാത്ത ഭാവമൊന്നും കാണിക്കണ്ടാ.അയാളുടെ രഹസ്യാന്വേഷണത്തെക്കുറിച്ചുള്ള വിവരമൊക്കെ എനിക്കു കിട്ടി.അയാളെ പറഞ്ഞു വിട്ടിരിക്കുന്നത്‌ എന്തുദ്ദേശത്തോടെയാണെന്നും എനിക്കു മനസ്സിലായി.എന്റെ അച്ഛാ ഈ ചീപ്പു പരിപാടിക്കൊന്നും പോകാതെ എന്നോടു നേരിട്ടു ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ പറഞ്ഞേനേമല്ലോ...........എനിക്കൊരു പയ്യനെ ഇഷ്ടമാ അതു പറയാന്‍ ഒരു മടിയുമില്ല."

പപ്പന്‍ ചേട്ടന്‍ അന്തിച്ചു പോയി.സ്വന്തം തന്തയോടാണു സംസാരിക്കുന്നത്‌.എന്നിട്ടു യാതൊരു മടിയോ നാണമോ കൂടാതെ പറയുന്നതു കേട്ടില്ലേ?.

"ഇഷ്ടമൊക്കെ ശരി.....നമ്മുടെ ജാതി അല്ലാത്തതോ നിലയ്ക്കു ചേരാത്തതോ വല്ലതുമാണെങ്കില്‍ ഞാന്‍ വീട്ടിക്കേറ്റത്തില്ല.പറഞ്ഞേക്കാം."പപ്പന്‍ ചേട്ടനു ശരിക്കും ദേഷ്യം വന്നു.

വലിയ ഒരു പൊട്ടിച്ചിരിയായിരുന്നു മകളുടെ മറുപടി.ചിരിച്ചു ചിരിച്ച്‌ അവള്‍ കുഴഞ്ഞു താഴെ വീഴുമോ എന്ന് അയാള്‍ പേടിച്ചു.അത്ര ഭയങ്കരമായ ചിരിയായിരുന്നു.

"എന്തോന്നാടീ ഇത്ര ചിരിക്കാന്‍?.പറഞ്ഞ പോലെ തന്നെ ഞാന്‍ പ്രവര്‍ത്തിക്കും.അതിനു സംശയമൊന്നും വേണ്ട".പപ്പന്‍ ചേട്ടനു്‌ അല്‍പ്പം പോലും ചിരി വന്നില്ല.

"എന്റെ അച്ഛാ, അച്ഛനോട്‌ എനിക്കു സഹതാപം തോന്നുന്നു.ഞങ്ങളുടെ തലമുറയുടെ പ്രായോഗിക ബുദ്ധി അച്ഛനെ പോലുള്ള നരച്ച തലകള്‍ ഇനിയും മനസ്സിലാക്കാന്‍ ഇരിക്കുന്നതേ ഉള്ളൂ"

പപ്പന്‍ ചേട്ടന്‍ അവളെ രൂക്ഷമായി നോക്കി നിന്നതേ ഉള്ളൂ.അവള്‍ ചിരിച്ചു കൊണ്ടു തുടര്‍ന്നു.

"ജാതിയൊക്കെ നമ്മുടേതു തന്നെ.നല്ല നിലയും വിലയും എല്ലാമുള്ള കുടുംബം.ഞാന്‍ ഇതൊന്നും നോക്കത്തില്ല എന്നു കരുതിയോ?. പിന്നെ ഒരു രഹസ്യം കൂടി പറയാം.ജാതകവും ചേരും.ഞാന്‍ സൂത്രത്തില്‍ അവന്റെ ഗ്രഹനില വാങ്ങിച്ച്‌ ഒത്തു നോക്കിച്ചു.ഇതൊക്കെ നോക്കി ഉറപ്പിച്ചിട്ടാണു്‌ ഞങ്ങള്‍ തമ്മില്‍ ഇഷ്ടമായത്‌.അല്ലാതെ പണ്ടത്തെ പോലെ ആദര്‍ശപ്രണയത്തിനും കണ്ണുനീരിനുമൊന്നും ഞാനില്ലേ."

പപ്പന്‍ ചേട്ടന്റെ ടെന്‍ഷന്‍ അകന്നു,മാത്രമല്ല ചേട്ടനു സന്തോഷമടക്കാന്‍ കഴിഞ്ഞില്ല.ഹോ! ഇപ്പോഴത്തെ പിള്ളാരെ സമ്മതിച്ചു കൊടുക്കണം!.സന്തോഷം കൊണ്ട്‌ മോളെ കെട്ടിപ്പിടിച്ച്‌ ഒരു ഉമ്മ കൊടുക്കാന്‍ തോന്നി.മല പോലെ വന്നത്‌ എലി പോലെ പോയി!.വെറുതെ മനസ്സു പുണ്ണാക്കി.പ്രേമത്തിനു കണ്ണും മൂക്കുമില്ലെന്നു പറഞ്ഞവനെ ഓടിച്ചിട്ടു തല്ലണം.പ്രേമത്തിനു്‌ ഇപ്പോള്‍ കണ്ണും മൂക്കും മാത്രമല്ല ചെവിയും നാക്കും ബുദ്ധിയുമെല്ലാമുണ്ട്‌.പഴയ തലമുറക്കാര്‍ എത്രയോ മണ്ടന്മാര്‍!.പുതു തലമുറയുടെ പ്രായോഗിക ബുദ്ധിക്കു മുന്‍പില്‍ അദ്ദേഹത്തിന്റെ നരച്ച തല അറിയാതെ കുനിഞ്ഞു.