Thursday, December 10, 2009

ഔസേപ്പച്ചന്റെ സംഗീതം

വളരെ വര്‍ഷങ്ങള്‍ക്കുമുന്‍പു കണ്ട ഒരു സിനിമയിലെ ഒരു രംഗം ഇപ്പോഴും ഓര്‍മ്മയില്‍ നിലനില്‍ക്കുന്നു. സിനിമയുടെ പേരു്‌ 'അഹം' എന്നാണെന്നു തോന്നുന്നു, വലിയ നിശ്ചയമില്ല. പേരുകള്‍, തീയതികള്‍, സംഖ്യകള്‍, മനുഷ്യരുടെ മുഖങ്ങള്‍ എന്നിവയൊക്കെ പെട്ടെന്നു തന്നെ ഓര്‍മ്മയില്‍ നിന്നു മാഞ്ഞു പോകുന്നു. ആ സിനിമയില്‍ മോഹന്‍ ലാല്‍ ഭര്‍ത്താവായും ഉര്‍വ്വശി ഭാര്യയായും വരുന്നു. ഭര്‍ത്താവു്‌, സ്കൂളില്‍ പഠിക്കുന്ന കാലത്ത്‌, വളരെ നിയന്ത്രണത്തില്‍ വളര്‍ത്തപ്പെട്ട ആളാണു്‌. അതിനാല്‍ സ്കൂളില്‍ നിന്നു പുറത്തു വന്നതിനു ശേഷവും വളരെ കൃത്യനിഷ്ഠയോടെയുള്ള ഒരു പ്രത്യേക ജീവിതമാണു നയിക്കുന്നത്‌. ഭാര്യയായി വരുന്ന ഉര്‍വ്വശിയുടെ കഥാപാത്രത്തിനു്‌ അയാളുടെ ഈ അറുബോറന്‍ പഴഞ്ചന്‍ രീതികളോട്‌ പുശ്ചവും പരിഹാസവുമാണു്‌. മോഹന്‍ ലാല്‍ തനിക്കിഷ്ടമുള്ള നല്ല സംഗീതം കാസറ്റ്‌ പ്ലേയറില്‍ ഉര്‍വ്വശിയെ കേള്‍പ്പിക്കുന്നു-ബിസ്മില്ലാ ഖാന്റെ ഷഹണായ്‌ വാദനമാണു്‌. അപ്പോള്‍ ഉര്‍വ്വശി പരിഹാസത്തോടെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്‌-

"അയ്യേ, ഇതു വലിയ ആള്‍ക്കാരൊക്കെ മരിക്കുമ്പം റേഡിയോയിലും ടി വിയിലുമൊക്കെ കേള്‍പ്പിക്കുന്നതല്യോ?"

ഈ വിവരമില്ലായ്മയ്ക്ക്‌ മോഹന്‍ ലാല്‍ എന്തു മറുപടി പറയാന്‍!(ഒരു രഹസ്യം പറയാം, മറ്റാരോടും പറഞ്ഞേക്കരുത്‌-അന്നു്‌ ഉര്‍വ്വശിയുടെ മേല്‍പറഞ്ഞ ഡയലോഗ്‌ കേട്ടു കയ്യടിച്ചവരുടെ കൂട്ടത്തില്‍ വിവരദോഷിയായ ഞാനുമുണ്ടേ!). ശരിയാണു്‌, ഒരു കാലത്ത്‌ നമ്മുടെ നാട്ടില്‍ വലിയ ആളുകള്‍ മരിക്കുമ്പോള്‍ (പ്രധാനമന്ത്രി, രാഷ്ട്രപതി, മഹാന്മാരായ മറ്റു നേതാക്കള്‍ മുതലായവര്‍) ദൂരദര്‍ശന്‍, ആകാശവാണി എന്നിവയില്‍ മറ്റു പരിപാടികള്‍ എല്ലാം നിര്‍ത്തി വച്ചിട്ട്‌ ഇരുപത്തിനാലും നാല്‍പ്പെത്തെട്ടും മണിക്കൂറൊക്കെ ഷെഹണായ്‌, വയലിന്‍, വീണ, ഫ്ലൂട്ട്‌ മുതലായ വാദ്യോപകരണങ്ങളില്‍ വായിച്ച സംഗീതം കേള്‍പ്പിക്കുമായിരുന്നു. സത്യം പറഞ്ഞാല്‍ നമുക്കും ഈ പരിപാടിയോട്‌ വലിയ മതിപ്പൊന്നും ഉണ്ടായിരുന്നില്ല-അധികമായാല്‍ അമൃതും വിഷം എന്നല്ലേ?. ബിസ്മില്ലാ ഖാനെക്കുറിച്ചൊന്നും, വിവരമില്ലാത്ത ഈയുള്ളവന്‍ അറിഞ്ഞിരുന്നും ഇല്ല.

പിന്നെ എപ്പോഴോ, അക്ഷര വൈരിയായ ഈയുള്ളവന്‍ പത്രമാസികകളില്‍ നിന്നൊക്കെ ബിസ്മില്ലാ ഖാന്‍ മഹാനായ, ലോകം ബഹുമാനിക്കുന്ന ഒരു കലാകാരനാണെന്നും അദ്ദേഹത്തിന്റെ ഷെഹണായ്‌ വാദനം സ്വര്‍ഗ്ഗീയ സുഖം തരുന്ന ഒരു അനുഭവമാണെന്നും ആരൊക്കെയോ എഴുതിയതു വായിച്ചു മനസ്സിലാക്കി. എന്നിട്ടും ആ ഷെഹണായ്‌ വാദനം കേള്‍ക്കാന്‍ ഞാന്‍ ശ്രമിച്ചില്ല.

അങ്ങനെ കാലം പൊയ്ക്കൊണ്ടിരുന്നു. ഒരു നാള്‍ ആ മഹാനായ കലാകാരന്‍ അന്തരിച്ചു. ടി വി ചാനലുകള്‍ അദ്ദേഹത്തെ അനുസ്മരിക്കുന്ന പരിപാടികള്‍ പ്രക്ഷേപണം ചെയ്തു. മാസികകളില്‍ അദ്ദേഹത്തെ കുറിച്ചുള്ള ലേഖനങ്ങളും അനുസ്മരണങ്ങളും നിറഞ്ഞു.

അദ്ദേഹത്തിന്റെ ഷെഹണായ്‌ വാദനം കേള്‍ക്കണമെന്ന് എനിക്ക്‌ അതിയായ ആഗ്രഹം തോന്നി. അതിനു പറ്റിയ ഒരു സി.ഡി. ഞാന്‍ വാങ്ങി. അതു കേട്ടപ്പോഴാണു്‌ ഷെഹണായ്‌ വാദനം കേള്‍ക്കുന്നതിന്റെ സുഖം മനസ്സിലാകുന്നത്‌. അതിനു ശേഷമാണു്‌ ഉപകരണ സംഗീതം കേള്‍ക്കുന്നതിനോട്‌ ഒരു താല്‍പ്പര്യം തോന്നിയത്‌. കുടമാളൂര്‍ ജനാര്‍ദ്ദനന്റെ ഓടക്കുഴല്‍ വാദനം, കുന്നക്കുടി വൈദ്യനാഥന്റെ വയലിന്‍ വാദനം എന്നിവയുടെയെല്ലാം സി.ഡി. വാങ്ങി.

ഈ ഷെഹണായ്‌, ഓടക്കുഴല്‍, വയലിന്‍ എന്നിവയെല്ലാം എങ്ങനെയാണെന്നോ കേള്‍ക്കേണ്ടത്‌?. രാത്രിയുടെ ഏകാന്തതയില്‍, ഒരു മുറിയില്‍ ഏകനായി ഇരുന്ന് ചെറിയ ശബ്ദത്തില്‍ ഒഴുകി വരുന്ന ഈ ഉപകരണങ്ങളുടെ സംഗീതം കേള്‍ക്കണം.സുന്ദരമായ, സുഖകരമായ അനുഭവമായിരിക്കും അത്‌.നിങ്ങള്‍ ഇതു വരെ അതനുഭവിച്ചിട്ടില്ലെങ്കില്‍ ഒന്നു പരീക്ഷിച്ചു നോക്കൂ. എത്ര നേരം വേണമെങ്കിലും കേട്ടുകൊണ്ടിരിക്കാന്‍ സാധിക്കും.

പണ്ട്‌, എന്റെ കുട്ടിക്കാലത്ത്‌ രാത്രിയില്‍ ഞാന്‍ വീട്ടിലിരിക്കുമ്പോള്‍ എങ്ങുനിന്നോ ഒഴുകിയെത്തുന്ന ഓടക്കുഴല്‍ നാദം ഒരു സുഖാനുഭൂതിയായി മനസ്സില്‍ വന്നു നിറഞ്ഞിട്ടുള്ള അവസരങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്‌. ആരാണു്‌ രാത്രിയില്‍ ഓടക്കുഴല്‍ വായിക്കുന്നതെന്നു മനസ്സിലായിട്ടില്ല. എന്റെ വീടിനു മുന്‍പില്‍ ചെറിയ അനേകം വീടുകള്‍ ഉണ്ടായിരുന്നു. ആ വീടുകളില്‍ ഏതിലോ മറഞ്ഞിരുന്ന് ആ അജ്ഞാത കലാകാരന്‍ രാവിന്റെ നിശ്ശബ്ദതയില്‍ പുല്ലാംകുഴല്‍ നാദം ഉതിര്‍ത്തിരുന്നു.ഒരു പക്ഷേ അയാള്‍ അപ്രഗത്ഭനായ ഒരു ഓടക്കുഴല്‍ വായനക്കാരനായിരുന്നിരിക്കാം. എന്തായാലും രാവിന്റെ നിശ്ശബ്ദതയില്‍ ഒഴുകി വരുന്ന ആ മധുര നാദം കേള്‍ക്കാനായി ബാലകനായിരുന്ന ഞാന്‍ എന്നും കാതോര്‍ക്കുമായിരുന്നു.

ഈ അനുഭവത്തില്‍ നിന്നായിരിക്കാം ഓടക്കുഴല്‍, വയലിന്‍, ഷെഹണായ്‌ എന്നിങ്ങനെയുള്ള സംഗീതോപകരണങ്ങളുടെ നാദം രാത്രിയുടെ നിശ്ശബ്ദതയില്‍ പതിന്മടങ്ങ്‌ ആസ്വാദ്യമാകും എന്ന് എനിക്കു മനസ്സിലായത്‌.

മലയാള സിനിമയിലെ പ്രഗത്ഭനായ സംഗീതസംവിധായകന്‍ ശ്രീമാന്‍ ഔസേപ്പച്ചന്‍ അടിസ്ഥാനപരമായി ഒരു വയലിനിസ്റ്റാണു്‌. അതിനാലായിരിക്കണം അദ്ദേഹത്തിന്റെ പാട്ടുകള്‍ വയലിന്‍ നാദം പോലെ മൃദുലവും മധുരമുള്ളതുമായിരിക്കുന്നത്‌!. രാവിന്റെ നിശ്ശബ്ദതയില്‍ എങ്ങനെ വയലിന്‍ നാദം പതിന്മടങ്ങ്‌ മധുരമാകുന്നുവോ അതു പോലെയാണു്‌ ഔസേപ്പച്ചന്റെ സംഗീതവും. രാത്രിയുടെ നിശ്ശബ്ദതയില്‍, പതിഞ്ഞ സ്വരത്തില്‍, ഏകനായി ഇരുന്നുകൊണ്ട്‌ ഔസേപ്പച്ചന്‍ സഗീതം കൊടുത്തിട്ടുള്ള ഗാനങ്ങള്‍ കേട്ടു നോക്കൂ. നിങ്ങള്‍ ഒരു മാസ്മര ലോകത്തേയ്ക്ക്‌ ഉയര്‍ത്തപ്പെടും!.

ഔസേപ്പച്ചന്റെ പാട്ടുകള്‍ പണ്ടെന്നോ ആദ്യമായി കേട്ടപ്പോള്‍ത്തന്നെ ഇഷ്ടപ്പെട്ടു. ഇതാ ഒരു നല്ല സംഗീത സംവിധായകന്‍ അവതരിച്ചിരിക്കുന്നു എന്ന് അന്നേ തോന്നിയിരുന്നു. ഔസേപ്പച്ചന്‍ ഒരിക്കലും നിരാശപ്പെടുത്തിയില്ല.അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ പാട്ടുകളെല്ലാം മനോഹരം.

'ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്നു മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍'-ഈ പാട്ട്‌ കേട്ടുതുടങ്ങിയ നാള്‍ മുതല്‍ വളരെയിഷ്ടമാണു്‌. അതിന്റെ സംഗീതം ആരായിരുന്നുവെന്ന് അറിയില്ലായിരുന്നു.ഈയിടെയാണു ഞാന്‍ അതു മനസ്സിലാക്കുന്നത്‌.ആരാണെന്നോ?- മറ്റാരാവാന്‍?, മ്മടെ ഔസേപ്പച്ചന്‍ തന്നെ!.

കാതോടു കാതോരം..........

പാതിരാമഴയേതോ............

നീയെന്‍ സര്‍ഗ്ഗ സൗന്ദര്യമേ.......

ദേവദൂതര്‍ പാടീ................

ഉണ്ണികളേ ഒരു കഥ പറയാം....

മഞ്ഞു പെയ്യുന്ന രാത്രിയില്‍.......

തുമ്പയും തുളസിയും...........

മഴയുള്ള രാത്രിയില്‍..........

കണ്ണാം തുമ്പീ പോരാമോ.........

പിച്ചകപ്പൂംകാവുകള്‍ക്കുമപ്പുറം.......

-ഔസേപ്പച്ചന്റെ മനോഹര ഗാനങ്ങളുടെ ലിസ്റ്റെടുത്താല്‍ അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും ഉള്‍പ്പെടുത്തേണ്ടി വരും!.

'ഒരേ കടല്‍' എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിനാണു്‌ ഇപ്പോള്‍ ഔസേപ്പച്ചനു ദേശീയ പുരസ്കാരം കിട്ടിയിരികുന്നത്‌.അദ്ദേഹമര്‍ഹിക്കുന്ന അംഗീകാരം തന്നെ.

കുറെ നാള്‍ മുമ്പ്‌ ഏഷ്യാനെറ്റിലെ ഐഡിയാ സ്റ്റാര്‍ സിങ്ങര്‍ പ്രോഗ്രാമില്‍ വിധികര്‍ത്താക്കളില്‍ ഒരാളായി ഔസേപ്പച്ചനെ കാണാമായിരുന്നു. ആ പ്രോഗ്രാമില്‍ ഇത്ര മാന്യമായി, ഇത്ര സംസ്കാരത്തോടെ സംസാരിക്കുന്ന ജഡ്ജ്‌ ഔസേപ്പച്ചന്‍ മാത്രമായിരുന്നു. മറ്റു ജഡ്ജസിന്റെ തറ സംസാരം ഔസേപ്പച്ചന്‍ സ്വീകരിച്ചില്ല(ഒരു പക്ഷേ അത്‌ അദ്ദേഹത്തിനു്‌ അറിയില്ലായിരിക്കും).പിന്നീട്‌ അദ്ദേഹം പറഞ്ഞിട്ടുണ്ട്‌ തനിക്കു പറ്റിയ പണിയല്ല അത്‌ എന്നു മനസ്സിലായതുകൊണ്ടാണു്‌ തന്നെ ഇപ്പോള്‍ സ്റ്റാര്‍ സിങ്ങറിന്റെ ജഡ്ജായി കാണാത്തതെന്ന്.ശരിയാണു്‌ ആ തറ പരിപാടി താങ്കളെ പോലെ മാന്യന്മാര്‍ക്കു പറ്റിയതാണെന്നു തോന്നുന്നില്ല.

സംഗീതത്തിന്റെ സാങ്കേതിക വശത്തെക്കുറിച്ച്‌ യാതൊരു അറിവുമില്ലാത്ത പാമരനാണു ഞാന്‍. രാഗവും താളവുമൊക്കെ എന്താണെന്നെനിക്കറിയില്ല. നല്ല സംഗീതം കേള്‍ക്കാനിഷ്ടമാണെന്നു മാത്രം!. അപ്പോള്‍ 'എന്താണു ചേട്ടാ താങ്കളുടെ നല്ല സംഗീതം?' എന്നു ചോദിച്ചാല്‍, 'കേള്‍ക്കാന്‍ സുഖമുള്ള സംഗീതമാണെനിക്കു നല്ല സംഗീതം, അനിയാ' എന്നു പറയാനേ എനിക്കറിയൂ.(സംഗീത ജ്ഞാനികള്‍ ക്ഷമിക്കുക).

നല്ല സംഗീതം ഔസേപ്പച്ചനിലൂടെ ഇനിയും വളരെ നാള്‍ കേള്‍ക്കാന്‍ ഇടവരേണമേ എന്ന് ദൈവത്തോടു പ്രാര്‍ഥിക്കുന്നു.

Thursday, August 6, 2009

ആണ്‍-പെണ്‍ ശുദ്ധ സൗഹൃദം

വൈകുന്നേരം ഞങ്ങള്‍ സുഹൃത്തുക്കള്‍ക്ക്‌(തെറ്റിദ്ധരിക്കണ്ട,ആണ്‍ സുഹൃത്തുക്കളാണേ) ഒത്തു ചേരാന്‍ ഒരിടമുണ്ട്‌.'ദി ഡെന്‍' എന്നാണു ഞങ്ങള്‍ അതിനു പേരിട്ടിരിക്കുന്നത്‌.ഒരു നാലുനിലക്കെട്ടിടത്തിന്റെ ഏറ്റവും മുകളില്‍ ടെറസിലുള്ള ഒരു ഒറ്റമുറിയാണു്‌ ഞങ്ങളുടെ മാളം.കുട്ടപ്പായി ആണു്‌ അതിന്റെ താക്കോല്‍ സൂക്ഷിപ്പുകാരന്‍. വൈകിട്ട്‌ കൃത്യം അഞ്ചു മണിക്ക്‌ കുട്ടപ്പായി എത്തി ഞങ്ങളുടെ 'മാളം' തുറക്കും.എന്തു കൊണ്ടാണു കുട്ടപ്പായി 'മാള'ത്തിന്റെ സൂക്ഷിപ്പുകാരനായത്‌ എന്നു ചോദിച്ചാല്‍, അവനാണല്ലോ ഞങ്ങളുടെ ഇടയില്‍ വേലയും കൂലിയും ഒന്നുമില്ലാതെ നടക്കുന്ന ഒരേ ഒരുത്തന്‍!.അതു തന്നെ കാരണം.

കുട്ടപ്പായി, സ്വന്തം ജീവിതത്തിന്റെ സുവര്‍ണ്ണ കാലഘട്ടം മുഴുവന്‍ ഗള്‍ഫ്‌ രാജ്യത്തെ മണലാരണ്യത്തില്‍ വെയിലുകൊണ്ട്‌ ഉരുകി, നാലു തലമുറയ്ക്കു വച്ചുണ്ണാനും നേരമ്പോക്കിനുമുള്ള വക സമ്പാദിച്ചു കൊണ്ട്‌ നാട്ടില്‍ തിരിച്ചെത്തിയതാണു്‌, വയസ്സ്സ്സാംകാലം അടിച്ചു പൊളിച്ച്‌ ആഘോഷിക്കാന്‍!. കുട്ടപ്പായി നിത്യവും വച്ചുണ്ണലും നേരമ്പോക്കുമായി കഴിയുന്നു. തലമുറകള്‍ക്കു വേണ്ടി കൊണ്ടുവന്നതെല്ലാം ഒറ്റയ്ക്ക്‌ അനുഭവിച്ചു തീര്‍ക്കേണ്ട ഗതികേടിലാണു്‌ അയാള്‍. കാരണം, പിന്‍ തലമുറയൊന്നും നിലവില്‍ വന്നില്ല. കുട്ടപ്പായിയുടെ ഭാര്യയ്ക്കു പ്രസവിക്കാനുള്ള ഭാഗ്യം ഉണ്ടായില്ല, ചങ്ങാതീ!. കുട്ടപ്പായിയ്ക്കുള്ളതെല്ലാം മണലാരണ്യത്തിലെ കൊടും ചൂടില്‍ ഉരുകിപ്പോയതാണു മക്കളുണ്ടാകാത്തതിനു കാരണം എന്ന്‌ അസൂയാലുക്കള്‍ പറഞ്ഞുണ്ടാക്കി. പറഞ്ഞുണ്ടാക്കല്‍ മാത്രമാണല്ലോ അസൂയാലുക്കളുടെ പണി. മനുഷ്യന്റെ മനസ്സിലെ തീയുടെ ചൂട്‌ അവരുണ്ടോ അറിയുന്നു!.

കൂനിന്മേല്‍ കുരുവെന്നോണം മറ്റൊരു ദുരന്തവും പാവം കുട്ടപ്പായിയെ തേടിയെത്തി-രണ്ടു വര്‍ഷം മുമ്പ്‌ അയാളുടെ ഭാര്യ ആകസ്മികമായി കുട്ടപ്പായിയോടു വിട പറഞ്ഞ്‌ ഈ ലോകത്തു നിന്നു യാത്രയായി. ഹതഭാഗ്യനായ അയാള്‍ ഏകനായി, ഒറ്റാംതടിയായി ആ വലിയ വീട്ടില്‍ കഴിഞ്ഞു. രാവിലെ എഴുന്നേല്‍ക്കുന്നതു മുതല്‍ വൈകിട്ട്‌ അഞ്ചു മണി വരെ വിരക്തനായി, സാത്വികനായി വായനയില്‍ നിമഗ്നനായി പച്ചക്കറിമാത്ര ഭോജിയായി അങ്ങനെ കഴിയും. അഞ്ചുമണി കഴിഞ്ഞാല്‍ ആത്മ നിയന്ത്രണങ്ങളെല്ലാം അഴിയുന്നു. 'ദി ഡെന്‍'- ന്റെ നായകനാകുന്നു. ഞങ്ങളെല്ലാവരുമൊപ്പം വെള്ളമടിക്കുന്നു. അമ്പത്താറു കളിക്കുന്നു.ചിലപ്പോഴൊക്കെ നേരമ്പോക്കുമുണ്ടെന്നു കേള്‍ക്കുന്നു. മാന്യന്മാരും കുടുംബ ജീവികളുമായ ഞങ്ങള്‍ അതിനെക്കുറിച്ച്‌ അന്വേഷിക്കാറില്ല.

അന്നും അഞ്ചു മണിയോടെ ഞങ്ങള്‍ ഓരോരുത്തരായി മാളത്തിലെത്തി. ആറുപേരും ഉപവിഷ്ഠരായി.ഗ്ലാസ്സുകളും ചീട്ടും നിരന്നു.

"ഡേയ്‌ കൃഷ്ണങ്കുട്ടീ നിന്റെ മുഖത്തെന്താണെഡേ കുട്ടാ ഒരു വൈക്ലബ്യം?"

ചാക്കോച്ചനാണതു ചോദിച്ചത്‌. ഒറ്റ നിമിഷം കൊണ്ട്‌ ഞങ്ങളുടെയെല്ലാം കണ്ണുകള്‍ കൃഷ്ണന്‍ കുട്ടിയുടെ മുഖം സ്കാന്‍ ചെയ്യാന്‍ തുടങ്ങി.

"ശരിയാ, ഇഞ്ചി കടിച്ച കൊരങ്ങന്റെ മോന്ത പോലെയുണ്ട്‌" - നമ്പൂരിച്ചനും സപ്പോര്‍ട്ടു ചെയ്തു. "അല്ലേടോ?", എന്ന്‌ എന്നോടു ചോദിച്ചു.

"കൊരങ്ങന്റെ മോന്ത കണ്ടത്‌ താന്‍ തന്റെ നേരെ മുമ്പില്‍ ഭിത്തിയിലുള്ള കണ്ണാടിയിലേയ്ക്കെങ്ങാനും അറിയാതെ നോക്കിയപ്പോഴായിരിക്കും നമ്പൂരിച്ചാ"

- ഞാന്‍ മറുപടി പറയുന്നതിനു മുമ്പ്‌ ജയകുമാര്‍ ചാടിക്കേറിപ്പറഞ്ഞു. എന്നിട്ട്‌ ഒരു തമാശ പറഞ്ഞ മട്ടില്‍ ചിരിയും പാസ്സാക്കി.

"തമാശിച്ചതാണല്ലേ ?........... കിക്കിക്കിക്കിക്കി. ദേ ഞാന്‍ ചിരിച്ചു, പോരേ?" നമ്പൂരിച്ചന്‍ തിരിച്ചടിച്ചു.

"ദേ, നമ്മള്‍ പ്രധാന വിഷയത്തില്‍ നിന്ന്‌ അകന്നു പോകുന്നു".ചക്കോച്ചനാണതു പറഞ്ഞത്‌.

"കൃഷ്ണങ്കുട്ടിയുടെ മുഖത്തെ വൈക്ലബ്യമാണിപ്പോള്‍ നമ്മുടെ concern".

അതു പറഞ്ഞ്‌ അയാള്‍ നിറച്ചു വച്ചിരുന്ന ഗ്ലാസ്സെടുത്ത്‌ ആഞ്ഞൊരു വലി വലിച്ചു.ഞാന്‍ സീരിയസ്സായി, കൃഷ്ണന്‍ കുട്ടിയെ സൂക്ഷിച്ചു നോക്കിക്കൊണ്ട്‌ പറഞ്ഞു.

"കൃഷ്ണങ്കുട്ടീ, you owe us an explanation.......come on"

"രാവിലത്തെ ഒരു സംഭവം പെട്ടെന്ന്‌ ഓര്‍ത്തു പോയി".

"പറ. we are all ears"

"രാവിലെ ഓഫീസില്‍ പോകാന്‍ ബസ്സില്‍ കയറി. ഒരു വനിതാ കണ്ടക്റ്ററായിരുന്നു".

കൃഷ്ണങ്കുട്ടി തന്റെ കദനകഥയുടെ കെട്ടഴിക്കാന്‍ തുടങ്ങി. ഞങ്ങള്‍ നല്ല ശ്രോതാക്കളായി.ചീട്ടുകളി ആരംഭിച്ചിരുന്നില്ല. Let it wait

"കണ്ടക്റ്റര്‍ വനിത എന്റെ അടുത്തു വന്ന്‌ ഒരു ചോദ്യം-'എങ്ങോട്ടാ അങ്കിള്‍?' "

ഒന്നു നിര്‍ത്തിയിട്ടു തുടര്‍ന്നു-"ഞാനങ്ങയ്യടാ എന്നായിപ്പോയി കേട്ടോ"

മദ്ധ്യവയസ്സന്മാരായ ഞങ്ങളെല്ലാവരും ശരിക്കും അയ്യടാ എന്നായിപ്പോയി.എന്തൊരക്രമം!-അമ്മാവാ എന്നല്ലേ അവള്‍ വിളിച്ചത്‌?

ഞെട്ടലില്‍ നിന്ന്‌ ആദ്യമുണര്‍ന്ന നമ്പൂരിച്ചന്‍ മൊഴിഞ്ഞു:

"അന്ത കണ്ട്രാക്ക്‌ പൊണ്ണ്‌ റൊമ്പ കട്ടിക്കാരി!.........പരിചയമില്ലാത്ത വയസ്സന്മാരെ നമ്മള്‍ പരിഹാസത്തില്‍ പൊതിഞ്ഞ കപട ബഹുമാനത്തോടെ 'അമ്മാവാ' എന്നു വിളിക്കാറില്ലേ?. അതു തന്നെ അല്ലേ അവള്‍ ചെയ്തത്‌?"

"അമ്മാവാ എന്നതിനു പകരം അങ്കിള്‍ എന്നു വിളിച്ച അവളുടെ ഒരു സൗജന്യം!.ത്‌ ഫൂ". കുട്ടപ്പായിക്കു ശരിക്കും ദേഷ്യം വന്നു,"സാറെന്നു വിളിച്ചു കൂടേ അവള്‍ക്ക്‌?"

കൃഷ്ണങ്കുട്ടി വീണ്ടും -"ചങ്ങനാശ്ശേരി കഴിഞ്ഞപ്പോള്‍ ബസ്സില്‍ ആളു കുറഞ്ഞു. ധാരാളം സീറ്റ്‌ ഒഴിവുണ്ടായിരുന്നു.എന്റെ മുന്‍പിലുള്ള സീറ്റിലിരുന്ന ഒരമ്മാവന്‍-അയാള്‍ ശരിക്കും ഒരമ്മാവനാ കേട്ടോ-നമ്മുടെ വനിതാ കണ്ടക്റ്ററുമായി ചങ്ങാത്തം കൂടി".

കൃഷ്ണങ്കുട്ടി തുടര്‍ന്നു-

"ഈ വനിതയുണ്ടല്ലോ, പുതിയ ആളാണെന്നു തോന്നുന്നു. സ്ഥലങ്ങളൊന്നും വലിയ പരിചയമില്ല. നമ്മുടെ അമ്മാവന്‍, ഓരോ സ്റ്റോപ്പിലുമെത്തുമ്പോള്‍ ആ സ്ഥലത്തിന്റെ പേര്‍ പറഞ്ഞു കൊടുക്കും.ഇടയ്ക്കയാള്‍ അവളുടെ പേരും നാടുമൊക്കെ ചോദിച്ചു മനസ്സിലാക്കി".

"എത്രയോ പുതിയ ആണ്‍ കണ്ടക്റ്റര്‍മാര്‍ സ്ഥലമറിയാതെ ബുദ്ധിമുട്ടുന്നതു കണ്ടിട്ടുണ്ട്‌.ഒരുത്തനും സഹായിക്കുന്നതു ഞാന്‍ കണ്ടിട്ടില്ല.അതിനു പകരം കളിയാക്കിയെന്നിരിക്കും"- ജയകുമാര്‍ പറഞ്ഞു.

"കണ്ടക്റ്റര്‍ പെണ്ണായപ്പോള്‍ സഹായിക്കാന്‍ ഓരോത്തന്മാര്‍ അവതരിച്ചോളും"- ചാക്കോച്ചന്‍ പുച്ഛത്തോടെ പറഞ്ഞു.ഗ്ലാസ്സില്‍ നിന്ന്‌ ആഞ്ഞൊരു വലിയും വലിച്ചു.

"എടോ അതാണു്‌ ആണ്‍-പെണ്‍ സൗഹൃദം".

"അതു പറഞ്ഞപ്പഴാ. കഴിഞ്ഞ ദിവസം പെണ്ണുങ്ങളുടെ മാസികയില്‍ ഒരു ഫീച്ചര്‍ കണ്ടു-ആണ്‍-പെണ്‍ സൗഹൃദത്തെപ്പറ്റി. കല്യാണം കഴിഞ്ഞ ചില പെണ്ണുങ്ങള്‍ പോലും ആണുങ്ങളെ അടുത്ത സുഹൃത്തുക്കളായി കൊണ്ടു നടക്കുന്നു. അതുപോലെ കല്യാണം കഴിഞ്ഞ ആണുങ്ങളും പെണ്‍ സുഹൃത്തുക്കളുമായി സ്വന്തം ഭാര്യമാരുടെ സമ്മതത്തോടെ ഇടപഴകുന്നു!"- ജയകുമാറാണു പറഞ്ഞത്‌

“ശുദ്ധമായ, വിഷയാസക്തിയില്ലാത്ത വെറും സൗഹൃദം മാത്രം!.ത്‌ ഫൂ എന്റെ പട്ടി വിശ്വസിക്കും"- എനിക്കു ശരിക്കും ദേഷ്യം വന്നു.

"എടോ ആണു്‌ ആണും പെണ്ണു പെണ്ണുമായിരിക്കും. അവരുടെ ഇടയില്‍ ശുദ്ധ സൗഹൃദം എന്നു പറയുന്നതു വെറും ഭോഷ്ക്ക്‌!.ഒരു നിമിഷം മതി ഈ ശുദ്ധ സൗഹൃദം അത്ര ശുദ്ധമല്ലാതാവാന്‍.ഓഫീസില്‍ വച്ചു സഹപ്രവര്‍ത്തകരായ സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ ഇടപഴകുന്നതു പോലെയല്ല ഇത്‌.സൗഹൃദത്തിന്റെ പേരു പറഞ്ഞു പരപുരുഷനുമായി കറങ്ങി നടക്കുന്നതും ഹോട്ടലില്‍ കയറി കാപ്പി കുടിക്കുന്നതുമൊന്നും ഞാനാണെങ്കില്‍ അംഗീകരിക്കുന്ന പ്രശ്നമില്ല"- നമ്പൂരിച്ചന്‍ ആരോടെന്നില്ലാതെ ചൂടായി.

എന്റെ നേരെ നോക്കിയാണു്‌ അയാള്‍ അതു പറഞ്ഞത്‌. അയാളുടെ സ്ഥിരം പരിപാടിയാണത്‌. വെള്ളമടിച്ച്‌ ആരോടെന്നില്ലാതെ ചൂടായി എന്തെങ്കിലും പറയുമ്പോള്‍ എന്റെ നേരെയായിരിക്കും നോക്കുന്നത്‌. കാണുന്നവര്‍ കരുതും എന്നോടാണയാള്‍ ചൂടാവുന്നത്‌ എന്ന്‌.

"ഞാന്‍ ഈ ആണ്‍-പെണ്‍ സൗഹൃദത്തെക്കുറിച്ചുള്ള ഒരു കഥ പറയാം.കഥയല്ലിത്‌.യഥാര്‍ത്ഥ സംഭവമാണു്‌"- നമ്പൂരിച്ചന്‍ സീരിയസ്സായി.

ഞങ്ങള്‍ ഉഷാറായി. ഏതു വിഷയമെടുത്തിട്ടാലും നമ്പൂരിച്ചനൊരു കഥ പറയാനുണ്ടാവും.വെറും കഥയല്ല, യഥാര്‍ത്ഥ സംഭവമാണെന്നു പറഞ്ഞാവും അവതരിപ്പിക്കുക.എന്തായലും കേള്‍ക്കാന്‍ രസമുണ്ടാവും.

"ഒരു പെണ്ണ്‌. അവള്‍ക്ക്‌ ഒരു ആണ്‍ സുഹൃത്തുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ നടന്നതാണു കേട്ടോ....ശരിക്കും പറഞ്ഞാല്‍ ഈ കഥാനായകന്‍ നമ്മളെല്ലാം അറിയുന്ന ആളാ".നമ്പൂരിച്ചന്‍ കഥയാരംഭിച്ചു-

"അവള്‍ വേറൊരു പുരുഷനെ കല്യാണം കഴിച്ചു. ഭാഗ്യത്തിനു്‌ അവളുടെ ഭര്‍ത്താവ്‌ വിശാല ഹൃദയനും പുരോഗമനവാദി എന്ന്‌ അഭിമാനിക്കുന്നവനും ആയിരുന്നു.ഭര്‍ത്താവിന്റെ അനുഗ്രഹാശിസ്സുകളോടെ അവള്‍ പുരുഷ സുഹൃത്തുമായി ശുദ്ധമായ സൗഹൃദം തുടര്‍ന്നു".

"അപ്പഴേ ചങ്ങാതീ, ഈ കഥാനായകനു്‌ ഒരു പേരില്ലേ?.പ്രത്യേകിച്ചും നമ്മള്‍ അറിയുന്ന ആളാണെന്നു പറഞ്ഞ സ്ഥിതിക്ക്‌..."- കുട്ടപ്പായിക്കു ക്ഷമ കെട്ടു.

"ങാ, അതു കൊണ്ടു തന്നെയാ പേരു പറയാത്തത്‌"- നമ്പൂരിച്ചന്‍ ചൂടായി.

അയാള്‍ കഥ ഓര്‍ത്തെടുക്കാന്‍ എന്നപോലെ ഒന്നു നിര്‍ത്തി.വീണ്ടും തുടര്‍ന്നു-

"എന്തായാലും ആണും പെണ്ണുമല്ലേ?.ഈ 'ശുദ്ധം' എന്നുള്ളത്‌ ഏതോ ഒരു ദുര്‍ബ്ബലനിമിഷത്തില്‍(ഈ വാക്കു കണ്ടുപിടിച്ചവനെ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കണം)അശുദ്ധമാകാന്‍ തുടങ്ങി.എങ്ങനെയോ ഭര്‍ത്താവെന്ന ആ പുരോഗമനവാദി ഇതിനെക്കുറിച്ചറിഞ്ഞു എന്നാണു പിന്നീടുണ്ടായ സംഭവം തെളിയിക്കുന്നത്‌".

നമ്പൂരിച്ചന്‍ ഗ്ലാസ്സു കാലിയാക്കിയിട്ട്‌ വീണ്ടും നിറച്ചു.ഞങ്ങള്‍ നിശ്ശബ്ദരായിരുന്നു കഥ കേള്‍ക്കുകയാണു്‌.

"ഒരു ദിവസം നമ്മുടെ ആണ്‍ സുഹൃത്ത്‌ പെണ്‍ സുഹൃത്തിനെയും കാത്ത്‌ പാര്‍ക്കിലിരിക്കുകയായിരുന്നു.പെട്ടെന്നു പടപടോന്ന്‌ അടി പൊട്ടുന്നതു സ്വന്തം പുറത്താണെന്ന തിരിച്ചറിവില്‍ ഞെട്ടലോടെ അയാള്‍ തിരിഞ്ഞു നോക്കി.പട്ടികക്കഷണം കൊണ്ട്‌ തന്റെ പുറം നോക്കി വച്ചു താങ്ങുന്നത്‌ ആ പുരോഗമനവാദിയായ ഭര്‍ത്താവും അയാളുടെ സുഹൃത്തുക്കളുമാണെന്നു മനസ്സിലാക്കാന്‍ ഒരു നിമിഷം പോലും വേണ്ടി വന്നില്ല.നമ്മുടെ ആണ്‍ സുഹൃത്തിനെ ഓടിച്ചിട്ടടിച്ച്‌ ഒരു പരുവമാക്കിയിട്ടാണു അവര്‍ പിന്മാറിയത്‌.അങ്ങനെ ആ ശുദ്ധ സൗഹൃദം നിലച്ചു. നമ്മുടെ ആണ്‍ സുഹൃത്തു ആ നാടു വിട്ട്‌ ദൂരെയൊരിടത്തു താമസമാക്കി".

"കഥ കൊള്ളാം. പക്ഷേ, ഇതൊരു ഭാവനാ സൃഷ്ടിയല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.ഈ കള്ളക്കഥ കൊണ്ടൊന്നും ശുദ്ധമായ ആണ്‍-പെണ്‍ സൗഹൃദത്തിനു കത്തി വയ്ക്കാം എന്നാരും കരുതേണ്ട.അല്ലെങ്കില്‍ ആളിന്റെ പേരു പറയണം"- കുട്ടപ്പായി നമ്പൂരിച്ചനെ കളിയാക്കാനെന്നോണം തുറന്നടിച്ചു.

"എടാ തെണ്ടീ"-നമ്പൂരിച്ചന്‍ കോപത്തോടെ ചാടിയെഴുന്നേറ്റു.എന്നിട്ട്‌ ഞങ്ങള്‍ക്കു പുറം തിരിഞ്ഞു നിന്നു കൊണ്ട്‌ ഷര്‍ട്ടു പൊക്കി നഗ്നമായ പുറം കാണിച്ചു തന്നു.

"അന്നു കൊണ്ട അടിയുടെ പാട്‌ ഇന്നും മാറിയിട്ടില്ല, ദേ നോക്ക്‌.കള്ളക്കഥയാണു പോലും!.കണ്ണീച്ചോരയില്ലാത്ത വര്‍ഗ്ഗം!.അന്നു ഞാന്‍ നാടു വിട്ട്‌ ഓടിയ ഓട്ടം ഇവിടെയെത്തിയാ അവസാനിച്ചത്‌"-നമ്പൂരിച്ചന്‍ നിന്നു തേങ്ങി.

ഞങ്ങള്‍ ഒന്നും പറയാനാവാതെ തരിച്ചിരുന്നു പോയി.

Thursday, May 28, 2009

ബസ്സ്‌ യാത്രയ്ക്കിടയില്‍ സംഭവിച്ചത്‌

അടുത്തയിടെ ബസ്സ് യാത്രയ്ക്കിടയില്‍ ഉണ്ടായ സംഭവങ്ങളാണു പറയാന്‍ പോകുന്നത്‌. കണ്ണൂരില്‍ നിന്നു കോട്ടയത്തേയ്ക്കു മാറ്റം കിട്ടിയിട്ട്‌ വര്‍ഷമൊന്നായി.ഇപ്പോള്‍ വീട്ടില്‍ നിന്ന് ദിവസവും പോയി വരാം-ഇരുപത്തഞ്ചു കിലോമീറ്ററിന്റെ കാര്യമല്ലേ ഉള്ളൂ.

ഓഫീസ്സില്‍ വരുന്ന പലരും എന്റെ വീടു തിരുവല്ലയിലാണെന്നു കേള്‍ക്കുമ്പോള്‍ ചോദിക്കും-

"ദിവസവും പോയി വരികയല്ലേ ?"

"അതെ"

"ട്രെയിനിനായിരിക്കും"

"അല്ല. ബസ്സിനാ"

അതു കേള്‍ക്കുമ്പോള്‍ പലര്‍ക്കും അദ്ഭുതമാണു്‌. ട്രെയിനില്‍ പോകാതെ ബസ്സില്‍ പോകുന്ന ഇയാള്‍ എന്തു മണ്ടത്തരമാണു കാണിക്കുന്നത്‌ എന്ന ഭാവത്തില്‍ അവര്‍ എന്നെ നോക്കും. അപ്പോള്‍ ചില വിശദീകരണങ്ങള്‍ കൊടുക്കാന്‍ ഞാന്‍ നിര്‍ബ്ബന്ധിതനാകും.

"കുറച്ചു ദൂരമല്ലേ ഉള്ളൂ. ബസ്സിനാവുമ്പോള്‍ ഞങ്ങടെ അടുത്തുള്ള ബസ്സ്‌ സ്റ്റോപ്പില്‍ നിന്നാല്‍ മതി. എം.സി. റോഡല്ലേ?. നേരെ കോട്ടയത്തിനുള്ള ബസ്സു കിട്ടും. മുക്കാല്‍ മണിക്കൂറു കൊണ്ടു കോട്ടയത്തെത്തും. ട്രെയിനാണെങ്കിലോ?. റെയില്‍ വേ സ്റ്റേഷന്‍ എന്റെ വീട്ടില്‍ നിന്നു രണ്ടു കിലോമീറ്റര്‍ അകലെയാണു്‌. കോട്ടയത്തെത്തിയാലോ?. ഓഫീസ്സും റെയില്‍ വേ സ്റ്റേഷനും തമ്മില്‍ രണ്ടു മൂന്നു കിലോമീറ്റര്‍ ദൂരമുണ്ട്‌. ബസ്സാവുമ്പോള്‍ ഇങ്ങനെയുള്ള പ്രശ്നങ്ങളൊന്നുമില്ല. ഇതിലൊക്കെ പ്രധാനപ്പെട്ട കാര്യം മറ്റൊന്നാണു്‌-ബസ്സാവുമ്പോള്‍ നമുക്കു സൗകര്യമുള്ള സമയത്തിറങ്ങിയാല്‍ മതി. ട്രെയിനാവുമ്പോള്‍ നമ്മള്‍ ട്രെയിനിന്റെ സമയം നോക്കി ഇറങ്ങണം"

ഇത്രയും പറഞ്ഞിട്ട്‌ ഞാന്‍ വിജയഭാവത്തില്‍ എതിരാളിയെ നോക്കും. പക്ഷെ, അയാളുണ്ടോ വിട്ടു തരുന്നു.

"എന്നാലും ബസ്സ്‌ യാത്ര വല്ല്യ ചെലവല്ലേ?"

കൂടുതല്‍ തര്‍ക്കിക്കാന്‍ തുനിയാതെ ഞാന്‍ അവിടെ നിര്‍ത്തും. പക്ഷെ, മനസ്സില്‍ പറയും-"ട്രെയിനില്‍ പോകാന്‍ എനിക്കു മനസ്സില്ല. ഒന്നു പോ കൂവേ, ഇയാള്‍ക്കെന്താ ഇത്ര നിര്‍ബ്ബന്ധം, എന്നെ ട്രെയിനില്‍ കേറ്റണമെന്ന്?"

കഴിഞ്ഞ ശനിയാഴ്ച. ഞാന്‍ മുത്തൂര്‍ ജങ്ക്ഷനിലുള്ള ഞങ്ങളുടെ ബസ്സ്‌ സ്റ്റോപ്പില്‍ നിന്നും ബസ്സില്‍ കയറി. ഓഫീസ്സിലേയ്ക്കുള്ള പോക്കാണു്‌. കോട്ടയം, വൈക്കം വഴിയുള്ള ഏറണാകുളം ഫാസ്റ്റാണു്‌. പത്തനംതിട്ട, കോഴഞ്ചേരി, തിരുവല്ല വഴി വരുന്നതാണു്‌. സീറ്റൊന്നും ഒഴിവില്ല. കുറെ പേര്‍ നില്‍ക്കുന്നുണ്ട്‌. നില്‍ക്കുക തന്നെ. ചങ്ങനാശ്ശേരി വരെ നില്‍ക്കേണ്ടി വരും. അവിടെ ആളിറങ്ങുമ്പോള്‍ സീറ്റു കിട്ടും. അതാണു പതിവ്‌. കണ്ടക്ടര്‍ മുന്‍പില്‍ ടിക്കറ്റ്‌ കൊടുക്കുകയാണു്‌. പണ്ടത്തെ പോലുള്ള ടിക്കറ്റ്‌ റായ്ക്കല്ല കയ്യില്‍, ടിക്കറ്റിംഗ്‌ മെഷീനാണു്‌. അയാള്‍ എന്റെ അടുത്തെത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു.

"ഒരു കോട്ടയം"

ഇരുപതു രൂപയും കൊടുത്തു.

"കോട്ടയം ഒന്ന്" എന്നു തന്നോടു തന്നെ പറഞ്ഞിട്ട്‌ അയാള്‍ ടിക്കറ്റു വിലയുടെ ബാക്കി അഞ്ചു രൂപയും എനിക്കു തന്നു. പക്ഷെ, ടിക്കറ്റ്‌ തന്നില്ല. ഞാന്‍ അയാളെ ഒന്നു സൂക്ഷിച്ചു നോക്കി, ടിക്കറ്റു തരാന്‍ മറന്നു പോയതാണെങ്കില്‍ ഒന്ന് ഓര്‍മ്മിപ്പിക്കുവാനെന്നോണം!. അയാള്‍ എന്റെ നോട്ടത്തെ അവഗണിച്ച്‌ പുറകിലേയ്ക്കു പോവുകയാണു്‌.

"ഒരു കോട്ടയം".

എന്റെ പുറകിലുള്ള ഒരു സീറ്റിലിരുന്ന ഒരാള്‍ പറഞ്ഞു, രൂപയും കൊടുത്തു.

"കോട്ടയം രണ്ട്‌", എന്നു വിജയ ഭാവത്തില്‍ പറഞ്ഞ്‌ കണ്ടക്റ്റര്‍ അയാള്‍ക്കും ബാക്കി കൊടുത്ത്‌ പുറകിലേയ്ക്കു പോകാന്‍ തുടങ്ങി.

"ടിക്കറ്റു തന്നില്ല". എന്തോ ആപത്തു സംഭവിച്ച മട്ടില്‍ ആ യാത്രക്കാരന്‍ കണ്ടക്ടറോടു പറഞ്ഞു.

"ഉം, തരാം".

കണ്ടക്ടര്‍ നിസ്സംഗ ഭാവത്തില്‍ പറഞ്ഞു. എന്നിട്ടു പുറകില്‍ നിന്ന ആളോടു ചോദിച്ചു-

"എങ്ങോട്ടാ?"

"കോട്ടയം"

"കോട്ടയം മൂന്ന്".

കണ്ടക്ടര്‍ ആഹ്ലാദത്തോടെ തന്നോടു തന്നെ പറഞ്ഞു. ടിക്കറ്റു കിട്ടുമെന്ന പ്രതീക്ഷയില്‍ മൂന്നാമനും കണ്ടക്റ്ററെ നോക്കി. കണ്ടക്റ്റര്‍ അയാളെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട്‌ അയാളോടും നേരത്തെ കോട്ടയം ടിക്കറ്റു ചോദിച്ച മറ്റേയാളോടുമായി മുന്‍പില്‍ കമ്പിയില്‍ പിടിച്ചു നില്‍ക്കുന്ന എന്നെ കാണിച്ചിട്ടു പറഞ്ഞു.

"നിങ്ങള്‍ രണ്ടു പേര്‍ക്കുമുള്ള ടിക്കറ്റ്‌ ഞാന്‍ ആ ആളിന്റെ കയ്യില്‍ കൊടുത്തേക്കാം. മൂന്നു പേര്‍ക്കും കൂടിയുള്ള ഒറ്റ ടിക്കറ്റാണു്‌"

അതു പറഞ്ഞിട്ട്‌ കണ്ടക്റ്റര്‍ എന്റെ അടുത്തു വന്നു. എന്റെ നേരെ ഒരു ടിക്കറ്റ്‌ നീട്ടി. ആരോ മടക്കി പോക്കറ്റിലിട്ടതു കാരണം(ഒരു പക്ഷെ ആ കണ്ടക്ടര്‍ തന്നെ ആകാം.) ചുളുക്കു വീണ ഒരു ടിക്കറ്റ്‌.

"കോഴഞ്ചേരിയില്‍ നിന്നു്‌ ഒരുമിച്ചു കേറിയ മൂന്നു പേര്‍ എറണാകുളം ടിക്കറ്റു വേണമെന്നു പറഞ്ഞു. ഞാന്‍ ടിക്കറ്റടിച്ചു കഴിഞ്ഞപ്പോഴാണു്‌ ഈ ബസ്സ്‌ എപ്പോഴാണു്‌ എറണാകുളത്തെത്തുക എന്നു ചോദിക്കുന്നത്‌. ഞാന്‍ സമയം പറഞ്ഞപ്പോള്‍ 'ട്രെയിനിനു പോയാല്‍ അതിലും നേരത്തെ എത്താം. അതു കൊണ്ടു ഞങ്ങള്‍ തിരുവല്ലയിലിറങ്ങി ട്രെയിനിനു പൊക്കോളാം. തിരുവല്ലാ ടിക്കറ്റു മതി' എന്നായി അവര്‍. അവര്‍ തിരുവല്ല വരെയുള്ള ചാര്‍ജേ തന്നുള്ളു"................ എന്നിട്ട്‌ എന്നെ നോക്കി കണ്ടക്ടര്‍ പറഞ്ഞു "ഏറണാകുളം വരെ മൂന്നു പേര്‍ക്കുള്ള ടിക്കറ്റാണിത്‌. ഇതു വച്ചോ. കോട്ടയത്തിറങ്ങുമ്പോള്‍ ഇത്‌ എന്റെ കയ്യില്‍ തിരിച്ചു തന്നിട്ടേ പോകാവൂ.................മനസ്സിലായില്ലേ?". എനിക്കെന്തോ പൂര്‍ണ്ണമായും മനസ്സിലായില്ലേ എന്ന ശങ്കയോടെ അയാള്‍ ചോദിച്ചു.

എല്ലാം മനസ്സിലായ ഞാന്‍ ആശ്രിത വത്സലനെ പോലെ തലയാട്ടി, "ശരി"

ചേതമില്ലാത്ത ഒരു ഉപകാരമല്ലേ, എനിക്കെന്തു പ്രശ്നം?. മുത്തൂര്‍ സ്റ്റോപ്പില്‍ നിന്നു കയറിയാലും കോട്ടയത്തിനു തിരുവല്ലയില്‍ നിന്നുള്ള ചാര്‍ജു തന്നെയാണു്‌. ആ പാവം കണ്ടക്ടര്‍ക്കു്‌ ഇങ്ങനെയൊരു അഡ്ജസ്റ്റ്‌മന്റ്‌ സാധിച്ചില്ലെങ്കില്‍ കയ്യില്‍ നിന്നു പൈസ നഷ്ടം വരും.

ഞങ്ങള്‍ മൂന്നു പേരില്‍ എന്നെത്തന്നെ ടിക്കറ്റേല്‍പ്പിക്കാന്‍ തെരെഞ്ഞെടുത്തതെന്താണാവോ?. അതാണു ഞാന്‍ ചിന്തിച്ചത്‌. ഒരു പക്ഷെ, എന്നെ കണ്ടിട്ട്‌ തര്‍ക്കമൊന്നും കൂടാതെ അയാള്‍ പറയുന്നത്‌ അംഗീകരിക്കുന്ന ആളാണെന്നു തോന്നിക്കാണും. അതോ വേറൊരാളെ ടിക്കറ്റേല്‍പ്പിച്ചാല്‍ ഞാന്‍ വഴക്കുണ്ടാക്കാന്‍ ചെല്ലുമെന്നു തോന്നിയിട്ടാകുമോ?.

കോട്ടയത്തിറങ്ങുന്നതിനു മുമ്പായി ഞാന്‍ കണ്ടക്റ്ററെ ടിക്കറ്റ്‌ തിരിച്ചേല്‍പ്പിച്ചു. ഇനി കോട്ടയം ബസ്സ്‌ സ്റ്റാന്റില്‍ നിന്ന് എറണാകുളത്തിനു കേറുന്ന മൂന്നു പേര്‍ക്കുള്ളതായി മാറും ആ ടിക്കറ്റ്‌!.ആരെങ്കിലും ആ ടിക്കറ്റ്‌ സ്വീകരിക്കാന്‍ വിസമ്മതിച്ചാല്‍ ആ കണ്ടക്ടറുടെ കാര്യം കഷ്ടത്തിലായതു തന്നെ. കയ്യില്‍ നിന്നു പൈസ പോകും. ആരെങ്കിലും എറണാകുളം ടിക്കറ്റ്‌ ആവശ്യപ്പെടുമ്പോള്‍ സന്തോഷത്തോടെ "എറണാകുളം ഒന്ന്" എന്ന് ലേലം വിളി പോലെ തന്നോടു തന്നെ പറയുന്ന കണ്ടക്ടറെ ഞാന്‍ സങ്കല്‍പ്പത്തില്‍ കണ്ടു. ഓരോരുത്തര്‍ക്കുണ്ടാകുന്ന ഓരോ ഗതികേടേ!.

ഇനി പറയാന്‍ പോകുന്നത്‌ മറ്റൊരു ബസ്സ്‌ യാത്രയ്ക്കിടയില്‍ നടന്ന ദയനീയമായ, ദുഃഖകരമായ ഒരു സംഭവത്തെ കുറിച്ചാണു്‌. മേല്‍ വിവരിച്ച ബസ്സ്‌ യാത്രയ്ക്ക്‌ ഏതാണ്ട്‌ ഒരാഴ്ച മുന്‍പു നടത്തിയ മറ്റൊരു ബസ്സ്‌ യാത്രയുടെ കഥയാണിത്‌.

കറുകച്ചാലില്‍ ഒരു നല്ല കണ്ണാശുപത്രിയുണ്ട്‌-എസ്സ്‌.ജെ ഐ ഹോസ്പിറ്റല്‍. സന്തോഷ്‌ കുമാര്‍ എന്ന ഒരു ഡോക്ടറുടെ ഉടമസ്ഥതയില്‍ ഉള്ള ആശുപത്രിയാണു്‌. ഒരിക്കല്‍ ആ ഡോക്ടറെ ഒരു പ്രത്യേക സാഹചര്യത്തില്‍ പരിചയപ്പെടാനിടയായി. ആ സമയത്ത്‌ ഞാന്‍ കട്ടിക്കണ്ണട ധരിച്ചായിരുന്നു നടപ്പ്‌. ഉറങ്ങുന്ന സമയമൊഴികെ എല്ലായ്പ്പോഴും അതു വയ്ക്കണമായിരുന്നു. അതൊരു അസൗകര്യമായിരുന്നെങ്കിലും മറ്റു മാര്‍ഗ്ഗമില്ലായിരുന്നു;കണ്ണു കാണണ്ടേ?. ഡോക്ടര്‍ സന്തോഷിനെ പരിചയപ്പെട്ട ശേഷം എന്റെ കണ്ണു പരിശോധിച്ച അദ്ദേഹം പറഞ്ഞു, ഒരു ഓപ്പറേഷന്‍ നടത്തി പ്ലാസ്റ്റിക്‌ ലെന്‍സ്‌ കണ്ണിനകത്തു വച്ചാല്‍ എനിക്കു കണ്ണട ധരിക്കാതെ നടക്കാന്‍ സാധിക്കുമെന്ന്. ഓപ്പറേഷനു സമ്മതമാണെന്നു ഞാന്‍ അറിയിച്ചാല്‍ മതി, ബാക്കി കാര്യം അദ്ദേഹമേറ്റു!.

അത്ര മാത്രം ഉറപ്പോടെ, ആത്മവിശ്വാസത്തോടെയാണദ്ദേഹമതു പറഞ്ഞത്‌. അതിനാല്‍ യാതൊരു ശങ്കയുമില്ലാതെ ഞാന്‍, ഓപ്പറേഷന്‍ നടത്താം എന്നു തീരുമാനിച്ചു. അതിനു മുമ്പ്‌ ഇങ്ങനെയൊരു ആശുപത്രിയെക്കുറിച്ചോ ഈ ഡോക്ടറെക്കുറിച്ചോ ഞാന്‍ കേട്ടിട്ടുപോലും ഇല്ലെന്നോര്‍ക്കണം. അദ്ദേഹത്തെ പരിചയപ്പെട്ടു കഴിഞ്ഞപ്പോള്‍ അദ്ദേഹം വളരെ മാന്യനും നല്ലവനുമായ ഒരാളാണെന്നു മനസ്സിലായി. അദ്ദേഹത്തെ പൂര്‍ണ്ണമായും വിശ്വസിക്കാം എന്ന് എനിക്കു തോന്നി.

അങ്ങനെ എന്റെ രണ്ടു കണ്ണിനും ഓപ്പറേഷന്‍ നടത്തി. വിദഗ്ദ്ധനായ ഐ സര്‍ജന്‍ ശ്രീമാന്‍ ഫിലിപ്പ്‌ കുര്യാക്കോസ്‌ ആണു്‌ അതു ചെയ്തത്‌. അദ്ദേഹമാണു സന്തോഷ്‌ ഡോക്ടറുടെ ആശുപത്രിയില്‍ കണ്ണിന്റെ ഓപ്പറേഷനെല്ലാം നടത്തുന്നത്‌.

ഓപ്പറേഷനു ശേഷം കണ്ണട വേണ്ടെന്നായി. എഴുതുവാനും വായിക്കുവാനും മാത്രം സാധാരണ വെള്ളെഴുത്തു കണ്ണട പോലുള്ള കട്ടി കുറഞ്ഞ ഒരു കണ്ണട ധരിക്കണം, അത്രമാത്രം. അല്ലാത്ത സമയത്തു കണ്ണടയുടെ ആവശ്യമില്ല. വണ്ടി ഓടിക്കുവാന്‍ പോലും കണ്ണട വയ്ക്കേണ്ട ആവശ്യമില്ല. വലിയ ആശ്വാസമായി എനിക്ക്‌.

ഓപ്പറേഷന്‍ കഴിഞ്ഞിട്ടിപ്പോള്‍ ഒരു വര്‍ഷമാകുന്നു. രണ്ടു ദിവസമായി വലതു കണ്ണിനു്‌ ചെറിയ ഒരു വേദന തോന്നുന്നുണ്ടായിരുന്നു. എസ്സ്‌.ജെ. ഐ ഹോസ്പിറ്റലില്‍ തന്നെ പോയി ഡോക്ടറെ കണ്ടു. ഡോക്ടര്‍ ലീമയായിരുന്നു പരിശോധിച്ചത്‌. കണ്ണിലൊഴിക്കുവാനുള്ള മരുന്നുകള്‍ തന്നിട്ട്‌ മൂന്നു ദിവസം കഴിഞ്ഞിട്ടു ചെന്നു കാണണമെന്നു ഡോക്ടര്‍ പറഞ്ഞു.

ആ മൂന്നു ദിവസം കഴിഞ്ഞു. ഡോക്ടറെ കാണുവാനുള്ള ദിവസമായി. ഉച്ചയ്ക്കു ശേഷം മൂന്നു മണിക്കാണു്‌ ആശുപത്രിയില്‍ എത്തേണ്ടത്‌. രാവിലെ ഞാന്‍ പതിവു പോലെ കോട്ടയത്ത്‌ ഓഫീസ്സില്‍ പോയി. ഉച്ചയ്ക്ക്‌ രണ്ടു മണിയോടെ ആശുപത്രിയിലേക്കു പോകുവാന്‍ കോട്ടയം ട്രാന്‍സ്പോര്‍ട്ട്‌ ബസ്സ്‌ സ്റ്റാന്റില്‍ എത്തി. ഇപ്പോള്‍ അവിടെ നിന്നും കറുകച്ചാല്‍, മല്ലപ്പള്ളി വഴിയായി ചെയിന്‍ സര്‍വീസുണ്ട്‌. നേരത്തെ ആ റൂട്ടില്‍ പ്രൈവറ്റ്‌ ബസ്സ്‌ മാത്രമേ ഉണ്ടായിരുന്നുള്ളു. ലാഭകരമായ റൂട്ടുകളിലെല്ലാം പ്രൈവറ്റു ബസ്സുകളുമായി മത്സരിക്കാന്‍ ബസ്സുകളിറക്കാനുള്ള കെ.എസ്സ്‌.ആര്‍.ടി.സി.യുടെ പുതിയ പരിപാടിയുടെ ഭാഗമായിട്ടാണു്‌ കറുകച്ചാല്‍ റൂട്ടിലും ധാരാളം ട്രാന്‍സ്പോര്‍ട്‌ ബസ്സുകള്‍ ഓടിക്കാന്‍ തുടങ്ങിയത്‌. സ്വയം നന്നായില്ലെങ്കിലും കുറച്ചു സ്വകാര്യ ബസ്സുകാരെയെങ്കിലും കുത്തുപാളയെടുപ്പിക്കാന്‍ ട്രന്‍സ്പോര്‍ട്ടുകാര്‍ വിചാരിച്ചാല്‍ സാധിക്കുമെന്നു്‌ നാലു പേര്‍ അറിയട്ടെ!, ഹല്ല പിന്നെ!. കാട്ടിലെ തടി, തേവരുടെ ആന(വണ്ടി), വലിപ്പിക്കാനല്ലേ നമുക്കു പറ്റൂ, ചങ്ങാതീ ?!.

പലപ്പോഴും വീട്ടിലേയ്ക്കു പോകാന്‍ ബസ്സിനായി കോട്ടയം ബസ്സ്‌ സ്റ്റാന്റില്‍ നില്‍ക്കുമ്പോള്‍ കറുകച്ചാല്‍ വഴി കോഴഞ്ചേരിക്കുള്ള ബസ്സുകള്‍ ആളൊഴിഞ്ഞു പോകുന്നതു കണ്ടു നെടുവീര്‍പ്പിട്ടു നില്‍ക്കേണ്ടി വന്നിട്ടുണ്ട്‌!. എനിക്കു വീട്ടില്‍ പോകേണ്ടത്‌ എം.സി. റോഡ്‌ വഴിയാണു്‌. ദേശസാല്‍കൃത റൂട്ട്‌. വന്‍ തിരക്ക്‌. ആവശ്യത്തിനു ബസ്സുമില്ല. അങ്ങനെ ബസ്സു കാത്തു നിന്നു മടുക്കുമ്പോഴാണു്‌ കറുകച്ചാല്‍, മല്ലപ്പള്ളി ബസ്സുകള്‍ ആളൊഴിഞ്ഞു പോകുന്നത്‌!. നമ്മുടെ വീടും ആ റൂട്ടിലെങ്ങാനുമായിരുന്നെങ്കില്‍ എന്നു വ്യാമോഹിച്ചു പോകും, അല്ലേ ചങ്ങാതീ?.

ഏതായാലും എനിക്ക്‌ ഇപ്പോള്‍ ആശുപത്രിയില്‍ പോകാന്‍ കറുകച്ചാല്‍ വഴിയുള്ള ബസ്സാണു്‌ ആവശ്യം. അതിനാല്‍ ആളൊഴിഞ്ഞ ബസ്സുകള്‍ തുരുതുരെ കറുകച്ചാല്‍ റൂട്ടില്‍ വിടുന്ന കെ.എസ്‌.ആര്‍.ടി.സി.യുടെ വിനോദത്തിനു തല്‍ക്കാലം ജയ്‌ വിളിക്കാം.

ഞാന്‍ ബസ്സ്‌ സ്റ്റാന്റില്‍ പ്രവേശിപ്പോഴേ കറുകച്ചാല്‍ വഴിയുള്ള ഒരു വേണാടു ബസ്സ്‌ സ്റ്റാര്‍ട്ട്‌ ചെയ്തു നിര്‍ത്തിയിരിക്കുന്നതു കണ്ടു. അധികം ആളൊന്നും അതിനകത്തില്ല. അതിനടുത്തു തന്നെ അതേ റൂട്ടില്‍ പോകുന്ന മറ്റൊരു ബസ്സും കിടപ്പുണ്ട്‌. അതില്‍ ആരും കയറിയിട്ടില്ല. അതു രണ്ടാമതായി പോകാനുള്ള ബസ്സാണെന്നു തോന്നുന്നു. എന്നാലും അതില്‍ കയറിയാലോ എന്നൊരു ചിന്ത ഒരു നിമിഷ നേരത്തേക്ക്‌ ഉണ്ടായി. സ്റ്റാര്‍ട്ട്‌ ചെയ്തു നിര്‍ത്തിയിരിക്കുന്ന മറ്റേ ബസ്സിനെക്കുറിച്ച്‌ എന്തോ ഒരു അശുഭ ചിന്ത എന്റെ ആറാമിന്ദ്രിയം(അങ്ങനെയൊന്ന് നമുക്കെല്ലാവര്‍ക്കുമില്ലേ?) മുഖേന മനസ്സില്‍ കടന്നു വന്നതാണു്‌. പക്ഷെ, ഈ ആറാമിന്ദ്രിയത്തിന്റെ മുന്നറിയിപ്പുകള്‍ നാമെല്ലാവരും നിസ്സാരമാക്കി അവഗണിക്കുകയാണല്ലോ പതിവ്‌. ഞാനും അതു തന്നെയാണു ചെയ്തത്‌.

സ്റ്റാര്‍ട്ട്‌ ചെയ്തു നിര്‍ത്തിയിരിക്കുന്ന ബസ്സില്‍ത്തന്നെ ഞാന്‍ കയറി. അതാണല്ലോ നാട്ടുനടപ്പ്‌. കൂടാതെ നേരത്തെ സ്ഥലത്തെത്താം എന്ന വ്യാമോഹവും. പക്ഷെ, ആദ്യം വിട്ട ബസ്സില്‍ പുറപ്പെട്ടാലും പുറകെ വരാന്‍ പോകുന്ന ബസ്സില്‍ കയറിയേ എനിക്കു യാത്ര മുഴുമിക്കുവാന്‍ കഴിയുകയുള്ളൂ എന്ന് ഞാന്‍ അറിഞ്ഞില്ലല്ലോ!. നമുക്കു സംഭവിക്കാന്‍ പോകുന്നത്‌, അല്ലെങ്കില്‍ നമ്മുടെ ഭാവി നമ്മില്‍ നിന്നു മറച്ചു വയ്ക്കുവാന്‍ എന്താണു കാരണം?. ഞാന്‍ പറയാം, അത്‌ അങ്ങനെയല്ലെങ്കില്‍ നമ്മുടെ ജീവിതം പരിണാമ ഗുപ്തിയില്ലാത്ത കഥ പോലെ വിരസമായി തീരും, അതല്ലേ കാരണം?.

നമ്മുടെ ഭാവി കൃത്യമായി പ്രവചിക്കും എന്ന് അവകാശപ്പെടുന്ന ജ്യോത്സ്യന്മാരും ദിവ്യന്മാരുമുള്ള നാടാണു്‌ ഇത്‌. ഒരു മനുഷ്യന്റെ ഭാവി ആര്‍ക്കെങ്കിലും മുന്‍ കൂട്ടി പറയാന്‍ സാധിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. അഥവാ ഭാവി പ്രവചിക്കാന്‍ കഴിവുള്ള ഒരാളുണ്ടെന്നു തന്നെ സങ്കല്‍പ്പിക്കുക(അങ്ങനെ ഒരാള്‍ ഒരിടത്തുമില്ല ചങ്ങാതീ, എന്നെ വിശ്വസിക്കൂ), ഞാന്‍ ഒരിക്കലും എന്റെ ഭാവി അറിയാന്‍ അയാളുടെ അടുത്തു പോവുകയില്ല. എന്തെന്നാല്‍, അറിയാതിരിക്കുന്നതു തന്നെയാണു നല്ലത്‌.

ബസ്സ്‌ യാത്രയിലേക്കു മടങ്ങി വരാം. അങ്ങനെ ബസ്സ്‌ വിട്ടു പോവുകയാണു്‌. മുന്നിലും പിന്നിലുമായി രണ്ടു വാതിലുകള്‍ ഉള്ള ബസ്സാണു്‌. പിന്നിലെ വാതിലിനു തൊട്ടു പിന്നിലുള്ള വിന്‍ഡോ സീറ്റിലാണു ഞാന്‍ ഇരിക്കുന്നത്‌. എനിക്കു പിന്നില്‍ ഒരു നിര സീറ്റു കൂടിയേ ഉള്ളൂ. എന്റെ തൊട്ടു പിന്നിലെ വിന്‍ഡോ സീറ്റില്‍ ഒരാള്‍ ഇരിപ്പുണ്ട്‌.

ബസ്സ്‌ പരിയാരം എന്ന സ്ഥലത്തുള്ള ഒരു ചെറിയ പാലത്തിലേയ്ക്കു പ്രവേശിക്കുകയാണു്‌. ഒരു ചെറിയ വളവും പാലവും കൂടെ ഒരുമിച്ചു വരുന്ന സ്ഥലമാണു്‌. പാലത്തിനടുത്തായി വഴി തിരിഞ്ഞു പോകുന്ന സ്ഥലപ്പേരുകള്‍ എഴുതി വച്ചിരിക്കുന്ന ഇരുമ്പു കോണ്ടുള്ള ഒരു ബോര്‍ഡും വഴിയരികില്‍ സ്ഥാപിച്ചിരിക്കുന്നു. എതിരെ വന്ന വണ്ടിക്കു സൈഡ്‌ കൊടുക്കാന്‍ വേണ്ടി ഞങ്ങളുടെ ബസ്സ്‌ ഈ ബോര്‍ഡിനോടു ചേര്‍ന്നാണു പാലത്തിലേയ്ക്ക്‌ പ്രവേശിച്ചത്‌.

ബസ്സ്‌ ഈ ബോര്‍ഡിനെ കടന്നതും പിറകിലായി 'പഠോ' എന്ന് വലിയ ഒരു ശബ്ദം കേട്ടു. ബസ്സിന്റെ പിന്‍ ഭാഗം ബോര്‍ഡിലിടിച്ചതാണെന്നു ഞാന്‍ കരുതി. ഒരു സെക്കന്റിനു ശേഷം "എന്റെ കൈ പോയേ" എന്നൊരു നിലവിളി എന്റെ പിറകിലെ സീറ്റില്‍ നിന്നും ഉയര്‍ന്നു.

പെട്ടെന്നു ഡ്രൈവര്‍ ബസ്സ്‌ നിര്‍ത്തി. ബസ്സിനുള്ളിലെ യാത്രക്കാരില്‍ ചിലരും കണ്ടക്ടറും പിറകിലുള്ള സീറ്റിനടുത്തേക്ക്‌ ഓടിയെത്തി.

പിറകിലിരുന്ന ആളിന്റെ കൈ ആണു്‌ വഴിയരികിലെ ബോര്‍ഡില്‍ ഇടിച്ചതെന്ന് എനിക്കു മനസ്സിലായി. പിറകിലേക്കു നോക്കുവാനുള്ള ധൈര്യം എനിക്കില്ല. ദുര്‍ബ്ബല ഹൃദയനും വികാരജീവിയുമാണു ഞാന്‍!. പിറകില്‍ ഒരു ഭീകരമായ കാഴ്ചയായിരിക്കും എന്നെനിക്കു തോന്നി. ഞാന്‍ പതുക്കെ ബസ്സില്‍ നിന്നു പുറത്തേക്കിറങ്ങി. മറ്റു ചിലരും പുറത്തേക്കിറങ്ങുന്നുണ്ടായിരുന്നു.

അപകടം പറ്റിയ ആളിന്റെ ശബ്ദമോ നിലവിളിയോ ഒന്നും കേള്‍ക്കുന്നില്ല. ഒരു പക്ഷെ അയാളുടെ കൈയുടെ ആ ഭാഗം മരവിച്ചു പോയിരിക്കാം, വേദന അറിയുന്നുണ്ടാവില്ല.

രണ്ട് പേര്‍ ഹതഭാഗ്യനായ ആ മനുഷ്യനെ താങ്ങിപ്പിടിച്ച്‌ നടത്തിക്കൊണ്ട്‌ പുറത്തിറങ്ങി. ആരോ അടുത്തുണ്ടായിരുന്ന ഒരു ഓട്ടോ വിളിച്ചു. അതില്‍ കയറ്റി കണ്ടക്ടര്‍ അയാളെ ഏതോ ആശുപത്രിയിലേക്കു കൊണ്ടു പോയി.

അയാളുടെ കൈമുട്ടിനു കാര്യമായ തകരാര്‍ സംഭവിച്ചിരുന്നു. അയാള്‍ കൈമുട്ട്‌ ബസ്സിനു വെളിയിലേക്കു വച്ചു കൊണ്ട്‌ ഉറങ്ങുകയായിരുന്നു എന്നാണു മനസ്സിലാക്കുന്നത്‌. പാവം!.

ഞാന്‍ വഴിയരികില്ലുള്ള വെയിറ്റിംഗ്‌ ഷെഡ്ഡിനുള്ളിലേയ്ക്കു കയറി നിന്നു. ഒരു മനം പുരട്ടല്‍ പോലെ, വയറ്റില്‍ ഒരു അസ്വസ്ഥത. ഡ്രൈവര്‍ ബസ്സ്‌ റോഡരികിലേയ്ക്കു മാറ്റിയിടുന്നു. ഞാന്‍ ബസ്സിലേയ്ക്കു നോക്കി. അതിന്റെ പിറകില്‍ ഇടത്തു വശത്തായി ചോര വീണ പാട്‌.

ആ ബസ്സില്‍ വന്ന ഞങ്ങള്‍ എല്ലാവരും അടുത്ത ബസ്സ്‌ വരാന്‍ വേണ്ടി കാത്തു നില്‍ക്കുകയാണു്‌. അപ്പോഴാണു്‌ ഒരു പ്രൈവറ്റ്‌ ബസ്സ്‌ വരുന്നത്‌. പോകാന്‍ ധൃതിയുള്ള ചിലര്‍ അതിനു കൈ കാണിച്ചു, ടിക്കറ്റിന്റെ പൈസ പോകുന്നെങ്കില്‍ പോകട്ടെ!. പക്ഷേ ആ ബസ്സ്‌ നിറുത്താതെ പൊയ്ക്കളഞ്ഞു. ട്രാന്‍സ്പോര്‍ട്ട്‌ ബസ്സിനു്‌ എന്തോ കുഴപ്പം പറ്റിയതാണെന്ന് ആ പ്രൈവറ്റ്‌ ബസ്സിന്റെ ഡ്രൈവര്‍ക്കു മനസ്സിലായിക്കാണും. തങ്ങളുടെ എതിരാളികളുടെ ബസ്സില്‍ കയറിയവര്‍ അല്‍പ്പം ബുദ്ധിമുട്ടട്ടെ എന്നയാള്‍ കരുതിക്കാണും.

അല്‍പ്പസമയത്തിനു ശേഷം അതാ ട്രാന്‍സ്പോര്‍ട്ട്‌ ബസ്സ്‌ വരുന്നു!. അത്‌ ഞങ്ങളുടെ ബസ്സ്‌ കോട്ടയം സ്റ്റാന്റില്‍ നിന്നു വിട്ടപ്പോള്‍ അവിടെ കിടന്നിരുന്ന, ഞാന്‍ കയറണമോ എന്ന് ഒരു നിമിഷം ചിന്തിച്ച അതേ ബസ്സ്‌ തന്നെ!. ഞങ്ങളുടെ ബസ്സില്‍ ഉണ്ടായിരുന്ന ടിക്കറ്റ്‌ ചെക്കര്‍ അതിനു കൈ കാണിച്ചു നിര്‍ത്തി. എല്ലാവരും ആ ബസ്സില്‍ കയറി. കോട്ടയത്തു വച്ച്‌ ഇതില്‍ കയറിയാല്‍ മതി എന്ന തോന്നല്‍ അവഗണിച്ച്‌ ആദ്യത്തെ ബസ്സില്‍ കയറിയ എനിക്ക്‌ യാത്ര മുഴുമിക്കാന്‍ ആ ബസ്സില്‍ത്തന്നെ കയറേണ്ടി വന്നു. നമ്മുടെ ആറാമിന്ദ്രിയത്തിന്റെ നിര്‍ദ്ദേശം അവഗണിച്ചാല്‍ ഇങ്ങനെയിരിക്കും!. കൂടാതെ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ കയ്യും തലയും പുറത്തിടരുത്‌, ജാഗ്രത!.

Friday, March 13, 2009

"നീലകണ്ടന്റെ കണ്ടി”

"അപ്പൂപ്പാ, എന്റെ പേരെന്തുവാ ?"

അപ്പൂപ്പന്‍ കേള്‍ക്കാത്ത ഭാവത്തില്‍ ജോലി തുടര്‍ന്നു. പോക്കുവെയിലില്‍ അപ്പൂപ്പന്റെ മുഖത്തെ നരച്ച കുറ്റി രോമങ്ങള്‍ തിളങ്ങി. വെയിലാറിത്തുടങ്ങിയിട്ടും ഉഷ്ണത്തിനു കുറവില്ല. നരച്ച പുരികത്തിലെ വിയര്‍പ്പു ചൂണ്ടുവിരലിനാല്‍ തുടച്ചു കുടഞ്ഞുകളഞ്ഞിട്ട്‌ അപ്പൂപ്പന്‍ തലയുയര്‍ത്തി നോക്കി.

കുട്ടികള്‍ പോയിട്ടില്ല. അയാള്‍ വീണ്ടും കുനിഞ്ഞ്‌ ഉണക്കാനിട്ടിരുന്ന വാഴനാരുകള്‍ പെറുക്കിയെടുക്കുന്നതു തുടര്‍ന്നു. അപ്പൂപ്പന്റെ ജീവിത മാര്‍ഗ്ഗമാണത്‌. എവിടെയെങ്കിലും വാഴ വെട്ടിയിട്ടിട്ടുണ്ടെങ്കില്‍ അപ്പൂപ്പന്‍ അവിടെയെത്തും. പേനാക്കത്തി കൊണ്ട്‌ വാഴപ്പോളയില്‍ നിന്നു നാരുകള്‍ കീറിയെടുക്കും. എന്നിട്ട്‌ അത്‌ വെയിലത്ത്‌ ഉണക്കാനിടും. ഉണങ്ങിയ വാഴനാരുകള്‍ ഭംഗിയായി ചുറ്റി ഉണ്ടയാക്കി എടുക്കും. അതു പലചരക്കു കടകളില്‍ കൊണ്ടു ചെന്നു വില്‍ക്കും. അതില്‍ നിന്നു കിട്ടുന്ന തുച്ഛമായ വരുമാനമാണു്‌ അപ്പൂപ്പന്റെ ജീവിത മാര്‍ഗ്ഗം. കടകളില്‍ സാധനങ്ങള്‍ പൊതിഞ്ഞു കെട്ടാന്‍ ഉപയോഗിച്ചിരുന്നത്‌ ഉണങ്ങിയ വാഴനാരായിരുന്നു.

നാട്ടിലെ ചെറിയ കുട്ടികള്‍ക്ക്‌ ഈ അപ്പൂപ്പനെ വലിയ ഇഷ്ടമായിരുന്നു. അപ്പൂപ്പന്റെ തലവട്ടം കണ്ടാല്‍ കുട്ടികള്‍ ഓടി അടുത്തു കൂടും. അപ്പൂപ്പനും കുട്ടികളുടെ സാമീപ്യം ഇഷ്ടപ്പെട്ടിരുന്നു. അപ്പൂപ്പന്‍ ഓരോ കുട്ടിയ്ക്കും ഓരോ ഇരട്ടപ്പേരിടും. ഇന്ന് ഒരു പേരിടും. നാളെ വേറൊന്ന്. അപ്പൂപ്പന്‍ വിളിക്കുന്ന ഇരട്ടപ്പേരു കേട്ട്‌ കുട്ടികള്‍ ആര്‍ത്തു ചിരിക്കും. കരിങ്കണ്ണന്‍, പൂതപ്പാണ്ടി, കട്ടബ്ബൊമ്മന്‍ - ഇവയൊക്കെ അപ്പൂപ്പനിടുന്ന ഇരട്ടപ്പേരുകളില്‍ ചിലതാണു്‌.

വാഴനാരെല്ലാം പെറുക്കിയെടുത്തു കഴിഞ്ഞ്‌ അപ്പൂപ്പന്‍ നിവര്‍ന്നു നിന്നു. കുട്ടികളെ നോക്കി ചിരിച്ചു. എന്നിട്ടു ചോദിച്ചു.

"അപ്പൊ എന്താ ചോദിച്ചെ ?"

"എന്റെ പേരെന്താന്ന്"

പെട്ടെന്നാണു്‌ എവിടെ നിന്നോ ഒരു പട്ടി ഓടി വന്നത്‌. പ്രകൃതിയുടെ വിളിയുണ്ടായിട്ടു വന്നതാണു്‌. അതു ദൂരെ മാറിയിരുന്ന് കാര്യം സാധിക്കാന്‍ തുടങ്ങി. പട്ടിയുടെ പ്രവൃത്തി ഒന്നു നോക്കിയിട്ട്‌ അപ്പൂപ്പന്‍ പെട്ടെന്നു കുട്ടികളുടെ നേരേ തിരിഞ്ഞു. അപ്പൂപ്പന്റെ ചുണ്ടില്‍ ഒരു കുസൃതിച്ചിരി വിരിഞ്ഞു.

" അപ്പൊ നിനക്കൊരു പേരു വേണം, അല്ലേ ?".

പേരു വേണമെന്ന് ആവശ്യപ്പെട്ട കുസൃതിക്കുട്ടന്‍, അതേ എന്ന അര്‍ത്ഥത്തില്‍ തലയാട്ടി.

"ഉം, നിനക്കു നല്ലൊരു പേരു കിട്ടിയിട്ടുണ്ട്‌. പറയട്ടേ ?"

"ഒന്നു പറയപ്പൂപ്പാ". അവന്‍ ആകാംക്ഷയോടെ പറഞ്ഞു.

"നിന്റെ പേരാണു്‌ ' നീലകണ്ടന്റെ കണ്ടി ' "

കാര്യം സാധിച്ചു കഴിഞ്ഞ്‌ ഓടിപ്പോകുന്ന പട്ടിയെ നോക്കി അപ്പൂപ്പന്‍ ഉറക്കെ ചിരിച്ചു. കുട്ടികളും ആര്‍ത്തു ചിരിച്ചു.

പേരു കിട്ടിയവനെ നോക്കി എല്ലാവരും കൂടി ഉറക്കെ വിളിച്ചു.

"നീലകണ്ടന്റെ കണ്ടി. നീലകണ്ടന്റെ കണ്ടി"

നീലകണ്ടന്റെ കണ്ടിയ്ക്ക്‌ ആകെപ്പാടെ നാണം വന്നു.

"പോടാ". അവന്‍ മറ്റുള്ളവരെ നോക്കി കൊഞ്ഞനം കാട്ടി. അതുകൊണ്ടും മതിയാകാതെ അവരുടെ നേരെ ഒരു കല്ലെടുത്തെറിഞ്ഞിട്ട്‌ അവന്‍ ഓടിക്കളഞ്ഞു.

ഈ അപ്പൂപ്പന്‍ ഞങ്ങളുടെ നാട്ടില്‍ പണ്ട്‌, എന്നു വച്ചാല്‍ ഒരു നാല്‍പ്പതു കൊല്ലം മുന്‍പ്‌ ജീവിച്ചിരുന്ന ഒരാളാണു്‌. അന്നിവിടം ഒരു ശുദ്ധ നാട്ടിന്‍പുറമായിരുന്നു. ഇന്നിപ്പോള്‍ ഈ കാണുന്ന വഴിയിലൂടെ കാറും ലോറിയുമെല്ലാം പോകും. ഒരു കാലത്ത്‌ ഈ കാണുന്ന ടാറിട്ട റോഡുണ്ടായിരുന്നില്ല. ഇതിന്റെ സ്ഥാനത്ത്‌ ഒരു ഒറ്റയടിപ്പാത മാത്രം. ഞങ്ങളുടെ വീടിനു വടക്കായി ഈ ഒറ്റയടിപ്പാതയോരത്ത്‌ വളരെ പ്രായമായ ഒരു തേക്കു മരം നിന്നിരുന്നു. ഇന്ന് അതില്ല. അത്‌ ആരുടെതായിരുന്നെന്നോ എന്നാണത്‌ വെട്ടിമാറ്റിയതെന്നോ അറിയില്ല. ഒരു പക്ഷേ വഴിക്കു വീതി കൂട്ടിയപ്പോള്‍ വെട്ടിയതാവും.

അച്ഛനു ജോലിയില്‍ സ്ഥലം മാറ്റങ്ങളുണ്ടായതു കാരണം ഞങ്ങള്‍ വര്‍ഷങ്ങളോളം മറ്റിടങ്ങളില്‍ താമസിച്ചു. മടങ്ങിയെത്തിയപ്പോള്‍ (1983ല്‍) ഈ പരിസരം ആകെ മാറിപ്പോയിരുന്നു. ഒറ്റയടിപ്പാതയുടെ സ്ഥാനത്ത്‌ കാറും ലോറിയും വരുന്ന വഴി ഉണ്ടായി(ടാര്‍ ചെയ്തത്‌ പിന്നെയും ചില വര്‍ഷങ്ങള്‍ക്കു ശേഷമാണു്‌). ഞങ്ങള്‍ നാട്ടില്‍ തിരിച്ചെത്തിയ ദിവസം ഈ റോഡില്‍ക്കൂടെ ഒരു ഓട്ടോ വന്നതു കണ്ടപ്പോള്‍ എനിക്കു വല്ലാത്ത കൗതുകം തോന്നി. ഇങ്ങനെയൊന്നു സംഭവിക്കുമെന്ന് ഒരു കാലത്തു ഞാന്‍ നിനച്ചിരുന്നില്ല. കാലം പോയൊരു പോക്കേ!.

മേല്‍പ്പറഞ്ഞ ആ അപ്പൂപ്പനൊക്കെ മരിച്ചു പോയിട്ട്‌ എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞു. അന്നൊക്കെ എല്ലാ നാട്ടിന്‍പുറങ്ങളിലും അവിടത്തെ ട്രേഡ്‌ മാര്‍ക്ക്‌ എന്നതു പോലെയുള്ള ഇത്തരം ചില കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നു. ഇതുപോലെയുള്ള പച്ചയായ മനുഷ്യരെ ഇപ്പോള്‍ എവിടെയും കാണാനില്ല. ഒരേ അച്ചിലിട്ടു വാര്‍ത്തതു പോലെയുള്ള സോഫിസ്റ്റിക്കേറ്റഡായിട്ടുള്ള മനുഷ്യരെയാണു്‌ ഇപ്പോള്‍ കൂടുതലായും കാണുന്നത്‌, അല്ലേ ?. നാട്ടിന്‍പുറങ്ങള്‍ തന്നെ അപ്രത്യക്ഷമായിക്കഴിഞ്ഞു. ഇപ്പോള്‍ അവയെല്ലാം സമീപത്തുള്ള പട്ടണങ്ങളുടെ ഉപഗ്രഹങ്ങളായി മാറിയിരിക്കുന്നു. നാഗരികതയുടെ ഉല്‍പ്പന്നങ്ങളായിക്കഴിഞ്ഞു നമ്മുടെ ജനമെല്ലാം. മനുഷ്യന്‍ പുരോഗമിക്കുകയാണു്‌, അല്ലേ ?

പ്രത്യേകതയുള്ള വേറെയും കഥാപാത്രങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ ഉണ്ടായിരുന്നു. അതില്‍ ഒരാളായിരുന്നു കൊച്ചുകുഞ്ഞ്‌. കൊച്ചുകുഞ്ഞ്‌ ആശാരിമാരുടെ കുടുംബത്തിലെ ആയിരുന്നു. പക്ഷെ വയറിംഗ്‌ ജോലിയാണു ചെയ്തിരുന്നത്‌. ഞങ്ങളുടെ പഴയ വീട്ടില്‍ ആദ്യമായി ഇലക്ട്രിക്‌ വയറിംഗ്‌ ചെയ്തത്‌ കൊച്ചുകുഞ്ഞും വേറൊരാളും ചേര്‍ന്നായിരുന്നു. നല്ല പണിക്കാരനായിരുന്നു. പാവം, എന്നോ മാനസിക നില തകരാറിലായി. എല്ലാവരും 'വട്ടന്‍ കൊച്ചുകുഞ്ഞ്‌' എന്നു വിളിക്കാന്‍ തുടങ്ങി. പണിക്കൊന്നും പോകാതെയായി. കൊച്ചുകുഞ്ഞും മരിച്ചിട്ടു വര്‍ഷങ്ങളായി.

കൊച്ചുകുഞ്ഞ്‌ ഞങ്ങളുടെ സ്കൂളിന്റെ മുന്‍പിലുള്ള വഴിയില്‍ കൂടെ നടക്കുന്ന കാഴ്ച ഞാനിപ്പോഴും വ്യക്തമായി കാണുന്നു, മനസ്സില്‍. കിഴക്കു നിന്നു നടന്നു വന്ന് മുത്തൂര്‍ ആല്‍ത്തറ ജങ്ങ്ഷനിലേയ്ക്കു പോകും. മുഖമുയര്‍ത്താതെ നിലത്തു നോക്കിയാണു നടപ്പ്‌. പോകുന്ന പോക്കില്‍ ഓരോ ഇലക്ട്രിക്‌ പോസ്റ്റിലും ഒന്നു തൊടും. ചിലപ്പോള്‍ ഏതെങ്കിലും ഒരു പോസ്റ്റില്‍ തൊടാന്‍ മറന്ന് മുന്നോട്ടു പോകും. തെറ്റു മനസ്സിലാക്കിയതു പോലെ ഉടനെ തിരികെ വന്ന് ആ പോസ്റ്റിലും തൊടും. വീണ്ടും മുന്നോട്ട്‌. ആല്‍ത്തറ ജങ്ങ്ഷന്‍ വരെ പോയിട്ടു മടങ്ങി വരും. അപ്പോഴും ഓരോ ഇലക്ട്രിക്‌ പോസ്റ്റിലും തൊടാന്‍ മറക്കില്ല. അങ്ങോട്ടുമിങ്ങോട്ടുമുള്ള ഈ നടപ്പ്‌ പല തവണ തുടരും. ഇതിനിടയില്‍ ആരുടെയും നേരെ നോക്കുകയോ സംസാരിക്കുകയോ എന്തെങ്കിലും ശബ്ദമുണ്ടാക്കുകയോ ചെയ്യില്ല. ഒരു നിയോഗം പോലെ കൃത്യനിഷ്ഠയോടെ ഓരോ ഇലക്ട്രിക്‌ പോസ്റ്റിലും തൊട്ടു കൊണ്ട്‌ നടന്നു പോകുന്ന പാവം കൊച്ചുകുഞ്ഞിനെ എനിക്കു മറക്കാന്‍ കഴിയില്ല.

ഇതുപോലെ പ്രത്യേകതയുള്ള വേറെയും കഥാപാത്രങ്ങളുണ്ട്‌. കള്ളന്‍ മത്തായി, അയാളുടെ ജ്യേഷ്ഠനായിരുന്ന ഗീവര്‍ഗ്ഗീസ്‌ എന്നിവര്‍ ഓര്‍മ്മയില്‍ വരുന്നു. ഇവരെല്ലാം ഞങ്ങളുടെ നാടിന്റെ മാത്രം കഥാപാത്രങ്ങളായിരുന്നു. വേറെവിടെയും ഇതുപോലെയുള്ളവരെ കാണാന്‍ കിട്ടിയിട്ടുണ്ടാവില്ല. മറ്റിടങ്ങളില്‍ അവിടത്തേതു മാത്രമായ വേറെ കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നിരിക്കാം. കൊച്ചുകുഞ്ഞിനേയും അതുപോലെയുള്ള മറ്റുള്ളവരേയും ഇപ്പോള്‍ ആരെങ്കിലും ഓര്‍ക്കുന്നുണ്ടാവുമോ എന്നെനിക്കറിയില്ല.

Thursday, February 5, 2009

മയില്‍ വാഹനന്റെ പാട്ട്‌

'സ്വര്‍ണ്ണ ഗോപുര നര്‍ത്തകീ ശില്‍പ്പം

കണ്ണിനു സായൂജ്യം നിന്‍ രൂപം'

കേട്ടിട്ടുണ്ടോ ഈ പാട്ട്‌?. പഴയ ഒരു സിനിമാ ഗാനം. മനോഹരമായ പാട്ട്‌. പാടിയത്‌ പി. ജയചന്ദ്രന്‍. സോറി, സിനിമയുടെ പേരു മറന്നു!.

മയില്‍ വാഹനന്‍ മതിമറന്നു പാടിയിരുന്ന, മനോഹരമായി പാടിയിരുന്ന ഇഷ്ട ഗാനം!. എന്റെ സതീര്‍ത്ഥ്യനായിരുന്നു മയില്‍ വാഹനന്‍. മയില്‍ വാഹനന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. പത്താം ക്ലാസ്സില്‍ പഠിച്ചിരുന്നപ്പോള്‍, ജീവിതത്തിലെ ഏറ്റവും സുന്ദരമായ കൗമാര കാലം മുഴുമിക്കാനാകാതെ, പാടാനായി എത്രയോ പാട്ടുകള്‍ ബാക്കി നിര്‍ത്തി യാത്രയായി പാവം മയില്‍ വാഹനന്‍.

വളരെ കുറച്ചു കാലം മാത്രമേ ഞങ്ങള്‍ ഒരുമിച്ചു പഠിച്ചിട്ടുള്ളു, കുറെ മാസങ്ങള്‍ മാത്രം. എന്റെ സുഹൃത്തൊന്നും അല്ലായിരുന്നു മയില്‍ വാഹനന്‍, സഹപാഠികളില്‍ ഒരാള്‍ മാത്രം. പക്ഷെ ഈ പാട്ട്‌ - മയില്‍ വാഹനനെ ഒരിക്കലും മറക്കാന്‍ അനുവദിക്കുകയില്ല !.

എറണാകുളം ജില്ലയില്‍ കാലടിക്കടുത്തുള്ള ഒരു മനോഹരമായ ഗ്രാമം - മാണിക്കമംഗലം. മാണിക്കമംഗലം മാത്രമല്ല കാലടിയും അതി മനോഹരമാണു്‌. മാണിക്കമംഗലത്തുള്ള എന്‍.എസ്സ്‌.എസ്സ്‌. ഹൈ സ്കൂളില്‍ പത്താം ക്ലാസ്സിലാണു്‌ ഞാനും മയില്‍ വാഹനനും ഒരുമിച്ചു പഠിച്ചത്‌; വര്‍ഷം 1974 - 75.

പ്രസ്തുത സ്കൂളില്‍ ഞാന്‍ പത്താം ക്ലാസ്സില്‍ മാത്രമേ പഠിച്ചുള്ളു.അതിനു മുന്‍പ്‌ തിരുവല്ലയില്‍, ഞങ്ങളുടെ നാടായ മുത്തൂര്‍ എന്ന സ്ഥലത്തുള്ള സ്കൂളിലാണു പഠിച്ചിരുന്നത്‌.

ഞാന്‍ പത്താം ക്ലാസ്സിലായപ്പോഴാണു്‌ അച്ഛനു മാണിക്കമംഗലം എന്‍.എസ്സ്‌.എസ്സ്‌ ഹൈ സ്കൂളില്‍ ഹെഡ്‌ മാസ്റ്ററായി സ്ഥലം മാറ്റം കിട്ടിയത്‌. മുത്തൂറിലുള്ള വീട്‌ അടച്ചിട്ട്‌ ഞങ്ങളെല്ലാവരും കൂടി മാണിക്കമംഗലത്തുള്ള ഒരു വാടക വീട്ടിലേയ്ക്കു താമസം മാറ്റാന്‍ തീരുമാനിച്ചു.

അച്ഛനു മാണിക്കമംഗലത്ത്‌ എത്ര വര്‍ഷം തുടരാനാവും എന്നു നിശ്ചയമില്ലാത്തതു കാരണം, വളരെ കുറച്ചു സാധനങ്ങള്‍ മാത്രം അങ്ങോട്ടു കൊണ്ടു പോയാല്‍ മതി എന്നും തീരുമാനമായി.അത്യാവശ്യം ഫര്‍ണിച്ചറെല്ലാം ആ വാടക വീട്ടില്‍ ഉണ്ടായിരുന്നു.

അങ്ങനെ അത്യാവശ്യ സാധനങ്ങള്‍ മാത്രം എടുത്തു കൊണ്ട്‌ വാസൂള്ള(ച്ചാല്‍,വാസു പിള്ള)യുടെ അംബാസ്സഡര്‍ കാറില്‍, ഒരു പ്രഭാതത്തില്‍ അച്ഛന്‍,അമ്മ,എന്റെ അനുജത്തി,ഞാന്‍ എന്നിവരും, കൂടാതെ ഞങ്ങള്‍ക്കൊരു ധൈര്യത്തിനായി അമ്മയുടെ മൂത്ത സഹോദരിയുടെ മകനായ, ഞാന്‍ ഗോവിന്ദന്‍ ചേട്ടന്‍ എന്നു വിളിക്കുന്ന ശ്രീമാന്‍ ഗോവിന്ദപ്പിള്ളയും പ്രതീക്ഷയോടെ പ്രയാണം ആരംഭിച്ചു, സങ്കല്‍പ്പത്തില്‍ മാത്രം കണ്ടിട്ടുള്ള മാണിക്കമംഗലത്തേയ്ക്ക്‌.

ഇത്ര ദൂരെയുള്ള ഒരു സ്ഥലത്തേയ്ക്ക്‌ കാറില്‍ ഒരു യാത്ര തരപ്പെടുകയെന്നു വച്ചാല്‍ കുട്ടിയായ എനിക്ക്‌ വളരെ അപ്രതീക്ഷിതമായി വീണു കിട്ടിയ ഭാഗ്യമായാണു തോന്നിയത്‌. കാര്‍ യാത്ര തന്നെ വല്ലപ്പോഴുമൊരിക്കല്‍ മാത്രം കിട്ടുന്ന ഒരു ആഡംബരമായിരുന്നു.

അന്നു കാറില്‍ കയറ്റിക്കൊണ്ടു പോയ അവശ്യ സാധനങ്ങളില്‍ ഏറ്റവും വലിപ്പവും പ്രാധാന്യവുമുണ്ടായിരുന്നത്‌ ഒരു കുട്ടകത്തിനായിരുന്നു. ചെമ്പു കൊണ്ടുണ്ടാക്കിയ ആ കുട്ടകം, കുളിമുറിയില്‍ വെള്ളം ശേഖരിച്ചു വയ്ക്കുവാനാണു്‌ ഉപയോഗിച്ചിരുന്നത്‌. ഞങ്ങള്‍ മാറിമാറി തമസിച്ചിരുന്ന വീടുകളിലെല്ലാം സന്തത സഹചാരിയായി ആ കുട്ടകവും ഉണ്ടായിരുന്നു.

(ആ കുട്ടകം ഇപ്പോഴും ഞങ്ങള്‍ക്കൊപ്പം ഉണ്ട്‌. പക്ഷെ പഴയ പ്രതാപമെല്ലാം നഷ്ടപ്പെട്ട്‌, വീടിന്റെ ഒരു മൂലയില്‍, ശ്രദ്ധിക്കപ്പെടാതെ, തന്റെ ദുര്യോഗമോര്‍ത്ത്‌ നെടുവീര്‍പ്പിട്ടു കഴിയുന്നു പാവം!. മനുഷ്യന്റെ ഗതിയും ഇങ്ങനെ തന്നെ, അല്ലേ ചങ്ങാതീ?).

തിരുവല്ലയില്‍ നിന്ന് എം.സി. റോഡില്‍ക്കൂടി കോട്ടയം, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, കാലടി - ഇതായിരുന്നു ഞങ്ങളുടെ സഞ്ചാര പഥം. കാലടിയില്‍ എത്തിയ ശേഷം മലയാറ്റൂര്‍ റൂട്ടില്‍ അല്‍പ്പ ദൂരം പോയശേഷം ഇടത്തോട്ടു തിരിഞ്ഞ്‌ നേരെ മാണിക്കമംഗലം.

(വാസൂള്ള, വളരെ സൂക്ഷിച്ചും വേഗം കുറച്ചും മാത്രം വണ്ടിയോടിക്കുന്ന ഡ്രൈവറായിരുന്നു. പാവം, ഇന്നു ജീവിച്ചിരിപ്പില്ല).

പെരുമ്പാവൂരില്‍ക്കൂടി പോകുമ്പോഴാണു്‌ വഴിയരികിലുള്ള ഒരു തടി മില്ലിന്റെ ബോര്‍ഡ്‌ അച്ഛന്‍ ഞങ്ങള്‍ക്കു കാണിച്ചു തന്നത്‌ - 'ചെതലന്‍ ടിംബര്‍ ഡിപ്പോ'. ആ പേരു വായിച്ച ഞങ്ങള്‍ ചിരിച്ചു പോയി. തടി മില്ലിനിടാന്‍ കണ്ട ഒരു പേരേ!. തടിയുടെ ശത്രുവല്ലേ ചിതല്‍?. അപ്പോള്‍ ആ പേരിടാമോ?. ആ തടി മില്ലിന്റെ ഉടമസ്ഥന്റെ വീട്ടു പേരുമായി ബന്ധമുള്ള പേരായിരിക്കാം അത്‌. എന്നാലും യാതൊരു കലാബോധവുമില്ലാത്ത ഒരു പേരിടീല്‍!. ഇപ്പോഴും പെരുമ്പാവൂരില്‍ ആ സ്ഥാപനം ഉണ്ടോ ആവോ?. അതോ കാലമെന്ന ചിതലരിച്ച്‌ മണ്ണോടു ചേര്‍ന്നു പോയോ?.

ഉച്ചയ്ക്കു ശേഷം ഞങ്ങള്‍ മാണിക്കമംഗലത്ത്‌ ഞങ്ങള്‍ക്കു താമസിക്കുവാനുള്ള വാടക വീട്ടിലെത്തി. രണ്ടു നിലയുള്ള ഒരു വീട്‌. (രണ്ടാമത്തെ നിലകൊണ്ട്‌ പ്രയോജനമൊന്നുമില്ലെന്നു പിന്നീടു മനസ്സിലായി. രണ്ടാമത്തെ നിലയിലെ തറ ചാണകം മെഴുകിയതായിരുന്നു. മുറികള്‍ക്കു കതകില്ലായിരുന്നു. കൂടാതെ പുറത്തു നിന്നു മാത്രമേ അവിടേയ്ക്കു കയറാന്‍ കഴിയുമായിരുന്നുള്ളു). വഴിയില്‍ നിന്ന് മുറ്റത്തേയ്ക്കു കയറാന്‍ ഒരു കടമ്പ കടക്കണം. ഒരു മുളങ്കമ്പ്‌ കുറുകെ കെട്ടി വച്ചിരിക്കുകയാണു്‌. ഇങ്ങനെയൊരു സംവിധാനം ഞങ്ങളുടെ നാട്ടില്‍ ഇല്ലാത്തതാണു്‌. സ്ത്രീകള്‍ക്ക്‌ ഇതല്‍പ്പം അസൗകര്യമല്ലേ എന്നൊരു സംശയം.

ഞങ്ങളെ അവിടെ വിട്ടിട്ട്‌ വാസൂള്ള അധികം താമസിയാതെ തിരികെ പോയി. വാസൂള്ളയുടെ കാര്‍ കണ്ണില്‍ നിന്നു മറഞ്ഞപ്പോള്‍ ഒരു നേരിയ വിഷമം. നാടുമായുള്ള ബന്ധത്തിന്റെ അവസാന കണ്ണിയും അറ്റു പോയതു പോലെ.

(ഗോവിന്ദന്‍ ചേട്ടന്‍ കൂടെയുള്ളത്‌ ഒരാശ്വാസമായിരുന്നു. പുള്ളിക്കാരന്‍ അന്ന് പ്രീ ഡിഗ്രി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു എന്നാണോര്‍മ്മ).

അടുത്ത ദിവസം രാവിലെ സ്കൂളിലേയ്ക്ക്‌ ഗോവിന്ദന്‍ ചേട്ടനും കൂടെ വന്നു. പരിചയമില്ലാത്ത സ്കൂള്‍, ആദ്യമായി കാണാന്‍ പോകുന്ന സഹപാഠികള്‍, ഞങ്ങളുടേതില്‍ നിന്നു വ്യത്യസ്തമായ സംസാര രീതി ("എന്തൂട്ട്‌ തേങ്ങ്യാ"- എന്നിങ്ങനെ) . സ്കൂളിലേയ്ക്കു നടക്കുമ്പോള്‍ നെഞ്ചിടിപ്പ്‌ അല്‍പ്പം ഉയര്‍ന്നുവോ?.

എന്റെ ക്ലാസ്സ്‌ മുറിയിലെത്തിയപ്പോള്‍ തെല്ലൊന്നമ്പരന്നു. ക്ലാസ്സില്‍ ആണ്‍ കുട്ടികള്‍ മാത്രം. മുട്ടാളന്മാരായ കുട്ടികള്‍(?) ധാരാളം. ചിലരെയൊക്കെ കണ്ടാല്‍ കല്യാണം കഴിച്ചു രണ്ടു കുട്ടികളുമാകാനുള്ള പ്രായമുണ്ടെന്നു തോന്നും. ജോസ്‌ എന്നയാളായിരുന്നു ഏറ്റവും പ്രായമുള്ളത്‌. പല ക്ലാസ്സിലും പലവട്ടം തോറ്റു വന്നതാണു്‌. കാഴ്ചയില്‍ ഒരു മുപ്പതു വയസ്സെങ്കിലും തോന്നും. വെള്ള ഖദര്‍ മുണ്ടും ഖദര്‍ ഷര്‍ട്ടും വേഷം. അസ്സല്‍ ഒരു യൂത്ത്‌ കോണ്‍ഗ്രസ്സ്‌ നേതാവ്‌. സ്കൂളിലെ ഉന്നതനായ കെ.എസ്സ്‌.യു. നേതാവാണു്‌. ഇതൊക്കെ ഞാന്‍ പിന്നീടു മനസ്സിലാക്കിയതാണു്‌.

ഇന്റര്‍വെല്‍ സമയത്ത്‌ ജോസ്‌ എന്റെ അടുത്തേയ്ക്കു വന്നു. പുതിയ ആളിനെ പരിചയപ്പെടാനായിരിക്കണം. എന്നോടു പേരു ചോദിച്ചു. ഭവ്യതയോടെ ഞാന്‍ പേരു പറഞ്ഞു. ഉടനെ അടുത്തു നിന്ന ആരോ പറഞ്ഞു:

"ഹെഡ്‌ മാസ്റ്റര്‍ടെ മോനാടാ"

"ദൈവത്തിന്റെ മോനായാലെന്താ". ജോസ്‌ അവജ്ഞയോടെ പറഞ്ഞു.

എനിക്കു നേരിയ വിഷമം തോന്നി, അയാള്‍ക്കെന്നെ ഇഷ്ടപ്പെട്ടില്ലായിരിക്കും. ഞാന്‍ ജനലില്‍ കൂടി വെളിയിലേയ്ക്കു നോക്കി. സ്കൂളിന്റെ പ്ലേ ഗ്രൗണ്ടാണു നേരെ കാണുന്നത്‌. അതിനു്‌ അതിരിട്ടു കൊണ്ട്‌ വെള്ളം നിറഞ്ഞു കിടക്കുന്ന ചിറ.

പഠിപ്പിക്കാന്‍ വന്ന അദ്ധ്യാപകരെല്ലാം നല്ല ഉഗ്രന്‍!. രവി സാര്‍, ഭാസി സാര്‍, കുറുപ്പു സാര്‍- എല്ലാവരും നല്ല ഒന്നാം തരം അദ്ധ്യാപകര്‍. നല്ല ആജ്ഞാ ശക്തിയുള്ളവരും നല്ലതു പോലെ പഠിപ്പിക്കുന്നവരും ആയിരുന്നു. മലയാളം പഠിപ്പിച്ചിരുന്നത്‌ സുമുഖനും സരസനുമായ ഒരു ചെറുപ്പക്കാരനായിരുന്നു-ശശി സാര്‍. പാവം പിഷാരടി സാര്‍ പിള്ളേരുടെ പരിഹാസ പാത്രമായിരുന്നു. സാധുവായ ആ മനുഷ്യന്‍ വന്നു കഴിഞ്ഞാല്‍ ബഹളം കാരണം ക്ലാസ്സൊരു ചന്തയായി മാറുമായിരുന്നു.

കുട്ടികള്‍ ബഹു ഭൂരിപക്ഷവും ഷര്‍ട്ടും മുണ്ടുമായിരുന്നു വേഷം. പത്താം ക്ലാസ്സിലെത്തിയാല്‍ അതായിരുന്നല്ലോ നാട്ടു നടപ്പ്‌. പക്ഷെ ചുരുക്കം ചിലര്‍ താഴ്‌ന്ന ക്ലാസ്സിലെ വേഷമായ നിക്കറും ഷര്‍ട്ടും തന്നെ തുടര്‍ന്നു. അതിലൊരാളായിരുന്നു മയില്‍ വാഹനന്‍. വിചിത്രമായ പേര്‍. ഞാന്‍ ആദ്യമായാണു്‌ ആ പേര്‍ കേള്‍ക്കുന്നത്‌.

ക്ലാസിലോ സ്കൂളിലോ എന്തെങ്കിലും പരിപാടിയുണ്ടെങ്കില്‍ മയില്‍ വാഹനന്റെ പാട്ടുണ്ടാവും. 'സ്വര്‍ണ്ണ ഗോപുര നര്‍ത്തകീ ശില്‍പ'മായിരുന്നു അയാളുടെ ഫേവറിറ്റ്‌ ഗാനം.

ഒരു നിര്‍ദ്ധന കുടുംബമായിരുന്നു മയില്‍ വാഹനന്റേത്‌. പഠിക്കാന്‍ മിടുക്കനൊന്നും ആയിരുന്നില്ല. ക്ലാസ്സില്‍ അദ്ധ്യാപകര്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഉത്തരമറിയാതെ തല കുനിച്ചു വിഷണ്ണനായി നില്‍ക്കുമായിരുന്നു മയില്‍ വാഹനന്‍. ഇയാള്‍ക്കൊക്കെ പഠിച്ചിട്ടു ക്ലാസ്സില്‍ വന്നു കൂടേ എന്നു ഞാന്‍ മനസ്സില്‍ ചോദിക്കും. അവരുടെയൊക്കെ വീട്ടിലെ സാഹചര്യങ്ങളെക്കുറിച്ചോ അവര്‍ നേരിടുന്ന പൊള്ളുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചോ ഒന്നും ലോക പരിചയമില്ലാത്ത എനിക്ക്‌ അറിവുണ്ടായിരുന്നില്ല എന്നതാണു വാസ്തവം.

എന്നാല്‍ സ്കൂളിലെ ഏതെങ്കിലും പരിപാടിക്ക്‌ പാട്ടു പാടുമ്പോള്‍ മയില്‍ വാഹനന്‍ തലയുയര്‍ത്തി നിന്നു. അപ്പോള്‍ അയാളായിരുന്നു താരം. എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രം. എല്ലാവരും മയില്‍ വാഹനനെ ആരാധനയോടെ നോക്കി നില്‍ക്കും.

ഒരിക്കല്‍ കുറെ ദിവസം അടുപ്പിച്ച്‌ മയില്‍ വാഹനന്‍ ക്ലാസ്സില്‍ വന്നില്ല. അവസാനം മയില്‍ വാഹനന്‍ മരിച്ച വിവരമാണു്‌ അറിയുന്നത്‌. ടെറ്റനസ്സ്‌ ബാധിച്ചായിരുന്നു മരിച്ചത്‌.

ഞങ്ങളെല്ലാവരും മയില്‍ വാഹനന്റെ വീട്ടില്‍ പോയി. മയില്‍ വാഹനന്റെ വെള്ള പുതപ്പിച്ച മൃത ശരീരം നിലത്തു കിടത്തിയിരുന്നു. ആരൊക്കെയോ ഉറക്കെ കരയുന്നുണ്ട്‌. 'സ്വര്‍ണ്ണ ഗോപുര നര്‍ത്തകീ ശില്‍പം' പാടിയിരുന്ന ചുണ്ടുകള്‍ കറുത്തു കരുവാളിച്ചിരുന്നു.

ഇനിയൊരിക്കലും മയില്‍ വാഹനന്‍ പാടുകയില്ലന്നോര്‍ത്തപ്പോള്‍ ഉള്ളിലൊരു നീറ്റല്‍.

അന്നു കൂടെ പഠിച്ച പലരെയും ഞാന്‍ മറന്നു. വലിയ അടുപ്പമുണ്ടായിരുന്നില്ലെങ്കിലും മയില്‍ വാഹനന്‍ ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു. 'സ്വര്‍ണ്ണ ഗോപുര നര്‍ത്തകീ ശില്‍പം' മനോഹരമായി പാടുന്നു.

മയില്‍ വാഹനന്റെ കൂടെ പഠിച്ചിരുന്ന ഞങ്ങള്‍ എല്ലാവരും തല നരച്ച മദ്ധ്യവയസ്കരായി കഴിഞ്ഞു. പക്ഷെ എന്റെ മനസ്സിലുള്ള മയില്‍ വാഹനന്‍ ഇപ്പോഴും നിക്കറും ഷര്‍ട്ടുമിട്ടു വരുന്ന ആ പതിനഞ്ചു വയസ്സുകാരനാണു്‌. മരിച്ചവര്‍ക്കു പ്രായമേറുന്നില്ല. ഓര്‍മ്മകള്‍ മരിക്കുന്നില്ല, മയില്‍ വാഹനന്റെ പാട്ടും!.

Friday, January 2, 2009

കൊച്ചുകൊച്ചു തട്ടിപ്പുകള്‍

റ്റൂ വീലര്‍ ഓടിക്കുന്ന ആരെങ്കിലും ഒരിക്കലെങ്കിലും അതില്‍ നിന്നു മറിഞ്ഞു വീഴാതിരുന്നിട്ടുണ്ടോ?. ജീവിതത്തിലിന്നേവരെ ഏതെങ്കിലും തരത്തിലുള്ള കൊച്ചുകൊച്ചു തട്ടിപ്പുകള്‍ക്കു വിധേയരാകാത്തവര്‍ ഉണ്ടാകുമോ?. ഇല്ല എന്നു തന്നെയാണു്‌ എന്റെ വിശ്വാസം. മിടുക്കന്മാര്‍ എന്നു സ്വയം അഭിമാനിക്കുന്നവരെപ്പോലും കബളിപ്പിക്കുന്ന ബഹുമിടുക്കന്മാരാണീ തട്ടിപ്പുകാര്‍.

ഞാന്‍ പൊതുവേ ഒരു മണ്ടനാണെന്നാണെന്റെ വിശ്വാസം. ഇത്തരം ചെറിയ തട്ടിപ്പുകളില്‍ പലപ്പോഴും ചെന്നു ചാടിയിട്ടുണ്ട്‌. എന്തെങ്കിലും ആവശ്യപ്പെടുന്നവരോട്‌ നിഷേധാത്മകമായ നിലപാടു സ്വീകരിക്കാന്‍ പലപ്പോഴും കഴിയാറില്ല. അതായത്‌, 'നോ' പറയേണ്ടിടത്ത്‌ അതു പറയാന്‍ പലപ്പോഴും മടിക്കും. ഈയൊരു ബലഹീനതയായിരിക്കാം ഞാന്‍ ഇത്തരം പല തട്ടിപ്പുകള്‍ക്കും വിധേയനാകാന്‍ കാരണം. അങ്ങനെയുള്ള ചില സംഭവങ്ങളെ കുറിച്ചാണു പറയാന്‍ പോകുന്നത്‌.

അടുത്ത കാലത്തൊരു ദിവസം വൈകുന്നേരം. ഇവിടെ അടുത്ത്‌ രാമഞ്ചിറയിലുള്ള മാര്‍ജിന്‍ ഫ്രീ സൂപ്പര്‍ മാര്‍ക്കറ്റിനു മുന്‍പിലാണു രംഗം. ഞാനും ഭാര്യയും മക്കളും ഉണ്ട്‌. അല്‍പ്പം ഷോപ്പിങ്ങിനിറങ്ങിയതാണു്‌.

കാറു പാര്‍ക്കു ചെയ്തിട്ട്‌ ഞങ്ങള്‍ സൂപ്പര്‍ മാര്‍ക്കറ്റിലേയ്ക്കു നടക്കുന്നു. അതിന്റെ മുന്‍പിലുള്ള വരാന്തയിലേക്കുള്ള പടിയിലേയ്ക്കു കാല്‍ വയ്ക്കുന്നതിനു മുന്‍പ്‌, "സാറേ" എന്നൊരു വിളി. എന്റെ വലതു വശത്തായി നിര്‍ത്തിയിരുന്ന ബൈക്കില്‍ ഇരുന്ന ചെറുപ്പക്കാരനാണു വിളിച്ചത്‌.മുണ്ടും ഷര്‍ട്ടും വേഷം. പരിചയ ഭാവത്തില്‍ ചിരിക്കുന്ന മുഖം കണ്ടിട്ട്‌ മുന്‍പു കണ്ടിട്ടുണ്ടോ എന്നെനിക്കു സംശയം.

"മനസ്സിലായില്ലേ?"മനസ്സിലായില്ല എങ്കിലും അതു പറയാനുള്ള മടി കാരണം മനസ്സിലായെന്ന ഭാവത്തില്‍ ഞാന്‍ ചിരിച്ചു.

"പൊടിയെന്റെ മോനാ സാറേ"

'ഏതു പൊടിയന്‍?, എന്തു പൊടിയന്‍?' എന്നു ചോദിക്കാന്‍ തോന്നിയെങ്കിലും ഞാന്‍ ചോദിച്ചില്ല. പൊടിയന്‍ എന്നു പറയുമ്പോള്‍ എനിക്കാദ്യം ഓര്‍മ്മ വന്നതു്‌ നേരത്തെ ഞങ്ങളുടെ അടുത്തു താമസിച്ചിരുന്ന ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ലൈന്‍ മാനായിരുന്ന ഒരു പൊടിയനെ ആണു്‌. അവരെല്ലാം ഇവിടം വിട്ടു പോയിട്ടു വളരെ നാളായി. അയാളുടെ മകനെ ഞാന്‍ കണ്ടിട്ടു കുറെ നാളായെങ്കിലും ആ മുഖത്തിന്റെ ഷെയ്പ്‌ ഇങ്ങനെ അല്ല എന്നുറപ്പാണു്‌.ആളിനെ മനസ്സിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഞാന്‍ ഒരു ചോദ്യമെറിഞ്ഞു -

"എന്തു ചെയ്യുന്നു?"

"ഞാന്‍ ഡ്രൈവറാ"

ലൈന്‍ മാന്‍ പൊടിയന്റെ മകനും ഡ്രൈവറായിരുന്നു. പക്ഷേ അയാളുടെ മുഖമല്ല ഇയാളുടേത്‌, അതുറപ്പ്‌. ബുദ്ധിമുട്ടായി!. രണ്ടും കല്‍പ്പിച്ചു ഞാന്‍ ചോദിച്ചു.

"ലൈന്‍ മാന്‍ പൊടിയന്റെ മോനാണോ?"

എന്റെ ബുദ്ധിമുട്ടു മനസ്സിലാക്കി അയാള്‍ സഹായിക്കാന്‍ തയ്യാറായി, ഒരു ക്ലൂ തന്നു.

"ചാക്കോ പെലേന്റെ മോന്‍ പൊടിയനില്ലേ സാറെ?"

ചാക്കോ പെലേന്‍ എന്നൊരു മനുഷ്യനെപ്പറ്റി ഞാന്‍ ആദ്യമായിട്ടു കേള്‍ക്കുകയാണ്‌. എങ്കിലും എല്ലാം മനസ്സിലായതു പോലെ ഞാന്‍ തലയാട്ടി, ഇനി ഈ ക്വിസ്സ്‌ മത്സരം തുടരാന്‍ വയ്യ!.

ഞങ്ങളുടെ സംഭാഷണം ശ്രദ്ധിച്ചു കൊണ്ട്‌ അല്‍പ്പം മാറി നില്‍ക്കുകയാണ്‌ എന്റെ ഭാര്യ. മക്കളാകട്ടെ സൂപ്പര്‍ മാര്‍ക്കറ്റിനകത്തേയ്ക്കു കാലെടുത്തു കുത്താന്‍ അക്ഷമരായി കാത്തു നില്‍ക്കുന്നു!. ഇയാളെ എവിടെ വച്ചാണു കണ്ടിട്ടുള്ളതെന്ന്‌ ഓര്‍ത്തെടുക്കാന്‍ ഞാന്‍ പാടു പെടുന്നു. അയാള്‍ സംഭാഷണം തുടര്‍ന്നു.

"പെങ്ങടെ കല്ല്യാണമാ സാറെ നാളെ".

ഒന്നു നിര്‍ത്തി നെടുവീര്‍പ്പിട്ടിട്ട്‌ അയാള്‍ തുടര്‍ന്നു.

"പെങ്ങളു വികലാംഗയാ. കല്ല്യാണം കഴിക്കുന്നതൊരു വികലാംഗനാ. അതു കൊണ്ടു മാത്രമാ ഇങ്ങനെയൊരു കല്ല്യാണം ഒത്തു വന്നത്‌. അവര്‍ക്ക്‌ കുറച്ചു പൈസാ കൊടുക്കാമെന്നു സമ്മതിച്ചിരുന്നു. കഴിഞ്ഞ ആഴ്ച കൊടുക്കേണ്ടതാ. പൈസാ ശരിയാകാത്ത കാരണം കൊടുക്കാന്‍ പറ്റിയില്ല. പിന്നെ സമുദായക്കാരൊക്കെ ഇടപെട്ട്‌ കല്ല്യാണത്തിന്റെ ദിവസം രാവിലെ കൊടുത്താല്‍ മതിയെന്നാക്കി".

നിരാശനായി ദൂരെ ശൂന്യതയിലേയ്ക്കു കണ്ണു നട്ട്‌ അയാള്‍ തുടര്‍ന്നു.

"നാളെയാ കല്ല്യാണം. കൊടുക്കാനുള്ള പൈസ മുഴുവനും ആയിട്ടില്ല. പരിചയക്കാരു ചിലരെല്ലാം സഹായിച്ചിട്ടുണ്ട്‌. സാറെന്തെങ്കിലും സഹായം ചെയ്താല്‍ കൊള്ളാമായിരുന്നു".

പെട്ടെന്നാണെന്റെ മനസ്സില്‍ ഓര്‍മ്മയുടെ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞു പോയത്‌. അതിന്റെ വെളിച്ചത്തില്‍ ഈ ചെറുപ്പക്കാരനെ ഞാന്‍ തിരിച്ചറിഞ്ഞു.ഏതാണ്ട്‌ ഒരു വര്‍ഷം മുന്‍പ്‌ ഇയാള്‍ എന്റെ മേല്‍ ഇതേ തട്ടിപ്പു പ്രയോഗിച്ചിട്ടുണ്ട്‌. അന്നും ഇതു പോലെ, വികലാംഗയായ സഹോദരിയുടെ കല്ല്യാണമാണു പിറ്റേ ദിവസമെന്നും ചെറുക്കന്‍ കൂട്ടര്‍ക്കു കൊടുക്കുവാനുള്ള പൈസ തികയാത്തതു കാരണം കല്യാണം മുടങ്ങുന്ന സ്ഥിതിയാണെന്നും പറഞ്ഞ്‌ എന്റെ സഹതാപം പിടിച്ചു പറ്റി. അന്നു ഞാന്‍ അയാള്‍ക്കു നൂറു രൂപ കൊടുത്ത കാര്യവും ഞാന്‍ ഓര്‍ത്തു.

"ഇയാളല്ലേ കുറെ നാള്‍ മുന്‍പ്‌ വികലാംഗയായ സഹോദരിയുടെ കല്ല്യാണമാണു നാളെ എന്നു പറഞ്ഞ്‌ എന്നോടു പൈസ വാങ്ങിയത്‌?........ ഇനി അടുത്ത തവണ കാണുമ്പോള്‍ പുതിയ കഥ വല്ലതും പറയണം കേട്ടോ. അല്ലെങ്കില്‍ പെട്ടെന്നു മനസ്സിലാകും".

അയാളെ വിട്ടിട്ടു ഞാന്‍ സൂപ്പര്‍ മാര്‍ക്കറ്റിനുള്ളിലേയ്ക്കു കടന്നു. പിന്നീടിതുവരെ അയാളെ ഞാന്‍ കണ്ടിട്ടില്ല.

*********

ഇനി വേറൊരു സംഭവം - ഞാന്‍ എവിടെയോ പോയിട്ട്‌ തിരിച്ചു വീട്ടിലേയ്ക്ക്‌ നടന്നു വരികയാണു്‌. വീടിനടുത്തെത്താറായി. സ്കൂളിന്റെ ഗ്രൗണ്ടിനെ ചുറ്റിയുള്ള വഴിയിലെ തൊണ്ണൂറു ഡിഗ്രി വളവു തിരിഞ്ഞു കയറ്റം കയറുകയാണു ഞാന്‍. കയറ്റത്തിനു മുകളിലുള്ള രണ്ടാമത്തെ തൊണ്ണൂറു ഡിഗ്രി വളവു തിരിഞ്ഞ്‌ ഒരാള്‍ താഴേയ്ക്കിറങ്ങി വരുന്നു. നേര്‍ക്കുനേരെ ആയപ്പോള്‍ അയാള്‍ ചിരിച്ചു.അടുത്ത പരിചയമൊന്നും ഇല്ലാത്ത ആളാണു്‌. സൈക്കിളിനു പിന്നില്‍ മീന്‍ കുട്ടയും വച്ചു കൊണ്ട്‌ പോകുന്നതു ചിലപ്പോള്‍ കണ്ടിട്ടുണ്ട്‌. മീന്‍ കച്ചവടക്കാരനാണു്‌. എന്നാല്‍ സ്ഥിരമായി മീന്‍ കച്ചവടക്കാരന്റെ വേഷത്തില്‍ കാണാറുമില്ല.

പതിവായി ഞങ്ങളുടെ വീടിനു മുമ്പില്‍ക്കൂടെ വടക്കോട്ടു നടന്നു പോകുന്നതു കാണാറുണ്ട്‌.അങ്ങനെ സ്ഥിരമായി അതിലെ വടക്കോട്ടു പോകുന്നതിനു വേറെ അര്‍ഥമുണ്ട്‌!. വടക്കോട്ടു മാറി വ്യാജച്ചാരായം കിട്ടുന്ന പരസ്യമായ ഒരു രഹസ്യ സങ്കേതമുണ്ട്‌. അവിടത്തെ സ്ഥിരം ഉപഭോക്താക്കള്‍ രാവിലെയും വൈകിട്ടും (കുടിയന്മാരിലെ തീവ്രവാദികളായ ചിലര്‍ ഉച്ചയ്ക്കും!) റോഡില്‍ക്കൂടി വടക്കോട്ടു വച്ചുപിടിക്കുന്നതു കാണാം. വളരെ കൃത്യനിഷ്ഠയോടെ, ഇടംവലം നോക്കാതെയുള്ള ആ പ്രയാണം കാണുമ്പോള്‍ അവരുടെ യാത്രാ ലക്ഷ്യം ആര്‍ക്കും വ്യക്തമാകും. ഞാന്‍ നേരത്തെ വിവരിച്ച ആ മനുഷ്യനും അങ്ങനെ പട്ടച്ചാരായ സേവയുള്ള ആളാണെന്നു ഞാന്‍ മനസ്സിലാക്കിയിരുന്നു.

എതിരെ വന്ന അയാള്‍ ചിരിച്ചപ്പോള്‍ ഒരു മര്യാദയ്ക്കു ഞാനും ചിരിച്ചു. മെല്ലിച്ച, ഊതിയാല്‍ പറന്നു പോകുന്നതു പോലെയുള്ള ഒരു ശരീരമാണത്‌.അയാള്‍ക്ക്‌ എന്തോ പറയുവാനുണ്ടെന്നു തോന്നിയതു കൊണ്ട്‌ ഞാന്‍ നിന്നു.

"എനിക്കു നാളെയൊരു ഓപ്പറേഷനാ. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോകണം. പൈസയൊന്നുമില്ല. എന്തെങ്കിലും സഹായം....."

"എന്താ അസുഖം?" സഹതാപത്തോടെ ഞാന്‍ ചോദിച്ചു.

"ഹെര്‍ണിയ". അയാള്‍ വിഷാദത്തോടെ മൊഴിഞ്ഞു.

"എന്താ പേരു്‌?"

"ബഷീര്‍"

ഞാന്‍ അമ്പതു രൂപ കൊടുത്തു. ഇങ്ങനെ സഹായം ചോദിക്കുന്നവര്‍ക്ക്‌ എന്തെങ്കിലും കൊടുത്തു കഴിഞ്ഞാല്‍ മനസ്സിനൊരു അസ്വസ്ഥതയാണു്‌. ഞാന്‍ കബളിപ്പിക്കപ്പെട്ടോ എന്നൊരു സംശയം. ആ സംശയം ഇത്തവണയും ശരിയായി വന്നു.അടുത്ത ദിവസം ഞാന്‍ അയാളെ വഴിയില്‍ വച്ചു കണ്ടു. എനിക്ക്‌ അത്ഭുതം തോന്നി - മെഡിക്കല്‍ കോളജില്‍ ഇന്ന്‌ ഓപ്പറേഷനാണെന്നു പറഞ്ഞയാള്‍!.

" എന്താ എന്താ ബഷീറേ ഓപ്പറേഷനു പോയില്ലേ?"

"ഓപ്പറേഷന്‍ മാറ്റി വച്ചു".

ഇത്രയും പറഞ്ഞ്‌ അയാള്‍ തിടുക്കത്തില്‍ നടന്നു പോയി. അയാളുടെ ചുണ്ടില്‍ ഒരു പരിഹാച്ചിരി ഉണ്ടായിരുന്നോ?. എന്റെ അമ്പതു രൂപാ ചാരായത്തിന്റെ രൂപത്തില്‍ അയാളുടെ വയറ്റിലെത്തിക്കാണും!.ഇപ്പോള്‍, ഇങ്ങനെ ചികിത്സയ്ക്കെന്നു പറഞ്ഞു പണം ചോദിക്കുന്നവര്‍ക്ക്‌ ഒന്നും കൊടുക്കാറില്ല. കബളിപ്പിക്കപ്പെട്ട അനുഭവങ്ങളേ ഉണ്ടായിട്ടുള്ളൂ. ചൂടു വെള്ളത്തില്‍ വീണ പൂച്ച, പച്ച വെള്ളം കണ്ടാലും അറയ്ക്കും എന്നല്ലേ?.

************

മേല്‍പ്പറഞ്ഞവ നാടന്‍ തട്ടിപ്പുകളാണു്‌. എന്നാല്‍ പ്രൊഫഷണലായിട്ടുള്ള ചില തട്ടിപ്പുകളെക്കുറിച്ചാണു്‌ ഇനി. പുറത്താരോ വന്നു ഡോര്‍ ബെല്‍ അടിച്ചതു കേട്ടാണു ഞാന്‍ വാതില്‍ തുറന്നത്‌. മുറ്റത്ത്‌ ഒരാള്‍ നില്‍ക്കുന്നു. മദ്ധ്യവയസ്ക്കന്‍. മുണ്ടും ഷര്‍ട്ടും വേഷം. മുഖത്തു പുഞ്ചിരി.

"അകത്തേയ്ക്കു വരാമോ?"

"വരൂ". ഞാന്‍ അകത്തേയ്ക്കു ക്ഷണിച്ചു.

"ഓച്ചിറയില്‍ നിന്നു വരികയാണു്‌".

കസേരയില്‍ ഇരുന്നു കൊണ്ട്‌ അയാള്‍ പറഞ്ഞു.അയാള്‍ ഓച്ചിറയ്ക്കടുത്തുള്ള ഏതോ ഒരു അമ്പലത്തില്‍ നിന്നാണു വരുന്നതെന്നും അമ്പലത്തില്‍ താഴികക്കുടം പണിയാനുള്ള സംഭാവന സ്വീകരിക്കുകയാണു ലക്ഷ്യമെന്നും പറഞ്ഞു.(അമ്പലത്തിന്റെ പേരു ഞാന്‍ മറന്നു പോയി). അതിന്റെ ഒരു നോട്ടീസും തന്നു. ഇത്ര ദൂരെ നിന്നൊക്കെ പിരിവിനു വരുന്നതിനോട്‌ എതിര്‍പ്പു തോന്നിയെങ്കിലും ഞാന്‍ സംഭാവന കൊടുത്തു. അയാള്‍ രസീതും തന്നു. അതു മതിയല്ലോ . പിന്നെ ആര്‍ക്കു സംശയം തോന്നാന്‍?!.

വളരെ നാളുകള്‍ക്കു ശേഷം-ഏതാണ്ട്‌ ഒരു വര്‍ഷമെങ്കിലും ആയിക്കാണും-അയാള്‍ വീണ്ടും വന്നു. കണ്ടപ്പോള്‍ എനിക്ക്‌ ആളിനെ മനസ്സിലായില്ല കേട്ടോ.ഓച്ചിറയ്ക്കടുത്തുള്ള ഒരു അമ്പലത്തില്‍ നിന്നാണു വരുന്നതെന്നും അമ്പലത്തില്‍ ഗോപുരം പണിയാനുള്ള പിരിവിനിറങ്ങിയതാണെന്നും പറഞ്ഞു.ഓച്ചിറയ്ക്കടുത്തുള്ള അമ്പലമെന്നു കേട്ടപ്പോള്‍ എനിയ്ക്കു പഴയ കാര്യം ഓര്‍മ്മ വന്നു. അന്നിയാള്‍ താഴികക്കുടത്തിന്റെ പേരിലാണു പണം പിരിച്ചത്‌. ഇന്നിതാ ഗോപുരം!. പണ്ടു വന്ന ആളിന്റെ രൂപമൊന്നും എന്റെ മനസ്സില്‍ വ്യക്തമായി തെളിഞ്ഞില്ലയെങ്കിലും അതു താനല്ലയോ ഇത്‌ എന്ന ആ ശങ്ക മനസ്സില്‍പൊങ്ങി വന്നു.അതെ, അതിയാള്‍ തന്നെ. താഴികക്കുടം കഴിഞ്ഞ്‌ ഇപ്പോള്‍ ഗോപുരം! - തട്ടിപ്പു തന്നെ. ഞാന്‍ ഉറപ്പിച്ചു. സംഭാവന കൊടുക്കാന്‍ സാദ്ധ്യമല്ല എന്നു പറഞ്ഞ്‌ ഞാന്‍ അയാളെ ഇറക്കി വിട്ടു.

ഒന്നു രണ്ട്‌ ആഴ്ചകള്‍ക്കു ശേഷം പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു - ഓച്ചിറയ്ക്കടുത്തുള്ള ആ അമ്പലത്തിന്റെ പേരും പറഞ്ഞ്‌ ആരോ പണം പിരിച്ചു തട്ടിപ്പു നടത്തുന്നുണ്ടെന്നും അമ്പലവുമായി അയാള്‍ക്കു യാതൊരു ബന്ധവും ഇല്ല എന്നും. അതിനു ശേഷം ഒരിക്കലും അയാളെ കണ്ടിട്ടില്ല.

***********

ഗാന്ധിജി എന്ന മഹാ മനുഷ്യന്റെ പേരു പറഞ്ഞു കൊണ്ടുള്ള ഒരു തട്ടിപ്പിന്റെ കഥയാണടുത്തത്‌.

അവര്‍ മൂന്നു പേരായിരുന്നുവോ നാലു പേരായിരുന്നുവോ എന്നൊരു സംശയം. ഏതായാലും, അവര്‍ മൂന്നോ നാലോ പേര്‍ ഒരു ദിവസം വൈകിട്ട്‌ വീട്ടില്‍ വന്നു കയറി. എല്ലാവരും മദ്ധ്യ വയസ്സു കഴിഞ്ഞവരും കാഴ്ചയില്‍ മാന്യന്മാരുമായിരുന്നു.

"ങ്‌ ഹാ, ഇവിടെ ഉണ്ടായിരുന്നോ. ഇന്നു പോയില്ലേ?". അതില്‍ ഒരാള്‍ ചോദിച്ചു.

ചിരപരിചിതനായ ഒരാളോടു ചോദിക്കുന്നതു പോലെയാണയാള്‍ ഞാനിന്നു ജോലിക്കു പോയില്ലേ എന്നു ചോദിക്കുന്നത്‌.ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. ചോദ്യ ഭാവത്തില്‍ അവരെ നോക്കി.

"ഞങ്ങള്‍ ഒരു ചാരിറ്റബിള്‍ സൊസൈറ്റിയാ. സര്‍ക്കാര്‍ ആശുപത്രിയിലൊക്കെ ഉച്ചയ്ക്കു രോഗികള്‍ക്കു ഭക്ഷണം വിതരണം ചെയ്യാറുണ്ട്‌. പൊതുജനങ്ങളില്‍നിന്നു സംഭാവന സ്വീകരിച്ചാണിതൊക്കെ ചെയ്യുന്നത്‌. അതിനു വന്നതാ".

മറ്റൊരാള്‍ തുടര്‍ന്നു."ഈ ജോണ്‍ സാറിനെ അറിയത്തില്ലേ?. പത്രത്തിലൊക്കെ സ്ഥിരം എഴുതുന്ന ആളാ". അതിലൊരാളെ ചൂണ്ടിക്കാണിച്ചു കൊണ്ട്‌ അയാള്‍ ചോദിച്ചു.

'ജോണ്‍ സാറെന്ന' ആ കുരങ്ങനെ ഞാന്‍ അറിയുകയില്ല എന്നതാണു വാസ്തവം. പക്ഷെ അതിനും ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. പണം പിരിക്കാന്‍ വന്നതാണെന്നറിഞ്ഞതിലുള്ള നീരസം മറച്ചു വയ്ക്കാതെ ഞാന്‍ അയാളെ തുറിച്ചു നോക്കി.പിരിവുകാരെല്ലാം തുലഞ്ഞു പോകുകയേ ഉള്ളൂ എന്നു മനസ്സില്‍ ശപിച്ചു കൊണ്ട്‌ ഞാന്‍ അകത്തു പോയി നൂറു രൂപ എടുത്തു കൊണ്ടുവന്നു കൊടുത്തു.

അവരും കൃത്യമായി രസീതു തന്നു. ഞാന്‍ അതു വായിച്ചു നോക്കി. ഗാന്ധിജി മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി, ചങ്ങനാ‍ശ്ശേരി എന്നോ മറ്റോ ആണു്‌ അതില്‍ അച്ചടിച്ചിരിക്കുന്നത്‌. ഒരു ഫോണ്‍ നമ്പരും കൊടുത്തിട്ടുണ്ട്‌. എന്നാലും, ഇതു പോലെയുള്ള ഏതു പിരിവു കൊടുത്തു കഴിയുമ്പോഴും ഉണ്ടാകുന്ന, കബളിപ്പിയ്ക്കപ്പെട്ടു എന്ന തോന്നല്‍ അപ്പോഴും എനിക്കുണ്ടായി.

ഒരാഴ്ച കഴിഞ്ഞില്ല, പത്രത്തില്‍ ഒരു വാര്‍ത്ത - ഇല്ലാത്ത ചാരിറ്റബിള്‍ സൊസൈറ്റിയുടെ പേരില്‍ ആശുപത്രിയിലെ അന്നദാനത്തിനെന്നും പറഞ്ഞ്‌ പിരിവു നടത്തി ജനത്തിനെ കബളിപ്പിയ്ക്കുന്ന വിരുതന്മാരെ പിടികൂടി എന്ന വാര്‍ത്തയാണു്‌.അവര്‍ പിരിവിനു ചെന്ന ഒരു വീട്ടിലെ ആള്‍ക്ക്‌ സംശയം തോന്നിയിട്ട്‌ അവരെ തടഞ്ഞു നിറുത്തി പോലീസിനെ വരുത്തി (മിടുക്കന്‍!. അങ്ങനെ വേണം ആങ്കുട്ട്യോളു്‌. അങ്ങനെയൊന്നും ചെയ്യാതെ കയ്യിലിരുന്ന പൈസയെടുത്തു കൊടുത്ത ഞാന്‍ എന്തൊരു മണ്ടന്‍!).

പോലീസിന്റെ ചോദ്യം ചെയ്യലില്‍ കള്ളി വെളിച്ചത്തായി.അവന്മാരുടെ ഫോട്ടോയും പത്രത്തില്‍ കണ്ടു. എന്റെ വീട്ടില്‍ വന്ന അതേ ആളുകള്‍ തന്നെ!. അങ്ങനെ പത്രത്തില്‍ എഴുതുന്നയാളാണെന്നു പരിചയപ്പെടുത്തിയ "ജോണ്‍ സാറി"ന്റെ ഫോട്ടോ ആദ്യമായി പത്രത്തില്‍ പതിഞ്ഞു. കലികാല വൈഭവം!. ഭഗവാന്‍ പല വേഷത്തിലും വരും എന്നല്ലേ?.

വേറെയും തട്ടിപ്പുകള്‍ക്കിരയായിട്ടുണ്ട്‌. "വിസ്തര ഭയത്താല്‍" അതിനെ കുറിച്ചൊന്നും ഇപ്പോള്‍ പറയുന്നില്ല.ഇവയെല്ലാം കൊച്ചുകൊച്ചു തട്ടിപ്പുകള്‍ മാത്രം. ഇതിലൊക്കെ എത്രയോ വലിയ തട്ടിപ്പുകള്‍ക്കിരയായവര്‍ നമുക്കിടയില്‍ ഉണ്ട്‌. അങ്ങനെ നോക്കുമ്പോള്‍ ഇതൊക്കെ നമുക്കു പറ്റിയ മണ്ടത്തരമോര്‍ത്ത്‌ ഉള്ളില്‍ ചിരിക്കാന്‍ ഭാവിയില്‍ ഉതകുന്ന സംഭവങ്ങള്‍ മാത്രം, അല്ലേ?.