Saturday, December 15, 2007

ജ്യോത്സ്യന്മാരുടെ വിക്രിയകള്‍

ജ്യോതിഷവും അന്ധ വിശ്വാസങ്ങളും നമുക്കു വേണമോ ?

ഈ അടുത്ത കാലത്ത്‌, മലയാളിയായ ഒരു ജ്യോതിഷി,ഒരു മലയാള പത്രത്തിലെ വാര്‍ത്തയിലൂടെ വന്‍ പ്രസിദ്ധി നേടുകയുണ്ടായി.ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത്‌ ഒരു പ്രത്യേക രാഷ്ട്രീയ നേതാവ്‌ മുഖ്യമന്ത്രിയാകും എന്ന്‌ അദ്ദേഹം പ്രവചിച്ചിരുന്നുവത്രേ.മറ്റു ജ്യോതിഷികളെല്ലാം നേരേ മറിച്ചായിരുന്നു പ്രവചിച്ചിരുന്നത്‌.ഏതായാലും വിധി,ആ നേതാവിനു്‌ അനുകൂലമായിരുന്നു.അദ്ദേഹത്തിനു മുഖ്യ മന്ത്രിയാകാന്‍ അവസരം വന്നു.അതു പ്രവചിച്ചിരുന്ന ജ്യോതിഷി ലോക പ്രശസ്തനാവുകയും ചെയ്തു.പക്ഷേ,ആന്റി ക്ലൈമാക്സ്‌ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.ജ്യോതിഷിയുടെ പ്രവചന മികവില്‍ മതിപ്പു തോന്നിയ നേതാവ്‌, പ്രസ്തുത ജ്യോതിഷിയെക്കൊണ്ടു തന്നെ സത്യ പ്രതിജ്ഞയ്ക്കുള്ള മുഹൂര്‍ത്തം കുറിപ്പിച്ചു.അവിടെ ജ്യോതിഷിക്കു തെറ്റി.ശുഭ മുഹൂര്‍ത്തം എന്നു കരുതിയ സമയത്തു സത്യ പ്രതിജ്ഞ ചെയ്ത അദ്ദേഹത്തിനു്‌ ഉടന്‍ തന്നെ സ്ഥാനം ഒഴിയേണ്ടി വന്നു.അദ്ദേഹത്തിന്റെ പാലം വലിച്ച നേതാവും ജ്യോതിഷികളുടെ നിര്‍ദ്ദേശമനുസരിച്ചാണു്‌ അതു ചെയ്തതു പോലും.കാരണം,അദ്ദേഹത്തെ മുഖ്യമന്ത്രിയായിരിക്കാന്‍ അനുവദിച്ചാല്‍ ഈ പാലം വലിച്ച നേതാവിനു അധോഗതി മാത്രമേ ഉണ്ടാവുകയുള്ളൂ എന്നു ജ്യോതിഷികള്‍ മുന്നറിയിപ്പു കൊടുത്തുവത്രേ.എങ്ങനെയുണ്ട്‌ ?.ഇവിടെ ആരാണു കാര്യങ്ങള്‍ തീരുമാനിക്കുന്നത്‌ ?.ജ്യോത്സ്യന്മാര്‍.അല്ലേ?

രാഷ്ട്രീയക്കാര്‍,സിനിമാ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ പണ്ടു മുതലേ അന്ധവിശ്വാസികളും ജ്യോത്സ്യന്മാരുടെ അടിമകളും എന്നനിലയില്‍ അറിയപ്പെട്ടിരുന്നു.എന്നാല്‍ ഇപ്പോള്‍ അന്ധവിശ്വാസം,ജ്യോത്സ്യന്മാരോടുള്ള അടിമത്തം എന്നിവ എല്ലാ വിഭാഗം ആളുകള്‍ക്കിടയിലും വ്യാപകമായിരിക്കുകയാണു്‌.അത്ഭുതപ്പെടുത്തുന്ന ഒരു വസ്തുത,വിദ്യാസമ്പന്നരിലും,പ്രത്യേകിച്ചു ചെറുപ്പക്കാരുടെ ഇടയിലും ജ്യോതിഷത്തിലുള്ള അമിത വിശ്വാസം ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നു എന്നതാണു്‌.മുന്‍ തലമുറയിലെ ചെറുപ്പക്കാര്‍, അന്ധവിശ്വാസങ്ങളെയും ജ്യോതിഷത്തെയും എതിര്‍ക്കുന്നത്‌ തങ്ങളുടെ പുരോഗമന മനോഭാവം വെളിപ്പെടുത്തുന്നതായി കരുതിയിരുന്നു.എന്നാല്‍ ഇപ്പോള്‍ ചെറുപ്പക്കാരു പോലും അന്ധവിശ്വാസങ്ങളേയും ജ്യോതിഷത്തേയും മറ്റും എതിര്‍ക്കുന്നത്‌ തങ്ങള്‍ക്ക്‌ ദുരന്തം വരുത്തും എന്നു കരുതുന്നു.എന്തിനും ഏതിനും ജ്യോത്സ്യന്മാരുടെ പിറകെ പോകുന്നു.എന്തും ജ്യോത്സ്യന്റെ അഭിപ്രായം അനുസരിച്ചു മാത്രം ചെയ്യുന്നു.

ഈ അരക്ഷിതാവസ്ഥ ജ്യോത്സ്യന്മാര്‍ ശരിക്കു മുതലെടുക്കുന്നു.അവര്‍ക്കിന്നു കൊയ്ത്തു കാലമാണു്‌.സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍,സ്കൂള്‍-കോളജ്‌ അദ്ധ്യാപകര്‍ എന്നിവര്‍ പലരും ഇതിന്റെ സാദ്ധ്യത മനസ്സിലാക്കി,റിട്ടയര്‍മെന്റിനു ശേഷം ജ്യോത്സ്യന്മാരുടെ വേഷത്തില്‍ അവതരിക്കുന്നു.പണം വാരുന്നു.

വിവാഹത്തിനു വേണ്ടിയുള്ള ജാതകപ്പൊരുത്തം നോക്കുന്നത്‌ ഹിന്ദുക്കള്‍ക്കിടയില്‍ വന്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു കോണ്ടിരിക്കുകയാണു്‌.പണ്ട്‌ ഇതു ലഘുവായ ഒരു നോട്ടം മാത്രമേ ഉണ്ടായിരുന്നുള്ളു.എന്നാല്‍ ഇപ്പോള്‍ ജ്യോത്സ്യന്മാര്‍ വിവാഹം ഒരു തരത്തിലും നടത്തിക്കരുത്‌ എന്നുള്ള ഒരു നെഗറ്റീവ്‌ മനോഭാവത്തോടെ എന്തെങ്കിലുമൊക്കെ പറഞ്ഞ്‌ ജാതക ചേര്‍ച്ച ഇല്ലെന്നു സ്ഥാപിക്കുന്നു.ചൊവ്വാ ദോഷം എന്നു പറഞ്ഞ്‌ എത്ര പെണ്‍ പിള്ളേരുടെ കല്ല്യാണം മുടക്കി ഈ നരാധമന്മാര്‍ അവരെ കണ്ണുനീരിന്റെയും നിരാശയുടെയും പടുകുഴിയിലേക്കു തള്ളിയിട്ടിരിക്കുന്നു.ഇവരൊക്കെ പൊരുത്തമുണ്ടെന്നു പറഞ്ഞിട്ടു നടത്തിയ എത്രയോ വിവാഹങ്ങള്‍ തകര്‍ന്നത്‌ നമ്മള്‍ കണ്ടിട്ടുണ്ട്‌.പൊരുത്തം ഉറപ്പാക്കി കല്യാണം നടത്തിയവയില്‍ ഭാര്യയോ ഭര്‍ത്താവോ അല്ലെങ്കില്‍ രണ്ടു പേരുമോ മരിച്ച എത്രയോ സംഭവങ്ങള്‍.അതേ പോലെ പൊരുത്തം നൊക്കാതെ നടത്തി വിജയിച്ച കല്യാണങ്ങള്‍.പക്ഷേ,ഇതൊക്കെ ചൂണ്ടിക്കാണിച്ചാല്‍ ജ്യോത്സ്യന്മാര്‍ സമ്മതിക്കുമോ ?.എവിടെ!......അപ്പോള്‍ അവര്‍ നൂറു ന്യായം പറയും - ജാതകപ്പൊരുത്തത്തിന്റെയല്ല വേറെന്തോ ദോഷം കൊണ്ടാണു്‌ അതു സംഭവിക്കുന്നത്‌ എന്ന ഒരു ന്യായം !.പ്രേമ വിവാഹം വിജയിച്ചാല്‍ അതിനു്‌ ഒരു മുന്‍ കൂര്‍ ജാമ്യമെന്നോണം അവര്‍ പറയുന്ന ഒരു ന്യായമുണ്ട്‌ - ജാതകപ്പൊരുത്തത്തിനേക്കാളുമുപരിയായുള്ളത്‌ മനപ്പൊരുത്തമാണെന്ന്‌.എങ്ങനെയുണ്ട്‌ ബുദ്ധി ?.നമ്മള്‍ തോറ്റു തൊപ്പിയിട്ടില്ലേ ?

ഇവര്‍ നടത്തുന്ന പ്രവചനങ്ങള്‍ നൂറില്‍ തൊണ്ണൂറെണ്ണവും തെറ്റിയാലും ആരും അത്‌ അത്ര കണക്കാക്കാറില്ല.പൊട്ടക്കണ്ണന്റെ മാവേലേറു പോലെ ചുരുക്കം ചിലതു ശരിയായെന്നിരിക്കും.അതിനു വലിയ പ്രസിദ്ധിയും കിട്ടും.പത്രങ്ങളും മറ്റു മാദ്ധ്യമങ്ങളും അതു കൊട്ടി ഘോഷിക്കും. ഇതാണു്‌ ഇവരുടെ വിജയം.

ബന്ധുക്കളുടെയും സ്നേഹിതരുടെയും ഇടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ജ്യോത്സ്യന്മാര്‍ കാരണമാവാറുണ്ട്‌.ഒരാള്‍,തന്റെ മകളുടെ കല്യാണം നടക്കാന്‍ താമസിക്കുന്നതിന്റെ കാരണം അറിയാന്‍ ജ്യോത്സ്യനെ സമീപിച്ചു.(കല്യാണം നടക്കാത്തതിന്റെ യഥാര്‍ത്ഥ കാരണം ജ്യോത്സ്യന്‍ തന്നെ ആയിരുന്നു.ചൊവ്വാ ദോഷത്തിന്റെ പേരു പറഞ്ഞ്‌ എല്ലാം മുടക്കുന്നത്‌ അയാള്‍ തന്നെ).ജ്യോത്സ്യന്‍ പറഞ്ഞു,

"നിങ്ങളുടെ ഒരു അടുത്ത ബന്ധു.ഇപ്പോള്‍ അടുപ്പം സ്വല്‍പം കുറവാണു്‌.അയാളുടെ ചില ക്ഷുദ്ര പ്രവര്‍ത്തനങ്ങള്‍ മൂലമാണു്‌ കല്യാണം താമസിക്കുന്നത്‌".

പെട്ടെന്നു തന്നെ അയാള്‍ക്ക്‌ തന്റെ ഒരു ബന്ധുവിനെക്കുറിച്ച്‌ സംശയം തോന്നി.

"ശരിയാ ജ്യോത്സ്യരേ,എനിക്ക്‌ ആളിനെ പിടികിട്ടി.അവന്‍ ഇത്തരക്കാരനാണെന്നു കരുതിയില്ല.അവനെ ഒരു സംശയമുണ്ടായിരുന്നു.ജ്യോത്സ്യര്‍ പറഞ്ഞപ്പോള്‍ ഉറപ്പായി.ഇനി ഞാന്‍ എന്താണു ചെയ്യേണ്ടത്‌ ?.അതും കൂടെ പറഞ്ഞു തരണം"

അതിനല്ലേ ജ്യോത്സ്യര്‍ ഇരിക്കുന്നത്‌.എന്തിനും പരിഹാരം അദ്ദേഹത്തിന്റെ കയ്യില്‍ ഉണ്ടല്ലോ.പരിഹാര ക്രിയകളെല്ലാം ജ്യോത്സ്യന്‍ പറഞ്ഞതു പോലെ ചെയ്തു.പക്ഷെ കല്യാണം ഉടനെയൊന്നും നടന്നില്ല.അടുത്ത ബന്ധു ആജന്മ ശത്രു ആവുകയും ചെയ്തു.

ഒരു വീട്ടില്‍ ഒരു ചെറിയ മോഷണം നടന്നു.ഉടന്‍ ഗൃഹനാഥന്‍ ഓടി ജ്യോത്സ്യനെ കാണാന്‍!.കള്ളനെ കണ്ടു പിടിക്കുന്ന വിദഗ്ദ്ധനല്ലേ ജ്യോത്സ്യന്‍?.അദ്ദേഹം പുഷ്പം പോലെ കള്ളനെ കണ്ടു പിടിച്ചു കൊടുത്തു.പക്ഷെ,അങ്ങനെ നേരേ ചൊവ്വേ പറഞ്ഞു കൊടുക്കാന്‍ പറ്റുമോ ?.വളരെ അവ്യക്തമായ ചില സൂചനകള്‍ കൊടുത്തു.സൂചനകള്‍ വച്ചു ചിന്തിച്ച ഗൃഹനാഥനു്‌, പതിവായി വീട്ടില്‍ വരുന്ന ഒന്നുരണ്ടു പേരെ സംശയം തോന്നി.ബന്ധങ്ങളും സൗഹൃദങ്ങളും വഷളായെന്നു പ്രത്യേകം പറയേണ്ടല്ലോ.ഇങ്ങനെയുള്ള ജ്യോത്സ്യന്മാരെ എല്ലാ പോലീസ്‌ സ്റ്റേഷനിലും നിയമിച്ചിരുന്നെങ്കില്‍ പോലീസുകാരുടെ പണി എളുപ്പമായേനേ!.സര്‍ക്കാരിനു്‌ ആ ബുദ്ധി തോന്നാത്തത്‌ കള്ളന്മാരുടെ നല്ല കാലം!.

പിന്നെ,അന്ധവിശ്വാസം പ്രചരിപ്പിക്കുന്നത്‌ ചിലരുടെ ബിസിനസ്സ്‌ വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടിയാവാറുണ്ട്‌ ചിലപ്പോള്‍.ഉദാഹരണമായി,അക്ഷയ തൃതീയ എന്നു കേട്ടിട്ടുണ്ടോ?."അതു കേള്‍ക്കാത്തതാരാണു്‌,സ്വര്‍ണ്ണം വാങ്ങാന്‍ പറ്റിയ ദിവസമല്ലേ ?".എന്നു നിങ്ങള്‍ പറയും.എന്നാല്‍ ഒരു മൂന്നു നാലു വര്‍ഷം മുന്‍പ്‌ ഇങ്ങനെയൊരു ദിവസത്തെ കുറിച്ച്‌ നമ്മുടെ നാട്ടില്‍ ആരും കേട്ടിരുന്നില്ല.സ്വര്‍ണ്ണക്കടക്കാര്‍ ജ്യോത്സ്യന്മാരുടെ പിന്തുണയോടെ വന്‍ പ്രചാരണം നടത്തി,അക്ഷയ തൃതീയ ദിവസം സ്വര്‍ണ്ണം വാങ്ങുന്നത്‌ ഒരു വര്‍ഷം മുഴുവന്‍ ഐശ്വര്യം നല്‍കുമെന്ന്‌ !.ഇങ്ങനെയുള്ളതെന്തും വെട്ടി വിഴുങ്ങുന്ന മലയാളി ഇതും ഒരു നുള്ള്‌ ഉപ്പുപോലും ചേര്‍ക്കാതെ വിഴുങ്ങി.ഫലമോ,സ്വര്‍ണ്ണക്കടകളില്‍ ആ ദിവസം റെക്കോര്‍ഡ്‌ വില്‍പ്പന !.

എന്തെല്ലാം യന്ത്രങ്ങളും ഏലസ്സുകളും ആണു്‌ ഈ ജ്യോത്സ്യന്മാരും മന്ത്രവാദികളും തയ്യാറാക്കി വില്‍പ്പനയ്ക്കു വച്ചിരിക്കുന്നത്‌.പലവിധ കാര്യങ്ങള്‍ മെയ്യനങ്ങാതെ നേടാന്‍ നമ്മെ സഹായിക്കുന്നവയാണു്‌ അവ.പത്രപ്പരസ്യങ്ങളില്‍ കാണുന്നവയില്‍ ചിലതാണു്‌ ഇവ -

ധന ആകര്‍ഷണ ഭൈരവ യന്ത്രം
സ്വയംവര യന്ത്രം
ശത്രു സംഹാര യന്ത്രം
കാമദേവാകര്‍ഷണ ഏലസ്സ്‌

പുതിയ ഒരെണ്ണം,അമ്മായി അമ്മപ്പോരനുഭവിക്കുന്ന മരുമകളുടെ ആശ്വാസത്തിനായി അണിയറയില്‍ തയ്യാറാക്കാപ്പെടുന്നുണ്ടെന്നും അറിയുന്നു - അമ്മായിയമ്മാ ഘാതക ഭീകര യന്ത്രം !

ആറിവും വിദ്യാഭ്യാസവും കൂടുമ്പോള്‍ നമ്മുടെ മനസ്സില്‍ പുരോഗമന ചിന്താ ഗതിയാണു്‌ ഉണ്ടാകേണ്ടത്‌.എന്നാല്‍ നമ്മുടെ മനസ്സ്‌ നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള അന്ധകാരത്തിലേയ്ക്കു കൂപ്പു കുത്തിയിരിക്കുന്നു.ഉള്ളിലെ അരക്ഷിതാവസ്ഥ നമ്മെ അന്ധവിശ്വാസത്തിന്റെയും ജ്യോത്സ്യം എന്ന കള്ളത്തരത്തിന്റെയും അടിമകളാക്കിയിരിക്കുന്നു.ഇതില്‍ നിന്ന്‌ ഒരു മോചനം ? ഏയ്‌, ഒരിക്കലും ഉണ്ടാവില്ല.

ദൈവ വിശ്വാസം വേണം.അന്ധ വിശ്വാസങ്ങളേയും ജ്യോതിഷമെന്ന കള്ളത്തരത്തേയും തള്ളിക്കളഞ്ഞാല്‍ മാത്രമേ ഈ സമൂഹം രക്ഷ പെടുകയുള്ളു.

.........................................................................

അനുബന്ധം -

പപ്പനാവന്‍ - "അണ്ണാ, ക്വാവി അണ്ണാ.ദേ, ഒരുത്തന്‍ ജ്യോത്സ്യന്മാ രെയൊക്കെ പള്ളു പറഞ്ഞോണ്ട്‌ എന്തരൊക്കെയോ എഴുതി വച്ചിരിക്കുന്നു.കല്യാണത്തിനു ജാതകം നോക്കണ്ടാന്ന്‌.അതൊള്ളതു തന്നേ,അണ്ണാ?".

കോവി അണ്ണന്‍ - "അതു പോഴത്തമല്ലേഡേ.ജാതകം നോക്കുന്നതു കൊണ്ടു നേട്ടങ്ങളുണ്ടെഡേ പപ്പനാവാ"

പപ്പനാവന്‍ - "ഒന്നു തെളിച്ചു പറയണ്ണാ.നമ്മക്ക്‌ നേട്ടങ്ങളെന്തരു്‌. ജ്യോത്സ്യന്മാര്‍ക്കുതന്നെയല്ലേ നേട്ടങ്ങളു്‌ ?"

കോവിയണ്ണന്‍ - "ഡേയ്‌,നീ ഞാന്‍ പറയുന്നതു കേളു്‌.എന്റെ മോളു്‌ പങ്കജാക്ഷിക്കു കല്യാണമാലോചിക്കുന്ന നേരം.നമ്മടെ കൂട്ടുകാരനില്ലേ മീശ വാസു.അവെ ന്‍ ഒരു ദിവസം എന്റൂടെ പറയുകാ അവന്റെ മോനെ എന്റെ മോക്കു വേണ്ടി ആലോചിച്ചാലോ എന്ന്.അവന്റെ മോനെ നിനക്കറിയൂല്ലേഡേ ?. തൊട്ടിത്തരോം കാട്ടിക്കോണ്ടു നടക്കുന്ന ഒരു പയലു്‌.വീട്ടിക്കേറ്റാങ്കൊള്ളാത്ത ആ തെണ്ടിക്ക്‌ എന്റെ മോളെ കൊടുക്കനോ ?എന്നാലാ വാസൂനെ ഒട്ടു പെണക്കാനും വയ്യ.ഞാന്‍ എന്തരു ചെയ്തെന്നറിയാമോഡേ,പപ്പനാവാ?

പപ്പനാവന്‍ - "അണ്ണന്‍ പറയണമണ്ണാ"കോവി അണ്ണന്‍ - "ഞാന്‍ അവന്റൂടെ പറഞ്ഞു,അവന്റെ മോന്റെ ജാതകങ്ങളു തരാന്‍.പൊരുത്തങ്ങളു്‌ നോക്കണ്ടേഡേ?. അവന്റെ മോന്റെ ജാതകം ഞാന്‍ രണ്ടു ദെവസം ചുമ്മാ കയ്യി വെച്ചോണ്ടിരുന്നിട്ട്‌ ചേരൂല്ലെന്നു പറഞ്ഞു തിരിച്ചു കൊടുത്തെഡേ. എങ്ങനെയുണ്ടെഡേ ഞാന്‍ കണ്ടു പിടിച്ച പുത്തി?"

പപ്പനാവന്‍ - "അണ്ണന്‍ കണ്ടു പിടിച്ച പുത്തിയെന്നു പറഞ്ഞ്‌ ചുമ്മാ ഞെളിയാതെ ക്വാവിയണ്ണാ.ഇതിപ്പം പലരും ചെയ്യുന്ന കാര്യമല്ല്യോ.അണ്ണന്റെ പുത്തി പോലും!".
...........................

Saturday, December 8, 2007

ക്രിക്കറ്റ് നിരോധിക്കണം

താഴെ പറയുന്നത്‌ ഒരു സാങ്കല്‍പ്പിക കഥയാണു്‌.പക്ഷെ,കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും യഥാര്‍ത്ഥത്തില്‍ നമുക്കു ചുറ്റും ഉള്ളതുമാണു്‌.
മോഹന്‍ - ഓട്ടോ ഉടമസ്ഥനും ഡ്രൈവറും.
സാജന്‍ - സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍.
സത്യന്‍ - വെല്‍ഡിംഗ്‌ വര്‍ക്‌ ഷോപ്പുടമയും ഒപ്പം തൊഴിലാളിയും
രാജന്‍-ബാങ്ക്‌ ഉദ്യോഗസ്ഥന്‍.
ഇവര്‍ എല്ലാവരും സഹപാഠികളയിരുന്നവരും അടുത്തടുത്ത്‌ താമസിക്കുന്നവരും ചെറുപ്പക്കാരും അവിവാഹിതരും ഉറ്റസുഹൃത്തുക്കളും ആണു്‌.
സമയം രാവിലെ പത്തു മണി.ഈ ചെറുപ്പക്കാരെല്ലാവരും സത്യന്റെ വീട്ടില്‍ കൂടിയിരിക്കുകയാണു്‌.ഇവരോടൊപ്പം കണ്ണനും ഉണ്ട്‌.കണ്ണന്‍ സത്യന്റെ ഇളയ സഹോദരനും കോളജ്‌ കുമാരനും ആണു്‌.ഇതു ഞായറാഴ്ചയോ മറ്റേതെങ്കിലും അവധി ദിവസമോ അല്ല.അതായത്‌ സാധാരണ ഗതിയില്‍ മോഹന്‍ ഓട്ടോ ഓടിക്കുകയും സാജന്‍ ഓഫീസില്‍ ഇരിക്കുകയും സത്യന്‍ വര്‍ക്‌ ഷോപ്പില്‍ ആയിരിക്കുകയും രാജന്‍ ബാങ്കില്‍ ഇരിക്കുകയും കണ്ണന്‍ കോളജില്‍ ആയിരിക്കുകയും ചെയ്യേണ്ട സമയമാണു്‌.
എന്നാല്‍ ഇവരെല്ലാവരും തങ്ങളുടെ പ്രധാന ജോലികള്‍ക്കെല്ലാം അവധി കൊടുത്തിട്ട്‌ സത്യന്റെ വീട്ടില്‍ ഒരുമിച്ചു കൂടിയിരിക്കുകയാണു്‌.എല്ലാവരുടേയും കണ്ണുകള്‍ മുന്‍പിലുള്ള റ്റി.വി. സ്ക്രീനില്‍ ഉറപ്പിച്ചു വച്ചിരിക്കുകയാണു്‌.
"രണ്ടു വിക്കറ്റു പോയതു കൊണ്ടു കുഴപ്പമൊന്നുമില്ല.സച്ചിന്‍ ഇതു പോലെ നിന്നു കിട്ടിയാല്‍ മതി", സാജന്‍ പറഞ്ഞു.
"ഓ, സച്ചിന്‍!.ഇപ്പൊ പണ്ടത്തെ പോലെ വിശ്വസിക്കാനൊന്നും പറ്റുകേല.അടിച്ചാല്‍ അടിച്ചു,അത്രേയുള്ളു",മോഹന്റെ കമന്റ്‌.
അവര്‍ ഇന്‍ഡ്യയും ഓസ്ട്രേലിയയും തമ്മിലുള്ള വണ്‍ ഡേ ക്രിക്കറ്റ്‌ മാച്ച്‌ കാണുകയാണു്‌.ക്രിക്കറ്റുള്ള ദിവസം എങ്ങനെയായാലും ജോലിയില്‍ നിന്നു വിട്ടു നില്‍ക്കും. അവധി എടുത്തോ അല്ലാതെയോ.ജോലിക്കു നാളെയും പോകാം.ഈ മാച്ച്‌ നാളെ ഇല്ലല്ലോ.
ഇവരുടെ എല്ലാവരുടേയും വീട്ടില്‍ റ്റി.വി. ഉണ്ട്‌.എന്നാലും ഇങ്ങനെ ഒന്നിച്ചിരുന്നു കാണുന്നതല്ലേ രസം.അതു കൊണ്ട്‌ എല്ലാവരും കൂടി ഏതെങ്കിലും ഒരു വീട്ടില്‍ ഒത്തു കൂടും.അവര്‍ അങ്ങനെ കളിയില്‍ മുഴുകി ടെന്‍ഷനടിച്ച്‌ ഇരിക്കുകയാണു്‌.കളി തുടങ്ങിയിട്ട്‌ ഒരു മണിക്കൂര്‍ ആവുന്നതേ ഉള്ളൂ.എന്തും സംഭവിക്കാം......ഉടനെ തന്നെ അതു സംഭവിച്ചു ! - കറന്റു പോയി.സ്പോര്‍ട്സ്‌ മാന്‍ സ്പിരിറ്റില്ലാത്ത നമ്മുടെ ഇലക്ട്രിസിറ്റി ബോഡ്‌!.....ഇനി എന്തു ചെയ്യും?.ഒരു ദിവസത്തെ പണിയും കളഞ്ഞ്‌ റ്റി.വി. യുടെ മുമ്പില്‍ കൂടിയതാണു്‌.അവധി പാഴാകുമോ?
"ഛെ!എന്തു പരിപാടിയാ ഇത്‌.ഇവമ്മാരെ രണ്ടു ചീത്ത വിളിക്കാതെ പറ്റത്തില്ല",രാജനു ദേഷ്യം കയറി.
"ചെലപ്പം ഒടനേ വരുമായിരിക്കും",സത്യന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.
ആ പ്രതീക്ഷയില്‍ അവര്‍ അവിടെ തന്നെ ഇരുന്നു.ഇതുവരെയുള്ള കളിയെക്കുറിച്ച്‌ ചര്‍ച്ച ആരംഭിച്ചു..........അവരുടെ പ്രതീക്ഷ അസ്ഥാനത്താവുകയായിരുന്നു.കുറേ നേരമായിട്ടും കറന്റു വന്നില്ല.ക്ഷമയുടെ നെല്ലിപ്പലക എന്നൊന്നുണ്ടെങ്കില്‍(ഞാന്‍ കണ്ടിട്ടില്ല,കേട്ടോ!), അവര്‍ ഒരുമിച്ച്‌ അതു കണ്ടു.അടുത്ത വീട്ടില്‍ കറന്റുണ്ടോ എന്ന് അന്വേഷിക്കാന്‍ പോയ കണ്ണന്‍ തിരിച്ചു വന്നു.അടുത്തുള്ള വീടുകളിലൊന്നും കറന്റില്ല.
"നീ ആ ഫോണൊന്നു വിളിച്ചേ",സത്യന്‍ ആജ്ഞാപിച്ചു,"ഇന്ന് അവന്മാരെ രണ്ടു പറഞ്ഞിട്ടു തന്നെ ബാക്കി കാര്യം".
സത്യന്റെ അനുജന്‍ കണ്ണന്‍ കറന്റാപ്പീസിലേയ്ക്കു ഫോണ്‍ ചെയ്തു.പക്ഷെ എന്തു പ്രയോജനം,കിട്ടുന്നില്ല.ബിസി ടോണ്‍ മാത്രം കേള്‍ക്കാം.അത്‌ അങ്ങനെ ആണല്ലോ.
"വണ്ടി എടുക്കെടാ.ഇന്ന് അവന്മാരുടെ ആപ്പീസ്സില്‍ ചെന്ന് നിരപ്പാക്കിയിട്ടു തന്നെ ബാക്കി കാര്യം",മോഹന്‍ കോപം കൊണ്ടു വിറച്ചു.
എല്ലാവരും അതേ മൂഡിലായിരുന്നു.രണ്ടു റ്റൂ വീലറുകളിലായി കണ്ണനൊഴികെയുള്ള നാലു പേര്‍ പാഞ്ഞു............
ദൂരെ നിന്നേ കാണാമായിരുന്നു,ജംഗ്ഷനില്‍ ഒരു ആള്‍ക്കൂട്ടം.
"എടാ,എന്തോ പ്രശ്നമുണ്ടെന്നു തോന്നുന്നു.ആക്സിഡെന്റു വല്ലതും ആയിരിക്കും"
വണ്ടികള്‍ നിര്‍ത്തി ഒതുക്കി വച്ചിട്ട്‌ അവര്‍ ആള്‍ക്കൂട്ടത്തിന്റെ അടുത്തേയ്ക്കു പാഞ്ഞു.അപകടം തന്നെ ആയിരുന്നു.ഒരു ലോറി ഒരു വൈദ്യുതി പോസ്റ്റിലിടിച്ച്‌ കിടക്കുന്നു.പോസ്റ്റ്‌ ഒടിഞ്ഞു താഴെ വീണിട്ടുണ്ട്‌.കമ്പിയെല്ലാം പൊട്ടി താഴെ കിടക്കുന്നു.ലോറിയുടെ മുന്‍ വശം ശരിക്കും തകര്‍ന്നിട്ടുണ്ട്‌.പരിക്കു പറ്റിയ ഡ്രൈവറേയും ക്ലീനറേയും ആശുപത്രിയിലാക്കിയിരിക്കുകയാണു്‌.വലിയ കുഴപ്പമില്ല എന്നാണു്‌ അറിഞ്ഞത്‌.
"ഇന്ന് ഏതായാലും കറന്റു കിട്ടുമെന്നു തോന്നുന്നില്ല മോനേ.ഇന്നത്തെ ദിവസം പോക്കായി",സാജന്‍ പരിതപിച്ചു,"ഒരു ലീവും വെറുതേ പോയി".
ഭാഗ്യഹീനന്മാര്‍,അല്ലേ ?.ഇതു പോലെ ഒരു ദിവസത്തെ ജോലി മുടക്കി,പഠിത്തം മുടക്കി കോടിക്കണക്കിനു ഭാരതീയര്‍ റ്റി. വി.യ്ക്കു മുന്‍പില്‍ ചടഞ്ഞു കൂടി ക്രിക്കറ്റ്‌ കണ്ടു.ചില മേഖലകളിലെങ്കിലും ഭരണ സ്തംഭനം ഉണ്ടായി.മറ്റു ചില മേഖലകളില്‍ ഭരണ ചക്രം തിരിയുന്നതിന്റെ വേഗം കുറഞ്ഞു.എല്ലാം ഒരു ക്രിക്കറ്റ്‌ മാച്ച്‌ കാരണം.
ഈ പോക്ക്‌ ശരിയോ?
ക്രിക്കറ്റ്‌ നിരോധിക്കണമോ?.
അതു പറയാന്‍ എനിക്ക്‌ അവകാശമില്ലായിരിക്കാം.എന്നാല്‍ ഒന്നു ചോദിക്കട്ടെ - ക്രിക്കറ്റ്‌ മാച്ചിന്റെ തല്‍സമയ സമ്പ്രേഷണം റ്റി.വി. ചാനലുകളില്‍ കാണിക്കുന്നത്‌ നിരോധിച്ചു കൂടേ?

Friday, November 30, 2007

നിങ്ങള്‍ പ്രതികരിക്കൂ, എനിക്കു വേണ്ടി

ഞാന്‍ ഇപ്പോള്‍ കണ്ണൂരിലാണു ജോലി ചെയ്യുന്നത്‌. വീടു തിരുവല്ലയിലും.ഒരു മാസം ഒന്നില്‍ക്കൂടുതല്‍ തവണ തിരുവല്ലയില്‍ നിന്നു കണ്ണൂരിലേയ്ക്കും തിരിച്ചും യാത്ര ചെയ്യാറുണ്ട്‌.ട്രെയിനിലാണു യാത്ര.രാത്രി തിരുവല്ലയില്‍ നിന്നു മലബാര്‍ എക്സ്പ്രസ്സിനു കയറും.ബെര്‍ത്ത്‌ റിസര്‍വു ചെയ്തേ പോകാറുള്ളൂ.തിരുവല്ലയില്‍ നിന്നു ട്രയിന്‍ വിട്ടാലുടനെ കയറിക്കിടന്ന് ഉറങ്ങാന്‍ ശ്രമിക്കും. തിരുവല്ലയില്‍ നിന്നു കയറിക്കിടന്ന് ഉറങ്ങിയാല്‍ പിറ്റേ ദിവസം രാവിലെ ഏഴു മണിക്കു മുമ്പായി കണ്ണൂരെത്തും.അപ്പോള്‍ സ്വാഭാവികമായും നിങ്ങള്‍ക്ക്‌ ഒരു സംശയം തോന്നാം- ഉറങ്ങിയാല്‍ മാത്രമേ കണ്ണൂരെത്തുകയുള്ളോ എന്ന്.എവമ്മാരെടെയൊക്കെ ഓരോ സംശയങ്ങളു്‌!. പോയി പണി നോക്കഡേ അപ്പീ.......അല്ലാണ്ടെന്തരു പറയാന്‍?

സാധാരണയായി ഏറ്റവും മുകളിലുള്ള ബെര്‍ത്താണു റിസര്‍വ്വ്‌ ചെയ്യുന്നത്‌.അതാവുമ്പോള്‍ യാതൊരു ശല്യവുമില്ല.ട്രെയിനില്‍ കയറുന്ന ഉടന്‍ തന്നെ ബെര്‍ത്തില്‍ കയറി കിടക്കാം.താഴെയുള്ള ബെര്‍ത്താണെങ്കില്‍ മിക്കവാറും അരെങ്കിലും അതില്‍ ഇരിക്കുന്നുണ്ടാവും.നമുക്കു കിടക്കാനായി അവരെ പറഞ്ഞു മാറ്റേണ്ടി വരും.മഴയുള്ള സമയമാണെങ്കില്‍ ചിലപ്പോള്‍ വിന്‍ഡോ ഷട്ടറിനിടയില്‍ കൂടി വെള്ളം കയറി താഴത്തെ ബെര്‍ത്ത്‌ നനഞ്ഞു കാണാറുമുണ്ട്‌.അതും ഒരു ബുദ്ധിമുട്ടായി തീരാം.അതു കൊണ്ട്‌ എപ്പോഴും അപ്പര്‍ ബെര്‍ത്തു തന്നെയാണു നല്ലത്‌.

അങ്ങനെയുള്ള ഒരു കണ്ണൂര്‍ യാത്ര.സാധാരണ പോലെ അപ്പര്‍ ബെര്‍ത്തിലാണു ഞാന്‍.വെളുപ്പിനു നാലേമുക്കാലോടെ ട്രെയിന്‍ കോഴിക്കോട്‌ സ്റ്റേഷനിലെത്തി.അവിടെ ധാരാളം ആളുകള്‍ ഇറങ്ങാറുണ്ട്‌.താഴത്തെ സൈഡ്‌ ബെര്‍ത്ത്‌ ഒഴിഞ്ഞതു കണ്ട്‌ ഞാന്‍ മുകളിലെ ബെര്‍ത്തില്‍ നിന്നും ഇറങ്ങി അതില്‍ ഇരുന്നു.ബാക്കി യാത്ര ഇരുന്നു കൊണ്ടാകാം.ഉറക്കമെല്ലാം കഴിഞ്ഞു.വീട്ടില്‍ വച്ചാണെങ്കിലും ഞാന്‍ വെളുപ്പിനു അഞ്ചു മണിയാകുമ്പോള്‍ എഴുന്നേല്‍ക്കാറുണ്ട്‌.എന്നെപ്പോലെ, ഉറക്കം മതിയാക്കിയ മറ്റൊരാളുമവിടെ ഇരിക്കാന്‍ വന്നു ബെര്‍ത്ത്‌ മടക്കി രണ്ടു സീറ്റുകളാക്കി ഞങ്ങള്‍ രണ്ടു പേരും അഭിമുഖമായി ഇരുന്നു.കുറച്ചു കഴിഞ്ഞപ്പോള്‍ എതിരെ ഇരുന്ന ആള്‍ ബാത്ത്‌ റൂമിലേക്കു പോകാനായിരിക്കണം, എഴുന്നേറ്റു പോയി.അപ്പുറത്തൊരു സീറ്റില്‍ വേറൊരു ചേട്ടന്‍ ഇരിപ്പുണ്ടായിരുന്നു.പുള്ളി സൈഡ്‌ സീറ്റ്‌ നോട്ടമിട്ട്‌ ഇരിക്കുകയായിരുന്നു എന്നു തോന്നുന്നു.സൈഡ്‌ സീറ്റില്‍ ഇരുന്ന ആള്‍ ബാത്ത്‌ റൂമിലേക്കു പോയ തക്കം നോക്കി ആ ചേട്ടന്‍ അവിടെ കയറി ഇരുന്നു.തന്റെ പെട്ടിയും ആ സീറ്റിനടിയിലേക്കു മാറ്റി വച്ചു.

ട്രെയിന്‍ പാഞ്ഞു പൊയ്കൊണ്ടിരുന്നു.കൊയിലാണ്ടി,വടകര,മാഹി,തലശ്ശേരി സ്റ്റേഷനെല്ലാം കഴിഞ്ഞു.ഏതാണ്ട്‌ ശരിയായ സമയം പാലിച്ചു കൊണ്ടാണു പോക്ക്‌.ആറേമുക്കാലിനു മുമ്പ്‌ കണ്ണൂരെത്തുമായിരിക്കും.ഞാന്‍ ഹാപ്പിയായി.ട്രെയിന്‍ സമയത്തിനു്‌ ഓടുമ്പോള്‍ നമ്മള്‍ ഹാപ്പിയായിരിക്കും.ലേറ്റായി ഓടുമ്പോള്‍ ആകെയൊരു അസ്വസ്തതയായിരിക്കും.സാധാരണയായി കണ്ണൂരാണു്‌ അടുത്ത സ്റ്റോപ്പ്‌.ചൊവ്വ ലെവല്‍ ക്രോസ്സ്‌ കഴിഞ്ഞപ്പോള്‍ ട്രെയിന്‍ വളരെ പതുക്കെ ഓടാന്‍ തുടങ്ങി.കണ്ണൂര്‍ സ്റ്റേഷനു മുമ്പുള്ള കണ്ണുര്‍ സൗത്ത്‌ സ്റ്റേഷനില്‍ നിര്‍ത്താനുള്ള പുറപ്പാടാണു്‌ എന്നു മനസ്സിലായി.അങ്ങനെ തന്നെ സംഭവിച്ചു.

ഒരു പത്തു മിനിറ്റു കഴിഞ്ഞു.മറ്റൊരു ട്രെയിന്‍ ഞങ്ങളെ കടന്നു കണ്ണൂര്‍ ഭാഗത്തേയ്ക്കു പോയി.

"ശ്ശെ, ഇതെന്തു പരിപാടിയാ.നമ്മളെ ഇവിടെ പിടിച്ചിട്ടിട്ട്‌ വേറൊരു വണ്ടിയെ മുന്നില്‍ കടത്തി വിടുക",എന്റെ എതിര്‍ സീറ്റില്‍ ഇരുന്നയാള്‍ സഹി കെട്ട്‌ പറഞ്ഞു.

"അതൊരു സൂപ്പര്‍ ഫാസ്റ്റ്‌ ട്രെയിനാ.അതിനെ കടത്തിവിടാനായിട്ടാ നമ്മളെ ഇവിടെ പിടിച്ചിട്ടിരിക്കുന്നത്‌",ഞാന്‍ എന്റെ അറിവു വെളിപ്പെടുത്തി.ആ പറഞ്ഞത്‌ അദ്ദേഹത്തിനു തീരെ തൃപ്തിയായില്ല.മാത്രമല്ല റെയില്‍ വേയെ അനുകൂലിച്ചു സംസാരിക്കാന്‍ എനിക്കെന്തോ പ്രത്യേക താല്‍പര്യം ഉണ്ടെന്ന് അയാള്‍ തെറ്റിദ്ധരിച്ചെന്നു തോന്നി.

"നമ്മള്‍ ഇവിടെ കിടക്കാന്‍ തുടങ്ങിയിട്ട്‌ പത്തുമിനിറ്റായല്ലോ.ഇതിനകം നമുക്ക്‌ കണ്ണൂരെത്താമായിരുന്നു.എന്നിട്ട്‌ അവിടെ വച്ച്‌ മറ്റേ ട്രെയിന്‍ കടത്തി വിട്ടാല്‍ പോരായിരുന്നോ?".

അയാള്‍ ഒരു ശത്രുവിനെ എന്ന പോലെ എന്നെ നോക്കി.എനിക്കു വേണമെങ്കില്‍ മിണ്ടാതെ ഇരിക്കാമായിരുന്നു.പക്ഷെ വീണ്ടും ഞാന്‍ എന്റെ വിജ്ഞാനം വിളമ്പി.

"നമ്മുടെ ട്രെയിന്‍ കണ്ണൂര്‍ സ്റ്റേഷനില്‍ കൊണ്ടിട്ടാല്‍ മറ്റേ ട്രെയിനിനു പ്ലാറ്റ്‌ ഫോം കിട്ടാതെ വരും.അതാണു കാര്യം.അതു കാരണം ചിലപ്പോഴൊക്കെ ഇങ്ങനെ ഈ വണ്ടി ഇവിടെ പിടിച്ചിടാറുണ്ട്‌"

"മറ്റേ വണ്ടി പോയിട്ട്‌ കുറെ നേരമായല്ലോ.എന്നിട്ടും ഇതെന്താ വിടാത്തത്‌?"ഈ ചോദ്യത്തിനും ഞാന്‍ മറുപടി പറഞ്ഞേ പറ്റൂ എന്നപോലെ അയാള്‍ എന്നെ നോക്കി.

എന്റെ ഒരു ഗതികേടു നോക്കണേ.എന്നാലും റെയില്‍ വേയ്ക്കു വേണ്ടി മറുപടി പറയുന്ന ചുമതല ഞാന്‍ ഏറ്റെടുത്തു.

"മറ്റേ ട്രെയിന്‍ കണ്ണുര്‍ സ്റ്റേഷന്‍ വിട്ടാലേ നമുക്ക്‌ അവിടെ പ്ലാറ്റ്‌ ഫോം കിട്ടൂ.അതു കൊണ്ട്‌ അതു വിട്ടിട്ടേ ഇതു വിടൂ.മറ്റു രണ്ടു പ്ലാറ്റ്‌ ഫോമിലും വേറെ ട്രെയിനുകള്‍ ഉള്ള സമയമാ"

വണ്ടി വിടാന്‍ വേണ്ടി എല്ലാവരും അക്ഷമരായി കാത്തിരിക്കുകയാണു്‌.ഇവിടെ നിര്‍ത്തിയിട്ടിട്ട്‌ അര മണിക്കൂറോളം ആയി.ഇവിടെ നിന്ന് ട്രെയിന്‍ കണ്ണൂര്‍ സ്റ്റേഷനിലെത്താന്‍ അഞ്ചു മിനിട്ടു മതി.പക്ഷെ അര മണിക്കൂര്‍ നഷ്ടപ്പെടുത്തി വണ്ടി കണ്ണൂര്‍ സൗത്തില്‍ തന്നെ കിടക്കുകയാണു്‌.കണ്ണൂര്‍ സ്റ്റേഷനില്‍ ഇറങ്ങാനുള്ള സൗകര്യത്തിനു്‌ പെട്ടിയും ചാക്കുകെട്ടുകളുമെല്ലാം വാതില്‍ക്കല്‍ കൊണ്ടു വച്ച്‌ അവിടെത്തന്നെ നില്‍ക്കുകയാണു്‌ ഇത്രയും നേരമായി ചിലര്‍.

"ഇതൊന്നും ആരും പ്രതികരിക്കാത്തതിന്റെ കുഴപ്പമാ.ഒരു പട്ടി ചത്താല്‍ പോലും അതിന്റെ പേരില്‍ ബന്ദു നടത്തും.ഇതിനൊന്നും ഒരു കുഴപ്പവുമില്ല".

ഇവിടെ അനാവശ്യ ബന്ദെല്ലാം നടത്തുന്നത്‌ ഞാനാണെന്ന മട്ടില്‍ അയാള്‍ നീരസത്തോടെ എന്ന നോക്കി.അയാളോടു കൂടുതല്‍ മിണ്ടാതെയിരിക്കുന്നാതാണു നല്ലതെന്ന് എനിക്കു തോന്നി.പക്ഷെ, എന്റെ മനസ്സില്‍ ചില ചോദ്യങ്ങള്‍ ഉണ്ടായിരുന്നു.പ്രതികരിക്കണം എന്നാണല്ലോ അദ്ദേഹം പറയുന്നത്‌.ഈ പറയുന്നയാള്‍ എന്താണു പ്രതികരിക്കാത്തത്‌?.വെറുതെ ഇതൊക്കെ എന്റെ നേരേ നോക്കി പറഞ്ഞിട്ടെന്താണു പ്രയോജനം?.പ്രതികരിക്കേണ്ടിടത്തു പോയി പ്രതികരിക്കണം.അതിനു്‌ ആരും തയ്യാറല്ല.എനിക്കിതിനൊന്നും സമയമില്ല.മാത്രമല്ല പ്രതികരിക്കാന്‍ ചെന്നാല്‍ ചിലപ്പോള്‍ പൊല്ലാപ്പായെന്നും വരാം.അതു കൊണ്ട്‌ മറ്റാരെങ്കിലും പ്രതികരിച്ചെങ്കില്‍ എന്നു നമ്മളെല്ലാവരും ആഗ്രഹിക്കുന്നു.പ്രതികരിക്കാത്തതിനു മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു.ആരെങ്കിലുമൊരാള്‍ പ്രതികരിക്കാന്‍ ഇറങ്ങിയാല്‍ ചിലപ്പോള്‍ ഇളിഭ്യനായെന്നു വരും.കാരണം, കൂടെ ചെല്ലാന്‍ മറ്റാരും കാണുകയില്ല.നമ്മള്‍ എന്തിനു തടി കേടാക്കണം, അല്ലേ?. ഞാനും നിങ്ങളും എല്ലാവരും ഇങ്ങനെ തന്നെയാണു്‌. മാന്യനായ മലയാളി,അല്ലേ?.ഇതു മലയാളിയുടെ മറ്റൊരു കാപട്യം.

ഹാവൂ!,ആശ്വാസമായി.ട്രെയിന്‍ നീങ്ങാന്‍ തുടങ്ങി.മുക്കാല്‍ മണിക്കൂര്‍ നഷ്ടം.കണ്ണൂര്‍ സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ നമ്മുടെ പ്രതികരണക്കാരനായ സുഹൃത്തിനെ ശ്രദ്ധിച്ചു.അദ്ദേഹം ചിലപ്പോള്‍ സ്റ്റേഷന്‍ മാസ്റ്റര്‍-ഓഫീസില്‍ ചെന്നു പ്രതിഷേധം രേഖപ്പെടുത്തുമായിരിക്കും........എവിടെ!. അയാള്‍ പെട്ടിയുമെടുത്തു സ്റ്റേഷനു പുറത്തേയ്ക്കു പായുന്നതാണു കണ്ടത്‌.ഓട്ടോയോ ബസ്സോ പിടിച്ച്‌ പെട്ടെന്നു തന്നെ ലക്ഷ്യ സ്ഥാനത്തെത്താനുള്ള ധൃതിയായിരിക്കും.അതിനിടയില്‍ എന്തു പ്രതികരണം?.മറ്റാരെങ്കിലും പ്രതികരിച്ചെങ്കില്‍ കൊള്ളാം,അതിനുള്ള നിര്‍ദ്ദേശം കൊടുത്തിട്ടാണല്ലൊ അദ്ദേഹം പോകുന്നത്‌!.മിമിക്രിക്കാര്‍,അന്തരിച്ച ചലച്ചിത്ര നടന്‍ ജയനെ അനുകരിക്കുന്ന ശൈലിയില്‍ പറഞ്ഞാല്‍-

"ഒരു കുട്ടിക്കുരങ്ങനെ കിട്ടിയിരുന്നെങ്കില്‍...... ചുടു ചോറു വാരിക്കാമായിരുന്നൂ......". അതാണു നമുക്കു നല്ലത്‌,അല്ലേ ചേട്ടാ?

Friday, November 9, 2007

ഒരു പഴയ സഹപാഠിയെ കണ്ടുമുട്ടിയപ്പോള്‍

പത്തനംതിട്ട ഓഫീസില്‍ ജോലി നോക്കുന്ന കാലം.2003ല്‍ ആയിരിക്കണം. ഓഫീസിലേക്കു പോകാന്‍ രാവിലെ തിരുവല്ല ട്രാന്‍സ്പോര്‍ട്ട്‌ ബസ്‌ സ്റ്റാന്റില്‍ നിന്നാണു ബസ്‌ കയറുന്നത്‌.തിരുവല്ലയിലുള്ള മുത്തൂര്‍ എന്ന സ്ഥലത്താണു ഞാന്‍ താമസിക്കുന്നത്‌.അവിടെ നിന്നും ഏതാണ്ട്‌ രണ്ടു കിലോ മീറ്ററോളമുണ്ട്‌ ബസ്‌ സ്റ്റാന്റിലേക്ക്‌.രാവിലെ വീട്ടില്‍ നിന്നും സ്കൂട്ടറില്‍ ടൗണിലെത്തും.സ്കൂട്ടര്‍ ഒരു പെട്രോള്‍ പമ്പില്‍ വച്ചിട്ട്‌ ബസ്‌ സ്റ്റാന്റിലേക്കു പോകും.ഇതായിരുന്നു പതിവ്‌.

ഒരു ദിവസം വൈകിട്ട്‌ ഓഫീസില്‍ നിന്നു തിരിച്ചു വന്ന് ടൗണില്‍ ബസ്സിറങ്ങി.എന്നിട്ട്‌ വീട്ടിലേക്കു പോകാനായി സ്കൂട്ടെറെടുക്കുവാന്‍ പെട്രോള്‍ പമ്പിലേക്കു നടക്കുകയായിരുന്നു.ഞാനൊരു നല്ല പരിസര നിരീക്ഷകനല്ല.മിക്കപ്പോഴും എതിരെ വരുന്ന ആളുകളെ അത്ര ശ്രദ്ധിക്കാറില്ല.ഇത്‌ അത്ര നല്ല സ്വഭാവമാണെന്നല്ല.പലപ്പോഴും പരിചയക്കാര്‍,അവരെ കണ്ടിട്ടും മൈന്റ്‌ ചെയ്യാത്തതാണെന്നു കരുതാറുണ്ട്‌.അപ്പോള്‍, അന്നു ഞാന്‍ അങ്ങനെ ടൗണില്‍ക്കൂടി നടന്നു വരുമ്പോള്‍ (പതിവു പോലെ പരിസരം ശ്രദ്ധിക്കാതെയുള്ള വരവാണു്‌.)എതിരെ വന്ന ഒരാള്‍, എന്നെ കടന്നു കഴിഞ്ഞ്‌ പിന്നില്‍ നിന്നു വിളിച്ചു. ഞാന്‍ തിരിഞ്ഞു നോക്കി.എവിടെയോ കണ്ടിട്ടുള്ള ഒരു രൂപം.

"പ്രദീപല്ലേ?" അയാള്‍ ചോദിച്ചു.
"അതെ"
'എന്നെ മനസ്സിലായോ?"

സൂക്ഷിച്ചു നോക്കിയപ്പോള്‍ എനിക്ക്‌ ആളിനെ പിടികിട്ടി.പണ്ട്‌ പ്രീ ഡിഗ്രിക്ക്‌ മര്‍ത്തോമ്മാ കോളജില്‍ ഒരുമിച്ചു പഠിച്ച കൃഷ്ണചന്ദ്രന്‍(യഥാര്‍ത്ഥ പേരല്ല).പ്രീ ഡിഗ്രിക്കു ശേഷം ഞങ്ങള്‍ രണ്ടു വഴിക്കു പിരിഞ്ഞു ഞാന്‍ കേരളത്തിന്റെ തെക്കും അയാള്‍ വടക്കുമുള്ള എഞ്ചിനിയറിംഗ്‌ കോളജുകളിലായി പഠിത്തം.അന്നു പിരിഞ്ഞതില്‍ പിന്നെ ഇപ്പോഴാണു തമ്മില്‍ കാണുന്നത്‌.

പിന്നീടു കുശല പ്രശ്നങ്ങളായി.കൃഷ്ണചന്ദ്രന്‍ മെക്കാനിക്കല്‍ എഞ്ചിനിയിറിങ്ങില്‍ ഡിഗ്രിയെടുത്ത ശേഷം കേരളത്തിലും ബോംബെയിലും പിന്നീട്‌ ഗള്‍ഫിലും ജോലി ചെയ്തു.ഇപ്പോള്‍ ഗള്‍ഫില്‍ നിന്നു തിരിച്ചെത്തി നാട്ടില്‍ നില്‍ക്കുകയാണു്‌.തിരുവല്ലയ്ക്കടുത്തു തന്നെയാണു്‌ അയാളുടെ നാട്‌.അല്‍പ്പ നേരം സംസാരിച്ച ശേഷം പിരിയും മുമ്പ്‌ എന്റെ ഫോണ്‍ നമ്പരും ചോദിച്ചു കുറിച്ചെടുക്കാന്‍ കൃഷ്ണചന്ദ്രന്‍ മറന്നില്ല.

രണ്ടാഴ്ച കഴിഞ്ഞിട്ടുണ്ടാകും.കൃഷ്ണചന്ദ്രനെ കണ്ട കാര്യമൊക്കെ ഞാന്‍ മറന്നിരിക്കുകയായിരുന്നു.പക്ഷെ, അയാള്‍ മറന്നിട്ടുണ്ടായിരുന്നില്ല.ഒരു ശനിയാഴ്ച വൈകുന്നേരം അയാള്‍ എന്നെ ഫോണില്‍ വിളിച്ചു. പിറ്റേദിവസം എന്നോടെന്തിനെയോ പറ്റി സംസാരിക്കാന്‍ അയാള്‍ വീട്ടിലെത്തും പോലും.അയാള്‍ക്ക്‌ ഫോണില്‍ക്കൂടിയല്ലാതെ നേരിട്ട്‌ എന്താണു സംസാരിക്കാനുള്ളതെന്നു ഞാന്‍ അത്ഭുതപ്പെട്ടു.ഞാനുമായി യാതൊരു കൊണ്ടാക്റ്റുമില്ലാത്ത ഒരാള്‍ക്ക്‌ വീട്ടില്‍ വന്നു ഗൗരവമായി ചര്‍ച്ച ചെയ്യാന്‍ എന്തു വിഷയമാണുള്ളത്‌?

'എന്താണു കാര്യം' എന്നു ഞാന്‍ ചോദിച്ചെങ്കിലും അയാള്‍ അതു പറയാന്‍ കൂട്ടാക്കിയില്ല.നാളെ കാണാം എന്നു മാത്രം പറഞ്ഞു.അപ്പോള്‍ സംഗതി സസ്പെന്‍സ്‌ സിനിമ പോലെയാണു്‌!.നാളെ വരെ കാത്തിരുന്നേ പറ്റൂ.കാത്തിരിക്കാം.

പിറ്റേ ദിവസം, ഞായറാഴ്ച്ച പുലര്‍ന്നു.പക്ഷെ സസ്പെന്‍സിന്റെ ചുരുളഴിയെണമെങ്കില്‍ ഉച്ച കഴിയണം.ഉച്ച തിരിഞ്ഞ്‌ മൂന്നു മണിയാവുമ്പോള്‍ വരുമെന്നാണു കൃഷ്ണചന്ദ്രന്‍ പറഞ്ഞിട്ടുള്ളത്‌.മൂന്നു മണിക്കു തന്നെ ഡോര്‍ ബെല്‍ ശബ്ദിച്ചു.എന്റെ ഊഹം തെറ്റിയില്ല,കൃഷ്ണചന്ദ്രന്‍ തന്നെ.എന്തൊരു സമയ നിഷ്ഠ!.ഏതായാലും സസ്പെന്‍സ്‌ തീരാന്‍ പോവുകയാണല്ലൊ,ആശ്വാസം.ഞങ്ങള്‍ രണ്ടു പേരും ഇരുന്നു.ഒരു തുടക്കമെന്നോണം കുശല പ്രശ്നങ്ങള്‍.താമസിയാതെ അയാള്‍ കാര്യത്തിലേക്കു കടന്നു.

"ഒരു ബിസിനെസ്സിനെക്കുറിച്ചു സംസാരിക്കാനാണു ഞാന്‍ വന്നത്‌.ഇപ്പോള്‍ ശമ്പളം മാത്രമല്ലേ ഉള്ളൂ നിങ്ങളുടെ വരുമാനം?.നല്ല വരുമാനമുണ്ടാക്കാവുന്ന ഒരു പദ്ധതിയാണു ഞാന്‍ പറയാന്‍ പോകുന്നത്‌.നിങ്ങളെക്കൊണ്ടൊക്കെ തീര്‍ച്ചയായും അതു സാധിക്കും.........വൈഫ്‌ ഇവിടെയില്ലേ?.അവരേയും കൂടെ വിളിക്ക്‌.രണ്ടു പേരും കേട്ടു മനസ്സിലാക്കേണ്ട കാര്യമാണു്‌.രണ്ടു പേരും ഒരുമിച്ച്‌ ഇതില്‍ ഇറങ്ങുന്നതാണു നല്ലത്‌.മാത്രമല്ല പെണ്ണുങ്ങള്‍ കാര്യങ്ങള്‍ പെട്ടെന്നു മനസിലാക്കുകയും ചെയ്യും".

ഇത്രയും കേട്ടപ്പോള്‍ തന്നെ എനിക്കു കാര്യം മനസ്സിലായി.ആശാന്‍ എന്തോ നെറ്റ്‌ വര്‍ക്‌ മാര്‍ക്കറ്റിംഗ്‌ പരിപാടിയുടെ ആളായിരിക്കണം.എന്നെ ചാക്കിട്ട്‌ അതില്‍ പെടുത്തി വഴിയാധാരമാക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കയാണു്‌.ഞാന്‍ എന്റെ വൈഫിനെ വിളിക്കാന്‍ വേണ്ടി വെയിറ്റു ചെയ്യുകയാണു്‌ അയാള്‍.ഏതായാലും കത്തി വയ്ക്കാന്‍ അയാളുടെ മുന്‍പില്‍ കഴുത്തു കാണിച്ചു കഴിഞ്ഞു.ഇനി രക്ഷയില്ല.ഭാര്യയെ വിളിക്കുക തന്നെ.അങ്ങനെ ഭാര്യയും വന്ന് ഉപവിഷ്ഠയായി.കൃഷ്ണചന്ദ്രന്‍ തുടര്‍ന്നു.

"ഒരു ഷീറ്റ്‌ വെള്ള പേപ്പര്‍ വേണം"

പേപ്പര്‍ ഉടന്‍ തന്നെ എടുത്തു കൊടുത്തു.അയാള്‍ പേപ്പര്‍ റ്റീപ്പോയിയുടെ മേല്‍ വച്ച്‌ പോക്കറ്റില്‍ നിന്നു പേനയെടുത്ത്‌ എന്തോ വരയ്ക്കാന്‍ ആരംഭിച്ചു.ഒരു വട്ടം.അതില്‍ നിന്നു താഴേയ്ക്കു നാലു വര.പിന്നെ ആ വരകളുടെ മറു തലയ്ക്കല്‍ ഓരോ വട്ടം.ആ വട്ടങ്ങളിലോരോന്നിന്റെയും താഴെ നിന്നു വീണ്ടും ഓരോ വര താഴേയ്ക്ക്‌.അവിടെ വീണ്ടും വട്ടങ്ങള്‍.

"ഇവിടെ നോക്ക്‌'“.

അയാള്‍ പേപ്പറിലേയ്ക്കു ചൂണ്ടിക്കാണിച്ചു.പെട്ടു പോയില്ലേ,അനുസരിക്കുക തന്നെ.ഞങ്ങള്‍ രണ്ടു പേരും ട്യൂഷന്‍ മാസ്റ്ററുടെ മുന്‍പിലിരിക്കുന്ന കുട്ടികളെപ്പോലെ ദയനീയ ഭാവത്തില്‍ പേപ്പറിലേയ്ക്കു നോക്കി അയാളുടെ പഠന ക്ലാസ്സ്‌ ശ്രദ്ധിക്കാന്‍ ശ്രമിച്ചു.

"ദേ, ഏറ്റവും മോളില്‍ വരച്ചിരിക്കുന്ന വട്ടം പ്രദീപാണെന്നു വിചാരിക്കുക"

ഞാന്‍ എന്തു വിചാരിക്കാനും റെഡിയായി ഇരിക്കുകയാണു്‌.ഈ അഗ്നി പരീക്ഷ എപ്പോള്‍ അവസാനിക്കും എന്നറിയാന്‍ കഴിഞ്ഞെങ്കില്‍!

"അതായത്‌ പ്രദീപ്‌ നാലായിരം രൂപ മുടക്കി കമ്പനിയില്‍ പങ്കാളിയാകുന്നു,ഓക്കേ.അതിനു ശേഷം പ്രദീപ്‌ നാലു പേരെക്കൂടി ചേര്‍ക്കുന്നു.അതാണീ താഴെ കാണുന്ന നാലു വട്ടങ്ങള്‍. നാലു പേരും നാലായിരം രൂപ വീതം മുടക്കിയാണല്ലോ ചേരുന്നത്‌.അവര്‍ ഓരോരുത്തരും മുടക്കുന്ന തുകയില്‍ നിന്ന് ആയിരം രൂപ വീതം പ്രദീപിന്റെ അക്കൗണ്ടിലേക്കു കമ്പനി മാറ്റിത്തരും.അതായത്‌ നാലു പേരെ ചേര്‍ക്കുമ്പോള്‍ത്തന്നെ മുടക്കിയ തുക തിരികെ കിട്ടുന്നു.അപ്പോള്‍ നമുക്കു യാതൊരു നഷ്ടവും ഇല്ലാത്ത സ്ഥിതിയിലായി.കൊള്ളാമല്ലേ?.ഇനിയാണടുത്ത സര്‍പ്രൈസ്‌.പ്രദീപ്‌ ചേര്‍ത്ത നാലു പേരും മറ്റു നാലു പേരെ ചേര്‍ക്കുന്നു.അതാണു ദേ ഈ താഴോട്ടു വരച്ചിരിക്കുന്ന വരകള്‍.അങ്ങനെ ചേര്‍ക്കുന്ന ഓരോരുത്തരില്‍ നിന്നും ഇരുനൂറ്റമ്പതു രൂപാ വീതം പ്രദീപിന്റെ അക്കൗണ്ടില്‍ വരുന്നു.പിന്നെ തഴോട്ടു താഴോട്ടു ആളു ചേരുന്നതിനനുസരിച്ച്‌ വരുമാനം കൂടിക്കൊണ്ടിരിക്കും.പൈസയുടെ വരവ്‌ നമുക്ക്‌ ഇമാജിന്‍ ചെയ്യാന്‍ പോലും പറ്റാത്തത്ര വന്‍ തോതിലായിരിക്കും.എന്താ മനസ്സിലായില്ലേ?.അതാണു്‌ ഈ സിസ്റ്റത്തിന്റെ മാജിക്ക്‌".അയാള്‍ വിജയ ഭാവത്തോടെ എന്നെ നോക്കി.

ഞാന്‍ വലിയ താല്‍പ്പര്യമില്ലാത്തതു പോലെ ഇരുന്നു.
"പിന്നെ വേറൊരു കാര്യം കൂടി പ്രദീപ്‌ ചെയ്യണം.ഒരു ദിവസം കുറെ ആള്‍ക്കാരെ ഇവിടെ വിളിച്ചു കൂട്ടണം.പ്രദീപിന്റെ റിലേറ്റീവ്സും ഫ്രണ്ട്സുമായിട്ടുള്ളവര്‍ മതി.ഒരു അമ്പതു പേരെങ്കിലും ഉള്ളതാണു നല്ലത്‌.ആദ്യം ഒരു ഡേറ്റ്‌ ഫിക്സ്‌ ചെയ്യണം.എന്നിട്ട്‌ ഓരോരുത്തരെയായിട്ട്‌ ഫോണ്‍ ചെയ്തു പറയണം.കൂടുതലൊന്നും പറയരുത്‌.ഇന്ന ദിവസം ഒരു നാലു മണിക്ക്‌ വീട്ടിലേയ്ക്കൊന്നു വരണം,ഒരു കാര്യമുണ്ട്‌ എന്നു മാത്രം പറഞ്ഞാല്‍ മതി.അപ്പോള്‍ അവര്‍ ചോദിച്ചേക്കാം കാര്യമെന്താണെന്ന്.അതൊരു സര്‍പ്രൈസ്‌ ആണു്‌,ഇവിടെ വരുമ്പോള്‍ പറയാം എന്നേ പറയാവൂ.എന്നിട്ട്‌ ഉടന്‍ തന്നെ ഫോണ്‍ വച്ചേക്കണം.സര്‍പ്രൈസ്‌ എന്താണെന്നറിയാന്‍ തീര്‍ച്ചയായും എല്ലാവരും വരും.അവരോട്‌ നമ്മുടെ ബിസിനസ്‌ കാര്യം സംസാരിക്കാനാണു വിളിക്കുന്നത്‌.വരുന്നവര്‍ക്ക്‌ ചായ കൊടുക്കണമെന്നത്‌ പ്രത്യേകിച്ചു പറയേണ്ട കാര്യമില്ലല്ലോ.അവരോടു കാര്യങ്ങള്‍ സംസാരിക്കുന്നതു ഞാനായിരിക്കും.എന്നെപ്പോലെ ട്രെയിന്‍ഡായിട്ടുള്ള ആള്‍ക്കേ കാര്യം ഇമ്പ്രസീവായി അവതരിപ്പിക്കാന്‍ കഴിയൂ“.(അവസാനം ഈ കടും കൈ ചെയ്തതിനു്‌ അവരുടെ ചീത്തവിളി ഞാന്‍ കേട്ടോണം,അല്ലേ കൃഷ്ണചന്ദ്രാ ,മരമാക്രീ?)

വിജയഭാവത്തില്‍ കൃഷ്ണചന്ദ്രന്‍ എന്നെനോക്കി ചിരിച്ചു.

"നമ്മുടെ ബിസിനസ്സില്‍ ചേര്‍ന്നു കഴിഞ്ഞ്‌ വേറെ ആള്‍ക്കാരെ ചേര്‍ക്കുന്നതു കൂടാതെ ലാഭമുണ്ടാക്കുന്നതിനുള്ള വേറൊരു പണിയും കൂടിയുണ്ട്‌.കമ്പനിയുടെ പ്രോഡക്റ്റുകള്‍ വില്‍ക്കുക.എല്ലാം എഫ്‌.എം.സി.ജി. പ്രോഡക്ട്‌ ആണു്‌.പേസ്റ്റ്‌,സോപ്പ്‌,ഷാമ്പൂ,പ്രോട്ടീന്‍ പൗഡര്‍ എല്ലാം ഉണ്ട്‌.എല്ലാം പോപ്പുലര്‍ പ്രോഡക്റ്റുകളാണു്‌".("പക്ഷെ,വില കേട്ടാല്‍ മനുഷ്യന്‍ ബോധം കെട്ടു വീഴും.ഞാനിതു കുറെ കണ്ടതാണു സുഹൃത്തേ".ഞാന്‍ മനസ്സില്‍ പറഞ്ഞു.)

"പ്രദീപ്‌ ഇപ്പോള്‍ത്തന്നെ ചേരുകയല്ലേ?"

"വേണ്ട കൃഷ്ണചന്ദ്രാ.എനിക്കിതില്‍ ഒരു താല്‍പര്യവും ഇല്ല".ഞാന്‍ വെട്ടിത്തുറന്നു പറഞ്ഞു.

അങ്ങനെ ഉറപ്പിച്ചു പറഞ്ഞില്ലെങ്കില്‍ ഇങ്ങനെയുള്ളവര്‍ വീണ്ടും ശല്യപ്പെടുത്തിക്കൊണ്ടിരിക്കും എന്നെനിക്കറിയാം.അയാളുടെ മുഖത്ത്‌ ചെറിയ ഒരു നിരാശ പടര്‍ന്നോ എന്നൊരു സംശയം.പക്ഷെ അയാള്‍ വിടാന്‍ ഭാവമില്ല.

"അങ്ങനെ പെട്ടെന്നു പറയാതെ.പതുക്കെ നിങ്ങള്‍ രണ്ടു പേരും കൂടി ആലോചിച്ചു തീരുമാനിച്ചാല്‍ മതി.". അയാള്‍ എന്റെ ഭാര്യയുടെ നേരേ നോക്കി പറഞ്ഞു.

പെണ്ണുങ്ങള്‍ ഇങ്ങനെയുള്ള പ്രലോഭനങ്ങളില്‍ പെട്ടെന്നു വീഴുമെന്നും.അവര്‍ സ്വന്തം ഭര്‍ത്താക്കന്മാരെക്കൂടി നിര്‍ബ്ബ്ന്ധിച്ച്‌ ഇതിലേക്കു കൊണ്ടുവരും എന്നുമുള്ള മനശാസ്ത്രപരമായ സമീപനം പയറ്റി നോക്കാനാണു്‌ ഇവന്മാര്‍ ഭര്‍ത്താവും ഭാര്യയും ഒരുമിച്ചിരുന്ന് ഇവരുടെ സ്റ്റഡി ക്ലാസ്സ്‌ കേള്‍ക്കണമെന്നു നിര്‍ബ്ബന്ധിക്കുന്നത്‌.

"കമ്പനിയുടെ ചില പ്രൊഡക്ടുകള്‍ കാണിക്കാം.പ്രദീപിനു്‌ ആവശ്യമുള്ളത്‌ വാങ്ങി ഉപയോഗിച്ചു നോക്കൂ.ഒരിക്കല്‍ ഉപയോഗിച്ചാല്‍ പിന്നെ അതു മാത്രമേ ഉപയോഗിക്കാന്‍ തോന്നൂ".

എങ്ങനെയെങ്കിലും എന്റെ കൈയ്യില്‍ നിന്നു കുറച്ചു പൈസ വാങ്ങിച്ചു കൊണ്ടേ അയാള്‍ പോകൂ.അയാള്‍ കാണിച്ച സാധനങ്ങളില്‍ ഏറ്റവും വില കുറഞ്ഞ സാധനം ടൂത്ത്‌ ബ്രഷാണു്‌.ആവശ്യമില്ലെങ്കിലും ഞാന്‍ രണ്ടെണ്ണം വാങ്ങി തലയൂരി.കൂടുതല്‍ സമയം ഇരിക്കുന്നതു കൊണ്ടു പ്രയോജനം ഇല്ലെന്നു കണ്ട്‌ അയാള്‍ പോകാന്‍ എഴുന്നേറ്റു.

"ചേരുന്ന കാര്യം രണ്ടു പേരും കൂടി ആലോചിച്ചു തീരുമാനിക്കൂ.ഞാന്‍ കോണ്ടാക്റ്റ്‌ ചെയ്യാം."
അയാള്‍ പോകാനായി ഇറങ്ങി.

"എന്തെങ്ങിലും സംശയമുണ്ടെങ്കില്‍ എന്റെ വീട്ടിലെ ഫോണ്‍ നമ്പര്‍ ഞാന്‍ തന്നിട്ടില്ലേ,അതില്‍ വിളിച്ചാല്‍ മതി.പകല്‍ മിക്കപ്പോഴും ഞാന്‍ ടൂറിലായിരിക്കും.അതു കൊണ്ട്‌ വൈഫായിരിക്കും ഫോണ്‍ എടുക്കുന്നത്‌.കാര്യങ്ങള്‍ അവളുമായി സംസാരിച്ചോളൂ".അയാള്‍ പ്രലോഭിപ്പിക്കുന്ന പോലെ എന്നെ നോക്കി പറഞ്ഞു.

ഇവമ്മാരുടെ ഓരോ അടവുകള്‍!ഒന്നാം തരം കുറുക്കന്മാര്‍ തന്നെ.ഒരു മനുഷ്യനെ വലയിലാക്കാന്‍ എന്തെല്ലാം നമ്പരുകള്‍ പയറ്റുന്നു!അവസാനം അയാള്‍ യാത്ര പറഞ്ഞിറങ്ങി.രണ്ടു മണിക്കൂര്‍ കൊണ്ട്‌ ഞങ്ങളെ രണ്ടു പേരേയും കൊന്നു കൊല വിളിച്ചിട്ടാണു ദ്രോഹി പടിയിറങ്ങിയത്‌.

പിറ്റേദിവസം സന്ധ്യ.ഞാന്‍ ഓഫീസില്‍ നിന്നു തിരിച്ചെത്തിയിട്ട്‌ അധിക സമയമായിട്ടില്ല.ഡോര്‍ ബെല്‍ ശബ്ദിക്കുന്നതു കേട്ട്‌ വാതില്‍ തുറന്നപ്പോള്‍ അതാ കൃഷ്ണചന്ദ്രന്‍!.യാതൊരു മുന്നറിയിപ്പും തരാതെയുള്ള വരവാണു്‌.

"കോട്ടയത്തു പോയിവരുന്ന വഴിയാണു്‌.ഇവിടെ ഒന്നു കേറിയേക്കാമെന്നു വിചാരിച്ചു.ഇന്നലത്തേതിന്റെ ഒരു ഫോളോ അപ്പും കൂടി ആകുമല്ലോ".
കൃഷ്ണചന്ദ്രന്‍ ഡ്രോയിംഗ്‌ റൂമില്‍ കടന്നിരിക്കുന്നതിനിടയില്‍ പറഞ്ഞു.

"അപ്പോള്‍ എന്തു തീരുമാനിച്ചു ?"

"തീരുമാനം ഞാന്‍ ഇന്നലെ പറഞ്ഞല്ലോ".ഉള്ളിലെ നീരസം പൂര്‍ണ്ണമായും മറയ്ക്കാനാകാതെ ഞാന്‍ പറഞ്ഞു.

"ഏതായാലും പ്രദീപ്‌ ഒരു കാര്യം കൂടെ ചെയ്യണം. നാളെ വൈകിട്ട്‌ ഒരു ആറര മണിയാകുമ്പോള്‍ '--' ഹോട്ടലില്‍ വരണം.അവിടെ നമ്മുടെ ബിസിനസ്സിനെക്കുറിച്ചുള്ള ഒരു സെമിനാര്‍ ഉണ്ട്‌.ഓഫീസ്സില്‍ നിന്നു തിരിച്ചെത്തുമ്പോള്‍ ടൗണില്‍ ബസ്സിറങ്ങി നേരേ അങ്ങോട്ടു വന്നാല്‍ മതി. ഞാന്‍ വെളിയില്‍ കാത്തു നില്‍ക്കാം".

എങ്ങനെയെങ്കിലും അയാളെ പറഞ്ഞു വിടാനുള്ള വ്യഗ്രതയില്‍ ഞാന്‍ ചെല്ലാമെന്നു സമ്മതിച്ചു.അയാള്‍ പറഞ്ഞ ഹോട്ടല്‍ സ്ഥലത്തെ മുന്തിയ ഹോട്ടലാണു്‌.ഞാന്‍ ഓഫീസ്സില്‍ നിന്നു വരുമ്പോള്‍ ബസ്സിറങ്ങി സ്കൂട്ടറുമെടുത്തു കൊണ്ട്‌ ആ ഹോട്ടലിനു മുന്‍പില്‍ക്കൂടിയാണു വരിക പതിവ്‌.സെമിനാറിന്റെ ദിവസം സ്കൂട്ടറുമായി അതിനു മുന്‍പില്‍ക്കൂടി വന്നാല്‍ അവിടെ വെയിറ്റു ചെയ്യാമെന്നു പറഞ്ഞ കൃഷ്ണചന്ദ്രന്‍ എന്നെ കാണാനും വിളിക്കാനും സദ്ധ്യതയുണ്ട്‌.അതു കാരണം അന്നു ഞാന്‍ രാവിലെ സ്കൂട്ടറെടുക്കാതെയാണു്‌ ഓഫീസ്സിലേക്കു പോകാന്‍ ഇറങ്ങിയത്‌.വൈകിട്ട്‌ ഓഫീസ്സില്‍ നിന്നു മടങ്ങിയെത്തി ടൗണില്‍ ബസ്സിറങ്ങി. അതിനു ശേഷം ഒരു ഓട്ടോയില്‍ കയറി വീട്ടിലേക്കു പുറപ്പെട്ടു.

ഓട്ടോയില്‍ ആ ഹോട്ടലിനു മുന്‍പില്‍ക്കൂടിപ്പോയാല്‍ കൃഷ്ണചന്ദ്രന്‍ കാണാതെ രക്ഷപ്പെടാമല്ലോ!.എങ്ങനെയുണ്ട്‌ എന്റെ തന്ത്രം?.ഹോട്ടലിനു മുന്‍പില്‍ എത്തിയപ്പോള്‍ ഞാന്‍ മറുഭാഗത്തേക്ക്‌ തല തിരിച്ച്‌ ഇരുന്നു.എന്റെയൊരു ഗതികേടേ!.സാധാരണ കടം വാങ്ങിയ പണം തിരികെ കൊടുക്കാനുള്ളവരെ വെട്ടിക്കാന്‍ മനുഷ്യന്‍ പയറ്റുന്ന അടവുകളാണു്‌ എനിക്ക്‌ ഓര്‍മ്മ വന്നത്‌.എന്തായാലും കൃഷ്ണചന്ദ്രന്റെ ആക്രമണമുണ്ടാകാതെ സുരക്ഷിതമായി വീട്ടിലെത്തി.

ഒരഞ്ചു മിനിറ്റു കഴിഞ്ഞിട്ടുണ്ടാവും, ഫോണ്‍ ബെല്ലടിച്ചു.ആളാരായിരിക്കും എന്നുറപ്പുണ്ടായതു കാരണം ഞാന്‍ ഫോണെടുത്തില്ല.ഞാന്‍ വന്നിട്ടില്ലെന്നു പറയാന്‍ അച്ഛനെ ഏല്‍പ്പിച്ചു.പതിനഞ്ചു മിനിറ്റു കഴിഞ്ഞു.വീണ്ടും ഫോണ്‍ കോള്‍.ഇത്തവണ ഞാന്‍ തന്നെ എടുത്തു.

"പ്രദീപേ, ഞാന്‍ ഇവിടെ കാത്തു നില്‍ക്കുകയാണു്‌.ഇങ്ങോട്ടു വരികയല്ലേ?"

"കൃഷ്ണചന്ദ്രാ, ഞാന്‍ വരുന്നില്ല.എനിക്കു താല്‍പര്യമില്ലെന്നു ഞാന്‍ പറഞ്ഞു കഴിഞ്ഞല്ലോ.എന്നെ വെറുതെ വിട്ടേക്ക്‌"

"അല്ല, ജസ്റ്റ്‌ ഇവിടം വരെ ഒന്നു വന്നിട്ടു പൊയ്ക്കോളൂ.അധിക സമയം വേണ്ട.കാര്യങ്ങള്‍ ഒന്നു മനസ്സിലാക്കാമല്ലോ"

"ഞാന്‍ വരുന്ന പ്രശ്നമില്ല.സോറി.ഗുഡ്‌ ബൈ".ഞാന്‍ ഫോണ്‍ കട്ടു ചെയ്തു.

പിന്നീടൊരിക്കലും അയാള്‍ എനിക്കു ഫോണ്‍ ചെയ്യുകയോ എന്നെ കാണാന്‍ വരികയോ ഉണ്ടായിട്ടില്ല.യാദൃച്ഛികമായിട്ടു പോലും അയാളെ വഴിയില്‍ വച്ചെങ്ങും വീണ്ടും കണ്ടു മുട്ടാനും ഇടയായിട്ടില്ല.ചിലപ്പോള്‍ ഞാന്‍ ആലോചിച്ചിട്ടുണ്ട്‌,അയാള്‍ക്ക്‌ എന്താണു പറ്റിയത്‌?.ഒരു എഞ്ചിനിയറിംഗ്‌ ഗ്രാജുവേറ്റ്‌.ഇവിടെയും വിദേശത്തുമെല്ലാം ജോലി ചെയ്തു പരിചയം.വീണ്ടും എവിടെയെങ്കിലും നല്ല ജോലി കിട്ടാന്‍ സാധ്യതയുണ്ട്‌.അതിനൊന്നും പോകാതെ മനുഷ്യനെ ഉപദ്രവിക്കുന്ന ഈ പണി എന്തിനു തെരെഞ്ഞെടുത്തു?.

Friday, November 2, 2007

വനിലയും സഫേദ് മുസലിയും പിന്നെ ഞാനും

2002ല്‍ ആണെന്നു തോന്നുന്നു. വനില കൃഷിയെക്കുറിച്ചു കേരളത്തില്‍, പ്രത്യേകിച്ചു മദ്ധ്യകേരളത്തില്‍ വന്‍ തോതിലുള്ള ഒരു പ്രചാരണം നടന്നു. ഞാന്‍ അന്നു കോട്ടയത്താണു ജോലിനോക്കുന്നത്‌.

വനില കൃഷിയില്‍ നിന്നു ലക്ഷക്കണക്കിനു രൂപയുണ്ടാക്കിയ പല കൃഷിക്കാരെയും കുറിച്ചുള്ള കോരിത്തരിപ്പിക്കുന്ന വാര്‍ത്തകള്‍ കാതില്‍ വന്നലച്ചു. കൃഷി ചെയ്യാനോ വളരെ എളുപ്പം. പിന്നെയെന്തിനു മടിക്കുന്നു, എടുത്തു ചാടുക തന്നെ. കൂടാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൃഷി ചെയ്യാന്‍ പാടില്ല എന്ന നിയമം അന്നു നിലവില്‍ വന്നിട്ടില്ലായിരുന്നു(ഇനി എന്നാണാവോ ആ നിയമം നടപ്പാക്കാന്‍ പോകുന്നത്‌?).

വനിലയില്‍ താല്‍പ്പര്യം തോന്നിയ ജോണി എന്ന സുഹൃത്തും അന്നു കോട്ടയം ഓഫീസ്സില്‍ ഉണ്ടായിരുന്നു. കോട്ടയത്ത്‌ ഒരു പത്രത്തിന്റെ ആഭിമുഖ്യത്തില്‍ വനില കൃഷിയെക്കുറിച്ച്‌ ഒരു സെമിനാര്‍ നടത്തുന്നുണ്ടെന്നറിഞ്ഞ്‌ ജോണിയും ഞാനും അതില്‍ പങ്കെടുക്കാനായി പേരു രജിസ്റ്റര്‍ ചെയ്തു. സെമിനാറിന്റെ ദിവസം വന്നണഞ്ഞു. ഞങ്ങള്‍ രണ്ടു പേരും സെമിനാര്‍ നടക്കുന്ന ഹാളിലെത്തി. പങ്കെടുക്കാന്‍ ധാരാളം ജനം. അദ്ധ്വാനം കുറവുള്ള വനില കൃഷി ചെയ്തു പണം സമ്പാദിക്കാന്‍ എല്ലാവരും റെഡി.

പ്രസംഗകരും ക്ലാസ്സെടുക്കാന്‍ വന്നവരും വനിലയുടെ സ്തുതി ഗീതങ്ങള്‍ പാടി.വനിലയെപ്പോലെ പണം സമ്പാദിക്കാവുന്നതും എളുപ്പമുള്ളതുമായ കൃഷി വേറെയില്ലെന്നു സ്ഥാപിച്ചു. "ഇതിന്റെ വില കുറയുമോ?". "ഒരു കാലത്തുമില്ല". ചോദ്യവും ഉത്തരവും അവര്‍ തന്നെ പറഞ്ഞു. ലോകത്തില്‍ കാക്കത്തൊള്ളായിരം ടണ്‍ വനില വര്‍ഷം തോറും ആവശ്യമുണ്ടെന്നും അതിന്റെ പത്തിലൊന്നുപോലും ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നില്ലെന്നും അതിനാല്‍ ഒരു നൂറ്റാണ്ടു കാലത്തേക്ക്‌ വില കുറയുന്ന പ്രശ്നമില്ലെന്നും മറിച്ച്‌ കൂടുകയേ ഉള്ളു എന്നും അവര്‍ ആണയിട്ടു പറഞ്ഞു. പ്രദര്‍ശനത്തിനായി കൊണ്ടുവന്ന വനില വള്ളി കണ്ടു ഞാന്‍ നിര്‍വൃതിയടഞ്ഞു. ആദ്യമായിട്ടു കാണുകയല്ലേ ആ പണം കായ്ക്കുന്ന വള്ളി!.

പ്രസംഗങ്ങള്‍ ശ്രദ്ധയോടെ കേട്ടു നോട്ടുകള്‍ കുറിച്ചെടുത്തു. വേദിയില്‍ ഇരുന്ന, ലക്ഷപ്രഭുവായ വനില കര്‍ഷകനെ ആരാധനയോടെ നോക്കി. വനില കൃഷിയിലൂടെ ലക്ഷപ്രഭുക്കളായി മാറാനുള്ള ഉറച്ച തീരുമാനത്തോടെയാണു ഞങ്ങള്‍ അന്നു പിരിഞ്ഞത്‌.

നാടിന്റെ നാനാ ഭാഗത്തു നിന്നും ആവേശകരമായ ചില വാര്‍ത്തകളാണു തുടര്‍ന്നുള്ള ദിവസങ്ങളില്‍ കേട്ടത്‌. എവിടെയൊക്കെയൊ ആവേശം മൂത്ത ചില ചേട്ടന്മാര്‍ പ്രതികാര ബുദ്ധിയോടെയെന്നവണ്ണം റബ്ബര്‍ മരങ്ങള്‍ വെട്ടിയെറിഞ്ഞു വനില കൃഷി ചെയ്യാന്‍ തുടങ്ങി എന്നും മറ്റുമുള്ള സംഭ്രമ ജനകമായ വാര്‍ത്തകളും വന്നു കൊണ്ടിരുന്നു.

ആ സമയത്ത്‌ റബ്ബറിന്റെ വില താഴ്‌ന്നു താഴ്‌ന്നു നിലം പറ്റിക്കിടക്കുകയായിരുന്നു (പക്ഷെ അന്ന് റബ്ബറിലുള്ള വിശ്വാസം കൈവിടാതെ മുറുകെപ്പിടിച്ചിരുന്ന മിടുക്കന്മാരായ ചേട്ടന്മാര്‍ പിന്നീടു റബ്ബറിനാല്‍ തന്നെ രക്ഷിക്കപ്പെട്ട കഥ ചരിത്രമാണല്ലോ).

കൃഷി ചെയ്യാന്‍ അങ്ങനെ കാര്യമായിട്ടു സ്ഥലമൊന്നുമുണ്ടായിരുന്നില്ല. വീടിനു പുറകില്‍ ഒരു പത്തുനൂറു ചെടി കൃഷി ചെയ്യാം. ഒരു തുടക്കം എന്ന നിലയില്‍ അതു മതി. വിജയമാണെന്നു കണ്ടാല്‍ കൃഷി വിപുലീകരിക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗം കണ്ടെത്താം എന്നു സമാധാനിച്ചു.

വനില സെമിനാറില്‍ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിച്ചതു പോലെ ചില വനില തോട്ടങ്ങള്‍ സന്ദര്‍ശിക്കാന്‍ ജോണിയും ഞാനും കൂടി തീരുമാനിച്ചു. കൂത്താട്ടുകുളം, ജീവിതത്തിലൊരിക്കലും പോകാന്‍ സാധ്യതയില്ലാത്ത കോരുത്തോട്‌ എന്നീ പുണ്യസ്ഥലങ്ങളിലലഞ്ഞ്‌ വനില തോട്ടങ്ങള്‍ കണ്ടു സായൂജ്യമടയാനുള്ള മഹാഭാഗ്യവും അങ്ങനെ വന്നു ഭവിച്ചു.

എന്തായാലും നാട്ടിന്‍പുറത്തെ കര്‍ഷകന്റെ ഊഷ്മളവും സത്യസന്ധവുമായ പെരുമാറ്റം വളരെ ഹൃദ്യമായിരുന്നു. നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം എന്നല്ലേ?. ഇതെല്ലാം കഴിഞ്ഞപ്പോള്‍ വനില കൊണ്ടു മനസ്സു നിറഞ്ഞു.അടുത്തതായി കൃഷി തുടങ്ങുകയായി.

വനില വള്ളികള്‍ക്കു പടരുവാനായി ശീമക്കൊന്നക്കാലുകള്‍ നാട്ടി കിളിര്‍പ്പിച്ചെടുക്കുകയാണു്‌ ആദ്യമായി ചെയ്യേണ്ടത്‌.ഭാര്യയുടെ വീട്ടില്‍ ധാരാളം ശീമക്കൊന്ന നില്‍പ്പുണ്ടായിരുന്നതു ഭാഗ്യമായി. അവിടെ നിന്നു കൊന്നക്കാലുകള്‍ പെട്ടിയോട്ടൊയില്‍ കയറ്റി വീട്ടിലെത്തിച്ചു. കൊന്നക്കാലുകള്‍ നാട്ടുന്ന പണി കൂലിക്ക്‌ ആളെ വിളിക്കാതെ സ്വയം ചെയ്തു. അച്ഛനും കുറച്ചു സഹായിച്ചു. കുറെ അധികം ദിവസം വേണ്ടി വന്നു എന്നുള്ളതു വാസ്തവം.

പറമ്പില്‍ കൊന്നക്കാലുകള്‍ നിരയായി വച്ചു പിടിപ്പിക്കുന്നത്‌ കണ്ട പലര്‍ക്കും അത്ഭുതമായിരുന്നു. ശീമക്കൊന്ന കൃഷി ചെയ്യുകയാണെന്നാണു്‌ അവര്‍ കരുതിയത്‌. "വട്ടാണല്ലേ?" എന്നാരോ ശബ്ദം താഴ്തി ചോദിച്ചോ എന്നു സംശയം.

കാലുകള്‍ നാട്ടിക്കഴിഞ്ഞപ്പോള്‍ വനില വള്ളി എവിടെക്കിട്ടും എന്നായി അന്വേഷണം. ഭരണങ്ങാനത്തിനടുത്ത്‌ നല്ല വള്ളി കിട്ടുമെന്നറിഞ്ഞ്‌ ഞാനും ജോണിയും അവിടെയെത്തി മീറ്ററിനു 35 രൂപ എന്ന ആദായ വിലയ്ക്ക്‌ കുറെ വള്ളികള്‍ വാങ്ങി. വള്ളിയെല്ലാം നട്ടു കഴിഞ്ഞപ്പോള്‍ എന്തോ ഒരു സംതൃപ്തി.

കായ്‌ പിടിച്ചു തുടങ്ങണമെങ്കില്‍ കുറഞ്ഞതു മൂന്നു വര്‍ഷമെങ്കിലും കഴിയണം. ചെടികള്‍ക്കു വളപ്രയോഗം, ശരിയായ പരിചരണം ഒക്കെ ചെയ്യണം. അടുത്ത രണ്ടു വര്‍ഷം വനില കായുടെ വില റോക്കറ്റു പോലെ കുതിച്ചു കയറി. നേരത്തെ തന്നെ കൃഷി തുടങ്ങിയ വലിയ കര്‍ഷകരെല്ലാം ലക്ഷ പ്രഭുക്കളും കോടീശ്വരന്മാരുമൊക്കെയായി.

പുതുതായി കൃഷി തുടങ്ങിയ എന്നെപ്പോലുള്ള നാമമാത്ര കൃഷിക്കാരും വരാന്‍ പോകുന്ന നല്ലകാലം ഓര്‍ത്ത്‌ അഹങ്കരിക്കാന്‍ തീരുമാനിച്ചു. മറ്റുള്ളവരെ കാണുമ്പോള്‍ "എവനൊക്കെ എന്നെപ്പോലെ വാനില നട്ടു നാലു കാശൊണ്ടാക്കാന്‍ ശ്രമിച്ചൂടെ?, മണ്ടന്മാര്‍" എന്നു പുച്ഛത്തോടെ മനസ്സില്‍ പറയാന്‍ തുടങ്ങി.

നട്ടു മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ എങ്ങനെയെങ്കിലും കുറച്ചു കായ്‌ പിടിപ്പിച്ചെടുക്കണമെന്നു തീരുമാനിച്ചു. വനില വള്ളിയില്‍ പൂവും കായും പിടിപ്പിച്ചെടുക്കണമെങ്കില്‍ നമുക്കും ചില ജോലികള്‍ ചെയ്യാനുണ്ട്‌. അതെല്ലാം വിവരിക്കണമെങ്കില്‍ വേറൊരു അദ്ധ്യായം കൂടി എഴുതേണ്ടി വരും.

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ വാക്കുകളില്‍ പറഞ്ഞാല്‍ "വിസ്തരഭയത്താല്‍" അതിനു മുതിരുന്നില്ല,സോറി.കുറെ പൂവും കായുമൊക്കെ ഉണ്ടാക്കിയെടുത്തു. വില്‍ക്കാനും മാത്രമുള്ളതൊന്നുമുണ്ടായിരുന്നില്ല. ആദ്യമായിട്ടു കായ്ക്കുകയല്ലേ?, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കാര്യമായിട്ടുണ്ടാകും എന്നു സമാധാനിച്ചു.

പക്ഷെ അപ്പോളാണു വെള്ളിടിവെട്ടിയപോലെയുള്ള വാര്‍ത്ത വരുന്നത്‌. വനിലയുടെ വില ഇടിഞ്ഞു നിലം പൊത്തിയിരിക്കുന്നു. തലേ വര്‍ഷം കിലോയ്ക്ക്‌ മൂവായിരത്തിയഞ്ഞൂറു രൂപ വിലയുണ്ടായിരുന്ന വനില കായ്ക്ക്‌ ഇപ്പോള്‍ നൂറു രൂപ വില പോലും കിട്ടാത്ത സ്ഥിതിയായിരിക്കുന്നു. എന്തു ചെയ്യാം?, ഗതി കെട്ടവന്‍ തല മൊട്ടയടിച്ചപ്പോള്‍ കല്ലു മഴ പെയ്തെന്നു കേട്ടിട്ടില്ലേ?.

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വനിലയുടെ വില വീണ്ടും താഴേയ്ക്കു പോവുകയും 'വനില' എന്ന വാക്ക്‌ ആരെങ്കിലും പറഞ്ഞാല്‍ ഞാനും ജോണിയുമൊക്കെ അരിശം മൂത്ത്‌ അവനെ തല്ലാന്‍ ചെല്ലുമെന്ന നിലയിലേക്ക്‌ കാര്യങ്ങള്‍ വഷളാകുകയും ചെയ്തു.

അതിശേഷം വനില നട്ടിരിക്കുന്ന ഭാഗത്തേയ്ക്കു തിരിഞ്ഞു നോക്കാതെയാവുകയും അങ്ങനെയൊരു സാധനം ഇപ്പോഴും അവിടെ നില്‍പ്പുണ്ടോ എന്നറിയാന്‍ പാടില്ലാതെയാവുകയും ചെയ്തു.

പ്രായമായ ഒരു ബന്ധുവുണ്ട്‌. അദ്ദേഹത്തെ കാണാന്‍ വീട്ടില്‍ ചെല്ലുമ്പോഴെല്ലാം എന്നോടു ചോദിക്കും " വനിലാ കൃഷിയൊക്കെ എങ്ങനുണ്ട്‌?".

എപ്പോഴും ഇതു തന്നെ ചോദിച്ചാല്‍ ഞാന്‍ എന്തു പറയാന്‍?

വനിലയ്ക്കു വില കൂടി നിന്ന കാലത്ത്‌ അതിന്റെ നടീല്‍ വസ്തുവായ വള്ളിക്കും വലിയ വിലയായിരുന്നു. ഒരു മീറ്ററിനു നൂറു രൂപയ്ക്കു മുകളിലായിരുന്നു വില. അന്ന് തോട്ടങ്ങളില്‍ നിന്നു വനില വള്ളി മോഷണം പോകുന്നതു ചിലേടത്തൊക്കെ പതിവായി. ചില കര്‍ഷകരൊക്കെ മോഷണം തടയാനായി വന്‍ തുക മുടക്കി വൈദ്യുത വേലിയുണ്ടാക്കുകയും, തോട്ടത്തിനു രാത്രിയില്‍ കാവലേര്‍പ്പെടുത്തുകയുമൊക്കെ ചെയ്തിരുന്നു. എല്ലാം പാഴ്‌ വേലയായി പരിണമിച്ചതു മിച്ചം.

ഇത്‌ ആരെങ്കിലും ഒന്നു വെട്ടിക്കൊണ്ടു പോയെങ്കില്‍ എന്നു വ്യാമോഹിക്കുകയാണവരിപ്പോള്‍. അങ്ങനെ വനിലയുടെ കഥ ഒരു ട്രാജഡിയായി.

എന്റെ സഫേദ്‌ മുസലിക്കൃഷിയുടെ കഥയും വ്യത്യസ്തമല്ല. വനില നട്ട്‌ ഏതാണ്ട്‌ ഒരു വര്‍ഷമായിക്കാണുമെന്നു തോന്നുന്നു. സഫേദ്‌ മുസലിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കൃഷി മാസികകളിലൊക്കെ വരാന്‍ തുടങ്ങി. വന്‍ ആദായം കിട്ടുന്ന കൃഷിയാണതെന്നായിരുന്നു കശ്മലന്മാര്‍ എഴുതിപ്പിടിപ്പിച്ചത്‌.

എന്തു കണ്ടാലും ചാടിക്കേറി പിടിക്കുന്ന സ്വഭാവം ഉണ്ടായിരുന്നതു കൊണ്ട്‌ ഞാന്‍ അതിലും കേറി പിടിച്ചു. മുസലി സെമിനാറില്‍ പങ്കെടുത്തു. വടക്കേ ഇന്‍ഡ്യന്‍ കാടുകളില്‍ വളരുന്ന മുസലിക്കിഴങ്ങു വിത്ത്‌ കിലോയ്ക്ക്‌ നാനൂറു രൂപ നിരക്കില്‍ പത്തു കിലോ ബുക്കു ചെയ്തു.

കൃഷി ചെയ്ത മുസലിയൊക്കെ നന്നായി വളര്‍ന്നു. പിന്നീടാണറിഞ്ഞത്‌ അതു വാങ്ങിക്കാന്‍ ആളില്ല. കിഴങ്ങു പറിച്ചെടുക്കാന്‍ പോലും മിനക്കെടാന്‍ പോയില്ല. അങ്ങനെ മുസലിക്കൃഷിയും സ്വാഹ!.

ലക്ഷക്കണക്കിനു രൂപ മുടക്കി ഏക്കറു കണക്കിനു കൃഷി ചെയ്ത ഹത ഭാഗ്യരും ഉണ്ടെന്നു കേള്‍ക്കുന്നു. അവരൊക്കെ കുത്തു പാളയെടുത്തു കാണും, കഷ്ടം!.

ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ വനിലയിലും സഫേദ്‌ മുസലിയിലുമുണ്ടായ പരാജയത്തില്‍ ഞാന്‍ ഖേദിക്കുന്നുണ്ടെന്നു തോന്നിയോ?. യാതൊരു ഖേദവും ഇക്കാര്യത്തില്‍ എനിക്കില്ല എന്നതാണു യാഥാര്‍ഥ്യം.

ഇവ രണ്ടും വളരെ ചെറിയ തോതിലേ ഞാന്‍ കൃഷി ചെയ്തുള്ളു. അതു കൊണ്ട്‌ വലിയ പണച്ചിലവൊന്നും ഉണ്ടായില്ല. ഒരു ചെറിയ നഷ്ടം മാത്രം.കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടതു നല്ല ഒരു അനുഭവമായിരുന്നു.

എപ്പോഴും പുതിയ എന്തിലെങ്കിലും ഏര്‍പ്പെട്ടുകൊണ്ടിരിക്കുക എന്നത്‌ എനിക്ക്‌ ഒഴിവാക്കാന്‍ വയ്യാത്ത കാര്യമാണു്‌.അതാണെന്റെ സന്തോഷം.ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക്‌ അങ്ങനെ ചാടിക്കൊണ്ടിരിക്കുക. മരഞ്ചാടികളായിരുന്ന, നമ്മുടെ പൂര്‍വ്വികരുടെ ശീലം.കൊള്ളാമല്ലേ?

ഇപ്പോള്‍ ഞാന്‍ ചാടിപ്പിടിച്ചിരിക്കുന്ന പുതിയ മരച്ചില്ല ഏതാണെന്ന് ഊഹിച്ചുകാണും.

സംശയിക്കേണ്ട,അതു തന്നെ, ബ്ലോഗിംഗ്‌.ദേ പിന്നെയും കേള്‍ക്കുന്നു ആ പഴയ സിനിമാ പാട്ട്‌.

"മരം ചാടി നടന്നൊരു കുരങ്ങന്
‍മനുഷ്യന്റെ കുപ്പായമണിഞ്ഞു"


..........................................................................................................................

Wednesday, October 24, 2007

ഹരിശ്രീ

ഞാന്‍ ഇവിടെ ഒരു ബ്ലോഗിനു ഹരിശ്രീ കുറിക്കുകയാണു്‌. ബ്ലോഗുകളെക്കുറിച്ചു ധാരാളം കേള്‍ക്കാന്‍ തുടങ്ങിയിട്ടു കുറെ നാളായി. എനിക്കും വേണം ഒന്ന് എന്നു വിചാരിക്കാന്‍ തുടങ്ങിയിട്ടും നാളേറെയായി. എപ്പോഴും കൂടെയുള്ള മടി തടസ്സമായി നില്‍ക്കുകയായിരുന്നു ഇതു വരെ.

ഇപ്പോള്‍ പെട്ടെന്ന് ഇതു തുടങ്ങുവാനുള്ള കാരണം പറയാം. കഴിഞ്ഞ ദിവസം ഒരിടത്തു ചെന്നപ്പോള്‍ അവിടെ മാതൃഭൂമി ആഴ്ചപ്പതിപ്പു കിടക്കുന്നതു കണ്ട്‌ എടുത്തു വായിച്ചു. അതിലെ വായനക്കാരുടെ കത്തുകളില്‍ ഒരാള്‍, താന്‍ ഒരു ബ്ലോഗു സൃഷ്ടിച്ചതിനെക്കുറിച്ചെഴുതിയതു വായിച്ചു.

അതു കഴിഞ്ഞ ലക്കത്തിലെ ബ്ലോഗിനെക്കുറിച്ചുള്ള ലേഖനങ്ങള്‍ കണ്ടിട്ടു ചെയ്തതാണു പോലും. ഉടനെ തപ്പിയെടുത്തു, കഴിഞ്ഞ ലക്കം. ബ്ലോഗിനെക്കുറിച്ച്‌ അതിലുള്ളതെല്ലാം വായിച്ചു. കൊടകരപുരാണത്തെക്കുറിച്ചും കുറിഞ്ഞിയെക്കുറിച്ചും മനസ്സിലാക്കി. ആവേശം കൊണ്ടു.

എന്നാല്‍ തുടങ്ങിക്കളയാം ഒരു ബ്ലോഗ്‌. അങ്ങനെ ഇവിടെ വരെ എത്തി. വിശ്വപ്രസിദ്ധമായ തിരുവല്ല ആണ്‌ എന്റെ സ്വദേശം. വിശ്വപ്രസിദ്ധം എന്നു പറഞ്ഞതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകാന്‍ കാരണമുണ്ടെന്നു തോന്നുന്നില്ല. ലോകത്ത്‌ ഏതു കോണിലും മലയാളികളുണ്ടെന്നാണല്ലോ പറയുന്നത്‌. അങ്ങനെയെങ്കില്‍ അതില്‍ ഒരാളെങ്കിലും തിരുവല്ലാക്കാരനായിരിക്കും.

കാരണം ഇതൊരു പ്രവാസികളുടെ നാടാണ്‌. പ്രവാസി എന്നു പറയുമ്പോള്‍ സാഹിത്യ വാരഫലം എഴുതിയിരുന്ന പരേതനായ എം. കൃഷ്ണന്‍ നായര്‍ സാറിനെ ഓര്‍മ വരും. അദ്ദേഹത്തിന്‌ പ്രവാസി എന്ന വാക്കുപയോഗിക്കുന്നതിനോട്‌ എതിര്‍പ്പായിരുന്നു. പ്രവാസി എന്ന വാക്കു കേള്‍ക്കുമ്പോള്‍ ദരിദ്രവാസി എന്ന വാക്കാണ്‌ ഓര്‍മ്മ വരുന്നതെന്ന് അദ്ദേഹം എഴുതിക്കണ്ടിട്ടുണ്ട്‌. എന്നാല്‍ ദരിദ്രവാസി ആകാതിരിക്കാന്‍ വേണ്ടി പ്രവാസി ആകുന്നു എന്നതല്ലേ വാസ്തവം?.

എന്തെങ്കിലും ആകട്ടെ, വിദേശ മലയാളി എന്നോ വിദേശ ഇന്‍ഡ്യക്കാരന്‍ എന്നോ പറയുന്നതാവും ഭേദം. എന്തൊക്കെയായാലും തിരുവല്ല വിശ്വപ്രസിദ്ധമാണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാന്‍ ന്യായമില്ല. കൂടാതെ സിനിമാ ഫീല്‍ഡില്‍ നിന്നുള്ള പ്രസിദ്ധിയും ഇപ്പോള്‍ തിരുവല്ലയെ തഴുകി തലോടിക്കൊണ്ടിരിക്കുകയാണ്‌.

പ്രസിദ്ധനായ ഒരു സിനിമാ സംവിധായകനും മുന്‍ നിരയിലുള്ള ചില നടിമാരും തിരുവല്ലാക്കാരാണെന്ന് ആരോ പറയുന്നതു കേട്ടു. ഒരു പക്ഷെ അവരെല്ലാം പണ്ടേ തന്നെ തിരുവല്ലായില്‍ നിന്നു തട്ടകം മാറ്റിക്കഴിഞ്ഞിട്ടുണ്ടാകാം.ഞാന്‍ ഇവരെയാരെയും കണ്ടിട്ടുമില്ല കേട്ടോ.

എങ്കിലും എന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് എന്നു നമുക്കും പറയാമല്ലോ, അല്ലേ ചേട്ടാ?.

ഇങ്ങനെ വിശ്വപ്രസിദ്ധിയുള്ള (ഇനിയും ആരും എന്നോടു വഴക്കുണ്ടാക്കാന്‍ വരുമെന്നു തോന്നുന്നില്ല) നാട്ടിലെ ഒട്ടും പ്രസിദ്ധനല്ലാത്ത ഒരു പുല്‍ക്കൊടിത്തുമ്പാണു പ്രദീപ്‌ കുമാര്‍ എന്ന ഈ ഞാന്‍. ഈ ഞാന്‍ അത്ര മോശക്കാരനൊന്നുമല്ലെന്ന് ഇപ്പോള്‍ മനസ്സിലായല്ലോ, അല്ലേ? നല്ലത്‌.

............................................................................................